തര്‍ക്കോവ്‌സ്‌ക്കിയുടെ 'നൊസ്റ്റാല്‍ജിയ' എന്ന ചലച്ചിത്രത്തിലെ
ദേവാലയദൃശ്യങ്ങളുടെ ചാരുത എത്ര കണ്ടാലും ഒടുങ്ങാത്ത
താല്‍പ്പര്യമായി നമ്മെ മോഹിപ്പിക്കുന്നതാണ്.
വിശുദ്ധമേരിയുടെ ദേവാലയത്തിലെ പ്രദിക്ഷണത്തിന്റേയും
പ്രാര്‍ത്ഥനയുടേയും ദൃശ്യങ്ങള്‍ ചലച്ചിത്രകലയുള്ളിടത്തോളം
കാലം നിലനില്‍ക്കും.
വിശുദ്ധയുടെ രൂപത്തിനു മുന്നില്‍ മുട്ടുകത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന
സ്ത്രീയുടെ വാക്കുകള്‍ അതിരറ്റ വിശ്വാസത്തിന്റേയും
അര്‍പ്പണബുദ്ധിയുടേയുമാണ്. ആ ഭക്തയായ സ്ത്രീ വിശുദ്ധമേരിയുടെ
രൂപത്തിന്റെ ഉടുപ്പിന്റെ കുടുക്കുകള്‍ തുറക്കുമ്പോള്‍
പറന്നുയരുന്ന കിളികളുടെ ദൃശ്യം വളരെ അപരിചിതമായ ഏതോ
സൗന്ദര്യലോകത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
ആദ്യമായി ഈ ദൃശ്യം കാണുമ്പോള്‍ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത
ലാവണ്യാനുഭവത്താല്‍ മനസ്സു നിറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
വിശുദ്ധയുടെ ചിത്രത്തിനു മുന്നില്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന
മെഴുകുതിരികള്‍ അതേവരെ അനുഭവിക്കാത്ത വെളിച്ചത്തെ
നമ്മുടെ ഉള്ളിലേക്കെത്തിക്കുന്നു.
അവിശ്വാസിയായ യുജീനിയയുടെ സാന്നിദ്ധ്യത്തിലൂടെ
തര്‍ക്കോവ്‌സ്‌കി ഈ ദൃശ്യത്തിന്
സംവാദത്തിന്റെ വലിയ സാദ്ധ്യതകള്‍ തുറക്കുന്നു.
അവള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ല.
എന്തുകൊണ്ടാണ് സ്ത്രീകള്‍ കൂടുതലായി പ്രാര്‍ത്ഥിക്കുന്നതെന്ന്
അവള്‍ ചോദിക്കുന്നു.
നിങ്ങള്‍ക്കറിയുമല്ലോയെന്ന മറുപടിയാണ് അവള്‍ക്കു കിട്ടുന്നത്.
കുട്ടികളെ പ്രസവിക്കുകയും പാലിച്ചു വളര്‍ത്തുകയും
ചെയ്യുന്നതു കൊണ്ടാകണമെന്ന് കൂട്ടിച്ചേര്‍ക്കപ്പെടുന്നു.
ഇതിനു മാത്രമാണോ സ്ത്രീകള്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന
ചോദ്യം യൂജീനിയ ഉയര്‍ത്തുന്നു.
എന്നാല്‍, അവിശ്വാസിയായ യുജീനിയ വിശ്വാസിനിയുടെ
അര്‍പ്പണബുദ്ധി നിറഞ്ഞ പ്രാര്‍ത്ഥനയില്‍ മുഴുകിപ്പോകുന്നതും
വിശുദ്ധയുടെ ചിത്രത്തിലേക്ക് ഉറ്റു നോക്കുന്നതും
ചലച്ചിത്രകാരന്‍ കാണിക്കുന്നു.
യുജീനിയയുടെ സ്വാതന്ത്ര്യസങ്കല്പനങ്ങളെ
ചോദ്യങ്ങള്‍ക്കു മുന്നില്‍ നിര്‍ത്താന്‍ തര്‍ക്കോവ്‌സ്‌കി ശ്രമിക്കുന്നു.
യുജീനിയയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നവന്റെ
മുഖഭാവങ്ങളും ശരീരഭാഷ ആകെത്തന്നെയും
ഇങ്ങനെ പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
No comments:
Post a Comment