Monday, September 19, 2022

'സ്‌നേഹരഹിതം' (LOVE LESS)





ആന്ദ്രേ സൈവഗിന്‍ത്‌സേവ് എന്ന റഷ്യന്‍ ചലച്ചിത്രകാരന്‍ 

സമകാല റഷ്യന്‍ ജീവിതാവസ്ഥയുടെ  വ്യത്യസ്ത മുഖങ്ങളെ

തന്റെ ദൃശ്യരചനകളിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. 

'ലെവിയത്താന്‍' എന്ന ചലച്ചിത്രനാമം റഷ്യന്‍  ഭരണകൂടത്തിലെ 

അഴിമതിയുടെ പര്യായമായി മാറിത്തീര്‍ന്നത് ഓര്‍ക്കുക! 

ഭൂമിക്കച്ചവടമുതലാളിമാരുടേയും അതിന്നൊത്തു നീങ്ങുന്ന 

ഉദ്യോഗസ്ഥമേധാവിത്വത്തിന്റേയും നീതിന്യായവ്യവസ്ഥയുടേയും 

ദുഷ്‌ചെയ്തികളില്‍ പെട്ട് നരകിക്കുകയും 

പാപങ്ങളില്‍ നിന്ന് പാപങ്ങളിലേക്കു നിപതിക്കുകയും 

തകര്‍ന്നടിയുകയും ചെയ്യുന്ന വ്യക്തികളുടേയും കുടുംബങ്ങളുടേയും  

ജീവിതത്തെയാണ് ലെവിയത്താന്‍ പ്രമേയമാക്കിയത്. 

പിന്നീടു പുറത്തുവന്ന 'സ്‌നേഹരഹിതം' (LOVE LESS),  

കുടുംബജീവിതത്തില്‍ മാതാപിതാക്കള്‍ക്കിടയിലെ ഒടുങ്ങാത്ത 

ആന്തരികവൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും കൊണ്ട് 

സ്‌നേഹരഹിതരായി വളരുന്ന കുഞ്ഞുങ്ങളിലേക്കു ദൃഷ്ടി പായിക്കുന്നു. 



വഷളാകുകയും തകരുകയും ചെയ്യുന്ന മാനുഷികബന്ധങ്ങളെ

 ഒരു കുടുംബകഥയുടെ പശ്ചാത്തലത്തില്‍,

 ചലച്ചിത്രഭാഷയില്‍ എഴുതുകയാണ്, 'സ്‌നേഹരഹിത'ത്തില്‍.

 സഹാനുഭൂതിയുടെ അതിര്‍ത്തികള്‍ ചുരുങ്ങി വരുന്ന ലോകം. 

സ്വയംനിന്ദയും പരസ്പരവിദ്വേഷവും കൊണ്ട് 

കലങ്ങി മറിയുന്ന മനസ്സുകള്‍, 

പരിലാളനകളേല്‍ക്കാതെ പരിക്കുകള്‍ മാത്രമേല്‍ക്കുന്ന

ഒറ്റപ്പെട്ടു പോകുന്ന ബാല്യവും കൗമാരവും. 

തന്നെ ആരു സംരക്ഷിക്കണമെന്ന കാര്യത്തെ ചൊല്ലി 

വേര്‍പിരിയാന്‍ ഒരുങ്ങി നില്‍ക്കുന്ന മാതാപിതാക്കള്‍ കൂട്ടുന്ന 

വഴക്കും വക്കാണവും കലഹവും കേട്ട് കുളിമുറിയില്‍ കയറി 

ഏങ്ങലടിച്ചു കരയുന്ന അലോഷി എന്ന ബാലന്റെ ചിത്രം അതീവ 

സങ്കടകരമാണ്. അലോഷിയെ കാണാതാകുന്നു.

പിന്നെ, ഒരു കുഞ്ഞിന്റെ മൃതദേഹത്തിനു മുന്നില്‍ നില്‍ക്കുന്ന

മാതാപിതാക്കളെ നാം കാണുന്നു. 

സ്വന്തം ഇഷ്ടങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിലെ ഒരു മൂല്യവും പ്രസക്തമല്ലാത്ത

 മനുഷ്യരെയാണോ സമകാലം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതെന്ന് 

ആകുലരാകാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആന്ദ്രേ ഒരുക്കിയിരിക്കുന്നു.

നാഗരിക റഷ്യയെയാണ് ഈ ചലച്ചിത്രം പശ്ചാത്തലമാക്കുന്നതെങ്കിലും

സ്‌നേഹരാഹിത്യം ഈ ലോകത്തെ മുഴുവനായും മൂടിയിരിക്കുന്നുവെന്ന്

ആന്ദ്രേയിലെ ചലച്ചിത്രകാരനു പറയണമെന്നുണ്ടായിരുന്നുവെന്നു കരുതണം.

എങ്കിലും, റഷ്യ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയ ഒരു മേലുടുപ്പു ധരിച്ച്

ട്രെഡ്മില്ലില്‍ വ്യായാമത്തിനായി ഓടുന്ന (മകനെ കാണാതായ) നായികയുടെ

ദൃശ്യത്തോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്.

റഷ്യ ഓടുകയാണ്, യാന്ത്രികമായി.

യന്ത്രത്തെ പോലെ ചലിക്കുന്ന റഷ്യ, 

യന്ത്രങ്ങളായി തീര്‍ന്ന മനുഷ്യരുടെ രാജ്യമായി മാറുകയാണോയെന്ന് 

ചലച്ചിത്രകാരന്‍ ആകുലനാകുന്നു.


കുടുംബമെന്ന സ്ഥാപനത്തിനുള്ള ന്യായീകരണത്തിലൂന്നി

പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രവര്‍ത്തനം 

ചലച്ചിത്രകാരന്‍ ഏറ്റെടുക്കുന്നില്ല. 

യാഥാര്‍ത്ഥ്യത്തിന്റെ സവിശേഷമായ ചലച്ചിത്രഭാഷ്യം ഒരുക്കിക്കൊണ്ട് 

രാഷ്ട്രീയമായ അര്‍ത്ഥനിര്‍ദ്ദേശങ്ങള്‍ നല്കുന്ന 

ചലച്ചിത്രകാരന്റെ കടമ മാത്രം ആന്ദ്രേ സൈവഗിന്‍ത്‌സേവ് നിര്‍വ്വഹിക്കുന്നു. 


 


Thursday, September 15, 2022

ബാലികാമനസ്സുകളിലൂടെ ഒരു യാത്ര


'നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് നമ്മള് സംസാരിച്ചിട്ടേയില്ല.''

'നമ്മള്‍ അതിനെ കുറിച്ച് എപ്പോഴും സംസാരിക്കുന്നുണ്ട്.'' 

'ഉവ്വ്, പക്ഷേ, അത് ചെറിയ കഥകള്‍ മാത്രം''

'നീ അതെന്താണ് അങ്ങനെ പറഞ്ഞത്.'' 

'നിങ്ങള്‍ക്കു ലഭിച്ചിരുന്ന ക്രിസ്തുമസ്സ് സമ്മാനങ്ങള്‍, പിസ്സ ഇഷ്ടമായിരുന്ന കാര്യം...അതൊക്കെ എനിക്കറിയാം. എന്നാല്‍ യഥാര്‍ത്ഥകാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല.'' 

'യഥാര്‍ത്ഥകാര്യങ്ങള്‍ എന്നുവച്ചാല്‍ എന്താണ്?'' 

'ഉദാഹരണത്തിന്, നിങ്ങള്‍ പേടിച്ചിരുന്ന കാര്യങ്ങള്‍''

'എല്ലാവരേയും പോലെ ഞാന്‍ പല കാര്യങ്ങളേയും ഭയപ്പെട്ടിരുന്നു.''

'ഒരു കാര്യത്തെ കുറിച്ച് എന്നോടു പറയു.'' ''മറന്നു പോയോ ''

'ഇല്ല. മറന്നിട്ടില്ല. (അടുത്തു വന്ന് ചെവിയില്‍ പറയുന്നു) 

എനിക്ക് എന്റെ അച്ഛനെ പേടിയായിരുന്നു''

ഒരു അച്ഛനും എട്ടു വയസ്സായ മകളും തമ്മിലുള്ള സംഭാഷണമാണിത്.

 മകളുടെ കണ്ണില്‍ ബാല്യകാലത്തിലെ മുഴുവന്‍ ആകാംക്ഷകളും നിറഞ്ഞു

നില്‍ക്കുന്നു. മാതാപിതാക്കളുടെ ബാല്യം എങ്ങനെയായിരുന്നുവെന്ന്

അറിയാനുള്ള ആകാംക്ഷകള്‍ അവള്‍ പ്രകടിപ്പിക്കുന്നു. അച്ഛനോടുള്ള ഈ

ചോദ്യങ്ങള്‍ അവളുടെ ജിജ്ഞാസയുടെ ഭാഗമാണെങ്കിലും ഇവയേക്കാളും

അമ്മയുടെ ബാല്യം അവളെ അത്യധികമായി സ്വാധീനിക്കുന്നതിനെയാണ്

 യങ് മദര്‍ (പെറ്റിറ്റ് മാമന്‍) എന്ന ചലച്ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. 

നെല്ലി തന്റെ അമ്മയുടെ ബാല്യത്തിലേക്ക് ഭാവനയിലൂടെ 

സഞ്ചരിക്കുകയോ സമയയാത്ര നടത്തുകയോ ചെയ്യുന്നു.




കവിത പോലുള്ള ഈ ചലച്ചിത്രം കാണുമ്പോള്‍

'നിങ്ങള്‍ക്കൊരു കുട്ടിക്കാലമില്ലേ'യെന്ന

യുവകവിയോടുള്ള റില്‍ക്കേയുടെ ചോദ്യം 

നമ്മുടെ ഓര്‍മ്മകളിലേക്കു വരുന്നു. 

എത്ര മഹത്തായ കവിതകള്‍ ബാല്യത്തിന്റെ സ്മരണയില്‍

രചിക്കപ്പെട്ടു കൂടാ. 

എന്നാല്‍, ഏതു കവിതയേക്കാളും മനോഹരമായി 

ബാല്യകാലം നിലകൊള്ളുന്നു, ഒരിക്കലും പൂര്‍ണ്ണമായും

ആവിഷ്‌ക്കരിക്കപ്പെടാത്ത കവിതയായി.

ചലച്ചിത്രത്തെ ദൃശ്യത്തിലെ കവിതയോ 

കവിതയെ ചലച്ചിത്രമോ ആക്കി മാറ്റുന്ന പ്രവര്‍ത്തനമാണ്

ചലച്ചിത്രകാരിയായ സെലിന്‍ സിയാമ നിര്‍വ്വഹിച്ചിരിക്കുന്നത്. 

ലളിതവും മനോഹരവുമായ ചലച്ചിത്രം. 


അമ്മമ്മയോടൊപ്പമുള്ള തന്റെ അമ്മയുടെ  ബാല്യത്തെ തിരയുന്ന

ബാലികയാണ് പിന്നീട് ഭൂതകാലത്തിലേക്ക് ഭാവനയിലൂടെ സഞ്ചരിക്കുന്നതും 

അമ്മ മറിയോണിനെ തന്നെപ്പോലുള്ള ഒരു ബാലികയായി കണ്ടുമുട്ടുന്നതും. 

ബാലികയുടെ രൂപത്തില്‍ നെല്ലിയുടെ അടുത്തെത്തുന്ന അമ്മ 

അവര്‍ക്കിടയിലെ എല്ലാ ഭേദങ്ങളേയും ഇല്ലാതാക്കുകയും 

ഒരേ രീതിയില്‍ സംസാരിക്കുകയും ഒരേ കളികളില്‍ മുഴുകുകയും ചെയ്യുന്നു.

ആ ബാലികമാര്‍ തുടര്‍ച്ചയായി മുതിര്‍ന്നവരെ പോലെ പെരുമാറുന്നതിനു

ശ്രമിക്കുന്നതു കാണാം, അവര്‍ മുതിര്‍ന്നവരെ അനുകരിക്കുന്നു.

മഴയില്‍  നിന്നും കയറി മുറിയിലെത്തുന്നവര്‍ അലമാരിയില്‍ നിന്നും

കൈലേസെടുത്തു തല തോര്‍ത്തുന്ന ദൃശ്യത്തില്‍ ഇതു നമുക്കു ശരിക്കും

അനുഭവിക്കാന്‍ കഴിയും. അവര്‍ പൂര്‍ണ്ണമായും

മുതിര്‍ന്നവരെ പോലെ പെരുമാറുന്നു, 

എന്നാല്‍ അവരുടെ തിരുമ്മലില്‍ തലയില്‍ നിന്നും വെള്ളം പോകുന്നില്ല. 

മുതിര്‍ന്നവരുടെ പ്രവൃത്തികളില്‍ അവര്‍ എത്രമാത്രം മുഴുകിയിട്ടുണ്ടെന്നും 

എന്നിട്ടും അവര്‍ അതു മുഴുവനായി പഠിച്ചിട്ടില്ലെന്നതും 

കുട്ടികളായി തന്നെ ഇരിക്കുന്നതും നമ്മെ സന്തോഷിപ്പിക്കുന്നു. 

മരിച്ചുപോയ അമ്മമ്മ കുഞ്ഞുമരിയോണിന്റെ അമ്മയായി 

നെല്ലിയുടെ മുന്നിലെത്തുന്നത് എന്തുകൊണ്ടാവാം?

അമ്മമ്മയ്ക്ക് ശരിയായ രീതിയില്‍ 

അവസാനത്തെ ഗുഡ്‌ബൈ പറയാന്‍ കഴിയാത്തതിലുള്ള 

അവളുടെ വ്യസനത്തിന്റെ പരിണിതഫലം കൂടിയാകണം അത്.  


സ്ത്രീകളുടെ വൈകാരികലോകം

സിയാമയുടെ ചലച്ചിത്രങ്ങളുടെ പ്രധാനപ്രമേയമാണ്.

സ്ത്രീകള്‍ കൂടിച്ചേരുന്ന ഇടങ്ങളെ സൃഷ്ടിക്കാന്‍ 

സെലിന്‍ സിയാമ ഉത്സുകയാണ്. 

ഈ ചലച്ചിത്രത്തില്‍ എട്ടു വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ 

നിഷ്‌ക്കളങ്കമായ കണ്ണുകളിലൂടെ അവര്‍ ലോകത്തെ കാണിച്ചു തരുന്നു. 

തലമുറകള്‍ക്കിടയിലെ സൂക്ഷ്മവും മോഹനവുമായ സംഭാഷണമായി 

ഇത് നമുക്ക് അനുഭവപ്പെടുന്നു.


Tuesday, September 13, 2022

സ്നേഹവും സദാചാരവും



ക്രോയേഷ്യൻ ചലച്ചിത്രകാരനായ 

ഡാലിബോർ മാറ്റാനിക്‌ സംവിധാനം ചെയ്ത CACA (DADDY) 

എന്ന ചലച്ചിത്രത്തിൽ ആവിഷ്‌ക്കരിക്കപ്പെടുന്ന 

മഞ്ഞുവീഴുന്ന ഭൂപ്രദേശങ്ങൾ പ്രേക്ഷകരുടെ  ശ്രദ്ധയെ 

പെട്ടെന്നു കവർന്നെടുക്കുന്നതാണ്. 

ഈ ചലച്ചിത്രത്തിലെ പെൺകുട്ടികളുടെ വൃദ്ധനായ പിതാവ്

നടന്നുകയറുന്ന കുന്നിൻചെരുവുകളിലെ വൃക്ഷങ്ങൾ 

തണുപ്പിനെ ഭയന്ന് ചുരുണ്ടുകൂടി 

നിൽക്കുകയാണെന്നു നമുക്കു തോന്നുന്നു. 

ഛായാഗ്രാഹിയുടെ കണ്ണുകൾ ആ ദൃശ്യങ്ങളെ  

മനോഹരമായി പിടിച്ചെടുക്കുന്നു. 

ശീതം കട്ടിപിടിച്ചു നിൽക്കുന്ന അന്തരീക്ഷത്തിൽ നിന്നും 

രക്ഷ നേടാൻ ആ വൃദ്ധൻ വിറകുകഷണങ്ങളിട്ടു 

അടുപ്പുകൾ കത്തിക്കുന്നു. വിറകിനായി  മഴു കൊണ്ട് 

മരക്കൊമ്പുകൾ തുണ്ടം തുണ്ടമാക്കുന്നവനെ നാം കാണുന്നു.

എന്തിനെയും തുണ്ടമാക്കാൻ കഴിയുന്ന ദൃഢനിശ്ചയം 

ആ പ്രവൃത്തിയിലുണ്ട്. വൃദ്ധനോട്  ഏറെ സ്നേഹവും 

വാത്സല്യവും  കാണിക്കുന്ന (തിരിച്ചും) ഇളയമകൾ 

അയാളെ ചാച്ച എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ, 

ചില  മലയാളികളുടെ സംബോധന തന്നെയല്ലോ ഇത് 

എന്നു  നമുക്ക്  അത്ഭുതപ്പെടാo. 

അതിശീതത്തിൽ നിന്നും രക്ഷപ്പെടാൻ തീ കത്തിക്കുന്ന 

വൃദ്ധന്റെ ഉള്ളിൽ  സദാചാരത്തിന്റെ തീയും 

ആളിക്കത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നു നാം പിന്നെ മനസ്സിലാക്കും. 



ഏറെ നാളായി പിരിഞ്ഞുകഴിയുന്ന പിതാവിനെ കാണാൻ

 കാമുകനോടും സഹോദരിയോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന

 യുവതിയെയാണ് ആദ്യം നാം കാണുന്നത്.

കാറിലെ യാത്രക്കിടയിൽ, തങ്ങളുടെ അമ്മ ഇഷ്ടത്തോടെ  ധരിച്ചിരുന്ന 

പച്ചനിറത്തിലുള്ള ഉടുപ്പിനെ കുറിച്ച്  

ആ സഹോദരിമാർ പറയുന്നതു നാം കേൾക്കുന്നു. 

തങ്ങളുടെ കുടുംബത്തെ മൂടി നിൽക്കുന്ന ഇരുണ്ടരഹസ്യത്തെ 

നീക്കി അതിനെ നന്നാക്കിയെടുക്കാൻ ഇളയവൾ ആഗ്രഹിക്കുന്നുണ്ട്. 

ചാച്ചയോട് തുറന്നു സംസാരിക്കാനായി അയാളെ പിന്തുർന്നു നടക്കുന്ന 

അവളെ നാം കാണുന്നുമുണ്ട്  




ചാച്ചയുടെ കണ്ണുകളിൽ ഉമ്മ വയ്ക്കുകയും

പിന്നെ അയാളുടെ നെഞ്ചിൽ കഠാരകുത്തിയിറക്കുകയും 

ചെയ്യുന്ന മകളെയാണ് നാം അവസാനദൃശ്യങ്ങളിൽ കാണുന്നത്. 

ഒരു അഗമ്യഗമനത്തിന്റെയും മറ്റൊരു കൊലയുടെയും തുടർച്ചയിലാണിത്.

സ്വന്തം സഹോദരിയോട് പൊറുക്കാന്‍ പോലും തയ്യാറാകുന്ന അവള്‍

ചാച്ചയുടെ സദാചാരതാൽപ്പര്യങ്ങൾക്കും മേലെ 

തന്റെ പ്രണയത്തെ സ്ഥാപിക്കുകയായിരുന്നുവോ?  


                     

Monday, September 12, 2022

ഒരു ദിവസം ഉച്ചക്കു ശേഷം


പെറുവിയൻ ചലച്ചിത്രകാരനായ ജോയൽ കാലേറൊയുടെ 

 La  Última  Tarde (One Last Afternoon ) എന്ന ചലച്ചിത്രത്തിന്റെ 

പാതിയിലേറെയും ഭാഗങ്ങൾ ലിമയുടെ തെരുവുകളിലൂടെ

 നടക്കുന്ന  റാമോന്റെയും ലൗറയുടെയും ദൃശ്യങ്ങളാണ്. 

കാറിൽ സഞ്ചരിക്കുന്ന ദീർഘ ദൃശ്യവുമുണ്ട്. 

അവർക്കിടയിലെ സംഭാഷണങ്ങളെ  ചലച്ചിത്രകാരൻ 

നമുക്കായി പിടിച്ചെടുത്തിരിക്കുന്നു. 

ഒട്ടും വൈരസ്യവും മുഷിപ്പും തോന്നാതെ, അതീവ 

താൽപ്പര്യത്തോടെ ഈ മനോഹരദൃശ്യങ്ങളെ

പ്രേക്ഷകൻ പിന്തുടരുന്നു. 


റാ
മോനും ലൗറയും പത്തൊമ്പതു വർഷമായി പരസ്‌പരം 

കാണാതിരുന്നവരാണ്.   ആ ദമ്പതികൾ 

പെറുവിലെ മാവോയിസ്റ്റു വിപ്ലവകാരികളായിരുന്നു. 

ഇപ്പോൾ,  വിവാഹമോചനത്തിനായി സന്ധിച്ചിരിക്കുകയാണ്.

കോടതിയിലെ  കാലതാമസമാണ് അവരെ തെരുവിലൂടെയുള്ള 

നടത്തത്തിലേക്കു നയിക്കുന്നത്. നല്ല ഭാവത്തിൽ 

ആരംഭിക്കുന്ന അവരുടെ സംഭാഷണങ്ങൾ പതുക്കെ സങ്കീർണ്ണമാകുന്നു, 

അവരുടെ ജീവിതരഹസ്യങ്ങളുടെ ചുരുളുകളഴിയാൻ തുടങ്ങുന്നു. 

എന്തുകൊണ്ടാണ് തന്നെ വിട്ടുപോയതെന്നു ലൗറയോട് 

ചോദിക്കുന്ന റാമോനെ നാം കാണുന്നു. 

റാമോൻ പണിയെടുക്കുന്ന വർഗത്തിൽ നിന്നും ജനങ്ങൾക്ക് വേണ്ടി

'യുദ്ധം' ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവനായിരുന്നു. 

ലൗറയാകട്ടെ, ബൗദ്ധികതാൽപ്പര്യങ്ങളുമായി 

മദ്ധ്യവർഗത്തിൽ നിന്നും വന്നവളും. 

അവരുടെ അകൽച്ചയുടെയും പിളർപ്പിന്റെയും 

യഥാർത്ഥ കാരണങ്ങൾ വെളിപ്പെട്ടു വരുന്ന ഒരു പ്രകരണത്തിൽ

റാമോൻ ഒച്ചയിൽ ഇങ്ങനെ പ്രതികരിക്കുന്നുണ്ട്. 

"നിങ്ങൾക്ക് ആൺകുട്ടിയെ സംഘട്ടനത്തിൽ നിന്ന് പുറത്താക്കാം, 

പക്ഷേ നിങ്ങൾക്ക് ആൺകുട്ടിയിൽ നിന്ന് സംഘർഷം മാറ്റാൻ കഴിയില്ല"

.ലൗറ സാധാരണജീവിതത്തിലേക്കു തിരിച്ചു വന്നവളാണ്, 

റാമോനാകട്ടെ പൂർവ്വഭാരങ്ങളിൽ നിന്നും മുക്തനായിട്ടില്ല.

റാമോൻ പൊട്ടിത്തെറിക്കുമ്പോൾ നാം അത് അറിയുന്നുണ്ട്. 

എങ്കിലും , അവർക്കിടയിലെ മമതയും പ്രണയവും 

അവസാനിച്ചിട്ടില്ലെന്നു രേഖപ്പെടുത്തിക്കൊണ്ടാണ് 

ചലച്ചിത്രകാരൻ തന്റെ ദൃശ്യകാവ്യം അവസാനിപ്പിക്കുന്നത്. 

ആദർശത്തിന്റെ, പ്രതിജ്ഞാബദ്ധതയുടെ, 

നിസ്സഹായാവസ്ഥകളുടെ, ഉപേക്ഷയുടെ, വഞ്ചനയുടെ,

എന്നിട്ടും അവശേഷിക്കുന്ന സ്നേഹത്തിന്റെ 

നിരവധി സന്ദർഭങ്ങളെ കോർത്തിണക്കിയതാണ് ഈ ചലച്ചിത്രം.




പെറുവിന്റെ രാഷ്ട്രീയചരിത്രത്തിലെ അതീവസങ്കീർണ്ണമായ 

ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രത്തെയാണ് 

ഈ ചലച്ചിത്രം അവതരിപ്പിക്കുന്നത്. 

അബിമുൽ ഗുസ്‌മാന്റെ നേതൃത്വത്തിൽ പെറുവിൽ നടന്ന പോരാട്ടം  

ലോകമെമ്പാടുമുള്ള  മാവോയിസ്റ്റുകൾക്ക് ഉന്മേഷം പകർന്നിരുന്നു. 

കേരളത്തിലെ തെരുവുകളിൽ, കെ  വേണുവിന്റെയും 

രാവുണ്ണിയുടെയും കെ മുരളിയുടെയും മറ്റും

നേതൃത്വത്തിൽ ഇവർക്ക് അഭിവാദ്യങ്ങൾ 

അർപ്പിക്കപ്പെട്ടിരുന്നു.  

മാവോയിസ്റ്റു ഗറില്ലകളുടെ പ്രവർത്തനത്തെ 

സൂചിപ്പിക്കുന്ന സംഭവങ്ങളെയോ സ്ഥലങ്ങളെയോ

ചലച്ചിത്രം നേരിട്ടു കൃത്യമായി സൂചിപ്പിക്കുന്നില്ല. 

റാമോനിലും ലൗറയിലും സഹാനുഭൂതി ചൊരിഞ്ഞുകൊണ്ടാണ് 

ജോയൽ കാലേറൊ തന്റെ ചലനചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്.





Saturday, September 10, 2022

എഴുത്തുകളരിയിലേക്ക്




അടൂരിന്റെ ‘കഥാപുരുഷന്‍’ എന്ന സിനിമയില്‍

എഴുത്താശാന്റെ അടുത്തേക്കു കുഞ്ഞുണ്ണി പോകുന്ന 

ദൃശ്യങ്ങളുണ്ട്.  വേലൂച്ചാരോടൊപ്പമാണ് 

അവന്‍ നടക്കുന്നത്, ഉത്സാഹപൂര്‍വ്വം.

അവന്റെ കൈയില്‍ എഴുത്തോലയുണ്ട്, വേലൂച്ചാരുടെ

കൈയില്‍ അവനെ ചൂടിക്കുന്ന ഓലക്കുടയും. 

വയലും തോടും നാട്ടുവഴികളും താണ്ടി അവര്‍ നടക്കുന്നു.

കുഞ്ഞുണ്ണിയും വേലൂച്ചാരും നാട്ടുവഴികളിലൂടെ നടക്കുന്ന 

ദൃശ്യങ്ങളിൽ  അടൂർ സവിശേഷമായ സംഗീതം 

സന്നിവേശിപ്പിച്ചിരിക്കുന്നു.  

ഒരു പക്ഷിയെ ചൂണ്ടി അതിനെ പിടിച്ചു കൊടുക്കുമോയെന്ന് 

വേലൂച്ചാരോട് കുഞ്ഞുണ്ണി ചോദിക്കുന്നു.

ആ ദിവസം പക്ഷിയെ പിടിക്കുന്നതു ദോഷമാണെന്നും 

ഞായറാഴ്ച പിടിച്ചുതരാമെന്നും അയാള്‍ പറയുന്നു. 

വേലൂച്ചാര്‍ മറന്നുപോകുമോയെന്ന കുഞ്ഞുണ്ണിയുടെ 

സംശയം നാം കേള്‍ക്കുന്നു.

അ മുതല്‍ അം വരെ തെറ്റാതെ പറയാന്‍ വേലൂച്ചാര്‍ക്കു 

കഴിയുമോയെന്ന ചോദ്യവും കുഞ്ഞുണ്ണിക്കുണ്ട്. 

പിന്നെ, തോടു കടക്കുമ്പോള്‍ കുനിഞ്ഞുനിന്ന് വെള്ളത്തില്‍ 

കൈ നനയ്ക്കുന്ന കുട്ടിയെ നാം കാണുന്നു. 

പെട്ടെന്ന്, വേലൂച്ചാര്‍ ഓടിവന്ന് അവനെ എടുത്തു തോളിലേറ്റി 

മറുകരയിലെത്തിക്കുന്നു. 

ഈ പഠിപ്പ് തീരുന്നില്ലല്ലോയെന്ന മടുപ്പിന്റെ വാക്കുകളും

കുഞ്ഞുണ്ണിയില്‍ നിന്നും കേള്‍ക്കാം. 

വേലൂച്ചാരുടെ ജീവിതപ്രാരാബ്ധങ്ങളും ജീവിതദര്‍ശനവും

കേട്ടാണ് കുഞ്ഞുണ്ണി നടക്കുന്നത്. 


എഴുത്തുപള്ളിയില്‍ ആശാന്‍ ഖരാക്ഷരങ്ങള്‍ പഠിപ്പിക്കുമ്പോള്‍

കുഞ്ഞുണ്ണി അശ്രദ്ധനായിരിക്കുന്നു. 

കെട്ടിത്തൂക്കിയിട്ട പ്ലാവിലകള്‍ തിന്നുന്ന ആടിനെയാണ് 

അവന്‍ ശ്രദ്ധിക്കുന്നത്. 

കാര്‍ക്കശ്യസ്വരത്തില്‍ അക്ഷരങ്ങള്‍ പറയാന്‍ 

ആശാന്‍ ആവശ്യപ്പെടുന്നതോടെ പേടിച്ചു പോകുന്നവന്‍ 

വിക്കി വിക്കി അക്ഷരങ്ങള്‍ പറഞ്ഞു തുടങ്ങുന്നു. 

കുഞ്ഞുണ്ണി വിക്കനായി മാറിത്തീരുന്ന ദൃശ്യങ്ങള്‍ 

അടൂര്‍ ഇങ്ങനെയാണ് ആവിഷ്‌ക്കരിക്കുന്നത്. 

വിദ്യ അഭ്യസിപ്പിക്കാനുള്ള നമ്മുടെ രീതികളും ഉപകരണങ്ങളും 

കുരുന്നുകളുടെ സര്‍ഗാത്മകതയെ കെടുത്തിക്കളയുന്നതിനെ

അടൂര്‍ മറ്റൊരു ചലച്ചിത്രത്തില്‍ കൂടി ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. 


എഴുത്തോലയുമായി എഴുത്തുകളരിയിലേക്കു പോകുന്ന ബാല്യം

പഴയ തലമുറയിലുള്ളവരുടെ ചെറിയ 

ഓര്‍മ്മകളിലെങ്കിലും ഉണ്ടാകും. 

തൃണയങ്കുടം കുറുമുള്ളില്‍ സോമനാശാന്റെ എഴുത്തുകളരിയിലാണ്

ഞാന്‍ പഠിച്ചത്. 1966 ആദ്യമായിരിക്കണം അത്. 

(അടൂരിന്റെ കുഞ്ഞുണ്ണിക്കും ശേഷമാണത്.) 

ഒരു വീടിന്റെ ചായ്പിലായിരുന്നു, കളരി. 

ആ വീട്ടുമുറ്റത്ത് ഒരു നെല്ലിമരമുണ്ടായിരുന്നു. 

ഇപ്പോള്‍ പേരു മറന്നു പോയ കളിക്കൂട്ടുകാരിയോടൊപ്പം 

അതിന്റെ ചുവട്ടില്‍ നെല്ലിക്ക തിരയുന്നതിന്റെയും 

കുന്നിക്കുരുക്കള്‍ പങ്കിടുന്നതിന്റേയും ഓര്‍മ്മദൃശ്യങ്ങള്‍ മനസ്സിലുണ്ട്.

അക്കാലത്തെ ബാല്യത്തെ കുറിച്ചുള്ള ആരുടേയും  

നല്ല ഓര്‍മ്മകളില്‍ നെല്ലിക്കയും കുന്നിമണികളും ഉണ്ടാകും. 

പുറത്തു പോയി മടങ്ങിവന്ന ആശാന്‍ 

‘വിജയന്റെ അച്ഛന്‍ വന്നിട്ടുണ്ടെ’ന്നു പറയുന്നതും 

അച്ഛനെ കാണാന്‍ ഞാന്‍ കള്ളാട്ടിലെ വീട്ടിലേക്ക് ഓടുന്നതും 

ഞാന്‍ ചെല്ലുന്നതു കണ്ട അച്ഛന്‍ വീടിന്റെ അരപ്ലേസിലിരുന്നു 

എന്നോടു ചിരിക്കുന്നതും 

അച്ഛനെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മയാണ്. 

ഞാന്‍ അക്ഷരങ്ങളെല്ലാം വേഗം പഠിച്ചുവെന്ന് 

അമ്മ പറഞ്ഞുകേട്ട് അറിയാം. 







ഈ ദൃശ്യങ്ങൾ പനയോലയിൽ നാരായം കൊണ്ടെഴുതിയ 

അക്ഷരങ്ങളെ, പൊടിമണ്ണിൽ വിരൽ കൊണ്ടെഴുതിയ 

അക്ഷരങ്ങളെ കൂടി ഓർമ്മിപ്പിക്കുന്നു. 

സ്ലേറ്റിൽ എഴുതുന്ന കല്ലുപെൻസിൽ, കടലാസുപെൻസിൽ, 

മഷിപ്പേന, റീ ഫിൽ നിറച്ചെഴുതിയ പല തരം പേനകൾ, 

കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിന്റെയും ലാപ്ടോപിന്റെയും 

മൊബൈൽ ഫോണിന്റെയും കീ പാഡുകൾ 

എന്റെ തലമുറ എത്രയെത്ര

അക്ഷരോപകരണങ്ങളിലൂടെയാണ് വളർന്നത്!!


Friday, September 9, 2022

ചരിത്രം ഉറങ്ങുന്ന ഗാനദൃശ്യം

 


ഓരോ ചലച്ചിത്രദൃശ്യവും അബോധത്തിൽ ചരിത്രത്തെ

പേറുന്നുണ്ടെന്നു സാമാന്യമായി പറയാൻ കഴിയില്ലേ ?

ചലച്ചിത്രം സാഹിത്യത്തേയും മറ്റും അപേക്ഷിച്ച്

കൂടുതൽ വസ്തുനിഷ്ഠമായതിനാൽ കുറച്ചുകൂടി

ഏറ്റിപ്പറയാൻ കഴിഞ്ഞേക്കും!!

നേർ അനുഭവമെന്ന പോലെ ചരിത്രത്തെ ഒരു പഴയ

ചലച്ചിത്രദൃശ്യത്തിൽ നിന്നും കണ്ടെടുക്കാൻ കഴിയുമോ?

എങ്കിലും, ഒരു കലാസൃഷ്ടി അതു സൃഷ്ടിക്കപ്പെട്ട കാലത്തിന്റെ

പൊതുബോധത്തെ മൂർത്തമായി ആവിഷ്‌ക്കരിക്കുന്നതാണെന്നു

പറയുന്നതിൽ പിഴവുകളുണ്ട്. ഈ പരിമിതിയിൽ നിന്നുകൊണ്ട്

വായിക്കേണ്ട വാക്കുകളാണിത്.





കെ എസ് സേതുമാധവൻ സാക്ഷാത്കരിച്ച 'യക്ഷി' എന്ന 

ചലച്ചിത്രത്തിലെ ഈ ഗാനദൃശ്യത്തിൽ അന്നത്തെ 

സവർണ്ണമദ്ധ്യവർഗ്ഗത്തിലെ

സ്ത്രീ പുരുഷബന്ധത്തെ പല രീതികളിൽ കണ്ടെത്താം.

മരുമക്കത്തായ അരങ്ങൊഴിയുകയും  

സവർണ്ണർക്കിടയിൽ കുട്ടികളുടെ അച്ഛൻ യാഥാർത്ഥ്യമായി തീരുകയും

ഭാര്യയും ഭർത്താവും കുട്ടികളും ഉൾപ്പെടുന്ന അണുകുടുംബം

വ്യവസ്ഥാപിതമായി കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു 

കാലയളവിലാണ് ഈ ചലച്ചിത്രം നിർമ്മിക്കപ്പെടുന്നത്.

കലാലയാദ്ധ്യാപിക എന്ന  രീതിയിലുള്ള ഉദ്യോഗങ്ങളിലേക്ക് 

സ്ത്രീകൾ എത്തുന്നത് ഏറെ സാധാരണമായിട്ടില്ല.  

വിദ്യാസമ്പന്നയായ ഒരു കലാലയാദ്ധ്യാപിക തന്റെ

സഹപ്രവർത്തകനായ അദ്ധ്യാപകനോട് പ്രേമാഭ്യർത്ഥന

നടത്തുന്നതാണ് ഈ ഗാനദൃശ്യത്തിൽ ചിത്രണം ചെയ്യുന്നത്.

കാമുകന്റെ സാമിപ്യത്തിൽ,  ആ ഗാനത്തിലൂടെ 

അവളുടെ ഉൾപ്പുളകങ്ങൾ പുറത്തേക്കു ബഹിർഗമിക്കുന്നു.

ദേവനു മുന്നിൽ പ്രാർത്ഥിക്കുന്ന ഭക്തയായും  

പ്രേമവും ലജ്ജയും ഭയവും ബഹുമാനവും 

ചേർന്ന് വികാരപരവശയായും അവൾ പ്രത്യക്ഷപ്പെടുന്നു.

സംയമനത്തോടെയും അവളുടെ പാരവശ്യങ്ങൾ ആസ്വദിച്ചും

നിൽക്കുന്ന കാമുകൻ അന്നത്തെ പുരുഷാധികാരത്തെ

ഇതരരൂപങ്ങളിൽ തുറന്നുകാട്ടുന്നു.

അധികാരിയായ കാമുകനു മുന്നിൽ കീഴടങ്ങി നിന്നു പാടുന്ന

കാമുകിയുടെ ദൃശ്യം കൂടിയാണത്.

ഈ ദൃശ്യം കേരളത്തിലെ കലാലയങ്ങളിൽ

യാഥാർഥ്യമായിരുന്ന കാലമുണ്ടായിരുന്നുവെന്നു തീർച്ച !!

ഇന്ന് അത് അസാദ്ധ്യമാണെന്ന് എനിക്ക് തോന്നുന്നു


മലയാറ്റൂരിന്റെ നോവലിനെ ആധാരമാക്കി 

1968 ൽ സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രത്തിലെ 

ഗാനദൃശ്യത്തിൽ സത്യനും ഉഷാകുമാരിയുമാണ് 

പ്രത്യക്ഷപ്പെടുന്നത് .

വർഷങ്ങൾക്കു ശേഷം, 2013ൽ, ശാലിനി ഉഷാനായർ എന്ന 

ചലച്ചിത്രകാരി ഇതേ നോവൽ "അകം" എന്ന പേരിൽ 

ചലച്ചിത്രമാക്കുന്നുണ്ട്.

ഈ റോളുകളിൽ എത്തുന്നത് ഫഹദ് ഫാസിലും ഷെല്ലി കിഷോറുമാണ്.

കലാലയാദ്ധ്യാപകരായിട്ടല്ല, കമ്പനി എക്സിക്യൂട്ടീവുകളായി 

അവർ മാറിത്തീർന്നിരിക്കുന്നു.   

ഇങ്ങനെയൊരു ഗാനദൃശ്യം ആ ചലച്ചിത്രത്തിൽ അസാദ്ധ്യമായിരുന്നു. 



  

  

Thursday, September 8, 2022

ജോർജ് ഒവാഷ്വിലിയുടെ 'ചോളദ്വീപ്'

 



ജോർജിയൻ ചലച്ചിത്രകാരനായ ജോർജ് ഒവാഷ്വിലിയുടെ

'ചോളദ്വീപ്' ( George Ovashvili’s 'Corn Island') 

പ്രകൃതിയുടെ അതീവസുന്ദരമായ ഛായാഗ്രാഹിദൃശ്യങ്ങൾ 

നിറഞ്ഞ ഒരു ചലച്ചിത്രമാണ്. നദിക്കു നടുവിൽ രൂപം കൊള്ളുന്ന

ഒരു ചെറിയ തുരുത്തിനെയാണ് ഈ ചലച്ചിത്രത്തിന്റെ 

ഛായാഗ്രാഹി എപ്പോഴും കാണുന്നത്. 

നദിയരികിലെ വനത്തിന്നപ്പുറത്ത് ഉയർന്നു നിൽക്കുന്ന മലകൾ.

ആ തുരുത്ത് വേനലിൽ രൂപം കൊണ്ടതാകണം.

അവിടേക്ക്‌ വഞ്ചി തുഴഞ്ഞെത്തിച്ചേരുന്ന ഒരു വൃദ്ധൻ, 

അയാളുടെ പേരമകളും. 

ആ ദ്വീപിൽ അവർ ഒരു കുടിൽ കെട്ടുന്നു,

അവർക്കു താമസിക്കാനായി.

ഒരു വിളവെടുപ്പിനായി കുടിലിനു ചുറ്റുമായി 

മക്കച്ചോളം കൃഷി ചെയ്യുന്നു.

നദിയിൽ നിന്നും മീൻ പിടിക്കുന്നു.





ആ വൃദ്ധന്റെ മുഖത്ത് വലിയ അനുഭവങ്ങളുടെ തഴമ്പ് 

നമുക്കു കാണാം, ഏതു വെല്ലുവിളിയേയും നേരിടാനുള്ള 

കരുത്തും ആത്മവിശ്വാസവും ആ മുഖത്തു നിന്നും വായിക്കാം.

പ്രകൃതിയുമായുള്ള മനുഷ്യബന്ധത്തിന്റെ സങ്കീർണ്ണതകൾ

ജോർജ് ഒവാഷ്വിലി ആവിഷ്ക്കരിക്കുന്നു.

മനുഷ്യാദ്ധ്വാനത്തിന്റെ മഹത്വം അനുഭവിപ്പിക്കുന്ന 

നിരവധി ദൃശ്യങ്ങൾ ചലച്ചിത്രം ഒരുക്കിയിരിക്കുന്നു.

പ്രകൃതിയുടെ കാലപ്പകർച്ചകൾക്കുമുന്നിൽ 

നിസ്സഹായനാകുന്ന മനുഷ്യനെയും.

മനുഷ്യനെ പിന്തുടർന്നെത്തുന്ന തോക്കും അധികാരവും ഇവിടെയും 

ആ വൃദ്ധനും പേരക്കുട്ടിക്കും പിന്നാലെ തുരുത്തിലെത്തുന്നുണ്ട്.

ആ പെൺകുട്ടിയിൽ പ്രണയം വിതയ്ക്കാൻ മുറിവേറ്റ 

ഒരു യുവപട്ടാളക്കാരനും അങ്ങോട്ടേക്ക് എത്തുന്നു.

പെട്ടെന്ന്, ആ ചെറിയ തുരുത്ത് മനുഷ്യജീവിതനാടകത്തിന്റെ 

വലിയ ഒരു വേദിയായി മാറുന്നു.

വളരെ ഒതുക്കത്തോടെ ഹൃദയാവർജ്ജകമായി സാക്ഷാത്കരിച്ച   

ഈ ചലച്ചിത്രം 2014ലെ IFFK യിൽ ആദ്യന്തം

വലിയ വിസ്മയത്തോടെയാണ് കണ്ടത്‌.



Wednesday, September 7, 2022

വിശ്വാസത്തിന്റെ സൗന്ദര്യം


തര്‍ക്കോവ്‌സ്‌ക്കിയുടെ 'നൊസ്റ്റാല്‍ജിയ' എന്ന ചലച്ചിത്രത്തിലെ

ദേവാലയദൃശ്യങ്ങളുടെ ചാരുത എത്ര കണ്ടാലും ഒടുങ്ങാത്ത

താല്‍പ്പര്യമായി നമ്മെ മോഹിപ്പിക്കുന്നതാണ്.

വിശുദ്ധമേരിയുടെ ദേവാലയത്തിലെ പ്രദിക്ഷണത്തിന്റേയും 

പ്രാര്‍ത്ഥനയുടേയും ദൃശ്യങ്ങള്‍ ചലച്ചിത്രകലയുള്ളിടത്തോളം 

കാലം നിലനില്‍ക്കും. 

വിശുദ്ധയുടെ രൂപത്തിനു മുന്നില്‍ മുട്ടുകത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന

സ്ത്രീയുടെ വാക്കുകള്‍ അതിരറ്റ വിശ്വാസത്തിന്റേയും

അര്‍പ്പണബുദ്ധിയുടേയുമാണ്. ആ ഭക്തയായ സ്ത്രീ വിശുദ്ധമേരിയുടെ

രൂപത്തിന്റെ ഉടുപ്പിന്റെ കുടുക്കുകള്‍ തുറക്കുമ്പോള്‍

പറന്നുയരുന്ന കിളികളുടെ ദൃശ്യം വളരെ അപരിചിതമായ ഏതോ

സൗന്ദര്യലോകത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. 

ആദ്യമായി ഈ ദൃശ്യം കാണുമ്പോള്‍ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത

ലാവണ്യാനുഭവത്താല്‍ മനസ്സു നിറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. 

വിശുദ്ധയുടെ ചിത്രത്തിനു മുന്നില്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന 

മെഴുകുതിരികള്‍ അതേവരെ അനുഭവിക്കാത്ത വെളിച്ചത്തെ 

നമ്മുടെ ഉള്ളിലേക്കെത്തിക്കുന്നു.  



അവിശ്വാസിയായ യുജീനിയയുടെ സാന്നിദ്ധ്യത്തിലൂടെ

 തര്‍ക്കോവ്‌സ്‌കി ഈ ദൃശ്യത്തിന് 

സംവാദത്തിന്റെ വലിയ സാദ്ധ്യതകള്‍ തുറക്കുന്നു. 

അവള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ല. 

എന്തുകൊണ്ടാണ് സ്ത്രീകള്‍ കൂടുതലായി പ്രാര്‍ത്ഥിക്കുന്നതെന്ന് 

അവള്‍ ചോദിക്കുന്നു. 

നിങ്ങള്‍ക്കറിയുമല്ലോയെന്ന മറുപടിയാണ് അവള്‍ക്കു കിട്ടുന്നത്. 

കുട്ടികളെ പ്രസവിക്കുകയും പാലിച്ചു വളര്‍ത്തുകയും 

ചെയ്യുന്നതു കൊണ്ടാകണമെന്ന് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. 

ഇതിനു മാത്രമാണോ സ്ത്രീകള്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന

ചോദ്യം യൂജീനിയ ഉയര്‍ത്തുന്നു. 

എന്നാല്‍, അവിശ്വാസിയായ യുജീനിയ വിശ്വാസിനിയുടെ 

അര്‍പ്പണബുദ്ധി നിറഞ്ഞ പ്രാര്‍ത്ഥനയില്‍ മുഴുകിപ്പോകുന്നതും

വിശുദ്ധയുടെ ചിത്രത്തിലേക്ക് ഉറ്റു നോക്കുന്നതും 

ചലച്ചിത്രകാരന്‍ കാണിക്കുന്നു.

യുജീനിയയുടെ സ്വാതന്ത്ര്യസങ്കല്പനങ്ങളെ  

ചോദ്യങ്ങള്‍ക്കു മുന്നില്‍ നിര്‍ത്താന്‍ തര്‍ക്കോവ്‌സ്‌കി ശ്രമിക്കുന്നു. 

യുജീനിയയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നവന്റെ 

മുഖഭാവങ്ങളും ശരീരഭാഷ ആകെത്തന്നെയും 

ഇങ്ങനെ പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നു.




Tuesday, September 6, 2022

കാത്തിരിക്കുന്ന അമ്മ

 



ആന്ദ്രേ തർക്കോവ്സ്കി സാക്ഷാത്കരിച്ച ചില ദൃശ്യങ്ങളെ പോലെ 

എന്നിൽ ആവേശിച്ച ചലച്ചിത്രദൃശ്യങ്ങൾ വേറെയില്ല. 

അതീവ അത്ഭുതം നിറഞ്ഞ കണ്ണുകളോടെയാണ് 

ആ മഹാചലച്ചിത്രകാരൻ ഒരുക്കിയ ചില ദൃശ്യങ്ങൾ ഞാൻ കണ്ടത്.

കാഴ്ചക്കു  ശേഷവും അവ മനസ്സിൽ നിന്നും മാഞ്ഞുപോകാതെ നിൽക്കും. 

'മിറർ', 'നൊസ്റ്റാൾജിയ' എന്നീ ചലച്ചിത്രങ്ങളിലെ ചില ദൃശ്യങ്ങൾ ഒരു 

കാരണവുമില്ലാതെ പിന്നെയും പിന്നെയും മനസ്സിലേക്കു കടന്നുവരും. 

'മിറർ' എന്ന ചലച്ചിത്രത്തിലെ ദൃശ്യങ്ങൾ തുടർച്ചയോടെ 

സുദൃഢമായി മനസ്സിലാക്കാനോ വ്യാഖ്യാനിക്കാനോ 

എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.

എങ്കിലും ചില ദൃശ്യങ്ങൾ അവയിൽ തന്നെ പൂർണ്ണമായി 

എനിക്ക് അനുഭവപ്പെടുന്നു 

ചലച്ചിത്രദൃശ്യാനുഭവം എന്താണെന്നു സമൂർത്തതയിൽ

 ബോധ്യപ്പെടുത്തുന്നവയായി എനിക്ക് അവ മാറിത്തീർന്നിരുന്നു.



തന്റെ അമ്മ അച്ഛനെയും കാത്തിരിക്കുന്ന ദൃശ്യങ്ങൾ 

അതേപടി ആവിഷ്കരിച്ചതാണ്,

'മിറർ' എന്ന ചലച്ചിത്രത്തിലെ കാത്തിരുപ്പുദൃശ്യമെന്നു 

തർക്കോവ്സ്കി പറയുന്നുണ്ട്.  

ആ ദൃശ്യം പല പ്രാവശ്യം തന്റെ ജീവിതത്തിൽ 

നേരിട്ടു കണ്ടിട്ടുണ്ടായിരുന്നുവെന്നു അദ്ദേഹം പറയുന്നു. 

തന്റെ ചലച്ചിത്രത്തിൽ അതു പുന:സൃഷ്ടിക്കുകയായിരുന്നു.

ആ ദൃശ്യം കാണുന്ന എനിക്കും നേരത്തെ തന്നെ എവിടെയോ

അത്  അനുഭവിച്ചതായി തോന്നിയിരുന്നു .

എല്ലാ കാത്തിരുപ്പുകളിലും പൊതുവായുള്ള ഘടകം 

ഇങ്ങനെ വിചാരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുമായിരിക്കാം.

നോക്കൂ, ആ ദൃശ്യം ഇവിടെ എവിടെയോ 

കേരളത്തിലെ ഏതോ ഭൂഭാഗങ്ങളിലെവിടെയോ 

നിന്നു പകർത്തിയതു പോലെ അനുഭവപ്പെടുന്നില്ലേ?

 


POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...