Friday, June 2, 2023

"എല്ലാ ദിവസവും'' / "നിത്യവും" / "EVERYDAY"


സച്ചിദാനന്ദൻ എഴുതിയ "എല്ലാ ദിവസവും'' എന്ന കവിത "ശിഥിലം"എന്ന നാലു ഭാഗങ്ങളുള്ള ദീർഘകവിതയുടെ ആദ്യഖണ്ഡമാണ്.  ഇത്, "EVERYDAY" എന്ന പേരിൽ ആംഗലഭാഷയിലേക്കു കവി തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ ചില കവികൾ ഈ ആംഗലവിവർത്തനത്തെ  തങ്ങളുടേതായ രീതികളിൽ മലയാളത്തിലേക്കു തിരിച്ചു മൊഴിമാറ്റം നടത്തുകയുണ്ടായി. "എല്ലാ ദിവസവും'' എന്ന കവിതയുടെ പുതിയ അനുഭവത്തെ കുറിച്ചു പറയാനാണ് ഈ കുറിപ്പ്.


 "എല്ലാ ദിവസവും''  എന്ന കവിത,  അതിന്  കവി തന്നെ നൽകിയ ആംഗല  വിവർത്തനം, മറ്റു കവികൾ നടത്തിയ മലയാളത്തിലേക്കുള്ള മൊഴിമാറ്റങ്ങള്‍  എന്നിവ ശ്രദ്ധിക്കുക, ആദ്യം.  ബാലചന്ദ്രൻ ചുള്ളിക്കാട്,  ഷീജ വക്കം,   എ സി ശ്രീഹരി,  ശിവകുമാർ അമ്പലപ്പുഴ,  സരിത മോഹനൻ ഭാമ,  താരാനാഥ്,  ശ്രീകാന്ത് താമരശ്ശേരി,  ബൈജു  ടി വി, ശ്രീനിവാസൻ,  കാർത്തിക ശിവപ്രസാദ് ,  സീനാ ദേവകി,  ദീപ്തി സജിൻ കടയ്ക്കൽ എന്നിവരുടെ വിവർത്തനങ്ങളാണ് നൽകിയിരിക്കുന്നത് 

**************************************************************

എല്ലാ ദിവസവും

സച്ചിദാനന്ദൻ


എല്ലാ ദിവസവും

ഒരു കപ്പു പൊട്ടുന്നു.

സൂര്യൻ അതിൽ നിന്നു

പുറത്തേയ്ക്കു നുരഞ്ഞൊഴുകുന്നു 


എല്ലാ ദിവസവും

ഒരു മുട്ട പൊട്ടുന്നു 

വസന്തം പഞ്ചവർണ്ണച്ചിറകു വീശി 

അതിൽ നിന്നു പാടിയുയരുന്നു 


എല്ലാ ദിവസവും

ഒരുറവ പൊട്ടുന്നു 

കുട്ടികൾ അതിൽ നിന്നു 

ചിരിച്ചു പുറത്തേക്കൊഴുകുന്നു.


എല്ലാ ദിവസവും

ഒരു നെഞ്ചു  പൊട്ടുന്നു

കവിത അതിൽ നിന്ന് 

ചീറ്റിയൊഴുകി ഉറഞ്ഞുകൂടുന്നു 

**********************************************

Everyday

K  Satchithanandan

Everyday a cup breaks;
the sun flows
out of it,
bubbling.

Everyday an egg breaks;
the spring rises from it
on its five-hued wings,
singing.

Everyday earth breaks;
a fountain bursts forth
and babies rush out of it,
laughing.

Everyday a heart breaks
Poetry gushes out and clots.


*******************************************



നിത്യവും 

സച്ചിദാനന്ദൻ

മൊഴിമാറ്റം : ബാലചന്ദ്രൻ ചുള്ളിക്കാട് 


നിത്യവുമൊരു പാന

ഭാജനം തകരുന്നു 

ചുറ്റിലുമൊഴുകുന്നു 

നുരയും സൂര്യാസവം 


മുളപൊട്ടുന്നു നിത്യം 

വർണ്ണപഞ്ചകം ചേർന്ന 

പത്രങ്ങൾ നീർത്തിച്ചൈത്രം

പാടുന്നു പറക്കുന്നു 


നിത്യവും ഭൂമി വിണ്ടു 

പൊട്ടുമ്പോഴതിൽ  നിന്നു 

നിർഗ്ഗളിക്കുന്നു ശിശു 

കോടി തൻ സ്മിതധാര 


ഹൃദയം തകരുന്നു 

നിത്യവും, അതിൽ നിന്നു 

കവിത പുറത്തേക്കു 

വാർന്നു വാർന്നുറക്കുന്നു.

**********************************************************

ദിനം ദിനം

സച്ചിദാനന്ദൻ

മൊഴിമാറ്റം - ഷീജ വക്കം
.
കപ്പുടയുന്നൂ ദിനംദിനം,
ചുറ്റിലുമെത്തീ
നുരഞ്ഞൊഴുകും
സൂര്യദ്രാവകം..

മുട്ട പൊട്ടുന്നൂ ദിനംദിനം
പാടുന്നു
പുഷ്പകാലത്തിൻ്റെ
പഞ്ചവർണ്ണക്കിളി..

ഭൂമി വിളളുന്നൂ ദിനംദിനം
തിക്കുന്നു പുഞ്ചിരിക്കും ശിശുക്കൾ
ജലധാരയായ്..

നെഞ്ചു പൊട്ടുന്നൂ ദിനം ദിനം,
കാവ്യമോ
കട്ടകെട്ടുന്നൊഴുക്കിൽ 

മന്ദമന്ദമായ്.

**************************************************************

നിത്യം 

സച്ചിദാനന്ദൻ

മൊഴിമാറ്റം:  എ സി ശ്രീഹരി

ഉടയുന്നു നിത്യമൊരു പാത്രം
ഒഴുകുന്നു കുമിളയായ് സൂര്യൻ

പൊട്ടുന്നു നിത്യവും നീഡം
വിരിയുന്നു ചിറകിൻ വസന്തം

പിളരുന്ന ഭൂമിയിൽ നിത്യം
ഉറവാർന്നുയിർക്കും കിടാങ്ങൾ

തകരുന്നു ഹൃത്തടം നിത്യം
കുതികൊണ്ടുറയ്ക്കുന്നു കാവ്യം

*****************************************************************

ഓരോ നാളും 

സച്ചിദാനന്ദൻ

മൊഴിമാറ്റം : സരിത മോഹനൻ ഭാമ.

ഉടയുന്നോരോ നാളും 
ഓരോരോ കോപ്പ,
മിന്നിപ്പതഞ്ഞൊഴുകുന്നു,
ഉടവിൽ നിന്നും കതിരവൻ.

ഉടയുന്നോരോ നാളും
ഓരോ കിളിമുട്ട,
മൂളിപ്പാട്ടായുയരുന്നുള്ളീന്ന്, ചൈത്രം
പഞ്ചവർണ്ണപതംഗമായ്.

ഉടയുന്നോരോ നാളും
മണ്ണിന്  പള്ള,
കേൾക്കാം, ഉറവ പൊട്ടി, ഉണ്ണിച്ചിരി-
കളകളം കുഞ്ഞിക്കാൽകുതിപ്പുകൾ.

ഉടയുന്നോരോ നാളും
ഓരോ ഹൃദന്തവും,
നിണം ചീറ്റി ചാടിയോളെ, ദണ്ണിച്ച്  ഘനീ-
ഭൂതമായോളെ, നീ, നീ, നീയല്ലോ കവിത.

*****************************************************************

"എല്ലാ ദിവസവും''

സച്ചിദാനന്ദൻ

മൊഴിമാറ്റം - താരാനാഥ് 

ഒരു ഗ്ലാസുടഞ്ഞു
നുര പതയുന്ന പോലെയൊരു സൂര്യനെന്നും പരക്കും

ഒരു മുട്ടപൊട്ടിയൊഴുകുന്നൂ 

വസന്തരവമഞ്ചുവർണ്ണത്തൂവൽ നീർത്തി

ദിനമൂഴിയുടയുന്നു , ജലധാരയൊഴുകുന്നു ,
കളഹംസജാലം ചിരിപ്പൂ

നിത്യവും ഹൃത്തടം പിളരുമ്പൊളെപ്പൊളോ
സത്യമാം കാവ്യം ജനിപ്പൂ

******************************************************************************

ദിനം തോറും

സച്ചിദാനന്ദൻ

മൊഴിമാറ്റം: ശ്രീകാന്ത് താമരശ്ശേരി

തകരുന്നൂ ദിനം തോറുമൊരു
പാനപാത്രം,സൂര്യ-
നതിൽനിന്നും നുരചിന്നിയൊഴുകിടുന്നൂ

ഒരുമുട്ടയുടയുന്നൂ നിത്യ,-
മതിൽ പഞ്ചവർണ്ണ-
ച്ചിറകോലും വസന്തത്തിൻ പാട്ടുയിർക്കുന്നൂ

ഭൂമിപിളർന്നുയരുന്നൂ ജല-
ധാര, ചിരിച്ചാർത്തു-
കുതിയ്ക്കയാണതിൽനിന്നും കുട്ടികൾ, നിത്യം

മുറിയുന്നൂഹൃദയമൊന്നെ-
ന്നും, ചീറ്റിയൊഴുകുന്നൂ-
കവിതകൾ,അവ മെല്ലെ കട്ടകൂടുന്നൂ.

***********************************************************************

നിത്യം

സച്ചിദാനന്ദൻ
മൊഴിമാറ്റം: ബൈജു  ടി വി 

ദിനവുമൊരു പാത്രമുടഞ്ഞതിൻ പുറമേക്ക്
കുമിളിച്ചു കവിയുന്നു സൂര്യൻ

ദിനവുമൊരു മുട്ടയുടഞ്ഞ് വസന്തമോ
നിറചിറകിൽ ഉയർന്നു പാടുന്നു

ദിനവുമീ ഭൂമിയിൽ ഉറപൊട്ടിടുന്നൂ
നിറ ചിരിയുമായ് പിഞ്ചുപൈതങ്ങൾ

ദിനവുമൊരു ഹൃദയം പിളർന്ന് കവിതകൾ
ഒഴുകി പരന്നുറക്കുന്നു.

**********************************************************

നിത്യം

സച്ചിദാനന്ദൻ
മൊഴിമാറ്റം: ശ്രീനിവാസൻ

ഉടയുന്നു നിത്യമൊരു പാനപാത്രം,
പതഞ്ഞൊഴുകുമതിൽനിന്നും സൂര്യൻ.

പൊട്ടുന്നു നിത്യമൊരു കിളിമുട്ട,
ഉയരുമതിൽനിന്നും
പഞ്ചമംപാടി
പഞ്ചവർണ്ണച്ചിറകാർന്ന വസന്തം

പിളരുന്നു നിത്യമീ ഭൂമി
പൊട്ടിപ്പിറക്കുന്നു നീരുറവയൊന്ന്.
അതിൽനിന്നും
കുതിച്ചാർത്ത്,
പൊട്ടിച്ചിരിക്കും ശിശുക്കൾ
പുറത്തേക്ക്!

തകരുന്നു എന്നുമെൻ ഹൃദയം
കുത്തിയൊലിച്ചിടും കവിത,
എപ്പഴോ കട്ടപിടിക്കുന്നു പിന്നെ!

**********************************************************

നിത്യം

സച്ചിദാനന്ദൻ
മൊഴിമാറ്റം: 
കാർത്തിക ശിവപ്രസാദ് 


നിത്യമൊരു കോപ്പയുടയുന്നു 

കുമിളയായ് 

സൂര്യനതിൽ നിന്നുമൊഴുകുന്നു 


നിത്യമൊരു മുട്ടയുടയുന്നു 

പിന്നെയും പഞ്ചവർണ്ണച്ചിറകു വീശിയാ-

വാസന്തമതിൽ നിന്നുയർന്നു പാടുന്നു 


നിത്യമീ ഭൂമിയുടയുന്നു 

അതിൽ നിന്നുമുയരുന്ന 

ജലധാര കീറി, കുരുന്നുകൾ 

ചിരിയുമായോടിയണയുന്നൂ 


നിത്യമൊരു ഹൃത്തുമുടയുന്നൂ

അതിൽ നിന്നു കവിതയൊഴുകി 

പരന്നൊടുവിലതുറഞ്ഞു കൂടുന്നു

************************************************************

ദിനവും

സച്ചിദാനന്ദൻ
മൊഴിമാറ്റം: 
സീനാ ദേവകി 

ദിനവുമൊരു പാത്രമുടഞ്ഞു തകരുന്നതിൽ
കുമിളയായ് പൊന്തുന്നു സൂര്യൻ..

ദിനവുമൊരു നീഡമുടഞ്ഞു തകരുന്നതിൽ
 വസന്തം വിടർത്തുന്നു കിളികൾ..

ദിനവുമൊരു ഭൂമി തകർത്തതിൽ 
ചിരിയുമായ് ഉറവെടുക്കുന്നു ശിശുക്കൾ..

ദിനവുമൊരു ഹൃത്തടം തകരുന്നതിൽ
 നിന്നൊഴുകിയുറയ്ക്കുന്നു കവിത..

*******************************************************************
നിതാന്തം

സച്ചിദാനന്ദൻ
മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ 

ചഷകമൊന്നുടയുന്നു പ്രതിദിനമതിൽ നിന്നു
നുരയിടും സൗരപ്രവാഹം

ദിനവുമുടയുന്നൊരണ്ഡമതിൽ നിന്നും 
ഐവർണ്ണ പക്ഷങ്ങൾ നീർത്തും വസന്തം 
വിടർന്നുപാടുന്നു

ദിനവുമടരുന്ന മണ്ണിൽ 
നിന്നൊരു നീർക്കുതിപ്പിൽ കൂട്ടമായെത്തുന്നു
ചിരിയുതിർക്കുന്ന പൈതങ്ങൾ  


ഉറയുന്നൊരുള്ളെന്നുമതിൽ നിന്നു 
മൂറുന്നു കവിതയതുറയുന്നു ശാന്തമായ്

******************************************************************

ഓരോ ദിനവും

സച്ചിദാനന്ദൻ
മൊഴിമാറ്റം: ദീപ്തി സജിൻ, കടയ്ക്കൽ

ഉടയുന്നോരോ ദിനമാമൊരു -
പത്രത്തിൽ നിന്നിതാ സൂര്യൻ 
നുര പൊങ്ങി പുറത്തേക്ക്

പൊട്ടുന്നുണ്ടോരോ
ദിനമാമൊരുകിളിമുട്ട -
യതിൽ നിന്നൊരു വസന്തുർത്തു 
പഞ്ചവർണ്ണച്ചിറകു വീശിപ്പാടി

പിളരുന്നെന്നും ഭൂമി_
യതിൽ നിന്നൂറും ധാരയിൽ
ചെറു ബാല്യങ്ങളിതാ
ചിരിച്ചു കൊണ്ടൊഴുകുന്നു

മുറിയുന്നോരോ ദിനവും
ഹൃദയമേകത്തിൽ നിന്നും
ഒഴുകും കവിതകൾ
കട്ടപോലുറയ്ക്കുന്നു.

******************************************************************

 വിവർത്തനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതാണ് കവിത എന്ന സ്ഥിരം വാക്യത്തെ മാറ്റിനിർത്തി പല വിവർത്തനങ്ങളിലൂടെ പല കവിതാവായനകൾ നടക്കുന്നുവെന്ന് പല നിലയിലുള്ള കാവ്യഭാവുകത്വങ്ങൾ ഇടപെടുന്നുവെന്ന്‌  ഈ അനുഭവത്തെ ചൂണ്ടി വീണ്ടും പറയാമെന്നു തോന്നുന്നു. ഈ മൊഴിമാറ്റങ്ങളിൽ, സച്ചിദാനന്ദന്റെ കവിതയിലുള്ള ചിലതു നഷ്ടപ്പെടുന്നുണ്ടെന്ന്  തോന്നാം. എന്നാൽ, കാവ്യമൂല്യമുള്ള ചിലതു കിട്ടുന്നുമുണ്ട്.


ആരുടെ വിവർത്തനവും കവിയുടേതു പോലെ ലളിതമായിട്ടില്ല. ലളിതമായ മലയാളപദങ്ങൾ കൊണ്ടാണ്  സച്ചിദാനന്ദൻ എഴുതിയിരിക്കുന്നത്. 'എല്ലാ ദിവസവും' എന്ന സരളമായ പദക്കൂട്ടു കൊണ്ട് നാലു ഭാഗങ്ങളും  ആരംഭിക്കുന്നു.(ബാലചന്ദ്രൻ അത് 'നിത്യവും' എന്നു മാറ്റിയിരിക്കുന്നതും അവിടെ മിക്കവാറും സച്ചിദാനന്ദന്റെ രീതി തന്നെ സ്വീകരിക്കുന്നതും കാണാം, മറ്റു പദക്കൂട്ടുകൾ ലളിതമല്ലെങ്കിലും.)  

തികച്ചും സ്വാഭാവികമായി  'സംഭവിക്കുന്നതായി' തോന്നുന്ന വാക്കുകൾ എഴുതപ്പെട്ടിരിക്കുകയാണ്, ഔപചാരികതകളില്ലാതെ.  കവിതയുടെ ഉറവകളെ കുറിച്ചുള്ള കവിതയെന്ന പ്രതീതി  അവസാനത്തെ വരികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും  "നിത്യവും ഹൃത്തടം പിളരുമ്പൊളെപ്പൊളോ സത്യമാം കാവ്യം ജനിപ്പൂ" എന്ന താരാനാഥിന്റെ 'കണ്ടെത്തലിനെ പ്രഖ്യാപിക്കുന്ന രീതി' കവി സ്വീകരിക്കുന്നില്ല. താരാനാഥ്‌ ഉപയോഗിക്കുന്ന സത്യം  എന്ന വാക്കിൽ ഇവിടെ  കാവ്യഭാവുകത്വത്തെക്കാളും യുക്തിയാണ്  പ്രവർത്തിക്കുന്നത്. 


കവിത വാക്കിന്റെ കലയാണെന്ന് ഈ കവിതയും വിവർത്തനങ്ങളും വീണ്ടും തെളിയിക്കുന്നു. ഏതു വാക്കാണ്,  എങ്ങനെയുള്ള വാക്കാണ്  കവിയിൽ തുള്ളുന്നതെന്ന്;  പൂർവ്വപരിചയം കൊണ്ട് വായനക്കാരൻ ധരിച്ചുവച്ചിരിക്കുന്നത്,  സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്,  ഷീജ വക്കം എന്നിവർ ഉറപ്പിച്ചു കൊടുക്കുന്നുവെന്നു പറയണം. ബാലചന്ദ്രന്റെ അദ്ഭുതകരമായ കാവ്യപാടവം ഈ പുനർരചനയിലും കാണാം.  പാനഭാജനം, സൂര്യാസവം, വർണ്ണപഞ്ചകം, സ്മിതധാര  എന്നീ കൂട്ടുകൾ ബാലചന്ദ്രനിൽ നിന്നു തന്നെ പ്രതീക്ഷിക്കാവുന്നവയാണ്.  

ദിനം ദിനം എന്ന ആവർത്തനം കൊണ്ടുവരുന്ന താളം  ഷീജയിൽ നിന്നും.

പുതിയ എഴുത്തുകാരിൽ കാർത്തിക ശിവപ്രസാദിന്റെയും സീന ദേവകിയുടെയും വിവർത്തനങ്ങൾ ഏറെ ശ്രദ്ധേയം. സച്ചിദാനന്ദന്റെ കവിതയുടെ സാരള്യത്തെയും സ്വാഭാവികതയെയും എത്തിപ്പിടിക്കാൻ അത് ശ്രമിക്കുന്നുണ്ട് . അവസാനഭാഗത്ത് 'അതില്‍നിന്നും' എന്ന അര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കാത്തതോ വ്യംഗ്യമായി ആ അര്‍ത്ഥത്തെ ആവാഹിക്കാത്തതോ ആയ മൊഴിമാറ്റങ്ങള്‍ വളരെ അപൂര്‍ണ്ണങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്.


ട്ടോ റെനെ കാസ്റ്റിലോയുടെ കവിത പല പ്രാദേശികഭാഷാരൂപങ്ങളിൽ നിന്നുകൊണ്ട്  എഴുതാൻ ശ്രമിച്ച ഒരു രീതിയല്ല*, ഇവിടെ  വിവർത്തകർ  സ്വീകരിച്ചത്. പ്രാദേശികചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷാഭേദങ്ങളുടെയും ആഖ്യാനങ്ങളായിട്ടല്ല,  വിവിധ കാവ്യഭാവുകത്വങ്ങളുടെ പ്രതികരണങ്ങളായിട്ടാണ്  ഈ വിവർത്തനസംരംഭങ്ങളെ കാണേണ്ടത്.

ഒരൊറ്റ കവിതയില്‍ നിന്നും പല കവിതകള്‍ പിറക്കുന്നു. ഒരേ കവിതയിൽ നിന്നും  കവിതയുടെ ബഹുസ്വരങ്ങൾ കേൾക്കുന്നു


***************************************************************************************

*ട്ടോ  റെനെ കാസ്റ്റിലോയുടെ കവിതയുടെ പല വിവർത്തനങ്ങളെ കുറിച്ച് എഴുതിയ "യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല." എന്ന കുറിപ്പ് ഈ ബ്ലോഗിൽ വായിക്കാം. 



POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...