Wednesday, January 24, 2024

ശാസ്ത്രം ഏകമാണോ? ശാസ്ത്രാവബോധത്തിന്റെ ലക്ഷണം ഏകത്വമാണോ?

 


രവിചന്ദ്രന്റെ ശിഷ്യന്മാർ പ്രചരിപ്പിക്കുന്ന ശാസ്ത്രാവബോധം എന്താണെന്ന് അറിയണമെങ്കിൽ  ഈ വിഡിയോയിൽ പറയുന്ന വാക്കുകൾ കേട്ടാൽ മതിയാകും. ഏക രാഷ്ട്രം, ഏക തെരഞ്ഞെടുപ്പ്,  ഏകഭാഷ, ഏക ഭക്ഷണം, ഏക വേഷം എന്നെല്ലാം സംഘപരിവാറും നരേന്ദ്രമോദിയും പറയുന്ന പോലെ ഇവർ ശാസ്ത്രം ഏകമാണെന്നു പറയുന്നു. ശാസ്ത്രാവബോധത്തിന്റെ ലക്ഷണം ഈ ഏകത്വത്തിലാണെന്നു പറയുന്നു. അതിലേക്കു നമ്മളൊന്നും അടുത്ത കാലത്ത് വളരില്ലെന്നും
പറയുന്നു. ശാസ്ത്രത്തെ കുറിച്ച് എത്രയും പരിമിതമായ, സങ്കുചിതമായ ധാരണകളാണ് ഇവർ പുലർത്തുന്നത് എന്ന കാര്യം തന്നെ അത്ഭുതകരമാണ്. ഇവരാണ്, കേരളത്തിൽ ശാസ്ത്രപ്രചാരകരായി പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം ലജ്ജാകരവുമാണ്.

ശാസ്ത്രം ഏകമാണോ? ശാസ്ത്രത്തിനുള്ളത് ഏക രീതിശാസ്ത്രമാണോ?
ഐൻസ്റ്റൈന്റെ വളരെ പ്രശസ്തമായ ഒരു വാക്യമുണ്ട്.
 

"He (Scientist)must appear to the systematic epistemologist
as a type of unscrupulous opportunist.."

 

വ്യവസ്ഥാനുസൃതമായി പ്രവർത്തിക്കുന്ന ഒരു ജ്ഞാനശാസ്ത്രകാരനു മുന്നിൽ
ശാസ്ത്രജ്ഞൻ ആദർശരഹിതനായ, എന്തും ചെയ്യാൻ മടിയില്ലാത്ത
ഒരു അവസരവാദിയായിരിക്കുമെന്നാണ് ഐൻസ്റ്റൈൻ പറയുന്നത്.
അത്രമേൽ വിപുലമായ തോതിൽ ബഹുലതയെ (ഏകത്വത്തെയല്ല)
ആശ്രയിച്ചുകൊണ്ടാണ് ശാസ്‌ത്രം പ്രവർത്തിക്കുന്നത്. അതിന്റെ
സർഗാത്മകതയുടെ കാരണവും ബഹുലതയിലുള്ള അതിന്റെ താല്പര്യമാണ്.
ഗതികസിദ്ധാന്തത്തിൽ, അണുവിനെ ബില്ലാർഡ് പന്തായി സങ്കൽപ്പിക്കുന്ന
ഭൗതികശാസ്ത്രത്തിനു ഹൈഡ്രജന്റെ വർണ്ണരാജി വിശദീകരിക്കാൻ
സൗരയൂഥമാതൃകയെ സ്വീകരിക്കാൻ കഴിയും.
ക്വാണ്ടംഭൗതികത്തിൽ അണുവിനു തരംഗമായി മാറാൻ കഴിയും.
ഏകവിശദീകരണമാതൃകയെ മാത്രമേ ശാസ്‌ത്രം സ്വീകരിക്കുകയുള്ളുവെങ്കിൽ
അതിനു നവീകരിക്കാനോ പുതിയ കണ്ടെത്തലുകളിലേക്കു നീങ്ങുവാനോ
കഴിയുമായിരുന്നില്ല എന്നതാണ് വാസ്തവം.

ഒരു ഭൗതികശാസ്ത്രസിദ്ധാന്തത്തെ രൂപപ്പെടുത്തുന്നതില്‍ നിരീക്ഷണവിധേയമാകാവുന്ന
ഭൗതിക അളവുകളെ മാത്രം ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്
ആപേക്ഷികസിദ്ധാന്തത്തിന്റെ രൂപീകരണത്തിന്നിടയില്‍ ഐന്‍സ്റ്റൈന്‍ ഊന്നിപ്പറഞ്ഞിരുന്നു.
ക്വാണ്ടംഭൗതികത്തിന്റെ രൂപീകരണകാലത്ത് 
ഹൈസന്‍ബര്‍ഗ്  ഐന്‍സ്റ്റൈനുമായി
കണ്ടുമുട്ടിയപ്പോള്‍,  ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഹൈസന്‍ബര്‍ഗ്
ഇങ്ങനെ ചോദിക്കുന്നു "കേവല സമയം നിരീക്ഷണസാദ്ധ്യമല്ലെന്നതിനാല്‍ അതിനെക്കുറിച്ചു പറയുന്നത് അനുവദനീയമല്ലെന്നാണല്ലോ താങ്കള്‍ ആപേക്ഷികസിദ്ധാന്തത്തിലൂടെ വാദിക്കുന്നത്."
"നിരീക്ഷിക്കപ്പെടുന്ന രാശികളെ മാത്രം ആധാരമാക്കിക്കൊണ്ട് ഒരു സിദ്ധാന്തം രൂപീകരിക്കുവാന്‍ശ്രമിക്കുന്നത് പൂര്‍ണ്ണമായും അബദ്ധമായിരിക്കു" മെന്നാണ് ഹൈസന്‍ബര്‍ഗിന്റെ ചോദ്യത്തില്‍ വിസ്മയാധീനനായഐന്‍സ്റ്റൈന്‍ പ്രതിവചിച്ചത്. ''നമുക്ക് എന്തിനെയാണ് നിരീക്ഷിക്കാന്‍ കഴിയുന്നതെന്ന് നിശ്ചയിക്കുന്നത് നാം ഉപയോഗിക്കുന്ന സിദ്ധാന്തമാണ്." ഐന്‍സ്റ്റൈന്റെ
ഈ വാക്കുകളാണ്, നിരീക്ഷണവ്യൂഹത്തിന്റെ 'ഭൗതികരാശികളില്‍ ക്വാണ്ടം ബലതന്ത്രസിദ്ധാന്തങ്ങള്‍  എന്തെങ്കിലും നിര്‍ബന്ധഉപാധികള്‍ നിര്‍ദ്ദേശിക്കുന്നുണ്ടോ' എന്നു ചിന്തിക്കാന്‍ ഹൈസന്‍ ബര്‍ഗിനെ പ്രേരിപ്പിച്ചത്. സവിശേഷആപേക്ഷികസിദ്ധാന്തത്തിന്റെ രൂപീകരണത്തിന് താൻ  ഉപയോഗിച്ച
മാർഗ്ഗത്തിൽ ഉറച്ചുനിൽക്കണമെന്നു
ഹൈസന്‍ബര്‍ഗിനോട്  ഐന്‍സ്റ്റൈന്‍ പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ, ഹൈസന്‍ബര്‍ഗിനു അനിശ്ചിതത്വസിദ്ധാന്തം രൂപീകരിക്കാൻ കഴിയുമായിരുന്നുവോ എന്നു പോലും ആലോചിക്കാവുന്നതാണ്.

Healingനെ കുറിച്ച് ഒരു സിദ്ധാന്തവും രൂപീകരിച്ചിട്ടില്ലാത്ത,
ഉപയോഗിക്കുന്ന ഔഷധങ്ങളുടെ പ്രയോജനമൂല്യത്തിലും
ആധുനികഭൗതികത്തിന്റെ സാങ്കേതികശേഷികളിലും ഊന്നി  പ്രവർത്തിക്കുന്ന വൈദ്യശാസ്ത്രത്തെ മുൻനിർത്തി ശാസ്ത്രാവബോധത്തെ കുറിച്ചു ചർച്ച ചെയ്യുന്നതു തന്നെ എത്രമാത്രം ഗുണകരമാണ് !!

ഇപ്പോഴും സന്ദിഗ്ദ്ധമായ നിലയിലാണെങ്കിലും സ്ട്രിംഗ് തിയറിയിലൂടെ  
ഏകപ്രപഞ്ചം എന്ന  സങ്കൽപ്പനത്തിൽ നിന്നു  പോലും മാറി
ബഹുപ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കുന്ന കാലത്താണ്, ആധുനികശാസ്ത്രം.

Friday, January 12, 2024

എം.ടിയുടെ പ്രസംഗത്തെ കുറിച്ചു തന്നെ.

 


എം.ടിയുടെ പ്രസംഗത്തെ കുറിച്ചു തന്നെ. മിക്കപ്പോഴും നിശബ്ദരായിരിക്കുന്നവര്‍ ശബ്ദിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കും. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനത്തിലോ ഫെബ്രുവരി തുടക്കത്തിലോ നാസി ജര്‍മ്മനിയുടെ ഗതി ഇന്ത്യക്കു വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.ടി. തന്റെ പ്രസംഗത്തിലൂടെ പറഞ്ഞിരുന്നു. അതിന് ഇത്രയേറെ പ്രചാരം ലഭിച്ചില്ല. ഹിന്ദുത്വ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയെയും വിമര്‍ശിക്കുന്ന വാക്കുകള്‍ക്ക് പ്രചാരം നല്‍കാന്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്കു വലിയ താല്‍പ്പര്യമില്ല. മാദ്ധ്യമങ്ങള്‍ മിക്കവാറും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചൊല്‍പ്പടിയിലാണ്. അതു പറയുന്നതും ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുകയാണ് മാദ്ധ്യമങ്ങളുടെ ധര്‍മ്മം എന്ന സ്ഥിതിയാണ്. അതുകൊണ്ട് എം.ടിയുടെ വാക്കുകള്‍ക്കു വലിയ പ്രചാരം ലഭിക്കുകയുണ്ടായില്ല. ഇപ്പോള്‍, എം.ടിയുടെ വിമര്‍ശനം കേരളസര്‍ക്കാരിനെയും പിണറായി വിജയനെയും ഊന്നിയാണെന്നതു കൊണ്ട് അതിനു വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നു. തങ്ങളുടെ വോട്ടുരാഷ്ട്രീയത്തിനു കൂടി ത്വരകമായേക്കാമെന്ന് ഹിന്ദുത്വമീഡിയ കൂടി കരുതുന്നതിനാല്‍ ഈ പ്രസംഗത്തിനു ലഭിച്ച പ്രാധാന്യത്തില്‍ അത്ഭുതത്തിന് അവകാശമില്ല! മാദ്ധ്യമങ്ങളാണ് എല്ലാ കാര്യങ്ങളേയും പൊലിപ്പിക്കുന്നത്. കേരളസമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണത്തിന് ഏറ്റവും വലിയ കാരണക്കാര്‍ മാദ്ധ്യമങ്ങളാണെന്ന സക്കറിയയുടെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. പിണറായി വിജയനേയും കേരള സര്‍ക്കാരിനേയും കൊട്ടാനുള്ള  അവസരമായി ഇതിനെ മാറ്റാന്‍ കഴിയുമോയെന്ന്, മോദിരാഷ്ട്രീയത്തിനു സഹായകമാക്കാന്‍ കഴിയുമോയെന്ന അന്വേഷണത്തിലായിരിക്കണം ഹിന്ദുത്വ മീഡിയ മുഴുകിയിരിക്കുന്നത്.

    എം.ടി തന്റെ പ്രസംഗത്തില്‍ ഊന്നിയിരിക്കുന്നത് കേരളസര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയുമാണ്. ജയരാജന്മാര്‍ക്കൊഴികെ ആര്‍ക്കും പെട്ടെന്നു മനസ്സിലാകുന്ന കാര്യമാണത്. സോവിയറ്റ് യൂണിയനിലെ സംഭവവികാസങ്ങളേയും അതിനോടുള്ള ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും പ്രതികരണങ്ങളേയും ഉദ്ധരിക്കുന്നത്, കേരളത്തിലെ ആദ്യത്തെ സര്‍ക്കാരിനെ പരാമര്‍ശിക്കുന്നത്, ഇഎംഎസ് വ്യക്തിപൂജക്കോ അധികാരമോഹങ്ങള്‍ക്കോ കീഴ്‌പ്പെട്ടിരുന്നില്ലെന്നു പറയുന്നത് ... ഇവയെല്ലാം എം.ടി ഉന്നം വയ്ക്കുന്നത് കേരളത്തിലെ സര്‍ക്കാരിനെയാണെന്ന് നന്നായി ബോദ്ധ്യപ്പെടുത്തുന്നുണ്ട്. 'കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച് എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകഥയായി മാറുന്നു. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുകയാണ്' എം.ടിയുടെ വാക്കുകള്‍ ആവശ്യമായിരുന്നു. ധൂര്‍ത്തും സ്വജനപക്ഷപാതവും വ്യക്തിപൂജയും അധികാരഗര്‍വ്വും ഭരണത്തെ മൂടിക്കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ തിരുത്തണമെന്ന് ആവശ്യപ്പെടുന്ന വാക്കുകള്‍ സാര്‍ത്ഥകമായ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. കഥാകാരനും കവിയുമായ കരുണാകരന്‍ എഴുതുന്നതു പോലെ പിണറായി വിജയനു വേണ്ടി മാത്രമല്ല, സദസ്സിലുണ്ടായിരുന്ന സച്ചിദാനന്ദനും മുകുന്ദനും കൂടി വേണ്ടിയാണ് എം.ടി. ഈ വാക്കുകള്‍ പറഞ്ഞത്.'എന്നാല്‍, ഈ വാക്കുകള്‍ ഇതിന്നകം മാറ്റാരെങ്കിലും പറയാതിരുന്ന വാക്കുകളല്ല. എം.ടിയുടെ ടോണിലല്ലെങ്കിലും ചിന്തകനായ ബി.രാജീവനും കവിയായ കെ.ജി.എസും കഥാകാരിയായ സാറാജോസഫും നിരന്തരമെന്നോണം തങ്ങള്‍ക്കു ലഭ്യമാകുന്ന വേദികളില്‍ ഇതു പറയുന്നുണ്ട്. നിരവധിയെന്നോണം സാധാരണക്കാരായ മനുഷ്യര്‍ സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഇതു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പലപ്പോഴും നിശബ്ദമായിരിക്കുന്നയാള്‍ ശബ്ദിച്ചുവെന്നതു കൊണ്ടോ മാദ്ധ്യമങ്ങളുടെ ഇതര താല്‍പ്പര്യങ്ങള്‍ കൊണ്ടോ മാത്രമല്ല എം.ടിയുടെ ശബ്ദം കൂടുതല്‍ പ്രാധാന്യം നേടിയത്. കെ.ജി.എസിനോ രാജീവനോ സാറാജോസഫിനോ ഇല്ലാത്ത സാംസ്‌കാരികരംഗത്തെ അധികാരം എം.ടിക്കുള്ളതു കൊണ്ടു കൂടിയാണ് ഇതു സംഭവിക്കുന്നത്. ലഭ്യമായേക്കാവുന്ന മിക്കവാറും എല്ലാ പുരസ്‌കാരങ്ങളും നേടിക്കഴിഞ്ഞ, എല്ലാ മാധ്യമമുതലാളിമാരും പണക്കൊഴുപ്പിന്റെ സിനിമാലോകവും മത്സരിച്ച് ആദരിച്ചു കൊണ്ടിരിക്കുന്ന സാംസ്‌കാരികാധികാരത്തില്‍ നിന്നുകൊണ്ടു കൂടിയാണ് കേരളത്തിലെ ഇടതുസര്‍ക്കാരിനെ എം.ടി വിമര്‍ശിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നത്. ജാതി, സാഹിത്യം,സിനിമ തുടങ്ങിയ മേഖലകളില്‍ നിന്നും ആര്‍ജ്ജിച്ച സാമൂഹിക, സാംസ്‌കാരികമൂലധനത്തില്‍ നിന്നുകൊണ്ടാണ് എം.ടി ഇതു നിര്‍വ്വഹിക്കുന്നത്. അങ്ങനെയാകുമ്പോള്‍ മാത്രമേ സാമൂഹികമായ പ്രാധാന്യം ലഭിക്കുകയുള്ളൂവെന്നത് നമ്മുടെ സാമൂഹികാവബോധത്തിന്റെ
പരിമിതിയെ കാണിക്കുന്നതുമാണ്. ഈ പരിമിതിക്കിടയിലും എം.ടിയുടെ വിമര്‍ശനം പ്രധാനമാണ്.
കേരളത്തിന്റെ ജനാധിപത്യ പൊതുമണ്ഡലത്തിന്റെ വികാസത്തിന് ഇത്തരം വിമര്‍ശനങ്ങള്‍ ആവശ്യമുണ്ട്.

    പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പല തലങ്ങളിലും വിമര്‍ശിക്കപ്പെടേണ്ടതാണ്. ആദ്യം വിമര്‍ശിക്കേണ്ടത് മോദിയുടെ ഹിന്ദുത്വസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ അതു കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ പേരിലാണ്. യു.എ.പി.എ നടപ്പിലാക്കുക എന്നത് സി.പി.എം എന്ന പാര്‍ട്ടിയുടെയോ അതിന്റെ മുന്നണിയുടെയോ നയങ്ങളായിരുന്നുവോ? അല്ല. എന്നിട്ടും ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി കേരളം മാറി. താഹ- അലന്‍ കേസ് ഓര്‍ത്തുനോക്കുക. എത്രമാത്രം ജനാധിപത്യവിരുദ്ധ നാടകങ്ങളാണ് അരങ്ങേറിയത്? മാവോയിസ്റ്റുകളെ രാഷ്ട്രീയമായി അംഗീകരിക്കുന്നില്ലെങ്കിലും അവരെ വെടിവെച്ചു കൊല്ലുന്നതിനെ സി.പി.എം അംഗീകരിക്കുന്നില്ലെന്നാണ് അതിന്റെ ജനറല്‍ സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റി അംഗങ്ങളും പറഞ്ഞിരുന്നത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത് സി.പി.എം നയമായിരുന്നില്ല. കോണ്‍ഗ്രസിന്റെയും നയമല്ല അത്. അതു നയമായി സ്വീകരിച്ചിരിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എട്ടു പേരാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന പേരില്‍ വധിക്കപ്പെട്ടത്. കൊലക്കുശേഷം മൃതശരീരത്തെ തല്ലിച്ചതച്ച സംഭവങ്ങള്‍ വരെയുണ്ട്. ഇവയെ കുറിച്ചൊന്നും മനുഷ്യാവകാശസംബന്ധമായ യാതൊരു അന്വേഷണങ്ങളും നടന്നതായി അറിവില്ല. മറിച്ച്, ഈ നടപടികളില്‍ പ്രതിഷേധിച്ച വാസുവേട്ടനെ പോലുള്ള ഒരു ജനാധിപത്യാവകാശപ്രവര്‍ത്തകനെ ജയിലിലടക്കുന്ന നടപടിയാണ് ഉണ്ടായത്.

    ജി. എസ്.ടി നടപ്പിലാക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാനങ്ങളെ പിച്ചച്ചട്ടിയുമായി നിര്‍ത്തുന്നതുമായ നടപടിയായിരിക്കും എന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി കേരളത്തില്‍ തന്നെ പ്രസംഗിച്ചത്. എന്നാല്‍, ജി.എസ്.ടി നടപ്പിലാക്കുന്നതിനെ എതിര്‍ക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. അതു നടപ്പിലാക്കുകയും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നടപ്പിലാക്കുന്ന കിഫ്ബി പദ്ധതി ജനങ്ങളുടെ പരമാധികാരത്തെയും നിയമനിര്‍മ്മാണസഭകളേയും ഗൗനിക്കാത്ത സംഘപരിവാര്‍ പദ്ധതി തന്നെയല്ലേ? കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനും കേരളത്തിലെ ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്കു തന്നെയും അതിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
    എം.കുഞ്ഞാമനെ പോലുള്ള ഒരു അക്കാദമീഷ്യനോട് ബഹുമാനങ്ങളുണ്ടെന്നു ഭാവിക്കുമ്പോഴും അദ്ദേഹവും മറ്റു പലരും അടിസ്ഥാനജനവിഭാഗങ്ങള്‍ക്കായി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെ സ്വീകരിക്കാനോ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനോ ഈ സര്‍ക്കാര്‍ തയ്യാറായില്ല. ആദിവാസികളും ദളിതരും ഉള്‍പ്പെടെ അധ:കൃതജനത ഇപ്പോഴും ഭൂമിയിലോ സമ്പത്തിലോ അധികാരവും അവകാശവും ഇല്ലാത്തവരായി തുടരുമ്പോഴും കേരളത്തിലെ ഭൂമിയുടെ കേന്ദ്രീകരണം അഖിലേന്ത്യാ ശരാശരിയിലും ഏറിയതാണെന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു രക്ഷപ്പെടുത്തിയ മേനോന്‍ മുഖ്യമന്ത്രിയായി നാട്ടിലേക്കു വരുമ്പോള്‍ കണ്ടന്‍കുട്ടിയാശാനെ കാണാതെയും പരിഗണിക്കാതെയും പോകുന്ന ഒരു ചിത്രം അശോകന്‍ ചരുവിലിന്റെ നോവലില്‍ ഉണ്ടല്ലോ? ഈ സര്‍ക്കാരിന്റെ കീഴിലും കണ്ടന്‍കുട്ടിയാശാന്റെ സമൂഹം അവഗണിക്കപ്പെടുന്നു.  ഉദ്യോഗങ്ങളിലും മറ്റും ദളിതസമൂഹം അനുഭവിക്കുന്ന വിവേചനങ്ങള്‍ തുടരുന്നു. രേഖാരാജിന്റേയും ശ്യാം കുമാറിന്റേയും അനുഭവങ്ങള്‍ മറ്റൊന്നല്ല കാണിക്കുന്നത്. ഇടതുസര്‍ക്കാരിന്റെ സമീപനം മദ്ധ്യവര്‍ഗ്ഗതാല്‍പ്പര്യങ്ങളെ മാത്രം സഹായിക്കുന്നതായി മാറിത്തീര്‍ന്നിട്ടുണ്ട്. സര്‍വ്വകലാശാലകളെ സ്വയം ഭരണസ്ഥാപനങ്ങളായി നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയില്‍ ഭരണരാഷ്ട്രീയത്തിന്റെ ഇടപെടലുകളുണ്ടാകുന്നു. അക്കാദമികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

    സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലായിരിക്കുമ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ധൂര്‍ത്ത് പ്രകടമാണ്. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി നല്‍കാനോ സര്‍ക്കാരിനു വേണ്ടി പണിയെടുക്കുന്ന ജീവനക്കാര്‍ക്കു പോലും മൂന്നുവര്ഷമായി ക്ഷാമബത്ത നല്‍കാനോ കഴിയാതിരിക്കുന്ന സര്‍ക്കാരാണ് നവകേരളസദസ്സ്, ആദ്യമായി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, സ്വകാര്യ ലിറ്റ് ഫെസ്റ്റുകള്‍ക്കു സഹായം തുടങ്ങി നിരവധി ഉത്സവങ്ങള്‍ക്കു പണം മുടക്കുന്നത്. സാംസ്‌കാരികവകുപ്പിനു കീഴിലേക്കു മാറ്റിവെക്കപ്പെടുന്ന തുക വലിയ അഴിമതികള്‍ക്കും സ്വജനപക്ഷപാതത്തിനും എഴുത്തുകാരേയും കലാകാരന്മാരേയും മറ്റും നിശബ്ദരാക്കാനുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്നു കരുതണം. സംസ്‌കാരത്തെ കമ്പോളവല്‍ക്കരിക്കുന്ന പദ്ധതികളാണ് ഇവയിലേറെയും. മാറ്റിവെക്കപ്പെട്ട ചോറ് എന്ന നിരീക്ഷണം ഈ ഇടതിന് ബാധകമല്ലാതായിരിക്കുന്നു. കേരളത്തിന്റെ സംസ്‌കാരികവകുപ്പ് ഹെഗ്‌ഡെവാറിന്റെ ജന്മദിനത്തില്‍ യോഗദിനം ആഘോഷിക്കുന്നതിനും മറ്റും നേതൃത്വം കൊടുക്കുന്ന നിലയിലാണ്. സംസ്ഥാനത്തിന്റെ അതിഥിയായ വന്ന പ്രശസ്ത സംവിധായകനായ ബേലാതാറിനെ അദ്ദേഹവുമായുള്ള അഭിമുഖസംഭാഷണം നടക്കുന്ന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പരസ്യമായി അവഹേളിക്കുകയുണ്ടായി. ഫിലിം അക്കാദമി ചെയര്‍മാന്‍ പുരസ്‌കാരനിര്‍ണ്ണയനങ്ങളില്‍ ഇടപെടുന്നുവെന്നു തെളിവുകളോടെ ആരോപണങ്ങളുണ്ടായി. അദ്ദേഹം ഇടതുപക്ഷമൂല്യങ്ങള്‍ക്കുള്ളിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടി സഹയാത്രികര്‍ തന്നെ പറയുന്ന സ്ഥിതിയുണ്ട്. അദ്ദേഹം ഇപ്പോഴും ചെയര്‍മാനായി തുടരുന്നത് സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണെന്ന ആരോപണങ്ങളുമുണ്ട്. ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനെതിരെ ഒരു യുവ സംവിധായക നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇവയെല്ലാം ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്.  

    മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും പുലര്‍ത്തുന്ന ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധമായ സമീപനങ്ങളും ഇതിന്നകം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. നവകേരളയാത്രക്കിടയില്‍ മട്ടനൂരില്‍ വച്ച് കെ.കെ.ശൈലജക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ദുരധികാരത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നതായിരുന്നു. സ്ഥലത്തെ എം.എല്‍.എക്കു നേരെ നടന്ന ഈ ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു. പാര്‍ട്ടിക്കു ള്ളിലും ജനങ്ങള്‍ക്കിടയിലും ആരോഗ്യമന്ത്രി എന്ന നിലക്ക് ഒരു വനിത നേടിയ ഇമേജിനെ പാര്‍ട്ടിയുടെ നേട്ടമായി മാറ്റിയെടുക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നു മാത്രമല്ല, അവരെ ബോധപൂര്‍വ്വം ഇകഴ്ത്തുന്നതിനു ശ്രമിക്കുന്നു. പൗരപ്രമുഖര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ജനാധിപത്യമൂല്യങ്ങളെ ആദരിക്കുന്നതല്ല, മറിച്ച്, പ്രമുഖര്‍ക്കു മാത്രം വോട്ടവകാശമുള്ള ഒരു കാലത്തെ ഇതരരൂപങ്ങളില്‍ പുനരാനയിക്കുന്നതാണ്. സാഹിത്യഅക്കാദമിയുടെ പുസ്തകങ്ങളുടെ കവര്‍ പേജില്‍ പിണറായി സര്‍ക്കാര്‍ എന്ന മുദ്ര വയ്ക്കുന്നതിനെ ന്യായീകരിച്ചു കൊണ്ട് അക്കാദമി സെക്രട്ടറി ഫേസ്ബുക്കില്‍ എഴുതുന്നത് വ്യക്തിപൂജ ഏതെല്ലാം നിലകളിലെത്തിയിരിക്കുന്നുവെന്നതിന്റെ നല്ല തെളിവായിരുന്നു. അത്, സര്‍ക്കാരിന്റെ ആവശ്യമായിരുന്നില്ലെന്ന വിശദീകരണം എത്രമാത്രം നിരര്‍ത്ഥകമാണെന്നു കൂടി ഓര്‍ക്കണം. സാംസ്‌കാരികസ്ഥാപനങ്ങളുടെ അബോധങ്ങളില്‍ പോലും നിലനില്‍ക്കുന്ന വ്യക്തിപൂജയുടെ പ്രകാശനമായിരുന്നു അത്. എല്ലാ നിലകളിലും വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ക്യാപ്റ്റന്‍ എന്നു വിളിക്കപ്പെട്ടപ്പോള്‍ (വിളിപ്പിച്ചപ്പോഴോ) യാതൊരു മടിയുമില്ലാതെ അതു സ്വീകരിക്കപ്പെട്ടതും പ്രോത്സാഹിപ്പിക്കപ്പെട്ടതും ഇതിനു തെളിവാണ്. പശ്ചിമബംഗാളില്‍ ഈയിടെയുണ്ടായ ഒരു സംഭവം ഇതിനോടു ചേര്‍ത്തുവച്ചു പരിശോധിക്കുന്നതു നന്നായിരിക്കും. ഡിവൈഎഫ്‌ഐ നടത്തിയ വലിയ ഒരു മാര്‍ച്ചിനും റാലിക്കുമിടയില്‍ യുവനേതാവായ മീനാക്ഷിമുഖര്‍ജിയെ പാര്‍ട്ടിയുടെ പ്രമുഖനേതാവായ ബിമന്‍ബാസു ക്യാപ്റ്റന്‍ എന്നു വിളിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ഇതിനോടു പ്രതികരിച്ചു കൊണ്ട് മീനാക്ഷിമുഖര്‍ജി പറഞ്ഞ വാക്കുകള്‍ ഫെഡറല്‍ ന്യൂസ് ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്യുന്നു.''I am not the captain. The captain is our organisational structure…our ideology…our policies and principles. In our party we don't believe in cut-out culture or idolisation.' 38 വയസ്സുള്ള മീനാക്ഷിമുഖര്‍ജിക്കു പറയാന്‍ അറിയുന്ന വാക്കുകള്‍ പിണറായി വിജയന്‍ മറന്നു പോയത് അദ്ദേഹം വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ തെളിവാണ്.

    ഇനിയും ദീര്‍ഘിപ്പിക്കാവുന്നതേയുള്ളൂ. അത് ഒരു ദോഷവിചാരണയുടെ ഫലമേ ചെയ്യൂ. ഈ ദോഷവിചാരണ കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തെ ഇടതുപക്ഷഭരണം സര്‍ഗാത്മകമായി ഒന്നും ചെയ്തില്ലെന്നു പറയാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല. ഇതിന്റെ അടിസ്ഥാനപ്രേരണ വിമര്‍ശനമാണ് ശരി എന്ന സമീപനമാണ്. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ എന്റെ ജീവിതാനുഭവത്തില്‍ നിന്നും പറഞ്ഞാല്‍, കേരളസമൂഹം ഒന്നായി ഇത്രയേറെ കൊടിയ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള വര്‍ഷങ്ങള്‍ സമീപഭൂതകാലചരിത്രത്തിലില്ല. 2018 ലെ പ്രളയം, തുടര്‍ന്നുവന്ന കൊറോണ, നിപ ബാധകള്‍ ഇവയെല്ലാം വലിയ പരീക്ഷണഘട്ടങ്ങളായിരുന്നു. ഈ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി കാണിച്ച വൈദഗ്ദ്ധ്യം ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. ഒരു പക്ഷേ, കേരളത്തിലെ ഒരു രാഷ്ട്രീയനേതാവിനും കഴിയാത്ത നേതൃത്വപാടവവും ആത്മശക്തിയുമാണ് ആ സന്ദര്‍ഭങ്ങളില്‍ പിണറായി വിജയന്‍ പ്രകടിപ്പിച്ചത്. ജീവിതം തകര്‍ന്നു പോയെന്നു കരുതിയ നിരവധി പേര്‍ക്ക് മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ആ ഇടപെടലുകളായിരുന്നു. ഒരു പക്ഷേ, അതിന് അദ്ദേഹത്തെ സഹായിച്ചത് രാഷ്ട്രീയജീവിതത്തില്‍ നിന്നും കിട്ടിയ വലിയ പാഠങ്ങളായിരുന്നിരിക്കണം. കഠിനജീവിതയാഥാര്‍ഥ്യങ്ങളറിഞ്ഞ വിജയന്റെ തലമുറ കഴിയുന്നതോടെ കേരളസമൂഹത്തിനു നഷ്ടപ്പെടാന്‍ പോകുന്ന ശേഷികളെ കുറിച്ചു നാം ഓര്‍ക്കേണ്ട സന്ദര്‍ഭവുമാണിത്.

     എം.ടി വാസുദേവന്‍നായര്‍ പിണറായിയെ മനസ്സില്‍ കരുതി ഇഎംഎസിന്റെ മഹത്ത്വത്തെ കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി പറയണം. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സാമൂഹികമൂലധനം പിണറായി വിജയനുണ്ടായിരുന്നില്ല. പി.കൃഷ്ണപിള്ള മുതല്‍ കെ എസ് കൃഷ്ണപിള്ള വരെടുള്ള നേതാക്കള്‍ ഒളിവിലും തടവിലും മരണപ്പെടുമ്പോള്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെ കേരളസമൂഹം രക്ഷിച്ചു സൂക്ഷിച്ചതില്‍ അദ്ദേഹത്തിന്റെ സാമൂഹികമൂലധനത്തിനു വലിയ പങ്കുണ്ട്. അടിയന്തരാവസ്ഥക്കാലത്തു ഇ എം എസും അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും പെട്ടെന്നു വിട്ടയക്കപ്പെട്ടു. മുണ്ടയില്‍ കോരന്റെ മകന് സാമൂഹികമൂലധനമില്ലാത്തതു കൊണ്ടാണ് അന്നു കൊടിയ മര്‍ദ്ദനം അനുഭവിക്കേണ്ടി വന്നത്. മര്‍ദ്ദനങ്ങള്‍ക്കു ശേഷം മാസങ്ങളോളം നീണ്ടുനിന്ന ചികിത്സക്ക് അദ്ദേഹം വിധേയനാകേണ്ടി വന്ന കാര്യം പിണറായിക്കാരനായ എന്റെ അദ്ധ്യാപകസുഹൃത്ത് പറഞ്ഞ് എനിക്കറിയാം. പിണറായി വിജയന്‍ തന്നെ അതിനെ കുറിച്ചു നിയമസഭയിലും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയും സവര്‍ണ്ണവനിതകളുടെ ജാഥയില്‍ നിന്നും ചോക്കൂത്തിമോനേ എന്ന വിളി കൊണ്ട് ആക്ഷേപിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയും അവന്‍ ചെത്താന്‍ പോട്ടെ എന്നു പരിഹസിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷേ, വലിയ വ്യക്തിപൂജക്കു വിധേയനാകുന്നുവെന്നു കരുതപ്പെടുന്ന ഒരാള്‍ തന്റെ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒറ്റപ്പെട്ട് തോല്‍പ്പിക്കപ്പെട്ട സന്ദര്‍ഭവും മറന്നുപോകരുത്. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശം സ്വാഗതം ചെയ്തു കൊണ്ട് മുഖ്യമന്ത്രിയെടുത്ത എല്ലാ മുന്‍കൈകളേയും ദേവസ്വം മന്ത്രിയും  മറ്റും ചേര്‍ന്നു പരാജയപ്പെടുത്തിയ സന്ദര്‍ഭമാണത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മന്ത്രിസഭ നടത്തിയ പരിശ്രമങ്ങള്‍ ദേവസ്വം മന്ത്രിക്ക് മാപ്പു പറയുന്നതിനുള്ള കാര്യമായിത്തീരുന്നതാണ് നാം കണ്ടത്. പിണറായി വിജയന്റെ നേതൃത്വപാടവത്തെ തോല്‍പ്പിച്ചത് കേരളത്തിന്റെ സമൂഹത്തിലും പാര്‍ട്ടിയിലും അദ്ദേഹത്തിന്റെ മന്ത്രിസഭയിലും കൂടി  ഇപ്പോഴും ശക്തമായിരിക്കുന്ന സവര്‍ണ്ണമൂല്യങ്ങളായിരുന്നു. അത് ഇപ്പോഴും ശക്തമാണ്. അത് പ്രധാന ഭീഷണിയാണ്.

    പിണറായി വിജയന്റെ നേതൃത്വത്തിന് കേരളസമൂഹത്തെ പ്രതിസന്ധികളില്‍ നിന്നും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നിന്നായിരിക്കണം എം.ടി തന്റെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അതിനു വേണ്ട തിരുത്തലുകളെ കുറിച്ചായിരിക്കണം അദ്ദേഹം പറഞ്ഞത്. മദ്ധ്യവര്‍ഗ്ഗതാല്‍പ്പര്യങ്ങളില്‍ ഊന്നുന്ന പരിപാടികള്‍ നടപ്പിലാക്കുകയല്ല, കുഞ്ഞാമന്‍ മാഷിനെ പോലുള്ളവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളായിരിക്കണം ജനാധിപത്യ, പുരോഗമനശക്തികളുടെ അജണ്ടയെന്നു തിരിച്ചറിയുകയാണു വേണ്ടത്. സംഘപരിവാറിന്റെ അജണ്ടയല്ല, ജനാധിപത്യ, പുരോഗമനശക്തികളുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിന് ജനാധിപത്യപരമായ മൂല്യങ്ങളെ പുനരാനയിക്കണമെന്ന്, വ്യക്തിപൂജയെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് എം.ടി ചെയ്തത്. നേതാവ് ഒരു നിമിത്തമല്ലെന്ന്, ചരിത്രപരമായ ഒരാവശ്യമാണെന്ന എം.ടിയുടെ നിരീക്ഷണം പിണറായി വിജയന്‍ കേള്‍ക്കുമോ? എങ്കില്‍, താന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ കൊല ചെയ്യപ്പെട്ട പാര്‍ട്ടി സഖാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ ധര്‍മ്മബോധത്തിലൂന്നുന്ന ഖേദം രേഖപ്പെടുത്തിക്കൊണ്ട് ജനതയെ വിശ്വാസത്തിലെടുക്കുന്ന ഒരു തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിക്കാനായേക്കാം. അങ്ങനെയൊരു പ്രക്രിയ ആരംഭിച്ചാല്‍ വീണ്ടും കുപ്രസിദ്ധമായ ആ വിമോചനസമരം വന്നേക്കാം. ഇപ്പോള്‍, എം.ടിയുടെ പ്രസംഗത്തെ കുറിച്ചു ഘോഷിക്കുന്ന മാദ്ധ്യമങ്ങള്‍ വിമോചനസമരക്കാരോടൊപ്പം നിന്നേക്കാം. പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന നേതൃത്വം ആവശ്യമായി  വന്നേക്കാം. 


 


https://thefederal.com/category/states/east/west-bengal/minakshi-mukherjee-cpims-firebrand-captain-may-emerge-as-bengals-didi-20-105805?infinitescroll=1

 

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...