Wednesday, November 30, 2022

ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍


കുറേ നാളുകളായി മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു പംക്തി കാണുന്നു. എന്റെ ആഴ്ചപതിപ്പ്. മാതൃഭൂമിയുടെ നവതിയുടെ ഭാഗമായി ആരംഭിച്ച പംക്തിയാണ്. എഴുത്തുകാര്‍ അവരുടെ ആഴ്ചപതിപ്പ് അനുഭവങ്ങള്‍ എഴുതുന്നു. എനിക്കു താല്‍പ്പര്യമുള്ള ചിലര്‍ എഴുതിയ ലേഖനങ്ങള്‍ ഞാന്‍ വായിച്ചു. അങ്ങനെയൊരു ലേഖനം ആവശ്യപ്പെട്ടിട്ടുണ്ടെന്നു ചില എഴുത്തുകാര്‍ എന്നോടു പറഞ്ഞു. എഴുതുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തവരും ഉണ്ട്. ഈ പംക്തി മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം സ്വയം തന്നെ ഒരു പരസ്യം ചെയ്യലും സ്വാഭിമാനം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗവുമാണ്. എനിക്കെന്താണ് മാതൃഭൂമി ആഴ്ചപതിപ്പെന്ന് ഞാന്‍ ആലോചിക്കുന്നത് ഈ പംക്തി കണ്ടതുകൊണ്ടു കൂടിയാണ്. ഇപ്പോള്‍, മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഭാഗത്തു നിന്നും എന്നോട് ഇങ്ങനെയൊരു ലേഖനം ചോദിക്കാനുള്ള സാദ്ധ്യതകളില്ല. എഡിറ്റര്‍ സ്ഥാനത്തു നിന്നും കമല്‍ റാം സജീവിന്റെ രാജിക്കു ശേഷം മാതൃഭൂമി ആഴ്ചപതിപ്പുമായുള്ള ബന്ധം നല്ല നിലയിലല്ല. കമല്‍ റാമിനും ഹരീഷിനും പിന്തുണ നല്‍കിക്കൊണ്ട് സാമൂഹികമാദ്ധ്യമങ്ങളിലും ചില ആനുകാലികങ്ങളിലും ഞാന്‍ നടത്തിയ ഇടപെടലുകള്‍ സ്വാഭാവികമായും ആ മാദ്ധ്യമസ്ഥാപനത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍, മാതൃഭൂമി ആഴ്ചപതിപ്പിനു പുറത്ത് 'എന്റെ മാതൃഭൂമി ആഴ്ചപതിപ്പ്'എനിക്ക് എഴുതാന്‍ കഴിയും. അതാകട്ടെ, കുറേക്കൂടി തുറന്നതും ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാത്തതും ആയിരിക്കും. ഇത് അങ്ങനെയൊരു എഴുത്താണ്. 

വീട്ടില്‍ മാതൃഭൂമി പത്രമാണ് വരുത്തിയിരുന്നത്. കുടയത്തുരിലെ വാടകവീട്ടില്‍ (ഊളാനിയില്‍) താമസിക്കാന്‍ തുടങ്ങുമ്പോഴേ പത്രത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നുള്ളൂ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നതു  മുതലാണ് കുടയത്തൂരില്‍ താമസിക്കുന്നത്.*  ഇപ്പോള്‍ സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയിലുള്ള കെ.പി.മേരിയുടെ പിതാവ് പൗലോസ് ചേട്ടനാണ് ഞങ്ങള്‍ക്കു പത്രം നല്‍കിയിരുന്നത്. എട്ടു കിലോമീറ്റര്‍ അകലെയുള്ള മുട്ടത്തു നിന്നും പത്രക്കെട്ടുമായി സൈക്കിളില്‍ പൗലോസ് ചേട്ടന്‍ വരും. പൗലോസ് ചേട്ടന്‍ വരാന്‍ താമസിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹത്തേയും കാത്ത് ഗേറ്റുപടിയില്‍ നിന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. പത്രത്തില്‍ സിനിമാപരസ്യം വരുന്ന പേജുകളായിരുന്നു അന്നത്തെ ആകര്‍ഷണം.


രണ്ടു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ കുടയത്തൂരില്‍ തന്നെ വീടു വച്ചു സ്ഥിരതാമസമാക്കുമ്പോള്‍ പത്രക്കാരനും മാറുന്നു. അയല്‍പക്കക്കാരനായ രാഘവന്‍ ചേട്ടന് പത്ര ഏജന്‍സി ഉണ്ടായിരുന്നു. ഇപ്പോള്‍, അവിടെ നിന്നും മാതൃഭൂമി പത്രം എത്തി. അക്കാലത്തെ മിക്കവാറും എല്ലാ പ്രമുഖ പത്രങ്ങളുടേയും വാരികകളുടേയും ഏജന്‍സി അദ്ദേഹത്തിനുണ്ടായിരുന്നു. രാഘവന്‍ ചേട്ടന്റെ വീട് വായനയ്ക്കുള്ള സാമഗ്രികളുടെ ഒരു സ്രോതസായി മാറി. വാരികകളുടെയും മറ്റും പഴയ ലക്കങ്ങള്‍ (ചിലപ്പോള്‍ പുതിയ ലക്കങ്ങളും) വായനക്കായി വീട്ടിലെത്തി. ജനയുഗം, സിനിരമ, മനോരാജ്യം, മനോരമ, ചിത്രകാര്‍ത്തിക, മലയാളനാട്, കുങ്കുമം, ഫിലിം മാഗസിന്‍, കലാകൗമുദി... എല്ലാം വായിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മാതൃഭൂമി ആഴ്ചപതിപ്പിന്റെ വായനയും ഇപ്പോഴാണ് ആരംഭിക്കുന്നത്. അരവിന്ദന്‍ വരയ്ക്കുന്ന കാര്‍ട്ടൂണ്‍ മുഴുവനും കാണുകയും വായിക്കുകയും ചെയ്യുമായിരുന്നെങ്കിലും മനോരമയിലെ ബോബനും മോളിയും പോലെ പെട്ടെന്ന് ആകര്‍ഷിക്കുന്നില്ല. മാതൃഭൂമി ആഴ്ചപതിപ്പില്‍ വരുന്ന ഇല്ലസ്‌ട്രേഷനുകള്‍ മനോരാജ്യത്തിലെ വരകള്‍ പോലെയോ മനോരമയിലെ ഫോട്ടോകള്‍ പോലെയോ പെട്ടെന്ന് ആകര്‍ഷിക്കുന്നില്ല. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളായിരിക്കണം ആദ്യമായി മുഴുകി വായിച്ചത്. ദുര്‍ഗാപ്രസാദ് ഖത്രിയേയും നീലകണ്ഠന്‍ പരമാരയേയും തേടി കുടയത്തൂരിലെ പബ്ലിക് ലൈബ്രറിയിലേക്കു പോകാന്‍ പ്രേരിപ്പിച്ചതും കോട്ടയം പുഷ്പനാഥായിരിക്കണം.** രാഘവന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും കിട്ടിയിരുന്ന വാരികകളും കുടയത്തൂരിലേയും കാഞ്ഞാറ്റിലേയും പബ്‌ളിക് ലൈബ്രറികളുമാണ് എന്റെ ആദ്യകാലവായനയെ പോഷിപ്പിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന എം.എം. മേനോന്റെ 'എണ്ണ' എന്ന നോവല്‍ അച്ഛന്‍ താല്‍പ്പര്യപൂര്‍വ്വം വായിക്കുന്നതും മറ്റുമാണ് ഇതിലെന്തോ കാര്യമുണ്ടെന്ന തോന്നലുണ്ടാക്കുന്നത്. അമ്പലമുകള്‍ എന്ന സ്ഥലത്ത് എണ്ണ ശുദ്ധീകരണശാല വരുന്നതുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ആ നോവലിന്റേത്. നന്തനാര്‍ രചിച്ച ഒരു നോവലോ എം.എം. മേനോന്റെ 'എണ്ണ' എന്ന നോവലോ ആയിരിക്കണം ആദ്യം ആഴ്ചപതിപ്പിലൂടെ വായിച്ചത്. തന്റെ വീട്ടില്‍ ചായയുണ്ടാക്കുന്നതിനായി അയല്‍പക്കത്തെ വീട്ടിലെ ചായച്ചണ്ടി എടുക്കാന്‍ പോകുന്ന കൗമാരക്കാരനെ എഴുതുന്ന നന്തനാറുടെ നോവലിന്റെ പേര് 'അനുഭവങ്ങള്‍' എന്നായിരുന്നില്ലേ?



ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ 'വരിക്കാരനാ'കുന്നത് ഒന്നാം വര്‍ഷ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. സാഹിത്യത്തോടും മറ്റും താല്‍പ്പര്യമുള്ളവര്‍ ആഴ്ചപതിപ്പിനോടു കാണിച്ചിരുന്ന ആഭിമുഖ്യങ്ങള്‍ എനിക്കും ഉണ്ടായിരുന്നിരിക്കണം. 1980 ജനുവരിയിലെ ആദ്യലക്കം മുതല്‍ എല്ലാ ലക്കങ്ങളും എന്റെ ശേഖരത്തിലുണ്ടായിരുന്നു. കോളേജിലേക്കുള്ള യാത്രക്കും ചെറിയ ചെലവുകള്‍ക്കും ഫീസിനുമായി അമ്മ നല്‍കുന്ന പണത്തില്‍ നിന്നും നീക്കിവച്ചാണ് പഠനകാലത്ത് ആഴ്ചപതിപ്പ് വാങ്ങിയിരുന്നത്. അന്നു ആഴ്ചപതിപ്പിന്റെ വില ഒരു രൂപയായിരുന്നു. എന്‍.വി. കൃഷ്ണവാരിയര്‍ എഡിറ്ററായിരുന്ന കാലം. എന്‍.വി.യുടെ ഒരു പേജ് എഡിറ്റോറിയല്‍ ലേഖനം ഉണ്ടാകും. ഞാന്‍ സൂക്ഷിച്ചുവയ്ക്കാന്‍ തുടങ്ങുന്ന ആദ്യലക്കത്തിന്റെ എഡിറ്റോറിയലിന്റെ ശീര്‍ഷകം 'എണ്‍പതുകള്‍' എന്നായിരുന്നു. പുതിയ ദശകം തുടങ്ങുകയാണ്, അത് എണ്‍പതുകള്‍ എന്നറിയപ്പെടും എന്നോ മറ്റോ പറഞ്ഞുകൊണ്ടാണ് ആ എഡിറ്റോറിയല്‍ ആരംഭിച്ചിരുന്നത്. 1980 മുതലുള്ള ലക്കങ്ങള്‍ നമ്പറിട്ടു സൂക്ഷിച്ചു വച്ചിരുന്നു. 1996ല്‍ മലപ്പുറത്തേക്കു താമസം മാറ്റുമ്പോള്‍ അപ്പോള്‍ വരെ സൂക്ഷിച്ചിരുന്ന എല്ലാ ലക്കങ്ങളും പെരുമ്പാവൂരിലെ ബഹുജനവിദ്യാകേന്ദ്രത്തിനു കൈമാറി. പിന്നെയും ആഴ്ചപതിപ്പ് ക്രമത്തില്‍ അടുക്കി സൂക്ഷിക്കുന്നതു തുടര്‍ന്നു. 2019ല്‍ പാലക്കാടു നിന്നും തൃശൂരിലേക്കു താമസം മാറുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ആഴ്ചപതിപ്പിന്റെ എല്ലാ ലക്കങ്ങളും കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജിന്റെ മലയാളം വകുപ്പിനു കൈമാറി. ഉഷാകുമാരി ടീച്ചര്‍ അയച്ച ഒരു വിദ്യാര്‍ത്ഥി ഒരു മിനി ലോറിയിലാണ് കെട്ടുകളാക്കി അതു കോളേജിലേക്കു കൊണ്ടുപോയത്. 


ഞാന്‍ എഴുതിയ വാക്കുകള്‍ ആദ്യം അച്ചടിമഷി പുരളുന്നതും മാതൃഭൂമി ആഴ്ചപതിപ്പിലൂടെയാണ്. ഒന്നാം വര്‍ഷ എംഎസ്സിക്കു പഠിക്കുമ്പോളാണ്, അത്. വായനക്കാരനെഴുതിയ ഒരു കത്തായിരുന്നു. സച്ചിദാനന്ദന്‍ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് എഴുതിയ ലേഖനത്തോടുള്ള ഒരു പ്രതികരണം. കെ.സി. നാരായണന്‍ ആയിരുന്നു അപ്പോള്‍ ആഴ്ചപതിപ്പിന്റെ എഡിറ്റര്‍.*** ആദ്യമായി ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി പത്രത്തിലാണ്. അത് ഒരു ശാസ്ത്രലേഖനമായിരുന്നു. ഏകധ്രുവകാന്തങ്ങളെ കുറിച്ച് എന്ന ശീര്‍ഷകത്തില്‍. മാഗ്നറ്റിക് മോണോപോള്‍സിനെ കുറിച്ച് സയന്‍സ് റിപ്പോര്‍ട്ടറില്‍ വന്ന ഒരു ലേഖനത്തിലെ ആശയങ്ങള്‍ ഉപയോഗിച്ച് സ്വതന്ത്രമായി എഴുതിയതായിരുന്നു ആ ലേഖനം.  75 രൂപ പ്രതിഫലം കിട്ടി, അതാണ് എഴുത്തിനു കിട്ടുന്ന ആദ്യത്തെ പ്രതിഫലം. സച്ചിദാനന്ദന്‍ സാംസ്‌കാരികനവോത്ഥാനത്തെ കുറിച്ച് ആഴ്ചപതിപ്പില്‍ തുടങ്ങിവച്ച ഒരു ചര്‍ച്ചയോടു പ്രതികരിച്ചുകൊണ്ട് വായനക്കാര്‍ എഴുതിയ നാല് ലേഖനങ്ങള്‍ 1991 ആഗസ്റ്റില്‍ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ആദ്യലേഖനം എന്റേതായിരുന്നു. ആ പ്രതികരണലേഖനത്തിനു കിട്ടുന്ന പ്രതിഫലമാണ് ആഴ്ചപതിപ്പില്‍ നിന്നും ലഭിക്കുന്ന ആദ്യത്തെ പ്രതിഫലം. ഒരു സമ്പൂര്‍ണ്ണലേഖനം ആഴ്ചപതിപ്പില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1993 ഫെബ്രുവരിയിലാണ്. 'തിരിച്ചറിയേണ്ട അവിശുദ്ധബന്ധം' എന്ന ശീര്‍ഷകത്തിലുള്ള ആ ലേഖനം ഒരു രാഷ്ട്രീയലേഖനമായിരുന്നു. ഇന്ത്യയിലെ വര്‍ഗ്ഗീയതയും സാമ്രാജ്യത്വവും പരസ്പരം പോഷിപ്പിക്കുന്നുവെന്നു പറയുന്ന ഒരു ലേഖനമായിരുന്നു അത്. എം.ടിയായിരുന്നു അപ്പോള്‍ എഡിറ്റര്‍. (എം.ടിയുടെ ആഴ്ചപതിപ്പിലെ രണ്ടാമൂഴക്കാലം.) ആ ലേഖനം കൂടി ഉള്‍പ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതായി കാണിച്ച് മാതൃഭൂമി ബുക്‌സില്‍ നിന്നും എനിക്കൊരു കത്തു വന്നിരുന്നെങ്കിലും അങ്ങനെയൊരു പുസ്തകം പുറത്തിറങ്ങിയില്ല. ആ ലേഖനമുള്‍പ്പെടെ എം.ടി, എ സഹദേവന്‍, ടി ബാലകൃഷ്ണന്‍, കമല്‍ റാം സജിവ് എന്നിവരുടെ എഡിറ്റര്‍ഷിപ്പിനു കീഴില്‍ ഞാന്‍ എഴുതിയ മുപ്പതു ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. 1997, 2011 വര്‍ഷങ്ങളിലെ മാതൃഭൂമി വാര്‍ഷികപതിപ്പുകളിലും എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 




എ.സഹദേവന്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നപ്പോള്‍, കെ.പി.അപ്പന്റെ 'ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും' , ഗ്രേസിയുടെ 'നരകവാതില്‍' , പി.വത്സലയുടെ 'വിലാപം' , അയ്യപ്പപണിക്കരുടെ 'ഗോത്രയാനം' , ടി പത്മനാഭന്റെ 'പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്',  ആനന്ദിന്റെ 'ചരിത്രപാഠങ്ങള്‍'  എന്നീ പുസ്തകങ്ങള്‍ ആഴ്ചപതിപ്പിലൂടെ നിരൂപണം ചെയ്യുന്നതിന് എനിക്ക് അയച്ചു നല്‍കുകയും അവയുടെ നിരൂപണങ്ങള്‍ ആഴ്ചപതിപ്പിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. കെ പി അപ്പന്‍ തുടങ്ങിവച്ച ഒരു ചര്‍ച്ചയില്‍ എന്റെ ലേഖനം ആവശ്യപ്പെടുകയും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭാഷാപോഷിണിയില്‍ വന്ന ഒരു ലേഖനത്തിനുള്ള പ്രതികരണം മാതൃഭൂമി ആഴ്ചപതിപ്പിലൂടെ നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. ഇവ കൂടാതെ മൂന്നു സാഹിത്യവിമര്‍ശനലേഖനങ്ങളും വാര്‍ഷികപതിപ്പിലേക്കുള്ള ഒരു ലേഖനവും എ. സഹദേവന്റെ പ്രേരണയില്‍ എഴുതിയിരുന്നു. യു.പി.ജയരാജിന്റെ കഥയെ കുറിച്ച് എഴുതിയ ഒരു പഠനം; ആഴ്ചപതിപ്പിനു നല്‍കിയത്, ആഴ്ചപതിപ്പില്‍ ഒറ്റക്കഥാപഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നതു കൊണ്ട് വാരാന്തപതിപ്പിനു നല്‍കി  പ്രസിദ്ധീകരിപ്പിച്ചതും അദ്ദേഹമായിരുന്നു. (ഭാഷാപോഷിണിയിലും കലാകൗമുദിയിലും വന്ന മൂന്നു ലേഖനങ്ങളെ ഒഴിവാക്കിയാല്‍ ആ കാലയളവില്‍ ഞാന്‍ മാതൃഭൂമിയില്‍ മാത്രമേ എഴുതിയിരുന്നുള്ളൂ) നാലുവര്‍ഷത്തിന്റെ കുറഞ്ഞ കാലയളവില്‍ ഞാന്‍ എഴുതിയ ഇത്രയേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ആ എഡിറ്ററെ എനിക്കു നേരിട്ടു പരിചയമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, തൃശൂരില്‍ നടന്ന ചിന്തരവി അനുസ്മരണപരിപാടിക്കു ശേഷം ഭാരത് ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ച് ഓട്ടോറിക്ഷയില്‍ വളരെ കുറച്ചു സമയം യാത്ര ചെയ്യാനുള്ള അവസരമുണ്ടായി. അപ്പോള്‍, എന്റെ രചനകള്‍ ആഴ്ചപതിപ്പിലൂടെ പ്രകാശിപ്പിച്ചിട്ടുണ്ടെന്നു ഞാന്‍ പറയുമ്പോള്‍ അദ്ദേഹം വേണ്ടത്ര ഓര്‍ക്കുന്നുണ്ടായിരുന്നില്ല. വളരെ നിഷ്‌ക്കാമമായ ഒരു പത്രാധിപപ്രവര്‍ത്തനം! ടി.ബാലകൃഷ്ണന്‍ എഡിറ്ററായിരുന്നപ്പോള്‍, ടി.ആറിനെ അനുസ്മരിക്കുന്ന ലക്കത്തില്‍ ആ കഥാകാരന്റെ ഒരു കഥയെ കുറിച്ചു ഞാന്‍ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.


ഞാന്‍ എഴുതിയ ചില ദീര്‍ഘമായ ലേഖനങ്ങള്‍ ഉള്‍പ്പെടെ വളരെ പ്രാധാന്യത്തോടെ തന്നെ കമല്‍ റാം സജീവ് ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു പുസ്തകനിരൂപണമുള്‍പ്പെടെ എന്റെ 15 ലേഖനങ്ങള്‍ആഴ്ചപതിപ്പിലൂടെയും ഒരു ലേഖനം വാര്‍ഷികപതിപ്പിലൂടെയും അദ്ദേഹത്തിന്റെ പത്രാധിപത്യത്തിന്റെ കാലത്ത് പുറത്തുവന്നു. ചലച്ചിത്രലേഖനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച അടൂരിന്റെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള ലേഖനം അതില്‍ ഉള്‍പ്പെടുന്നു. സച്ചിദാനന്ദന്റെ കവിതകളെ കുറിച്ച് എഴുതിയ ലേഖനത്തിലെ ചില നിരീക്ഷണങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് കവി എനിക്ക് ഒരു മെയില്‍ അയച്ചിരുന്നു. ആറ്റൂരിന്റെ കവിതകളെ കുറിച്ച് ഞാന്‍ എഴുതിയ ലേഖനത്തോട് ആറ്റൂര്‍ വലിയ മതിപ്പു കാണിച്ചു. എന്റെ പേരില്‍ കവി എഴുതിയ ഒരു ഇന്‍ലാന്‍ഡ് ലെറ്റര്‍ കോളേജിലേക്ക് വന്നു. വളരെ നാളുകള്‍ കൂടി എനിക്ക് ലഭിക്കുന്ന ഇന്‍ലാന്‍ഡ് ലെറ്റര്‍ ആയിരുന്നു അത്. ആ കത്തില്‍ അദ്ദേഹത്തിന്റെ സന്തോഷം പങ്കു വച്ചിരുന്നു. രാഗമാലികാപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ആറ്റൂരിനെ ഞാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്‍. എസ്. മാധവന്റെ കഥയെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നതായി അറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ സാധാരണയായി കമല്‍റാം ഒരിക്കലും പ്രകടിപ്പിക്കാത്ത പ്രശംസ അറിയിച്ചിരുന്നു. പാലക്കാട് വിക്‌ടോറിയ കോളേജിലെ മലയാളം വകുപ്പ് സംഘടിപ്പിച്ച ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍.എസ്. മാധവനോട് ആ ലേഖനത്തെ കുറിച്ചു പറയാന്‍ ഞാന്‍ നടത്തിയ ശ്രമത്തെയും എന്നെ തന്നെയും പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടു അദ്ദേഹം നടന്നു പോയി. ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലിനെ കുറിച്ച് ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ ‘മലയാളത്തിലെ ആധുനികതാവാദത്തിന്റെ അവസാനത്തെ കോട്ടകാവല്‍ക്കാരന്‍’ എന്നു വിശേഷിപ്പിച്ചതിലുള്ള എതിര്‍പ്പായിരിക്കണം അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്റ്റീഫണ്‍ ഹോക്കിങിനെ കുറിച്ചഴുതിയ അനുസ്മരണലേഖനം, അരവിന്ദന്റെയും കെ ജി ജോര്‍ജിന്റേയും സിനിമകളെ കുറിച്ചെഴുതിയ ലേഖനങ്ങള്‍, ശാസ്ത്രത്തോടുള്ള ആനന്ദിന്റെ സമീപനത്തെ വിമര്‍ശിച്ചു കൊണ്ട് എഴുതിയ ലേഖനം തുടങ്ങിയവയെല്ലാം പ്രാധാന്യത്തോടെ കമല്‍റാം പ്രസിദ്ധീകരിക്കുകയുണ്ടായി.


ഇതിന്നിടയില്‍, 2005ല്‍ മാതൃഭൂമി ബുക്‌സിലൂടെ 'ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍' എന്ന പുസ്തകം ഒ കെ ജോണിയുടെ മുന്‍കൈയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തെ കുറിച്ച് ടി എന്‍ ജയരാമന്‍ എഴുതിയ റിവ്യൂ ആഴ്ചപതിപ്പിലും വന്നു. മാതൃഭൂമി ബുക്‌സിന്റെ മാനേജരായി നൗഷാദ് ചാര്‍ജില്‍ വന്നതിനു ശേഷം 'ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും വന്നു. ഇപ്പോള്‍ ആ പുസ്തകം വിപണിയില്‍ ലഭ്യമല്ല .


നേരത്തെ സൂചിപ്പിച്ചതു പോലെ ‘മീശ’യെ കുറിച്ചുള്ള വിവാദവും കമല്‍റാമിന്റെ രാജിയും സാമൂഹികമാധ്യമങ്ങളിലൂടെ ഞാന്‍ നടത്തിയ ഇടപെടലുകളും മാതൃഭൂമിയുമായുള്ള ബന്ധത്തെ അകറ്റി. പുതിയ എഡിറ്ററായ സുഭാഷ്ചന്ദ്രനെ നേരിട്ടു പരിചയമുള്ളതാണ്. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ഞാന്‍ മൂന്നു ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍, 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍' എന്ന കഥയെ കുറിച്ച് ഞാന്‍ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ 'കഥകള്‍' എന്ന സമ്പൂര്‍ണ്ണ സമാഹാരത്തിലും 'പറുദീസാനഷ്ടം' എന്ന സമാഹാരത്തിലും ചേര്‍ത്തിരിക്കുന്നതു കാണാം. സുഭാഷ്ചന്ദ്രന്റെ കഥകളെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിലൊന്ന് മലയാളം വാരികയില്‍ ഞാന്‍ എഴുതിയതാണെന്ന് എനിക്കു തോന്നുന്നു. ('ഘടികാരങ്ങള്‍ പറയുന്നത്' എന്ന ലേഖനത്തെ കുറിച്ചുളള ഈ വിശ്വാസം ചിലപ്പോള്‍ വിഡ്ഢിത്തമായിരിക്കാം) ആ ലേഖനം 'കഥയിലില്ലാത്തത്' എന്ന എന്റെ കഥാലേഖനങ്ങളുടെ സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ സുഭാഷ്ചന്ദ്രന്‍ എന്നെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. രണ്ടു പ്രാവശ്യമെങ്കിലും ഞങ്ങള്‍ നേരിട്ടു കണ്ടിരുന്നു താനും. എന്നാല്‍, അദ്ദേഹം മാതൃഭൂമി വാരാന്തപതിപ്പിന്റെ എഡിറ്ററായിരിക്കുന്ന സന്ദര്‍ഭത്തില്‍ കല്‍പ്പറ്റ നാരായണന്റെ കവിതകളെ കുറിച്ച് ഞാന്‍ തയ്യാറാക്കിയ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.  ‘മീശ’ വിവാദത്തിനു ശേഷം അദ്ദേഹം എഡിറ്ററായി വന്നതിനു ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ ഞാന്‍ നടത്തിയ ഇടപെടലുകളിലൂടെ അകലം കൂടുതല്‍ വര്‍ദ്ധിച്ചിരിക്കണം!തൃശൂരിലേക്കു താമസം മാറിയതോടെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ വരിക്കാരനല്ലാതായി. ഇപ്പോള്‍ മഗ്സ്റ്ററിലാണ് ആഴ്ചപതിപ്പ് വായിക്കുന്നത്.

***********************************************************************************
*ഒന്നാം ക്ലാസില്‍ പഠിച്ചത് തൊടുപുഴയിലായിരുന്നു. അപ്പോഴും വാടകക്കായിരുന്നു താമസം. അച്ഛന്‍ വഴി ബന്ധത്തില്‍ പെട്ട ഒരാളുടെ വീട്ടില്‍ തന്നെയായിരുന്നു അത്. വീട്ടുടമസ്ഥര്‍ വരുത്തിയിരുന്ന പത്രം ഞങ്ങളും പങ്കുവയ്ക്കുകയായിരുന്നുവെന്നു തോന്നുന്നു. എഴുത്തുകളരിയിലെ പഠനം വൈക്കത്തിനടുത്ത് അച്ഛന്റെ നാടായ തിരുമണിവെങ്കിടപുരത്തായിരുന്നു.

**ഊളാനിയില്‍ താമസിക്കുമ്പോള്‍ തന്നെ അമ്മയ്ക്കു വായിക്കാനുള്ള പുസ്തകങ്ങള്‍ക്കെന്ന പേരില്‍ ആ ലൈബ്രറിയില്‍ പോകുമായിരുന്നു. അവിടെ വരുത്തിയിരുന്ന സിനിമാമാസികയിലെ ചിത്രങ്ങളായിരുന്നു അന്നത്തെ ആകര്‍ഷണം. 

***പിന്നീട്, മാതൃഭൂമി വാരാന്തപതിപ്പിന്റെ എഡിറ്റര്‍ ആയിരിക്കുമ്പോഴും ഭാഷാപോഷിണിയുടെ എഡിറ്റര്‍ ആയിരിക്കുമ്പോഴും കെ.സി. നാരായണന്‍ എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 


Thursday, November 10, 2022

കണിക്കൊന്ന



അയ്യപ്പപണിക്കരുടെ 'കണിക്കൊന്ന' (പൂക്കാതിരിക്കാനെനിക്കാവതില്ലേ..) എന്ന കവിതയിലെ വാക്കുകളെല്ലാം വേനലിലെ പൂമരം കാഴ്ച വയ്ക്കുന്ന സൗന്ദര്യപൂരത്തെ ആവാഹിച്ചെടുക്കുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്ന അതിന്റെ സ്വത്വത്തെ പ്രകാശിപ്പിക്കുകയാണ്. സ്വത്വപ്രകാശനത്തിന്റെ വിവിധതലങ്ങളെ ഇത്രമേല്‍ ലളിതമായി, സൗന്ദര്യത്തോടെ സാകല്യത്തില്‍ അവതരിപ്പിക്കുന്ന മലയാളഭാഷാഖ്യാനങ്ങള്‍ വേറെയില്ല. കണിക്കൊന്നയുടെ മനസ്സിന്നാഴത്തില്‍ കുടികൊള്ളുന്ന സ്വത്വബോധം സ്വാഭാവികമായി പുറത്തേക്കു പ്രവഹിക്കുകയാണ്. നൈസര്‍ഗ്ഗികമാണത്. സ്വയമേവം അതു പ്രവര്‍ത്തിക്കുന്നു; പരപ്രേരണകളില്ലാതെ, അയത്‌നലളിതമായി, അചോദകമായി. അടക്കാനും മറയ്ക്കാനും വയ്യാതെ സ്വത്വത്തെ പ്രകാശിപ്പിച്ചു പാടുകയാണ്, കണിക്കൊന്ന. പൂക്കുകയെന്ന തനതും ജൈവികവുമായ പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കാനേ കഴിയുന്നില്ലെന്ന്, ഏക വഴി സ്വത്വത്തെ ഇങ്ങനെ വെളിപ്പെടുത്തുകയെന്നതു മാത്രമാണെന്ന് കണിക്കൊന്ന പാടുന്നു. കലയില്‍ സ്വത്വപ്രകാശനത്തിന്റെ പ്രാധാന്യത്തെ അറിയുന്നവന്റെ കവിതയാണിത്.     


ഈ സ്വത്വപ്രകാശനത്തില്‍ കാലത്തിന്റെ ഭാവവും പങ്കു വഹിക്കുന്നുണ്ട്. വിഷുക്കാലമെത്തുമ്പോഴേക്കുമാണ് കൊന്ന പൂക്കുന്നത്. വിയല്‍പക്ഷിയുടെ കാലം. കണിക്കൊന്ന ഏതോ വികാരാവേഗത്തില്‍ പെട്ടു പോകുന്നു. ഇരുള്‍ത്തൊപ്പി പൊക്കി പ്രഭാതം ചിരിക്കുമ്പോള്‍, പുലര്‍ച്ചയില്‍ കുളിര്‍കാറ്റു വീശുമ്പോള്‍ കൊന്നയുടെ മേനീഞരമ്പുകള്‍ തിക്കിത്തിരക്കുന്നു, കൊമ്പുകളിലെങ്ങും പൂവിടര്‍ത്താന്‍. വേനലിന്റെ ഉഗ്രതാപത്തില്‍ ഹരിതമെല്ലാം മറഞ്ഞു പോകുമ്പോളാണ് മരമാകെ മഞ്ഞപ്പൂക്കള്‍ നിറയുന്നത്. ജനിതകമായതിനെ ത്വരിപ്പിക്കുന്ന പാരിസ്ഥിതികത്തെയും എഴുതുകയാണ് കവി. യാഥാര്‍ത്ഥ്യം ജനിതകത്തിന്റേയും പാരിസ്ഥിതികത്തിന്റേയും സംഗമത്തിലൂടെ, കൂടിച്ചേരലിലൂടെ ഉരുവം കൊള്ളുന്നുവെന്ന് കവിയും അറിയുന്നു. അങ്ങനെ കവിയിലെ ശാസ്ത്രജ്ഞന്‍ കൂടി കവിതയില്‍ പ്രകാശിതമാകുന്നു. കൊന്നയുടെ പൂവിടലില്‍, ജീവിതത്തില്‍ തന്നെ, ഋതുക്കളുടേയും കാലത്തിന്റേയും ഇടപെടല്‍ യാദൃച്ഛികഘടകങ്ങളുടെ സാന്നിദ്ധ്യത്തെ കാണിക്കുന്നു. പ്രകൃതിയിലെ ഏതൊരു പ്രക്രിയയും അനിവാര്യതയുടേയും യാദൃച്ഛികതയുടേയും വൈരുദ്ധ്യാത്മകമായ സംയോഗമാണെന്ന് ഈ കവിത കാണുന്നുണ്ട്. 



ഒരു നിറം മാത്രമേ തന്നതുള്ളൂ വിധിയെന്നു ഖേദിക്കുമ്പോഴും തന്റെ മഞ്ഞവര്‍ണ്ണത്തിന്റെ പ്രകീര്‍ത്തനത്തില്‍ മുഴുകുന്നു, കൊന്ന.

വധുവിനെയൊരുക്കാനെടുക്കുന്ന മഞ്ഞള്‍ 

നിറത്തില്‍ നിറയ്ക്കുന്ന ശൃംഗാരവര്‍ണ്ണം.

കടക്കണ്ണെറിഞ്ഞാല്‍ പിടിച്ചിങ്ങെടുക്കാന്‍ 

തരിക്കുന്ന വ്യാമോഹ താരുണ്യവര്‍ണ്ണം. 

കല്യാണമന്ത്രം പൊഴിക്കുന്ന വര്‍ണ്ണം

കളകളം പാടിക്കുണുങ്ങുന്ന വര്‍ണ്ണം 

താനേ മയങ്ങിത്തിളങ്ങുന്ന വര്‍ണ്ണം

വേറുള്ളതെല്ലാം തിളക്കുന്ന വര്‍ണ്ണം

പകല്‍ നേര്‍ത്തു നേര്‍ത്തീക്കടല്‍മാല ചാര്‍ത്തു-

ന്നൊരന്തിച്ചുകപ്പിന്നകമ്പടി വര്‍ണ്ണം.

ആ വര്‍ണ്ണം കൊണ്ടു തിളങ്ങുന്ന തന്റെ പൊന്മേനിയെ പാടുന്നു, മഞ്ഞപ്പൂവൃക്ഷം. കൊന്നപ്പൂവിതളിനെ താലിയുടെ രൂപകമായി കല്‍പ്പന ചെയ്യുകയും മേടത്തിലെ കൊന്ന പൂത്താലിയാടിക്കളിച്ചു നില്‍ക്കുന്നതായി പറയുകയും ചെയ്യുന്നു. ഇവിടെ കവിയുടെ പ്രത്യയശാസ്ത്രവും കവി ഇഷ്ടപ്പെടുന്ന സവര്‍ണ്ണമായ സാംസ്‌കാരികലോകവും വെളിപ്പെടുന്നുണ്ടെന്നു കണ്ടെത്തുന്നവരുണ്ടാകും. സ്വര്‍ണ്ണവര്‍ണ്ണപ്രകീര്‍ത്തനത്തെ സ്വര്‍ണ്ണത്തോടും സവര്‍ണ്ണതയോടും ബന്ധിപ്പിക്കാനുള്ള വഴികളുണ്ട്. കാവ്യഭാഷ; രൂപകങ്ങള്‍, പ്രത്യയശാസ്ത്രം തന്നെയെന്നതിനു തെളിവുമാകാം ഇത്.


കൊന്നയുടെ വികാരാവേഗങ്ങളെ പാടുന്ന കവിതയില്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്നപ്പുറം ചിന്തയെ ഉത്തേജിപ്പിക്കുന്ന ഒരു പരോക്ഷലോകം ധ്വനിക്കുന്നുണ്ട്. അസ്തിത്വത്തിന്റെ അവര്‍ണ്ണനീയമായ പ്രകൃതത്തിലേക്ക് ക്ഷണിക്കുന്നു, അത്. ഈ വികാരാവേഗം അനിവാര്യമായ എന്തൊന്നിന്റെയോ ഫലമാണെന്ന സൂചന കവിതയിലുണ്ട്. 'ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി' എന്ന വരിയില്‍ ഈ അനിവാര്യത അതിന്റെ സമ്പൂര്‍ണ്ണരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. മഞ്ഞ നിറത്തില്‍ മാത്രം സ്വയം വിടരുന്ന വൃക്ഷം 'എനിക്കാവതില്ലേ പല വര്‍ണ്ണമാകാന്‍' എന്നു ചൊല്ലുമ്പോള്‍ അനിവാര്യതയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ ഉറപ്പിക്കപ്പെടുന്നു. സൂക്ഷ്മതലത്തില്‍, സ്വത്വത്തെ അനിവാര്യതയായി കാണുന്ന വിചാരമാണിത്. സ്വത്വത്തെ പാരമ്പര്യവുമായോ ജനിതകദ്രവ്യവുമായോ ബന്ധിപ്പിക്കുന്നതാണെന്നും വിപുലീകരിച്ചു പറയാം. പാരിസ്ഥിതികഘടകങ്ങളുടെ പങ്കിനെ കവി അറിയുന്നുവെന്ന മുന്‍ നിരീക്ഷണത്തെ സ്വീകരിക്കാമെങ്കിലും കവിതയുടെ ഊന്നല്‍ ജനിതകത്തിലാണെന്നു പറയേണ്ട പ്രകരണമാണിത്. പ്രകൃതിയിലെ അനിവാര്യഘടകങ്ങളുടെ അസ്തിത്വത്തെ ഉറപ്പിക്കുന്ന പാഠാവിഷ്‌ക്കാരമായി കവിതയെ വായിക്കാം. അനിവാര്യത, പാരമ്പര്യം, ജനിതകം എന്നീ വാക്കുകള്‍ക്കെല്ലാം തുറക്കാന്‍ കഴിയുന്നതായി 'വിധി' എന്ന വാക്ക് പ്രത്യക്ഷമാകുന്നു. യാഥാസ്ഥിതികത്വത്തിന്‍റെ മേളനമായും ഇതു വായിക്കപ്പെടാം. 'എനിക്കാവതില്ലേ പല വര്‍ണ്ണമാകാന്‍'  എന്ന വരികളില്‍ പരിമിതികളുടെ സ്വയം തിരിച്ചറിവുമുണ്ട്. എന്നാല്‍, ഏകവര്‍ണ്ണം തന്നെ സൃഷ്ടിക്കുന്ന സൗന്ദര്യലോകത്തെ കുറിച്ചുള്ള വിശ്വാസം അകമേ സൂക്ഷിക്കപ്പെടുന്നുമുണ്ട്.  


കൊന്നയുടെ ജീവചരിത്രം കവിതയില്‍ എഴുതുന്നു. ഓരോ ഋതുവിലും വരുന്ന ഭാവപ്പകര്‍ച്ചകള്‍, നേരിട്ട നോവുകള്‍, നേടിയ സാഫല്യം...എല്ലാം. ഇമ പൂട്ടി, ഉണരാതെ, ഉണര്‍ന്നാലും ഇമ തുറക്കാതെ, തുറന്നാലും ആരും കാണാതെ, തങ്ങളുടെ ഗുണത്തിനായി സ്വര്‍ണ്ണവര്‍ണ്ണത്തെ കണി കാണുന്നതിന്നായി കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകള്‍ക്കു വേണ്ടി കൊന്ന മഞ്ഞയണിയുന്നു. 



കവിത അപ്പാടെ ഒരു സൗന്ദര്യപൂരമാണ്. പച്ചിലകളില്ലാത്ത വൃക്ഷത്തില്‍ മഞ്ഞപ്പൂക്കളുടെ ആഘോഷം. ലാവണ്യാത്മകതയോടുള്ള കവിമനസ്സിന്റെ ആഭിമുഖ്യം കൂടി കവിതയിലെമ്പാടും വായിക്കാം. 

    



Friday, November 4, 2022

കാടിനു ഞാനെന്തു പേരിടും?





വിനയചന്ദ്രന്‍ 'കാട്' എന്ന കവിത ചൊല്ലുന്നത് കേള്‍ക്കുന്നത് 
പാല സെന്റ്‌തോമസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലാകണം, 
കവിത ചൊല്ലാനായി വിനയചന്ദ്രന്‍ വന്നത്.* 
ആ കവിതയുടെ അര്‍ത്ഥതലങ്ങളല്ല, ശബ്ദതാളങ്ങളും ചൊല്ലലിലെ സവിശേഷതയുമായിരിക്കണം ആദ്യം ആകര്‍ഷിച്ചത്.
 എന്നാല്‍, അന്യൂനമായ എന്തോ അര്‍ത്ഥതലങ്ങള്‍ ഈ കവിതയിലുണ്ടെന്ന അനുഭവവും 
പെട്ടെന്നു തന്നെ നമുക്കുണ്ടാകുന്നു; 
അതു പിടികിട്ടിയില്ലെങ്കില്‍ തന്നെയും. 
പിന്നെ, പല പ്രാവശ്യം 'കാട്' വായിച്ചിരിക്കണം.

ഞാനെന്തുപേരിടും
കാട്ടിലെക്കാരണേന്മാര്‍ക്കെന്തു പേരിടും
...
ഞാനെന്തുപേരിടും
കാട്ടിലെ കൂട്ടുകാര്‍ക്കെന്തു ഞാന്‍ പേരിടും
...
ഞാനെന്തുപേരിടും
കാട്ടിലെ കുട്ടികള്‍ക്കെന്തു ഞാന്‍ പേരിടും
...
കാടിനു ഞാനെന്തു പേരിടും.
എന്നിങ്ങനെ സന്ദേഹങ്ങളുടെയും ആധികളുടെയും പല ഖണ്ഡങ്ങളിലൂടെ കടന്ന്

കാടിനു ഞാനെന്തു പേരിടും;
കാടിനു ഞാനെന്റെ പേരിടും.
എന്ന തീര്‍ച്ചയിലെത്തി പതുക്കെ വ്യാഖ്യാനതലത്തിലേക്കു നീങ്ങി
 
'പേരുകളല്ലയോ സര്‍വ്വചരാചരം
പേരുകള്‍ക്കുള്ളില്‍ പെരുമാളിരിക്കുന്നു.
പേരും പെരുമാളുമൊന്നുതാനല്ലയോ' എന്ന അറിവു നേടി

'ഒന്നുതാനല്ലയോ നിങ്ങളും ഞാനു
മിക്കാടും കിനാക്കളുമണ്ഡകടാഹവും' എന്ന അദ്വൈതസങ്കല്‍പ്പനത്തിലെത്തി ഈശാവാസ്യോപനിഷത്തിലെ ശാന്തിമന്ത്രത്തില്‍ കവിത അവസാനിക്കുന്നു.



പേരിനെ കുറിച്ചുള്ള ആകുലത കവിയുടെ 
വാക്കിനെ കുറിച്ചുള്ള ആകുലതയായിട്ടാണ് 
ആദ്യം നമുക്കു അനുഭവപ്പെടുക! 
അറിയാനുള്ള മാര്‍ഗ്ഗം പേരിടലാണ്. 
എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ എല്ലാം അറിഞ്ഞെന്നാകും!
പക്ഷേ, എല്ലാറ്റിനും പേരിടുകയെന്നത് അസാദ്ധ്യമാണ്. രാപകലെണ്ണിയടങ്ങാത്ത ഗന്ധങ്ങള്‍ക്കും 
മാരിവെയിലെണ്ണി മാറാത്ത കാറ്റുകള്‍ക്കും...
ഇങ്ങനെ ഓരോന്നിനും പേരിടുന്നതെങ്ങനെ? 
എത്ര കാറ്റുകള്‍ക്കു പേരിടും? 
എത്ര ഗന്ധങ്ങള്‍ക്കു പേരിടും?
എത്ര കല്ലുകള്‍ക്ക്, എത്ര കുന്നുകള്‍ക്ക്, എത്ര പ്രണയങ്ങള്‍ക്ക്,
എത്ര രാത്രികള്‍ക്കു പേരിടും?

'പൂവുകള്‍ ചോലകള്‍ പക്ഷികള്‍ യാമങ്ങള്‍
പൂര്‍വ്വജന്മങ്ങളെപ്പുല്‍കി നില്‍ക്കുന്നവര്‍
നാമരൂപങ്ങളാല്‍ നാമറിയാത്തവര്‍
നാമെന്തറിയുന്നു നമ്മളെക്കൂടിയും'
എല്ലാറ്റിനും പേരിടാന്‍ കഴിയാത്തതു കൊണ്ടു കവിതയുണ്ടാകുന്നു. സവിശേഷമായ അനുഭവം സാമാന്യമായി തീര്‍ന്ന വാക്കു കൊണ്ടും പേരു കൊണ്ടും പറയണമെങ്കില്‍ കവിതയുണ്ടാകണം. 
എന്തു പേരിടുമെന്ന കവിയുടെ ആകുലത വാക്കിനെ കുറിച്ചും കവിതയെ കുറിച്ചുമുള്ള ആകുലതയായി 
നമുക്കു തോന്നുന്നത് ഇതു കൊണ്ടാകാം. 
എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ കവിതയില്ലെന്നാകും.
ഈ അസാദ്ധ്യതയിലാണ് കവിതയുണ്ടാകുന്നത്. 
ഈ അസാദ്ധ്യത കവിതയുടെ സാദ്ധ്യതയാകുന്നു.

സാമാന്യാര്‍ത്ഥത്തില്‍ നിന്നും തെന്നിമാറി
പുതിയ അര്‍ത്ഥം കിട്ടിയ വാക്കാണ് കവിത.
വാക്കിന് പുതിയ അര്‍ത്ഥം നിര്‍മ്മിച്ചു നല്‍കലാണ്, കവികര്‍മ്മം.
ഇത് അനായാസമായ കാര്യമല്ല. 
ഇത് ഒരു വിഷമഘട്ടമാണ്. 
കാടിനു ഞാനെന്തു പേരിടും എന്ന സന്ദിഗ്ദ്ധത
കാടിന്റെ ബഹുലതയെ എങ്ങനെ ആവിഷ്‌ക്കരിക്കും
എന്ന സന്ദിഗ്ദ്ധതയാണ്. കാടിന്റെ അനുഭവം മുഴുവന്‍ എന്നിലുണ്ടാകയാല്‍ കാടിനു ഞാനെന്റെ പേരിടും 
എന്നു കവി പറയുന്നു. എല്ലാം എന്നിലുണ്ട്. 
എല്ലാം ഞാന്‍ തന്നെയാണ്. 
അപരമായതെല്ലാം ആത്മത്തിലുണ്ടെന്ന വിവേകത്തിലൂടെ കവികര്‍മ്മത്തിന്റെ വിഷമഘട്ടത്തെ ഭേദിക്കുകയാണ് കവി.
കവി അദ്വൈതിയായി മാറുന്നു.
ഞാന്‍ നീ തന്നെ, മറിച്ചും. 
കാട് ഞാന്‍ തന്നെ. അതുകൊണ്ട് കാടിനു ഞാനെന്റെ പേരിടും.
എല്ലാം ഞാനാകയാല്‍ പേരും പെരുമാളും ഒന്നുതന്നെ. 
ഞാന്‍ തന്നെ ദൈവവും. 
തികഞ്ഞ അദ്വൈതത്തില്‍ എത്തിയിട്ടാണ് കവി തന്റെ സന്ദേഹങ്ങളെയും ആകുലതകളെയും ശമിപ്പിക്കുന്നത്.
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമുണ്ടാകുന്ന അവസ്ഥയാണിതെന്ന പൂര്‍വ്വികവചനത്തെ ഉദ്ധരിച്ചു കവിത ഇത് ഉറപ്പിക്കുന്നു. 
എല്ലാമായ എന്നില്‍ നിന്നും എന്നെ മാറ്റിയാലും
എല്ലാം അവശേഷിക്കും. 
അനന്തത്തില്‍ നിന്നും അനന്തത്തെ നീക്കിയാലും
അനന്തം അവശേഷിക്കും.
 വിനയചന്ദ്രന്റെ കവിത അദ്വൈതത്തിന്റെ പ്രഘോഷണമാണ്.

ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം എല്ലാറ്റിനേയും ഒന്നായി കാണുകയാണെന്ന്, എല്ലാം ഏകമാണെന്ന് ഉറപ്പിക്കുകയാണെന്ന് ഏതൊരു അദ്വൈതവാദിയോടുമൊപ്പം ചേര്‍ന്ന് വിനയചന്ദ്രനിലെ അദ്വൈതിയായ കവി പറയുന്നു. 
ഞാന്‍ ഈ സങ്കല്‍പ്പനത്തോടു യോജിക്കാത്തയാളാണ്. 
എല്ലാറ്റിനേയും ഒന്നായി കാണുകയെന്നത് 
എല്ലാറ്റിനേയും ഒന്നിലേക്കു ചുരുക്കുന്നതിലേക്കാണ് എത്തിപ്പെടുകയെന്ന്
ഈ ആദര്‍ശത്തിന്റെ ഇന്നേവരെയുള്ള പ്രയോഗങ്ങള്‍ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞു. 
ബഹുലതയെ ഏകത്വത്തിലേക്കു മര്‍ദ്ദിച്ചൊതുക്കുന്നത് ആധിപത്യപരമായ സമീപനമാണ്. അതാണ് ഏകാധിപത്യം. ബഹുലതയുടെ ലക്ഷണം ബഹുലമായിരിക്കലാണ്. 
ഏകമായിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അതു ബഹുലമായിരിക്കുന്നത്. 
ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം അവ നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കുകയും പരസ്പരം ആദരിച്ചുകൊണ്ടു അവയ്ക്കു നിലനില്‍ക്കാനുള്ള അവസ്ഥ സൃഷ്ടിക്കുകയുമാണ്. ഇതാണ് ജനാധിപത്യം. 
എന്നിലേയും നിന്നിലേയും ബഹുലതകളെ അമര്‍ത്തി ഞെരുക്കി
ഞാനും നീയും ഒന്നാണെന്നു പറയുന്നതിലും ഉചിതമായത് 
നമ്മളിലെ വ്യത്യസ്തകളെ പരസ്പരം അറിയുകയും ആദരിക്കുകയും വ്യത്യസ്തമായിരിക്കാന്‍ പരസ്പരം സഹായിക്കുകയുമാണ്. 
നമ്മുടെ ഭവശാസ്ത്രം ഗണിതമാണെങ്കില്‍ 
അതിലെ ഒന്ന് എന്ന സംഖ്യയെ അഭിമുഖീകരിക്കാതെ
 തന്നെ നമുക്കു കടന്നു പോകാവുന്നതാണ്. (നാം ഏകമായിരിക്കുന്ന സന്ദര്‍ഭങ്ങളില്ലേ എന്ന ചോദ്യത്തിന് അത് അനന്തത്തിലെ ഒന്നു മാത്രമാണെന്നു താല്‍പ്പര്യം) പ്രത്യക്ഷലോകത്തിലേക്കു നോക്കൂ. 
നമ്മുടെ ലോകത്ത് ശുന്യതയും ബഹുലതകളും മാത്രമേയുള്ളൂ.
നമ്മുടെ ഗണിതപരമായ ഭവശാസ്ത്രത്തില്‍ 
പൂജ്യവും ബഹുലതകളും മാത്രം മതിയാകും. 
പൂജ്യം, രണ്ട്, മൂന്ന്....എന്നിങ്ങനെ.

വിനയചന്ദ്രന്റെ കവിത സൗന്ദര്യപൂര്‍ണ്ണമാകുന്നതും ആനന്ദദായകമാകുന്നതും ബഹുലതകളെ തോറ്റിയുണര്‍ത്തുമ്പോഴും പാടിപ്പൊലിപ്പിക്കുമ്പോഴും ആണെന്നു കാണുക!
വിരുദ്ധങ്ങളെന്നു വിധിക്കപ്പെടുന്നവയുടെ ബഹുസ്വരതയില്‍
കവിത സൗന്ദര്യം കൊണ്ടു തളിര്‍ക്കുകയും പൂക്കുകയുംചെയ്യുന്നു. 
ഈ ബഹുലതകളെ ശമിപ്പിച്ച് ഏകത്തിലേക്ക് ആനയിക്കുന്നത് കവിയുടെ ദാര്‍ശനികമായ ആവശ്യം മാത്രമാണ്.
അതിനെ ഒഴിവാക്കിയാലും കവിത ആനന്ദദൗത്യം നന്നായി നിര്‍വ്വഹിക്കുന്നുണ്ട്. പദാര്‍ത്ഥത്തിനു ആത്മാവില്‍ നിന്നും ഭേദം കാണാത്ത, അവയെ വേര്‍തിരിക്കാത്ത, അവയെ ഒന്നായി കാണുന്ന ഏകത്വവാദം ഭൗതികപ്രകൃതിയെ ധാര്‍മ്മികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍തിരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ശാസ്ത്രചിന്തകയായ മീരാനന്ദ പറയുന്നത്
 ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. **
ധാര്‍മ്മികപിഴകള്‍ ഭൗതികയാഥാര്‍ത്ഥ്യത്തില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നു വാദിക്കുകയും കര്‍മ്മത്തിലേയും ധര്‍മ്മത്തിലേയും പിഴകളാണ് ഈ ലോകവാസത്തിലെ ദുരിതങ്ങള്‍ക്കും അസ്പര്‍ശ്യതയ്ക്കും പ്രകൃതിദുരന്തങ്ങള്‍ക്കുംമറ്റും കാരണമെന്നു ഉറപ്പിക്കുകയും ചെയ്യുന്നതിന് ഹിന്ദുത്വത്തെ സഹായിക്കുന്നത് ഈ അദ്വൈതവാദമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. 
അത് ജാതിവ്യവസ്ഥയുടെ ന്യായീകരണങ്ങള്‍ക്കു സഹായകമാകുന്നു. 
ജാതിവ്യവസ്ഥ ബഹുലതകളുടെ പ്രകാശനമല്ല. 
അത് നിര്‍ബ്ബന്ധപൂര്‍ണ്ണമായ വെട്ടിമുറിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്. അത് വിഭജനമാണ്. 
അദ്വൈതവാദത്തിന്റെ തുടര്‍ച്ചയില്‍ രൂപപ്പെടുന്ന 
വേദനാകരമായ പ്രകരണമാണത്.
പ്രകൃതിയെ ധര്‍മ്മമൂല്യചിന്തകളില്‍ നിന്നും വിടര്‍ത്തുന്ന ആധുനികശാസ്ത്രചിന്തയുടെ രീതിശാസ്ത്രവും ദര്‍ശനവും
 ഇന്ത്യയിലെ അസ്പര്‍ശ്യരും നിന്ദിതരുമായ ജനകോടികള്‍ക്ക് ആശ്രയമാണെന്ന് മീരാനന്ദ എഴുതുന്നു. 
അംബേദ്ക്കറെ പോലുള്ള ദളിത് ചിന്തകര്‍ ഇതു തിരിച്ചറിഞ്ഞിരുന്നതായി മീര കൂട്ടിച്ചേര്‍ക്കുന്നു. 
വ്യത്യസ്തതകളുടെ ആഘോഷം 
ജാതിവ്യവസ്ഥയുടെ ന്യായീകരണമല്ല, 
അതിന്റെ നിരാസമാണെന്നു ചുരുക്കം. 
നൂറു നൂറു പൂക്കള്‍, നൂറു നൂറു വര്‍ണ്ണങ്ങള്‍ വിരിയട്ടെ! ബഹുസ്വരങ്ങള്‍ ആഘോഷിക്കപ്പെടട്ടെ!


***********************************************************************************************
*വിനയചന്ദ്രന്‍ 'കുഞ്ഞനുണ്ണി'യും ചൊല്ലി.
'ചക്കക്കുരുവിന്റെയുള്ളിലില്ല' എന്ന വരികളില്‍
എത്തിയപ്പോഴേക്കും കവിത കേള്‍ക്കാനായിരുന്ന
മലയാളവിഭാഗം തലവന്‍ എഴുന്നേറ്റു പോയി. 
എന്റെ അടുത്തിരുന്ന സുഹൃത്ത്; 
മലയാളവിഭാഗത്തില്‍ പഠിച്ചിരുന്ന പ്രദീപ്, പറഞ്ഞു :
'സാറിന് ഇഷ്ടമായില്ല'. 

**ശാസ്ത്രവും ധാര്‍മ്മികതയും എന്ന വിഷയം മീരാനന്ദയുടെ ഈ നിലപാടില്‍ അവസാനിക്കുന്നതാണെന്നു ഞാന്‍ കരുതുന്നില്ല. 'ശാസ്ത്രം ചിന്തിക്കുന്നുണ്ടോ?` എന്ന വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനങ്ങള്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശാസ്ത്രവും ധാര്‍മ്മികതയും ചേര്‍ന്നു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ strategic പരിഹാരങ്ങളാകണം ആവശ്യപ്പെടുന്നത്.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...