Saturday, November 25, 2023

ഇതല്ല, കാതല്‍ (This is not the Core)

 

ജിയോ ബേബി സാക്ഷാത്ക്കരിച്ച കാതല്‍ (The Core) എന്ന സിനിമ തൃശൂരിലെ ആദ്യപ്രദര്‍ശനത്തില്‍ തന്നെ ഞാന്‍ കണ്ടു. അത് എന്തോ പുതുതായി പകരുന്നുണ്ടാകണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആഖ്യാനത്തിന്റെ ലാളിത്യത്തില്‍ മുഴുകിയ എനിക്ക് അതു നല്ല ചലച്ചിത്രാനുഭവമായി തോന്നി. പക്ഷേ, വിവേചിച്ചറിയാന്‍ കഴിയാത്ത ഒരു അസ്വാസ്ഥ്യം അതിന്നടിയിലുണ്ടായിരുന്നു. ചലച്ചിത്രം കണ്ടു വന്നയുടനെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി:  “കാതല്‍ (The Core) എന്ന ചലച്ചിത്രം. ജിയോ ബേബി സരളവും ഹൃദയാവര്‍ജ്ജകവുമായി, അതിഭാവുകത്വങ്ങളേതുമില്ലാതെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നു. മമ്മൂട്ടിയും ജ്യോതികയും തങ്ങളുടെ വേഷങ്ങളില്‍ അതിഗംഭീരമായിരിക്കുന്നു. മാത്യുവിന്റെ ചാച്ചനാ(RS പണിക്കര്‍)യും തങ്കനാ(സുധി)യും വന്നവര്‍ വളരെ നന്നായിരിക്കുന്നു. നല്ല ചലച്ചിത്രം.” ഈ വാക്കുകള്‍ എഴുതിക്കഴിഞ്ഞതിനു ശേഷവും ചലച്ചിത്രം നല്‍കിയ അസ്വാസ്ഥ്യം തുടരുന്നുണ്ടായിരുന്നു. ആ ചലച്ചിത്രത്തിന്റെ ആശയലോകം പുരോഗമനത്തെ കുറിച്ചുള്ള നിലനില്‍ക്കുന്ന ധാരണകളെയാണ് സംതൃപ്തമാക്കുന്നതെന്ന് എനിക്കു തോന്നുന്നുണ്ടായിരുന്നു. എന്നാല്‍, സ്വവര്‍ഗലൈംഗികതയുടെ പ്രശ്‌നമണ്ഡലം അതിന്നപ്പുറത്തെ ചില മാനങ്ങളെ ആവശ്യപ്പെടുന്നുണ്ടെന്ന് തീര്‍ച്ചയുമായിരുന്നു. എന്റെ ഉള്‍മനസ്സ്, അബോധം താല്‍പ്പര്യപ്പെടാത്തതെന്തോ ആ ചലച്ചിത്രം പേറുന്നുണ്ടെന്ന് എനിക്കു തോന്നിത്തുടങ്ങി. ലൈംഗികത ഒരു സമൂഹനിര്‍മ്മിതിയാണെന്ന നിദര്‍ശനങ്ങള്‍ അറിയാവുന്ന ഒരാള്‍ക്ക് മനസ്സില്‍ ഉണ്ടാകുന്ന ആദ്യസന്ദേഹം സാമൂഹികമായി നിര്‍മ്മിക്കപ്പെടുന്ന ലൈംഗികതയെ കുറിച്ചുള്ള സൂചനകളോ ദൃശ്യക്കാഴ്ചകളോ ചലച്ചിത്രം നല്‍കുന്നില്ലല്ലോ എന്നതായിരുന്നു. മാത്യു ദേവസ്സി എന്ന പ്രധാന കഥാപാത്രത്തിലെ സ്വവര്‍ഗ്ഗലൈംഗികത ഒരു ജീവശാസ്ത്രപ്രശ്‌നമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നതെന്ന്, അതിന് സത്താപരമായ ചില മാനങ്ങളാണ് ചലച്ചിത്രകാരന്‍ കല്‍പ്പിച്ചു നല്‍കുന്നതെന്ന്, അത് ജീവശാസ്ത്രപരമായ നിര്‍ണ്ണയവാദത്തിന്റെയും അനിവാര്യതകളെ കുറിച്ചുള്ള ധാരണകളുടെയും ആശയലോകത്തെയാണ് പങ്കു വയ്ക്കുന്നതെന്ന് നിഗമിക്കാവുന്ന ഒരു നിലയില്‍ ഞാന്‍ പതുക്കെ എത്തിച്ചേര്‍ന്നു. ഹോമോ സെക്‌സ്വാലിറ്റിയെ കുറിച്ചുള്ള ആപത്ക്കരമായ സൈദ്ധാന്തികവീക്ഷണമാണത്.

 

ചലച്ചിത്രത്തിന്റെ കാഴ്ചയുടെ ആദ്യപ്രതികരണങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റുകളായും യൂ ട്യൂബിലേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേയും റിവ്യൂകളായും എത്തിക്കൊണ്ടിരുന്നു. ഞാന്‍ തുറക്കുന്ന സാമൂഹികമാധ്യമങ്ങളുടെ പേജുകള്‍ ആ ചലച്ചിത്രത്തിനും മാത്യുവിനെ അവതരിപ്പിച്ച മമ്മൂട്ടിക്കുമുള്ള പ്രശംസകള്‍ കൊണ്ടു നിറഞ്ഞിരുന്നു. ഇതില്‍ നിന്നുള്ള ഒരു വിച്ഛേദമായി ഒരു വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. പാലക്കാട്ടു നിന്നുള്ള സുഹൃത്ത് ജയചന്ദ്രന്‍ അയച്ചു നല്‍കിയ രൂപേഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക് ആയിരുന്നു അത്.  “എന്നിട്ടും പ്രണയത്തോടെ തങ്കച്ചനെ ചേര്‍ത്തു പിടിക്കുന്ന മാത്യൂന്റെ ഒരു ദൃശ്യം കാണാന്‍ പറ്റീല്ലല്ലോ...” എന്നെഴുതിയത്. എന്റെ സന്ദേഹങ്ങളെ ആ പോസ്റ്റ് ഉറപ്പിക്കുന്നുണ്ടായിരുന്നു. അത്തരം ഒരു ദൃശ്യത്തെ വിഭാവനം ചെയ്യാന്‍ കഴിയാത്ത സദാചാരബോധവും അത്രയും മാത്രം പുരോഗാമിയായ പുരോഗമനവാദവുമാണ് ഈ ചലച്ചിത്രം പ്രേക്ഷിക്കുന്നതെന്ന് ഉത്തരം നല്‍കിയാലോ എന്ന് ആലോചിക്കാന്‍ കഴിയുന്നിടത്തോളം എന്റെ സന്ദേഹങ്ങള്‍ ഉറച്ചു കഴിഞ്ഞിരുന്നു. രൂപേഷ് ചന്ദ്രന്റെ പോസ്റ്റിലെ ആശയത്തിന്റെ അനുരണനങ്ങളുമായി ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതും കൂടി പറയണം. തുടര്‍ന്ന് 'കേരളീയ'ത്തില്‍ നസീമ നസ്രിന്‍ എഴുതിയ റിവ്യൂ പ്രത്യക്ഷമായി.  'കാതലും ക്വിയര്‍ ദൃശ്യതയുടെ പ്രശ്‌നങ്ങളും.' ഒരു ക്വിയര്‍ വ്യക്തി ഈ ചലച്ചിത്രത്തെ കുറിച്ചെഴുതിയ ആദ്യനിരൂപണമായിരിക്കണം അത്. കാതല്‍ ഒരു ഹോമോഫോബിക് സിനിമയാണ് എന്ന ദൃഢമായ പ്രഖ്യാപനത്തോടെയാണ് ആ നിരൂപണം ആരംഭിക്കുന്നത്. ഒരു ക്വിയര്‍ വ്യക്തി എന്ന നിലയില്‍ തനിക്ക് 'കാതല്‍' ഒരു ഹിംസാത്മകമായ അനുഭവമാണെന്ന് അവര്‍ എഴുതി. മാത്യുവും തങ്കനും തമ്മില്‍ പ്രണയമുണ്ടെന്ന് തനിക്കു തോന്നിയതേയില്ലെന്ന് തന്നോടൊപ്പം ചലച്ചിത്രം കണ്ട തന്റെ കാമുകി പറഞ്ഞതായി നസീമ നസ്രിന്‍ തുടര്‍ന്നെഴുതുന്നുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കഥകള്‍ ആരു പറയണമെന്ന പ്രശ്‌നത്തിലേക്ക് നസീമയുടെ വിമര്‍ശനം സ്വാഭാവികമായും ചെന്നെത്തുന്നുണ്ട്.

 എന്‍.എസ്. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍' എന്ന നോവലിനെ കുറിച്ചുള്ള ഒരു പഠനത്തില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു. 'എന്‍.എസ്.മാധവനെന്ന പുരുഷന്‍ ജെസിക്കയുടെ കഥ പറയുമ്പോള്‍ അത് പൂര്‍ണ്ണമാകില്ലെന്ന് സ്ത്രീസ്വത്വവാദികള്‍ പറഞ്ഞേക്കും. പുരുഷന്റെ ഭാഷയ്ക്കു പറയാന്‍ കഴിയാത്തത് ചിലതെങ്കിലും സ്ത്രീലോകത്തിലുണ്ടെന്നു തീര്‍ച്ച! സ്ത്രീയുടെ ലൈംഗികാനുഭൂതി പുരുഷന്റെ അറിവിനും മനസ്സിലാക്കലിനുമപ്പുറത്താണെന്ന നിരീക്ഷണം ഒരു ഉദാഹരണം മാത്രം. പുരുഷന്റെ രചനകളിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്ന സ്ത്രീസ്വത്വം അമൂര്‍ത്തമാണെന്ന സ്ത്രീവിമോചനവാദികളുടെ നിരീക്ഷണത്തിന് അംഗീകാരം ലഭിക്കണം. എന്നാല്‍, സ്‌ത്രൈണതയെ മൂര്‍ത്തമായി ആവിഷ്‌ക്കരിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുമെന്ന അതിവാദത്തിനുളള സാധൂകരണമല്ല ഇത്. സ്ത്രീരചനകളിലൂടെ വെളിപ്പെടുന്ന സ്‌ത്രൈണതയും അമൂര്‍ത്തമാണ്. ഏതൊരു അവസ്ഥയേയും അതിന്റെ മൂര്‍ത്തരൂപത്തില്‍ തിരിച്ചറിയുന്നതിന് അതില്‍ നിന്നും വേറിട്ട ഒരു അസ്തിത്വം കൂടി ആവശ്യമാണ്. സ്ത്രീസ്വത്വത്തിന്റെ നിര്‍ദ്ദേശകവ്യവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായി പുറത്തു കടക്കാന്‍ ഒരു എഴുത്തുകാരിക്കും കഴിയില്ല. പുറത്തു നിന്നു നോക്കാന്‍ കഴിയുന്നില്ലെന്ന പരിമിതി സ്ത്രീരചനകളെ അമൂര്‍ത്തമാക്കുന്നു. ഇതു മറ്റൊരു കാര്യത്തിലേക്കു കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. സ്ത്രീകള്‍ക്കു സ്വയം ബോധ്യപ്പെടാത്ത ചില ലോകങ്ങളെ ഒരു എഴുത്തുകാരന് ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞേക്കുമെന്നതാണത്. പുരുഷലോകം സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്ത ചിലതൊക്കെ വനിതാ വിമോചനപ്രവര്‍ത്തകര്‍ കണ്ടെത്തുന്നതു പോലെയാണിത്. സ്ത്രീസ്വത്വത്തിനു പുറത്തു നില്ക്കുന്ന പുരുഷന്റെ കാഴ്ചകള്‍ അകലെ നിന്നുളളവയാണ്. ഈ അകലക്കാഴ്ചയ്ക്ക് ചില കോട്ടങ്ങളോടൊപ്പം കുറേ സവിശേഷതകളും നേട്ടങ്ങളും കൂടിയുണ്ട്. എന്‍.എസ്.മാധവന്റെ നോവല്‍ ഈ നിരീക്ഷണത്തിന് സാക്ഷി പറയുന്നുണ്ട്.'  ഈ വാക്കുകളില്‍ പ്രത്യക്ഷമാകുന്ന എന്റെ യുക്തിക്ക് കുറേയൊക്കെ സാംഗത്യമുണ്ടെങ്കിലും അതു എത്രമാത്രം പരിമിതമാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുന്ന അനുഭവമായി 'കാതല്‍' എന്ന ചലച്ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ മാറിത്തീരുകയായിരുന്നു. സ്ത്രീ, ദളിത്, ക്വിയര്‍ ഗണങ്ങള്‍ പറയുന്ന അനുഭവസാക്ഷ്യങ്ങളും വ്യാഖ്യാനങ്ങളും കേള്‍ക്കാന്‍ നാം കൂടുതല്‍ ചെവി നല്‍കേണ്ടതുണ്ട്.
 

 


മമ്മൂട്ടി എന്ന നടന്‍ പ്രശംസിക്കപ്പെടണം. എന്നാല്‍, അദ്ദേഹം പ്രശംസിക്കപ്പെടേണ്ടത് ഒരു ക്വിയര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ധൈര്യം കാണിച്ചതിന്റെ പേരിലല്ല. അത് ക്വിയര്‍ സമൂഹത്തെ അപമാനിക്കുന്ന സമീപനമാണ്. ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം ആദരിക്കപ്പെടട്ടെ. മമ്മൂട്ടി ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ അതിന്റെ  അപമാനവും ദോഷവും ലോകസിനിമക്കായിരിക്കും;  കേരളത്തിലെ പ്രേക്ഷകരില്‍ മാത്യു ദേവസ്സി സൃഷ്ടിക്കുന്ന ആന്തരികസംഘര്‍ഷങ്ങള്‍ വ്യത്യസ്തമായ ചരിത്ര, സാംസ്‌കാരികപാരമ്പര്യമുള്ള വിദേശീയരിലും മറ്റും അതേ അളവില്‍ ഉളവാകണമെന്നില്ലെങ്കിലും. എത്രയോ വിദേശചലച്ചിത്രങ്ങളില്‍ ക്വിയര്‍ പ്രശ്‌നമണ്ഡലത്തെ സാകല്യത്തില്‍ പരിശോധിക്കപ്പെട്ടിരിക്കുന്നു.  'ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍' (Blue is the Warmest Color) പോലുള്ള ചിത്രങ്ങളിലെ ക്വിയര്‍ പ്രണയരംഗങ്ങളും വേഴ്ചകളും നമ്മുടെ ചലച്ചിത്രങ്ങള്‍ പകര്‍ത്തേണ്ടതില്ല. എന്നാല്‍, ക്വിയര്‍ ബന്ധങ്ങളുടെ യാഥാര്‍ത്ഥ്യത്തെ ആവിഷ്‌ക്കരിക്കാനുള്ള ധൈഷണിക സത്യസന്ധത നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

 'കാതല്‍' ഒരു കാര്യത്തെ നന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. കാതലിനെ സ്പര്‍ശിക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ കരുത്താര്‍ജ്ജിച്ചിട്ടില്ല എന്ന കാര്യമാണത്. ക്വിയര്‍ പ്രണയത്തിന്റെ ഒരു മുഹൂര്‍ത്തം പോലും അവതരിപ്പിക്കാന്‍ നമ്മുടെ ചലച്ചിത്രകാരന് കഴിയുന്നില്ലെന്നത് ആ ചലച്ചിത്രകാരന്റെ പ്രശ്‌നത്തേക്കാളേറെയും നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നമാണ്. നമ്മുടെ അവബോധം ഇപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടവരോട് അനുനാദത്തിലായിട്ടില്ല. ഒരു പക്ഷേ, മിക്ക പ്രേക്ഷകരും ജിയോ ബേബി തെറ്റായ വഴിയിലേക്കു പോകുമോ എന്ന ഭയത്തോടെയാകണം ചലച്ചിത്രം കണ്ടുകൊണ്ടിരുന്നത്! ജിയോ ബേബി അതു നേരത്തെ അറിഞ്ഞ് അതനുസരിച്ച് ചലച്ചിത്രത്തെ പരിചരിച്ചതുമാകാം! ഒത്തുതീര്‍പ്പുകളുടെ സിനിമയായി  'കാതല്‍' മാറിത്തീര്‍ന്നത് ഇങ്ങനെയാകാം. മതവും കുടുംബവും കോടതിയും രാഷ്ട്രീയപാര്‍ട്ടിയും വിദ്യാഭ്യാസവ്യവസ്ഥയും എല്ലാമടങ്ങുന്ന പ്രത്യയശാസ്‌ത്രോപകരണങ്ങള്‍ മാത്യു ദേവസ്സിയോടു അനുതാപം പ്രകടിപ്പിക്കുന്നതായുള്ള ചിത്രണങ്ങള്‍ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗവുമാകാം. അല്‍പ്പമാത്രവും കാര്യസാദ്ധ്യത്തിനുതകുന്നതുമായ പുരോഗമനത്തില്‍ അതിന്റെ പരിമിതികളറിയാതെ പെട്ടെന്നു സംതൃപ്തമാകാന്‍ (ഞാന്‍ ഉള്‍പ്പെടെ) നമുക്കു കഴിയുന്നു. ഇവിടെ, ഇതല്ല കാതല്‍ എന്നു പറയാന്‍ കഴിയാത്ത നിലയില്‍ നാം സൈദ്ധാന്തികമായി, പ്രത്യയശാസ്ത്രപരമായി, ആനുഭവികമായി പോലും പരിമിതപ്പെട്ടവരാണ്. ഇത്തരം കടമ്പകള്‍ പലതു കടന്നാലേ നമ്മുടെ അവബോധം യാഥാര്‍ത്ഥ്യത്തെ മറയില്ലാതെ അഭിമുഖീകരിക്കാന്‍ സന്നദ്ധമാകൂ എന്നു കരുതുക. അതിനു വേണം വിമര്‍ശനം, സ്വയം വിമര്‍ശനവും. 

 "കാതൽ " എന്ന സിനിമയെ കുറിച്ചുള്ള നിരൂപണത്തിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കണമെന്നു തോന്നുന്നു. ഓമനയെ ആലിംഗനം ചെയ്തുകൊണ്ട് "എന്റെ ദൈവമേ" എന്നു നിലവിളിക്കുന്ന മാത്യു ദേവസ്സിയുടെ ദൃശ്യങ്ങളിലൊന്നിനു ലഭിക്കുന്ന വലിയ പ്രശംസയെ ആധാരമാക്കി പറയേണ്ടതാണിത്. തീർച്ചയായും മമ്മൂട്ടി എന്ന ചലച്ചിത്രനടന്റെ ഏറ്റവും അവിസ്മരണീയമായ
അഭിനയമുഹൂർത്തങ്ങളിലൊന്നാണിത്. 'ആർക്കു കഴിയും ഇങ്ങനെ അഭിനയിക്കാൻ' എന്നു ആരെക്കൊണ്ടും പറയിപ്പിക്കുന്ന ഒരു അഭിനയമുഹൂർത്തം. എന്നാൽ, ഈ ദൃശ്യത്തിന്റെ പ്രത്യയശാസ്ത്രവിവക്ഷകൾ ഈ അഭിനയമുഹൂർത്തത്തെ എന്ന പോലെ
പ്രശംസിക്കാൻ കഴിയുന്നതല്ല. അത് തന്റെ ജീവിതത്തിന്റെ ഭാരത്തെ ദൈവത്തിൽ അർപ്പിക്കുകയാണ്. തന്നിൽ എന്തോ പാപം കുടികൊള്ളുന്നുവെന്ന വേദനയിലാണ് ദൈവത്തോടുള്ള ആ വിളി ഉരുവം കൊള്ളുന്നത്. ഡോ. ശാരദക്കുട്ടി അതിനെ ചേർത്തുവയ്ക്കുന്നതു ബൈബിളിലെ ഇയ്യോബിന്റെ നിലവിളിയോടാണ്. തന്റേതല്ലാത്ത കുറ്റമല്ലെന്നറിയുമ്പോളും അത്രമേൽ ദൈവത്തിനു കീഴടങ്ങുന്നത്.അത് കേന്ദ്രകർതൃത്വത്തോടുള്ള വിധേയത്വമാണ് . ആ സങ്കൽപ്പനത്തോടുള്ള ദാർശനികമായ കരുതലും കൂടിയാണത്. കേന്ദ്രകർതൃത്വത്തെ അംഗീകരിക്കുന്ന ഒരു ചിന്താലോകത്തിന് ലൈംഗികതയുടെ ചിതറിയ ലോകത്തേയും ദ്രവസ്വഭാവത്തേയും ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. സ്വവര്‍ഗാനുരാഗം ഒരു പാപകര്‍മ്മമാണെന്ന സത്യവേദപുസ്തകപ്രമാണം തന്നെയാണ് ഇവിടെ ആദര്‍ശവാക്യം. മതവുമായുള്ള സമവായവും മതശുശ്രൂഷകളുടെ മനോഹരവും ഹൃദയാവര്‍ജ്ജകവുമായ ചിത്രണവും നിര്‍വ്വഹിക്കുന്ന ചലച്ചിത്രം മതാദര്‍ശത്തിന്‍റേയും കേന്ദ്രകര്‍ത്തൃത്വ സങ്കല്‍പ്പനങ്ങളുടേയും പിടിയില്‍ തന്നെയാണ്. ഫാ.പോള്‍ തേലക്കാട്ടിനെ പോലുള്ളവര്‍ക്കു ഇതു നന്നായി മനസ്സിലാകും. മതത്തെ രാഷ്ട്രീയായുധവും വരുമാനമാര്‍ഗ്ഗവും ആക്കുന്നവരാണ് ചലച്ചിത്രത്തിനെതിരായ പ്രചരണവുമായി എത്തുന്നതെന്ന കാര്യവും ഇതു തെളിയിക്കുന്നുണ്ട്. മാത്യു ദേവസ്യയോടും തങ്കനോടൂം അനുതാപം കാണിക്കുന്നുവെങ്കിലും ചലച്ചിത്രത്തിന്‍റെ ദര്‍ശനവും രാഷ്ട്രീയവും വിമതലൈംഗികതയോടൊപ്പമല്ലെന്ന കാര്യവും പ്രസക്തമാണ്. അത് പാപമോ ദൈവനീതിയോ(അനിവാര്യമായത്, ജീവശാസ്ത്രപരമായി നിശ്ചയിക്കപ്പെട്ടത്) ആണ്. വിമതലൈംഗികതയെ ദാര്‍ശനികമായി നിഷേധിക്കുന്ന ഈ ചലച്ചിത്രം പുറത്തിറങ്ങുന്ന നാളുകളില്‍ തന്നെയാണ് Bisexualityയെ പ്രശ്നീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഷനോജ് ആര്‍ ചന്ദ്രന്‍റെ 'അമ്പലപ്പുഴ സിസ്റ്റേഴ്സ്' എന്ന കഥാഖ്യാനം പ്രസിദ്ധീകരിക്കപ്പെടുന്നതും.

 

നസീമ നസ്രിന്‍ എഴുതിയ റിവ്യൂവിലേക്കുള്ള ലിങ്ക് താഴെ.
https://bit.ly/3sL87YN

 


POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...