Friday, May 28, 2021

മതാത്മകമൂല്യങ്ങള്‍ കൊണ്ട് എഴുതിയ ചലച്ചിത്രവിമര്‍ശം

 (മലയാളം വാരികയിൽ ഫാദർ പോൾ തേലക്കാട്ട് എഴുതിയ ലേഖനത്തിന്

എഴുതിയ പ്രതികരണം)

ഫാദര്‍ പോള്‍ തേലക്കാട്ട് എഴുതിയ ചലച്ചിത്രനിരൂപണം; ജോജി എന്ന ചലച്ചിത്രത്തെ കുറിച്ചുള്ളത്, സവിശേഷമായ താല്‍പ്പര്യങ്ങളോടെ വായിക്കപ്പെടേണ്ടതാണ്. സമകാലകേരളത്തിലെ ക്രൈസ്തവപുരോഹിതസമൂഹത്തില്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കാത്തയാളാണ് അദ്ദേഹം. കേരളത്തിലെ ഒരു ക്രൈസ്തവകുടുംബത്തില്‍ നടക്കുന്ന പിതൃഹത്യയുടേയും ഭാതൃഹത്യയുടേയും ചിത്രണം ഈ ക്രൈസ്തവ പുരോഹിതന്‍ എങ്ങനെ നോക്കിക്കാണുന്നുവെന്ന ആകാംക്ഷയാണ് ആദ്യ താല്‍പ്പര്യം. ജോജി നന്മ വറ്റിയവനാണെന്ന് ഫാദര്‍ എഴുതുന്നു. തിന്മയുടെ അസാധാരണത്വമാണ് പോള്‍ തേലക്കാട്ട് അവനില്‍ കണ്ടെത്തുന്നത്. സ്‌നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും അഭാവം ആ കുടുംബത്തില്‍ അദ്ദേഹം കണ്ടെത്തുന്നു.
എന്നാല്‍, ഫാദര്‍ പോള്‍ തേലക്കാട്ട് ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സന്നദ്ധനല്ല. ജോജി എന്തുകൊണ്ടാണ് ഇങ്ങനെ രൂപപ്പെട്ടത്? ആ കുടുംബത്തിലെ എല്ലാവരിലും പിതാവു ചത്തുപോകണമെന്ന ആഗ്രഹചിന്ത വളരുന്നതെന്തു കൊണ്ടാണ്? കുടുംബനാഥനായ ജോജിയുടെ പിതാവിന്റെ അധികാരത്തിലേക്കും സമ്പത്തിനെ തന്റേതുമാത്രമാക്കി മാറ്റുന്ന സ്വഭാവത്തിലേക്കും നീളുന്ന ചോദ്യമാണത്. അത് പിതൃഅധികാരത്തിലേക്കു എത്തിനോക്കുന്ന ചോദ്യമാണ്. നിരൂപകന്‍ തന്നെ സൂചിപ്പിക്കുന്നതു പോലെ പിതൃഅധികാരം ദൈവാധികാരത്തിനു സദൃശമാണ്. ആ കുടുംബത്തിലെ അംഗങ്ങള്‍ക്കു സമ്പത്തില്‍ പങ്കാളിത്തമില്ല. ചോദിച്ചാലും കിട്ടില്ല. മുഴുവന്‍ സമ്പത്തും അധികാരവും കയ്യടക്കി വച്ചിരിക്കുന്ന പിതൃരൂപത്തിനു കീഴില്‍ അടങ്ങിയൊതുങ്ങി അസ്വതന്ത്രരായി കഴിയേണ്ടി വരുന്നവരുടെ പ്രതികരണമായി ജോജിയുടേയും ബിന്‍സിയുടേയും സ്വഭാവത്തേയും പ്രവൃത്തികളേയും കാണാന്‍ കഴിയേണ്ടതല്ലേ? കേന്ദ്രപ്രശ്‌നം പിതൃഅധികാരം തന്നെയല്ലേ? അങ്ങനെയൊരു ചോദ്യം ഉന്നയിക്കാനാണ് നിരൂപകന്‍ തയ്യാറാകാതിരിക്കുന്നത്.
വ്യാകരണത്തില്‍ വിശ്വാസമുള്ളിടത്തോളം നമുക്ക് ദൈവത്തെ ഒഴിവാക്കാനാവില്ല എന്ന നീത്‌ഷെയുടെ വാക്കുകളെ ഫാദര്‍ ഉദ്ധരിച്ചു ചേര്‍ക്കുന്നുണ്ട്. ദൈവത്തിന്റെ അനിവാര്യതയെ കുറിച്ച് ദൈവനിഷേധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പോള്‍ തേലക്കാട്ട് എഴുതുന്നു. നമ്മുടെ എല്ലാ വ്യവഹാരങ്ങളിലും കര്‍ത്തൃകേന്ദ്രത്തിന്റെ ഇടപെടലുകളെ കാണുന്ന ഉത്തരാധുനികരേയും ഇവിടെ ഓര്‍ക്കാം. ദൈവം നമ്മെ ഒഴിഞ്ഞു പോകുന്നില്ലെന്നു പറയാനാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. സര്‍വ്വശക്തനും സര്‍വ്വാധികാരിയും എല്ലാറ്റിന്റേയും കേന്ദ്രവുമായ ദൈവമാണിത്. കോപിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവം. പഴയനിയമത്തിലെ ദൈവമാണിത്. രണ്ടു സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ക്രൈസ്തവസഭയുടെ ദൈവബോധം നവീകരിക്കപ്പെട്ടിട്ടില്ല. അധികാരത്തിനു പകരം സ്‌നേഹത്തെ പകരം വച്ച ക്രിസ്തു ഇപ്പോഴും അകലെയാണ്. പഴയ നിയമം പുതിയ നിയമത്തിനു മുകളില്‍ നില്‍ക്കുന്നു; ഇപ്പോഴും. ദൈവം സ്‌നേഹമാണെന്നത് ഒരു പരസ്യവാക്യത്തിന്നപ്പുറത്തേക്ക് ജീവിതത്തിന്റെ സന്ദേശമായി സഭ പോലും ഉള്‍ക്കൊണ്ടിട്ടില്ല. പിതൃഅധികാരത്തില്‍ സ്‌നേഹം പ്രവര്‍ത്തിക്കുന്നുണ്ടോ? ജോജിയുടെ അപ്പനില്‍ സ്‌നേഹം പ്രവര്‍ത്തിക്കുന്നുണ്ടോ? അധികാരം കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്ന സ്‌നേഹം ഉപാധികളുള്ള സ്‌നേഹമാണ്. പിതൃഅധികാരത്തിനെതിരായ ശബ്ദം പോള്‍ തേലക്കാട്ടില്‍ നിന്നും ഉയരാത്തത് സ്‌നേഹത്തെ നിരുപാധികമായി കാണാത്തതു കൊണ്ടാണ്. സ്‌നേഹം പിതൃഅധികാരത്തിനു കീഴ്‌പ്പെട്ടു നില്‍ക്കുന്നതു കൊണ്ടാണ്. പിതൃഅധികാരത്തിനെതിരായ വിമര്‍ശം മതാത്മകതക്കെതിരായ വിമര്‍ശമാണ്, മതത്തിന്റെ മൗലികമൂല്യങ്ങളിലേക്ക് ആരും ഉയരുന്നില്ല എന്ന വിമര്‍ശം; ഒരു പക്ഷേ ചലച്ചിത്രത്തിലെ കഥാപാത്രങ്ങളേക്കാളുപരി സഭയുടെ ഇന്നത്തെ സ്ഥിതിക്കെതിരായ വിമര്‍ശം കൂടിയാണത്, ഫാദര്‍ മുന്നോട്ടു വയ്ക്കുമ്പോഴും മതാത്മകതയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടേ അദ്ദേഹത്തിനു എഴുതാന്‍ കഴിയൂ.
തിന്മയുടെ അസാധാരണത്വത്തിന്റെ മനുഷ്യനായും കുറ്റബോധത്താല്‍ പിടിക്കപ്പെടാത്തവനുമായി ജോജിയെ കാണുന്ന ഫാദര്‍ അവന്‍ പരിചയിച്ച കുറ്റവാളിയല്ലെന്നു കൂടി കണ്ടെത്തുന്നു. ജോജിയെ നയിക്കുന്ന തനതും അനിവാര്യവുമായ ഗുണങ്ങളാണ് അവനെ കൊലയാളിയാക്കുന്നതെന്ന വായനക്ക് വലിയ സാംഗത്യമില്ല. അപ്പന്റെ മരണം ആ കുടുംബത്തിന്റെ മുഴുവന്‍ വികാരമാണ്. ബിന്‍സിയാണോ ജോജിയാണോ കുറ്റവാളിയെന്ന ചോദ്യമുന്നയിക്കുന്ന നിരവധി നിരൂപണങ്ങള്‍ ഇതിന്നകം പുറത്തുവന്നിട്ടുണ്ട്. ജോജിയെ പിതാവിന്റെ കൊലയിലേക്കു നയിക്കുന്നതില്‍ ബിന്‍സിയുടെ പ്രേരണ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അവള്‍ പനച്ചേല്‍ തറവാട്ടിലെ ലേഡി മാക്ബത്ത് തന്നെ! എന്നാല്‍, ബിന്‍സി കുറ്റബോധത്തിലേക്കോ നിശാടനങ്ങളിലേക്കോ നയിക്കപ്പെടുന്നില്ല!
'നിന്റേം കൂടി വീടല്ലേടാ, ആരോടു ചോദിക്കാനാ, കേറ്റിയങ്ങു കെട്ടണം.'
'നല്ല കാലം മുഴുവന്‍ നിനക്കൊക്കെ ഈ സ്ലാബിന്റെ പുറത്തിരുന്നു കഴിക്കാനാടാ വിധി.'
'മരിച്ചവരാരും ഇനി തിരിച്ചു വരില്ല. ജീവിച്ചിരിക്കുന്നവരെ സൂക്ഷിച്ചാല്‍ മതി'
ബിന്‍സിയുടെ സംഭാഷണങ്ങളില്‍ ജോജിയ്ക്കുള്ള പ്രേരണകള്‍ നമുക്കു കേള്‍ക്കാം. അപ്പന്‍ ചാകണമെന്ന് നിങ്ങളും ആഗ്രഹിച്ചിട്ടില്ലേയെന്നു ഭര്‍ത്താവായ ജെയ്‌സനോടും അവള്‍ ചോദിക്കുന്നുണ്ട്. അവന്‍ മൗനം കൊണ്ടാണ് മറുപടി പറയുന്നത്. കുട്ടപ്പന്റെ പണം അയാള്‍ അറിയാതെ കൈമാറ്റം ചെയ്ത് കൊരിയറില്‍ തോക്കു വരുത്തുന്ന കൊച്ചുമകനില്‍ പോലും എന്താണ് പ്രവര്‍ത്തിക്കുന്നത്?
ജോജിയുടെയോ മറ്റാരുടെയെങ്കിലുമോ സ്വഭാവദൂഷ്യത്തെ കുറിച്ചോ തിന്മയോടുള്ള ആഭിമുഖ്യത്തെയോ കുറിച്ചു പറയുന്നതിനു മുമ്പ് ദുഷിച്ച പിതൃഅധികാരത്തെ കുറിച്ചു പറയേണ്ടിയിരിക്കുന്നു. ഫാദറിന് അതു നിര്‍വ്വഹിക്കാനാവുന്നില്ല!
സിനിമയില്‍ സംഭവിക്കുന്നത് പ്രേതാവാസവും അതിന്റെ ഭയവും വിറയലുമാണെന്ന് എഴുതുന്ന ഫാദര്‍ പോള്‍ തേലക്കാട്ട് സിനിമയ്ക്ക് വ്യത്യസ്തമായ ഒരു വ്യാഖ്യാനം നല്‍കുന്നു. ഇതോ ചലച്ചിത്രത്തിന്റെ മറ്റു നിരൂപണങ്ങളില്‍ നിന്നും വ്യത്യസ്തമായി മാക്ബത്തിനോടൊപ്പം കാരമസോവ് സഹോദരന്മാരെ കൂടി തന്റെ വികലനത്തിലേക്കു കൊണ്ടുവരുന്നുവെന്ന പുതുമയുമുണ്ട്. ദാര്‍ശനികത നിറഞ്ഞു നില്‍ക്കുന്ന ലേഖനം സാധാരണ ചലച്ചിത്രനിരൂപണങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു!
Like
Comment
Share

Thursday, May 13, 2021

ഏകാത്മവാദത്തിനെതിരെ

കല്‍പ്പറ്റ നാരായണന്റെ ഒറ്റത്താപ്പ് എന്ന കവിത ബഹുലതയ്ക്കു വേണ്ടിയുള്ള കവിതയാണ്. എല്ലാറ്റിലും ഒറ്റത്താപ്പില്‍ കയറുന്നവന്‍ ചീഞ്ഞുനാറുന്ന ചരിതം എഴുതുന്ന കവിത ഏകത്വം നിര്‍മ്മിക്കുന്ന ദുരന്തത്തെ വിവൃതമാക്കുന്നു. ഏകത്വചിന്തയെ അപനിര്‍മ്മിക്കുന്ന കവിത ബഹുലതയ്ക്കു വേണ്ടിയുള്ള നീതീകരണത്തെ ചമയ്ക്കുന്നു.

എല്ലാം ഒന്നാണെന്നു പറയുന്നവര്‍ എന്താണു ചെയ്യുന്നത്? അത് അപരത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു. എല്ലാറ്റിനേയും അവര്‍ ചൂണ്ടുന്ന ഏകത്തിലേക്കു മര്‍ദ്ദിച്ചൊതുക്കുന്നു. ഏകത്തിലുള്ള ഊന്നല്‍ ഏകാധികാരത്തിനുള്ള ആഗ്രഹത്തെ വഹിക്കുന്നതാണ്, അത് ഏകാധിപത്യത്തെ, സ്വേച്ഛാധിപത്യത്തെ പുല്‍കാന്‍ വെമ്പുന്നതാണ്.
അദ്വൈതം മുതല്‍ സംഘപരിവാര്‍ രാഷ്ട്രീയം വരെ ഈ കവിതയില്‍ വിമര്‍ശത്തിനു വിധേയമാകുന്നു. ജനാധിപത്യമൂല്യങ്ങളുടെ നിരാസം ഏകാത്മകതത്ത്വചിന്തയില്‍ മുതല്‍ ഏകരാഷ്ട്രത്തിനും ഏകഭാഷയ്ക്കും ഒറ്റയാള്‍ ഭരണത്തിനും ഒറ്റ നികുതിക്കും ഒറ്റ മതത്തിനും ഒറ്റത്താപ്പിനും വേണ്ടി വാദിക്കുന്ന രാഷ്ട്രീയത്തില്‍ വരെ കേള്‍ക്കാം. അതു പഴഞ്ചനാണ്. ഒരായിരം വര്‍ഷങ്ങള്‍ പഴക്കമുള്ളത്. നാറുന്നത്. ഉപേക്ഷിക്കേണ്ടത്. എന്നിട്ടും, ഇപ്പോഴും ചിലര്‍ അതിലേക്കാണ് ഉണരുന്നത്. അവരുടെ പെട്ടിയില്‍ പഴകിപ്പൊടിഞ്ഞ താളിയോലകള്‍, ചത്ത എലികള്‍. അവരെ നാറുന്നു. അവര്‍ അറിയുന്നില്ല. ഗോകുലന്റെ അമ്മ പറഞ്ഞിട്ടും അവന്‍ അറിയുന്നില്ല. അവനെന്നും ഉടുത്തതു തന്നെ ഉടുക്കുന്നു. എന്നും അതേ വഴിയെ തന്നെ നടക്കുന്നു. അവന്‍ മാറുന്നില്ല. അവനു നേരം പുലരുന്നില്ല. തനിക്കു നാറ്റമില്ലെന്നു പറയാത്തവരുടെ കൂടെ, തന്നെപ്പോലെ നാറുന്നവരുടെ കൂടെ മാത്രം ഗോകുലന്‍ നടക്കുന്നു.
ഏകാത്മകതയുടെ പ്രത്യയശാസ്ത്രത്തില്‍ അധികാരത്തിന്റേയും ആധിപത്യത്തിന്റേയും ഭാവങ്ങള്‍ തുറന്ന രൂപത്തിലല്ലെങ്കില്‍ ദമിതമായെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ട്. ഏകത്തിലേക്ക് ആനയിക്കാന്‍ അത് എല്ലാറ്റിനേയും അടിച്ചൊതുക്കുന്നു, കീഴ്‌പ്പെടുത്തുന്നു. പ്രപഞ്ചം സ്വയം പ്രകാശിപ്പിക്കുന്നത് ഏകരൂപത്തിലല്ല, അതിന്റെ ബഹുലതകളാണ് നാം അനുഭവിക്കുന്നത്. നിങ്ങളുടെ മുന്നില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ വൃക്ഷത്തെ നോക്കിയാല്‍ മതി. എന്തെല്ലാം വൈവിദ്ധ്യങ്ങളുടെ പ്രകാശനമാണത്. ആയിരകണക്കിന് ഇലകളില്‍ ഒന്നു പോലും മറ്റൊന്നിനോടു അതേ പടി ആയിരിക്കുന്നില്ല. ഈ വ്യതിരിക്തത പ്രപഞ്ചത്തിന്റെ ഏതു ഭാവത്തിലാണ് നമുക്കു ദര്‍ശിക്കാനാവത്തത്? നിങ്ങളുടെ മുന്നിലെ പ്രത്യക്ഷയാഥാര്‍ത്ഥ്യം ഇത്രമാത്രം ബഹുലതകള്‍ നിറഞ്ഞതാണെങ്കില്‍ ആന്തരികയാഥാര്‍ത്ഥ്യം ഇനിയുമെത്രയോ സങ്കീര്‍ണ്ണമാണ്! ഏകപ്രപഞ്ചം എന്ന ചിന്തയെ പോലും അപ്രസക്തമാക്കുന്ന ബഹുപ്രപഞ്ചത്തെ പുതിയ ഭൗതികശാസ്ത്രം കൂടി ഭാവനയില്‍ കാണുന്നു. ഭൗതികശാസ്ത്രസിദ്ധാന്തങ്ങള്‍ ബഹുപ്രപഞ്ചത്തെ കുറിച്ചു സംസാരിച്ചു തുടങ്ങുന്നു.
എല്ലാറ്റിലും ഒറ്റത്താപ്പില്‍ കയറുന്നവന്‍ അക്ഷരാര്‍ത്ഥത്തില്‍ മാത്രം വായിക്കുന്നുവെന്ന് കവി എഴുതുന്നു. അയാള്‍ക്ക് വാക്കിന് ഒരു അര്‍ത്ഥം മാത്രം. അക്ഷരത്തില്‍ നിരത്തി വച്ചിരിക്കുന്ന അര്‍ത്ഥം മാത്രം. വാക്ക് പല അര്‍ത്ഥങ്ങളില്‍ അനുനാദത്തിലാണെന്ന് അയാള്‍ക്ക് അറിയില്ല. അയാള്‍ക്ക് കവിത മനസ്സിലാകില്ല. അയാള്‍ രൂപകാത്മകഭാഷയെ അറിയുന്നില്ല. അയാള്‍ക്കു നര്‍മ്മവും ഹാസ്യവും മനസ്സിലാകില്ല. അയാള്‍ക്കു സ്‌നേഹം മനസ്സിലാകില്ല. അയാളില്‍ ആറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുന്നില്ല. സംഘപരിവാരിവാറിന് കവിത മനസ്സിലാകില്ലെന്ന് ധ്വനിപ്പിക്കുന്നുണ്ട്, കവി. കവിത മനസ്സിലാകാത്ത ജീവിതം ദയനീയവും പരിഹാസ്യവുമായ ജീവിതമാണ്. സഹജീവനം അസാദ്ധ്യമാക്കുന്ന ജീവിതമാണത്. എല്ലാറ്റിലും ഒറ്റത്താപ്പില്‍ കയറുന്നവന്‍ എല്ലാം താനെന്നു കാണുന്നു. അയാള്‍ കണ്ണാടിയില്‍ നോക്കിയിരിക്കുന്നവനാണ്. മുഖത്തെ മുറിവിന് കണ്ണാടിയില്‍ മരുന്നു പുരട്ടുന്നവന്‍.
ഏകരാഷ്ട്രത്തിനും ഏകഭാഷയ്ക്കും ഒറ്റയാള്‍ ഭരണത്തിനും വേണ്ടി വാദിക്കുന്ന സംഘപരിവാറിലേക്കു മാത്രമല്ല ഈ കവിതയുടെ ധ്വനിവിശേഷങ്ങള്‍ നീണ്ടുനില്‍ക്കുന്നത്. അത് എല്ലാ സമഗ്രാധിപത്യങ്ങളിലേക്കും വിമര്‍ശനത്തിന്റെ കണ്ണുകളെ പായിക്കുന്നു. പ്രപഞ്ചം ഒരു ഏകസിദ്ധാന്തത്തിലേക്ക് ഒതുങ്ങി തനിക്കു കരഗതമാകുന്നുവെന്നു കരുതുന്ന ഭൗതികശാസ്ത്രജ്ഞന്റെ നേര്‍ക്കും ഈ നോട്ടം ചെല്ലുന്നുണ്ട്. എല്ലാ രോഗങ്ങള്‍ക്കും തങ്ങളുടെ മരുന്നുവിധികള്‍ ഏകോന്നതമാണെന്നു കാണുന്ന ആധുനികവൈദ്യനിലേക്കും ഈ കവിതയുടെ വിമര്‍ശത്തിന്റെ മുന നീളുന്നു.
കവിത ബഹുലതയ്ക്കു ചമയ്ക്കുന്ന നീതീകരണത്തിലൂടെ അപരന്റെ, അപരത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. പരസ്പരം ബഹുമാനിക്കുന്ന വ്യത്യസ്തതകളുടേയും വ്യതിരിക്തതകളുടേയും കൂട്ടത്തെ മുന്നില്‍ കാണുന്നു. ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ ലോകത്തെ കാണുന്നു.
വി.വിജയകുമാര്‍
9446152782

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...