കല്പ്പറ്റ നാരായണന്റെ ഒറ്റത്താപ്പ് എന്ന കവിത ബഹുലതയ്ക്കു വേണ്ടിയുള്ള കവിതയാണ്. എല്ലാറ്റിലും ഒറ്റത്താപ്പില് കയറുന്നവന് ചീഞ്ഞുനാറുന്ന ചരിതം എഴുതുന്ന കവിത ഏകത്വം നിര്മ്മിക്കുന്ന ദുരന്തത്തെ വിവൃതമാക്കുന്നു. ഏകത്വചിന്തയെ അപനിര്മ്മിക്കുന്ന കവിത ബഹുലതയ്ക്കു വേണ്ടിയുള്ള നീതീകരണത്തെ ചമയ്ക്കുന്നു.
എല്ലാം ഒന്നാണെന്നു പറയുന്നവര് എന്താണു ചെയ്യുന്നത്? അത് അപരത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു. എല്ലാറ്റിനേയും അവര് ചൂണ്ടുന്ന ഏകത്തിലേക്കു മര്ദ്ദിച്ചൊതുക്കുന്നു. ഏകത്തിലുള്ള ഊന്നല് ഏകാധികാരത്തിനുള്ള ആഗ്രഹത്തെ വഹിക്കുന്നതാണ്, അത് ഏകാധിപത്യത്തെ, സ്വേച്ഛാധിപത്യത്തെ പുല്കാന് വെമ്പുന്നതാണ്.
അദ്വൈതം മുതല് സംഘപരിവാര് രാഷ്ട്രീയം വരെ ഈ കവിതയില് വിമര്ശത്തിനു വിധേയമാകുന്നു. ജനാധിപത്യമൂല്യങ്ങളുടെ നിരാസം ഏകാത്മകതത്ത്വചിന്തയില് മുതല് ഏകരാഷ്ട്രത്തിനും ഏകഭാഷയ്ക്കും ഒറ്റയാള് ഭരണത്തിനും ഒറ്റ നികുതിക്കും ഒറ്റ മതത്തിനും ഒറ്റത്താപ്പിനും വേണ്ടി വാദിക്കുന്ന രാഷ്ട്രീയത്തില് വരെ കേള്ക്കാം. അതു പഴഞ്ചനാണ്. ഒരായിരം വര്ഷങ്ങള് പഴക്കമുള്ളത്. നാറുന്നത്. ഉപേക്ഷിക്കേണ്ടത്. എന്നിട്ടും, ഇപ്പോഴും ചിലര് അതിലേക്കാണ് ഉണരുന്നത്. അവരുടെ പെട്ടിയില് പഴകിപ്പൊടിഞ്ഞ താളിയോലകള്, ചത്ത എലികള്. അവരെ നാറുന്നു. അവര് അറിയുന്നില്ല. ഗോകുലന്റെ അമ്മ പറഞ്ഞിട്ടും അവന് അറിയുന്നില്ല. അവനെന്നും ഉടുത്തതു തന്നെ ഉടുക്കുന്നു. എന്നും അതേ വഴിയെ തന്നെ നടക്കുന്നു. അവന് മാറുന്നില്ല. അവനു നേരം പുലരുന്നില്ല. തനിക്കു നാറ്റമില്ലെന്നു പറയാത്തവരുടെ കൂടെ, തന്നെപ്പോലെ നാറുന്നവരുടെ കൂടെ മാത്രം ഗോകുലന് നടക്കുന്നു.
ഏകാത്മകതയുടെ പ്രത്യയശാസ്ത്രത്തില് അധികാരത്തിന്റേയും ആധിപത്യത്തിന്റേയും ഭാവങ്ങള് തുറന്ന രൂപത്തിലല്ലെങ്കില് ദമിതമായെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ട്. ഏകത്തിലേക്ക് ആനയിക്കാന് അത് എല്ലാറ്റിനേയും അടിച്ചൊതുക്കുന്നു, കീഴ്‌പ്പെടുത്തുന്നു. പ്രപഞ്ചം സ്വയം പ്രകാശിപ്പിക്കുന്നത് ഏകരൂപത്തിലല്ല, അതിന്റെ ബഹുലതകളാണ് നാം അനുഭവിക്കുന്നത്. നിങ്ങളുടെ മുന്നില് പടര്ന്നു പന്തലിച്ചു നില്ക്കുന്ന ആ വൃക്ഷത്തെ നോക്കിയാല് മതി. എന്തെല്ലാം വൈവിദ്ധ്യങ്ങളുടെ പ്രകാശനമാണത്. ആയിരകണക്കിന് ഇലകളില് ഒന്നു പോലും മറ്റൊന്നിനോടു അതേ പടി ആയിരിക്കുന്നില്ല. ഈ വ്യതിരിക്തത പ്രപഞ്ചത്തിന്റെ ഏതു ഭാവത്തിലാണ് നമുക്കു ദര്ശിക്കാനാവത്തത്? നിങ്ങളുടെ മുന്നിലെ പ്രത്യക്ഷയാഥാര്ത്ഥ്യം ഇത്രമാത്രം ബഹുലതകള് നിറഞ്ഞതാണെങ്കില് ആന്തരികയാഥാര്ത്ഥ്യം ഇനിയുമെത്രയോ സങ്കീര്ണ്ണമാണ്! ഏകപ്രപഞ്ചം എന്ന ചിന്തയെ പോലും അപ്രസക്തമാക്കുന്ന ബഹുപ്രപഞ്ചത്തെ പുതിയ ഭൗതികശാസ്ത്രം കൂടി ഭാവനയില് കാണുന്നു. ഭൗതികശാസ്ത്രസിദ്ധാന്തങ്ങള് ബഹുപ്രപഞ്ചത്തെ കുറിച്ചു സംസാരിച്ചു തുടങ്ങുന്നു.
എല്ലാറ്റിലും ഒറ്റത്താപ്പില് കയറുന്നവന് അക്ഷരാര്ത്ഥത്തില് മാത്രം വായിക്കുന്നുവെന്ന് കവി എഴുതുന്നു. അയാള്ക്ക് വാക്കിന് ഒരു അര്ത്ഥം മാത്രം. അക്ഷരത്തില് നിരത്തി വച്ചിരിക്കുന്ന അര്ത്ഥം മാത്രം. വാക്ക് പല അര്ത്ഥങ്ങളില് അനുനാദത്തിലാണെന്ന് അയാള്ക്ക് അറിയില്ല. അയാള്ക്ക് കവിത മനസ്സിലാകില്ല. അയാള് രൂപകാത്മകഭാഷയെ അറിയുന്നില്ല. അയാള്ക്കു നര്മ്മവും ഹാസ്യവും മനസ്സിലാകില്ല. അയാള്ക്കു സ്‌നേഹം മനസ്സിലാകില്ല. അയാളില് ആറാം ഇന്ദ്രിയം പ്രവര്ത്തിക്കുന്നില്ല. സംഘപരിവാരിവാറിന് കവിത മനസ്സിലാകില്ലെന്ന് ധ്വനിപ്പിക്കുന്നുണ്ട്, കവി. കവിത മനസ്സിലാകാത്ത ജീവിതം ദയനീയവും പരിഹാസ്യവുമായ ജീവിതമാണ്. സഹജീവനം അസാദ്ധ്യമാക്കുന്ന ജീവിതമാണത്. എല്ലാറ്റിലും ഒറ്റത്താപ്പില് കയറുന്നവന് എല്ലാം താനെന്നു കാണുന്നു. അയാള് കണ്ണാടിയില് നോക്കിയിരിക്കുന്നവനാണ്. മുഖത്തെ മുറിവിന് കണ്ണാടിയില് മരുന്നു പുരട്ടുന്നവന്.
ഏകരാഷ്ട്രത്തിനും ഏകഭാഷയ്ക്കും ഒറ്റയാള് ഭരണത്തിനും വേണ്ടി വാദിക്കുന്ന സംഘപരിവാറിലേക്കു മാത്രമല്ല ഈ കവിതയുടെ ധ്വനിവിശേഷങ്ങള് നീണ്ടുനില്ക്കുന്നത്. അത് എല്ലാ സമഗ്രാധിപത്യങ്ങളിലേക്കും വിമര്ശനത്തിന്റെ കണ്ണുകളെ പായിക്കുന്നു. പ്രപഞ്ചം ഒരു ഏകസിദ്ധാന്തത്തിലേക്ക് ഒതുങ്ങി തനിക്കു കരഗതമാകുന്നുവെന്നു കരുതുന്ന ഭൗതികശാസ്ത്രജ്ഞന്റെ നേര്ക്കും ഈ നോട്ടം ചെല്ലുന്നുണ്ട്. എല്ലാ രോഗങ്ങള്ക്കും തങ്ങളുടെ മരുന്നുവിധികള് ഏകോന്നതമാണെന്നു കാണുന്ന ആധുനികവൈദ്യനിലേക്കും ഈ കവിതയുടെ വിമര്ശത്തിന്റെ മുന നീളുന്നു.
കവിത ബഹുലതയ്ക്കു ചമയ്ക്കുന്ന നീതീകരണത്തിലൂടെ അപരന്റെ, അപരത്തിന്റെ അവകാശങ്ങള്ക്കു വേണ്ടി വാദിക്കുന്നു. പരസ്പരം ബഹുമാനിക്കുന്ന വ്യത്യസ്തതകളുടേയും വ്യതിരിക്തതകളുടേയും കൂട്ടത്തെ മുന്നില് കാണുന്നു. ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ ലോകത്തെ കാണുന്നു.
വി.വിജയകുമാര്
9446152782
No comments:
Post a Comment