Saturday, July 1, 2023

സൂക്ഷ്മം, നൈതികം, സൈദ്ധാന്തികം



ഈ പുസ്തകം വായിക്കാന്‍ തുടങ്ങുന്നവരേ, നിങ്ങള്‍ പുതിയൊരു ലോകാവബോധത്തിലേക്കു ഉണരാന്‍ പോകുകയാണ്. നിങ്ങളില്‍ പൊതുബോധം ഉറപ്പിച്ചെടുത്തിരിക്കുന്ന പല ധാരണകളും തകര്‍ന്നു വീഴുമെന്ന മുന്നറിയിപ്പു നല്‍കട്ടെ. സ്ഥിതാവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന വാക്കുകളെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊള്ളുക. നമ്മുടെ രാജ്യത്ത് സമീപകാലത്തു നടന്ന പൊള്ളിപ്പിക്കുന്ന ചില ജീവിതാനുഭവങ്ങളേയും സംഭവങ്ങളേയും സവിശേഷമായ ഒരു സൈദ്ധാന്തികവിചിന്തനത്തിനു വിധേയമാക്കുകയാണ്, ഈ പുസ്തകം. വിദ്യാഭ്യാസം, പങ്കാളിത്ത ജനാധിപത്യം, സാമൂഹിക തിരസ്‌ക്കാരം, ദളിത് കര്‍ത്തൃത്വം എന്നീ വിഷയങ്ങളില്‍ ഊന്നുന്ന പത്തു ലേഖനങ്ങളുടെ സമാഹാരമാണിത്. പി.വി. അനില്‍കുമാര്‍ രചിച്ച ഈ ലേഖനങ്ങളിലൂടെ കടന്നുപോകുന്നവര്‍ സൂക്ഷ്മമായ വിമര്‍ശബുദ്ധിയും നിശിതമായ സൈദ്ധാന്തികജാഗ്രതയും പുലര്‍ത്തുന്ന ഒരു ചിന്തകനെ കണ്ടെത്തുമെന്നു തീര്‍ച്ച. 


നമ്മുടെ രാജ്യത്ത് തങ്ങളുടെ ജന്മാവകാശമെന്ന പോലെ സംവരണാനുകൂല്യങ്ങള്‍ അനുഭവിക്കുന്നതാരാണ്? നമ്മുടെ പൊതുബോധവും ഭരണകൂടങ്ങളും മാധ്യമങ്ങളും നീതിപീഠങ്ങളും പറയുന്നത്, ദളിതര്‍ക്കും അധ:സ്ഥിതജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ്. സവര്‍ണ്ണ ജനവിഭാഗങ്ങളില്‍ പെടുന്നവര്‍ മെരിറ്റിലൂടെയാണ് വിദ്യാഭ്യാസവും തൊഴിലും കരസ്ഥമാക്കുന്നതെന്ന ധാരണയാണ് പ്രബലം. സംവരണത്തിലൂടെ വിദ്യാഭ്യാസവും തൊഴിലും നേടുന്നവര്‍ യോഗ്യതയെ മലിനീകരിക്കുന്നവരായും സവര്‍ണ്ണരുടെ ദയാദാക്ഷിണ്യത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നവരായും പുച്ഛിക്കപ്പെടുന്നു. ഈ പൊതുബോധത്തെ രാഷ്ട്രീയവും നൈതികവുമായ വിമര്‍ശത്തിലൂടെ ഉടച്ചു കളയുന്ന വാക്കുകള്‍ അനില്‍കുമാര്‍ എഴുതുന്നു, യോഗ്യതയുടെ രാഷ്ട്രീയത്തെ വിവൃതമാക്കുന്നു. സവര്‍ണ്ണത മേനി നടിക്കുന്ന യോഗ്യതയെല്ലാം നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഒരു സംവരണത്തിന്റെ ഫലമാണെന്ന് തന്റെ വികലനങ്ങളിലൂടെ അനില്‍ സ്ഥാപിക്കുന്നുണ്ട്. സ്വജാതിവിവാഹത്തിലൂടെ സവര്‍ണ്ണജാതിക്കോയ്മ സംരക്ഷിക്കുന്നതും ഒരാളുടെ സ്വത്ത് അയാളുടെ മരണത്തിനു ശേഷം പൊതുസമൂഹത്തിനല്ല, പൈതൃകസ്വത്തായി പുതിയ തലമുറയിലേക്കാണു കൈമാറേണ്ടതെന്നു നിയമപരമായി ഉറപ്പുവരുത്തുന്നതും സംവരണമല്ലാതെ മറ്റെന്താണ്? സവര്‍ണ്ണര്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ഈ സംവരണമാണ് അവരുടെ യോഗ്യതയെ സൃഷ്ടിക്കുന്നതെന്ന ഈ കൃതിയിലെ നിരീക്ഷണം ശ്രദ്ധേയമാണ്. സാമൂഹികജീവിതത്തില്‍ തുല്യപങ്കാളിത്തത്തിന്റെ സാദ്ധ്യതകള്‍ ഉറപ്പു വരുത്താത്ത ഒരു സമൂഹത്തിന് എങ്ങനെയാണ് നീതിപൂര്‍വ്വം യോഗ്യതയെ നിര്‍വ്വചിക്കാന്‍ കഴിയുകയെന്ന പ്രധാനപ്പെട്ട ചോദ്യമാണ് അനില്‍ ഉയര്‍ത്തുന്നത്. 'ഇതുകൊണ്ടാണ് സംഘിമനസ്സുകള്‍ക്കു രോഹിത് വെമൂലയെ മനസ്സിലാകാത്തത്?' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിലാണ് അനില്‍ ഈ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നത്. സാമ്പത്തികസംവരണത്തെ കുറിച്ചു സംസാരിക്കുകയും അതിനെ ഒളിച്ചു കടത്തിക്കൊണ്ടു വരികയും ചെയ്യുന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിനും ഇതു മനസ്സിലാകുന്നില്ലല്ലോ? അയിത്താചാരങ്ങളെ സാമൂഹികമായ തിന്മയായല്ല, തിരസ്‌ക്കാരത്തിന്റെ രാഷ്ട്രീയസംഹിതയായി തന്നെ മനസ്സിലാക്കുന്ന ചന്ദ്രഭാന്‍പ്രസാദിന്റെ ആശയലോകത്തെ സ്വീകരിച്ചു കൊണ്ട് സാമൂഹികനീതിയുടെ പ്രശ്‌നീകരണങ്ങളെ ശക്തമാക്കുന്നുണ്ട്, മറ്റൊരു ലേഖനത്തില്‍. രോഹിത് വെമൂലയുടെ ആത്മഹത്യയോടൊപ്പം ജിഷയുടെ കൊലപാതകവും അനിലിന്റെ എഴുത്തിനു വിഷയമാകുന്നുണ്ട്. 'ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയില്‍ ഒരാര്‍ത്തനാദം പോലെ പായുന്ന' ദളിത് ജീവിതത്തിന്റെ ഉന്നമനത്തി്‌നായി, നിന്ദയ്ക്കും തിരസ്‌ക്കാരത്തിനും പുച്ഛത്തിനുമുള്ള പാത്രങ്ങളാകാതെ ജീവിക്കാനുള്ള സാഹചര്യം അവര്‍ക്കു സൃഷ്ടിച്ചു നല്‍കുകയാണല്ലോ ചെയ്യേണ്ടത്. ദളിതരെ സമ്പൂര്‍ണ്ണമനുഷ്യരായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സാമാന്യസമൂഹത്തിന്റെ പ്രതിലോമബോധമണ്ഡലത്തെ പ്രഹരിക്കുന്ന വാക്കുകളാണ് അനില്‍ എഴുതുന്നത്. 

വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങളെ സവിസ്തരം വികലനങ്ങള്‍ക്കു വിധേയമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ മുഖ്യഭാഗം. മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തേയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തേയും കുറിച്ച് അനില്‍കുമാര്‍ എഴുതുമ്പോള്‍ സത്താവിരുദ്ധമായ സമീപനത്തിന്റെ പ്രാധാന്യം കൂടി വായനക്കാരനു ബോദ്ധ്യപ്പെടുന്നു. സത്താത്മകമോ നിര്‍ണ്ണയവാദപരമോ ആയ സമീപനങ്ങള്‍ സമഗ്രാധിപത്യത്തിന്റെ സ്വഭാവം പുലര്‍ത്തുന്നതാണെന്നും അതു നിഷേധിക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാട് ഈ ലേഖനങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാം. അനില്‍കുമാര്‍ സത്താവാദത്തിന്റെ ശത്രുവാണ്. പ്രശ്‌നങ്ങളോടു സത്താവാദവിരുദ്ധമായ സമീപനമാണോ സ്വീകരിക്കുന്നതെന്നു തിരയാന്‍ ഉത്സുകനാകുന്ന അനിലിന്റെ രീതിശാസ്ത്രം എന്റെ വ്യക്ത്യനുഭവം കൂടിയാണ്. ബാദിയുവിനേയും ദെലസിനേയും ഒക്കെ അനില്‍ വായിക്കുന്നതും ഉള്‍ക്കൊള്ളുന്നതും ഈ ദാര്‍ശനികസമീപനത്തെ കൂടുതല്‍ നന്നായി മിനുക്കിയെടുക്കാനാണ്. മാതൃഭാഷയുടെ ജ്ഞാനിമപരമായ മേല്‍ക്കോയ്മയെയല്ല, മനുഷ്യാവകാശത്തെ കുറിച്ചുള്ള ഉന്നതമായ സങ്കല്‍പ്പനങ്ങളെയാണ് മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നവര്‍ കൂട്ടുപിടിക്കേണ്ടതെന്ന് അനില്‍കുമാര്‍ എഴുതുമ്പോള്‍, പ്രശ്‌നത്തിന്റെ മര്‍മ്മത്തില്‍ സ്പര്‍ശിക്കുന്നതായി നമുക്കു തോന്നുന്നുണ്ടെങ്കില്‍, ഈ സമീപനത്തിന്റെ പ്രാധാന്യമാണല്ലോ തെളിയുന്നത്. എന്നാല്‍, അനിലിന്റെ ലേഖനങ്ങളുടെ ഭാഷയില്‍ എങ്ങനെയോ സിസെക്ക് കടന്നുവരുന്നുണ്ട്. നല്ല ചിന്തകനായ സിസെക്കിന്റെ പരിഹാസവും നര്‍മ്മവും കലര്‍ന്ന ഇടപെടലുകള്‍ ചിലപ്പോള്‍ അമിതവും പറയുന്ന വിഷയത്തിന്റെ ഗൗരവപൂര്‍ണ്ണമായ വിനിമയത്തെ തടസ്സപ്പെടുത്തുന്നതുമായി മാറിത്തീരാറുണ്ട്. (സിസെക്ക് ഒരു ബൂര്‍ഷ്വാ ജെന്റില്‍മാന്‍ അല്ലെന്നു പറയുന്ന ഒരു വാക്യം അനില്‍ ആംഗലഭാഷയിലെഴുതിയ ഒരു ലേഖനത്തില്‍ കാണാം.) ഈ സമാഹാരത്തിലെ ചില ലേഖനങ്ങളിലെങ്കിലും ഈ പ്രവണത ദൃശ്യമാകുന്നതായി തോന്നിയേക്കാം. എന്നാല്‍, ഈ കൃതി ഉയര്‍ത്തുന്ന ആശയസമരത്തെ ഇതു ബാധിക്കുന്നില്ലെന്നും പറയണം.


ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ അഹിംസാത്മകമായ സാത്വികഭാവം സവര്‍ണ്ണര്‍ക്കു മാത്രം സാദ്ധ്യമായ ആഡംബരമാണെന്നും ഇതാണ് അയ്യങ്കാളിയെ തമസ്‌ക്കരിക്കാന്‍ ഘടനാപരമായ കാരണമായി തീരുന്നതെന്നുമുള്ള അനിലിന്റെ വാക്കുകള്‍ സവര്‍ണ്ണതയെ മാത്രമല്ല, വ്യവസ്ഥിതമായ സാത്വികരാഷ്ട്രീയത്തെ കൂടി പ്രകോപിപ്പിച്ചേക്കാം. പഠനമെന്നത് സുരക്ഷയുടെ വീട്ടിടങ്ങളില്‍ നിന്നും അപകടങ്ങളുടെ വന:സ്ഥലികളിലേക്കുള്ള പറിച്ചെറിയലാണെന്നു കേള്‍ക്കുമ്പോള്‍ യാഥാസ്ഥിതികത്വം വല്ലാതെ പരിഭ്രമിച്ചേക്കാം. ഇങ്ങനെ, സംഘപരിവാര്‍ മുതല്‍ വ്യവസ്ഥാപിത ഇടതുപക്ഷം വരെ നീളുന്ന യാഥാസ്ഥിതികത്വത്തെ ഭീതിപ്പെടുത്തുന്ന വാക്കുകളാണ് ഈ കൃതിയില്‍ എഴുതപ്പെട്ടിരിക്കുന്നത്. നൈതികമൂല്യങ്ങളെ ഉയര്‍ത്തിനിര്‍ത്തുന്നതും സൈദ്ധാന്തികഗരിമ നിറഞ്ഞതും അതിസൂക്ഷ്മവുമായ വികലനങ്ങളിലൂടെ ഇതിന്റെ രചന നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കാലത്തിലും ലോകത്തിലും ഈ എഴുത്തിന് ഏറെ പ്രസക്തിയുണ്ട്.




***************************************************************

ഞാൻ വിക്ടോറിയ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിക്കുന്ന സമയത്താണ് ഈ കുറിപ്പ് എഴുതുന്നത്.  ഞാൻ സർവ്വീസിൽ നിന്നും വിരമിച്ചിട്ട് നാലു വർഷമായി.അനിൽകുമാറിന്റെ ഈ മലയാളപുസ്തകം എന്തുകൊണ്ടോ ഇതുവരെ പുറത്തുവന്നില്ല !! 


POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...