Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Saturday, February 26, 2011

നിലയ്ക്കാത്ത അര്‍ത്ഥപ്രവാഹങ്ങള്‍

അയ്യപ്പനെ കുറിച്ചു പറയാന്‍ അര്‍ഹതയുള്ളവര്‍ വളരെ കുറച്ചു പേരെ ഉണ്ടാകൂ. അല്പത്തം കൊണ്ടു പറയുകയാണ്. അയ്യപ്പന്‍ സ്വാതന്ത്ര്യത്തിന്റെ പര്യായമായിരുന്നു. അയ്യപ്പനോളം സ്വതന്ത്രരായവര്‍ കുറവാണ്. ആര്‍ക്കും കീഴടങ്ങാത്തവന്‍. അയ്ചപ്പന് സ്ഥിതതാല്പര്യങ്ങള്‍ ഇല്ലായിരുന്നു. അയാള്‍ സ്വാതന്ത്ര്യം നേടിയത് അങ്ങനെയാണ്. അയ്യപ്പന്റെ തലമുറയിലെ ചിന്താശേഷിയുള്ളവര്‍ ഒരിക്കലെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ അയ്യപ്പന്‍ തന്റെ അനാഥജീവിതത്തിലൂടെ സാക്ഷാത്ക്കരിച്ചു. വ്യവസ്ഥാപിതലോകം പരാജയമെന്നെഴുതിയ ആ ജീവിതം ഒരു കാലത്തെ യുവതയുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന ജീവിതമായിരുന്നു. സ്വാതന്ത്ര്യം ആഗ്രഹിച്ച ഒരു തലമുറയുടെ കാലമുണ്ടായിരുന്നു. ബഹുരാഷ്ട്രക്കുത്തകകള്‍ക്കു വേണ്ടി ദല്ലാളിന്റെ പണി ചെയ്യുന്നവരുടെ ജീവിതത്തെയല്ല അവര്‍ അഭിലഷിച്ചിരുന്നത്. എല്ലാ മനുഷ്യരും ഒരുമിച്ചു നടക്കണമെന്ന് ആഗ്രഹിച്ചവര്‍, ലോകത്തെ മാറ്റി മറയ്ക്കന്ന വിപ്ലവകാരികളാകണമെന്ന് ആഗ്രഹിച്ചവര്‍, ഭാഷയെ ഉഴുതുമറിക്കുന്ന രചനകള്‍ എഴുതണമെന്ന് ആഗ്രഹിച്ചവര്‍, ശരിയായ ലക്ഷ്യങ്ങളിലെത്താന്‍ മലയാളിജനത പരാജയപ്പെടുന്നതു കണ്ടപ്പോള്‍ അതു ചൂണ്ടിക്കാട്ടി മരണത്തിലേക്കു നടന്നു പോയവര്‍...അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം. അയ്യപ്പനെ വളര്‍ത്തിയെടുത്തത് ആ കാലമായിരുന്നു. അയാള്‍ പിഴച്ചു പോയതായി വ്യവസ്ഥാപിതത്വം രേഖപ്പെടുത്തിയെങ്കിലും അയ്യപ്പന്‍ തന്റെ മൂല്യങ്ങളില്‍ നിന്നു വ്യതിചലിച്ചില്ല. അയ്യപ്പന്റെ കൂടെ അന്ന് ഒരുങ്ങി നിന്നവരില്‍ പലരും കൃത്യമായി പ്രീമിയം അടക്കുന്നവരും ഹാജര്‍ നിലനിര്‍ത്തുന്നവരും ഗുമസ്തന്മാരുമായി മാറിത്തീര്‍ന്നെങ്കിലും അയ്യപ്പന്‍ തിരിച്ചു നടന്നില്ല. മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും പ്രസ്ഥാനങ്ങള്‍ വഴിമാറി നടക്കുകയും ചെയ്തപ്പോള്‍ അയാള്‍ ഒറ്റക്കു നടക്കുന്നവനായി. അയ്യപ്പന്‍ നമ്മുടെ കാലത്തെ കളങ്കമില്ലാത്ത മനുഷ്യനായി. അയാള്‍ക്ക് ആരോടും ശത്രുതയില്ലായിരുന്നു. നഗരത്തില്‍ അയ്യപ്പന്‍ ഇറങ്ങിയിട്ടുണ്ടെന്ന് പരസ്പരം വിളിച്ചു പറഞ്ഞ സുഹൃത്തുക്കളായ എഴുത്തുകാരോടും അയ്യപ്പന് വിരോധമില്ലായിരുന്നു.

നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളില്‍ നിറയെ കവിതകളുണ്ട്. അവര്‍ എഴുതുന്നില്ലന്നേയുള്ളൂ. അയ്യപ്പനെ പോലെ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ക്കാണ്, കളങ്കമില്ലാത്തവര്‍ക്കാണ് കവിതകള്‍ എഴുതാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ മനസ്സുള്ള അയ്യപ്പനിലും നിറയെ കവിതകളുണ്ടായിരുന്നു. അയ്യപ്പന് കവിത സ്വാതന്ത്ര്യമായിരുന്നു. അയ്യപ്പന്‍ തന്റെ ജീവിതത്തിലുടനീളം തന്നോടൊപ്പം കൊണ്ടുനടന്ന സ്വാതന്ത്ര്യത്തില്‍ നിന്നാണ് അയാളുടെ കവിതകള്‍ പിറന്നത്. എപ്പോഴും സ്വാതന്ത്ര്യത്തെ തിരയുകയും അനുഭവിക്കുകയും ചെയ്തിരുന്ന അയ്യപ്പന്‍ കവിതയെ അന്വേഷിക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും അയാള്‍ കവിതക്കായി മാറ്റിവച്ചു. യാത്രക്കിടയില്‍, മദ്യപാനത്തിന്നിടയില്‍, വര്‍ത്തമാനം പറയുന്നതിന്നിടയില്‍ അയാള്‍ കവിതകളെഴുതി. ബസ്സിലെ മയക്കത്തിന്നിടയില്‍ ഒരു വാക്കു വന്ന് അയാളെ വിളിച്ചുണര്‍ത്തി. അയ്യപ്പന്റെ ഉടുപ്പിന്റെ കീശയിലോ കൈവെള്ളക്കിടയിലോ ചുരുട്ടിപ്പിടിച്ച ചെറിയ കടലാസുതുണ്ടുകളുണ്ടായിരുന്നു. അതില്‍ കുറിച്ചിട്ട കുറേ വാക്കുകളും. അയാള്‍ എപ്പോഴും കവിതയുടെ പണിപ്പുരയിലായിരുന്നല്ലോ. അയ്യപ്പനില്‍ കവിത യാദൃച്ഛികതയുടെ പര്യായമായി മാറി. കവിത അനിവാര്യമാണെന്ന് ജീവിതംകൊണ്ടു തെളിയിച്ച കവി അതു നിര്‍മ്മിച്ചത് യാദൃച്ഛികതകളില്‍നിന്നായിരുന്നു.

ഇവന്റെ കവിത ലളിതമായ വാക്കുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. സുഹൃത്കവികള്‍ കഠിനബിംബങ്ങളെ നോറ്റു കൊണ്ടിരുന്നപ്പോള്‍ ഇയാള്‍ ലാളിത്യം നിറഞ്ഞ പദക്കൂട്ടുകളുണ്ടാക്കി. അയ്യപ്പന്റെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന വാക്കുകളെ ശ്രദ്ധിക്കുക! ജലം, രക്തം, പച്ച, മരം, മരണം, പ്രേമം, കല്ല്, വെയില്‍, ഇല, സൂര്യന്‍, രാത്രി, സ്വപ്നം, ചെമപ്പ്, വേനല്‍, കാട്, പക്ഷി, മാനം, തൂവല്‍...ചെറിയ വാക്കുകളില്‍ ഇയാള്‍ തന്റെ ജീവിതവ്യാഖ്യാനങ്ങള്‍ നിറച്ചു വച്ചു. പിന്നെയും പിന്നെയും പ്രണയത്തേയും മരണത്തേയും കുറിച്ച് എഴുതിയിട്ടും ഈ കവിക്ക് മതിയായിരുന്നില്ല. ജ്ഞാനം കെട്ട മൃഗനഖത്താല്‍ തന്റെ പ്രണയസംജ്ഞ പിഴച്ചു പോകരുതെന്ന് ഇയാള്‍ എപ്പോഴും ആഗ്രഹിച്ചു കൊണ്ടിരുന്നു

 അയ്യപ്പന്റെ കവിതയില്‍ ഞാന്‍ മൂന്നു കവിരൂപങ്ങളെ കണ്ടെത്തുന്നു. ആദ്യത്തേത് ശിരസ്സു കത്തിയൊലിച്ച് തീര്‍ന്നുപോകുന്ന മെഴുകുതിരിയായ മനുഷ്യരൂപമാണ്.

ഭൂമിയെ വെറുക്കാത്ത സ്നേഹിത
മുജ്ജന്മത്തിന്‍ കാമിനി
കാണൂയെന്റെ
കാട്ടുതീ കത്തും മുഖം"

പിന്നെ, തെരുവില്‍ ആരെയൊക്കെയോ പിടിച്ചുനിര്‍ത്തി തത്ത്വവിചിന്തനം നടത്തുന്ന പുതിയ സോക്രട്ടീസിനെ കാണുന്നു.

ആത്മബോധം നഷ്ടപ്പെട്ടവന്
ഏതു ഭാഷയില്‍
ആരു ചരിത്രം നിര്‍മ്മിക്കും”

പ്രണയിനിയുടെ കൈപിടിച്ച് ജീവിതകാമനകള്‍ കത്തിയെരിയുന്ന മഹാവിപിനത്തിലേക്ക് ഓടിക്കയറുന്ന ഒരു പുരുഷനെ കൂടി കാണുന്നു.

"നന്ദിനീ
നമുക്കൊരു കൊടുങ്കാറ്റായി തീരാം.
മന്ദമാരുതന്‍ വേണ്ട.
കാറ്റിന്റെ കൂരമ്പാവാം"

ഈ മൂന്നു ചിത്രങ്ങളില്‍ നിന്നും വായിച്ചു തീരാനാകാത്ത, ഒരിക്കലും നിലക്കാത്ത അര്‍ത്ഥങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.

Sunday, February 20, 2011

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കൊരു വിമര്‍ശനം

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായ രീതിയില്‍ നമ്മുടെ സാമൂഹികാവസ്ഥയെ ബാധിച്ചിട്ടുണ്ട്‌. സ്വയം വിമര്‍ശിക്കാനും സ്വയം നവീകരിക്കാനുമുള്ള മാര്‍ക്സിസത്തിന്റെ ശേഷി മാര്‍ക്സിസ്റ്റു ലേബലുകളുള്ള നമ്മുടെ പ്രസ്ഥാനങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. വ്യവസ്ഥാപിതത്വത്തിനു കീഴടങ്ങാന്‍ വിസമ്മതിക്കുന്ന പ്രസ്ഥാനങ്ങള്‍ പോലും വരട്ടുതത്ത്വവാദപരമായ കേവലസമീപനങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ലെനിനിസ്റ്റുകളോ സ്റ്റാലിനിസ്റ്റുകളോ മാവോയിസ്റ്റുകളോ ആകാനുള്ള തിരക്കില്‍ അവര്‍ കമ്മ്യൂണിസ്റ്റുകളാകാതിരിക്കുന്നു. ബാഹ്യഇടപെടലുകളേയും ഗൂഢാലോചനാസിദ്ധാന്തത്തേയും അവസരത്തിലും അനവസരത്തിലും കാരണങ്ങളായി കണ്ടെത്തുന്നവര്‍ സ്വയം ഉള്ളിലേക്കു നോക്കാനും ആന്തരികപ്രശ്നങ്ങളെ മാര്‍ക്സിയന്‍ വിശകലനരീതിയുടെ ശാസ്ത്രീയത കൊണ്ട്‌ പരിശോധിക്കാനും സന്നദ്ധരാകുന്നില്ല. സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും മണ്ഡലങ്ങളിലുണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച്‌ ഈ പ്രസ്ഥാനങ്ങള്‍ ഉത്സുകമാകുന്നില്ലെന്നു മാത്രമല്ല, പഴയ കാര്യങ്ങള്‍ ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നതിന്നപ്പുറത്തേക്ക്‌ ചര്‍ച്ചകളൊന്നും എത്തിച്ചേരുന്നില്ല. അധികാരസ്ഥാപനങ്ങളേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച്‌ പുതിയ ഇടതുപക്ഷചിന്തകര്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ക്കു മുഖം നല്‍കാതിരിക്കുകയും വര്‍ഗ്ഗസര്‍വ്വാധിപത്യത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങളേയും ഭരണകൂടത്തെ കുറിച്ചുള്ള പഴയ നിര്‍വ്വചനങ്ങളേയും ഏകപക്ഷീയമായി പിന്‍പറ്റുന്നത്‌ തുടരുകയും ചെയ്യുന്നു. സാംസ്ക്കാരികരംഗത്തെ ഇടതുപക്ഷപ്രവര്‍ത്തനം ഇപ്പോഴും പ്രശ്നസങ്കീര്‍ണ്ണമായ മണ്ഡലമാണ്‌. ഷഡനോവും ലൈസങ്കോയും ഇപ്പോഴും ആദര്‍ശദൈവങ്ങളായി തുടരുന്നു. ഏതൊരു വ്യവഹാരത്തിനും ഇതര വ്യവഹാരങ്ങളില്‍ നിന്ന് അതിനെ മാറ്റിനിര്‍ത്തുന്ന ചില സവിശേഷമൂല്യങ്ങളുണ്ടെന്നും ഈ സവിശേഷമൂല്യങ്ങളാണ്‌ അവയെ വ്യതിരിക്തമാക്കുതെന്നും ഇത്തരം വ്യതിരിക്തമൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഓരോ വ്യവഹാരവും വികലനങ്ങള്‍ക്കു വിധേയമാകേണ്ടതെന്നും ഉറപ്പിക്കാന്‍ ഇടതുപക്ഷസാംസ്ക്കാരികപ്രവര്‍ത്തനത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. സാഹിത്യത്തെ സാഹിതീയമൂല്യങ്ങള്‍ കൊണ്ടും ശാസ്ത്രത്തെ അതിന്റെ തനതായ മൂല്യങ്ങള്‍ കൊണ്ടുമാണ്‌ പരിശോധിക്കേണ്ടതെന്നാണ്‌ ഇതിന്നര്‍ത്ഥം. ഇങ്ങനെ ഒരു സമീപനം സ്വീകരിക്കാന്‍ സാഹിത്യത്തിന്റെയോ ശാസ്ത്രത്തിന്റെയോ സാമൂഹികമായ മാനങ്ങളെ നിഷേധിക്കേണ്ടതുമില്ല. മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയെയല്ല, പുസ്തകത്തിലെഴുതിയതിനെ യാന്ത്രികമായി ഉദ്ധരിക്കുന്ന മതാത്മകതയെ തന്നെയാണ്‌ ഇടതുപക്ഷവും കയ്യാളുന്നതെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. മുഖ്യഇടതുപക്ഷപ്രസ്ഥാനങ്ങളെന്നു വിവക്ഷിക്കപ്പെടുന്നവയെല്ലാം തന്നെ വ്യവസ്ഥാപിതത്വത്തിനു പൂര്‍ണ്ണമായും കീഴടങ്ങുകയും വ്യവസ്ഥാവിരുദ്ധമായ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ സംശയദൃഷ്ടിയോടെയും ചിലപ്പോള്‍ ആക്രാമകമായും നേരിടുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്‌.

Monday, January 24, 2011

കാവിനിറമുള്ള സ്ഫോടനങ്ങള്‍: ദേശാഭിമാനത്തിന്റെ പുതിയ മാതൃകകള്‍

നിരവധി നിരപരാധികളായ മനുഷ്യരുടെ ജീവന്‍ അപഹരിച്ച 
2006ലേയും  2008ലേയും മാലേഗാവ് സ്ഫോടനങ്ങള്‍ക്കും 
2007ല്‍ നടന്ന സംഝോത എക്സ് പ്രസിലേയും 
അജ്മീര്‍ ഷരീഫിലേയും മക്കാ മസ്ജിദിലേയും സ്ഫോടനങ്ങള്‍ക്കും നേതൃത്വപരമായ പങ്കു വഹിച്ചത്  ആര്‍. എസ്. എസ്  ആണെന്നും 
സാധ്വി പ്രജ്ഞാസിങിനേയും കേണല്‍ പുരോഹിതിനേയും പോലുള്ള സംഘപരിവാര്‍ നേതാക്കളായിരുന്നു ഇതിന്റെ സൂത്രധാരകരും നടത്തിപ്പുകാരുമെന്നും വെളിപ്പെടുത്തുന്ന സാക്ഷിമൊഴികള്‍ പുറത്തു വന്നിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഹിതിനോടും പ്രജ്ഞയോടുമൊപ്പം പങ്കു വഹിച്ച സ്വാമി അസിമാനന്ദയാണ്  സംഘപരിവാറിന്റെ പങ്കു വെളിപ്പെടുത്തിയത്. നേരത്തെ മലേഗാവ് സ്ഫോടനം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു നേതൃത്വം നല്കിയ കര്‍ക്കരെ, ബോംബെ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടപ്പോളുണ്ടായ മാധ്യമവിശകലനങ്ങള്‍ ഓര്‍ക്കുക.
ഇപ്പോള്‍, മാലേഗാവ് -സംഝോത എക്സ് പ്രസ് സ്ഫോടനങ്ങളുടെ 
പ്രധാന ആസൂത്രകനെന്നു കരുതുന്ന, മുന്‍ ആര്‍. എസ്. എസ് പ്രചാരകനായിരുന്ന, സുനില്‍ജോഷിയുടെ കൊലക്കു പിന്നിലും പ്രവര്‍ത്തിച്ചത് സംഘപരിവാരാണെന്നു കണ്ടെത്താവുന്ന തെളിവുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതായും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.


"ദേശസ്നഹി"കളായ സംഘപരിവാര്‍ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്?
അവര്‍ ആരാധനാലയങ്ങളെ തച്ചുതകര്‍ക്കുന്നു. 
ഗുജറാത്ത് മാതൃകയിലുള്ള കലാപങ്ങളിലൂടെ വംശശുദ്ധി വരുത്തുന്നു.
സംഘപരിവാരിന്റെ രാഷ്ട്രീയസംഘടന അധികാരത്തിലെത്തുമ്പോഴും വ്യത്യാസമില്ല; വിദേശമൂലധനത്തിനും ബഹുരാഷ്ട്രകോര്‍പ്പറേഷനുകള്‍ക്കും നമ്മുടെ രാജ്യത്തേക്ക് യഥേഷ്ടം കടന്നു വരാം.
മക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കുന്നു.
ഇപ്പോള്‍, അവര്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നിരപരാധികളെ കൊന്നൊടുക്കുന്നു.
കെട്ടിച്ചമച്ച തെളിവുകളും ഗൂഢപദ്ധതികളും വഴി മുസ്ളിം യുവാക്കളെ കുറ്റം ചുമത്തി ജയിലിലടയ്ക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. (നിരപരാധികളായ നൂറുകണക്കിനു യുവാക്കള്‍ ഇതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കുന്നു. നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകുന്നു.)
പ്രാപ്തരും പ്രതി‍ജ്ഞാബദ്ധരുമായ ഉദ്യോഗസ്ഥന്മാരെ ഗൂഢാലോചനകളിലൂടെ ഭീകരാക്രമണമുഖങ്ങളിലേക്കു പറഞ്ഞുവിടുന്നു. തങ്ങളുടെ കൂടെയുള്ളവരെ തന്നെ കൊന്നു തിന്നുന്നു.


ദേശസ്നേഹത്തിന് പുതിയ നിര്‍വ്വചനങ്ങള്‍!!!


Sunday, January 16, 2011

ശബരിമലയിലെ ദുരന്തം

മകരജ്യോതി ദര്‍ശനത്തിനു ശേഷം ശബരിമലയിലെ പുല്‍മേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 102 പേര്‍ മരിച്ച സംഭവം ഒരു പൌരസമൂഹം എന്ന നിലക്ക് കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷപ്പെടുന്ന മകരജ്യോതി ദൈവികമായ ഒരു കാഴ്ചയാണെന്ന വിശ്വാസത്തിലാണ് അയ്യപ്പഭക്തന്മാര്‍ അതു കാണുന്നതിനും വണങ്ങുന്നതിനും കാത്തുനില്ക്കുന്നത്. എന്നാല്‍, ഈ ജ്യോതിദര്‍ശനത്തില്‍ ദൈവികമായ ഒന്നും തന്നെയില്ലെന്നും ഭരണകൂടത്തിന്റെ ഇടപെടലിലൂടെ കെ.എസ്.ഇ.ബി യിലേയോ പോലീസ് വിഭാഗത്തിലേയോ ഉദ്യോഗസ്ഥന്മാര്‍ സൃഷ്ടിക്കുന്ന ജ്യോതിയാണ് ഭക്തന്മാര്‍ കാണുന്നതെന്നും ഇതിനെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നും ഭരണകൂടത്തിന്റെ അറിവോടെയും അനുവാദത്തോടെയുമാണ് ഇതു നടക്കുന്നതെന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മകരജ്യോതിയില്‍ യുക്തിപരമോ ശാസ്ത്രീയമോ ആയ യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലെന്നതു പോലെ ദൈവികമായ യാഥാര്‍ത്ഥ്യവുമില്ല.  ഇപ്പോള്‍ അത് ഒരു അന്ധവിശ്വാസമാണ്.


ഒരു ജനാധിപത്യ പൌരസമൂഹത്തില്‍, ഐഹികതയുടെ മൂല്യങ്ങളോട് ഏതെങ്കിലും വിധത്തില്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയില്ല. ഇങ്ങനെയൊരു അപകടത്തിന് അവിടെ സാദ്ധ്യതകളുമില്ല.ഒരു അന്ധവിശ്വാസത്തിലേക്ക് ജനങ്ങളെ ആട്ടിത്തെളിക്കുകയും ഇത്ര വലിയ ദുരന്തങ്ങളിലേക്ക് അതു നയിക്കപ്പെടുകയും ചെയ്യുന്നതിനെ നേരിടാന്‍ ഒരു ആധുനിക പൌരസമൂഹത്തിന്റെ മനസ്സോടെ കേരളം പ്രതികരിക്കേണ്ടിയിരിക്കുന്നു.

Saturday, December 4, 2010

നമ്മുടെ ദൈവവിശ്വാസത്തെ കുറിച്ച് ഒരു ഉപന്യാസം

 "The struggle against religion is, therefore, indirectly the struggle against that world whose spiritual aroma is religion." Karl Marx

ദേവാരാധനക്കായി ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും എത്തിച്ചേരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. മക്കയിലേയും തിരുപ്പതിയിലേയും ശബരിമലയിലേയും വേളാങ്കണ്ണിയിലേയും പ്രാര്‍ത്ഥനാകേന്ദ്രങ്ങളിലേക്കെത്തുന്ന ദൈവവിശ്വാസികളുടെ എണ്ണം പരിശോധിച്ചാല്‍ ഇതു ബോദ്ധ്യമാകും. ദേവാലയങ്ങളിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന പണക്കെട്ടുകളുടേയും സ്വര്‍ണ്ണാഭരണങ്ങളുടേയും ഇതര കാഴ്ചദ്രവ്യങ്ങളുടേയും അളവില്‍ വര്‍ഷം തോറും വലിയ വര്‍ദ്ധനവുണ്ടാകുന്നുണ്ട്‌. ദൈവഭക്തന്മാര്‍ ഭക്തിയുടേയും മതത്തിന്റേയും ചിഹ്നങ്ങള്‍ പുറത്തേക്കു പ്രദര്‍ശിപ്പിക്കുന്നതും വ്യാപകമായിരിക്കുന്നു. കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, വഴിപാടുകള്‍, പ്രശ്നം, യാഗം, ഹോമം, കലശം, ചിതാഭസ്മനിമജ്ജനങ്ങള്‍, കരിസ്മാറ്റിക്‌ ധ്യാനങ്ങള്‍, ഭജനം, മനുഷ്യദൈവങ്ങള്‍ ഇവയിലെല്ലാം എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌. ദൈവങ്ങള്‍ സന്തുഷ്ടരാകുന്നതിന്‌ വലിയ തുക മുടക്കിയുള്ള ക്രിയകള്‍ ആവശ്യമായിരിക്കുന്നു. മതപുരോഹിതന്മാര്‍ ഇവയെ പ്രോത്സാഹിപ്പിക്കുന്നു.


ആചാരപരമായ ദേവക്രിയകള്‍ ചെയ്യുന്ന പുരോഹിതന്മാര്‍ക്ക്‌ ദക്ഷിണയായും കൂലിയായും സംഭാവനയായും മറ്റും വലിയ തുകകള്‍ ലഭിക്കുന്നുണ്ട്‌. ഇവരുടെ ജീവിതം സമ്പല്‍സമൃദ്ധമാകുന്നതും കാണാം. വിശ്വാസികളാലോ മതസംഘടനകളാലോ പരിരക്ഷിക്കപ്പെടാത്ത ദേവാലയങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വിളക്കു കത്തിക്കാന്‍ എണ്ണയില്ലാത്ത അവസ്ഥ എവിടേയും നിലനില്‍ക്കുന്നില്ല. ആദിവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ വലിയ ഒരു വിഭാഗം ജനത ഇപ്പോഴും പട്ടിണിയിലും ചൂഷണത്തിലും തുടരുന്നുവെങ്കിലും അവര്‍ അഭയമായി കണ്ട്‌ പ്രാര്‍ത്ഥിച്ചിരുന്ന ദൈവങ്ങള്‍ ദുസ്ഥിതിയില്‍നിന്നു മാറിത്തീരുന്നുണ്ട്‌. ആദിവാസികളുടേയും ദളിതരുടേയും അധ:സ്ഥിതരുടേയും ദൈവങ്ങള്‍ വരേണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മദ്യവും ഇറച്ചിയും സേവിച്ചിരുന്ന ഈ ദൈവങ്ങള്‍ പാലും തേനും പഞ്ചാമൃതവും മാത്രം കഴിക്കുന്ന ശുദ്ധന്മാരായി മാറിത്തീര്‍ന്നിട്ടുണ്ട്.  ഈ ദൈവങ്ങളുടെ തറകള്‍ ക്ഷേത്രങ്ങളായി പുന:നിര്‍മ്മിക്കപ്പെടുന്നതും കാണാം. അവിടെനിന്നും നാരായണീയത്തിന്റെ സി.ഡി. പാടിത്തുടങ്ങുന്നു. 

ദേവാലയങ്ങളുടെ എണ്ണം സ്ക്കൂളുകളുടേയോ ആതുരശുശ്രൂഷാ സ്ഥാപനങ്ങളുടേയോ മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലുതാണെന്നു കാണാം. വലിയ വ്യവസ്ഥാപിത കേന്ദ്രങ്ങളായി മാറിത്തീര്‍ന്നിരിക്കുന്ന ദേവാലയങ്ങള്‍ വ്യക്തിയുടെ ദൈവവിശ്വാസത്തെ കേന്ദ്രീകരിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നടത്തുന്നത്. മതസ്ഥാപനങ്ങളോ സാംസ്ക്കാരിക സംഘടനകളുടെ മുഖംമൂടിയണിഞ്ഞ മതസംഘടനകളോ നയിക്കുന്നവയായി ദേവാലയങ്ങള്‍ മാറുകയും വ്യാവസായികവും വാണിജ്യപരവുമായ സ്ഥാപനങ്ങള്‍ നടത്തുതിന്‌ ദേവാലയങ്ങള്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം വാണിജ്യസ്ഥാപനങ്ങള്‍ക്ക്‌ ദൈവദാസന്‍മാരായ മതപുരോഹിതന്മാരും ആത്മീയനേതാക്കളും നേതൃത്വം നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാരായും ആശുപത്രികളുടെ മാനേജര്‍മാരായും ഡയറക്ടര്‍മാരായും മതപുരോഹിതന്‍മാര്‍ മാറിത്തീരുന്നു. 

ദൈവവിശ്വാസത്തിന്റെ പ്രശ്നം വ്യക്തികളുടെ പ്രശ്നമെന്നതിലുമുപരി, മതസമൂഹത്തിന്റെ പ്രശ്നമായി അവതരിപ്പിക്കുന്ന രീതി പ്രബലമായിട്ടുണ്ട്‌. അത്‌ സംഘര്‍ഷത്തിന്റെ രൂപങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്‌. ഇങ്ങനെ, ദൈവവിശ്വാസത്തെ ആധാരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലവും ശക്തവുമായിരിക്കുന്നുവെങ്കിലും ദൈവചിന്ത മനുഷ്യരിലേക്കു പകരാന്‍ ആഗ്രഹിക്കുന്നുവെന്നു കരുതപ്പെടുന്ന സ്നേഹത്തിന്റേയും സത്യത്തിന്റേയും കരുണയുടേയും മൂല്യങ്ങള്‍ക്ക്‌ സമൂഹത്തില്‍ വലിയ ഇടിവാണ്‌ സംഭവിച്ചിരിക്കുന്നത്‌. ധാര്‍മ്മികമെന്ന് ദൈവചിന്ത നിഷ്ക്കര്‍ഷിക്കുന്ന മൂല്യങ്ങളല്ല; മറിച്ച്‌, അസത്യവും അഴിമതിയും നൃശംസതയും നെറികേടുകളും സമൂഹജീവിതത്തെ അടക്കിഭരിക്കുന്നു. സമൂഹജീവിതം അധോലോകമാഫിയകളുടെ പ്രവര്‍ത്തനലോകമായി മാറുന്നു. വ്യക്തിജീവിതത്തിലേക്കും തിന്മ കടന്നുകയറുന്നു. പുറമേക്ക്‌ മതചിഹ്നങ്ങളും ഭക്തിയുമായി പ്രത്യക്ഷപ്പെടുന്ന ആളുകള്‍ക്കു പോലും അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിനോ കൈക്കൂലി വാങ്ങുന്നതിനോ യാതൊരു മനക്ളേശവുമില്ല. ദൈവചിന്തയുടെ വക്താക്കള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സാമൂഹികനീതിയെ കുറിച്ചുളള സങ്കല്‍പനങ്ങള്‍ക്ക്‌ യാതൊരു മൂല്യവുമില്ല. മാത്രമല്ല, അവ മിക്കവാറും വാണിജ്യക്കൊളളയുടേയും കോഴയുടേയും കേന്ദ്രങ്ങളായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍, യേശുദേവന്‍ പുനരവതരിക്കുകയും നമ്മുടെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്താല്‍ അവയ്ക്കുളളില്‍ സ്ഥാപിതമായിരിക്കുന്ന പുതിയ കച്ചവടകേന്ദ്രങ്ങളെ തന്റെ കൈകള്‍ കൊണ്ടും വാളുകൊണ്ടും തട്ടിമറിക്കാന്‍ കഴിയാതെ വിഷമിക്കുമെന്നു തീര്‍ച്ച. ദേവാലയങ്ങളിലെ വാണിജ്യകേന്ദ്രങ്ങളെ തകര്‍ക്കാന്‍ യേശുദേവന്‌ ഒരു പുതിയ പ്രസ്ഥാനത്തെ സൃഷ്ടിക്കേണ്ടിവരും. 

ശുദ്ധമാകണമെന്ന് സ്വയം നിഷ്ക്കര്‍ഷിക്കുന്ന ദൈവചിന്തയെ ആധാരപ്പെടുത്തിയല്ല നമ്മുടെ ദൈവവിശ്വാസം നിലനില്‍ക്കുന്നത്. അതിന്റെ ആധാരവും ലക്ഷ്യവും വ്യത്യസ്തമാണെന്ന് ഉറപ്പിക്കാവുന്ന അനുഭവങ്ങളാണിത്‌.



നമ്മുടെ ദൈവം അക്കമഹാദേവിയുടേയോ മീരയുടേയോ സെന്റ്ഫ്രാന്‍സിസിന്റെയോ ദൈവമല്ല. നാം ഭജിക്കുന്നതും നമിക്കുന്നതും ദൈവത്തിന്റെ വിവിധ രൂപങ്ങള്‍ക്കും സങ്കല്‍പനങ്ങള്‍ക്കും മുന്നിലാണെങ്കിലും അതിന്റെ യഥാര്‍ത്ഥ ഏകരൂപം പണത്തിന്റേതു മാത്രമാണ്‌. എല്ലാറ്റിനേയും കച്ചവടത്തിനുളള ചരക്കാക്കി മാറ്റുന്ന സമൂഹവ്യവസ്ഥ ദൈവത്തിനേയും ഒരു വാണിജ്യചരക്കാക്കി മാറ്റുന്നു. അത്‌ ടൂറിസ്റ്റ്‌ വ്യവസായത്തിന്‌, സേവനമേഖലയിലെ ലാഭാധിഷ്ഠിതമായ ഇതരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ത്വരകമാകാന്‍ കഴിവുളള ഒരു നല്ല ചരക്കാണ്‌. ദൈവത്തെ ചരക്കാക്കി മാറ്റുന്ന സമൂഹവ്യവസ്ഥ പണത്തെ ദൈവമായി കരുതുന്ന സമൂഹത്തിന്റെ വ്യവസ്ഥയാണ്‌. ശുദ്ധമായ ദൈവചിന്തയില്‍ നിന്ന് അകുന്നു പോകുകയും ദൈവചിന്തക്ക്‌ അന്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു കൊണ്ട്‌ ദൈവത്തിനു വേണ്ടിയുളള ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ഭജിക്കുന്നത്‌ മൂലധനത്തിന്റേയും ലാഭത്തിന്റേയും ഒക്കെ രൂപത്തില്‍ വെളിപ്പെടുന്ന പുതിയ ദൈവത്തെയാണ്‌.
കൈക്കൂലി നല്കി ദൈവത്തെയും പ്രീണിപ്പിക്കാമെന്ന വിശ്വാസം നമ്മുടെ സമൂഹത്തില്‍ അധീശത്വം നേടിയിട്ടുള്ള ആശാസ്യമല്ലാത്ത ചില പ്രവണതകളുടെ പ്രകാശനം കൂടിയാണ്. വര്‍ദ്ധമാനമാകുന്ന ദൈവവിശ്വാസത്തിന് വര്‍ഗ്ഗപരമായ ചില മാനങ്ങളുമുണ്ട്. മദ്ധ്യവര്‍ഗ്ഗത്തിനു നമ്മുടെ സമൂഹത്തിലുള്ള മേല്‍ക്കൈയും ആ വര്‍ഗ്ഗം പ്രകടിപ്പിക്കുന്ന സുരക്ഷിതത്വത്തെ കുറിച്ചുള്ള അമിതമായ ആകാംക്ഷകളും അതിനെ എപ്പോഴും ആവേശിച്ചിരിക്കുന്ന ദ്വൈതാത്മാവിന്റെ കാപട്യമെന്ന പോലെ കാമ്പില്ലാത്ത ദൈവവിശ്വാസത്തിനും  ത്വരകമാകുന്നു.
എന്നാല്‍, ദൈവവിശ്വാസത്തെ തര്‍ക്കിച്ചു പരാജയപ്പെടുത്തി ദൈവമില്ലെന്നു സ്ഥാപിച്ച് പ്രശ്നങ്ങളെ പരിഹരിക്കാമെന്നു കരുതുന്നവര്‍ യാഥാര്‍ത്ഥ്യത്തെ ശരിയായ ദിശയില്‍ അഭിസംബോധന ചെയ്യുന്നില്ല. ദൈവമെന്ന ആശയം ഒരു ഭൗതികശക്തിയായി സമൂഹത്തെ കീഴ്പ്പെടുത്തി നില്ക്കുന്നുണ്ടെന്ന് കാണാതിരിക്കരുത്. മനുഷ്യന്‍ മതത്തെ സൃഷ്ടിച്ച ഭൗതികസാഹചര്യങ്ങള്‍ ഇല്ലാതാകണം മതം ഇല്ലാതാകാന്‍. ദൈവവും അങ്ങനെ തന്നെയല്ലേ?

Wednesday, October 20, 2010

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."



ഓട്ടോ റെനേ കാസ്റ്റിലോയുടെ 'അരാഷ്ട്രീയബുദ്ധിജീവികള്‍' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ്. കെ.ജി.ശങ്കരപ്പിളളയുടെ വിവര്‍ത്തനം. സച്ചിദാനന്ദന്‍ എഡിറ്റു ചെയ്ത 'കറുത്ത കവിത' എന്ന നീഗ്രോകവിതകളുടെ സമാഹാരത്തില്‍. വടകരയിലെ അയിനിക്കാട് ദര്‍ശന ഗ്രന്ഥവേദിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. ജീവന്‍ എന്നു പാര്‍ട്ടി പേരിട്ടിരുന്ന സഖാവാണ് കറുത്ത കവിതയുടെ കുറേ പ്രതികളുമായി കുടയത്തൂര്‍ പബ്ലിക് ലൈബ്രറിയില്‍ വന്നത്. ( ഒരു ഉന്മൂലനക്കേസില്‍ പ്രതിയായിരുന്ന അബ്ദുളളയാണ് ജീവന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അറിയുന്നത്. ) ഞങ്ങള്‍, ഇടതുപക്ഷരാഷ്ട്രീയത്തോട് ആഭിമുഖ്യമുളള വിദ്യാര്‍ത്ഥികളുടെ ഒരു സുഹൃത് വൃന്ദം ലൈബ്രറിയിലുണ്ടായിരുന്നു. ജീവന്‍ ഞങ്ങള്‍ക്കുവേണ്ടി മാത്രമായി കൊണ്ടുവന്നതായിരുന്നു ആ പുസ്തകം. 'കറുത്ത കവിത' യില്‍ ചേര്‍ത്തിരുന്ന അവസാനത്തെ കവിത കാസ്റ്റിലോയുടേതായിരുന്നു. സെങ്കോറിന്റേയും സെസയറുടേയും സോയിങ്കയുടേയും നിക്കോളസ് ഗിയന്റേയും കവിതകള്‍ ഈ സമാഹാരത്തില്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് എല്ലാവരാലും സ്വീകരിക്കപ്പെട്ടത് കാസ്റ്റിലോയുടെ ഈ കവിതയായിരുന്നു. എവിടെയെങ്കിലും അനീതി നടന്നാല്‍ അവിടെ ഒരു കലാപം നടക്കണമെന്ന സാംസ്ക്കാരികവേദിയുടെ മുദ്രാവാക്യത്തില്‍ ആകൃഷ്ടരായിരുന്നവര്‍ക്ക് ഈ കവിതയോട് താല്പര്യം തോന്നിയതില്‍ അത്ഭുതമില്ലല്ലോ.

ഇപ്പോള്‍, ഈ കവിതയുടെ പുതിയ ചില വിവര്‍ത്തനങ്ങള്‍ നമുക്ക് വായിക്കാന്‍ ലഭിക്കുന്നു. അമേരിക്കയില്‍ പ്രവൃത്തിയെടുക്കുന്ന രാജേഷ് ആര്‍ വര്‍മ്മയുടെ ബ്ലോഗിലാണ് ആദ്യത്തെ വിവര്‍ത്തനം പ്രത്യക്ഷപ്പെട്ടത്. ഇത് കാസ്റ്റിലോയുടെ വരികളെ മാനകഭാഷയില്‍ പിന്തുടരുന്ന വിവര്‍ത്തനമാണ്. കെ.ജി.ശങ്കരപ്പിളളയുടെ പരിഭാഷയേയും അത് പിന്തുടരുന്നുണ്ടെന്ന് പറയണം. ഇതിന്റെ തുടര്‍ച്ചയെന്നോണം വ്യത്യസ്ത ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സുകളിലും ചില വിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദേവാനന്ദ് പിളള, ഡാലി ഡേവിസ്, ആദിത്യന്‍, പ്രമോദ് എന്നിവരുടെ പരിഭാഷകളാണ് ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. കവിതയുടെ പരിഭാഷകളോടൊപ്പം ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള കമന്റുകളും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവയാണ്. ചില വിവര്‍ത്തനങ്ങളുടെ പകര്‍പ്പുകള്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കാസ്റ്റിലോയുടെ കവിതയെകുറിച്ച് ഏകദേശരൂപം ലഭിക്കാന്‍ അതിന്റെ ആംഗലഭാഷാ പരിഭാഷയുടേയും, കെ.ജി.എസ്സിന്റെയും രാജേഷ്.ആര്‍.വര്‍മ്മയുടേയും പരിഭാഷകളുടെയും ആദ്യഖണ്ഡം നല്‍കാം.
One day
the apolitical
intellectuals
of my country
will be interrogated
by the simplest
of our people.

They will be asked
what they did
when their nation died out
slowly,
like a sweet fire
small and alone.
(ആംഗല വിവര്‍ത്തനം, കാസ്റ്റിലോ ആര്‍ക്കൈവില്‍ നിന്നും)

ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും.
(കെ.ജി.എസ്.)


ഒരു നാള്‍,
ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ എന്തു ചെയ്തു എന്ന്
അവര്‍ ചോദിക്കും
(രാജേഷ് ആര്‍ വര്‍മ്മ)

എന്നാല്‍, ഈ വിവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി മലയാളഭാഷയുടെ പ്രാദേശികഭേദങ്ങളിലാണ് പുതിയ 
വിവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്.
വ്യത്യസ്ത സ്വത്വങ്ങളെ ഈ ഭാഷാഭേദങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നു വ്യാഖ്യാനിക്കുന്നവരുണ്ടാകാം.അരാഷ്ട്രീയബുദ്ധിജീവികളെ ചോദ്യം ചെയ്യുന്നവരുടെ സ്വത്വത്തെ ഉള്‍ക്കൊളളുന്നതിനുളള മാര്‍ഗ്ഗമായും ഇത് അവതരിക്കപ്പെട്ടേക്കാം. തിരുവനന്തപുരം, തൃശൂര്‍, മലബാര്‍ ഭാഷാഭേദങ്ങളിലാണ് യഥാക്രമം ദേവാനന്ദും ഡാലി ഡേവിസും പ്രമോദും വിവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. അവരുടെ വിവര്‍ത്തനങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

നാട് മുടിയുമ്പ
ഈ എരണംകെട്ടതുങ്ങള്‍
എന്തരില്‍ ചാളുവ ഒലിപ്പിച്ചതെന്ന് കേക്കും.
യെവമ്മാരടെ ബാലരാമൊരം മുണ്ടും
ഉണ്ടേച്ചൊള്ള തൂക്കവും ഗവനിക്കൂല്ല.
യെവന്മാരുടെ ഷണ്ണം പിടിച്ച കഴപ്പും
ചിക്കിലീടെ പടിപ്പും കാര്യാക്കൂല്ല.
യെവമ്മാരടെ അസ്തിത്ത ദുഖോം
കോണോത്തിലെ ചരിത്രപ്പടിപ്പും
യെവനും മൈന്‍ഡ് ചെയ്യൂല്ല
യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക്
ഞായോം കേക്കൂല്ല.
ഇഞ്ഞോട്ട് വരും സാതാരണക്കാര്
പള്ളിക്കൂടത്തി പോവാതെ
വിയര്ത്ത്‍ പണിത അണ്ണമ്മാര്
എന്നിട്ട് കേക്കും നിന്നോടൊക്കെ
ഞാളിവിടെ കട്ടയടിച്ച് തള്ളിപ്പോയപ്പ
നീയെക്കെ എന്തരു ചെരക്കുവാരുന്നെടേന്ന്.
നാക്കെറങ്ങിപ്പോവും അപ്പം പയലുകളേ, തള്ളേണെ
(ദേവാനന്ദ് പിള്ള)


പൂരത്തിന്റെ ചരിത്രാ, ഭൂമിശാസ്ത്രാ, പെരന്നാള്‍‌ക്ക് വാലായ്മ നോക്കീതാ, ഒരു രോമോം ചോയ്ക്കാന്‍ നിക്കില്യ
എമണ്ടന്‍ നോണൊണ്ട്
ഇവറ്റോളിണ്ടാക്കണ
ന്യായീകരണോം കേക്കാന്‍ നിക്കില്യ
ആ ദൂസം
അങ്ങാടിക്കാര് കേറി നെരങ്ങും
പഠിപ്പും പത്രാസുമില്യാത്തോര്
ഇവറ്റോള്‍‌ക്കായിറ്റ്
മുണ്ട് മുറുക്കി പണീട്‌ത്ത സാധാരണക്കാര്
എന്നട്ടൊരു ചോദ്യണ്ട് ;
ഇമ്മളൊക്കെ കെടന്ന്
ചക്രശ്വാസം വലിക്ക്‌ണ നേര്‌ത്ത്
ഏത് കോണത്തീ പോയീ കെടക്കാര്‍ന്നൂറാ കന്നാല്യോളേന്ന്
കൊരലു വറ്റി, നാക്കെറ്ങ്ങി
മിണ്ടാട്ടം മുട്ടിപൂവും
ഒക്കേത്തിനും
(ഡാലി ഡേവിസ്)


അന്ന്
കഞ്ഞികുടിക്കാനില്ലാത്തോന്മാറ് വെരും.ഈ നായിന്റെ മോന്റെയെല്ലാം കതേലും പാട്ടിലൊന്നും
സലം കിട്ടീറ്റില്ലാത്തോന്മാറ്.ഓന്റെയെല്ലാം അണ്ണാക്കില്
ചോറും കറീം കുത്തിക്കേറ്റിയോന്മാറ്
എറച്ചീം മുട്ടേം കൊടുത്തോമ്മാറ്
കോണം അലക്കിക്കൊടുത്തോമ്മാറ്
ഓന്റെ നായീനെ പോറ്റിയോമ്മാറ്
ഓന്റെ വണ്ട്യോടിച്ചോമ്മാറ്
ഓറ് വെരും
എന്നിറ്റ് മോത്തു നോക്കി ചോയിക്കും
പൊര കത്തുമ്പം
ഏട്യേനും നായിന്റെ മക്കളേ
നിങ്ങളെല്ലാംന്ന്
അന്ന്
നിന്റ്യെല്ലാം
നാവ് താണുപോകും

നായീ 
(പ്രമോദ്)

മലയാളകവിതയിലേക്കു കടന്നുവന്നിട്ടില്ലാത്ത വാക്കുകളെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. "ശാസ്ത്രത്തില്‍ എന്തുമാകാ" (“anything goes”)മെന്നു് ശാസ്ത്രദാര്‍ശനികനായ 
പോള്‍ ഫയറബന്റ് പറഞ്ഞതിനെ ഇവര്‍ കവിതയ്ക്കും ബാധകമാക്കുന്നുവെന്നു പറയണം. കവിതയില്‍ എന്തുമാകാം. മാനകഭാഷയെ കൈവിട്ട് പ്രാദേശികഭാഷാഭേദങ്ങളില്‍ നിന്നുകൊണ്ട് എഴുതാന്‍ 
ശ്രമിക്കുന്നതിലെ പുരോഗമനപരവും ധനാത്മകവുമായ 
അംശങ്ങളെ കാണുന്നത് നല്ലതു തന്നെ. ഇത് കവിതയില്‍ സൃഷ്ടിക്കുന്ന മിമിക്രിയെ കാണാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗമാകരുത്. മിമിക്രിയെ അനുകരണമെന്നു പോലും വിളിക്കാന്‍ കഴിയില്ല. പലപ്പോഴും ഒന്നിനേയും ആത്മാവില്‍ വഹിക്കാതിരിക്കുകയും മനുഷ്യനെ വിഡ്ഢിയാക്കി ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു പരിപാടിയായി മാറിത്തീരുന്നു, അത്. വിവര്‍ത്തനം ചെയ്തപ്പോള്‍ കവിത ചോര്‍ന്നുപോയോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കുന്നില്ല. എന്നാല്‍, ഓട്ടോ റെനെ കാസ്റ്റിലോ രചിച്ച കവിതയുടെ ആത്മാവിനെ ഈ വിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ടോ 
എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സാമൂഹികയാഥാര്‍ത്ഥ്യത്തെ കേവലം ഭാഷാലീലകളാക്കി മാറ്റി രസിക്കുന്ന പുതിയ ബുദ്ധിജീവിതത്തെ നാം ഇവിടെ കാണുന്നു. ഇത് ഉത്തരാധുനിക ബുദ്ധിജീവിതമാണ്. ഈ ബുദ്ധിജീവിതത്തില്‍ കാസ്റ്റിലോയുടെ കവിത ചിരിക്കുളള ഒരു ഉപകരണമായി മാറുന്നു.  
മറ്റൊരു സിനിമാല പരിപാടിയാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന്
നമുക്കു തോന്നിപ്പോകുന്നു. ഇത് ആ കവിതയുടെ ആത്മാവിനെത്തന്നെ വഞ്ചിക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നു. "കലക്കി അളിയാ, കൈകൊട്" എന്ന് ഒരു വിവര്‍ത്തകന്‍ അടുത്തയാളെ പ്രശംസിക്കുമ്പോള്‍, കവിതയുടെ ആത്മാവിനെ ചൂണ്ടിയല്ല പ്രശംസയെന്നു തോന്നിപ്പോകുന്നു. ദരിദ്രന്റെ ഭാഷയിലെ ഭേദങ്ങളെ മദ്ധ്യവര്‍ഗ്ഗത്തിന്റെ ചിരിക്കുളള വിഭവമാക്കി ചുരുക്കുന്ന കൃത്യമാണിത്. പാസ്റ്റിഷ് എന്ന പോലെ മിമിക്രിയും ഉത്തരാധുനികരചനകളുടെ രൂപമായി മാറുന്നുവോ?

ഈ കവിതയുടെ വിവര്‍ത്തകര്‍ മാനകഭാഷ ഉപയോഗിക്കുന്നതില്‍ പ്രവീണരല്ലാത്തതുകൊണ്ടല്ല രചനകള്‍ ഇങ്ങിനെയായിത്തീരുന്നത്. വിവര്‍ത്തകരുടെ സ്വത്വത്തിന്റെ പ്രകാശനമായിരുന്നു വിവര്‍ത്തനങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടതെന്നു കരുതുകയും വയ്യ. ഇത് നമ്മുടെ കവിതയിലെ ചില പുതിയ പ്രവണതകളെ കാണിച്ചുതരുന്നുണ്ടോ? നമ്മുടെ അറിയപ്പെടുന്ന ഒരു യുവകവി കൂടി ഈ വിവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ടല്ലോ ഇതൊരു പ്രവണതയായി മാറിയാല്‍ 
മലയാളത്തിലെ ചലച്ചിത്രങ്ങളെന്ന പോലെ കവിതയും മിമിക്രിയില്‍ മുങ്ങിപ്പോകുമോ? നമ്മുടെ ഭാവുകത്വത്തെ ഈ പ്രവണതകള്‍ എങ്ങനെയാണ് പരിവര്‍ത്തിപ്പിക്കുക?

ഇതോടൊപ്പം മറ്റൊരു കവിതയെ കുറിച്ചു കൂടി പറയണം
 കെ.ജി.എസിന്റെ "ചെറിയ ചെറിയ വിധികര്‍ത്താക്കള്‍ വരും”
എന്ന കവിതയെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.  
ഈ കവിതയില്‍ ഒരു പുതിയ ചോദ്യം ചെയ്യലിനെ നാം അഭിമുഖീകരിക്കുന്നു. പ്രകൃതിയിലെ സൂക്ഷ്മജീവികള്‍ മനുഷ്യകുലത്തോട് ചില ചോദ്യങ്ങള്‍ 
ഉന്നയിക്കുന്നു. കാസ്റ്റിലോയുടെ കവിതയെ ഓര്‍മ്മിപ്പിക്കുന്ന ശീര്‍ഷകത്തിന്നടിയില്‍ എഴുതപ്പെട്ടിരിക്കുന്ന വാക്കുകള്‍ ഉയര്‍ന്ന പാരിസ്ഥിതികാവബോധത്തിന്റെ സൃഷ്ടിയാണ്.  
കെ.ജി.എസിന്റെ കവിത മുന്നോട്ടുള്ള കാല്‍വയ്പാണ്.  
കാസ്റ്റിലോയുടെ കവിതയുടെ പുതിയ വിവര്‍ത്തനങ്ങളോ?

Friday, September 10, 2010

ജനാധിപത്യവല്ക്കരണപ്രക്രിയക്ക്‌ എന്താണ്‌ സംഭവിച്ചത്‌?

അടിയന്തരാവസ്ഥ, കരിനിയമങ്ങളുടെ നിര്‍മ്മാണവും നടപ്പാക്കലും, ആസൂത്രിതമായ വംശീയ കൂട്ടക്കൊലകള്‍, ഏറ്റുമുട്ടല്‍ മരണങ്ങള്‍, തടവറയിലെ കൊലപാതകങ്ങള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളും പീഡനമുറകളും, പ്രതിരോധസംഘങ്ങളെ നിരോധിക്കല്‍ തുടങ്ങി പുറമേക്കു പ്രത്യക്ഷമാകുന്ന എല്ലാ ജനാധിപത്യധ്വംസനപ്രവര്‍ത്തനങ്ങളേയും സമാനസ്വഭാവമുള്ള ഇതരപ്രവണതകളേയും കുറിച്ചു പറയുന്നതിപ്പുറം ഇതിന്നടിസ്ഥാനമായ സാമൂഹികവ്യവസ്ഥയുടെ മൂല്യവ്യവസ്ഥയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക്‌ കൂടുതല്‍ പ്രസക്തിയുണ്ട്‌. ജനാധിപത്യമെന്നാല്‍ പാര്‍ലമെന്ററിവ്യവസ്ഥയാണെന്ന ന്യൂനീകരണത്തിന്‌ വലിയ ശ്രദ്ധ ലഭിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ എല്ലാ ജനാധിപത്യവിരുദ്ധമായ പ്രവണതകളേയും ചെറുത്തു തോല്‍പിക്കാന്‍ കഴിയുന്ന രീതിയില്‍ ജനാധിപത്യത്തെ കുറിച്ചുള്ള വളരെ വിശാലമായ നിര്‍വ്വചനങ്ങള്‍ പുന:സ്ഥാപിക്കപ്പെടേണ്ടതാണ്‌. പാര്‍ലമെന്ററി ജനാധിപത്യത്തിന്‌ പണാധിപത്യമാകാനും ക്രിമിനലുകളുടെ ആധിപത്യമാകാനും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെയോ സാമ്രാജ്യത്വകേന്ദ്രങ്ങളുടെയോ താല്‍പര്യാനുസൃതമുള്ള ഭരണകൂടനിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗമാകാനും കഴിയുമെന്ന്‌ ഇന്ത്യന്‍ അനുഭവങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ടല്ലോ. കൊട്ടിഘോഷിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശുദ്ധി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭകളെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ പിരിച്ചുവിട്ടുകൊണ്ടും മറ്റും ഇതരരീതികളിലും തെളിയിച്ചിട്ടുണ്ട്‌. ജനാധിപത്യമെന്നത്‌ വര്‍ഗ്ഗനിരപേക്ഷമായ ഒരു പ്രശ്നമല്ലെന്ന്‌ നമ്മെ വീണ്ടും ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയാണിത്‌. പാര്‍ലമെന്റിനെ പന്നിക്കൂടെന്നും സൊള്ളല്‍കേന്ദ്രമെന്നും വിളിച്ച ലെനിന്‍ തൊഴിലാളിവര്‍ഗ്ഗജനാധിപത്യം ബൂര്‍ഷ്വാജനാധിപത്യത്തേക്കാള്‍ പത്തുലക്ഷം മടങ്ങു മെച്ചമാണെന്നു പറഞ്ഞത്‌ ജനാധിപത്യത്തിന്റെ വര്‍ഗാടിസ്ഥാനങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു.


ചരിത്രത്തില്‍ ആധുനികജനാധിപത്യത്തെ കുറിച്ചുള്ള പ്രാഥമികസങ്കല്‍പനങ്ങള്‍ പിറന്നു വീണത്‌ ഒറ്റക്കായിരുന്നില്ല. ആധുനികജനാധിപത്യസങ്കല്‍പനങ്ങള്‍ക്ക്‌ ഐഹികതയുടേയും ശാസ്ത്രീയതയുടേയും യുക്തിചിന്തയുടേയും മൂല്യങ്ങളോട്‌ വലിയ ബന്ധമുണ്ടായിരുന്നു. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ ത്വരിപ്പിക്കുന്ന ഘടകങ്ങളായി ഇവയോരോന്നും പ്രവര്‍ത്തിച്ചു. ഫ്യൂഡല്‍ ഉല്‍പാദനബന്ധങ്ങളെ തകര്‍ക്കുന്ന വിപ്ളവങ്ങളുമായി അതിനു ബന്ധമുണ്ടായിരുന്നു. പാട്ടവ്യവസ്ഥ അവസാനിപ്പിക്കുകയും സമഗ്രമായ ഭൂപരിഷ്ക്കരണനടപടികള്‍ ഏറ്റെടുക്കപ്പെടുകയും കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഉച്ചത്തില്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമായിരുന്നു അത്‌. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിന്‌ ഭൂപരിഷ്ക്കരണപ്രവര്‍ത്തനങ്ങള്‍ ഒരു മുന്നുപാധിയായി നില്‍ക്കുന്നതു കാണാം. അതുകൊണ്ട്‌ കൃഷിഭൂമി കര്‍ഷകന്‌ എന്ന മുദ്രാവാക്യം നക്സലൈറ്റുകളുടെയോ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെയോ മുദ്രാവാക്യമല്ല, ഏതൊരു ജനാധിപത്യവാദിയുടേയും മുദ്രാവാക്യമാണ്‌. അതുകൊണ്ട്‌ ഈ മുദ്രാവാക്യത്തെ സ്വീകരിക്കാത്തവര്‍ ഏതു കമ്മ്യൂണിസ്റ്റുലേബലില്‍ പ്രത്യക്ഷപ്പെട്ടാലും അയാള്‍ ജനാധിപത്യവാദിയല്ല. കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്ക്കരണം ഭാഗികമായിരുന്നുവെന്നും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അപകടകരമാണെന്നും തിരിച്ചറിയാത്തവര്‍ക്ക്‌ കേരളസമൂഹത്തിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയക്ക്‌ തടസ്സമായി ഭവിക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനോ അവയെ ചരിത്രത്തില്‍ നിന്നും തൂത്തെറിയുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃശക്തിയാകാനോ കഴിയില്ല. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയക്ക്‌ ഉല്‍പാദനബന്ധങ്ങളിലെ നിര്‍ണായകമായ സ്ഥാനം ഉറപ്പിക്കപ്പെടേണ്ടതുണ്ടെന്നാണ്‌ ഇതിന്നര്‍ത്ഥം.


ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളെന്ന നിലയ്ക്കല്ലാതെ തന്നെ സമൂഹത്തിന്റെ ഉപരിഘടനയില്‍ ജനാധിപത്യധ്വംസനപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്‌ ജനാധിപത്യസംസ്ക്കാരമില്ലാത്ത സമൂഹത്തെ കാണിച്ചുതരുന്നു. സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഇപ്പോഴും ഭരിക്കുന്നത്‌ നാടുവാഴിത്ത മൂല്യങ്ങള്‍ തന്നെയാണ്. ഇവിടെ, ആചാരേതരമോ ജാതിവിരുദ്ധമോ ആയ വിവാഹങ്ങള്‍ പോലും നിഷിദ്ധമാകുകയും ഏറ്റവും യാഥാസ്ഥിതികമായ സ്ത്രീ പുരുഷബന്ധങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളും അധ:സ്ഥിതജനവിഭാഗങ്ങളും ആക്രമിക്കപ്പെടുന്നു. അഴിമതിയും അസത്യവും സാമൂഹിക ജീവിതത്തെ ഭരിക്കുന്നു. സാമൂഹികനീതിയുടെ പ്രാഥമികസങ്കല്‍പനങ്ങള്‍പോലും തുടച്ചുനീക്കപ്പെടുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്‌ വര്‍ഗ്ഗീയതക്ക്‌ ത്വരകമാണെതിന്റെ ഉദാഹരണവും കേരളമാണ്‌. ആധുനികകേരളം ആദ്യമായി ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്‌ കീഴ്പ്പെടുന്നത്‌ കേരളത്തിലെ ആദ്യത്തെ ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിച്ച വിമോചനസമരത്തെ തുടര്‍ന്നാണ്‌. മലയാളികള്‍ അതേവരെ ആര്‍ജ്ജിച്ചെടുത്ത ജനാധിപത്യപരമായ പൊതുമണ്ഡലത്തെ പിളര്‍ക്കുകയായിരുന്നു വിമോചനസമരം ചെയ്തത്‌. പൊതുസമൂഹത്തിന്റെ ജനാധിപത്യപരമായ ഇടപെടലുകളെ തടയുന്ന രീതിയില്‍ കേരളജനതയെ വോട്ടൂബാങ്കുകളായി വിഭജിച്ചെടുക്കുന്നതില്‍ പിന്നീട്‌ ഇവിടെ വളര്‍ന്നുവന്ന മുന്നണിരാഷ്ട്രീയം വിജയിച്ചിട്ടുണ്ടെന്നും കാണണം.


അയിത്താചാരങ്ങളുടെ പേരില്‍ ഭ്രാന്താലയം എന്നു വിളിക്കപ്പെട്ട മലയാളനാട്ടില്‍ എല്ലാ ജാതിമതസ്ഥരും ഒരുമിച്ചിരുന്നു പഠിക്കുന്ന ഒരു വിദ്യാലയസമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ സ്ഥാപിച്ചെടുക്കാന്‍ പില്‍ക്കാലത്ത്‌ കേരളജനതക്ക്‌ കഴിയുകയുണ്ടായി. കേരളസമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും ഫ്യൂഡല്‍മൂല്യങ്ങളും വരേണ്യാവസ്ഥയും പൊതുവിദ്യാഭ്യാസത്തിന്റെ കടന്നുവരവിനെ തടഞ്ഞിരുന്നുവെങ്കിലും ഈ കടമ്പകളെയെല്ലാം മറികടക്കുന്ന ധീരമായ ഒരു പുരോഗമന മനസ്സിനെ ആര്‍ജ്ജിച്ചുകൊണ്ടാണ്‌ നമ്മുടെ ജനത ഒരു പൊതുവിദ്യാഭ്യാസക്രമത്തെ സൃഷ്ടിച്ചെടുത്തത്‌. ചരിത്രത്തിലെ അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ വ്യക്തികളും പ്രസ്ഥാനങ്ങളും ഇതിന്നായി അനുഭവിച്ച ത്യാഗങ്ങളും യാതനകളും അളവറ്റതാണ്‌. കേരളത്തിലെ വിദ്യാഭ്യാസമേഖല ഇപ്പോള്‍ ഈ പൊതുവിദ്യാഭ്യാസക്രമത്തിന്റെ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്‌. കേരളസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ ത്വരിപ്പിച്ച ഒരു വലിയ ഘടകത്തിന്റെ നാശമാണിത്‌. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച കേരളസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെയും മന്ദീഭവിപ്പിക്കുമെന്നു തീര്‍ച്ചയാണ്‌!


കേരളസമൂഹം നേരിടുന്ന കൊടിയ വിപത്തിനെ തിരിച്ചറിയുകയും ജാഗ്രത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യണ്ട സന്ദര്‍ഭമാണിത്‌.

Sunday, August 8, 2010

ജയനാരായണന്‍





നമുക്ക്‌ ജയനാരായണന്‍ എന്ന പേരില്‍ ഒരു കഥാകാരനുണ്ടായിരുന്നു. ജയനാരായണന്‍ ആധുനികതാവാദത്തിന്റെ ഒരു നല്ല വക്താവായിരുന്നു. ജയനാരായണന്റെ കഥകളില്‍ ആധുനികതാവാദത്തിന്റെ താല്‍പര്യങ്ങള്‍ അതിന്റെ മുഴുവന്‍ സമൃദ്ധിയോടെയും പ്രവര്‍ത്തിക്കുന്നതു കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ കഥകളുടെ ശില്‍പതന്ത്രങ്ങള്‍ ലാവണ്യവാദത്തോടുള്ള കൂറ്‌ പ്രകടിപ്പിക്കുന്നവയാണ്‌. 'സമയം ഒരു സമസ്യ' എന്ന പേരില്‍ ജയനാരായണന്‍ ഒരു കഥ എഴുതിയിട്ടുണ്ട്‌. സ്ഥലകാലങ്ങളെ പഴയ ഓര്‍മ്മകളില്‍ ബന്ധിച്ചു നിര്‍ത്തി തന്റെ അസ്തിത്വത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിമലയുടെ കഥയാണിത്‌. അസ്തിത്വവ്യഥകളെ പ്രമേയമാക്കുന്ന എം. മുകുന്ദന്റെ 'രാധ, രാധ മാത്രം' എന്ന കഥയോട്‌ ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്‌. ആധുനികതാവാദത്തെ മലയാളത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ 'രാധ, രാധ മാത്രം' എന്ന കഥയെ ഏറെ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍, അസ്തിത്വവാദത്തിന്റെ ആശയലോകത്തെ കേവലമായി പരാവര്‍ത്തനം ചെയ്യുകയാണ്‌ മുകുന്ദന്റെ കഥ ചെയ്തതെങ്കില്‍ ജയനാരായണന്റെ കഥ ആ ആശയലോകത്തോടുള്ള സര്‍ഗാത്മകപ്രതികരണമായിരുന്നു.




ആധുനികവാദികളായ നവവിമര്‍ശകരുടെ രചനകളില്‍ ജയനാരായണന്‍ അധികമൊന്നും പരാമര്‍ശിക്കപ്പെട്ടതേയില്ല. ആധുനികതാവാദത്തിന്‌ താല്‍പര്യമുള്ള ആശയങ്ങളെ അതേപടി പരാവര്‍ത്തനം ചെയ്യുകയും അങ്ങനെ പ്രത്യയശാസ്ത്രപ്രചരണം നിര്‍വ്വഹിക്കുകയും ചെയ്യു കഥകളെ ആഘോഷിച്ചിരുന്ന നവവിമര്‍ശകര്‍ ആ ആശയങ്ങളെ ഭാവനയിലെ മഹാനുഭവങ്ങളാക്കി മാറ്റാന്‍ ശ്രമിച്ച ജയനാരായണന്റെ കഥകളെ പരിഗണിക്കാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു. നവവിമര്‍ശകര്‍ പുറമ്പോക്കിലേക്കു തള്ളിയ ആധുനികതാവാദിയെന്ന്‌ ഈ എഴുത്തുകാരനെ കുറിച്ചു പറയണം. ഇത്‌ നമ്മുടെ കഥാസാഹിത്യത്തില്‍ സമീപഭൂതകാലത്തു നടന്ന അവഗണനയുടെ കഥയാണ്‌.



POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...