മലയാളത്തിലെ പ്രധാനപ്പെട്ട കവികളിലൊരാളായ ശ്രീ പി. രാമൻ അദ്ദേഹത്തിന്‍റെ ബ്ലോഗിൽ അവസാനമായി എഴുതിച്ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ എന്നെ പരാമർശിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിച്ചു എന്ന് ആ ലേഖനത്തില്‍ ആരോപിക്കുന്നു. 'കനം' എന്ന അദ്ദേഹത്തിന്‍റെ പുസ്തകം പുറത്തിറങ്ങിയ സമയത്ത് 'കവിതാസംഗമം' മാസികയിൽ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.ഈ ലേഖനത്തെ ചൊല്ലി ഇതിനു മുമ്പു തന്നെ പി രാമൻ പല പ്രസ്താവങ്ങൾ നടത്തിയിട്ടുള്ളതാണ്.
ഭാഷാപോഷിണിയിൽ വി കെ സുബൈദ ടീച്ചറുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തിൽ എന്‍റെ പേരു പറയാതെ 'യുജിസി പ്രൊഫസറും പ്രൊഫസറും സർവ്വോപരി നക്സലൈറ്റും ആയ ഒരാൾ' എന്നു വിശേഷിപ്പിച്ചു കൊണ്ട് രാമന്‍ അവഹേളിക്കാന്‍ ശ്രമിച്ചിരുന്നു. അഭിമുഖസംഭാഷണം നടത്തിയ സുബൈദ ടീച്ചർക്കു പോലും ഇദ്ദേഹം ആരെയാണ് പരാമര്‍ശിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. പിന്നീടൊരിക്കൽ കൊടുങ്ങല്ലൂർ കെകെടിഎം കോളേജിൽ ഹിസ്റ്ററി വിഭാഗം നടത്തിയ ഒരു സെമിനാറിൽ പങ്കെടുക്കാൻ ഞാൻ അവിടെ ചെല്ലുമ്പോൾ സുബൈദ ടീച്ചറെ കണ്ട സന്ദർഭത്തിൽ ഞാന്‍ പറയുമ്പോഴാണ് ടീച്ചർക്ക് കാര്യങ്ങൾ മനസ്സിലാകുന്നത്. എന്തായാലും, അദ്ദേഹം ഉപയോഗിച്ച വിശേഷണങ്ങൾ പേരായി സ്വീകരിച്ചുകൊണ്ടു തന്നെ ഞാനൊരു പ്രതികരണം കത്തായി എഴുതുകയും അത് ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു വരികയും ചെയ്തിട്ടുള്ളതാണ്. ഇതു കൂടാതെ തന്നെയും ഈ വിഷയത്തിൽ, കവിതയും കവിതയുടെ നിരൂപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഞാൻ ഇതിനകം തന്നെ എന്‍റെ നിലപാടിനെക്കുറിച്ച് പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.
ജനശക്തി വാരികയിൽ 2015 ഡിസംബറില്‍ പി രാമന്റെ കവിതയെ കുറിച്ച് എഴുതിയ ഒരു ലേഖനത്തിൽ (''കവിത കൊണ്ട് പൂരിപ്പിക്കുന്നയിടങ്ങള്‍'') 'കനം' എന്ന പുസ്തകത്തെ കുറിച്ച് എഴുതിയ ലേഖനത്തെ പരാമർശിക്കുകയും എന്‍റെ നിലപാടിനെ
പുനഃ പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്.
ഇങ്ങനെയൊക്കയാണെങ്കിലും ഞാൻ അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഇപ്പോള്‍ ആദ്യമായാണ് ഉന്നയിക്കപ്പെടുന്നത്. അങ്ങനെയൊരു ആരോപണം ഇതേവരെ എന്‍റെ ശ്രദ്ധയില്‍ വന്നിരുന്നില്ല. ഇപ്പോൾ ബ്ലോഗിൽ എഴുതിയ ലേഖനത്തിലാണ് ആദ്യമായി ഈ ആരോപണം കാണുന്നത്. നേരത്തെ സുബൈദ ടീച്ചറുമായി നടത്തിയ അഭിമുഖത്തിലോ പിന്നീട് എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ട കുറിപ്പുകളിലോ അങ്ങനെയൊരു ആരോപണം അദ്ദേഹം ഉന്നയിച്ചത് എനിക്ക് അറിവില്ല. എസ്. ജോസഫ് എഴുതിയ ഒരു ലേഖനത്തെ കുറിച്ചുള്ള പ്രതികരണത്തില്‍ ജോസഫ് അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിച്ചു എന്നു പറഞ്ഞ സന്ദർഭത്തിലും എന്‍റെ പേര് അദ്ദേഹം എവിടെയെങ്കിലും പരാമർശിക്കുകയുണ്ടായിട്ടില്ല. ഇപ്പോൾ 24 വര്‍ഷത്തിനു ശേഷം ഉണ്ടായ വെളിപാടാണിത്. സുജിഷ് എന്ന യുവകവി രാമന്‍റെ 'മോക്ഷമന്ത്രം' എന്ന കവിതയെ കുറിച്ചെഴുതിയ വിമർശനങ്ങളുടെ തുടർച്ചയിലാണ് ഈ വെളിപാട് വരുന്നതെന്ന് തോന്നുന്നു.
'കന'ത്തെ കുറിച്ച് ഞാൻ എഴുതിയ ലേഖനത്തിൽ അദ്ദേഹം പരാമർശിക്കുന്ന ഭാഗങ്ങൾ ഇവയാണെന്നു തോന്നുന്നു. ''കവിതയിൽ ഇത്രയ്ക്ക് രസം നിറഞ്ഞത് വെണ്മണിക്കു ശേഷം ഇപ്പോഴാണ്. മുറുക്കിച്ചുവപ്പിച്ചൂം കുമ്പ തടവിയും പൂണൂല്‍ക്കെട്ട് പൊട്ടാതെ മെല്ലെ വലിച്ചു വീണ വായിച്ചും ഇത്തിരി ഇത്തിരി വീതം രസിക്കുക. രണ്ടുവരി, നാലുവരി,....12 വരി കവിതയരുത്.'' ഇവിടെ ഞാനെഴുതിയ ഒരു വാക്യവും ബ്രാഹ്മണനെയോ ബ്രാഹ്മണ്യത്തെയോ നേരിട്ടു പരാമർശിക്കുന്നതല്ല. മറിച്ച്, രാമന്‍റെ കവിത വെണ്മണികവിതയുടെ മുക്തകപാരമ്പര്യത്തെ ഓർമിപ്പിക്കുന്നതാണെന്നു പറയുക മാത്രമാണ് ഞാൻ ചെയ്തത്. അന്നത്തെ കവിതയുടെ ആസ്വാദ്യതയെയും രസനീയതയെയും കുറിച്ചുള്ള സങ്കല്‍പ്പനങ്ങളെയും അതിന്‍റെ സമീപനങ്ങളെയും പുനരാനയിക്കുന്നു എന്നു സൂചിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്.
ബ്രാഹ്മണ്യം എന്ന വാക്ക് ലേഖനത്തില്‍ ഉപയോഗിക്കുന്നില്ല. ബ്രാഹ്മണൻ എന്ന വാക്കും ഉപയോഗിക്കുന്നില്ല. മറ്റൊരിടത്ത് ബ്രഹ്മം എന്ന വാക്ക് വരുന്നുണ്ട്. അത് ഇവിടെയാണ്.
''നേതി, നേതി ....കവിത കവിതയാണ്. അറിഞ്ഞെന്നു ചൊല്ലുന്നവൻ ഇതിനെ തെല്ലും അറിഞ്ഞിട്ടില്ല. ഈ വിശുദ്ധിയെ നിർവ്വചിക്കാൻ നമ്മളാര് ? 916 ആലൂക്കാസ് സ്വർണ്ണത്തിന്‍റെ മേന്മയുടെ അളവാണ്. കവിതയുടേതല്ല. ആട്ടിൻകാട്ടം, ബ്രഹ്മം ... പര്യായപദങ്ങളെഴുതി ഈ കവിതയെ തോല്‍പ്പിക്കാമെന്നു കരുതുന്നവരെ കുറിച്ച് എനിക്കൊന്നും പറയാനില്ല''
ബ്രഹ്മത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഭാഗം എങ്ങനെ വന്നുവെന്ന് 'പുതിയ കവിത പിളരുന്നു' എന്ന എന്‍റെ' 'മാധ്യമം ആഴ്ചപതിപ്പി'ലെ ലേഖനത്തില്‍ രാമന്‍റെ കവിതയെ കുറിച്ചു പറയുന്നിടത്തു മനസ്സിലാകും. ആട്ടിന്‍കാട്ടം എന്‍റെ കല്‍പ്പനയല്ല. സച്ചിമാഷിന്‍റേതാണ്. അത് നല്ലൊരു വിമര്‍ശമായിരുന്നു.
2001 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്‍റെ ലേഖനം പകുതി പരിഹാസരൂപത്തിലും പകുതി ഗൗരവത്തിലും എഴുതപ്പെട്ട ഒരു ലേഖനമായിരുന്നു. ലേഖനത്തിന്‍റെ പ്രധാനപ്പെട്ട വിഷയം ആ പുസ്തകത്തിന് കവി എഴുതിയ മുഖക്കുറിപ്പായിരുന്നു. ഇക്കാര്യത്തെ എന്‍റെ 'ജനശക്തി'യിലെ ലേഖനം കൂടുതല്‍ വിശദീകരിക്കുന്നതു കൊണ്ട് ഇവിടെ വീണ്ടും പറയുന്നില്ല.
2001 ഓഗസ്റ്റ് മാസത്തിൽ 'കവിതാസംഗമ'ത്തിന് ഒരു ഇന്‍ലന്‍ഡ് ലക്കം പുറത്തിറങ്ങുന്നുണ്ട്. അതിന്‍റെ നാലിലൊന്നു ഭാഗത്തും എന്‍റെ ലേഖനത്തിനെതിരായ ഒരു പ്രതികരണമാണ്. അത് എഴുതിയത് എം അഞ്ജലിയാണ്. മലയാളത്തിലെ പിന്നീടുള്ള
കവിതാവേദികളിലോ കവിതാചർച്ചകളിലോ ഇങ്ങനെയൊരാളെ ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അഞ്ജലിയുടെ വിമര്‍ശനവും ബ്രാഹ്മണ്യത്തെ ചൊല്ലിയായിരുന്നില്ല, ഞാന്‍ കവിതയിലെ സമരചരിത്രത്തെ കുറിച്ചു പറഞ്ഞതിനെ ചൊല്ലിയായിരുന്നു.
ഇപ്പോൾ, ഞാൻ അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കുകയും അദ്ദേഹത്തിന്‍റെ ജീവിതചരിത്രം എഴുതിക്കൊണ്ട് അതിനു മറുപടി പറയാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സ്വന്തം കവിതയെ പ്രതിരോധിക്കേണ്ടത് സ്വന്തം ജീവിതചരിത്രം കൊണ്ടാണെന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് ഞാൻ സന്ദേഹിക്കുന്നു. എസ്. ജോസഫുമായുള്ള ചര്‍ച്ചയിലും ഇതേ വാദമാണ് അദ്ദേഹം ഉന്നയിച്ചത്.
'കനം' ലേഖനവും പി രാമനെക്കുറിച്ച് എനിക്കു പരാമർശിക്കേണ്ടി വന്നിട്ടുള്ള ലേഖനങ്ങളിലെ ഭാഗങ്ങളും
രാമന്‍റെ കവിതയെക്കുറിച്ച് 'ജനശക്തി'യിൽ എഴുതിയ ലേഖനവും ഉൾപ്പെടെ ഇവിടെ എന്‍റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ്. യഥാർത്ഥത്തിൽ എന്താണ് ഞാൻ രാമന്‍റെ കവിതയെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കാൻ രാമന്‍റെയും എന്‍റെയും സുഹൃത്തുക്കള്‍ക്ക് ഇത് സഹായകമാവും.
******************************************************
("കവിതാസംഗമം" ലേഖനം )
ഇല്ലാത്തതിന്റെ കനം
ഇപ്പോള്‍, എല്ലാം ശുദ്ധീകരിക്കപ്പെടുന്ന നാളുകളല്ലോ. വംശശുദ്ധി വരുത്തുവാന്‍ ജനിതകപരീക്ഷണം വരെ നടക്കുന്നു. വിശുദ്ധമെന്നു കരുതിയതെല്ലാം അശുദ്ധമാക്കപ്പെട്ടിരിക്കുന്നുവെന്നു പ്രചരിപ്പിച്ചവര്‍ ലോകത്ത് സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും നിറക്കാന്‍ ശ്രമിച്ചവരെന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. കവിതയേയും ശുദ്ധി ചെയ്‌തെടുക്കുകയാണ്. ശുദ്ധകവിത എന്ന ലേബലൊട്ടിച്ചു നല്കാന്‍ രാഷ്ട്രീയ കവിതയെ കുറിച്ച് വായ നിറയെ പറഞ്ഞവര്‍ തന്നെ മുന്നിലുണ്ട്. ഈ ശുദ്ധപാനീയത്തിന്റെ ഇളംമധുരം രുചിക്കുക! ലഹരിയില്‍ മുഴുകുക! പിന്നെ തുറന്ന ലോകത്തിന്റെ ഭോഗങ്ങളും ഉപഭോഗങ്ങളും ആഘോഷത്തോടെ സ്വീകരിക്കുക . ദീക്ഷ വിടരുത്; എത്ര വലിയ രോദനം കേട്ടാലും. ഇവിടെ കരച്ചില്‍ ഇല്ല.
ഒരു മഴയും നേരെ നനയാത്തവന്റെ കാലത്താണ് നമ്മുടെ കവിത എത്തിനില്ക്കുന്നത്. ഊത്താലടിയേറ്റവന്റെ അരസികത്വം മഴയോട് പകവീട്ടിത്തുടങ്ങിയിരിക്കുന്നു. കവിതയോടും. നാട്ടില്‍ മാത്രമല്ല; കാട്ടിലെത്തിയാലും ഇവര്‍ നിശ്ശബ്ദരാണ്. രാക്ഷസരൂപങ്ങള്‍ ജീവകണങ്ങള്‍ക്കു നേരെ വലിച്ചുവിടുന്ന അമ്പിനെ നേര്‍പാര്‍ത്താലും ദീക്ഷ വിടുകയില്ല. ധാര്‍മ്മികതയും അധാര്‍മ്മികതയും വ്യവച്ഛേദിക്കേണ്ടത് ഇവന്റെ കര്‍മ്മമല്ല.
കവിതയില്‍ ഇത്രയ്ക്കു രസം നിറഞ്ഞത് വെണ്മണിക്കു ശേഷം ഇപ്പോഴാണ്. മുറുക്കിച്ചുവപ്പിച്ചും കുമ്പ തടവിയും പൂണൂല്‍ക്കെട്ട് പൊട്ടാതെ മെല്ലെ വലിച്ചു വീണ വായിച്ചും ഇത്തിരി ഇത്തിരി വീതം രസിക്കുക. രണ്ടുവരി , നാലുവരി.. പന്ത്രണ്ടുവരി കവിതയരുത്.
ആഴമേ
നിന്റെ കാതലിലെങ്ങും
മീനുകള്‍
കൊത്തുവേല ചെയ്യുന്നു (-)
എന്റെ കുടത്തില്‍
നിറയാന്‍
പുഴയ്‌ക്കൊരു പുഞ്ചിരി മാത്രം
മതി.
(അമ്മ)
ഞാന്‍ പിടിച്ച പടത്തിന്
തീയിനാല്‍ ചട്ടമിട്ടു താ
(ഫെബ്രുവരി)
അനുഭൂതി നിറച്ചുവെച്ച കാപ്‌സ്യൂളുകള്‍! വായനക്കാരനിലേക്ക് ലഹരി സംക്രമിക്കുന്നു; ചരസ്സടിച്ചവനെപ്പോലെ. കാര്‍ലോസ് കാസ്റ്റനിഡ നിര്‍ദ്ദേശിച്ച ശക്തിസസ്യങ്ങളുപയോഗിച്ച് ആത്മീയമായ ഉള്‍ക്കാഴ്ചകളിലേക്ക് നയിക്കപ്പെട്ട ഫ്രിറ്റ്‌ജോഫ് കാപ്ര കണികാഭൗതികത്തിന്റെ നേരറിഞ്ഞു. കാവ്യസത്യമറിയുവാന്‍ ഈ കാപ്‌സ്യൂളുകള്‍ ഭക്ഷിക്കുക !
കവിതയ്ക്കു കവിതയുടെ ഗുണം. അല്പമധുരം എന്നു പറഞ്ഞവര്‍ പോലും ഈ ഗുണസാകല്യമറിയുന്നില്ല. കവിതയെക്കുറിച്ച് അറിയാത്തവന്‍ സൗന്ദര്യത്തേയും അകാല്‍പ്പനികതയേയും കുറിച്ച് പറയുന്നു. നേതി, നേതി.. കവിത കവിതയാണ്. അറിഞ്ഞെന്നു ചൊല്ലുന്നവന്‍ ഇതിനെ തെല്ലും അറിഞ്ഞിട്ടില്ല. ഈ വിശുദ്ധിയെ നിര്‍വ്വചിക്കാന്‍ നമ്മളാര്? 916- ആലുക്കാസ് സ്വര്‍ണ്ണത്തിന്റെ മേന്മയുടെ അളവാണ്. കവിതയുടേതല്ല. ആട്ടിന്‍കാട്ടം, ബ്രഹ്‌മം .. പര്യായപദങ്ങളെഴുതി കവിതയെ തോല്പിക്കാമെന്നു കരുതുന്നവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. ഇവയെല്ലാം വിഫലം. ഉറപ്പ്.
വായനക്കാരനോട് ഒരു വാക്ക്. മൃദുസ്‌മേരമാകാം. ഒരു ചെറിയ ഞെട്ടല്‍. പതുക്കെ ഒന്നു വിങ്ങുകയോ വിതുമ്പുകയോ ചെയ്യാം. മതി. മതി. കൂടുതല്‍ വികാരം കൊള്ളേണ്ട. രോഷം വേണ്ട. സന്തോഷവും സന്താപവും വേണ്ട. ഇത്രയും അനുവദിച്ചതു തന്നെ അധികം. ഇതു നിര്‍ഗുണ സത്ത. നിരാകാരമായിക്കൊണ്ടിരിക്കുന്നു!
വഴിയെവിടെ?
വഴിയെവിടെ?
മുല്ലത്തറയ്ക്കുമേല്‍
വളളിക്കുരുന്നുകള്‍-
ക്കൊക്കെയും സംഭ്രമം
പന്തലിട്ടില്ല,
പടര്‍ത്തീലവയുടെ
സംഭ്രമം നഷ്ട-
പ്പെടാതെ കാക്കുന്നു ഞാന്‍.
എത്ര ശുദ്ധം. ലളിതമീയാഖ്യാനം. അത്ഭുതം കൂറുക! എന്നാല്‍, വഴിയേതെന്ന സംഭ്രമം ഒഴിഞ്ഞുപോകാതെ കാത്തുവയ്ക്കാന്‍ ശ്രമിക്കുന്നവന്‍ ചലനങ്ങള്‍ക്കു തടയിടുന്നവനാണ്. യാഥാസ്ഥിതികത്വം സ്വയം വരിച്ചവനാണ്. മാറാനുളള വിമുഖത, സംഭ്രമങ്ങളെ കാക്കാനുളള സൗമനസ്യം യാഥാസ്ഥിതികതയുടെ സംരക്ഷണമാണ്.
കേരള കവിതയ്ക്ക് ഒരു ചരിത്രമുണ്ട്. ഇത്തിരിനേരത്തേക്ക് ഇക്കിളി പകരാനുളള കോപ്പൊരുക്കി നല്കുന്നതില്‍ നിന്നും വിടുതല്‍ നേടാന്‍ ശ്രമിക്കുന്ന സമരചരിത്രം. അനുഭൂതിയുടെ മണ്ഡലത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ ചരിത്രത്തെ ഈ കവിത മറയ്ക്കുന്നു. സമരപാഠങ്ങളെ പിന്നോട്ടു തളളാന്‍ യത്‌നിക്കുന്നു. എനിക്കു മുന്നില്‍ അടിമത്തവും മൃതിയും നടനമാടുമ്പോള്‍ താരങ്ങളുടെ ജ്വലനരഹസ്യത്തെക്കുറിച്ച് ഞാന്‍ എന്തിന് ആരായണമെന്ന അനാക്‌സിമെനിസിന്റെ പ്രാചീനമായ ചോദ്യത്തിനു മുന്നില്‍ അല്‍പ്പനേരമെങ്കിലും ഖിന്നനായി നില്‍ക്കാത്തവന്‍ മനീഷിയല്ല, കവിയുമല്ല, എത്രമാത്രം വിനയത്തോടെയെങ്കിലും; ധര്‍മ്മമൂല്യങ്ങളെ കുറിച്ച് എനിക്ക് ആധിയില്ലെന്ന് എഴുതാന്‍ തുനിയുന്നവനെ ഭയപ്പെടണം. വിഷം അമൃതത്തിന്റെ രുചിയില്‍ ലഭ്യമാണ്. മഹത്തായതെല്ലാം ബൃഹത്തായതെല്ലാം കഴിഞ്ഞിട്ടേ ഞാന്‍ വന്നതെന്ന്, അതുകൊണ്ടിങ്ങനെയെന്നും കുമ്പസാരം. വലുതെന്നും നല്ലതെന്നും അംഗീകാരം കൊണ്ടവ കളളനാട്യങ്ങളെന്ന, അവയുടെ സമഗ്രത മിഥ്യയെന്ന തത്ത്വചിന്താസാരം ഉളളില്‍.
കാര്യം രാഷ്ട്രീയമാണ്. എല്ലാ പടവും പൊഴിച്ചു ശുദ്ധമാകുന്ന കവിത രാഷ്ട്രീയമായ ഒരാവശ്യമായിരിക്കുന്നു. അധീശത്വത്തിന്. പുറം ലോകം കാണുന്ന കവിത വേണ്ട. ജീവിതം കാണുന്ന കവിത വേണ്ട. ജനങ്ങളുടേയും പ്രകൃതിയുടേയും രാഷ്ട്രീയം പറയുന്ന കവിത വേണ്ട. പുത്തന്‍ കൊളോണിയലിസത്തിന്റെ മാപ്പുസാക്ഷികളില്‍ പി. രാമന്റെ കവിതയും ഉള്‍പ്പെടുന്നു.
************************************************************************************************
(:"പുതിയ കവിത പിളരുന്നു!" എന്ന ശീര്‍ഷകത്തില്‍ മാധ്യമം ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനത്തില്‍ പി.രാമനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍)
ജയമോഹന്റെ രാഷ്ട്രീയവും ദാര്‍ശനികവുമായ നിലപാടുകള്‍ അദ്ദേഹത്തിന്റെ അനുഭൂതിമണ്ഡലത്തെ സ്വാധീനിച്ചിട്ടുളളതായി കരുതാന്‍ പാടില്ല. ഇങ്ങനെ കേവലമായ ഒരു ആഖ്യാനത്തോട് നടത്തുന്ന പ്രതികരണമാണ് കാവ്യാസ്വാദനമെന്ന് ജയമോഹന്‍ പറയും. കവിത എന്ത് അനുഭൂതി ഉണ്ടാക്കി എന്നു മാത്രമേ പറയാനാവുകയുളളൂ. അനുഭൂതി നിറച്ചുവച്ച കാപ്‌സ്യൂളുകളെന്ന് പി.രാമന്റെ കവിതയെ കുറിച്ച് എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്.
പുതിയ മലയാള കവിതയിലെ പിളര്‍പ്പ് സൃഷ്ടിക്കുന്ന ഒരുപാതി ജയമോഹന്റെ വീക്ഷണത്തെ ഏറിയും കുറഞ്ഞും സ്വീകരിക്കുന്നവരാണ്. ജയമോഹന്‍ തന്നെ തിരഞ്ഞെടുക്കുന്നതുപോലെ പി.രാമനും വീരാന്‍കുട്ടിയുമാണ് ഈ പാതിയെ ശരിയായി പ്രതിനിധാനം ചെയ്യുന്നവര്‍. ഇവരുടെ കവിതകള്‍ ക്രാഫ്റ്റിനെ മാത്രം മുഖ്യമായി കാണുന്നു. കവിത ഹ്രസ്വവും സൂക്ഷ്മവും ആയിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നു. സാമൂഹികവ്യവസ്ഥയോ സാമൂഹികപ്രശ്‌നങ്ങളോ കവിതയെ ബാധിക്കേണ്ടതില്ലെന്ന് ശഠിക്കുന്നു. എക്കാലത്തേയും ശുദ്ധകവിതകളുടെ വക്താക്കള്‍ മുറുകെ പിടിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണിവ. വീരാന്‍കുട്ടിയുടെ കുറേ കവിതകള്‍ ഈ പൊതുലക്ഷണങ്ങള്‍ക്ക് പുറത്താണ്. എന്നാല്‍, രാമനെപ്പോലുളളവര്‍ കൂടുതല്‍ ചങ്കൂറ്റം കാണിക്കുന്നു. ധര്‍മ്മമൂല്യങ്ങളെ കുറിച്ച് തനിക്ക് ആകുലതകളില്ലെന്ന്, ധര്‍മ്മവും അധര്‍മ്മവും വേര്‍തിരിക്കുക തന്റെ കര്‍ത്തവ്യമല്ലെന്ന്, എല്ലാ മഹാപ്രസ്ഥാനങ്ങള്‍ക്കും ശേഷം കവിതയെഴുതാന്‍ നിയോഗിക്കപ്പെട്ടവന്റെ ചുമതലയാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നു തുറന്നു പറയുന്നു. ഇവയെ പിന്തുണക്കാനുതകും വിധം ജയമോഹന്‍ എടുത്തുകാണിക്കുന്ന ഈ നൂറ്റാണ്ടിലെ പ്രശസ്തമായ വരികളെക്കൂടി ഒപ്പം വയ്ക്കുക. തത്ത്വശാസ്ത്രപ്രശ്‌നം എന്നൊന്നില്ല. ഉളളത് ഭാഷയുടെ പ്രശ്‌നമാണ്. ചരിത്രരചന എന്നത് ഒരുതരം ചിത്രീകരണം മാത്രമാണ്. ഉത്തരാധുനികതയുടേയും നവചരിത്രവാദത്തിന്റേയും നിലപാടുകളാണിത്. ഒരുവശത്ത് കമ്പോളകലയെ മഹത്ത്വവത്കരിക്കുന്ന ഉത്തരാധുനികതയുടേയും നവചരിത്രവാദത്തിന്റേയും നിലപാടുകള്‍. മറുവശത്ത്; ഇവിടെ, അന്തര്‍മുഖതയുടെയും സമൂഹനിരാസത്തിന്റേയും സമീപനങ്ങള്‍ക്ക് ദാര്‍ശനികാടിസ്ഥാനം നിര്‍മിച്ചെടുക്കുന്നു. രാമന്റെ കവിതകള്‍ക്കെഴുതിയ വിമര്‍ശനക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കട്ടെ. എല്ലാ പടവും പൊഴിച്ച് ശുദ്ധമാകുന്ന കവിത രാഷ്ട്രീയമായ ഒരാവശ്യമായിരിക്കുന്നു. അധീശത്വത്തിന്. പുറം ലോകം കാണുന്ന കവിത വേണ്ട. ജനങ്ങളുടേയും പ്രകൃതിയുടേയും രാഷ്ട്രീയം പറയുന്ന കവിത വേണ്ട.
പുതിയ മലയാള കവിതയിലെ പിളര്‍പ്പിന് ഉത്തരാധുനികത കൊണ്ടുവന്ന പ്രവണതകളോട് ഗാഢബന്ധമുണ്ട്. ഉത്തരാധുനികതയുടെ പ്രചുരപ്രചാരമായ പൊതുനിര്‍വ്വചനങ്ങളോട് പൊരുത്തപ്പെടാനാണോ പി.രാമന്‍ ശ്രമിക്കുന്നതെന്ന് സി.ആര്‍.പരമേശ്വരന്‍ സന്ദേഹിക്കുന്നുണ്ട്. അത് അങ്ങനെ തന്നെയെന്ന് എന്റെ വിമര്‍ശന കുറിപ്പില്‍ ഞാന്‍ പറഞ്ഞുവെച്ചിരുന്നു. പി.രാമനും അന്‍വര്‍ അലിയും കവിതക്ക് ഒരു ഇടത്തില്‍ നടത്തുന്ന സംഭാഷണം ഈ നിഗമനത്തെ ശരി വയ്ക്കുന്നതാണ്. ഉത്തരാധുനികതയുടെ കവികള്‍ എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇവരുടെ സംഭാഷണങ്ങളില്‍ പി.രാമന്റെ നിലപാടുകള്‍ ആധിപത്യസ്വഭാവം നേടുന്നത് കാണാവുന്നതാണ്. വലിയ വലിയ വിഷയങ്ങള്‍ പുതിയ കവിത സ്വീകരിക്കേണ്ടതില്ലെന്ന് ഇവര്‍ ഉറപ്പിക്കുന്നു. ഈ ഉറപ്പ് മഹാഖ്യാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന ദാര്‍ശനികമായ അടിത്തറയിലാണ് .(ഏകാന്തതയുടെ അമ്പതുവര്‍ഷങ്ങള്‍ എഴുതിയ അന്‍വര്‍ അലി ഇപ്പോള്‍ തന്നെ തട്ടകത്തിനു പുറത്താകുന്നു.)….. .. ..
ജയമോഹനെപ്പോലെതന്നെ സി.ആര്‍.പരമേശ്വരനും പുതിയ കവിതകളുടെ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയത് രാമന്റെ കവിതകളെയാണ്. രാമന്റെ രംഗപ്രവേശം ഒരു പ്രകൃതിനിയമമായി അദ്ദേഹം കാണുന്നു. ഏതു വരള്‍ച്ചയിലും സര്‍ഗാത്മകത ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ പുഷ്പിക്കാമെന്ന പ്രകൃതിയുടെ ഉറപ്പിന്റെ ഉദാഹരണമായി., കാല്‍നൂറ്റാണ്ടിന്നിടയില്‍ മലയാളത്തിലുണ്ടായ മികച്ച സമാഹാരങ്ങളിലൊന്ന്, നാം കാത്തിരുന്ന കവിതകള്‍ എന്നിങ്ങനെ സാമാന്യപ്രസ്താവനകള്‍ക്കപ്പുറത്ത് പി.രാമന്റെ കവിതകളുടെ മെച്ചങ്ങളെ എടുത്തുകാണിക്കാനോ വിശദീകരിക്കാനോ സി.ആര്‍.പരമേശ്വരനു കഴിയുന്നില്ല. (രാമന്റെ കവിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അദ്ദേഹത്തിനു വിസ്തരിക്കാന്‍ കഴിയുന്നുണ്ടുതാനും.) വിശദീകരണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വഴങ്ങാത്ത ബ്രഹ്‌മഗുണം കാവ്യഗുണമായി രാമന്റെ കവിതകളിലുണ്ടാകണം. മികച്ച കവിതകള്‍ ഉണ്ടാക്കുന്ന ചിന്തകള്‍ പലപ്പോഴും അവ്യക്തമായിരിക്കുമെന്ന ജയമോഹന്റെ നിലപാടിനെ സി.ആര്‍.പരമേശ്വരനും പങ്കുവയ്ക്കുന്നതുകൊണ്ടുമാകാം. കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഏറെ സംസാരിച്ചിട്ടുളള പരമേശ്വരന്‍, കവിതകള്‍ക്കു പകരാനുളളത് അവ്യക്തതകളും കുഴങ്ങിയ അവസ്ഥകളുമാണെന്ന് ധരിച്ചു തുടങ്ങിയിരിക്കുന്നു. പരമേശ്വരന്‍ ഭാഗികമായെങ്കിലും ജയമോഹന്റെ അടുത്തയാളാണ്. പുതിയ കവിതയില്‍ ദര്‍ശനം മൂക്കാത്തതിനെക്കുറിച്ച് പരമേശ്വരന് പറയേണ്ടിവരുന്ന കാര്യങ്ങള്‍ പഴയ ജന്മത്തിന്‍റെ
ശേഷിപ്പുകളാണ്. ഇപ്പോള്‍, അത് അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ വിടവുകളെ കാണിച്ചുതരുന്നതിനാണ് ഉപകരിക്കപ്പെടുന്നത്.
*******************************************************************************************
(പി.പി.രാമചന്ദ്രന്റെ കവിതകളെ കുറിച്ച് തോര്‍ച്ച മാസികയില്‍ എഴുതിയ കുറിപ്പില്‍ പി രാമനെ കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉണ്ട്. (തോര്‍ച്ച ഒക്‌ടോ-നവം 2009))
സുഹൃദ് കവിയായ രാമനെ കുറിച്ച് രാമചന്ദ്രന്‍ ഒരു കവിതയെഴുതിയിട്ടുണ്ട്. കവിക്ക് സുഹൃദ് കവി ഒരു കാര്‍മുകില്‍ക്കീറ്. നിറയെ വര്‍ഷം കൊണ്ടുവരുന്നവന്‍. വടക്കിനിയില്‍ തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്നവന്‍. സുഹൃത്തിന്റെ സന്ദര്‍ശനത്തില്‍ കുളിര്‍ന്ന് കവിതയുടെ വിത്തു കാത്ത് രാമചന്ദ്രന്‍. പ്രിയതമക്ക് പുഴയില്‍ മുങ്ങിക്കുളിച്ചപോലെ തെളിച്ചം. കൊച്ചുമകള്‍ക്ക് വെളളത്തില്‍ കളിക്കപ്പലൊഴുക്കുന്നതിന്റെ സന്തോഷം. വീട്ടിനുള്ളിലേവര്‍ക്കും ഇവന്‍ കുളിരു പെയ്യുന്നു. ' ''എത്തിയില്ല കാലവര്‍ഷം
അപ്പൊഴുമെന്‍ നാട്ടില്‍
മുറ്റമിപ്പോഴും വരണ്ടു
വിണ്ടു കിടക്കുന്നു.
കെട്ടിനില്പാണുള്ളിലെന്നാല്‍
വൃഷ്ടി തന്‍ സമൃദ്ധി ''
ഈ വര്‍ഷസമൃദ്ധി രാമന്റെ കവിതകള്‍ക്കു നല്കുന്ന വലിയൊരു പ്രശംസയാണ്. പി.രാമനെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാത്ത സഹൃദയര്‍ വിമര്‍ശിക്കപ്പെടുന്നു. വരണ്ടു കിടക്കുന്ന മുറ്റം എന്ന കല്പന കാവ്യാസ്വാദകര്‍ക്കു നേരെ നീളുന്ന വിമര്‍ശനം കൂടിയാണ്. ഈ കാവ്യവര്‍ഷമേല്‍ക്കാന്‍ നാടും മുറ്റവും പാകമായില്ലെന്ന് പറയുന്നു. സഹൃദയനില്ലാത്ത കാലത്തു പിറക്കുന്ന രാമന്റെ കവിത തെറ്റായ കാലത്തു പെയ്യുന്ന മഴയായി പോകുന്നു. പി.രാമന്റെ കവിതകളെ കുറിച്ചുള്ള ഒരു വിമര്‍ശനമായി കൂടി ഈ വാക്കുകളെ വായിച്ചെടുക്കാം. രാമന്റെ കേവലമായ സമൂഹനിരാസസങ്കല്പനങ്ങളോടുള്ള വിമര്‍ശനം ഈ വരികളിലുണ്ടെന്നു പറയാവുന്നതാണ്. ഇടശ്ശേരിയേയും വൈലോപ്പിള്ളിയേയും തന്റെ സമകാലികനായ പി.രാമനേയും കുറിച്ചു പറഞ്ഞു കൊണ്ട് സമകാലകവിതയിലെ തന്റെ സ്ഥാനവും കാവ്യാദര്‍ശവും തന്റെ ആദ്യ സമാഹാരത്തിലൂടെ തന്നെ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
വാക്ക് കുടുങ്ങി കവി മരിക്കുന്നതും ഔന്നത്യങ്ങളും ബലിഷ്ഠതകളും വാക്കു വാക്കായി സ്ഥലം വിട്ട് പുല്ലില്ലാക്കളം രൂപം കൊളളുന്നതും പി.രാമന്‍ കാണുന്നു.
*************************************************************************************************
("ജനശക്തി" യിൽ പ്രസിദ്ധീകരിച്ച ലേഖനം )
കവിത കൊണ്ടു മാത്രം പൂരിപ്പിക്കുന്നയിടങ്ങള്‍
വി.വിജയകുമാര്‍
‘കനം’ എന്ന ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയപ്പോള്‍, പി. രാമന്റെ കവിതകളെ പരാമര്‍ശിക്കുന്ന ചില കുറിപ്പുകള്‍ ഞാന്‍ എഴുതുകയുണ്ടായി. കവിതാസംഗമം മാസികയില്‍ അതിനെ കുറിച്ച ഒരു വിമര്‍ശം എഴുതി. ഖണ്ഡനവിമര്‍ശം എന്നു പറയാവുന്നത്. പരിഹാസമായിരുന്നു അതില്‍ മുന്നിട്ടു നിന്നത്. കവിതയെ ചൂണ്ടിയായിരുന്നു വിമര്‍ശമെങ്കിലും എനിക്കു പ്രകോപനമായത് കാവ്യസമാഹാരത്തിന് കവി എഴുതി ചേര്‍ത്ത മുഖമൊഴിയായിരുന്നു. അതില്‍ ഇങ്ങനെ വായിക്കാം. “...മൂല്യങ്ങളിലോ മൂല്യനിരാസങ്ങളിലോ മുഴുകുന്ന ഈ സമീപനരീതി എന്നെ ചെടിപ്പിച്ചിട്ടുണ്ട്. ധര്‍മ്മമൂല്യങ്ങളെ കുറിച്ച് ആധി കൊള്ളാത്ത ഒരു തലമുറയുടെ പ്രതിനിധി ആയതു കൊണ്ടു കൂടിയാവാം. ധാര്‍മ്മിക ഊന്നലുകളില്ലാതെ കവിതയെഴുതാന്‍ ഞാനിഷ്ടപ്പെടുന്നത്.’’ പ്രധാനമായും ഈ വാക്കുകളോട് കലഹിച്ചു കൊണ്ടാണ് ഞാന്‍ എഴുതിയത്. ഇങ്ങനെയൊരു മനോഭാവവുമായി കവിതയെ സമീപിക്കുന്ന ഒരാളുടെ രചനകളെ, നിലനില്ക്കുന്ന ബാഹ്യയാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചു പരിശോധിക്കാന്‍ ഞാന്‍ ശ്രമിച്ചു. കവിതാസംഗമത്തിലെഴുതിയ കുറിപ്പിലെ ചില വാക്കുകള്‍ കവിയെ പ്രകോപിപ്പിച്ചുവെന്നാണ് പിന്നീടുണ്ടായ അസഹിഷ്ണുത നിറഞ്ഞ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. എന്റെ വിമര്‍ശത്തിലെ ചില വാക്യങ്ങള്‍ ഇങ്ങനെ:
“ഇപ്പോള്‍, എല്ലാം ശുദ്ധീകരിക്കപ്പെടുന്ന നാളുകളല്ലോ. വംശശുദ്ധി വരുത്തുവാന്‍ ജനിതകപരീക്ഷണം വരെ നടക്കുന്നു...കവിതയേയും ശുദ്ധി ചെയ്‌തെടുക്കുകയാണ്.’’
“ധാര്‍മ്മികതയും അധാര്‍മ്മികതയും വ്യവച്ഛേദിക്കേണ്ടത് ഇവന്റെ കര്‍മ്മമല്ല... വിഷം അമൃതത്തിന്റെ രുചിയില്‍ ലഭ്യമാണ്... മഹത്തായതെല്ലാം ബൃഹത്തായതെല്ലാം കഴിഞ്ഞിട്ടേ ഞാന്‍ വന്നതെന്ന്, അതുകൊണ്ടിങ്ങനെയെന്നും കുമ്പസാരം. വലുതെന്നും നല്ലതെന്നും അംഗീകാരം കൊണ്ടവ കളളനാട്യങ്ങളെന്ന,അവയുടെ സമഗ്രത മിഥ്യയെന്ന തത്ത്വചിന്താസാരം ഉള്ളില്‍’’.
തുടര്‍ന്ന്, മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തില്‍ രാമന്റെ കവിതകളെ കുറിച്ചു പിന്നെയും എഴുതേണ്ടി വരുന്നുണ്ട്. ആ ലേഖനത്തിനും കാരണമായതും നമ്മുടെ കവിയുടെ ചില ഇടപെടലുകളാണെന്നു പറയണം. ഇവിടെ പറഞ്ഞു കഴിഞ്ഞ മുഖമൊഴിയും രാമനും അന്‍വര്‍ അലിയും കവിതക്ക് ഒരു ഇടത്തില്‍ നടത്തിയ സംഭാഷണവും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. പുതിയ മലയാളകവിത ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണെന്നും ഈ പിളര്‍പ്പിന്റെ മൂലസ്രോതസ്സുകള്‍ പഴയവ തന്നെയാണെന്നും ഞാന്‍ എഴുതി. ഈ പിളര്‍പ്പിന് ഉത്തരാധുനികത കൊണ്ടുവന്ന പ്രവണതകളോട് ഗാഢബന്ധമുണ്ടെന്നു പറഞ്ഞു. ഉത്തരാധുനികതയുടെ പ്രചുരപ്രചാരം നേടിയ പൊതുനിര്‍വ്വചനങ്ങളോട് പൊരുത്തപ്പെടാനാണോ പി.രാമന്‍ ശ്രമിക്കുന്നതെന്ന സി.ആര്‍.പരമേശ്വരന്റെ സന്ദേഹത്തോട് യോജിച്ചു. എന്നാല്‍, ശുദ്ധകവിതയുടെ ഗണങ്ങള്‍ ഉപയോഗിച്ച് രാമന്റെ രംഗപ്രവേശത്തെ ഒരു പ്രകൃതിനിയമമായി കാണുന്ന അദ്ദേഹത്തിന്റെ സമീപനത്തെ വിമര്‍ശിച്ചു. മഹാഖ്യാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന ദാര്‍ശനികമായ അടിത്തറയിലാണ് വലിയ വിഷയങ്ങള്‍ പുതിയ കവിത സ്വീകരിക്കേണ്ടതില്ലെന്ന് ചിലര്‍ ഉറപ്പിക്കുന്നതെന്നു പറഞ്ഞു. കര്‍ത്തൃകേന്ദ്ര സങ്കല്പനങ്ങള്‍ കൊഴിഞ്ഞുപോകുന്ന കാലത്ത് കവിതയില്‍ ശില്പകേന്ദ്രവും പ്രമേയ കേന്ദ്രവും നിലനില്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നതിനെ കുറിച്ചു സൂചിപ്പിച്ചു. സ്വത്വത്തെയും അനന്യതയെയും കുറിച്ചുളള ഉത്തരാധുനികപഠനങ്ങളും ഗ്രന്ഥകാരന്റെ മരണം, എഴുത്തുകാരനില്ലാത്ത പുസ്തകം തുടങ്ങിയ സങ്കല്പനങ്ങളും ഇവരുടെ സമീപനങ്ങളെ ത്വരിപ്പിക്കുന്നതിനെ കുറിച്ചാരാഞ്ഞു.
പലപ്പോഴും അസഹിഷ്ണുതയോടെ സ്വീകരിക്കപ്പെട്ട എന്റെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സംഗതമാണോയെന്ന് ആലോചിക്കാവുന്നതാണ്. കഴിഞ്ഞ ദശകത്തില്‍ സജീവമായിരുന്ന ഉത്തരാധുനികതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ക്ഷീണിതാവസ്ഥയിലാണ്. ഉത്തരാധുനികതയുടെ അനുലോമവും പ്രതിലോമവുമായ വശങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നു വേണം കരുതാന്‍, ചില തീവ്രവാദികളൊഴികെ. ഉത്തരാധുനികതയുടെ പൊതുനിര്‍വ്വചനങ്ങളില്‍ തളഞ്ഞു കിടക്കാന്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ല. മുദ്രാവാക്യസമാനമായ രചനകളിലേക്കു നിപതിച്ചേക്കാമെന്ന അപകടത്തെ ആദ്യം മനസ്സിലാക്കിയത് സര്‍ഗാത്മകരചനകളിലേര്‍പ്പെടുന്ന എഴുത്തുകാരാണെന്നു പറയണം. പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും സത്താവിരുദ്ധമായ ദര്‍ശനത്തെ രൂപപ്പെടുത്തുന്നതിലും ഉത്തരാധുനികത വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്. എന്നാല്‍, അതു മുറുകെപ്പിടിക്കുന്ന ആപേക്ഷികവാദം കാര്യങ്ങളെ വ്യവച്ഛേദിച്ചറിയാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും പ്രയോഗത്തിന്റെ മണ്ഡലത്തില്‍ പ്രതിലോമകാരികള്‍ക്ക് ത്വരകമായിത്തീരുകയും ചെയ്യുന്നു. ഉത്തരാധുനികതയെ കഠിനഹൃദയം കൊണ്ട് വികലനം ചെയ്ത എന്റെ സമീപനങ്ങള്‍ ഈ വിവേചനശേഷിക്കൊപ്പം മാറിത്തീര്‍ന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ കരുതുന്നത്. കൂടുതല്‍ സന്തുലിതമായ രീതിയില്‍ പ്രശ്‌നങ്ങളെ നോക്കിക്കാണാന്‍ ഇതു സഹായകമാകും.
ഉത്തരാധുനികതയുടെ ദര്‍ശനം രാമന്റെ കവിതകളെ സ്വാധീനിക്കുന്നതിനെ കുറിച്ചു ഞാന്‍ എഴുതിയ വിമര്‍ശങ്ങള്‍ അപ്രസക്തമായിരുന്നില്ല; സി.ആര്‍. പരമേശ്വരന്റേതെന്ന പോലെ മറ്റിടങ്ങളില്‍ നിന്നും ഇതരരൂപങ്ങളില്‍ ആ വിമര്‍ശം ഉയര്‍ന്നിരുന്നു. പി. രാമന്റെ കാവ്യാദര്‍ശത്തെ കുറിച്ചുള്ള എന്റെ വിമര്‍ശത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, പിന്നീട് പുറത്തിറങ്ങിയ 'തുരുമ്പ്' എന്ന കവിതാസമാഹാരത്തിന്നെഴുതിയ പഠനത്തില്‍ വി.കെ.സുബൈദ ഇങ്ങനെ പറയുന്നുണ്ട്. '...മൂല്യങ്ങളിലോ മൂല്യനിരാസങ്ങളിലോ മുഴുകുന്ന എണ്ണൂറു വര്‍ഷത്തെ കവിതാപാരമ്പര്യം തന്നെ ചെടിപ്പിച്ചു എന്നു രാമന്‍ പറഞ്ഞത് സംശയത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ...ധാര്‍മ്മിക അധാര്‍മ്മികതകളെ മറികടക്കുന്നുണ്ടോ അവ മൂല്യാമൂല്യനിരപേക്ഷമാണോ എന്നുള്ള ചോദ്യങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് കവിത കൊണ്ടു മാത്രം പൂരിപ്പിക്കേണ്ട ശൂന്യതകളില്‍ അവ നിറയുന്നു.' മറ്റൊരൂ രീതിയിലും പറയാം. രാമന്‍ കനം എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുതിച്ചേര്‍ത്ത കാവ്യാദര്‍ശത്തില്‍ നിന്നും മാറിയാണ് അദ്ദേഹത്തിന്റെ കവിത സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതൊരു ധര്‍മ്മയുദ്ധത്തില്‍ പങ്കാളിയാകുന്ന കവിതയാണ്. ഈ ധര്‍മ്മയുദ്ധമാകട്ടെ, രാഷ്ട്രീയത്തിലും തത്ത്വചിന്തയിലും ഭൗതികശാസ്ത്രത്തിലുമെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്ന യുദ്ധങ്ങളെ ത്വരിപ്പിക്കുന്നതാണ്.
കവിത കൊണ്ടു പൂരിപ്പിക്കുന്നയിടങ്ങള്‍ എന്ന പരികല്പന തന്നെ കവിതയിലെ വാക്കിന്റെ ഭാവത്തെ സ്ഥിരീകരിക്കുന്നതാണ്. വാക്ക് ഒരു കണ്ണിയാണ്. ഞാനും നീയും തമ്മില്‍. നമ്മളും അപരവും തമ്മില്‍. മാനവികവ്യവഹാരങ്ങളുടെ എല്ലാ ലോകങ്ങളെയും ബന്ധിപ്പിക്കുകയും നിലനില്ക്കാനും തുടരാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാനധാതുവാണത്. വിനിമയമാണതിന്റെ മുഖ്യധര്‍മ്മം. വിനിമയങ്ങള്‍ക്കിടയില്‍ അതിന്റെ അര്‍ത്ഥം കെട്ടുപോകാം. അര്‍ത്ഥലോപം സംഭവിക്കാം. അതു പുതുക്കപ്പെടേണ്ടതുണ്ട്. ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നവരില്‍ പ്രമുഖ സ്ഥാനത്തു നില്ക്കുന്നവരാണ് കവികള്‍. അവര്‍ വാക്കിന്റെ അര്‍ത്ഥങ്ങളെ നവീകരിച്ചു കൊണ്ടിരിക്കുന്നു വിപുലമാക്കി കൊണ്ടിരിക്കുന്നു. ഒരിടത്തു സ്ഥിതമാകാതെ പിന്നെയും പിന്നെയും തള്ളി മാറ്റിക്കൊണ്ടിരിക്കുന്നു. വാക്ക് - നിരന്തരം മാറിക്കൊണ്ടിരിക്കുന്നത്, വിപുലമായി കൊണ്ടിരിക്കുന്നത്, അതു സ്ഥിതമാകരുത്. നില്ക്കുന്നത് ജീര്‍ണ്ണിക്കുന്നു. അതുകൊണ്ട് വാക്ക് എപ്പോഴും ചരിക്കുന്നു. പി. രാമന്റെ കവിതയില്‍ രചനകളില്‍ വാക്കിനെ കുറിച്ചുള്ള ആധികള്‍ നിറയുന്നു. ജീവിതത്തില്‍ വചനവും പ്രവൃത്തിയും തമ്മിലുളള അകലങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, വാക്കിന് അര്‍ത്ഥശോഷണം വരുന്നു. വാക്ക് വലിയ പരീക്ഷണഘട്ടങ്ങളെ നേരിടുന്നത് കവി കാണുന്നു വാക്കിനെ കുറിച്ച് ആകുലനാകാത്തവന്‍ കവിയല്ല. വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥം പകരുവാന്‍ നമ്മുടെ കവി യത്‌നിക്കുന്നു. വാക്കിന്റെ സമകാലത്തെ അറിയുക മാത്രമല്ല; വാക്ക് പുതിയ അര്‍ത്ഥങ്ങളോടെ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു. കവിതയ്ക്ക് ഇതേവരെ അപരിചിതമായ വാക്കുകളെ കൂട്ടിക്കൊണ്ടുവരുന്നു. വാക്ക് കുടുങ്ങി കവി മരിക്കുന്നതും ഔന്നത്യങ്ങളും ബലിഷ്ഠതകളും വാക്കുവാക്കായി സ്ഥലം വിട്ട് പുല്ലില്ലാക്കളം രൂപം കൊള്ളുന്നതും പി.രാമന്‍ കാണുന്നു. കവിതയ്ക്ക് അപ്രാപ്യമായിരുന്ന നാമരൂപങ്ങള്‍ കാവ്യവിഷയങ്ങളായി കടന്നുവരുന്നു. കുഞ്ഞ് ആദ്യമായി ഉച്ചരിക്കുന്ന വാക്കുകളെ കുറിച്ചിടാന്‍ ആഗ്രഹിക്കുന്ന കവിയെ രാമനില്‍ നാം കാണുന്നു. അതായിരിക്കണമല്ലോ കവിതയെന്നു നിനയ്ക്കുന്നു. കവി അത്ഭുതം കൂറുന്നു, ഏറെ നേരമായി ഒരൊറ്റ വാക്കുമായി തനിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ട്. ഏത് അരിപ്പയിലൂടെയാണ് ഈ വാക്കിനെ കുഞ്ഞ് അരിച്ചെടുത്തത്? അപ്പു ഓടുന്ന വഴിയില്‍ പാമ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കവിത വിഷം തീണ്ടി മരിക്കുമെന്നറിയുന്നു. അപ്പു ഓടുന്ന വഴിയില്‍ നിന്നും പാമ്പുകള്‍ മറഞ്ഞു പോകുന്നു.
~ഒരു കൂറയുടെ അനക്കത്തില്‍ രാമന്‍ കവിത കാണുന്നു. ഇതാണു കവിതയെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. തളത്തിലെ തറയിലൂടെ എന്നും രാത്രി ഒന്നേകാലിന് കൂറ ഉലാത്തി കൊണ്ടിരിക്കുന്നു. അതിന്റെ തഴക്കം കണ്ട് എന്നും സഞ്ചരിക്കുന്നത് ഒരേ കൂറ തന്നെയെന്നു നിനയ്ക്കുന്നു. തളത്തില്‍ നടക്കുന്ന ഈ സഞ്ചാരത്തിന്റെ അത്ഭുതത്തെ കവി പങ്കിടുന്നു. ഈ മഹാത്ഭുതങ്ങളറിയാതെ നമ്മളെല്ലാവരും തളത്തിലൂടെ നടക്കുന്നു, അത് അടിച്ചുവാരുകയും തുടച്ചു വൃത്തിയാക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ ഏതു കണികയിലും ജീവിതത്തിലെ ഏതു നിമിഷത്തിലും കവിത കണ്ടെത്തുന്ന കവനവിദ്യയാണിത്. നിസ്സാരമെന്നു ഗണിക്കുന്നതൊന്നും നിസ്സാരമല്ലെന്ന് ഈ കവി പറയും. നിസ്സാരമായിട്ടൊന്നുമില്ലെന്നും. നിസ്സാരമെന്നു ഗണിക്കുന്നവയെ കുറിച്ച് അത്ഭുതം കൂറേണ്ട മുഹൂര്‍ത്തങ്ങള്‍ ആഗതമാകുമെന്ന് ഈ കവിക്കറിയാം. കവിതയില്ലാത്തതായി ഒന്നുമില്ലെന്നു നമ്മോടു മെല്ലെ മെല്ലെ പറഞ്ഞു തരുന്ന കവിയായി രാമന്‍ മാറിത്തീരുന്നു. വല്ലപ്പോഴുമാണ് എഴുതുന്നതെങ്കിലും, എഴുതിയ കവിത തിരുകി വയ്‌ക്കേണ്ട മൂലകള്‍ അനന്തമാണ്. മറ്റൊരു രീതിയില്‍, മാറാല എന്ന കവിതയില്‍ പരിചയപ്പെട്ട കാര്യമാണിത്. തന്റെ അസ്തിത്വം അംഗീകരിച്ചതിന് മാറാല മനുഷ്യനെ അഭിവാദ്യം ചെയ്യുന്നു. മൂന്നക്ഷരം കൊണ്ട് അതിനെ വിളിച്ചുവല്ലോ. എങ്കിലും നിസ്സാരമെന്നു നാം വിഗണിക്കുന്നത്, നമ്മെ അഭിനന്ദിക്കുന്നത് എന്താണു പഠിപ്പിക്കുന്നതെന്നു കൂടി രാമന്‍ എഴുതുന്നു. ഏതു തുച്ഛാവസ്ഥയിലും മഹാലോകങ്ങള്‍ കുടികൊള്ളുന്നുവെന്നതിന്റെ, ബൃഹത്‌ലോകങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുവെന്നതിന്റെ തെളിവായി കവി മാറാലയെ മനസ്സിലാക്കുന്നു.
നിറവിനെ കുറിച്ചൊരു സ്വപ്നം
ഭിത്തികള്‍ക്കിടയിലും സാദ്ധ്യമാണ്
കട്ടിലിന്നടിയിലും സാദ്ധ്യമാണ്
ഋണാത്മകത ധനാത്മകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അസത്യം സത്യത്തെ മനസ്സിലാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അസത്യം സത്യത്തിന്നടുത്തു നില്ക്കുന്നതാണെന്നു കവി എഴുതുമ്പോള്‍ വൈരുദ്ധ്യാത്മകതയുടെ അര്‍ത്ഥം തെളിഞ്ഞു വരുന്നു. ഈ പ്രപഞ്ചത്തില്‍ നിരര്‍ത്ഥകമായിട്ടൊന്നുമില്ലെന്ന വിവേകമാണിത്. ചീത്തയെന്നും തിന്മയെന്നും വിവക്ഷിക്കപ്പെടുന്നവയില്‍ പോലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജീവിതോമുഖമായ അര്‍ത്ഥങ്ങള്‍ ധ്വനിക്കുന്നുണ്ട്, ഇവിടെ. എല്ലാ വ്യവച്ഛേദങ്ങളേയും വ്യത്യസ്തതകളേയും അപ്രസക്തമാക്കുന്നത്, ഒരുമിച്ചിരിക്കുന്നതു നമ്മളില്‍ പ്രവര്‍ത്തിക്കേണം. കവിക്ക് ആറാം ഇന്ദ്രിയമുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടു ഗ്രഹിക്കാനാകാത്തതും ഈ ഇന്ദ്രിയം ഗ്രഹിക്കുന്നു. ആറാം ഇന്ദ്രിയത്തെ സദാ ഊര്‍ജ്ജസ്വലമാക്കുന്ന കവി പഞ്ചേന്ദ്രിയങ്ങളേയും ചലിപ്പിക്കുന്നു. രാമന്റെ ചൊല്ലലിലൂടെ വാക്കുകള്‍ പുഷ്പിക്കുകയും പുതിയ അര്‍ത്ഥങ്ങള്‍ നേടുകയും ചെയ്യുന്നു. അത് ലോകത്തെ നിര്‍മ്മിച്ചിരിക്കുന്ന അടുക്കുകളെ മാറ്റിത്തീര്‍ത്ത് പുതിയ രൂപത്തില്‍ അടുക്കുന്നു. ആ ശബ്ദം പുതിയ ലോകത്തെ സൃഷ്ടിക്കുന്നു. കവിത ചൊല്ലുമ്പോള്‍ വാക്കുകള്‍ നിങ്ങളെ സ്പര്‍ശിച്ചു കടന്നുപോകുന്നു. നാവില്‍ മധുരമോ കയ്‌പോ ചമര്‍പ്പോ കിളിര്‍ക്കുന്നു. കണ്ണുകളാണ് കാണാനുള്ള ഇന്ദ്രിയങ്ങളെന്ന ധാരണയെ രാമന്‍ പൊളിച്ചെഴുതുന്നു. വാക്കുകള്‍ കൊണ്ടാണു കാണേണ്ടത്. കവി വാക്കുകളിലൂടെ കാഴ്ചയെ തരുന്നു. ചിത്രകലയെക്കാള്‍ ഉയര്‍ന്ന നിലയില്‍ കാവ്യകല കാഴ്ചയുടെ കലയാകുന്നു, രാമന്റെ കവിതയില്‍. മുഖഭാവങ്ങളിലൂടെയും വാക്കിനു നല്കുന്ന ഉചിതമായ ഊന്നലിലൂടെയും കാഴ്ചയുറച്ചുവോയെന്നും വാക്ക് നന്നായി കേട്ടുവോയെന്നും സഹൃദയനോടു സംവദിക്കുന്ന കവിയെ രാമന്റെ കവിത ചൊല്ലലില്‍ കാണാം. പൊള്ളിക്കുന്ന താപത്തിന്നെതിരെ ഉണര്‍ന്നിരിക്കാനുള്ള ജാഗ്രതയെ എഴുതുന്ന കവിതയില്‍ പൊള്ളലിനെ അതിജീവനത്തിനുള്ള ആയുധമാക്കുന്ന അമ്മൂമ്മയെ കവി ആവിഷ്‌ക്കരിക്കുന്നു.
സൂര്യന്‍ ഉണക്കിസ്സൂക്ഷിക്കുന്ന ഗ്രാമത്തില്‍
ചാണകം മെഴുകിയ മുറ്റത്ത്
ഉണക്കാനിട്ട കൊണ്ടാട്ടത്തിന്
ഉച്ചമയക്കത്തെയാട്ടിയോടിച്ച്
കാവലിരിക്കുന്നു
ഒരമ്മൂമ്മ.
ഉറക്കെ വായിക്കുമ്പോള്‍ ഒരു പൂര്‍ണ്ണചിത്രത്തിന്റെ അസാധാരണമായ കാഴ്ച കിട്ടുന്നില്ലേ നിങ്ങള്‍ക്ക്?
കവിത കാഴ്ചയുടേയും കലയാകുന്നു.
എഴുത്തച്ഛനെന്ന ജലപ്രാണിയുടെ എഴുത്തിലാണു തുടങ്ങുന്നതെങ്കിലും ധ്വനിക്കുന്നത് നമ്മുടെ കാലത്തെ എഴുത്താണ്. ജലപ്രാണി ജലത്തിലെഴുതേണ്ടതാണ്. ജലമെന്നു കരുതിയാണ് എഴുതുന്നത്. മൊസൈക്കിട്ടു മിന്നുന്ന അപാരസ്ഥലത്ത് എഴുതുന്നു. ഈ അപാരസ്ഥലം അപരസ്ഥലവുമാകാം! എഴുതുന്ന ഇടം തെറ്റിപ്പോകുന്നതിലെ ഖേദം എഴുത്തിനെ കുറിച്ചുള്ള ഖേദമാണ്. എഴുതേണ്ടാത്തിടത്ത് തെറ്റായി എഴുതുകയാണോ, നമ്മളെല്ലാവരും? ഇത് ഒന്നും ആവിഷ്‌ക്കരിക്കാന്‍ കഴിയാത്തവന്റെ ദു:ഖത്തിന്റെ തുടര്‍ച്ചയാണ്. ആവിഷ്‌ക്കാരം അപരസ്ഥലത്താകുന്ന ഖേദം. ഇത് ഉള്ളില്‍ തീയില്ലാത്തവന്റെ ആവിഷ്‌ക്കാരം. ഉള്ളിലുള്ള ചെറുതീ ഒളിച്ചുവെയ്ക്കുന്നവന്റെ ആവിഷ്‌ക്കാരം.
പുറപ്പാട് എന്ന കവിത കുഞ്ഞിനോട് ജീവിതത്തിന്റെ സത്യം പറയാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ അറിയാനല്ല, അലച്ചിലുകള്‍ക്കൊടുവില്‍ അത് എവിടെ തുടങ്ങിയെന്ന് അന്വേഷിക്കുമ്പോള്‍ അറിയാന്‍ ഇപ്പോഴേ എഴുതുകയാണ്. അച്ഛനിലോ അമ്മയിലോ അല്ല അവന്റെ യാത്രകള്‍ ആരംഭിച്ചത്, മടുപ്പിലാണ് എല്ലാ പുറപ്പെട്ടിറക്കങ്ങളും തുടങ്ങുന്നത്. നിന്റെ യാത്രയുടെ ആരംഭം നിന്റെ മടുപ്പിലാണ്, നിന്റെ വിരസതയിലാണ്.
പി. രാമന്റെ കവിതയില്‍ ശുദ്ധകവിതയ്ക്കു വേണ്ടിയുള്ള അന്വേഷണമുണ്ട്. കവിത കൊണ്ടു പൂരിപ്പിക്കുന്നയിടങ്ങളെ രാമന്‍ തിരയുന്നുവെന്ന് വി.കെ.സുബൈദ പറയുന്നതില്‍ ഇതു കൂടിയുണ്ട്. എന്നാല്‍, ജീവിതത്തെ ഉപേക്ഷിച്ചു കൊണ്ടല്ല, ഈ തിരച്ചില്‍. ജീവിതവും കവിതയും തമ്മിലുള്ള ബന്ധം സങ്കീര്‍ണ്ണമായ തലങ്ങളിലെത്തുന്നു. എങ്കിലും, ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളിലും കവിത നിറഞ്ഞിരിക്കുന്നുവെന്ന് രാമന്‍ കരുതുന്നു. സിദ്ധിയും സാധനയുമുള്ള പ്രതിഭാശാലികള്‍ക്കു അതു കണ്ടെത്താന്‍ കഴിയും. കഴിക്കരുതാഞ്ഞിട്ടും അമ്മ വിളമ്പി തന്ന കൈപ്പുണ്യം അലിഞ്ഞു ചേര്‍ന്ന ഉപ്പിലിട്ടതിനേയും വയറു നിറഞ്ഞിട്ടും തീറ്റിച്ച രണ്ടു ദോശയേയും കുറിച്ചു പറയുമ്പോള്‍ അതു കവിതയാകുന്നത് നാം അറിയുന്നു. അന്തി മായുന്നതിന്റേയും ഇരുട്ടു കനക്കുന്നതിന്റേയും ദു:ഖം നിറഞ്ഞു നില്ക്കുന്ന അവസാനത്തെ ബസ്സിനെ കുറിച്ചെഴുതുമ്പോഴും കവിത ജനിക്കുന്നു. പി.രാമന്‍ കവിയാകുന്നത് ഇങ്ങനെയാണ്. എന്നാല്‍, ഈ പ്രവര്‍ത്തനത്തെ ഒരു അബദ്ധത്തിലേക്കു വലിച്ചു നീട്ടി പൊട്ടിക്കാം. ആപേക്ഷികവാദത്തിന്റെ പരമകാഷ്ഠ പോലെ. പ്രതിഭാശാലി കണ്ടെത്തുകയും ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന കവിതയെ വായിക്കുകയും ചൊല്ലുകയും ആസ്വദിക്കുകയും ചെയ്യുന്ന സഹൃദയര്‍, അയാള്‍ തിരഞ്ഞെടുത്ത കവിതയുടെ മൂലകങ്ങളെ മാത്രമേ മനസ്സിലാക്കുന്നുള്ളൂവെന്നു കരുതുന്നത് അവിവേകമായിരിക്കും. കവി കാണുകയും അറിയുകയും ചെയ്തവയില്‍ അയാളുടെ എഴുത്തു നിക്ഷേപിക്കുന്ന ഇതര മൂലകങ്ങളെ സഹൃദയനു കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഗ്രന്ഥകാരന്റെ മരണത്തെ കുറിച്ചെഴുതിയ ബാര്‍ഥ് ഓരോ വായനയിലും സംഭവിക്കുന്ന പുന:സൃഷ്ടിയിലൂടെ എഴുത്ത് സഹൃദയന്റെ രചനയായി മാറിത്തീരുന്നതിനെ കുറിച്ചു കൂടിയാണല്ലോ പറയുന്നത്. കവിതയുടെ ശുദ്ധിയെ കുറിച്ചുള്ള വാദങ്ങള്‍ പൊളിയുന്ന ഇടമാണിത്. എന്നാല്‍, ശുദ്ധിയെ കുറിച്ചുള്ള പഴയ സങ്കല്പനങ്ങളെ വിമര്‍ശിക്കുന്ന വരികള്‍ ഇപ്പോള്‍ രാമന്റെ കവിതയില്‍ പ്രത്യക്ഷപ്പെടുന്നു. ശുദ്ധത്തില്‍ നിഷ്ഠ വച്ചവരുടടെ മുഖം ഇരുട്ടു മൂടി വേറിട്ടറിയാതായിരിക്കുന്നുവെന്ന് കവിവാക്യം. വാക്കിനോടും കവിതയോടും ദൂരെ നില്ക്കുന്ന നായിനോടും അവര്‍ അകറ്റി നിര്‍ത്തിയ മനുഷ്യരിലേക്ക് അവരെ അടുപ്പിക്കാന്‍ കവി പറയുന്നു.
അവര്‍ ഇരുട്ടല്ലാതാവട്ടെ
അവര്‍ക്കു രൂപമുണ്ടാകട്ടെ
അവര്‍ പാകിയ തീണ്ടാപ്പാടകലം
ലോകത്തിനും എനിക്കുമിടയില്‍
പൊട്ടിത്തെറിക്കാതെ നിര്‍വീര്യമാവട്ടെ.
പ്രപഞ്ചം സ്വയം വെളിപ്പെടുത്തുന്നത് രണ്ടു രൂപങ്ങളിലാണ് - ദ്രവ്യത്തിന്റേയും ഊര്‍ജ്ജത്തിന്റേയും രൂപങ്ങള്‍. ഇവ പരസ്പരം മാറ്റപ്പെടാവുന്നവയാണ്. ദ്രവ്യവും ഊര്‍ജ്ജവും തുടര്‍ച്ചകളോടെയാണ് നമ്മുടെ മുന്നില്‍ പ്രത്യക്ഷമാകുന്നതെങ്കിലും അവ സൂക്ഷ്മരൂപങ്ങളില്‍ ഇടര്‍ച്ചകളുടേതാണ്. ജീവിതത്തിന്റെ മൂലരൂപങ്ങളില്‍ ഇടര്‍ച്ചകളുണ്ടെങ്കിലും അതിന്റെ തുടര്‍ച്ച നമ്മുടെ പ്രത്യക്ഷമാണെന്ന് വിപുലപ്പെടുത്തി പറയാം. സൂക്ഷ്മത്തിലെ ഇടര്‍ച്ചകളിലാണ് പി. രാമന്റെ കവിതാവ്യാപാരങ്ങള്‍ നടക്കുന്നത്. കാട്ടിലെത്തിയാല്‍ നിശബ്ദനാകുന്ന കൂട്ടുകാരനൊപ്പമേ രാമന്‍ പോകൂ. കവിതയിലെത്തിയാല്‍ വാക്ക് നിശബ്ദതയോട് അടുത്തിരിക്കണം. വേണമെങ്കില്‍ കവിതയെ ശീര്‍ഷകത്തില്‍ മാത്രമാക്കി ഒതുക്കാം. രാമന്റെ ചില കവിതകള്‍ ശീര്‍ഷകമില്ലെങ്കില്‍ സംവദിക്കുന്നവയല്ല. ശീര്‍ഷകമാണ് കവിതയെ കൊണ്ടുവരുന്നത്. ഗൗരവം, കവിത, മാറാല എന്നീ വാക്കുകളാണ് കവിതകളായി മാറുന്നത്. ചിലവയ്ക്ക് ശീര്‍ഷകങ്ങള്‍ വേണ്ട.
ആഴമേ
നിന്റെ കാതലിലെങ്ങും
മീനുകള്‍ കൊത്തുവേല ചെയ്യുന്നു.
എന്ന ശീര്‍ഷകമില്ലാത്ത കവിതയെ തര്‍ക്കോവ്‌സ്‌ക്കിയുടെ Sculpting in time എന്ന പുസ്തകശീര്‍ഷകത്തില്‍ ഇതരരൂപത്തില്‍ വായിക്കാമല്ലോ? ഇടര്‍ന്നു നില്ക്കുന്നവയില്‍, അടിസ്ഥാനമൂലകങ്ങളില്‍ നിന്നു തന്നെ കവിത രൂപമെടുക്കുന്നു. സൂക്ഷ്മം സ്ഥൂലത്തിലേക്ക് വ്യത്യസ്ത ഭാവഹാദികളോടെ മാറിത്തീരുന്നത് എങ്ങനെയാണെന്ന ചോദ്യം ശാസ്ത്രത്തെ മഥിക്കുന്ന പ്രശ്‌നമായി തീര്‍ന്നിട്ടുണ്ട്. സാഹിത്യവും കവിതയും ഈ വഴികളിലും കണ്ണു പായിക്കേണ്ടതല്ലേ? സ്ഥൂലത്തിന്റെ തുടര്‍ച്ചകളിലേക്ക് രാമന്റെ കവിതയുടെ കണ്ണു നീങ്ങുന്നതേയില്ല. രാമന്‍ ബൃഹത് ആഖ്യാനങ്ങള്‍ എഴുതണമെന്നു പറയുകയല്ല. ജീവിതത്തിന്റെ വിശാലതലങ്ങളെ പൂര്‍ണ്ണമായും വിഗണിച്ചു കൊണ്ട് ഒരു കവിക്ക് എത്രമാത്രം മുന്നോട്ടു നടക്കാനാകും? അത് മറ്റൊരു ന്യൂനീകരണമല്ലേ?
No comments:
Post a Comment