Tuesday, February 4, 2020

രാഷ്ട്രങ്ങള്‍ ഇല്ലാതാകുന്നു



നമ്മുടെ പുതിയ തലമുറ പുരോഗമനകാരികളാണ്. കൂടുതല്‍, നമ്മളേക്കാള്‍ വളരെ കൂടുതല്‍ പുരോഗമനകാരികളാണ്. പുരോഗമനത്തെ കുറിച്ച് അവര്‍ അധികം വാചാലമാകുന്നില്ല. പക്ഷേ, എന്താണ് വേണ്ടതെന്ന് അവര്‍ക്കറിയാം. അവര്‍ വളരെ ലളിതമായി പ്രവര്‍ത്തിക്കുന്നു. മുന്നുപാധികള്‍ അവരെ കീഴ്‌പ്പെടുത്തുന്നില്ല. സദാചാരത്തിന്റെ വിധികള്‍, കെട്ടുപാടുകള്‍, മിഥ്യയായ ഗര്‍വ്വങ്ങള്‍, അതികാല്‍പ്പനികവും മതാത്മകവുമായ വിശ്വാസങ്ങളും അതിന്റെ താല്‍പ്പര്യങ്ങളും ... ഇവയൊന്നും അവരെ അധികം ബാധിക്കുന്നില്ല. ഇപ്പോള്‍, ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ കൈയ്യേറ്റത്തിനു വിധേയമാകുമ്പോള്‍ പ്രക്ഷോഭണങ്ങളുമായി ആദ്യം തെരുവിലിറങ്ങുന്നത് പുതുതലമുറയാണെന്നത് അവരുടെ തിരിച്ചറിവിന്റെ നല്ല തെളിവാണ്. സ്വാതന്ത്ര്യം എത്ര മേല്‍ പ്രധാനപ്പെട്ടതാണെന്ന് അവര്‍ക്കറിയാം. ചിലപ്പോള്‍, പുതിയ തലമുറയില്‍ എല്ലാവരും ഇങ്ങനെയായിരിക്കണമെന്നില്ലെന്നതു ശരിയാണ്. ഇവിടെ പറഞ്ഞ കൂട്ടര്‍ ന്യൂനപക്ഷമാണെന്നു പോലും വരാം. എന്നാല്‍, തീരുമാനങ്ങളെടുക്കുന്നതും നിര്‍ണ്ണയിക്കുന്നതും ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ ആഗതരാകുന്നു. പെട്ടെന്നു മുന്നിലെത്തുന്നു. സങ്കുചിതമായ മനസ്സോടെ ഭൂതകാലം കൃത്രിമമായി നിര്‍മ്മിച്ചെടുത്ത അതിര്‍ത്തികളെ അവര്‍ ഭേദിക്കും. എല്ലാ അതിര്‍ത്തികളേയും അവര്‍ മുറിച്ചു കടക്കും; രാഷ്ട്രത്തിന്റെ അതിര്‍ത്തികളേയും. ഇതു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, നമ്മുടെ ശുഭപ്രതീക്ഷ കൂടിയാണ്. ഇ. സന്തോഷ്‌കുമാര്‍ രചിച്ച പാവകളുടെ വീട് എന്ന കഥയില്‍ നിന്നും ഈ ശുഭപ്രതീക്ഷയെ വായിച്ചെടുക്കാനുള്ള ശ്രമമാണ് ഈ ലേഖനം. മറ്റൊരു രീതിയില്‍, സമകാലത്തെ രാഷ്ട്രാതിര്‍ത്തികള്‍ സൃഷ്ടിക്കുന്ന ദുരന്തപൂര്‍ണ്ണമായ അശുഭയാഥാര്‍ത്ഥ്യത്തെ മാനസികമായി തരണം ചെയ്യാനുള്ള ശ്രമം കൂടിയാണിത്. നമ്മുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും ശുഭാത്മകവും അറിവും നേരനുഭവങ്ങളും അശുഭകരവും ആയ കാലമാണല്ലോ ഇത്.
സന്തോഷ്‌കുമാറിന്റെ കഥ പുരോഗമനകാരികളായ പുതുതലമുറയെ കേന്ദ്രമാക്കി നിര്‍മ്മിച്ചെടുത്തതല്ല. ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങള്‍ വൃദ്ധരായ ദമ്പതികളാണ്. തൊണ്ണൂറുവയസ്സില്‍ എത്തിയിരിക്കുന്നവര്‍. കെ.സി.മുഖര്‍ജിയും ഭാര്യയും. പാവകളുടെ വീട് എന്ന കഥ ഇവരെ കുറിച്ചുള്ള ആഖ്യാനമെന്നതിലുപരി രാജ്യങ്ങളെ കുറിച്ചുള്ള, രാജ്യാതിര്‍ത്തികളെ കുറിച്ചുള്ള ആഖ്യാനമായി മാറിത്തീരുകയാണ്. വൃദ്ധദമ്പതികള്‍, പുതുതലമുറ, രാജ്യാതിര്‍ത്തികള്‍...ഇവയെല്ലാം കൂടിച്ചേരുന്ന പ്രമേയമാണ് ഈ കഥയുടേതെന്ന് അമൂര്‍ത്തമായ ഒരു തലത്തില്‍ നിന്നുകൊണ്ടു പറയാം. കെ.സി.മുഖര്‍ജി എത്രയോ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു! അഞ്ചു ഭൂഖണ്ഡങ്ങളിലെ അമ്പത്തിയഞ്ചു രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നും ഓരോ ജോഡി പാവകളെ അദ്ദേഹം ശേഖരിക്കും. സ്ത്രീയും പുരുഷനും. ആ പാവകളില്‍ രാജ്യങ്ങളുടെ പേരുകളും സന്ദര്‍ശിച്ച വര്‍ഷവും രേഖപ്പെടുത്തി ഭദ്രമായി സൂക്ഷിക്കുന്നത് മിസിസ്സ് മുഖര്‍ജിയാണ്. മുഖര്‍ജിയുടെ മക്കളും പേരമക്കളും പല രാജ്യത്താണ് വസിക്കുന്നതെന്ന കാര്യവും കഥയുടെ പ്രമേയത്തില്‍ പ്രധാനമാണ്. അവര്‍ യൂറോപ്പിലും അമേരിക്കയിലും കാനഡയിലും സിംഗപ്പൂരിലുമാണ്. വ്യത്യസ്ത രാഷ്ട്രക്കാരായ ദമ്പതികള്‍. ഒഴിവുകാലത്ത് വിദേശത്തു നിന്നും കുഞ്ഞുമക്കള്‍ വന്നപ്പോള്‍, അവര്‍ക്കു കളിക്കാന്‍ ആ പാവകള്‍ വേണം. കേടു പറ്റിക്കില്ലെന്ന ഉറപ്പു വാങ്ങിയിട്ടാണ് മിസിസ്സ് മുഖര്‍ജി അവര്‍ക്കു പാവകള്‍ നല്‍കിയത്. കുഞ്ഞുങ്ങള്‍ വാക്കു പാലിച്ചു. അവര്‍ തിരിച്ചു പോകുമ്പോള്‍സുരക്ഷിതമായി പാവകളെ മുത്തച്ഛനും മുത്തശ്ശിയ്ക്കും തിരികെയേല്‍പ്പിച്ചു. ഒന്നിനും കേടു വരുത്തിയില്ലെന്നു മാത്രമല്ല, പൊടിയൊക്കെ തുടച്ച് വൃത്തിയാക്കിയിരുന്നു. പക്ഷേ, അവര്‍ സൂത്രശാലികളായിരുന്നു. പാവകളുടെയൊപ്പം വച്ച രാജ്യങ്ങളുടെ പേരുകളെല്ലാം അവര്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറ്റി. ചില രാജ്യങ്ങളുടെ പേരുകള്‍ മായ്ച്ചു കളഞ്ഞു. ജര്‍മ്മനിക്കാരിയായ പെണ്‍പാവയുടെ കൂട്ടിനു ശ്രീലങ്കക്കാരന്‍. പോളണ്ടുകാരനൊപ്പം പാക്കിസ്ഥാന്‍കാരി...അങ്ങനെയങ്ങനെ. പാവകളുടെ സ്ഥാനങ്ങള്‍ ശരിയാക്കാന്‍ വൃദ്ധദമ്പതികള്‍ നടത്തിയ ശ്രമം പാഴാകുന്നു. പാവകള്‍ സ്വയം സ്ഥാനം മാറിയിരിക്കാന്‍ തുടങ്ങിയിരിക്കുന്നതായി അവര്‍ക്കു തോന്നുന്നുണ്ട്. വലിയ സ്വാതന്ത്ര്യം കിട്ടിയതു പോലെ പാവകള്‍ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറി. മുത്തച്ഛന് പാവകളെന്തിനാണ്, കുട്ടികള്‍ക്കല്ലേ പാവകള്‍ വേണ്ടത്, അവ ഞങ്ങള്‍ക്കു തരൂ എന്ന് പേരക്കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പാവകള്‍ ഇറങ്ങി നടക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അവരോടു പറയുമ്പോള്‍ പാവകള്‍ക്കെന്തിനാ കൂടും തടവും എന്ന മറുചോദ്യം അവര്‍ ഉന്നയിക്കുന്നു.
ദേശരാഷ്ട്രങ്ങളെ, ദേശീയതയെ ശല്യമെന്നോ ഉപദ്രവകാരികളെന്നോ ടാഗോര്‍ വിളിച്ചു. രാജ്യസ്‌നേഹം തനിക്ക് അഭയകേന്ദ്രമല്ലെന്ന്, മാനവികതയും മനുഷ്യരാശിയുമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. ബനഡിക്ട് ആന്‍ഡേഴ്‌സന്‍ ദേശരാഷ്ട്രങ്ങളെ സാങ്കല്‍പ്പികസമൂഹങ്ങളെന്നാണ് വ്യവഹരിച്ചത്. അത് സാമൂഹികമായി നിര്‍മ്മിക്കപ്പെട്ടതാണ്. അതില്‍ ഉള്‍ക്കൊള്ളുന്നതായി സ്വയം സങ്കല്‍പ്പിക്കുന്നവരുടെ ഒരു സംഘാതമാണത്. ഈ സങ്കല്‍പ്പനങ്ങള്‍ക്കനുസരണമെന്നോണം പാവകളിയിലൂടെ രാഷ്ട്രങ്ങളെ ആശയപരമായി തച്ചുതകര്‍ക്കുന്ന പേരക്കുഞ്ഞുങ്ങളെയാണ് കഥാകാരന്‍ കല്‍പ്പന ചെയ്തിരിക്കുന്നത്. ദേശീയതയെന്ന ശല്യത്തെ അവര്‍ തങ്ങളുടെ കളിയിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. പേരക്കുഞ്ഞുങ്ങള്‍ ഒരു നിശബ്ദവിപ്ലവമാണ് നടത്തിയതെന്ന് അവരുടെ മുത്തച്ഛനു തോന്നുന്നുണ്ട്. ദേശീയതയെന്ന സങ്കുചിതവീക്ഷണം തകര്‍ക്കപ്പെടണമെന്നും സാര്‍വ്വദേശീയതയിലൂടെ സ്വാതന്ത്ര്യത്തിന്റെ മഹാലോകങ്ങള്‍ ആഗതമാകണമെന്നും ആഗ്രഹിക്കുന്ന ഒരു മനസ്സ് ഈ കഥയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യത്യസ്ത രാജ്യക്കാരായ അവരുടെ അച്ഛനമ്മമാരെ പോലെയാണ് തങ്ങളുടെ പേരക്കുഞ്ഞുങ്ങളെന്നു മിസിസ്സ് മുഖര്‍ജി ആശ്വസിക്കുന്നു. അതെ. എല്ലാറ്റിനും ഒരു തുടക്കം ആവശ്യമുണ്ട്. വ്യത്യസ്ത രാജ്യക്കാരായ ദമ്പതികള്‍ക്കു പിറന്ന മക്കള്‍ക്ക് ഈ സ്വാതന്ത്ര്യബോധം ഉണരുന്നതില്‍ കൂടുതല്‍ സ്വാഭാവികതയുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഈ മഹത്തായ സങ്കല്‍പ്പനം വിവിധ ദേശങ്ങളുടെ വ്യത്യസ്തതകളേയും സാംസ്‌ക്കാരികസവിശേഷതകളേയും നിരാകരിക്കുന്നുണ്ടോ? വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്നുള്ള പാവകളെ ഏതു രാജ്യത്തിന്റേതെന്നു തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍ കുഴച്ചു മറിയ്ക്കുന്ന പേരക്കുഞ്ഞുങ്ങള്‍ ഏതെങ്കിലും ഒരെണ്ണത്തെ പോലും നശിപ്പിക്കുന്നില്ല. മറിച്ച്, എല്ലാറ്റിനേയും തേച്ചുമിനുക്കി വൃത്തിയാക്കി വയ്ക്കുന്നു. മനുഷ്യരാശി എല്ലാ പാരമ്പര്യങ്ങളേയും ഉള്‍ക്കൊള്ളണമെന്ന്, വ്യത്യസ്തതകളോടെ നിലനില്‍ക്കുമ്പോഴും പരസ്പരം ആദരിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന് ഈ പേരക്കുഞ്ഞുങ്ങളുടെ കളികള്‍ നമ്മളോടു പറയാതെ പറയുന്നു. ജനാധിപത്യവല്‍ക്കൃതമായ ഒരു ലോകത്തെ അവര്‍ അഭിലഷിക്കുന്നു. മുഖര്‍ജി സന്ദര്‍ശിച്ച പല രാജ്യങ്ങളും ഇപ്പോള്‍ ഭൂമുഖത്തില്ലെന്ന പരാമര്‍ശം രാഷ്ട്രങ്ങളും രാഷ്ട്രാതിര്‍ത്തികളും എത്രമാത്രം സാങ്കല്‍പ്പികമാണ് എന്നു വിചാരിക്കാന്‍ ഇടം നല്‍കുന്നുണ്ട്.
ദേശീയതയും രാജ്യസ്‌നേഹവും ഭ്രാന്തായി ബാധിച്ചവര്‍ സൃഷ്ടിക്കുന്ന അയല്‍രാജ്യവിദ്വേഷത്തെ ശക്തമായി പ്രഹരിക്കുന്ന ചില ഭാഗങ്ങള്‍ കഥാകാരന്‍ സൃഷ്ടിക്കുന്നു. അതു വാക്കുകളിലൂടെയുള്ള ഒരു കടന്നാക്രമണമല്ല. മാനുഷികാനുഭവങ്ങളുടെ സരളമായ ആഖ്യാനത്തിലൂടെയാണ് കഥാകാരന്‍ ഈ സങ്കുചിതത്വത്തെ പ്രഹരിക്കുന്നത്. ഇന്ത്യാരാജ്യവിഭജനത്തിനു മുമ്പ് ലാഹോറില്‍ വസിച്ചിരുന്ന മുഖര്‍ജി വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പഴയ വീട് സന്ദര്‍ശിക്കുകയും അവിടെ താമസിക്കുന്നവര്‍ അദ്ദേഹത്തെ ഹൃദ്യമായി വരവേല്‍ക്കുന്നതുമായ മുഹൂര്‍ത്തങ്ങള്‍ സന്തോഷ്‌കുമാര്‍ എഴുതുന്നു. കുഞ്ഞുന്നാളില്‍ താന്‍ താമസിച്ചിരുന്ന മുറിയില്‍ അദ്ദേഹം വര്‍ഷങ്ങള്‍ക്കു ശേഷം താമസിക്കുന്നു. ഓര്‍മ്മകള്‍ അയവിറക്കുന്നു. ഈ കഥയിലെ ഏറ്റവും ആകര്‍ഷണീയമായ ഭാഗമാണ് ഈ സന്ദര്‍ശനത്ത കുറിച്ചുള്ള വിവരണങ്ങള്‍. പഴയ വീടിനു മുന്നിലെ തെരുവിലെ കച്ചവടക്കാരില്‍ നിന്നും അയാള്‍ ഒരു ചായ വാങ്ങി കുടിക്കുന്നു. പച്ച മരുന്നുകളുടെ നേര്‍ത്തഗന്ധവും ഒരു സംഗീതോപകരണത്തിന്റെ ശബ്ദവും അയാളെ നയിക്കുന്നു. സ്വന്തം വീടിനു മുന്നില്‍ ഒരു കടന്നുകയറ്റക്കാരനെ പോലെ നില്‍ക്കുന്നതിന്റെ വേദന അനുഭവിക്കുന്നു. ഉറങ്ങിയിരുന്ന അകത്തളങ്ങളും കളിച്ചു വളര്‍ന്ന ഇടനാഴികളും തെന്നിവീണ മുറ്റവും നേരത്തെ ഉണര്‍ന്നെഴുന്നേറ്റ തെരുവുകളെ കാണിക്കുന്ന ജാലകങ്ങളും അയാള്‍ കാണുന്നു. വീട്ടുകാരുടെ ആതിഥ്യം, അവര്‍ സൂക്ഷിച്ചു വച്ചു അയാള്‍ക്കു നല്‍കിയ പഴയ ചിത്രങ്ങള്‍...മുഖര്‍ജിക്ക് മറക്കാനാവാത്ത അനുഭവമാകുന്നു. ആ വീട്ടുകാരാണ് പഞ്ചാബി ദമ്പതികളുടെ പാവകളെ അദ്ദേഹത്തിനു നല്‍കുന്നത്. പാവകളെ സൂക്ഷിക്കുവാന്‍ തുടങ്ങുന്നത് അങ്ങനെയാണ്. രാജ്യത്തിന്റെ വിഭജനപ്രകരണത്തെ കൂടിച്ചേരുന്ന മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയാക്കി മാറ്റുന്നതിന്റെ പ്രതീകമായി പാവകള്‍ ഇവിടെ മാറിത്തീരുന്നുണ്ട്. രാജ്യാതിര്‍ത്തികള്‍ക്കും സങ്കുചിതമായ ദേശബോധത്തിനും തകര്‍ക്കാനാവാത്ത മാനുഷികാനുഭവമായി കഥയിലെ ഈ പ്രകരണം മാറിത്തീരുന്നുണ്ട്. പേരക്കുഞ്ഞുങ്ങളുടെ പ്രവൃത്തിയിലൂടെ മാത്രമല്ല, കഥയുടെ മുഴുവന്‍ ആത്മാവും സങ്കുചിതമായ മനോഭാവങ്ങള്‍ക്കെതിരെ, വിശാലമായ സ്വാതന്ത്ര്യബോധത്തില്‍ പങ്കു ചേരുന്നതായി നമുക്കു തോന്നുന്ന സന്ദര്‍ഭവുമാണിത്. ലാഹോര്‍കാരനേയും ബംഗാളിയേയും മനുഷ്യഭാഗധേയത്തില്‍ ഒരുമിച്ച് അടയാളപ്പെടുത്തുന്ന കഥാകാരന്‍ വിഭജനവാദികളുടെ അസഹിഷ്ണുതയെ ഭേദിക്കുന്നു.
ആധുനികതയുടെ മൂല്യങ്ങള്‍ എല്ലാ രാജ്യങ്ങളിലേക്കും കടന്നു കയറിയിട്ടുണ്ട്. ആധുനികതയുടെ പ്രവര്‍ത്തനങ്ങള്‍ എത്രമേല്‍ പരിമിതമാണെങ്കിലും അത് എത്രമേല്‍ അപൂര്‍ണ്ണമായ ഒരു പദ്ധതിയാണെങ്കിലും ഇവിടെ സൃഷ്ടിക്കപ്പെട്ട പ്രഭാവങ്ങള്‍ തുച്ഛമായിരുന്നില്ല. ചരിത്രകാരന്മാരുടെ കണ്ണുകളിലേക്ക് ആധുനികതയുടെ ഈ വസ്തുനിഷ്ഠമൂല്യങ്ങള്‍ എത്തിച്ചേരുന്നുണ്ട്. പുതിയ തലമുറയില്‍ നിന്നും എത്രയേറെ ഒളിച്ചുവച്ചാലും അത് അവരില്‍ എത്തിച്ചേരുന്നുമുണ്ട്. എന്നാല്‍, ദേശീയതാവാദികളുടെ കണ്ണുകളില്‍ നിഴലിക്കുന്നത് പഴമയുടെ ആത്മനിഷ്ഠതയാണ്. വസ്തുനിഷ്ഠമായ വിശകലനങ്ങളില്‍ ദേശീയതയുടെ സാമൂഹികവും സാംസ്‌ക്കാരികവുമായ മാനങ്ങളാണ് തെളിയുന്നതെങ്കില്‍ സങ്കുചിതദേശീയവാദത്തിന്റെ കേവല ആത്മനിഷ്ഠതയില്‍ രാഷ്ട്രഭരണകൂടങ്ങളുടെ അധികാരവും ദാര്‍ശനികമായ ദാരിദ്ര്യവും പ്രത്യക്ഷപ്പെടുന്നു. പുതിയ തലമുറയുടെ യുക്തിബോധം സങ്കുചിതത്വത്തിന്റെ ദാര്ശനികമായ ദാരിദ്ര്യത്തെ വെല്ലുവിളിക്കുന്നു. പാവകള്‍ക്കെന്തിനാ കൂടും തടവും എന്ന ചോദ്യം ഉന്നയിക്കുന്ന പേരക്കുഞ്ഞുങ്ങള്‍ മനുഷ്യമനസ്സിന്റെ സുദീര്‍ഘവും അവസാനിക്കാത്തതുമായ സഞ്ചാരങ്ങളെ കാംക്ഷിക്കുന്നവരാണ്. അത് രാഷ്ട്രത്തിന്റെ കൂട്ടിലെ തടവില്‍ പാര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.
കുട്ടികളുടെ പാവകളെ പോലെ മനുഷ്യര്‍ക്ക് ഇതര രാജ്യങ്ങളിലേക്ക് കടന്നുകയറാനും കൂടിക്കുഴയാനും കഴിയുന്നുണ്ടോ? ആഗോളവ്യവസ്ഥ മൂലധനത്തിന്റെ കടന്നുകയറ്റത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മനുഷ്യന്റെ അദ്ധ്വാനശക്തിക്ക് ഇപ്പോഴും വിലക്കുകളുണ്ട്. മുതലാളിത്തത്തിന്റേയും ദേശരാഷ്ട്രങ്ങളുടേയും നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ചില രാജ്യങ്ങളിലെ മനുഷ്യന്റെ അദ്ധ്വാനശേഷിയെ കുറഞ്ഞ വേതനം നല്‍കുന്നവയായി നിലനിര്‍ത്താന്‍ ഈവിലക്കുകള്‍ക്കു കഴിയുന്നുണ്ട്. കഥയില്‍ രേഖപ്പെടുന്ന രാജ്യാതിര്‍ത്തികള്‍ ഭേദിക്കുന്ന പാവകളിലൂടെ ആഗോളവ്യവസ്ഥയുടെ നിയന്ത്രണങ്ങള്‍ക്ക് വിയോജനക്കുറിപ്പ് എഴുതപ്പെടുന്നു. അദ്ധ്വാനശക്തിയോടൊപ്പം നില കൊള്ളാന്‍ ആഗ്രഹിക്കുന്ന സാര്‍വ്വദേശീയതയുടെ സമീപനമാണത്.
ഇ.സന്തോഷ്‌കുമാറിന്റെ കഥ നമ്മുടെ രാജ്യത്തിന്റെ സമകാലാവസ്ഥയെ മുന്നില്‍ കണ്ടുകൊണ്ട് രചിച്ചതല്ല. സമകാലാവസ്ഥക്കു യോജിച്ച രീതിയില്‍ രചിക്കുകയെന്ന ഒരു സംരംഭം കൂട്ടിക്കൊണ്ടുവന്നേക്കാവുന്ന കൃത്രിമത്വങ്ങളുടെ എല്ലാ ഭാരങ്ങളില്‍ നിന്നും ഈ കഥ മുക്തമായിരിക്കുന്നു. വിശാലമായ സാമൂഹികപരിപ്രേക്ഷ്യത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ട് ഈ കഥ വായിക്കാം. വീട്ടിലെ അംഗങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധങ്ങളുടെ കഥയായി ചില വ്യത്യസ്ത പാഠങ്ങള്‍ വായിച്ചെടുക്കാം. അതു മുത്തച്ഛനും മുത്തശ്ശിയും പേരക്കുഞ്ഞുങ്ങളും അടങ്ങുന്ന ലോകത്തിലെ സ്‌നേഹവായ്പിന്റേയും സ്‌നേഹസംഭാഷണങ്ങളുടേയും കഥയാണ്, ഇപ്പോള്‍. അവര്‍ പെട്ടെന്നു കണ്ടുമുട്ടിയതാണ്. പേരക്കുഞ്ഞുങ്ങള്‍ പോയതിനു ശേഷവും അവരെ ആ വൃദ്ധരോടൊപ്പം നിലനിര്‍ത്തുന്ന കളി ഉപകരണങ്ങളായി ആ പാവകള്‍ മാറിത്തീരുന്നു. കളിപ്പാവകളെ കുറിച്ചാണ് ഈ കഥയെന്നു പറയുന്ന പാഠവും നിര്‍മ്മിക്കാം. സന്തോഷ് എഴുതിയ കഥയില്‍ നിരവധി അന്തര്‍പാഠങ്ങള്‍ നിറഞ്ഞിരിക്കുന്നു.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...