Monday, May 22, 2023

'ദുര്‍ന്നയത്തിന്‍ നേരെ പൊങ്ങിയാലും നിന്‍ കൊടുവാള്‍ നിന്നിലേ പതിപ്പൂ'

കഥാകാരന്‍, നോവലിസ്റ്റ്, ചലച്ചിത്രകാരന്‍, പത്രാധിപര്‍, സാംസ്‌കാരികസ്ഥാപനങ്ങളുടെ നേതൃനായകന്‍ എന്നിങ്ങനെ താന്‍ 'തൊട്ടിടങ്ങളെയെല്ലാം പൊന്നാക്കിയ' മലയാളമഹാപ്രതിഭ    എം.ടി.വാസുദേവന്‍ നായരല്ലാതെ മറ്റൊരാള്‍ നമ്മുടെ കാലത്തില്ല. എം.ടി സാക്ഷാത്ക്കരിച്ച നിര്‍മ്മാല്യം, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചലച്ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരില്‍ ഏറെപ്പേരും അദ്ദേഹത്തിലെ ചലച്ചിത്രപ്രതിഭ കൂടുതല്‍ ചലച്ചിത്രങ്ങള്‍ സാക്ഷാത്ക്കരിച്ചിരുന്നെങ്കില്‍ എന്ന് ഉള്ളില്‍ പറഞ്ഞിട്ടുണ്ടാകണം.  മലയാളത്തിലെ പ്രശസ്തരായ പല ചലച്ചിത്രസംവിധായകരുടേയും നല്ല ചലച്ചിത്രങ്ങള്‍ എം.ടിയുടെ തിരക്കഥയില്‍ നിന്നു പിറന്നതാണെന്ന കാര്യവും എടുത്തു പറയണം. എം.ടിയുടെ സംവിധാനകലയില്‍ പുറത്തുവന്ന സൃഷ്ടികളെ ചലച്ചിത്രാത്മകവും സൗന്ദര്യാത്മകവുമായ മൂല്യങ്ങള്‍ കൊണ്ടു പരിശോധിച്ചാല്‍ ഏറ്റവും മികച്ചത് 'നിര്‍മ്മാല്യം' തന്നെ. മലയാളത്തിലെ ക്ലാസിക് ചലച്ചിത്രകൃതികളിലൊന്നാണത്. അതീവ സൗന്ദര്യാത്മകഭാവനയും ദൃശ്യാവബോധവുമുള്ള ഒരു കലാഹൃദയം ചലച്ചിത്രാകാരത്തിന്റെ എല്ലാ ഘടകങ്ങളിലും ഏറെ സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ ചലച്ചിത്രം.


ചലച്ചിത്രത്തിന്റെ ഓരോ ഫ്രെയിമും വളരെ സൂക്ഷ്മതയോടെ തയ്യാറാക്കപ്പെട്ടതും സന്നിവേശിപ്പിക്കപ്പെട്ടതുമാണ്. പുതിയ യഥാതഥരീതിയുടെ ഏറെ ആകര്‍ഷകവും സഫലവുമായ പ്രയോഗമാണത്. അന്നത്തെ സാങ്കേതികവിദ്യയുടെ കാലപരമായ പരിമിതികള്‍ പോലും ഈ ചലച്ചിത്രത്തിന് അനുഗ്രഹമായി തീര്‍ന്നിരിക്കുന്നുവെന്നും പറയണം. കറുപ്പിലും വെളുപ്പിലും 35 എംഎം വലിപ്പത്തിലും തന്നെയാണ് ഈ ചലച്ചിത്രം സാക്ഷാത്ക്കരിക്കേണ്ടതെന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഈ കാലത്തും പല ചലച്ചിത്രസഹൃദയരും പറഞ്ഞേക്കുമെന്നു തോന്നുന്നു. മാറിയ കേരളപ്രകൃതിയില്‍ ഈ ചലച്ചിത്രത്തിന്റെ ഒരു പുനര്‍സൃഷ്ടി എം.ടിയുടെ സാക്ഷാത്ക്കാരത്തെ അതിശയിക്കാനുള്ള ഒരു സാദ്ധ്യതയുമില്ല താനും. പുഴയും കുന്നും ആറ്റുകടവും നാട്ടുവഴികളും വീട്ടുമുറ്റങ്ങളും വീടുകളുടെ ഉള്‍വശങ്ങളും പഴയ ക്ഷേത്രവും മനുഷ്യരുടെ വര്‍ത്തമാനങ്ങള്‍ പോലും ഇത്രമേല്‍ യഥാതഥമായി ഇനി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞേക്കില്ല. 'നിര്‍മ്മാല്യ'ത്തിന്റെ ഏറ്റവും നല്ല ചട്ടക്കൂട് എം.ടി നല്‍കിയതു തന്നെ. ആ കാലത്തിന്റെ കേരളീയപ്രകൃതിയുടേയും സമൂഹത്തിന്റേയും സവിശേഷമായ ഒരു ഏട് ഈ ചലച്ചിത്രകൃതിയില്‍ ആവിഷ്‌കൃതമായിരിക്കുന്നു. അങ്ങനെ, ഇതൊരു ചരിത്രരേഖ കൂടിയാണ്.



മഴ നനഞ്ഞ് ഓടിക്കയറി വൃക്ഷത്തണലിലെ ഉയര്‍ന്ന തിട്ടയില്‍ ഇരിക്കുന്ന  ഉണ്ണി നമ്പൂതിരിയുടേയും അമ്മിണിയുടേയും പിന്‍ഭാഗത്തു നിന്നുള്ള ഛായാഗ്രാഹിദൃശ്യം മനോഹരമായ ചിത്രാലേഖ്യങ്ങളോടു കിടപിടിക്കുന്നതാണ്. രാമചന്ദ്രബാബുവിന്റെ ക്യാമറയെന്നതു പോലെ എം.ബി.ശ്രീനിവാസന്റെ പശ്ചാത്തലസംഗീതവും എടുത്തു പറയണം. ദൃശ്യസന്ദര്‍ഭങ്ങളുടെ സവിശേഷതകള്‍ക്കും പ്രാധാന്യത്തിനുമനുസരിച്ച് നല്‍കിയിരിക്കുന്ന പശ്ചാത്തലശബ്ദ, സംഗീതവിന്യാസങ്ങള്‍ എത്രയോ ഉചിതമായി.  വെളിച്ചപ്പാടായി വരുന്ന പി.ജെ. ആന്റണിയുടെ അഭിനയവിശേഷം വളരെ പ്രകീര്‍ത്തിക്കപ്പെടുകയും ദേശീയപുരസ്‌കാരത്തിന് അര്‍ഹമാകുകയും ചെയ്തതാണ്. അതിന്നപ്പുറം മലയാളചലച്ചിത്രലോകത്തെ അത്യുന്നത അഭിനേതാവായിരുന്ന ശങ്കരാടിക്കായി മാറ്റിവയ്ക്കപ്പെട്ട വേഷം ഇതു തനിക്കു പാകമല്ലെന്നു പറയുകയും പി.ജെ. ആന്റണിക്കാണു യോജിക്കുകയെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയിലാണ് പി.ജെ. ആന്റണി ഈ ചലച്ചിത്രത്തിലെ കോമരമായി വേഷമിട്ടതെന്ന കാര്യം നമ്മുടെ സമകാലചലച്ചിത്രലോകം പല പ്രാവശ്യം ഓര്‍മ്മിക്കേണ്ടതാണ്. പഴയകാല അഭിനേതാക്കളുടെ ആര്‍ജ്ജവമുള്ള, പ്രതിജ്ഞാബദ്ധമായ 
പ്രവൃത്തികളുടെ ഒരു ഉത്തമോദാഹരണമാണിത്. ഈ ചലച്ചിത്രത്തില്‍ വേഷമിട്ട അനേകം മഹാനടീനടന്മാരോടൊപ്പം (പി.ജെ. ആന്റണി, കൊട്ടാരക്കര, ശങ്കരാടി, എം.എസ്. തൃപ്പൂണിത്തറ, കുഞ്ഞാണ്ടി, കവിയൂര്‍ പൊന്നമ്മ, ശാന്താദേവി...) പുതുമുഖങ്ങളായി വന്ന രവിമനോനും സുമിത്രയും സുകുമാരനും കൂടി എത്രയോ നന്നായി അഭിനയിച്ചിരിക്കുന്നു. രവിമനോനും സുമിത്രയും അവരുടെ ഈ ആദ്യചിത്രത്തേക്കാളും നന്നായി മറ്റേതെങ്കിലും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടോയെന്നു സംശയമാണ്. പുഴ കടന്നു മറുകരയിലേക്കു നടന്നു പോകുന്ന ഉണ്ണിനമ്പൂതിരിയെ നോക്കി നില്‍ക്കുന്ന അമ്മിണിയുടെ കദനഭാരം പേറുന്ന മുഖഭാവത്തോളം തന്മയത്വമുള്ള ഭാവപ്രകടനദൃശ്യങ്ങള്‍ മലയാളസിനിമയില്‍ അധികമൊന്നുമില്ല. ചലച്ചിത്രത്തിലെ പാട്ടുകള്‍ എം.ടിയുടെ കവിയെന്നു പറയാവുന്ന ഇടശ്ശേരിയുടെ വരികളാണ്. കാവിലെ പാട്ട് എന്ന ഇടശ്ശേരിക്കവിതയിലെ ഭാഗങ്ങള്‍ ചലച്ചിത്രഗാത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന രൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നു. കാവില്‍ കുരുതി കഴിക്കാനും വെളിച്ചപ്പാട് കോമരം തുള്ളാനും തയ്യാറാകുമ്പോള്‍ 'സമയമായി സമയമായി തേരിറങ്ങുകംബേ' എന്ന വരികള്‍ കെ. രാഘവന്റെ സംഗീതസംവിധാനത്തില്‍ കുരുതിയൊരുക്കത്തിന്റെ ദൃശ്യങ്ങളോടൊപ്പം മുഴങ്ങുന്നു. ഈ വരികള്‍ക്കപ്പുറം ഇടശ്ശേരിയുടെ കവിതയുടെ ആന്തരികസത്ത; കഠിനരോഷം കൊണ്ടു പൂക്കുല പോലെ തുള്ളുന്നത് ദേവി തന്നെ, ...'എങ്ങളുടെ ദുര്‍ന്നയത്തിന്‍ നേരെ പൊങ്ങിയാലും നിന്‍ കൊടുവാള്‍ നിന്നിലേ പതിപ്പൂ', ഈ ചലച്ചിത്രത്തിന്റെ പ്രമേയത്തിനും ബാധകമാകുന്നതത്രെ! പ്രമേയത്തിനു മാത്രമല്ല, ചലച്ചിത്രത്തിന്റെ ഫലശ്രുതിയില്‍ 'നിര്‍മ്മാല്യ'ത്തിലൂടെ ചലച്ചിത്രകാരന്‍ ഉയര്‍ത്തുന്ന കൊടുവാള്‍ 'ഈ ചലച്ചിത്രത്തിന്റെ ദൈവ'മായ അയാളില്‍ തന്നെയും പതിക്കുന്നുണ്ട്. ഈ കാര്യത്തെ പറയാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.



ഒരു കലാസൃഷ്ടിയുടെ കലാപരമായ മൂല്യങ്ങളാണ്  ആദ്യമായി നിരൂപണം ചെയ്യപ്പെടേണ്ടതെന്നു തീര്‍ച്ച. എന്നാല്‍, ഒരു വ്യവഹാരത്തെ അതിന്റെ മൂല്യങ്ങള്‍ കൊണ്ടു മാത്രം നിരൂപിക്കാനുള്ള ശ്രമങ്ങള്‍ ചാക്രികവലയങ്ങള്‍ സൃഷ്ടിക്കുകയും സ്വയം പുനരുല്‍പ്പാദിപ്പിക്കുന്ന യാന്ത്രികതയില്‍ എത്തിച്ചേരുകയും ചെയ്യും. കലയെ സംബന്ധിച്ചിടത്തോളം കലാപരമായ മൂല്യങ്ങള്‍ പരമപ്രധാനമായിരിക്കുമ്പോള്‍ തന്നെ പുറമേ നിന്നുള്ള നോട്ടങ്ങളും ആവശ്യമാണ്. 1 'നിര്‍മ്മാല്യ'മെന്ന ചലച്ചിത്രത്തിന്റെ സൗന്ദര്യാത്മകവും ചലച്ചിത്രാത്മകവുമായ മൂല്യങ്ങള്‍ക്കു നല്‍കുന്ന പ്രശംസ അതിന്റെ സാമൂഹികശാസ്ത്രപരമായ നിരൂപണത്തിലൂടെ പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതല്ല. 'എം ടി യുടെ രചന; അത് നോവലോ കഥയോ സിനിമയോ ആകട്ടെ, സാമൂഹികമാനങ്ങൾക്കു പ്രാധാന്യം നൽകപ്പെടുന്നവയല്ല. അയാൾ  വ്യക്തിയെ  ആവിഷ്ക്കരിക്കുന്നവനാണ്. അതുകൊണ്ട്, 
എം ടിയുടെ ആഖ്യാനങ്ങൾക്ക് സാമൂഹികശാസ്ത്രനിരൂപണം ആവശ്യമില്ല' എന്നു  പറയുന്നവരുണ്ടാകും. 'നിർമ്മാല്യ'ത്തിൽ സമൂഹമുണ്ട്, മറഞ്ഞുകിടക്കുന്ന സമൂഹവുമുണ്ട്. അത്, വെളിച്ചപ്പാടിന്റെ വ്യക്തിദുരന്തത്തിന്റെ ആഖ്യാനമല്ല. 

എഴുപതുകളുടെ തുടക്കത്തിലെ കേരളീയസാമൂഹികബന്ധങ്ങളാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. ഭൂപരിഷ്‌ക്കരണവും കാര്‍ഷികബന്ധനിയമവും പ്രാബല്യത്തില്‍ വന്നിരിക്കുന്നു. വളരെയേറെ പാട്ടം കിട്ടിയിരുന്ന ജന്മിമാര്‍ക്ക് ഭൂമി നഷ്ടപ്പെടുകയും കുടിയാന്മാര്‍ക്കും കൃഷി നോക്കി നടത്തിയിരുന്ന ഇടച്ചേരിവര്‍ഗ്ഗത്തിനും ഭൂമിയിലുള്ള അവകാശം കിട്ടുകയും ചെയ്തു. പല ജന്മിമാരുടെ ഗൃഹങ്ങളും അവരുടെ ക്ഷേത്രങ്ങളും ഇതിനെയെല്ലാം ആശ്രയിച്ചു ജീവിച്ചിരുന്ന സവര്‍ണ്ണകുടുംബങ്ങളും പതുക്കെ പതുക്കെയെങ്കിലും ദാരിദ്ര്യത്തിലേക്കു സഞ്ചരിച്ചു തുടങ്ങി. അന്നേവരെ സവിശേഷമായ തൊഴിലുകളൊന്നും എടുക്കാതെ ജന്മിത്വവ്യവസ്ഥയുടെ ആശ്രിതത്വം മാത്രം തൊഴിലായി സ്വീകരിക്കുകയും അതിന്റെ മൂല്യങ്ങളില്‍ മാത്രം ജീവിക്കുകയും ചെയ്തവരാണ് ഏറെ വൈഷമ്യങ്ങളെ നേരിട്ടത്. തൊഴിലില്ലായ്മ വളരെ വലിയ പ്രശ്‌നമായി ഉയര്‍ന്നുവന്നു. അതില്‍, സവര്‍ണ്ണരും അഭ്യസ്തവിദ്യരുമായവരുടെ തൊഴിലില്ലായ്മക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുക സ്വാഭാവികമായിരുന്നു. 'വിളക്കു കത്തിക്കാന്‍ എണ്ണയില്ലാത്ത' ക്ഷേത്രങ്ങളുണ്ടായി. അമ്പലത്തിലെ പൂജാരികള്‍, ദൈവത്തിനു മാല കെട്ടിയിരുന്നവര്‍, വെളിച്ചപ്പാടന്മാര്‍... അമ്പലവാസികള്‍ പെട്ടെന്നു ദരിദ്രരായി. ജന്മിവ്യവസ്ഥ കുലുങ്ങാന്‍ പോകുന്നുവെന്നു നേരത്തെ മനസ്സിലാക്കിയ മിടുക്കന്മാരായ ചില ജന്മിമാര്‍ കൃഷിയില്‍ നിന്നു മാറി വ്യവസായങ്ങളിലേക്കും വാണിജ്യത്തിലേക്കും സഞ്ചരിച്ചു രക്ഷപ്പെടുന്നുണ്ട്. അവര്‍ക്ക് ഫ്യൂഡല്‍ വ്യവസ്ഥയുടെ കലകളും മറ്റും വിദേശവിപണിയില്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കപ്പെടാനുമുള്ളവയായി മാറിത്തീര്‍ന്നു. അങ്ങനെ, മുതലാളിവേഷം അണിഞ്ഞവരോ ദല്ലാള്‍ മുതലാളിമാരായി മാറിത്തീര്‍ന്നവരോ മാത്രം മാറ്റത്തിന്റെ പ്രളയത്തിലും പൊങ്ങിക്കിടന്നു. ഇങ്ങനെയൊരു സാമൂഹികാന്തരീക്ഷത്തിന്റെ ചിത്രമാണ് 'നിര്‍മ്മാല്യം'നല്‍കുന്നത്.

ഈ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാന കഥാപാത്രങ്ങളെല്ലാവരും, മൈമുണ്ണിയൊഴികെ, സവര്‍ണ്ണഹിന്ദുക്കളാണ്.  
ഉണ്ണിനമ്പൂതിരിയും കുടുംബവും, വലിയ തമ്പുരാനും കോവിലകവും, വാരിയരും ഭാര്യയും, അമ്പലത്തിലെ പൂജാരിയായിരുന്ന തിരുമേനി, രാമുണ്ണി നായര്‍, വെളിച്ചപ്പാടും കുടുംബവും (എം.ടിയുടെ കഥയായ 'പള്ളിവാളും കാല്‍ച്ചിലമ്പു'മാണ് ചലച്ചിത്രത്തിന്റെ ആധാരമെന്നു കരുതിയാല്‍ വെളിച്ചപ്പാട് രാമക്കുറുപ്പിന്റെ മകനാണ്) എന്നിങ്ങനെ എല്ലാവരും സവര്‍ണ്ണരാണ്. ഈ സവര്‍ണ്ണരില്‍ മുതലാളിത്തത്തിലേക്കു സഞ്ചരിച്ചു തുടങ്ങിയിരിക്കുന്ന വലിയ തമ്പുരാനൊഴികെ എല്ലാവരും ദരിദ്രരായിക്കുന്നു.  വെളിച്ചപ്പാടിന്റെ മകന്‍ തൊഴില്‍രഹിതനാണ്. കൂട്ടുകാര്‍ നല്‍കുന്ന ബീഡിയിലും ചായയിലും ഒരു നേരത്തെ ഊണിലും ദൈവത്തെ കാണുന്നവന്‍. പകിട കളിച്ചു സമയം കളയുന്നവന്‍. അച്ഛനു പാരമ്പര്യമായി കിട്ടിയ പള്ളിവാളും കാല്‍ച്ചിലമ്പും ഓടിന്റെ വിലയ്ക്കു വില്‍ക്കാന്‍  തുനിയുന്നവനെ വെളിച്ചപ്പാട് ശകാരിക്കുന്നു. അവന്‍ വീടും നാടും വിട്ടുപോകുന്നു. വെളിച്ചപ്പാടിന്റെ വീട് പട്ടിണിയിലാണ്. അയാള്‍ക്ക് നെല്ലിനു വേണ്ടി വീടുകള്‍ കയറിയിറങ്ങി തെണ്ടേണ്ടിവരുന്ന സ്ഥിതിയുണ്ട്. അയാള്‍ മൈമുണ്ണിയുടെ കടക്കാരനാണ്. കടം വാങ്ങിയ പണം തിരികെ കിട്ടുന്നതിനു വേണ്ടി മൈമുണ്ണി വെളിച്ചപ്പാടിനെ നിരന്തരം ശല്യം ചെയ്യുന്നുണ്ട്. ഭഗവതിക്ഷേത്രത്തില്‍ ശാന്തിപൂജകള്‍ ചെയ്തിരുന്ന നമ്പൂതിരിക്ക് ശാന്തിപ്പണിയില്‍ നിന്നും ജീവിക്കാനുള്ള വകയൊന്നും കിട്ടാത്തതു കൊണ്ട് ചായക്കട തുടങ്ങേണ്ടി വരുന്നു. പിന്നീടു പൂജാരിയായി വരുന്ന ഉണ്ണിനമ്പൂതിരിക്ക് അയാളുടെ ഇളയ പെങ്ങളുടെ വിവാഹം നടന്നു കിട്ടുന്നതിന് വേളി കഴിക്കേണ്ടതായി വരുന്നു. അയാള്‍ക്ക് അമ്മിണിയോടുള്ള പ്രണയം ഉപേക്ഷിക്കേണ്ടി വരുന്നു. ചലച്ചിത്രത്തിലുടനീളം ഇങ്ങനെ സവര്‍ണ്ണരുടെ വിവിധ നിലകളിലുള്ള ദാരിദ്ര്യത്തിന്റെ ചിത്രണമുണ്ട്. തീര്‍ച്ചയായും, അന്നത്തെ സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ സാകല്യചിത്രമല്ല ഇത്. വിഭാഗീയമെന്നു വിളിക്കാവുന്നിടത്തോളം ഭാഗികമാണത്. എംടിയുടെ ആഖ്യാനത്തില്‍ നിന്നും പല സാമൂഹികവിഭാഗങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ചലച്ചിത്രകാരന്‍ കാണാതെ പോകുകയോ അയാളുടെ ദര്‍ശനമോ പ്രത്യയശാസ്ത്രമോ ദമിതമാക്കുകയോ ചെയ്ത കാര്യങ്ങളെ തിരയേണ്ടതാണല്ലോ?


കേരളത്തില്‍ ഭൂപരിഷ്‌ക്കരണവും കാര്‍ഷികബന്ധനിയമങ്ങളും നടപ്പിലാക്കപ്പെട്ടുവെങ്കിലും മണ്ണില്‍ പണിയെടുക്കുന്ന അടിയാളവിഭാഗങ്ങള്‍ക്കല്ല കൃഷിഭൂമി ലഭിച്ചത്. കൃഷിക്കു പണമിറക്കുകയും ജന്മിക്കു പാട്ടം നല്‍കി കൃഷി നടത്തുകയും ചെയ്തിരുന്ന കുടിയാന്മാരുടെ കൈകളിലേക്കാണ് കൃഷിഭൂമി മാറ്റം ചെയ്യപ്പെട്ടത്. കുടികിടപ്പവകാശത്തിന്റെ പേരില്‍ അഞ്ചു സെന്റ് ഭൂമിയോ ലക്ഷം വീടു കോളനിയിലെ പുരയോ നല്‍കി അടിയാളജനതയെ വിവിധതരത്തില്‍ പെട്ട സെറ്റില്‍മെന്റ് കോളനികളിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു, ഉയര്‍ന്നു വരുന്ന പുതിയ മദ്ധ്യവര്‍ഗത്തില്‍ നിന്നും അവരെ പാര്‍ശ്വവല്‍ക്കരിക്കുകയും അദൃശ്യരാക്കുകയും  ചെയ്യുന്ന പ്രവര്‍ത്തനമാണ് നടപ്പിലാക്കപ്പെട്ടത്. കുടിയാന്മാരുടെയോ അടിയാളരുടെയോ ഒരു പ്രതിനിധി പോലും എം.ടിയുടെ ചലച്ചിത്രാഖ്യാനത്തില്‍ പ്രധാന പങ്കു വഹിക്കുന്നില്ല. നെല്ലു മെതിക്കുന്നതിന്റെയോ പാറ്റുന്നതിന്റെയോ പാട്ടം അളക്കുന്നതിന്റെയോ ദൃശ്യങ്ങളില്‍ ഇവരുണ്ടായിരിക്കാമെന്നു ഊഹിക്കാമെങ്കിലും ക്യാമറയുടെ കണ്ണുകള്‍ അവരുടെ ജീവിതങ്ങളിലേക്കോ ശരീരങ്ങളിലേക്കു പോലുമോ നീളുന്നില്ല. സവര്‍ണ്ണരുടെ ദാരിദ്ര്യത്തിന്റെ ചിത്രണവും ചലച്ചിത്രത്തില്‍ സംഭവിച്ച ഈ അദൃശ്യവല്‍ക്കരണവും പ്രത്യയശാസ്ത്രമാനങ്ങളുള്ളവയാണ്.

എം.ടിയുടെ ചലച്ചിത്രാഖ്യാനം അതു ഫോക്കസ് ചെയ്യുന്ന പട്ടിണിക്കാരും സജ്ജനങ്ങളുമായ സവര്‍ണ്ണമനുഷ്യര്‍ക്ക് അപരത്തെ നിര്‍മ്മിക്കുന്നുണ്ടെന്ന കാര്യമാണ് അടുത്തത്. അപരവല്‍ക്കരണത്തിനു വിധേയരാകുന്ന രണ്ടു പേരാണ് ചലച്ചിത്രത്തിലുള്ളത്. നാടുവാഴിത്തമൂല്യങ്ങളുടേയും മുതലാളിത്തതാല്‍പ്പര്യങ്ങളുടേയും ഇടയില്‍ സംഘര്‍ഷങ്ങളോടെ നില്‍ക്കുകയും നാട്ടിലെ മനുഷ്യരുടെ ജീവിതത്തോടും താല്‍പ്പര്യങ്ങളോടും വൈരുദ്ധ്യത്തില്‍ നില്‍ക്കുകയും ചെയ്യുന്ന വലിയ തമ്പുരാനാണ് ആദ്യത്തെയാള്‍. വലിയ തമ്പുരാന്‍ ആശ്ലേഷിക്കുന്ന മുതലാളിത്തത്തിന്റെ ചിത്രണം രാഷ്ട്രീയമായി യഥാതഥമാണ്. റബ്ബര്‍ വ്യവസായവും വാണിജ്യവും കാറും ഒക്കെയുണ്ടെങ്കിലും ആനയെ പരിപാലിക്കുന്ന മുതലാളിത്തമാണത്. ഇന്ത്യന്‍ മുതലാളിത്തം നാടുവാഴിത്തത്തിന്റെ മൂല്യവ്യവസ്ഥയില്‍ നിന്നും മുക്തമാകാത്തതും ജനാധിപത്യവല്‍ക്കരണത്തിനു വിധേയമാകാന്‍ മടിക്കുന്നതുമാണ്. നാടുവാഴിത്തത്തിന്‍റെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും ചിഹ്നമെന്നു കാണാവുന്ന ആനയുടെ പരിപാലനത്തിലൂടെ ഇതു സൂചിതമാകുന്നുമുണ്ട്. കടം വാങ്ങിയ പണം തിരികെ കിട്ടുന്നതിനു വേണ്ടി വെളിച്ചപ്പാടിനെ നിരന്തരം ശല്യം ചെയ്യുന്ന മൈമുണ്ണിയാണ് അടുത്തയാള്‍. ഈ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏക അവര്‍ണ്ണന്‍. മൈമുണ്ണി ഒരു മുസ്ലീമാണ്. അയാളുടെ നാമം ഏതെങ്കിലും വിധത്തിലുള്ള അവ്യക്തതകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ തന്നെ മേമുണ്ണിയുടെ വേഷവും താടിയും അരയിലെ പല അറകളുള്ള ബെല്‍റ്റും ശരീരഭാഷയും അതിനെ അകറ്റുകയും മുസ്ലിമാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. വെളിച്ചപ്പാടിന്റെ ദാരിദ്ര്യത്തെ ദുഷ്ടലാക്കോടെ സമീപിക്കുന്ന നീചനായിട്ടാണ് അയാള്‍ ചിത്രീകരിക്കപ്പെടുന്നത്. തന്റെ വീട്ടിലെ ഒരു മുറിയില്‍ നിന്നും ബെല്‍റ്റു മുറുക്കി മൈമുണ്ണി ഇറങ്ങിവരുന്നതും അതിനു പിന്നാലെ തന്റെ ഭാര്യ നാരായണി നില്‍ക്കുന്നതും വെളിച്ചപ്പാടിനു കാണേണ്ടി വരുന്നുണ്ട്. ''എന്റെ നാലുമക്കളെ പെറ്റ നീയോ?, നാരായണി'' എന്ന് അയാള്‍ വിതുമ്പുന്നു. കാവിലെ കുരുതിക്കായി വെളിച്ചപ്പാട് ഓടി നടക്കുന്നതിന്നിടയില്‍ പട്ടിണിയായ വീടിനെ പുലര്‍ത്തിയത് മൈമുണ്ണിയുടെ പണമാണെന്ന് നാരായണി പറയുന്നു. സവര്‍ണ്ണരുടെ ദാരിദ്ര്യത്തിന്നിടയില്‍ അവരുടെ മാനത്തെ പണം കൊടുത്തു വാങ്ങുന്നവനായി ചലച്ചിത്രത്തിലെ ഏക അവര്‍ണ്ണനായ മുസ്ലിം ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ അപരന്‍ മുസ്ലീം ആയിത്തീരുന്നത് എന്തുകൊണ്ടാണ്? മൈമുണ്ണിയുടെ സ്വഭാവചിത്രണത്തെ ശ്രദ്ധിക്കുക. പലിശ വാങ്ങുന്നത് ഹറാമായി കാണുന്ന സാധാരണ മുസ്ലിം വിശ്വാസികള്‍ പണം കടം കൊടുക്കുന്നതിനെ സമ്പാദ്യത്തിനുള്ള മാര്‍ഗ്ഗമായി സ്വീകരിക്കാന്‍ പൊതുവെ വിമുഖരാണ്. എന്നിട്ടും ആ റോളില്‍ ഒരു മുസ്ലിം തന്നെ പ്രതിഷ്ഠിക്കപ്പെടുന്നു. മൈമുണ്ണി വെളിച്ചപ്പാടിനോടുള്ള സ്‌നേഹവും കാരുണ്യവും കൊണ്ടാണ് കടം നല്‍കിയതെന്നു കരുതാനുള്ള ന്യായങ്ങളില്ല. അവര്‍ക്കിടയിലുള്ളത് ഉത്തമമായ സ്‌നേഹബന്ധമല്ല, അത് വളരെ ഔപചാരികമായ ബന്ധം മാത്രമാണ്. ദരിദ്രനായ വെളിച്ചപ്പാടിന് വലിയ ദുഷ്ടലാക്കോടെ മൈമുണ്ണി പണം കടം നല്‍കിയെന്നു വേണം കരുതാന്‍. വേണമെങ്കില്‍ പുതുപണക്കാരനും മദ്ധ്യവര്‍ഗക്കാരനുമായ മറ്റൊരു സവര്‍ണ്ണ കഥാപാത്രത്തിന്റെ സൃഷ്ടിയിലൂടെ പൂര്‍ണ്ണമായും സവര്‍ണ്ണരുടെ കഥയായി പറയാമായിരുന്ന  'നിര്‍മ്മാല്യ'ത്തെ മൈമുണ്ണി എന്ന നീചനായ അവര്‍ണ്ണന്റെ നിര്‍മ്മിതിയിലൂടെ 'മലിനീകരിച്ചത്'  അപരം മുസ്ലീമാണെന്ന ഉത്തമവിശ്വാസത്തിലായിരുന്നോ? അതോ, അബോധപ്രേരണകള്‍ പ്രവര്‍ത്തിച്ചതോ?

എം.ടിയുടെ 'നാലുകെട്ട് ' എന്ന നോവലിന്റെ പ്രമേയത്തില്‍ ഹിന്ദു-മുസ്ലിം വൈരത്തെ കുറിച്ചുള്ള പൊതുബോധം പ്രവര്‍ത്തിക്കുന്നതായി ഈ ലേഖകന്‍ എഴുതിയിട്ടുണ്ട് 2. നോവലിലെ നായകനായ അപ്പുണ്ണിയുടെ അച്ഛന്‍ കോന്തുണ്ണിനായരെ വിഷം കൊടുത്തു കൊന്നത് സെയ്താലിക്കുട്ടിയാണ്. ജീവിതത്തില്‍ മതേതരമൂല്യങ്ങളെ സൂക്ഷിച്ച  കോന്തുണ്ണിനായരെ സെയ്താലിക്കുട്ടി വിഷം കൊടുത്തു കൊല്ലുന്നുവെന്നത് മതേതരമൂല്യങ്ങളെ ഇസ്ലാം നിഷേധിക്കുന്നുവെന്ന പൊതുധാരണയുടെ അബോധപ്രകാശനമായിരുന്നു. എം.ടിയുടെ ആ കൃതിയെ മൂടി നില്‍ക്കുന്ന അധീശത്വത്തിന്റെ പ്രത്യയശാസ്ത്രത്തെയാണ് ഇതു വെളിപ്പെടുത്തുന്നത്. എന്നാല്‍, ഹിന്ദു-മുസ്ലിം വൈരത്തെ കുറിച്ചുള്ള പൊതുബോധത്തിനൊപ്പം അതിന്നെതിരായ സമന്വയത്തിന്റെ ഒരു ശബ്ദവും 'നാലുകെട്ടി'ല്‍ നിന്നും മുഴങ്ങിക്കേല്ക്കുന്നുണ്ട്. എഴുത്തുകാരന്‍ അഭിമുഖീകരിച്ച സന്ദിഗ്ദ്ധതകളുടെ ലക്ഷണമായിട്ടാണ് ഈ ലേഖകന്‍ അതിനെ കണ്ടത്. ഇടശ്ശേരിക്കോ ഉറൂബിനോ ഇല്ലാത്ത സന്ദിഗ്ദ്ധതകള്‍ എം.ടി പ്രകടിപ്പിക്കുന്നു. ഇവിടെ, 'നിര്‍മ്മാല്യ'ത്തിലും ഇസ്ലാമിനെ അപരമാക്കുന്ന  പൊതുബോധം പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമിനെ അപരമായി ഉറപ്പിക്കുന്ന ഹിന്ദുത്വവാദത്തിന്റെ അജണ്ടകള്‍ക്ക് ഇത്തരം ആഖ്യാനങ്ങള്‍ എപ്പോഴും സഹായകമായിരുന്നു. തന്റെ മനോവേദന പൊറാഞ്ഞ് ദേവിയെ തുപ്പുന്ന വെളിച്ചപ്പാട്, ക്ഷേത്രത്തിനുള്ളില്‍ ഇണ ചേരുന്ന കമിതാക്കള്‍...എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍ക്ക് പുരോഗാമിത്വമോ വിമതത്വമോ ഉണ്ടായിരിക്കാം. എന്നാല്‍, ഇതിന്നപ്പുറത്ത് അപരനായ മുസ്ലിം എന്ന പൊതുബോധത്തെ വഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ചലച്ചിത്രം കൂടിയായിരുന്നു അത്!

'നിര്‍മ്മാല്യ'ത്തിനു ആധാരമായത് 'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന കഥയാണെന്നതു ശരിയാകാം. എന്നാല്‍, ചലച്ചിത്രാഖ്യാനത്തില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  കഥയില്‍ നിന്നും സ്വീകരിക്കപ്പെട്ടതിനേക്കാളും എത്രയോ ഏറെ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അന്യമതസ്ഥര്‍ കാവുതീണ്ടിയതു കണ്ട് കലി കയറുന്ന വെളിച്ചപ്പാടിനെ കുറിച്ചു കഥയില്‍ പറയുന്നുണ്ട്. രാമക്കുറുപ്പിന്റെ അച്ഛന്‍  'ഞാന്‍ വേല നടത്തണോ?' എന്നലറിക്കൊണ്ട് ഒരു പിടി വെള്ളരി വാരി നിലത്തെറിഞ്ഞുവത്രേ! നിലത്ത് വസൂരിയുടെ അണുക്കള്‍ പ്രത്യക്ഷമായി. മൂപ്പന്‍ വന്നു തെറ്റു പറഞ്ഞപ്പോളാണത്രെ നിലത്തെ അണുക്കള്‍ അരിമണികളായത്. അന്യമതസ്ഥന്‍ കാവു തീണ്ടിയതില്‍ കലി തുള്ളുന്ന ഈ ദൈവം അയിത്തം ആചരിക്കുന്ന ദൈവമാണല്ലോ? അത് ജനാധിപത്യയുഗത്തിലെ ദൈവമല്ല. പക്ഷേ, കഥയില്‍  ഈ വെളിച്ചപ്പാടും ദൈവവും പഴയകാര്യങ്ങളാണ്. കുടുംബത്തില്‍ ദീനം വന്ന കുട്ടിയെ ചികിത്സിക്കാന്‍ പണം തേടി വാളും ചിലമ്പും വില്‍ക്കാന്‍ മൂശാരിയുടെ അടുത്തെത്തുന്ന പുതിയ വെളിച്ചപ്പാടിന്റെ കാലമാണ് കഥയില്‍ വരുന്നത്. വെളിച്ചപ്പാടിന്റെ വീട്ടില്‍ വസൂരി പ്രത്യക്ഷപ്പെടുന്ന കാലമാണത്. 'ദേവിക്ക് അതൃപ്തിയായിട്ടുള്ളത് നിങ്ങള്‍ ചെയ്തിട്ടാണോ ഇങ്ങനെ സംഭവിച്ചതെ'ന്നു ചോദിക്കുന്ന അയല്‍ക്കാരനോട് 'ഇത്രകാലം ഞാന്‍ അവളുടെ കാലു പിടിച്ചിട്ട്' എന്നു പറയുന്നു, വെളിച്ചപ്പാട്. 'ഞാന്‍ അവളുടെ സ്വത്ത് കട്ടു തിന്നിട്ടില്ല' എന്നു കോപിക്കുന്നവനേയും കഥയില്‍ വായിക്കാം. ചലച്ചിത്രാഖ്യാനത്തില്‍ ഇതൊന്നും കാണാന്‍ കഴിയില്ല. 'പള്ളിവാളും കാല്‍ച്ചിലമ്പും' വെളിച്ചപ്പാടിന്റെ കുടുംബത്തിന്റെ ദാരിദ്ര്യത്തിന്റെ കഥ മാത്രമായിരുന്നു. 'നിര്‍മ്മാല്യ'മെന്ന ചലച്ചിത്രത്തില്‍ അത് ഒരു കാലഘട്ടത്തിന്റെ കഥയോ ചരിത്രമോ ആയി വികസിക്കുന്നുണ്ട്. ചലച്ചിത്രത്തിന്റെ രൂപപ്പെടലില്‍ തന്റെ തന്നെ മറ്റു കൃതികളില്‍ നിന്നുള്ള ചില നുറുങ്ങുകള്‍ എംടി ദൃശ്യാഖ്യാനത്തിനായി ഉപയോഗിച്ചിരിക്കുന്നു. 'കാലം' എന്ന നോവലിലെ സേതുവും സുമിത്രയും മഴ നനഞ്ഞു കയറി നില്‍ക്കുന്ന വൃക്ഷത്തണല്‍ ഇവിടെ ഉണ്ണി നമ്പൂതിരിക്കും അമ്മിണിക്കുമായി മാറ്റിപ്പണിയുന്നത് ഓര്‍ക്കാവുന്നതാണ്. എന്നാല്‍, കഥ ചലച്ചിത്രാഖ്യാനമായി മാറുന്നതിന്നിടയില്‍ കുറേ പ്രത്യയശാസ്ത്രഭാരങ്ങളെ അതിനു പേറേണ്ടി വന്നു.


പ്രതിലോമപരമായ പ്രത്യയശാസ്ത്രഭാരങ്ങളെ പേറുന്ന കൃതി നല്ല കലാസൃഷ്ടിയായി തീരുമോ? കേവലനന്മയുടെ ഇടമായി കല പോലും പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യതകളില്ല. കലാസൗന്ദര്യവും യാഥാര്‍ത്ഥ്യവും ധാര്‍മ്മികതയും എല്ലാം പരസ്പരം ഇണങ്ങിച്ചേര്‍ന്ന് ഒന്നായി നില്‍ക്കുമ്പോളാണ് മഹത്തായ കലാസൃഷ്ടി ഉണ്ടാകുന്നതെന്ന തോന്നല്‍ ഒരു ആദര്‍ശം മാത്രമാണ്. സൗന്ദര്യത്തിനും സത്യത്തിനും ധര്‍മ്മത്തിനും ബഹുമുഖങ്ങളും ബഹുതലങ്ങളുമുണ്ട്. എല്ലാറ്റിനേയും ഒന്നിലേക്ക് അമര്‍ത്തിയൊതുക്കി സൗന്ദര്യത്തിന്റെ മഹത്പൂരങ്ങള്‍ സൃഷ്ടിക്കാമെന്നത് ഒരു വ്യാമോഹം മാത്രമാണ്. വിശുദ്ധമായ കല അസാദ്ധ്യമാണ്.

**************************************************************************

*പത്തു വയസ്സുള്ളപ്പോള്‍, വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചിത്രകാര്‍ത്തിക'യില്‍ 'നിര്‍മ്മാല്യ'ത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ മുതല്‍ ആ ചലച്ചിത്രം കൂടെയുണ്ട് . പിന്നെ, എത്രയോ പ്രാവശ്യം കണ്ടു. ഇപ്പോള്‍, നിര്‍മ്മാല്യത്തിന് അമ്പതു വയസ്സായിരിക്കുന്നു. എം.ടിക്ക് തൊണ്ണൂറും.

1.ലേഖകന്റെ ഈ സമീപനം ഇതിനു മുന്നേ തന്നെ എഴുതിയിട്ടുള്ളതാണ്. കാഴ്ച : ചലച്ചിത്രവും ചരിത്രവും എന്ന പുസ്തകത്തിലെ  'ചലച്ചിത്രക്കാഴ്ചയുടെ രീതിശാസ്ത്രം' എന്ന ലേഖനം ശ്രദ്ധിക്കുക.

2. 'പ്രതിബോധത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകം.

3. ചലച്ചിത്രത്തിലെ ശ്രദ്ധേയമായ അവസാനരംഗം തന്റെ പിതാവ് ടി.ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങള്‍''എന്ന നാടകത്തില്‍ നിന്നും പകര്‍ത്തിയെടുത്തതാണെന്ന് ദീദി ദാമോദരന്‍ ഫെയ്‌സ് ബുക്ക്  പേജില്‍ ആരോപിച്ചിരിക്കുന്നു. 'നിര്‍മ്മാല്യ'ത്തിന് ആധാരമായ കഥയിലോ എം.ടിയുടെ മറ്റു കഥകളിലോ അത്തരമൊരു ദൈവനിന്ദയില്ലെന്ന് അവര്‍ എഴുതുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനു വേണ്ടി  ഭാര്യക്കു ശരീരം വില്‍ക്കേണ്ടിവന്ന അവസ്ഥ കണ്ട വെളിച്ചപ്പാട് വിഗ്രഹത്തിനുനേരെ തുപ്പി സ്വന്തം തലവെട്ടിപ്പൊളിച്ചു മരിക്കുന്ന രംഗത്തെ കുറിച്ചാണ് ദീദി ഈ ആരോപണം ഉന്നയിക്കുന്നത്. തന്റെ ജീവിതകാലത്ത് എം.ടി ഇത്തരത്തിലുള്ള എത്രയോ ആരോപണങ്ങളെ നേരിട്ടുണ്ട്. എം.ടിയുടെ ശത്രുവായി സ്വയം പ്രഖ്യാപിക്കുന്ന മറ്റൊരു കഥാകാരന്‍ എം.ടിക്കെതിരെ എത്രയോ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. അര്‍ത്ഥം നിറഞ്ഞ മൗനമോ മൂളലുകളോ കൊണ്ട് എം.ടി അതിനെ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍, ഇവയില്‍ നിന്നും വ്യത്യസ്തമായി ചലച്ചിത്രരംഗത്തെ പ്രശസ്തയായ ഒരു സ്ത്രീ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ ...

Thursday, May 11, 2023

സാഹിതീയതയെ അനാദരിക്കുന്നു. ആധികാരികതയെ നഷ്ടപ്പെടുത്തുന്നു.


മലയാളഭാഷയിലെ പല രചനകളെയും ചൂണ്ടി, നോവല്‍ എന്തും കുത്തിനിറയ്ക്കാനുള്ള കീറച്ചാക്കാണോ എന്ന സംശയം ഉന്നയിക്കാവുന്ന സ്ഥിതിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. വിവരങ്ങളെ കൊട്ടിയിടാനുള്ള താളുകളായി നോവല്‍ പുസ്തകങ്ങള്‍ മാറിത്തീര്‍ന്നതിന്റെ എത്രയോ അനുഭവങ്ങള്‍ പറയാന്‍ കഴിയും. ഇത്തരം കീറച്ചാക്കുകള്‍ സാഹിതീയഭാവുകത്വത്തെ നിര്‍ണ്ണയിച്ചു തുടങ്ങുന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ബെന്യാമിന്റേയും കെ ആര്‍ മീരയുടേയും ടി ഡി രാമകൃഷ്ണന്റേയും മറ്റു പലരുടേയും പല നോവലുകളും സമകാലത്തെ ഉത്തമസാഹിത്യകൃതികളായി കൊണ്ടാടപ്പെടുന്നതില്‍ ഈ കീറച്ചാക്കുപ്രവണതയും അതുണ്ടാക്കിയ ഭാവുകത്വമാറ്റവും വലിയ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യവിപണിയുടെ ആഘോഷങ്ങളും ഇവയെ പ്രോജ്ജ്വലിപ്പിക്കുന്ന സാഹിത്യോത്സവങ്ങളും ഈ പ്രവണതകളെ ത്വരിപ്പിക്കുന്നു. എന്നാല്‍, ഈ ലോകജീവിതത്തെ നേരിട്ടു പ്രമേയമാക്കിയവരും, തങ്ങളുടെ ഭാവനയേയും ധിഷണയേയും പ്രചോദിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ദര്‍ശനങ്ങളെയോ ചിന്താധാരകളെയോ കുറിച്ചെഴുതാന്‍ നോവല്‍ മാദ്ധ്യമം സഫലമായി ഉപയോഗിച്ചിട്ടുള്ള എഴുത്തുകാരും നമുക്കുണ്ട്. ആദരവോടെ മലയാളത്തിലെ വായനക്കാര്‍ അവരെ, അവരുടെ കൃതികളെ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍, അതല്ല സ്ഥിതി. വര്‍ത്തമാനപ്പത്രങ്ങളിലെ വാര്‍ത്താകുറിപ്പുകളുടേയും വാര്‍ത്താവലോകനങ്ങളുടേയും ശൈലിയില്‍ ചരിത്രത്തിലെ സംഭവങ്ങളേയും വ്യക്തികളേയും മറ്റും എഴുതുകയും അതിനെ നോവലെന്ന പേരില്‍ അവതരിപ്പിച്ചു പുറത്തിറക്കുകയും ചെയ്യുമ്പോള്‍ സാഹിതീയത മാനിക്കപ്പെടുന്നില്ല. മാനവികവ്യവഹാരങ്ങളില്‍ സാഹിത്യത്തിനു ചെയ്യാനുള്ള ദൗത്യത്തെ ഒട്ടുമേ ഉള്‍ക്കൊള്ളാത്ത ദിനപ്പത്രഫീച്ചറുകളെ കുത്തിക്കെട്ടി നോവലാക്കുന്ന രീതി നോവല്‍മാദ്ധ്യമത്തിന്റെ സാഹിതീയതക്കു മാത്രമല്ല, ദിനപ്പത്രലേഖനത്തിനുണ്ടാകേണ്ട വസ്തുനിഷ്ഠതയ്ക്കും ദോഷമുണ്ടാക്കുന്നു. സാഹിത്യത്തേയും പത്രപ്രവര്‍ത്തനത്തേയും കെടുത്തുന്നതിലൂടെ രണ്ടു വ്യവഹാരരീതികളേയും നിര്‍വീര്യമാക്കുകയും ഈ രണ്ടു രൂപങ്ങളില്‍ ഒന്നിനേയും നേരിട്ട് അഭിമുഖീകരിക്കാനുള്ള എഴുത്തുകാരന്റെ കഴിവില്ലായ്മയും കൃത്രിമത്വവും മേല്‍ക്കൈ നേടുകയും ചെയ്യുന്നു. പള്‍പ്പ് നോവലുകളാണിവ
.


പി.കെ. ശ്രീനിവാസന്റെ 'രാത്രി മുതല്‍ രാത്രി വരെ' എന്ന രചനയെ കുറിച്ചു പറയുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുകളില്‍ പറഞ്ഞ കാര്യമാണ്. അടിയന്തരാവസ്ഥയുടേയും നക്‌സലൈറ്റുകളുടേയും ചരിത്രത്തിലെ വ്യക്തികളേയും സംഭവങ്ങളേയും പത്രങ്ങളിലെ കുറിപ്പുകളുടേയും അവലോകനങ്ങളുടേയും ശൈലിയില്‍ (തനി ജേര്‍ണലിസ്റ്റിക് ശൈലിയില്‍) എഴുതുന്ന രചനയാണിത്. നോവലെന്ന പേരില്‍ നമ്മുടെ മുന്നിലെത്തുന്ന കൃതിയില്‍ ചരിത്രത്തിലെ വ്യക്തികളായ ഇന്ദിരാഗാന്ധിയും കെ കരുണാകരനും അച്യുതമേനോനും സഞ്ജയഗാന്ധിയും കെ വേണുവും ഈച്ചരവാര്യരും ജയറാം പടിക്കലും തോട്ടം രാജശേഖരനും എല്ലാം അതേ രൂപത്തിലും നാമത്തിലും തന്നെ പ്രത്യക്ഷപ്പെടുന്നു. എഴുത്തുകാരന്‍ ഭാവനയില്‍ നിന്നും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളേ പ്രധാനമായിട്ടുള്ളൂ - കപിലനും കെബിയും കുമാര്‍ജിയും. എഴുത്തുകാരന്‍ പരോക്ഷമായി സൂചിപ്പിക്കുന്നതു പോലെ ചരിത്രത്തില്‍ തിരഞ്ഞാല്‍ ഇവരുടെ പ്രാഗ്‌രൂപങ്ങളെ കണ്ടെത്താന്‍ കഴിയുകയും ചെയ്യും. മിക്കവാറും മറ്റുള്ളവരെല്ലാം തന്നെ ചരിത്രത്തില്‍ നിന്നും നേരിട്ട് നോവല്‍കഥയിലേക്ക് ഹാജരാകുന്നവരാണ്. അവരില്‍, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ കൂടിയുണ്ട്. ഇതിലെ പല കഥാപാത്രങ്ങളും സങ്കല്‍പ്പനത്തിന്റെ വിതാനത്തിലുള്ളതാണെന്ന വാദത്തിനു വലിയ പ്രസക്തിയില്ല.  എന്തിനാണ് ചരിത്രത്തിലെ നായകന്മാരെ അതേപടി കൊണ്ടുവരികയും പത്രലേഖനത്തിന്റെ ഭാഷ ഉപയോഗിക്കുകയും ചെയ്തിട്ടും നോവല്‍ എന്ന ചട്ടക്കൂടിലേക്കു തന്റെ പ്രമേയത്തെ കൊണ്ടുവരാന്‍ എഴുത്തുകാരന്‍ ഉത്സുകനായത്? തനിക്ക് പറയാനുള്ള കാര്യത്തിന്റെ വസ്തുനിഷ്ഠതയെയും ആധികാരികതയെയും ലഘൂകരിക്കാനല്ലേ അതു ഉപകരിച്ചുള്ളൂ? നോവലിന്റെ സാഹിതീയതയോടു കാണിച്ച അനാദരവു മാത്രമായിട്ടല്ല, തനിക്കു പറയാനുള്ള കാര്യത്തോടുള്ള ആത്മാര്‍ത്ഥതാരാഹിത്യമായും ഇതിനെ വ്യാഖ്യാനിക്കേണ്ടി വരില്ലേ? ചരിത്രസംഭവങ്ങളിലെ അനിശ്ചിതത്വങ്ങളെ തരണം ചെയ്യാനോ മറയ്ക്കാനോ ഉള്ള ശ്രമമായിരിക്കാം ഇത്. ഒരു ലേഖനസമാഹാരമായി കൂടുതല്‍ കൃത്യതയോടെയും കരുതലോടെയും  എഴുതപ്പെട്ടിരുന്നെങ്കില്‍, അക്കാലത്തെ ചരിത്രസംഭവങ്ങളുടെ ശരിയായ രേഖീകരണത്തിനുള്ള ശ്രമമെന്നു ശ്ലാഘിക്കപ്പെടാനുള്ള അവസരത്തെ എഴുത്തുകാരന്‍ നഷ്ടപ്പെടുത്തുന്നു. ആധികാരികതയെ നഷ്ടപ്പെടുത്തുകയും സാഹിതീയതയെ അനാദരിക്കുകയും ചെയ്യുന്ന  ഈ സമീപനത്തോടുള്ള വിയോജിപ്പിനെ പറഞ്ഞു കൊണ്ടേ പി.കെ.ശ്രീനിവാസന്റെ ഈ രചനയിലേക്കു എനിക്കു പ്രവേശിക്കാന്‍ കഴിയൂ.




ഇന്ത്യയിലെ അടിയന്തരാവസ്ഥയുടേയും കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റേയും പ്രധാനപ്പെട്ട ഏടുകളെ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ചില കാര്യങ്ങളെങ്കിലും മറ്റു പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ ശേഖരണമാണ്. നക്‌സലൈറ്റുകളെ കുറിച്ചെഴുതാന്‍ കെ. വേണുവിന്റെ ആത്മകഥയിലെ വിവരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കാണുക. ചില സ്ഥലങ്ങളില്‍ ചരിത്രത്തില്‍ നിന്നുള്ള രേഖകള്‍ അതേപടി ഉപയോഗിക്കുന്നുണ്ട്. ജയറാം പടിക്കലും കവിയൂര്‍ ബാലനും നക്‌സലൈറ്റുകളെ കുറിച്ചു പറഞ്ഞ വാക്യങ്ങളുടെ ഉദ്ധരണി ഉദാഹരണമാണ്. എന്നാല്‍, പൊതുജനങ്ങള്‍ക്ക് അധികമൊന്നും അറിവില്ലാത്ത ചില വസ്തുതകളെ കുറിച്ചെങ്കിലും ഈ പുസ്തകം വിശദമായി പറയുന്നുണ്ട്. വളരെ ധനാത്മകമായ കാര്യമാണിത്. വയനാടിന്റെ പെരുമന്‍ വര്‍ഗീസിന്റേയും സ്ട്രീറ്റ് പത്രാധിപരായിരുന്ന സുഭാഷ് ചന്ദ്രബോസിന്റേയും ജീവചരിത്രം വിശദമായി പറയുന്നു. പ്രൊഫ. ഈച്ചരവാരിയരുടെ മകന്‍ രാജനെ അറസ്റ്റു ചെയ്യുന്നതിനു ദൃക്‌സാക്ഷികളായ ദമ്പതികളെ പോലീസുകാര്‍ കൊലപ്പെടുത്തി കെട്ടിത്തുക്കുകയും ആത്മഹത്യയാക്കി മാറ്റുകയും ചെയ്ത കഥയും പലര്‍ക്കും അറിയുന്നതല്ല. ആ ദമ്പതികളുടെ പേരുകള്‍ ഈ രചനയില്‍ മാറ്റിപ്പറഞ്ഞിരിക്കുന്നുവെന്നേയുള്ളൂ. കക്കയം ക്യാമ്പിലെ ഉരുട്ടലിനു ശേഷം കൊല്ലപ്പെട്ട രാജനെ മറവു ചെയ്യാന്‍ സഹായിച്ച മണ്‍സൂര്‍ എന്ന പോലീസുകാരനെ നേതൃതലത്തിലുണ്ടായിരുന്ന പോലീസുകാര്‍ തന്നെ കൊലപ്പെടുത്തിയിരിക്കണം എന്ന സൂചനയും അധികമാര്‍ക്കും അറിവുള്ളതല്ല. ഇതിനെ കുറിച്ച്, അന്നു കക്കയം ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു നക്‌സലൈറ്റു സുഹൃത്തിനോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി. അദ്ദേഹം ഇക്കാര്യത്തില്‍ അജ്ഞനാണ്. നോക്കൂ. ആധികാരികമായ ഒരു ലേഖനമായിരുന്നെങ്കില്‍ ഈ കാര്യം സന്ദേഹങ്ങളില്ലാതെ പരിശോധിക്കപ്പെടേണ്ട ചരിത്രവസ്തുതയാകുമായിരുന്നു. ഇനി, ഇത് കൂട്ടിച്ചേര്‍ക്കപ്പെട്ട കഥയാണെങ്കില്‍ ഇത്രയേറെ വസ്തുതാപരമായ വിവരണങ്ങള്‍ക്കിടയില്‍ ഈ കഥ ആഖ്യാനത്തിന്റെ സ്വഭാവത്തെ തന്നെ സന്ദേഹത്തിലാക്കുന്നു.




നക്‌സലൈറ്റുകളെ കുറിച്ച് എഴുത്തുകാരന്‍ സന്ദേഹരൂപത്തില്‍ എഴുതുന്ന ചില കാര്യങ്ങള്‍ ജയറാം പടിക്കലിനെ പോലുള്ള പോലീസുകാരോ എതിര്‍ രാഷ്ട്രീയസംഘടനകളോ പ്രചരിപ്പിച്ചിരുന്നവയാണ്. കെ.വേണു പോലീസിന്റെ ഏജന്റായിരുന്നു എന്നു ധ്വനിപ്പിക്കുന്ന സന്ദേഹങ്ങള്‍ കൃതിയിൽ  മൂന്നു പ്രാവശ്യം  വരുന്നതു കാണാം. നക്‌സലൈറ്റുകളില്‍ നിന്നും മാര്‍ക്‌സിസ്റ്റു രാഷ്ട്രീയത്തില്‍ നിന്നും കെ.വേണു മാറിപ്പോകുകയും അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ അദ്ദേഹത്തെ രാഷ്ട്രീയമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടെന്നതു ശരിയാണ്. എന്നാല്‍, അവരിലൊരാളെങ്കിലും അദ്ദേഹം പോലീസ് ഏജന്റായിരുന്നെന്നു പറയുകയില്ല. വേണു പോലീസ് ഏജന്റായിരുന്നെന്നു പി. ഗോവിന്ദപ്പിള്ള ധരിച്ചിരുന്നുവെന്ന സന്ദേഹവും വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കെ.വേണുവിന് പി.ജിയുമായുള്ള ബന്ധം വളരെ പഴക്കമുള്ളതായിരുന്നു. മാത്രമല്ല, കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളെ കോഴിക്കോട് ജില്ലാക്കോടതിയില്‍ കൊണ്ടുവരുമ്പോള്‍ അവരെ കാണാനായി സാധാരണമനുഷ്യരോടൊപ്പം സാധാരണക്കാരനായി പി.ജിയും അവിടെ എത്തിയിരുന്നു. ഇക്കാര്യം എന്നോടു പറഞ്ഞ പ്രതികളിലൊരാള്‍ പി.ജിയുടെ ഇപ്പോഴും അറിയപ്പെടാത്ത ഒരു മുഖമാണ് അതെന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ജയറാം പടിക്കലിന്റെ കള്ളക്കഥയെ സന്ദേഹമായി അവതരിപ്പിച്ച രീതി ഈ പുസ്തകത്തിനു തന്നെ കോട്ടമായി തീരുന്നു. കെ.വേണു ക്യാപ്റ്റനായി നടത്തിയ കായണ്ണ ആക്രമണത്തിന്റെ തുടര്‍ച്ചയിലുണ്ടായ സംഭവഗതികളാണ്  ജയറാം പടിക്കലിന്റേയും കെ കരുണാകരന്റേയും മറ്റും ജീവിതത്തിലെ വലിയ പരീക്ഷണഘട്ടങ്ങള്‍ക്കു കാരണമായതെന്ന കാര്യം ജയറാം പടിക്കലിന്റെ പോലീസ് ഏജന്റ് പ്രസ്താവന കള്ളമാണെന്നു തെളിയിക്കുന്നുമുണ്ട്.  


കേരളത്തിലെ നക്‌സലൈറ്റുകളുടെ ചരിത്രത്തെ മിക്കവാറും കെ.വേണുവിന്റെ കഥയായി അവതരിപ്പിക്കുന്ന രീതി ഈ പുസ്തകവും പിന്തുടരുന്നു. കെ.വേണു പലപ്പോഴും സൈദ്ധാന്തികപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ആളായിരുന്നു. അദ്ദേഹം നല്ലൊരു പ്രായോഗികപ്രവര്‍ത്തകനോ സംഘാടകനോ ആയിരുന്നില്ലെന്നാണ് മിക്ക സഖാക്കളുടേയും അഭിപ്രായം. അദ്ദേഹം പ്രായോഗികപ്രവര്‍ത്തനത്തില്‍ ഏറെയും അറിയപ്പെടുന്നത് കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ടാണല്ലോ? നേതൃസഖാവെന്ന നിലയ്ക്ക് ആക്രമണത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം കെ. വേണുവിനായിരുന്നെങ്കിലും അതിനു വേണ്ട അടിസ്ഥാനപ്രവര്‍ത്തനങ്ങളും പദ്ധതികളും ഒരുക്കിയത് സോമശേഖരനായിരുന്നു. അന്ന് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സോമശേഖരനായിരുന്നിരിക്കണം. തടവറക്കവിതകള്‍, പില്‍ക്കാലത്ത് തൃശൂരില്‍ നടന്ന ആവിഷ്‌ക്കാരസ്വാതന്ത്ര്യസംരക്ഷണ കണ്‍വെന്‍ഷന്‍, ജാതി, സ്ത്രീ, പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയിലെല്ലാം പൊതുഘടകമോ നേതൃത്വമോ ആയി നിന്നു സംഭാവനകള്‍ ചെയ്തിരുന്നു, സോമശേഖരന്‍. കോമ്രേഡ്, മാസ്‌ലൈന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ജനതാ ബുക്സ്റ്റാളും ആരംഭിക്കുന്നത് കെ.എന്‍.രാമചന്ദ്രനായിരുന്നു. കെ എന്‍ രാമചന്ദ്രനെ പോലെ പ്രവര്‍ത്തനശേഷിയും ഇച്ഛാശക്തിയും പ്രതിജ്ഞാബദ്ധതയും ദൃഢനിശ്ചയവും പുലര്‍ത്തുന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നുണ്ടാകില്ല. ഇന്ത്യയിലെ വ്യവസ്ഥാപിതപ്രസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുവാന്‍ സാദ്ധ്യതയുണ്ടായിരുന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ്, അദ്ദേഹം. വളരെ സങ്കുചിതനും യാഥാസ്ഥിതികനുമായ മാര്‍ക്‌സിസ്റ്റായി ചിലര്‍ കെ.എന്‍.രാമചന്ദ്രനെ കാണുന്നുണ്ടെങ്കിലും അദ്ദേഹം കേരളത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം ലഭിക്കുന്നതിനെ കുറിച്ച് പല സഖാക്കള്‍ (അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പോലും) എന്നോട് പറഞ്ഞിട്ടുണ്ട്. കെ.എന്‍.രാമചന്ദ്രനേയും സോമശേഖരനേയും ഒക്കെ ആനുഷംഗികമായി പരാമര്‍ശിക്കുന്ന ഈ പുസ്തകം വേണുവിന്റെ ഒളിവുകാലനടത്തങ്ങള്‍ക്ക് ഏറെ പേജുകളാണ് ചെലവാക്കുന്നത്.  ഇക്കിളിപ്പെടുത്തുന്നതും സെന്‍സേഷണലുമായ വാര്‍ത്തകള്‍ക്കായി വലതുപക്ഷമാദ്ധ്യമങ്ങള്‍ ഇതേ വരെ തുടര്‍ന്നു പോന്ന രീതി ഈ പുസ്തകവും സ്വീകരിക്കുന്നു. ഇതരരൂപത്തില്‍ പറഞ്ഞാല്‍ നക്‌സലൈറ്റുകളുടെ ചരിത്രത്തിന്റെ തെറ്റായ രേഖീകരണമാണത്. കെ.വേണുവിന്റേയും കെ എന്‍ രാമചന്ദ്രന്റേയും സോമശേഖരന്റേയും പേരുകള്‍ നേരിട്ടു പറയുന്ന ആഖ്യാനം ജയറാം പടിക്കലിനെ ആക്രമിക്കാനായി പാര്‍ട്ടി ചുമതലപ്പെടുത്തിയ നേതാവ് ആരാണെന്നു പറയുന്നില്ല! (അത് ആഖ്യാനകാരന് അറിയാത്തതല്ലെന്ന് സൂചനകള്‍ കാണിക്കുന്നുണ്ടു താനും)




PK Sreenivasan


കേരളത്തിന്റെ അടിയന്തരാവസ്ഥ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ നക്‌സലൈറ്റുകളാണ് പ്രധാന പങ്കു വഹിക്കുന്നതെന്ന സമീപനം പുസ്തകം സ്വീകരിക്കുന്നത് യഥാതഥമാണ്. സംഘപരിവാര്‍ സംഘടനകളുടെ ചെറുത്തുനില്‍പ്പിന്റെ ചരിത്രത്തെ വിവരിക്കുന്ന അദ്ധ്യായത്തിലെ കാര്യങ്ങളുടെ ശുഷ്‌ക്കിച്ച സ്വഭാവം തന്നെ അവരുടെ പങ്ക് എത്രമാത്രം ലഘുവായിരുന്നുവെന്നു കാണിക്കുന്നുണ്ട്. സിപിഎം അടിയന്തരാവസ്ഥയോടു ന്യൂട്രലായ ഒരു സമീപനം സ്വീകരിച്ചു എന്ന ധാരണയെ പങ്കു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെ പിന്താങ്ങിയ സിപിഐയും അച്യുതമേനോനും ഈ പുസ്തകത്തിൽ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. രാജന്‍ കേസിന്റെ കഥയും ഈച്ചരവാര്യരുടെ സഹനവും വിശദമായി എഴുതപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാതലത്തില്‍ അടിയന്തരാവസ്ഥയില്‍ നടന്ന അതിക്രമങ്ങള്‍ - തുര്‍ക്ക്മാന്‍ ഗേറ്റ് സംഭവം, നിര്‍ബ്ബന്ധിത വന്ധ്യംകരണപദ്ധതികള്‍, കിസാ കുര്‍സി കാ, സഞ്ജയ് ഗാന്ധിയുടെ അധികാരപ്രയോഗങ്ങള്‍ - ഇവയെല്ലാം  ചുരുക്കിയെങ്കിലും വിവരിക്കപ്പെടുന്നുണ്ട്; നഗര്‍വാല കേസ് പോലുള്ള ചില കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും.

അടിയന്തരാവസ്ഥയേയും നക്‌സലൈറ്റുകളേയും കുറിച്ചുള്ള ആഖ്യാനത്തെ നോവലായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ദൗര്‍ബ്ബല്യമായി ഭവിച്ചുവെന്നു വേണം കാണാന്‍. നോവലിന്റെ ചട്ടക്കൂടിലേക്കു കൊണ്ടുവരാന്‍ ചമയ്ക്കപ്പെട്ട മൂന്നു പ്രധാന കഥാപാത്രങ്ങളും ദൗര്‍ബ്ബല്യങ്ങളെ പേറുന്നവയാണ്. ആദ്യന്തം ആദര്‍ശവത്ക്കരണവും നാടകീയസംഭാഷണങ്ങളും  ചേര്‍ന്ന് അടിമുടി കൃത്രിമമായി അനുഭവപ്പെടുന്നു, ഈ ഭാഗങ്ങള്‍. അന്വേഷണത്തില്‍ ഉരുത്തിരിയുന്ന വസ്തുതകളോടുള്ള അനുതാപം എവിടെയോ നഷ്ടപ്പെട്ടു പോകുന്നതായും  യാഥാര്‍ത്ഥ്യത്തിനു മുകളില്‍ മാദ്ധ്യമപ്രവര്‍ത്തനമെന്ന തൊഴിലിനെ പ്രോജ്ജ്വലിപ്പിക്കുന്നതായും തോന്നിപ്പോയ സന്ദര്‍ഭങ്ങളുമുണ്ട്. ആഖ്യാനത്തിനു നല്‍കിയ നോവലിന്റെ ചട്ടക്കൂട് എഴുത്തുകാരന്റെ ലക്ഷ്യത്തെ വഞ്ചിച്ചുവെന്നു പറയണം.

രാത്രി മുതല്‍ രാത്രി വരെ എന്ന ശീര്‍ഷകം അടിയന്തരാവസ്ഥ മുതല്‍ സമകാലത്തെ പ്രച്ഛന്ന അടിയന്തരാവസ്ഥ വരെ (ഒരു പക്ഷേ, അന്നത്തേക്കാളും ഭീകരമായത്) എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും 2022ല്‍  കപിലന് കെബി എഴുതുന്ന കത്തോടെയാണ് ആഖ്യാനം അവസാനിക്കുന്നതെങ്കിലും ആ കത്തില്‍ സമകാലാവസ്ഥയുടെ സൂചനകള്‍ ഉണ്ടെങ്കിലും വായനക്കാരനെ ഉണര്‍ത്താനും പ്രകോപിപ്പിക്കാനും അതു പ്രാപ്തമായില്ല.


POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...