Sunday, November 28, 2010

മത്തായിമാരുടെ ഗവേഷണത്തെ കുറിച്ച്‌

മലയാള ചലച്ചിത്രചരിത്രത്തില്‍ വ്യത്യസ്തമായ ഒരു ഏട്‌ എഴുതിച്ചേര്‍ത്ത ജോണ്‍ ഏബ്രഹാം ഒരു നല്ല കഥാകാരന്‍ കൂടിയായിരുന്നു. അനായാസമായി കഥ പറയാനുള്ള ജോണിന്റെ ശേഷിക്ക്‌ 'കോട്ടയത്ത്‌ എത്ര മത്തായി ഉണ്ട്‌?' എന്ന രചന തെളിവുകള്‍ നല്‍കുന്നു. അതീവ സ്വാഭാവികതയോടെ കോട്ടയത്തെ മത്തായിമാരുടെ കഥ ജോണ്‍ പറയുന്നു. ജോണിന്റെ കൂടപ്പിറപ്പായ നര്‍മ്മം കഥയിലെ വരികള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. സരളമായ ഭാഷയില്‍, നര്‍മ്മം കലര്‍ത്തി ജോണ്‍ എഴുതിയത്‌ ലഘുവായ കാര്യങ്ങളായിരുന്നില്ല. അറിവിന്റേയും ഗവേഷണത്തിന്റേയും പഠനത്തിന്റേയും അതിഗൌരവമാര്‍ന്ന പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യുന്ന കഥയാണിത്‌. എന്നാല്‍, കൂര്‍ത്തമുനയുളള ഒറ്റ അര്‍ത്ഥത്തിലേക്ക്‌ വായനയെ ചുരുക്കാന്‍ ഈ കഥ വായനക്കാരനെ അനുവദിക്കുകയില്ല. വായനയില്‍ പരമസ്വാതന്ത്ര്യമനുഭവിക്കുന്ന സഹൃദയനെയാണ്‌ ജോണിന്റെ തൂലിക ആഗ്രഹിച്ചത്‌. 

കഥാനായകനായ മത്തായി (അടിമാലി) ചിട്ടയായ ജീവിതം നയിച്ചിരുന്നയാളാണ്‌; അത്‌ തുടരാന്‍ ശ്രമിക്കുന്നയാളാണ്‌. നല്ല ക്രൈസ്തവവിശ്വാസിയാണ്‌. പരിശ്രമശാലിയാണ്‌. പരിശ്രമത്തിലുളള വിശ്വാസം കൊണ്ട്‌ മറ്റുളളവര്‍ക്ക്‌ സഹായം ചെയ്യാന്‍ മത്തായിക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല. മത്തായിയുടെ വീട്ടില്‍ ടെലിഫോണും ടെലിഫോണ്‍ ഡയറക്ടറിയും വരുന്നതോടുകൂടി അയാള്‍ ഒരു ഗവേഷകനായി മാറുന്നു. ടെലിഫോണ്‍ ഡയറക്ടറിയില്‍ തന്റെ പേരു തിരയുന്ന മത്തായി, കോട്ടയത്ത്‌ വളരെയേറെ മത്തായിമാരുണ്ടെന്ന് അറിയുന്നു. കോട്ടയത്ത്‌ ടെലിഫോണുളള മത്തായിമാരുടെ കണക്കെടുക്കുന്ന കഥാനായകന്‍, തുടര്‍ന്ന്, കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌ എന്ന വിഷയത്തിലേക്ക്‌ തന്റെ ഗവേഷണം വ്യാപിപ്പിക്കുന്നു. ഗവേഷണത്തിനിടയില്‍ അയാള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അയാളുടെ വിഭ്രമങ്ങളും ഉന്‍മാദവുമെല്ലാം കഥയില്‍ ആവിഷ്ക്കരിക്കപ്പെടുന്നു. മത്തായിയുടെ മതവിശ്വാസം അയാളുടെ ഗവേഷണങ്ങളില്‍ ഇടപെടുന്നു. നായകന്റെ മതവിശ്വാസത്തേയും ഗവേഷണത്തേയും വിവരിക്കുമ്പോള്‍ ജോണ്‍ ഏബ്രഹാം പരിഹാസവും നര്‍മ്മവും ഒളിപ്പിച്ചു വച്ച വരികള്‍ എഴുതുന്നു. കഥ മതാത്മകതയുടെ വിമര്‍ശനമായി മാറുന്നു. എല്ലാ വിമര്‍ശനങ്ങളുടേയും കാതല്‍ മതാത്മകതയുടെ വിമര്‍ശനമാണെന്ന് ജോണിന്‌ അറിയാമായിരുന്നു. കാള്‍ മാര്‍ക്സിന്റെ വാക്കുകള്‍ക്കു ശേഷം, എല്ലാ വിപ്ലവകാരികള്‍ക്കുമെന്ന പോലെ എല്ലാ അരാജകവാദികള്‍ക്കും സ്വയം ഈ ജ്ഞാനം ലഭിച്ചിട്ടുണ്ട്‌. തന്റെ കലയിലും ജീവിതത്തിലും ഒരേ സമയം വിപ്ളവകാരിയും അരാജകവാദിയുമായിരുന്ന ജോണിന്‌ സ്വയം ഗ്രഹിക്കാന്‍ കഴിയുന്ന അറിവായിരുന്നു അത്‌. വല്ലാതെ ഉറച്ചു പോകുന്ന വിശ്വാസങ്ങള്‍ക്കെതിരായ എതിര്‍പ്പ്‌ ജോണിന്റെ എല്ലാ പ്രവൃത്തികളിലും വിലയിച്ചിരുന്നു. അത്‌ കഥയിലും സ്ഥാനം നേടിയതില്‍ അതിശയിക്കാനില്ല. 

പളളിയിലെ ചില്ലറപ്പണികളൊഴികെ മറ്റു സാമൂഹികബന്ധങ്ങളൊന്നുമില്ലാത്ത മത്തായി അടിമാലി എന്ന ക്രിസ്തുമതവിശ്വാസി ഗവേഷണം ആരംഭിക്കുന്നു. തന്റെ ഗവേഷണത്തിന്റെ സഹായകഗ്രന്ഥമായ ടെലിഫോണ്‍ ഡയറക്ടറി അയാള്‍ മറിച്ചുനോക്കുന്നത്‌ വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ കണ്ടെടുക്കുന്ന അതേ മനസ്സോടെയാണ്‌. ഗവേഷണത്തോടുളള സമീപനം വേദപുസ്തകത്തോടുളള സമീപനത്തിന്‌ സമാനമാണെന്ന സൂചനയാണിത്‌. അറിവിന്റെ കനി തിന്നുന്നത്‌ അപകടകരമാണെന്ന അബോധധാരണ മത്തായിക്കുണ്ട്‌. മത്തായി മരണത്തിലേക്ക്‌ നടന്നു കയറുന്ന രാത്രിയില്‍, അയാള്‍ ടെലിഫോണ്‍ പോസ്റ്റിലെ കുരിശിനെ നോക്കിനില്‍ക്കുമ്പോള്‍ തന്റെ ഗവേഷണത്തിന്റെ തുടക്കത്തെ കുറിച്ചോര്‍ക്കുന്നു. ഗവേഷണം ആരംഭിക്കണമെന്ന് ഉറപ്പിച്ച ദിവസം നിരണത്തെ കൊച്ചമ്മ മരിച്ചു. അങ്ങോട്ടു പോകേണ്ടി വന്നതിനാല്‍ ഗവേഷണം തടസ്സപ്പെടുന്നു. അറിവിനോടുളള അബോധഭയവും ഗവേഷണത്തിലെ പ്രതിസന്ധികളും നിരണത്തെ കൊച്ചമ്മയുടെ മരണവും കുരിശും.. .. .. ഇവയെല്ലാം മരണത്തിന്റേയും അന്ത്യത്തിന്റേയും ചിഹ്നങ്ങളായി മത്തായിക്ക്‌ അനുഭവപ്പെടുന്നു. ആകാശവെളിച്ചത്തിനെതിരെ നില്‍ക്കുന്ന ടെലിഫോണ്‍ പോസ്റ്റിലെ മുകളിലത്തെ കമ്പിയില്‍ അവസാനിക്കുന്ന കുരിശ്‌ മത്തായിയെ സംഹരിക്കുന്ന കുരിശായി മാറുന്നു. ആകാശവെളിച്ചം മതത്തിന്റെ വെളിച്ചമാണ്‌; ടെലിഫോണ്‍ പോസ്റ്റിലെ കുരിശ്‌ മത്തായി ഏറ്റെടുത്ത ഗവേഷണമെന്ന കുരിശും. ആകാശവെളിച്ചത്തിനെതിരെ നില്‍ക്കുന്ന ഗവേഷണത്തിന്റെ കുരിശാണിത്‌. വലിയ തീവ്രതയോടെ പുനരാനയിക്കപ്പടുന്ന മതബോധവും ഗവേഷണത്തിന്റെ കുരിശും ചേര്‍ന്നു സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ അയാളെ ഉന്‍മത്തനാക്കുന്നു.

മത്തായിയുടെ മനോഘടനയും അയാളുടെ വിശ്വാസങ്ങളും ഗവേഷണത്തിന്‌ അനുയോജ്യമല്ല. മത്തായിയുടെ മുന്‍വിധികളാണ്‌ അയാളുടെ ഗവേഷണത്തെ നയിക്കുന്നതെന്ന സൂചനകള്‍ കഥയിലുണ്ട്‌. നിശിതമായ നിശ്ചിതത്വമുളള ജ്ഞാനമാണ്‌ മത്തായി ആഗ്രഹിക്കുന്നത്‌. ഈ ആഗ്രഹം മതാത്മക ചിന്തയില്‍നിന്നും പകര്‍ന്നു കിട്ടിയതാണ്‌. മതാത്മകതക്ക്‌ ശരിയായ ഗവേഷണത്തിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. വിജ്ഞാനത്തിനു കേവലമാകാന്‍ കഴിയില്ലെ ധാരണ മതവിശ്വാസിയായ മത്തായിക്ക്‌ അപ്രാപ്യമാണ്‌. കോട്ടയത്ത്‌ 917 മത്തായിമാരുണ്ടെന്നു കണ്ടെത്തുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന ആനന്ദം ഇതിനുളള തെളിവാണ്‌. കോട്ടയത്ത്‌ 917 മത്തായിമാരുണ്ടെന്നത്‌ കൃത്യമായ അറിവാണ്‌. കൃത്യമായ ജ്ഞാനത്തിന്റെ ലബ്ധിയിലാണ്‌ അയാള്‍ ആനന്ദിക്കുന്നത്‌. പിന്നെ, തന്റെ കണ്ടെത്തലിലെ പിഴവുകള്‍ മത്തായിയെ അസ്വസ്ഥനാക്കുന്നത്‌ ഇതേവരെയുളള പരിശ്രമങ്ങള്‍ നിരര്‍ത്ഥകമായല്ലോയെ വിചാരത്താല്‍ മാത്രമല്ല; തന്റെ വിശ്വാസസംഹിതയുടെ പരാജയം അബോധപരമായി അയാളെ പിടികൂടിയതു കൊണ്ടു കൂടിയാണ്‌. പുസ്തകത്തില്‍ എഴുതിവച്ചവയെ സത്യമായി ഗണിക്കുന്നയാള്‍ക്ക്‌ വിജ്ഞാനത്തിനുണ്ടായിരിക്കേണ്ട നവീകരണക്ഷമതയെ കുറിച്ച്‌ അറിയില്ല. സ്ഥിതസത്യത്തെ കുറിച്ചു കരുതിയിരിക്കുവര്‍ക്ക്‌ വികസിച്ചു കൊണ്ടിരിക്കുന്നതും ആയിത്തീരുന്നതുമായ യാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ധാരണയെ സ്വീകരിക്കാന്‍ കഴിയില്ല. മത്തായിക്ക്‌ തന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ തന്നില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കാര്യമല്ല. അയാളുടെ ഗവേഷണം മത്തായിയെ കുറിച്ചു തന്നെയാണ്‌. മത്തായി അടിമാലിയോട്‌ ഈ ജീവിതരീതി ഉപേക്ഷിക്കണമെന്നു ഗൌരവപൂര്‍വ്വം നിര്‍ദ്ദേശിക്കുന്നവരോട്‌ മത്തായി ഇങ്ങനെ പറയും. 'ഇതില്ലായിരുന്നുവെങ്കില്‍ ഒരു ഗവേഷകനെ നിലക്കു മറ്റെന്തെങ്കിലും കണ്ടുപിടിക്കുമായിരുന്നു. ഇത്‌ പറയുന്നത്‌ മത്തായിമാരുടെ എണ്ണമാണ്‌. ഞാന്‍ മത്തായി ആണ്‌. ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലും കണ്ടുപിടിക്കും.' മത്തായിക്ക്‌ സ്വന്തം സത്തയിലുളള വിശ്വാസത്തിന്റെ പ്രഖ്യാപനമാണിത്‌. തന്റെ സത്തയില്‍ നിന്നു വേറിട്ട ഒന്നും മത്തായിയുടെ പരിഗണനയില്‍ വരുന്നതേയില്ല. മത്തായിയ്ക്ക്‌ തന്റെ സത്തയിലുളള വിശ്വാസം ദൈവസത്തയിലുളള വിശ്വാസം തന്നെയാണ്‌. അത്‌ മതബോധത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്തതാണ്‌. 

ജോണിന്റെ കഥയില്‍ ചലച്ചിത്രത്തിന്റെ ഭാഷ മറഞ്ഞിരിക്കുന്നുണ്ടോ? ക്യാമറയ്ക്കുവേണ്ടി തയ്യാര്‍ ചെയ്യപ്പെട്ട വാക്കുകള്‍ ജോണിന്റെ കഥയില്‍ കണ്ടെത്താന്‍ കഴിയുമോ? ജോണ്‍ തന്റെ ചിത്രങ്ങള്‍ക്കു മിക്കപ്പോഴും മുന്‍കൂട്ടി തിരക്കഥ എഴുതിവയ്ക്കാറില്ല. എഴുതിവച്ച തിരക്കഥ തന്നെ ഉപയോഗിക്കാറില്ല. ചിലപ്പോള്‍ ഷൂട്ടിങ്ങിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ്‌ തിരക്കഥ എഴുതിയെന്നും വരും. ലിഖിതരൂപത്തിലുളള തിരക്കഥയില്ലാതെ മനസ്സിലുളള തിരക്കഥ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെന്നും വരാം. ജോണിന്റെ ചലച്ചിത്രത്തില്‍ ഈ അരാജകത്വം ഒരു സജീവഘടകമായി എപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. കഥയിലും ഇത്‌ വായിച്ചെടുക്കാം. മത്തായിയുടെ അച്ചടക്കമുളള ജീവിതത്തോടുളള ജോണിന്റെ പരിഹാസം കഥാകാരന്റെ അരാജകത്വത്തോടുളള ആഭിമുഖ്യത്തിന്റെ സാധൂകരണം കൂടിയാണ്‌. ജോണിലെ അരാജകത്വത്തിന്റെ വ്യാപ്തിയെ കുറിച്ച്‌ അറിയുന്നവര്‍ക്ക്‌ അയാളുടെ കഥയില്‍ ചലച്ചിത്രത്തിന്റെ ഭാഷയെ കണ്ടെത്താനുളള ശ്രമത്തിന്‌ വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് ബോദ്ധ്യപ്പെടും. എങ്കില്‍ തന്നെ, അവസാനത്തെ രാത്രിയില്‍, ടെലിഫോണ്‍ പോസ്റ്റിലെ കുരിശിനെ നോക്കിനില്‍ക്കുന്ന മത്തായിയെ, ജോണ്‍ ഏബ്രഹാം ചലച്ചിത്രത്തിലെ ഒരു ഫ്രെയിമായി സങ്കല്‍പിച്ചു നോക്കാവുന്നതാണ്‌. ഇരുളും വെളിച്ചവും ശരിയായ തോതില്‍ സന്നിവേശിപ്പിച്ച ഈ ഫ്രെയിമിന്റെ തുടര്‍ച്ചയില്‍ ടെലിഫോണ്‍ പോസ്റ്റും താങ്ങി വൈദ്യുതി പോസ്റ്റുകളുടെ ഇടയിലേക്ക്‌ നടന്നു കയറുന്ന മത്തായിയെയാണ്‌ നാം കാണുന്നത്‌. മത്തായിക്ക്‌ കുരിശു ചുമക്കുന്ന യേശുവിന്റെ രൂപമല്ല, ഒരു പാതിരിയുടെ രൂപമാണ്‌. ജീവിതത്തിലേക്കല്ല, മരണത്തിലേക്കു നയിക്കുന്ന ഒരു പിതൃരൂപത്തിന്റെ ഭാവഹാദികള്‍ ഈ പാതിരിരൂപത്തിനുണ്ട്‌. ജോണ്‍ ഏബ്രഹാം ഈ കഥയില്‍ മതവിമര്‍ശനത്തിന്റെ മഹാവാക്യങ്ങള്‍ എഴുതുന്നു.

ജോണിന്റെ ചലച്ചിത്രത്തിലെ ചെറിയാച്ചനോട്‌ ഈ കഥയിലെ മത്തായിക്ക്‌ ചില സാമ്യങ്ങളുമുണ്ട്‌. 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' എന്ന ജോണിന്റെ ചലച്ചിത്രത്തില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുളള വേവലാതികളെയാണ്‌ ഫോക്കസ്‌ ചെയ്തിരുന്നത്‌. ചെറിയാച്ചന്റെ മാനസികവിഭ്രാന്തി ഒരു മദ്ധ്യവര്‍ഗ്ഗക്കാരന്റെ സുരക്ഷിതത്വത്തെ കുറിച്ചുളള ആശങ്കകളില്‍ നിന്നും ജനിച്ചതായിരുന്നു. ഇവിടെ, മത്തായിയുടെ മദ്ധ്യവര്‍ഗ്ഗാടിത്തറ കഥാഖ്യാനത്തില്‍ നിന്നും സ്വയം വെളിവാകുന്ന ഒന്നാണ്‌. ഗവേഷണത്തെ കുറിച്ച്‌ മതബോധം നല്‍കുന്ന അബോധഭീതിയെ നിലനിര്‍ത്തുന്നതില്‍ മത്തായിയുടെ മദ്ധ്യവര്‍ഗ്ഗാടിത്തറ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്‌. 

ജ്ഞാനോല്‍പാദനത്തെ കുറിച്ചുളള നമ്മുടെ സമീപനങ്ങളെ പരിഹാസത്തോടെ നോക്കിക്കാണുന്ന ആഖ്യാനമാണിത്‌. മത്തായിയുടെ ഗവേഷണ വിഷയം തന്നെ ആരിലും ചിരിയുണര്‍ത്തുന്നതാണ്‌. നമ്മുടെ നാട്ടില്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മത്തായിമാരാണ്‌. അവര്‍ അന്വേഷിക്കുന്നത്‌ കോട്ടയത്ത്‌ എത്ര മത്തായിയുണ്ടെന്നാണ്‌. ഈ ഗവേഷണങ്ങള്‍ ദുരന്തങ്ങളില്‍ അവസാനിക്കുന്നുവെന്ന് ഈ ആഖ്യാനത്തില്‍ എഴുതിയിരിക്കുന്നു.

മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

3 comments:

Rajeeve Chelanat said...

‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്” എന്ന ജോൺ കഥ, അപാരമായ മാനങ്ങളുള്ളതാണ്. അന്വേഷണത്തിന്റെ തുടർച്ച അവസാനിക്കുന്നത്, ആകാശവെളിച്ചങ്ങൾ തേടുമ്പോഴാണ് എന്ന അറിവുകൂടി ജോൺ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലേ എന്നും തോന്നുന്നു.

ഒടുവിലായി, ജോൺ എബ്രഹാമിന്റെ അയത്നലളിതമായ രചനയുടെ വിശിഷ്ടമായ ഒരു അടയാളം കൂടിയാണ് ഈ കഥ. ഓരോ വരി എഴുതുമ്പോഴും ജോൺ ഊറിയൂറി ചിരിച്ചിട്ടുണ്ടാകണം, തന്റെ അലിഗറി ഓർത്ത്.

ഒരു ഓഫ്: എഡ്വേഡ് സയ്‌ദിന്റെ ഓറിയന്റലിസത്തിന്റെ, ഇരുന്നോറോളം താളുകൾ വരുന്ന ആദ്യ രണ്ട് അദ്ധ്യായത്തിന് പകരംവെക്കാൻ ഈ കൊച്ചു കഥ മതി എന്നും തോന്നിയിട്ടുണ്ട്.

അഭിവാദ്യങ്ങളോടെ

Pradeep Kumar said...

ജോൺ എബ്രഹാം എഴുതിയ ഈ കഥവായിച്ച് തരിച്ചിരുന്നിട്ടുണ്ട്- മലയാളഭാഷയിലെഴുതപ്പെട്ട മികച്ച ചെറുകഥകളിലൊന്ന്. പണ്ഡിതസദസ്സുകളിലും, കഥാചരിത്ര ആലേഖനങ്ങളിലും പരിഗണിക്കപ്പെടാതെ പോവുന്നത് എന്തുകൊണ്ട് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. വീണ്ടും ആ കഥയും, ജോണിന്റെ വ്യവസ്ഥാപിത ചട്ടക്കൂടുകളോട് കലഹിച്ചുകൊണ്ടുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളും മനസ്സിലേക്കു കൊണ്ടുവരാന്‍ കാരണമായി ഈ വായന....

Anonymous said...

ഈ കഥയുടെ PDF കിട്ടുമോ

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...