Wednesday, November 17, 2010

വാക്ക്‌ പുതിയ കവിതയില്‍

വാക്കിനെ കുറിച്ച്‌ ആകുലനാകാത്തവന്‍ കവിയല്ല


പുതിയ കവികളുടെ രചനകളില്‍ വാക്കിനെ കുറിച്ചുള്ള ആധികള്‍ നിറയുന്നു. ജീവിതത്തില്‍ വചനവും പ്രവൃത്തിയും തമ്മിലുളള അകലങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുതിനാല്‍, വാക്കിന്‌ അര്‍ത്ഥശോഷണം വരുന്നു. കവിയുടെ ആകുലതകള്‍ ഏറുന്നു. വാക്കിനെക്കുറിച്ചുളള വിചാരങ്ങള്‍ ഒരു സാമൂഹിക പ്രവര്‍ത്തനമായി മാറുന്നു. യുവകവിസമൂഹം ഒന്നായി വാക്കിനെക്കുറിച്ച്‌ വിചാരപ്പെടുന്നു. അര്‍ത്ഥം ചോര്‍ന്നു പോകുന്ന വാക്കുകള്‍, പൊതുവേദികളില്‍ വ്യഭിചരിക്കപ്പെടുന്ന വാക്കുകള്‍, കഷ്ടകാലങ്ങളോടൊപ്പം വരുന്ന കളളവാക്കുകള്‍, വാസ്തവങ്ങള്‍ മറയാവുന്ന വാക്കുകള്‍, ഉച്ചഭാഷിണിയൂടെ പൊളളയായ ഭാഷണങ്ങള്‍. വാക്ക്‌ നേരിടുന്ന വലിയ പരീക്ഷണ ഘട്ടമാണിത്‌.


എന്നാല്‍, വാക്കിനെക്കുറിച്ച്‌ വലിയ സിദ്ധാന്തങ്ങള്‍ ഉണ്ടായ കാലമാണിത്‌. സ്വനകേന്ദ്രിതമായ ഭാഷ വെല്ലുവിളിക്കപ്പെട്ടു. സ്ഥിരമായ അര്‍ത്ഥമുളള വാക്കുകള്‍ ഇല്ല് സ്ഥാപിക്കപ്പെട്ടു. മാറ്റത്തിന്‌ വിധേയമാകാത്ത വാക്ക്‌ ഇല്ലെന്നുവന്നു. അര്‍ത്ഥത്തിന്റെ ഏകസ്രോതസ്സായി കരുതപ്പെട്ട കര്‍ത്താവ്‌ മരണപ്പെട്ടു. പുതിയ സിദ്ധാന്തങ്ങളില്‍ അതിഭൌതികതക്കെതിരായ നിലപാടുകള്‍ ഉണ്ടായിരുന്നു. തെന്നി മാറുന്ന അര്‍ത്ഥങ്ങളെക്കുറിച്ചുളള സങ്കല്‍പങ്ങള്‍ക്ക്‌ വാക്കിന്റെ അനല്‍പമായ സാദ്ധ്യതകളേയും സ്വയം നവീകരിക്കാനുളള ശേഷിയേയും ഉള്‍ക്കൊളളാന്‍ കഴിഞ്ഞു. വാക്കിനുണ്ടാകുന്ന മൂല്യശോഷണത്തെക്കുറിച്ചും അതിന്‌ പറയാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ ചിലതെങ്കിലും അതിവാദമായിരുന്നു. പക്ഷേ ഈ സിദ്ധാന്തങ്ങളുടെ പ്രതിഫലനങ്ങള്‍ യുവകവികളുടെ രചനകളിലുണ്ട്‌. ജനതയോടൊപ്പം നടക്കുകയും വളരുകയും(തളരുകയും) ചെയ്യുന്ന വാക്കിനെത്തന്നെയാണ്‌ ഈ കവികളും അഭിമുഖീകരിക്കുന്നത്‌. അവര്‍ വാക്കിന്‌ നേരിടേണ്ടിവരുന്ന നശീകരണാത്മകമൂലകങ്ങളെ തടയാന്‍ ശ്രമിക്കുന്നു. വാക്കിനെ നവീകരിക്കാന്‍ യത്നിക്കുന്നു.


സാമ്രാജ്യത്വം കെട്ടിയേല്‍പിക്കുന്ന കമ്പോളവ്യവസ്ഥയില്‍ വാക്കും ചന്തയില്‍ വില്‍പനക്കു വച്ചിരിക്കുന്നു. അധീശത്വത്തിന്റെ വാക്കിനും ഭാഷയ്ക്കും വിലയേറുന്നു. അധ:കൃതന്റെ ഭാഷയും വാക്കും ബാഹുല്യങ്ങള്‍ നഷ്ടപ്പെട്ട് പതുക്കെ പതുക്കെ ഇല്ലായ്മയിലേക്ക്‌ ചുരുങ്ങുന്നു. ഭാഷയ്ക്കും രണ്ട്‌ ധ്രുവങ്ങളില്ല. ഏകധ്രുവം മാത്രം. ഭാഷകളും ഭാഷണങ്ങളും കൊഴിഞ്ഞ്‌ ഒരൊറ്റ ഭാഷണമാകുന്നു. ഒരേയൊരു ആഗോളസുതാര്യഭാഷതന്‍ വരയ്ക്കായ്‌ നാക്ക്‌ വടിച്ചു നില്‍ക്കുന്നു. റഫീഖ് അഹമ്മദിന്റെ ഒരക്ഷരം മാത്രം എന്ന കവിതയില്‍ മറന്നു മണ്ണായി കഴിവതിന്‍മുമ്പ്‌ ഒരക്ഷരം മാത്രം സൂക്ഷിച്ചുവക്കാനനുവദിക്കണമെന്നു കേഴുന്ന കവിയെ നമുക്ക്‌ കാണാം. അക്ഷരം നേരിടുന്ന ഭീഷണികള്‍ കൂടുതല്‍ കൂടുതല്‍ ശക്തമാകുന്നുവെന്ന ബോധം ഈ കവിതയില്‍ ആര്‍ത്തലയ്ക്കുന്നു. പി.എന്‍.ഗോപീകൃഷ്ണന്‍ സ എന്ന അക്ഷരത്തെ കാണാനില്ലെന്നു പറഞ്ഞതിന്റെ തുടര്‍ച്ചയാണിത്‌. വചനങ്ങളില്‍, വിനിമയങ്ങളില്‍, നന്‍മ വറ്റിപ്പോകുന്നതായി അറിഞ്ഞ കവിയാണ്‌ സ നഷ്ടപ്പെട്ടതിനെപ്പറ്റി പറഞ്ഞത്‌. സ സത്യത്തേയും സ്വാതന്ത്ര്യത്തേയും സ്നേഹത്തേയും സന്‍മനസ്സിനേയും സദ്കാഴ്ചയേയും സദ്കേള്‍വിയേയും കൊണ്ടുവരുന്ന അക്ഷരമാണ്‌. ഭാഷയുടെ മരണത്തില്‍ ആദ്യം നഷ്ടമാകുന്നത്‌ നന്‍മയുടെ വാഹകരായ അക്ഷരങ്ങളാണ്‌. നടുവൊടിഞ്ഞ്‌, തകര്‍ന്നൊടിഞ്ഞ്‌ നില്‍ക്കുന്നവരോടൊപ്പം അങ്ങിനെത്തന്നെ നില്‍ക്കുന്ന അക്ഷരമാണ്‌ ആദ്യം കാണാതെയാവുന്നത്‌. അ യുടെ പൂ ഇ യുടെ മുറിയില്‍ പെടുന്നതിനെക്കുറിച്ച്‌ ക യുടെ കുഞ്ഞ്‌ കെ യുടെ ഫ്ളാറ്റില്‍ അകപ്പെടുന്നതിനെക്കുറിച്ച്‌ പിന്നീട്‌ ഗോപീകൃഷ്ണന്‍ എഴുതി. മലയാളത്തിന്റെ കാല്‍പാദങ്ങള്‍ ആംഗലത്തില്‍ പെട്ട് ചതയുന്നതിനെക്കുറിച്ച്‌, നമ്മുടെ കുഞ്ഞുങ്ങള്‍ ആംഗലത്തിന്റെ തടവറയില്‍പ്പെട്ടു പോകുന്നതിനെക്കുറിച്ചുളള ആധിയാണ്‌ ഇവിടെ പ്രകടിപ്പിക്കപ്പെടുന്നത്‌. ഈ കവിതയുടെ അന്ത്യത്തില്‍ പോലീസില്‍ നിന്നും ഫയറില്‍ നിന്നും അധികാരകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന മറുപടി ഈ ഭാഷ ഇപ്പോള്‍ നിലവിലില്ലെന്നാണ്‌.


മറ്റൊരു കവിതയില്‍ നമ്മുടെ കൊളോണിയല്‍ മനസ്സിനെ നന്നായി ഉദാഹരിച്ചുകൊണ്ട്‌ ഗോപീകൃഷ്ണന്‍ നഗരത്തില്‍ തോറ്റുപോയവനെക്കുറിച്ച്‌ എഴുതുന്നു.
സാന്തി എന്നു ഭാര്യയെ വിളിക്കാം.
ശന്തോഷ്‌ എന്നു മകനെപ്പറ്റി പറയാം.
യു.എശ്‌.എ. എന്നു പറയാമോ?
മെക്രോശോഫ്റ്റ്‌ എന്നു പറയാമോ?.
ദെല്യശ്‌ എന്നു പറഞ്ഞാല്‍ എം. കൃഷ്ണന്‍നായര്‍ പൊറുക്കുമോ?
ശംശ്ക്കാരം എന്നു പറയാം.
ഷംഷ്ക്കാരം എന്ന്,
ശിവിലിശേഷന്‍ എന്ന് എങ്ങിനെ പറയും? (നിരക്ഷരന്‍)


വാക്കിനെ കുറിച്ചുളള വിചാരങ്ങള്‍ റഫീഖ്‌ അഹമ്മദിന്റെ കവിതയില്‍ എപ്പോഴും കടന്നുവരുന്നു. ഒരൊറ്റ വാക്കെങ്ങാന്‍ തിരിയുമോ? കിളികുലങ്ങള്‍ പാടും വനങ്ങളില്‍ നിന്നുമെന്ന് ഇയാള്‍ അന്വേഷിക്കുന്നു. വാക്കിന്റെ ഉരുവകേന്ദ്രങ്ങളിലേക്ക്‌ ശ്രദ്ധാലുവാകുന്നു. എത്രയതാര്യം നമ്മുടെ വാസ സ്ഫടികക്കുടുസ്സുകള്‍, ഭാഷ, വിചാരം എന്ന് ഒന്നുമേ തെളിമയില്ലാത്ത വാക്കിനേയും ചിന്തയേയും കുറിച്ചുമാഴ്കുന്നു. തന്റെ വാക്ക്‌ പ്രേതങ്ങള്‍ക്കേ തിരിച്ചറിയാന്‍ കഴിയുളളൂ എന്ന് പ്രേതമായി തീര്‍ന്നവന്‍ വിലപിക്കുന്നു. മൈനക്കുഞ്ഞാമിനയും കുറുക്കനവറാനും കുട്ടിശ്ശങ്കരനാനയും ടോമി എന്ന നായും നെടുവരമ്പത്തമ്മയും കല്ലറക്കല്‍ ഉപ്പാപ്പയും പോലെ പ്രകൃതിപ്പെട്ട മനുഷ്യര്‍ക്കും ദൈവങ്ങള്‍ക്കും പിശാചുകള്‍ക്കും പകരം യന്ത്രപ്പെട്ട മനുഷ്യനാമങ്ങള്‍, സെല്ലുലാര്‍ രമ്യാ കെ. വാര്യര്‍, സൈബര്‍ സന്തോഷ്‌ പോള്‍, ..നിറയുന്നത്‌ കാണുന്നു. വെട്ടിയും കുത്തിയും മുറിവേറ്റ്‌ അഭയാര്‍ത്ഥിക്ക്യാമ്പില്‍ കഴിയുന്ന വാക്കുകള്‍ വെളളം കിട്ടാതെ വലയുന്നു. അധികാരികള്‍ അവയോട്‌ നിശ്ശബ്ദമാകണമെന്ന് നിര്‍ബന്ധിക്കുന്നു.


ഇന്ന് വാക്കുകള്‍ക്ക്‌ ഒരു പകിട്ടുമില്ല. മുന പോയ ഉളികൊണ്ട്‌ പണിയുന്ന ആശാരിയാണ്‌ കവി എന്ന് ജോസഫ്‌ പറയുന്നു. അത്‌ കൊണ്ട്‌ അയാള്‍ വാക്കുകള്‍ തേടി തുറകളിലോ നാട്ടിന്‍പുറങ്ങളിലോ പോകുന്നു. ഇനിയും വരാത്ത വാക്കുകളെ കവിതയിലേക്ക്‌ വിളിച്ചു കൊണ്ടുവരുന്നു. തെക്കന്‍ കൊല്ലന്‍, കാനക്കുമ്പിവെയില്‍ എന്നിങ്ങനെ മാത്രമല്ല; വലിയ കെട്ടിടങ്ങള്‍ പോലുളളവര്‍ ചതുരങ്ങളിലും വൃത്തങ്ങളിലും പൂട്ടിയിട്ട കവിതയിലെ വാക്കിനോട്‌ കാടുകാണാനും ഓലപ്പുരയിലുറങ്ങാനും തോട്ടില്‍ പോയി കുളിക്കാനും കരികിലംപിടകളോടൊപ്പം ചിലക്കാനും ക്ഷണിക്കുന്നു. കവിതയിലെ വാക്ക്‌ തെണ്ടിവര്‍ഗസ്വത്വത്തോട്‌ സാത്മ്യം നേടുന്നു. അര്‍ത്ഥത്തിന്റെ പണ്ഡിതന്‍മാര്‍ക്ക്‌ നിരര്‍ത്ഥകമെന്നു തോന്നുന്ന വിചിത്രപദങ്ങള്‍ക്കു സ്തുതി പാടുന്നു.
ഗന്ധങ്ങളില്ലാത്ത വാക്കിന്റെ സങ്കല്‍പനങ്ങളില്‍ നിനക്കുണ്ട്‌ സ്ഥാനം
ഉപ്പുകൊണ്ടല്ലോ കവിതയെഴുതി നീ ഉപ്പിനു പോലും കയ്ക്കുന്ന ഭാഷയില്‍


വാക്കുകളോട്‌ വിക്കിയും വിറച്ചും മുടന്തിയും തെരുവുതെണ്ടികളെ പോലെ കടന്നുവരാന്‍ പി.പി.രാമചന്ദ്രന്‍ പറയുന്നു. വാക്കുകളുടെ ഉപചാരപര്‍വ്വം വേണ്ടെന്ന് കവി രാമചന്ദ്രന്‍ വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ചുളള സന്ദിഗ്ദ്ധതകള്‍ നിറയുന്ന വരികളെഴുതുന്നു. കടലെന്നൊരു വാക്കിനുളളിലുണ്ടതിവിസ്തൃതമായ വന്‍കര. ഇലയില്‍ നിന്ന് പച്ചയകറ്റിയത്‌ പോലെ പുഴയില്‍ നിന്നും കുളിര്‍ വലിച്ചെടുത്തതുപോലെ മൊഴിയില്‍ നിന്നും ആരോ പൊരുളു വലിച്ചെടുക്കുന്നുവെന്ന് കോളണിയായി മാറിയവന്‍; ഈ കവിതയില്‍ പതുക്കെ പതുക്കെ അറിയുന്നു. മല മുടിയുകയും പുഴ നികരുകയും ചെയ്യുന്നതോടൊപ്പം മലയാള വാക്ക്‌ പൊരുളറ്റ്‌ വെറുമൊരൊച്ചയായി തീരുന്നത്‌ ഇയാളറിയുന്നു. ഈ മൊഴി കൊണ്ട്‌ പുതിയ കവി കൂകുന്നു. അങ്ങനെയൊരു വാക്കില്‍ എന്‍ ജീവനിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. ഈ ഉത്തരകാലത്തെ ലോലമാം റബ്ബറുറയിട്ട വാക്കുകള്‍ കാതില്‍ വഴുക്കുന്നു. ഇത്‌ സുരക്ഷിതകാലം. വാക്കിന്റെ അര്‍ത്ഥഗര്‍ഭങ്ങളെ ഭയക്കേണ്ടതില്ല. വാക്ക്‌ ഉളളില്ലാത്ത പ്രണയം പോലെ എത്രമേല്‍ കെട്ടിപ്പുണര്‍ന്നാലും മേനിയിലും മനസ്സിലും തൊടുന്നില്ല. പട്ടാമ്പിപ്പുഴ മണലില്‍ വിരലെഴുതുമ്പോള്‍ തെളിഞ്ഞിരുന്ന മലയാളപ്പെണ്ണിന്റെ ജഡവും കൊണ്ട്‌ ഒരു ലോറി കയറിപ്പോകുന്നത്‌ ഈ കവി കാണുന്നു.


വാക്ക്‌ കുടുങ്ങി കവി മരിക്കുതും ഔന്നത്യങ്ങളും ബലിഷ്ഠതകളും വാക്കു വാക്കായി സ്ഥലം വിട്ട് പുല്ലില്ലാക്കളം രൂപം കൊളളുന്നതും പി.രാമന്‍ കാണുന്നു. വെട്ടിമാറ്റി കുഴിച്ചു മൂടിയ തെറിച്ച വാക്കുകളും ഉടഞ്ഞ ബിംബങ്ങളും ആയുധമെടുക്കുമെന്ന് ടി.പി.രാജീവന്‍ പ്രവചിക്കുന്നു. അന്‍വര്‍ അലിക്ക്‌ വാക്ക്‌ എല്ലാമൊളിക്കും വിലമാണ്‌. വാക്കുകള്‍ക്ക്‌ പുതിയ അര്‍ത്ഥം പകരുവാന്‍ യുവകവികള്‍ യത്നിക്കുന്നു. നമ്മുടെ യുവകവികള്‍ വാക്കിന്റെ സമകാലാവസ്ഥയെ അറിയുക മാത്രമല്ല ചെയ്യുന്നത്‌; വാക്ക്‌ പുതിയ അര്‍ത്ഥങ്ങളോടെ തിരിച്ചുവരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. കവിതയ്ക്ക്‌ ഇതേവരെ അപരിചിതമായ വാക്കുകളെ ഇവര്‍ കൂട്ടിക്കൊണ്ടു വരുന്നു. കവിതയ്ക്ക്‌ അപ്രാപ്യമായിരുന്ന നാമരൂപങ്ങള്‍ കാവ്യവിഷയങ്ങളായി കടന്നുവരുന്നു മണ്ണിര, മാറാല, കൊട്ട, ..എന്നിങ്ങനെ. അന്യഭാഷാപദങ്ങള്‍ വ്യാപരിച്ചിരുന്നിടത്തേക്കു വേണ്ടി മലയാളപദങ്ങള്‍ക്കു ജന്‍മം നല്‍കുന്നു.. ബലൂണിനു പകരം വീര്‍പ്പ..എന്നിങ്ങനെ. നമുക്ക്‌ അറിയാതിരുന്ന രീതിയില്‍ വാക്കിനെ വിഗ്രഹിച്ചെടുക്കുന്നു. മണ്ണേ നിനക്കിര, മണ്ണിര ഞങ്ങളോ ...എന്നിങ്ങനെ. യുവകവികള്‍ വാക്കിനെ ധ്യാനിച്ചുണര്‍ത്തുന്നു.


പക്ഷേ, ചിലപ്പോഴെങ്കിലും, സമൂഹനിരപേക്ഷവും ജീവിതത്തിന്റെ സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ നിന്ന് അകുന്നു നില്‍ക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ക്ക്‌ നാം സാക്ഷ്യം വഹിക്കുന്നു. വാക്ക്‌ ചിലര്‍ക്ക്‌ നിഗൂഢവും ആത്മനിഷ്ഠവുമായ വ്യവഹാരമാധ്യമമായി തീരുകയും തങ്ങളുടെ കേവലാഭിലാഷങ്ങള്‍ക്കും വ്യക്തിസംഘര്‍ഷങ്ങള്‍ക്കും വ്യാഖ്യാനം നല്‍കാനുളള മാര്‍ഗ്ഗം മാത്രമായി തീരുകയും ചെയ്യുന്നു. വാക്കിനെക്കുറിച്ചുളള അന്വേഷണങ്ങള്‍ ബുദ്ധിപരമായ വ്യായാമങ്ങള്‍ മാത്രമായി തീരുന്നു. ഇത്തിരിനേരത്തെ അനുഭൂതിയോ ഒരു ഇക്കിളിയോ അല്ലാതെ മറ്റൊന്നും ഇത്തരം ബുദ്ധിവ്യായാമങ്ങള്‍ നല്‍കുന്നില്ല. വാക്കിന്റെ ചരിത്രത്തിലേക്ക്‌ ഈ ആത്മനിഷ്ഠമായ ഇടപെടലുകള്‍ എന്തെങ്കിലും സംഭാവന ചെയ്യുന്നില്ല. ഇവര്‍ കാര്യത്തെ കാരണവുമായി ബന്ധിപ്പിക്കുന്നില്ല. കാരണത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. എന്നാല്‍, പുതുകവിതയിലെ വാക്കിനെ കുറിച്ചുളള ചിന്തയില്‍ ഇതും ഒരു പ്രവണതയാണ്‌.

പ്രതിചിന്തയില്‍ പ്രസിദ്ധീകരിച്ചത്

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ലേഖനമായിരിക്കുന്നു മാഷെ

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...