Sunday, October 3, 2010

സുന്ദരമൂര്‍ത്തിക്ക്‌ എന്തു സംഭവിച്ചു?

മതത്തിനും കലയ്ക്കും പരമമായി ഉദ്ബോധിപ്പിക്കാന്‍ കഴിയുന്ന ഈശ്വരവൃത്തിയുടെ സദൃശചിത്രമാണ്‌ നടരാജനൃത്തം നല്‍കുന്നതെന്ന് ആനന്ദകുമാരസ്വാമി പറയുന്നു. മഹേശ്വരന്റെ വന്യവും ലാവണ്യപൂരിതവുമായ അംഗചലനങ്ങള്‍ പ്രാപഞ്ചിക മിഥ്യയെ വെളിപ്പെടുത്തുന്നുവെന്ന് ഹെയ്ന്‍ റീഹ്‌ സിമ്മര്‍. അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ പ്രപഞ്ചസൌന്ദര്യം മുഴുവന്‍ ആവാഹിക്കപ്പെട്ടിരിക്കുന്നുവെന്ന് വാഴ്ത്തുന്നവരുമുണ്ട്‌. ഉയര്‍ന്നു നില്‍ക്കുന്ന വലതുകൈയില്‍ സൃഷ്ടിയുടെ ആദിശബ്ദത്തിന്റെ പ്രതീകമായ കടുന്തുടി. സംഹാരത്തിന്റെ പ്രതീകമായ അഗ്നിനാളത്തെ വഹിക്കുന്ന ഇടതുകൈ. സന്തുലിതമായി നില്‍ക്കുന്ന ഇരുകൈകള്‍ക്കുമിടയിലായി; മദ്ധ്യത്തില്‍, സൃഷ്ടിയുടേയും സംഹാരത്തിന്റേയും സന്തുലിതാവസ്ഥയെ വിളംബരം ചെയ്യുന്ന നര്‍ത്തകന്റെ ശാന്തഗംഭീര മുഖഭാവം. രണ്ടാം വലംകൈ ഭയത്തില്‍ നിന്നു മുക്തനാകാന്‍ ഉപദേശിക്കുന്നു. കാണുന്നവന്‌ സാന്ത്വനമാകുന്നു. ഉയര്‍ത്തിയ പാദങ്ങളിലേക്ക്‌ ചൂണ്ടി നില്‍ക്കുന്ന ഇടംകൈ മായാവലയത്തില്‍പ്പെട്ടു പോകരുതെന്ന് ഓര്‍മ്മിപ്പിക്കുന്നു. അജ്ഞതയുടെ പിശാചിനു മുകളില്‍ താണ്ഡവമാടുന്ന ശിവരൂപം അവിദ്യയില്‍ നിന്നു വിമോചിതനാകാന്‍ ഉദ്ബോധിപ്പിക്കുന്നു. ദക്ഷിണേന്ത്യന്‍ ശില്‍പികള്‍ വെള്ളോടില്‍ മെനഞ്ഞെടുത്ത മുക്കണ്ണന്റെ രൂപത്തിന്‌ ശിവഭക്തി നിറഞ്ഞ മനസ്സുകള്‍ നല്‍കിയ വ്യാഖ്യാനങ്ങളാണിവ. എന്നാല്‍, ഇപ്പോള്‍ സുന്ദരമൂര്‍ത്തിയുടെ രൂപം ഈ വ്യാഖ്യാനങ്ങള്‍ക്കു വഴങ്ങുന്നില്ല. കൊളോണിയലിസം നമ്മുടെ ഈശ്വരന്‍മാരേയും വെറുതെ ഉപേക്ഷിക്കുകയുണ്ടായില്ലല്ലോ. അവര്‍ കാഴ്ചപ്പണ്ടങ്ങളായി. അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലെ വില്‍പനച്ചരക്കുകളായി. നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്‍ എന്ന ആറ്റൂര്‍ രവിവര്‍മ്മയുടെ കവിത തിക്തമായ പ്രവാസജീവിതത്തിന്റെ കഥ മാത്രമല്ല പറയുന്നത്. ഇന്ത്യക്കാരന്റെ സുന്ദരമൂര്‍ത്തിക്ക്‌ എന്തു സംഭവിച്ചു എന്ന അന്വേഷണം കൂടിയാണത്.


ഇത്‌ മാര്‍ക്കണ്ഡേയന്റെയോ അക്കമഹാദേവിയുടേയോ കാലമല്ല. ഒച്ചപ്പെരുക്കിയിലൂടെ തെരുവുദൈവങ്ങള്‍ക്ക്‌ മംഗളവാദനം ഉയരുന്ന കാലം. നെല്ലും കരിമ്പും വിളയുന്ന നിലങ്ങളും കുരുമുളകും കുന്തിരിക്കവും ആനയുമുളള മലകളും ഇപ്പോള്‍ ഓര്‍മ്മകള്‍ മാത്രം! സുന്ദരമൂര്‍ത്തിക്ക്‌ ഉറക്കം വരാത്ത നാളുകള്‍. അമ്പിളിക്കീറിന്റെ കുളിരിന്‌ ശിരസ്സിലെ താപമകറ്റാനാകുന്നില്ല. നടരാജന്‍ നടനച്ചുവടുകളോടെ അകക്കോവിലില്‍ നിന്നും ഇറങ്ങിനടക്കുകയാണ്‌; നഗരത്തിലേക്ക്‌. തെരുവുദൈവങ്ങളെ കണ്ടു. ചുടലപ്പണി ചെയ്തു. പഞ്ചനക്ഷത്രത്തിന്റെ വാതിലില്‍ പാറാവുകാരനായി. പിന്നെ, ലോകക്കലവറയിലേക്ക്‌ ക്ഷണം. ഇത് നടരാജനേയും പ്രലോഭിപ്പിക്കുന്നു. സുന്ദരമൂര്‍ത്തി വിദേശത്തേക്ക്. 
പശിയോ വറുതിയോ ഈ സ്വര്‍ഗ്ഗീയ പുരികള്‍ക്ക്‌ അന്യമത്രെ. അവ കഥകളില്‍ മാത്രം. ശീതീകരിച്ച മുറികളില്‍ ധ്യാനം. ഇവിടെ ജീവിതം ശിവനര്‍ത്തനം തന്നെ. പക്ഷേ.കാഴ്ചക്കണ്ണുകളുടെ തിരക്കിനും അഭിനന്ദനങ്ങള്‍ക്കുമിടയില്‍ പകച്ചു നില്ക്കുന്നവന്റെ ആനന്ദം. സ്വയം തിരിച്ചറിയുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഇനി മടക്കമുണ്ടോയെന്ന് നെഞ്ചില്‍ ഇടിവെട്ടുന്നു. നാട്ടില്‍ പാര്‍ക്കുന്ന ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം നോ റെസിഡന്റ് ഇന്‍ഡ്യന്‍ അന്തസ്സിന്റെ പര്യായമാണ്‌. എന്നാല്‍, ..

ഇന്ത്യക്കാരന്റെ സുന്ദരമൂര്‍ത്തിയെ സമകാല ലോകയാഥാര്‍ത്ഥ്യത്തിലേക്ക്‌ ഇറക്കിക്കൊണ്ടു വരികയാണ്‌ ആറ്റൂര്‍ ഈ കവിതയിലൂടെ ചെയ്യുന്നത്‌. ശിവചരിതം കേവല ആത്മീയതയുടെ സങ്കീര്‍ത്തനമല്ല. ശ്രേഷ്ഠരായ ലൌകിക നായകന്മാരെ അനുകരിക്കുന്ന ഈ മഹാനര്‍ത്തകന്‍ ലൌകിക ജീവിതം എത്രമേല്‍ ആദരണീയമാണെന്ന് തെളിയിച്ചുവെന്ന് മുമ്പേ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്‌. ആറ്റൂരിന്‌ ആ ബോദ്ധ്യമുണ്ട്‌. കാവ്യകാരന്‍മാരുടെ അതിസാധാരണമായ ചിന്താപഥങ്ങളില്‍ നിന്നും തെറ്റിസഞ്ചരിച്ചുകൊണ്ട്‌ ആഗോളീകരണത്തിന്റെ ദുഷിച്ച അധികാരശക്തിക്കെതിരായ അനുഭവമായി നടരാജന്‍ ഈ കവിതയില്‍ പ്രത്യക്ഷപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലോകക്കലവറയില്‍ വച്ച്‌, ആക്ഷേപത്തിന്റേയും അവഗണനയുടേയും പ്രശംസയുടേയും ഘോരതാപമേറ്റ്‌ ആത്മാഭിമാനവും അന്തസ്സും വറ്റിപ്പോകുന്ന നടരാജന്‍ നവകോളണിയുടെ പ്രതിനിധിയാണ്‌. മഹേശ്വരന്റെ ആത്മീയ - സൌന്ദര്യ മൂല്യങ്ങള്‍ കമ്പോള മൂല്യമായി പരിവര്‍ത്തിക്കപ്പെടുന്നു. ശൈവപാരമ്പര്യത്തെ സംബന്ധിച്ച്‌ കവിക്കുളള ജ്ഞാനം കാവ്യവിഷയത്തെ രാഷ്ട്രീയവുമായി ഘടിപ്പിക്കുതിനും കവിത പ്രേക്ഷണം ചെയ്യുന്ന കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നുണ്ട്‌. കവിതയുടെ ഭാഷയും ശൈലിയും ദ്രാവിഡ പാരമ്പര്യത്തില്‍ ഊന്നി നിന്നുകൊണ്ട്‌ ഭാവുകത്വത്തിന്റെ നിര്‍കോളണീകരണത്തിനുളള ത്വരയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്‌. ഇത്‌ ഒരു ശിവസ്തുതിയല്ല. നമ:ശിവായ ജപിക്കുന്ന കവിയെ ഇവിടെ തിരയേണ്ടതുമില്ല.


ലോകവിപണിയില്‍ ചരക്കായി മാറുന്ന ദരിദ്രരാഷ്ട്രങ്ങളിലെ (ആഫ്രിക്കന്‍) കലാശില്പങ്ങളെക്കുറിച്ച്‌ ക്വാമേ അന്തോണി അപ്പിയാ ഒരു ലേഖനത്തില്‍ പറയുന്നു. ഡേവിഡ്‌ റോക്ക്ഫെല്ലറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ അപ്പിയാ എഴുതുത്‌. അത്യാധുനികമായ ഓഫീസ്‌ മുറികളിലോ വീടുകളിലോ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന വസ്തുക്കളായാണ്‌ റോക്ക്ഫെല്ലര്‍ ആഫ്രിക്കന്‍ കലാശില്പങ്ങളെ കാണുന്നത്‌. ഈ ആവശ്യങ്ങള്‍ക്ക്‌ ഉതകുന്ന നല്ല പീസുകള്‍ തെരഞ്ഞെടുത്താല്‍ വരുംകാലങ്ങളില്‍ കൂടുതല്‍ ആദായകരമാകുമെന്ന് അയാള്‍ക്ക്‌ അഭിപ്രായമുണ്ട്‌. കലാശില്പത്തിന്റെ സൌന്ദര്യമൂല്യം റോക്ക്ഫെല്ലറുടെ മൂലധനതാല്‍പര്യങ്ങള്‍ക്കും അതിന്നുണ്ടാകേണ്ട ആലങ്കാരിക മൂല്യത്തെ കുറിച്ചുളള കാഴ്ചപ്പാടിനും കീഴ്പ്പെടുന്നു. സൌന്ദര്യമൂല്യങ്ങള്‍ കമ്പോള മൂല്യങ്ങളുമായി എത്ര കര്‍ശനമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നതിലുമുപരിയായി റോക്ക്ഫെല്ലറെ പോലുളള ഒരാള്‍ക്ക്‌ ഏതു കലാശില്പത്തെ കുറിച്ചും എന്തും പറയാന്‍ കഴിയുമെന്ന ഒരു കലാപ്രവര്‍ത്തകനായ ആഫ്രിക്കക്കാരന്റെ വാക്കുകള്‍ കലാശില്പത്തെ ചരക്കായി മാറ്റുന്ന പ്രക്രിയയുടെ ഭാഗമായി മാത്രമേ ശ്രദ്ധിക്കപ്പെടുകയുളളുവെന്നും ഓര്‍ക്കുക! കലാശില്പം ഒരു ചരക്കാണെന്നതുമാത്രം പ്രധാനമായി തീര്‍ന്നിരിക്കുന്നുവെന്ന് അപ്പിയാ എഴുതുന്നു.


നടരാജന്‍ ഇന്ത്യക്കാരന്‍ നിര്‍മ്മിച്ച ഒരു കലാശില്‍പം മാത്രമല്ല: ഈ നര്‍ത്തകന്‍ അവന്റെ ആത്മീയമൂര്‍ത്തിയാണ്‌. അധീശത്വം വില്പനച്ചരക്കായി മാറ്റിയത്‌ ഈ ആത്മീയമൂര്‍ത്തിയെയാണ്‌. നോക്കൂ; ഉപഭോക്താവിനുവേണ്ടി വിഗ്രഹത്തിനു പുറത്തു പേരും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു.
നടരാജ നൃത്തം
അറിയപ്പെടാത്ത ചോഴശില്‍പി
വെള്ളോടില്‍ നിര്‍മ്മിച്ചത്‌
ദക്ഷിണേന്ത്യ
12-oനൂറ്റാണ്ട്‌.
കന്യാമുനമ്പു മുതല്‍ കൈലാസം വരെ ജനകോടികള്‍ വണങ്ങി നിന്ന സൌന്ദര്യമൂര്‍ത്തി കാഴ്ചപ്പണ്ടമായി മാറുന്നു. തിങ്കള്‍ക്കലയിലും നാഗത്തലകളിലും നടുക്കണ്ണിലും ദീപം കൊളുത്തി പ്രദര്‍ശനവസ്തു അലങ്കരിക്കപ്പെടുന്നു. ആംഗലത്തിലും പരന്ത്രീസ്സിലും ജര്‍മ്മന്‍മൊഴികളിലുമുളള സൌന്ദര്യവാദങ്ങളിലൂടെ, നടേശന്റെ സാന്നിദ്ധ്യം കുബേരന്റെ സ്വീകരണമുറിയെ എത്ര ചന്തമുളളതാക്കുമെന്ന് അളക്കുന്നു.


സദ്യക്കു മുന്നില്‍ വിശന്നവന്‍ പോലെയോ
വേളിയരങ്ങില്‍ വധുവെന്ന പോലെയോ
സമ്മാനിതനാം ചെറുകവിപോലെയോ
ഒന്നു പകച്ചുവെന്നാലും സുഖിച്ചു ഞാന്‍


എന്ന നടരാജന്റെ സ്ഥിതി ദൈന്യവും അമ്പരപ്പും കോമാളിത്തവും ചേര്‍ന്നതാണ്. മായാവലയത്തില്‍പ്പെടരുതെന്നും അവിദ്യയില്‍ നിന്നും മോചിതനാകണമെന്നും ഉദ്ബോധിപ്പിക്കുന്ന ഇന്ത്യക്കാരന്റെ ദേവന്‍ തന്നെ കൊളോണിയലിസത്തിന്റെ പ്രലോഭനങ്ങളില്‍ കുരുങ്ങി അപഹാസ്യനാകുന്ന ദയനീയവും അമ്പരപ്പിക്കുന്നതുമായ ചിത്രമാണ്‌ കവി അവതരിപ്പിക്കുന്നത്‌. നമ്മുടെ ദൈവങ്ങളുടെ അതിജീവനം പോലും നവകൊളോണിയല്‍ശക്തികളുടെ ദയാദാക്ഷിണ്യങ്ങള്‍ക്കനുസൃതമായിരിക്കുന്നു.
രാജ്യവും ജനതയും അകപ്പെട്ടിരിക്കുന്ന കൊടിയ വിഷമസന്ധിയെ ആവിഷ്ക്കരിക്കുന്ന ഉത്തമരൂപകമായി ആധുനികനടരാജകഥ മാറുന്നു. നന്ദികേശന്റെ അമറലിന്റേയും ഗണേശന്റെ ചിന്നംവിളിയുടേയും ഓര്‍മ്മകള്‍ നടേശനെ സ്വന്തം അവസ്ഥയെക്കുറിച്ച്‌ വിവേകിയാക്കുന്നു. ഇനി മടക്കമുണ്ടോയെന്ന ആത്മവിലാപം ഇവിടെ നടേശനിലെന്ന പോലെ ആറ്റൂരിന്റെ പ്രവാസിക്കവിതകളിലെല്ലാം ആവര്‍ത്തിക്കുന്നുണ്ട്‌. മറ്റൊരു കവിതയില്‍ മടങ്ങി വരുന്നവര്‍ക്കുവേണ്ടി ഉപ്പിട്ട വെളളം തിളപ്പിച്ച്‌ കണ്ണില്‍ കരുതിവെച്ചിരിക്കുന്ന കവിയെ നാം കാണുന്നു.


ഗിത്താറിന്റെ ഇമ്പമേറിയ ശബ്ദം ഈ കവിതയില്‍ നിന്നും നിങ്ങള്‍ ശ്രവിക്കുന്നില്ല. എന്നാല്‍, കടുന്തുടിയുടെ മുഴക്കം കേള്‍ക്കുന്നു. കവിത അധിനിവേശചൂഷണത്തിന്നെതിരായ അഗ്നിയെ ഉളളില്‍ വഹിക്കുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ഉളളില്‍ തീ നിറഞ്ഞിട്ടും പുറത്തേക്കൊഴുകുന്ന നര്‍മ്മം നിസ്സംഗന്റെ ഗംഭീരമുഖഭാവം കവിതയ്ക്കു നല്‍കുന്നു. നീന്തല്‍ക്കുളമായി മെരുങ്ങാനറിയാതെ മീനച്ചിലാറായി ഒഴുകുന്ന കവിത, സഹൃദയനെ ചന്തങ്ങളുടേയും ബാഹ്യമോടികളുടേയും മായാവലയത്തില്‍ വീഴ്ത്തുന്നില്ല. കവിതയുടെ ശില്പസൌന്ദര്യം കടുന്തുടിയും അഗ്നിയും വഹിക്കുന്ന സുന്ദരമൂര്‍ത്തിയുടെ ലോഹശില്പത്തെ പോലെ. കൂറ്റന്‍ കരിങ്കല്ലു കുന്നിലുണ്ടായ കന്ന്, ഉണ്ണിഗണപതിത്തുമ്പിക്കരത്തുമ്പ്‌ എന്നിങ്ങനെ ലോഹശക്തിയെ തോല്‍പിക്കുന്ന പദക്കൂട്ടുകള്‍ നടരാജശില്പത്തിന്റെ കരുത്തു കൂടി കവിതയ്ക്കു നല്‍കുന്നു.


ഇന്ത്യയുടെ സുന്ദരമൂര്‍ത്തി ലോകസാംസ്ക്കാരിക വിപണിയിലെ ലേലം വിളികള്‍ക്കിടയില്‍ ചൂളിനില്‍ക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഇന്ത്യന്‍ ദല്ലാളന്‍മാര്‍ രാജ്യത്തിന്റെ മര്യാദാപുരുഷനെ തെരഞ്ഞെടുപ്പുചിഹ്നവും മുദ്രാവാക്യവുമാക്കി മാറ്റുന്നു. ഇന്ത്യയുടെ സൌന്ദര്യവിഗ്രഹങ്ങള്‍ക്കേറ്റ ഈ അവമതികള്‍ ആത്മീയത വറ്റിപ്പോയ രാഷ്ട്രമനസ്സിനെയാണ്‌ കാണിക്കുന്നത്‌.

കവിതാസംഗമത്തില്‍ പ്രസിദ്ധീകരിച്ചത്

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ത്യയുടെ സുന്ദരമൂര്‍ത്തി ലോകസാംസ്ക്കാരിക വിപണിയിലെ ലേലം വിളികള്‍ക്കിടയില്‍ ചൂളിനില്‍ക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഇന്ത്യന്‍ ദല്ലാളന്‍മാര്‍ രാജ്യത്തിന്റെ മര്യാദാപുരുഷനെ തെരഞ്ഞെടുപ്പുചിഹ്നവും മുദ്രാവാക്യവുമാക്കി മാറ്റുന്നു. ഇന്ത്യയുടെ സൌന്ദര്യവിഗ്രഹങ്ങള്‍ക്കേറ്റ ഈ അവമതികള്‍ ആത്മീയത വറ്റിപ്പോയ രാഷ്ട്രമനസ്സിനെയാണ്‌ കാണിക്കുന്നത്‌.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...