(പഴയൊരു ലേഖനമാണിത്.
കലാകൌമുദിയുടെ 1673-ലക്കത്തില്‍
(2007 സപ്തംബര്‍ 30)പ്രസിദ്ധീകരിച്ചത്.)
ഇത് ഒരു രാഷ്ട്രീയ ലേഖനമല്ല. ഒരു കഥാനിരൂപണമാണ്. ഒരു കഥയുടെ നിരൂപണത്തിന് ഇത്തരമൊരു ശീര്‍ഷകം അത്ര പരിചിതമായിരിക്കില്ല. അതിലുമേറെ, കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക മണ്ഡലങ്ങളിലെ വ്യത്യസ്തഗണങ്ങളില്‍ ഉള്‍പ്പെടുത്തിമാത്രം പരാമര്‍ശിക്കപ്പെടാറുളള മൂന്നു വ്യക്തിത്വങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്ന ശീര്‍ഷകം മറ്റൊരു അപരിചിതത്വത്തെ കൂടി സൃഷ്ടിക്കുന്നുമുണ്ടാകാം. എന്നാല്‍, ഈ അപരിചിതത്വങ്ങള്‍ നിരൂപകന്റെ ഭാവന ചമച്ചതല്ല. കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്ക് കെ.വേണുവും കെ.കരുണാകരനും ഒരേ കാലത്ത് പോസ് ചെയ്യപ്പെട്ടിട്ടുളള സന്ദര്‍ഭങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നക്സലൈറ്റുകളുടെ അനുഭാവിയായിരുന്ന രാജന്‍ എന്ന വിദ്യാര്‍ത്ഥി അടിയന്തരാവസ്ഥക്കാലത്ത് പോലീസ് ക്യാമ്പില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, അന്നത്തെ പോലീസ് മന്ത്രിയായിരുന്നത് കെ.കരുണാകരനായിരുന്നു. രാജന്റെ കൊലപാതകം ജനാധിപത്യകേരളത്തിന്റെ മനസ്സുകളില്‍ വലിയ പ്രക്ഷോഭങ്ങളായി വളര്‍ന്ന സന്ദര്‍ഭത്തില്‍, കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ നേതൃത്വത്തില്‍ കെ. വേണുവുമുണ്ടായിരുന്നു. പിന്നീട്, ഇവര്‍ രണ്ടുപേരും ഒരേ രാഷ്ട്രീയമുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി ഒരേ വേദിയിലെത്തുന്നതും തങ്ങളുടെ നയങ്ങള്‍ക്കുവേണ്ടി ജനങ്ങളോട് സമ്മതിദാനം അപേക്ഷിക്കുന്നതും നാം കാണുകയുണ്ടായി. ഈയടുത്തകാലത്ത്, വീണ്ടും ഇവര്‍ യോജിപ്പിലെത്തിയ ഒരു കാര്യമാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകത്തിന് ഹേതുവാകുന്നത്. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടലാണെന്നു പറഞ്ഞ കെ.കരുണാകരനും ആ ഇടിച്ചുനിരത്തല്‍ അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്നു പറഞ്ഞ കെ.വേണുവും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുന്നുണ്ട്. നോവലിസ്റ്റും കഥാകാരനും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ എം.മുകുന്ദന്‍ ഇതേ ഭൂമികയിലേക്കു വരുന്നത് അദ്ദേഹത്തിന്റെ ഒരു കഥാഖ്യാനത്തിലൂടെയാണ്. 'ദിനോസറുകളുടെ കാലം' എന്ന കഥ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന സമകാലത്ത് അത് ഉല്പാദിപ്പിക്കുന്ന പാഠങ്ങള്‍ ലേഖനശീര്‍ഷകത്തിനുള്ള ന്യായീകരണമാകുന്നു.
'ദിനോസറുകളുടെ കാലം' ഒരു ഇടിച്ചുനിരത്തലിന്റെ കഥയാണ് പറയുന്നത്. ഇവിടെ ഇടിച്ചുനിരത്തുന്നത് ജെ.സി.ബി.യല്ല. ഒരു കൂറ്റന്‍ജീവി, ദിനോസറെന്ന് അതിനു പേരു പറയുന്നു. വംശനാശം വന്നുവെന്നു കരുതിയ ആ ഹിംസ്രജന്തു കടന്നുവന്ന് ബംഗ്ളാവുകളും ഹോട്ടല്‍ സമുച്ചയങ്ങളും ഇടിച്ചുനിരത്തുന്നു. നേരം പുലര്‍ന്നപ്പോള്‍ തന്നെ ഭീകരജീവിയുടെ വാര്‍ത്തയുമായി ഇടിയന്‍ നാണു ഗോവിന്ദമ്മാവന്റെ ചെറിയ വീട്ടിലെത്തി. നാണുവിണ്റ്റെ വാക്കുകളെ ഗോവിന്ദമ്മാവന് വിശ്വസിക്കാനായില്ല. ഇടിയന്‍ നാണുവിനെ പേടിപ്പെടുത്തിയ ഭീകരജീവിയെ കാണാന്‍ ഗോവിന്ദമ്മാമനും പുറപ്പെടുന്നു. ആന ചവുട്ടിയാലും കുലുങ്ങാത്ത കൂറ്റന്‍ ഇരുമ്പുഗേറ്റുകള്‍ ദിനോസറിന്റെ പല്ലുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്നതും വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒറ്റയിടിക്ക് നിരത്തുന്നതും ജനലുകളും വാതിലുകളും പറിച്ചെടുത്ത് നാലുപാടും വലിച്ചെറിയുന്നതും ഗോവിന്ദമ്മാമന്‍ കണ്ടുനില്‍ക്കുന്നു. ആള്‍ക്കൂട്ടം ആരവങ്ങളോടെ ഇതിനെ സ്വീകരിക്കുന്നു. പേടിമാറിയ ഗോവിന്ദമ്മാമന്‍ നാട്ടുകാരുടെ നായകനായി ഇടിച്ചുനിരത്തല്‍ പരിപാടിയുടെ നിയന്ത്രണമേറ്റെടുത്ത് ആ ഭീകരമൃഗത്തെ നയിക്കുന്നു. ഗോവിന്ദമ്മാമന്റെ ചോര്‍ന്നൊലിക്കുന്ന വീടു കൂടി ഇടിച്ചുനിരത്താനായി നീങ്ങുന്ന ഹിംസ്രജന്തുവിന്റെ ചിത്രത്തോടെയാണ് മുകുന്ദന്റെ കഥ അവസാനിക്കുന്നത്.
പുരോഗമനത്തിന്റെ ചട്ട അണിയിച്ച കഥകള്‍ മുകുന്ദന്‍ ഇതിനുമുമ്പും എഴുതിയിട്ടുണ്ട്. ഭാംഗും ചരസ്സും നിരാശാബോധവും നിറഞ്ഞ ദല്‍ഹി എന്ന നോവലിനുശേഷം ദല്‍ഹി-81 എന്ന കഥയിലെത്തുമ്പോഴേക്കും വിപരീതദര്‍ശനത്തില്‍ നിന്നും മാനവിക മൂല്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ആളായി അദ്ദേഹം മാറിയിരുന്നു. കേരളത്തില്‍, ഉത്തരാധുനികത ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍, ആധുനികതയെ അതിജീവിക്കാനും ആദ്യത്തെ ഉത്തരാധുനികനോവലെന്നു ചിലര്‍ പുകഴ്ത്തുന്ന 'ആദിത്യനും രാധയും മറ്റു ചിലരും' എഴുതാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇ.എം.എസിനെ ഒരു വിഗ്രഹമായി നോക്കിക്കാണാന്‍ കേരളത്തിലെ മദ്ധ്യവര്‍ഗ്ഗസമൂഹം ആരംഭിച്ച ഒരു സന്ദര്‍ഭത്തില്‍ നോവല്‍രൂപത്തില്‍ ഇ.എം.എസിന് നിന്ദാദ്യോതകമായ സ്തുതികള്‍ എഴുതി ഇ.എം.എസ് ആരാധകരുടേയും വിമര്‍ശകരുടേയും കൈയ്യടികള്‍ ഒരേ സമയം തന്നെ നേടാന്‍ അദ്ദേഹം ശ്രമിക്കുന്നതും നാം കാണുകയുണ്ടായി. ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ഒരു ഘട്ടത്തില്‍ പുലയപ്പാട്ടെഴുതി ആനുകാലികനാകാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. കലാകാരന് കാലത്തോടു മാത്രമാണ് കടപ്പാട് എന്ന ആധുനികതയെ കുറിച്ചുളള അദ്ദേഹത്തിന്റെ തത്ത്വശാസ്ത്ര നിലപാട് നാം പരിചയപ്പെടുന്നത് ഇത്തരം അവസരവാദങ്ങളിലൂടെയും മെയ് വഴക്കങ്ങളിലൂടെയുമാണ്. പുതിയ കഥയുടെ ശീര്‍ഷകത്തില്‍ തന്നെ കാലസൂചനയുണ്ട്. ഇത് ദിനോസറുകളുടെ കാലമാണെന്ന് മുകുന്ദന്‍ പറയുന്നു. മുകുന്ദന്റെ ഈ കഥക്ക് കേരളീയന്റെ രാഷ്ട്രീയജീവിതവുമായുളള ബന്ധം പരിശോധിക്കപ്പെടണം. കഥാകാരന്റെ പ്രത്യയശാസ്ത്രനിലപാടുകള്‍ ആരെയാണ് തൃപ്തിപ്പെടുത്തുന്നതെന്നും വിശ്ലേഷണം ചെയ്യപ്പെടണം.
മുകുന്ദന്റെ കഥയിലെ ഇടിച്ചുനിരത്തല്‍, മൂന്നാറിലെ കൈയ്യേറ്റഭൂമിയിലെ ഇടിച്ചുനിരത്തലിനോടു സാദൃശ്യമുളളതാണ്. സാദൃശ്യങ്ങളെ ഇങ്ങനെ രേഖപ്പെടുത്താം. നശീകരണത്തിനു നേതൃത്വം നല്‍കുന്ന, നാട്ടുകാര്‍ക്കു നല്ലവനായ ഗോവിന്ദമ്മാമന്‍ വി.എസ്. അച്ചുതാനന്ദന്റെ അപരരൂപമാണ്. നശീകരണം നിര്‍വ്വഹിക്കുന്ന വംശനാശം വന്നുവെന്നു കരുതപ്പെട്ടിരുന്ന ഹിംസ്രജന്തു സ്റ്റാലിനിസമാണ്. വി.എസ്. അച്ചുതാനന്ദന്‍ സ്റ്റാലിനിസ്റ്റാണെന്ന പൊതുബോധം ഈ സാദൃശ്യത്തെ സാധൂകരിക്കും. ആരവങ്ങളോടെ ഇടിച്ചുനിരത്തലിനെ നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടം നശീകരണത്തില്‍ അഭിരമിക്കുന്ന കേരളത്തിലെ മദ്ധ്യവര്‍ഗ്ഗമാണ്. ഈ സാദൃശ്യങ്ങളോടൊപ്പം വി.എസ്. അച്ചുതാനന്ദന്റെ സമകാലപൊതുസമ്മതിയേയും കഥാകാരന്‍ ഉപയോഗിക്കുന്നു. ഗോവിന്ദമ്മാവന്‍ നാടിന്റെ നന്മയുടെ പ്രതീകമാണ്. കഥാകാരന്റെ വാക്കുകളില്‍ ഗോവിന്ദമ്മാവന്റെ വ്യത്യസ്തവും ആദര്‍ശപൂരിതവുമായ ജീവിതം വര്‍ണ്ണിക്കപ്പെടുന്നുമുണ്ട്. ഗോവിന്ദമ്മാമന്റെ ചോര്‍ന്നൊലിക്കുന്ന കൂരയെ പോലും ഈ ഭീകരജീവി നക്കിത്തുടക്കുമെന്ന് പറയുന്ന ഈ കഥ മൂന്നാറിലെ കൈയ്യേറ്റഭൂമിയിലെ ഇടിച്ചുനിരത്തല്‍ ജനാധിപത്യവിരുദ്ധമായ ഒരു പ്രവര്‍ത്തനമാണെന്നും അതിനു ലഭിക്കുന്ന പിന്തുണ കേരള മദ്ധ്യവര്‍ഗ്ഗസമൂഹത്തിലെ ജനാധിപത്യവിരുദ്ധ മനോഘടനയുടെ പ്രകാശനമാണെന്നും സൂചിപ്പിക്കുന്നു. "തല ബോര്‍ഡിന്റെ കീഴെവച്ച് പതുക്കെ മുകളിലേക്ക് ഒരു തട്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ സിക്സര്‍പോലെ അത് വാഹനങ്ങളുടേയും ആള്‍ക്കൂട്ടത്തിന്റേയും മുകളിലൂടെ പറന്ന് ദൂരെ റോഡിന്റെ മറുഭാഗം ചെന്നു വീണു.", "റിസപ്ഷനിസ്റ്റിന്റെ പൂപ്പാത്രവും കമ്പ്യൂട്ടറും വെച്ച മേശ കടിച്ചെടുത്ത് വട്ടം തിരിഞ്ഞ് പുറത്തേക്കെറിഞ്ഞു. ബൌണ്ടറി" എന്നിങ്ങനെ ക്രിക്കറ്റുകളിയില്‍ നിന്നും രൂപകങ്ങള്‍ സ്വീകരിച്ചുകൊണ്ട് ദിനോസറിന്റെ ഇടിച്ചുനിരത്തലിനെ വിശദീകരിക്കുന്ന കഥാകാരന്‍, ആക്രമണോത്സുകവും നശീകരണോന്മുഖവും ജനാധിപത്യവിരുദ്ധവുമായ ഒരു പ്രവര്‍ത്തനത്തെ ക്രിക്കറ്റ് കളി കാണുന്ന ആഹ്ലാദത്തോടെയും ലാഘവത്തോടെയുമാണ് കേരളത്തിലെ മദ്ധ്യവര്‍ഗ്ഗം എതിരേറ്റതെന്നു പറയുന്നു. ഗോവിന്ദമ്മാമന്റെ ചോര്‍ന്നൊലിക്കുന്ന കൂരയെ പോലും നക്കിത്തുടക്കുന്നതിലൂടെ, നന്മയുടെ അവസാനത്തെ തുളളിയെ പോലും ബാക്കിവയ്ക്കാത്ത നൃശംസപ്രവര്‍ത്തനമാണിതെന്ന് അത് വിലയിരുത്തുന്നു. വംശനാശം വന്നുവെന്ന് ഉറപ്പിച്ചിട്ടും പിന്നെയും തിരിച്ചുവരുന്ന സ്റ്റാലിനിസത്തിനെതിരെ ദിനോസാറിന്റെ കഥയുമായി മുകുന്ദന്‍ എത്തിച്ചേരുന്നതിനെ കേരള സമൂഹത്തിന്റെ സമകാല രാഷ്ട്രീയപശ്ചാത്തലത്തില്‍ നിന്നുകൊണ്ടേ പരിശോധിക്കാനാവൂ.
വംശനാശം വന്ന ഭീകരജന്തു എങ്ങനെ ഗോവിന്ദമാമന്റെ നാട്ടിലേക്ക് കടന്നുവന്നുവെന്നോ എന്തുകൊണ്ടാണ് അത് തെരഞ്ഞുപിടിച്ച് ഇടിച്ചുനിരത്തലുകള്‍ നടത്തുന്നതെന്നോ നമുക്കു കഥയില്‍നിന്നും മനസ്സിലാകുന്നില്ല. കഥയില്‍ ചോദ്യമില്ല എന്ന ന്യായത്തില്‍ ഇത് അങ്ങോട്ടു ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണ്. കഥാകാരന് ഉത്തരം പറയേണ്ടതില്ലാത്ത ഈ ചോദ്യത്തിന്റെ അഭാവത്തില്‍ കഥയിലെ ദിനോസറിന്റെ നശീകരണപ്രവര്‍ത്തനം നന്മയുടെ തരിമ്പിനെപ്പോലും ഇല്ലാതാക്കുന്ന ദുഷ്പ്രവര്‍ത്തനമായി മാറുന്നു. പ്രവണതകളെ കാണുകയും പ്രവണതകളുടെ കാരണം അന്വേഷിക്കാതിരിക്കുകയും പറയാതിരിക്കുകയും ചെയ്യുന്ന ലാഘവബുദ്ധി ഇവിടെ സവിശേഷമായ ചില പാഠങ്ങളെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. കാര്യത്തെ കാരണവുമായി ബന്ധിപ്പിക്കാതിരിക്കുന്ന അശാസ്ത്രീയയുക്തിക്ക് അധീശത്വത്തെ സഹായിക്കാന്‍ കഴിയും. ഇവിടെ പരസ്പരബന്ധങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ഇത് സ്വയോത്ഭവമായ ഉത്തരങ്ങളിലും വിധികളിലും എത്തിച്ചേരുന്നതിന് സഹായിക്കുന്നു. മൂന്നാറിലെ ഇടിച്ചുനിരത്തലുമായി കഥയെ സദൃശപ്പെടുത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത് കഥയില്‍ ഭൂമി കൈയ്യേറ്റക്കാരന്റെ സ്പേസ് ഒഴിഞ്ഞുകിടക്കുന്നതാണ്. കഥയിലെ ശങ്കരന്‍ കോണ്‍ട്രാക്ടറും കേശവന്‍ മുതലാളിയുടെ മക്കളും എന്തെങ്കിലും ദോഷങ്ങളുള്ളവരായി വായനക്കാരന് അനുഭവപ്പെടുന്നില്ല. കഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സാദൃശ്യത്തിന്റേയും താരതമ്യത്തിന്റേയും തലത്തില്‍, കൈയ്യേറ്റക്കാരന്റെ അസ്തിത്വം മറച്ചുവെക്കപ്പെടുകയും അധീശതാല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. സമൂഹത്തിലെ വര്‍ഗ്ഗബന്ധങ്ങള്‍ തന്നെയാണ് ഇവിടെ മറച്ചുവെക്കപ്പെടുന്നത്. പിന്നീട്, നല്ലവനായ ഗോവിന്ദമാമന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരജന്തുവിന്റെ പ്രവര്‍ത്തനം അയാളെത്തന്നെ നശിപ്പിക്കുമെന്ന കഥാന്ത്യം മൂന്നാര്‍ കൈയ്യേറ്റത്തിനെതിരായ അച്ചുതാനന്ദന്റെ നടപടികള്‍ കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷപ്രസ്ഥാനത്തെ തകര്‍ക്കും എന്നുള്ള പ്രവചനമാണ്. കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷപ്രസ്ഥാനത്തിലെ പടലപ്പിണക്കങ്ങളില്‍ കഥാകാരന്റെ മനസ്സ് ആരോടൊപ്പമാണെതിന്റെ സൂചന കൂടിയാണത്. തന്റെ സാഹിത്യപ്രവര്‍ത്തനത്തെ കാറ്റിനുസരിച്ചുള്ള തൂറ്റലാക്കുന്ന എം. മുകുന്ദന്‍, പിണറായി വിജയന്റെ ഗ്രൂപ്പിനു വേണ്ടി ഒരു കഥ എഴുതിയിരിക്കുന്നുവെന്ന് പറയുന്നവരുണ്ടാകും. എം. എ. ബേബിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് എം. മുകുന്ദന്‍ സാഹിത്യത്തിന്റെ അദ്ധ്യക്ഷനായി വാഴുന്നതെന്ന് അവര്‍ തെളിവുകള്‍ നല്‍കും.
മൂന്നാര്‍ കൈയേറ്റത്തെ ഒഴിപ്പിക്കുന്ന പ്രശ്നത്തില്‍ കെ. വേണു എടുത്ത നിലപാടിനെ മിക്കവാറും പിന്തുടരുന്ന ഒരു ആഖ്യാനമാണ് മുകുന്ദന്‍ എഴുതിയിരിക്കുന്നത്. കൊലക്കത്തിക്ക് സര്‍ഗ്ഗാത്മകമാകാന്‍ കഴിയുമെന്ന് കേരളത്തില്‍ തെളിയിച്ചത് നക്സലൈറ്റുകളായിരുന്നു. കോങ്ങാട്ടിലെ നാരായണന്‍കുട്ടി നായരുടെ കൊല ആ ഗ്രാമത്തില്‍ ഉത്സവമാണ് സൃഷ്ടിച്ചത്. ഏറ്റവുമധികം സ്നേഹം നിറഞ്ഞ മനസ്സുകള്‍ക്കേ ഏറ്റവും മൂര്‍ച്ചയുള്ള വാള്‍ത്തല നീട്ടാനാകൂവെന്ന് ഒരു കവിയെ കൊണ്ട് എഴുതിച്ചതും നക്സലൈറ്റുകളുടെ പ്രവര്‍ത്തനങ്ങളായിരുന്നു. കേരളജനത വെറുത്തിരുന്ന ജെ.സി.ബി എന്ന യന്ത്രം പെട്ടെന്ന് ജനക്കൂട്ടത്തിന് ആഹ്ളാദം നല്‍കുമ്പോള്‍, സര്‍ഗ്ഗാത്മകതയുടെ സ്പര്‍ശം എവിടെയോ ഉണ്ടെന്ന് തിരിച്ചറിയാന്‍ ആദ്യം കഴിയേണ്ടിയിരുന്ന ഒരാള്‍ കെ. വേണുവായിരുന്നു. അദ്ദേഹത്തിന് അതിനു കഴിഞ്ഞില്ല. പ്രത്യയശാസ്ത്രസ്ഥൈര്യവും വര്‍ഗ്ഗരാഷ്ട്രീയവും ഉപേക്ഷിച്ച വേണുവിന് നഷ്ടമായത് സര്‍ഗ്ഗാത്മകത തന്നെയാണ്. നക്സലൈറ്റുകളില്‍ നിന്നും വിടുതല്‍ നേടിയതിനു ശേഷം കെ. വേണുവില്‍ നിന്നും കേരളസമൂഹത്തിന് സവിശേഷ ധൈഷണിക സംഭാവനകളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോള്‍, മൂന്നാറിലെ ഇടിച്ചുനിരത്തലുകള്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടിയായും മലയാളികളിലെ മദ്ധ്യവര്‍ഗ്ഗവികലബോധത്തിന്റെ സൃഷ്ടിയായും വേണു വായിച്ചെടുക്കുന്നു. ഉദ്യോഗസ്ഥമേധാവിത്വത്തേയും സര്‍ക്കാര്‍നടപടികളിലെ കാര്യക്ഷമതയില്ലായ്മയേയും വിമര്‍ശിക്കുന്നുവെന്ന നാട്യത്തില്‍ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട എല്ലാ തിന്‍മകളേയും മറച്ചുവെച്ചുകൊണ്ട്, സ്ഥാപിത താല്‍പര്യക്കാരെ 'ജനത'യായി ചിത്രീകരിക്കാനും അവരെ പരോക്ഷമായി ന്യായീകരിക്കാനും വേണു ശ്രമിക്കുന്നു. സര്‍വ്വജനങ്ങള്‍ക്കും ഒരുമിച്ച് ആസ്വദിക്കുവാന്‍ കഴിയുന്നതും വര്‍ഗ്ഗമുക്തവുമായ കേവലജനാധിപത്യസങ്കല്‍പനങ്ങള്‍ കൊണ്ട് ഇതിന് സാധുത ചമയ്ക്കുന്നു. ഒരുപക്ഷേ, മലയാളി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ബൌദ്ധികവൈകൃതങ്ങള്‍ കെ.വേണുവിന്റെ ഇത്തരം ജനാധിപത്യസങ്കല്‍പനങ്ങളും സത്യാന്വേഷണങ്ങളുമാണ്. സ്വതന്ത്രമായ അന്വേഷണങ്ങളുടേയും ജനാധിപത്യപരമായ സമീപനങ്ങളുടേയും വക്താവായി സ്വയം അവതരിപ്പിക്കുന്ന കെ.വേണുവിന്റെ ബുദ്ധിജീവിതം ഏകപക്ഷീയവും ന്യൂനീകൃതവുമായ നിലപാടുകളുടെ ഒരു സമാഹാരമാണ്. 'പ്രപഞ്ചവും മനുഷ്യനും' എന്ന പുസ്തകത്തിലെ ശാസ്ത്രമാത്രവാദപരമായ ആദ്യകാല സമീപനങ്ങള്‍ മുതല്‍ ആഗോളീകരണത്തിന്റെ ശക്തനായ വക്താവായി മാറിക്കൊണ്ട് വലതുപക്ഷത്തിന്റെ ബുദ്ധിജീവി ചമയുന്ന സമീപകാലസമീപനങ്ങള്‍ വരെയുളള ആ ബുദ്ധിജീവിതസമാഹാരത്തിലെ വിവിധ അദ്ധ്യായങ്ങള്‍ സവിശേഷപഠനമര്‍ഹിക്കുതാണ്. കെ.വേണു ജയില്‍ വിമോചിതനാകുകയും സാമൂഹികപ്രയോഗത്തിന്റെ മണ്ഡലങ്ങളെ അഭിമുഖീകരിക്കുകയും രാഷ്ട്രീയസംഘടന രഹസ്യപ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി പരസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരംഭിക്കുകയും ചെയ്യു ഘട്ടത്തില്‍, അദ്ദേഹത്തിന്റെ ഏകപക്ഷീയവീക്ഷണങ്ങള്‍ നിശിതമായ വിമര്‍ശനങ്ങളെ നേരിടാന്‍ ആരംഭിച്ചു. കേരളജനത സമരങ്ങളിലൂടെ അധീശത്വത്തില്‍ നിന്നും നേടിയെടുത്ത പരിമിതമായ ജനാധിപത്യഅവകാശങ്ങള്‍ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവയെ തിരിച്ചു പിടിക്കാന്‍ അധികാരശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും വാദിച്ച രാഷ്ട്രീയസംഘടനയിലെ അംഗങ്ങളെ പരിമിത ജനാധിപത്യവാദികള്‍ എന്നു പുച്ഛിച്ചിരുന്ന കെ. വേണുവാണ്, 'കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്‍പം' എന്ന പുസ്തകം രചിക്കുകയും ഇപ്പോള്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ കാവലാള്‍ ആവുകയും ചെയ്യുന്നത്. അന്ന്, ബൂര്‍ഷ്വാസിയുടെ അധികാരവ്യവസ്ഥയെ ജനാധിപത്യത്തിന്റെ തരി പോലും കാണാനില്ലാത്ത വ്യവസ്ഥയായി മനസ്സിലാക്കിയ കെ. വേണുവിന്, ഇപ്പോള്‍ അത് ജനാധിപത്യത്തിന്റെ സ്വര്‍ഗ്ഗമാണ്, ലഭിക്കാവുന്ന ഏറ്റവും നീതിയുക്തമായ വ്യവസ്ഥയാണ്. രണ്ട് ഏകപക്ഷീയതകള്‍ക്കു നടുവില്‍, ജനാധിപത്യാവകാശങ്ങള്‍ ഒട്ടും തന്നെ നിലനില്‍ക്കാത്ത നരകത്തിനും ജനാധിപത്യത്തിന്റെ ഏറ്റവും നീതിയുക്തമായ അവസ്ഥയെ സമ്മാനിക്കുന്ന മുതലാളിത്തസ്വര്‍ഗ്ഗത്തിനും ഇടയില്‍, ആടിയുലയാനല്ലാതെ സമൂഹത്തിന്റെ സമൂര്‍ത്തസാഹചര്യങ്ങളെ കുറിച്ചുളള സമൂര്‍ത്ത വിശകലനങ്ങളിലൂന്നുന്ന സമഗ്രവും നിശിതവും സമതുലിതവുമായ ഒരു വീക്ഷണത്തോടൊപ്പം നില്‍ക്കാന്‍ വേണുവിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഒരു കാലത്ത് തനത്ദേശീയതകളുടെ സ്വത്വങ്ങളെ കുറിച്ചും ദേശീയവിമോചനത്തെ കുറിച്ചും പേര്‍ത്തും പേര്‍ത്തും പറയുകയും ഖാലിസ്ഥാന്‍വാദികളുടെ സങ്കുചിതദേശീയവാദത്തെ പിന്തുണക്കുകയും (കേരളത്തിലെ ഒരു നക്സലൈറ്റ് നേതാവ് പഞ്ചാബിലേക്ക് വണ്ടി കയറിയതിനെ കുറിച്ച് നമ്മുടെ ഒരു സാഹിത്യകാരന്‍ പറഞ്ഞത് ഓര്‍ക്കുക!) ചെയ്ത വേണു, ഇപ്പോള്‍, എല്ലാ ദേശീയതാല്‍പര്യങ്ങളേയും ചവിട്ടിമെതിക്കുകയും ദേശീയാസ്തിത്വങ്ങളെ തന്നെ അസ്തപ്രജ്ഞമാക്കുകയും ചെയ്യുന്ന ആഗോളീകരണനയങ്ങളുടെ നിരുപാധികവക്താവാകുന്നതും ഏതെങ്കിലും ഒരു 'അങ്ങേയറ്റ'ത്തു മാത്രമേ അദ്ദേഹത്തിനു നില്‍ക്കാന്‍ കഴിയുകയുള്ളുവെന്നതിന്റെ തെളിവാണ്. കേരളത്തില്‍ നിന്നും ഏറ്റവും നല്ല എക്സ്ട്രിമിസ്റ്റി(Extremist)നെ തെരഞ്ഞെടുത്താല്‍ അത് കെ. വേണുവായിരിക്കും, ഇപ്പോള്‍ അദ്ദേഹം വലതുപക്ഷ എക്സ്ട്രിമിസ്റ്റാണ്. ഈ വലതുപക്ഷ എക്സ്ട്രിമിസ്റ്റിന്റെ നിലപാടുകളെ തന്നെയാണ് മുകുന്ദന്റെ കഥ പ്രേക്ഷണം ചെയ്യുന്നത്.
കെ.കരുണാകരനാകട്ടെ, വ്യവസ്ഥാപിത താല്‍പര്യങ്ങളുടെ ഏറ്റവും നല്ല വക്താവ് എന്ന നിലയ്ക്കല്ലാതെ എപ്പോഴെങ്കിലും സ്വയം വെളിപ്പെടുത്തിയിട്ടില്ല. ഒരു തൊഴിലാളിനേതാവ് എന്ന നിലക്ക് പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം തന്റെ പേരിനു മുമ്പില്‍ സ്വയം കരസ്ഥമാക്കി പതിപ്പിച്ചിരുന്ന വാക്ക്, അധ:സ്ഥിതജനവിഭാഗങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുകയെന്ന സത്യത്തെ ജനങ്ങളെ മുന്നേ തന്നെ അറിയിക്കുന്ന അടയാളമായിരുന്നു. അദ്ദേഹം സ്വയം ന്യായീകരിക്കുന്നതു തന്നെ തന്റെയൊപ്പം നില്‍ക്കുന്നവരെ രക്ഷിക്കുന്ന സ്വജനപക്ഷപാതിയെന്ന നിലയ്ക്കാണ്. വ്യവസ്ഥാപിതത്വത്തിന് ഇളക്കം തട്ടുന്ന ഒരു നിലപാടിനെ ആദ്യം തിരിച്ചറിയാനുള്ള ഇദ്ദേഹത്തിന്റെ കഴിവാണ് കരുണാകരനെ അധികാരിവര്‍ഗ്ഗത്തിന് എപ്പോഴും പ്രിയങ്കരനാക്കുന്നത്. മൂന്നാറിലെ ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ അതിനെ ജനവിരുദ്ധമെന്നു പറഞ്ഞ് എതിര്‍ക്കുന്നത് കെ.കരുണാകരനാണ്. വ്യവസ്ഥാപിതത്വത്തെ തൊടുമ്പോള്‍ തന്നെ പൊട്ടിത്തെറിക്കുന്ന കെ.കരുണാകരന്റെ നിലപാടുകളെ 'ദിനോസറുകളുടെ കാലം' എന്ന കഥയില്‍ മുകുന്ദന്‍ പങ്കുവയ്ക്കുന്നു. കെ.കരുണാകരന്റെ രാഷ്ട്രീയമൂല്യങ്ങളെ മുകുന്ദന്റെ കഥയില്‍ കണ്ടെത്താന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍, പ്രേംനസീറിനേയും എം. മുകുന്ദനേയും കുറിച്ച് എനിക്കൊന്നും പറയാനില്ലെന്ന, കഥാകാരനായിരുന്ന ടി.ആറിന്റെ വാക്കുകള്‍, ഇവിടെ തിരുത്തുകയാണ്. കെ.കരുണാകരനോടൊപ്പം ചേര്‍ത്തു നിര്‍ത്തി എം. മുകുന്ദനെ കുറിച്ചും പറയാം. മൂന്നാറില്‍ വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച കാര്യങ്ങള്‍ക്ക് കേവലപിന്തുണ നല്‍കിക്കൊണ്ട് മുകുന്ദന്‍ കഥ എഴുതണമായിരുന്നുവെന്ന് പറയുകയല്ല ചെയ്യുന്നത്. വ്യവസ്ഥാപിതത്വം ഭീകരരൂപമാര്‍ജ്ജിച്ച് അതിന്റെ ആക്രമണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടക്ക്, അതിന്നൊരു ഷോക്കു നല്‍കാന്‍ മൂന്നാറിലെ ആദ്യപ്രവര്‍ത്തനത്തിന് കഴിഞ്ഞിരുന്നു. ജനാധിപത്യമൂല്യങ്ങളുടെ ജഡത്വത്തിന് ഒരു ഇളകല്‍; ഉണരലല്ല, അതു സൃഷ്ടിച്ചു. ഇതിനെയാണ് കരുണാകരനും വേണുവും മുകുന്ദനും ഭയപ്പെടുന്നത്. ബംഗാളിലെ കര്‍ഷകരില്‍ നിന്നും ഭൂമി പിടിച്ചുവാങ്ങി ടാറ്റക്കു നല്‍കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം ഇവിടെ ടാറ്റ കൈയ്യേറിയ ഭൂമി പിടിച്ചുവാങ്ങി കര്‍ഷകര്‍ക്കു നല്‍കുമെന്നു പ്രതീക്ഷിക്കുന്നില്ല. സിംഗൂരും മൂന്നാറും ഒരുപോലെ സ്വീകാര്യമാവുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രം മുതലാളിത്ത ലോകവീക്ഷണത്തില്‍ നിന്ന് ഉരുവം കൊളളുന്ന പ്രയോജനമാത്രവാദത്തിന്റെ അതിജീര്‍ണ്ണരൂപം തന്നെയാണ്.
ഒരു കഥയുടെ നിരൂപണത്തില്‍ ഇത്രയേറെ ബാഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കടന്നുവന്നതിനെ, അവയെയെല്ലാം ഇങ്ങനെ പച്ചയായി എഴുതിയതിനെ, വിശുദ്ധ നിരൂപകര്‍ കണ്ണുരുട്ടി നോക്കുന്നത് ഇപ്പോഴേ കാണാം. എല്ലാ ശാസ്ത്രങ്ങളും ഒറ്റ ശാസ്ത്രമാകുമെന്ന് ദീര്‍ഘദര്‍ശനം നടത്തിയ മാര്‍ക്സിലെന്ന പോലെ, എല്ലാ സാമൂഹിക വ്യവഹാരങ്ങളും ഒരേ അന്വേഷണത്തിന്റെ ഭാഗമാകുന്നുവെന്ന് കാണുന്നവര്‍ ഇതില്‍ ഭയപ്പെടുന്നില്ല.
**********************************************************************************
(2010 ആകുമ്പോഴേക്കും മുകുന്ദന്‍ സാഹിത്യ അക്കാദമി അദ്ധ്യക്ഷസ്ഥാനം ഉപേക്ഷിച്ചിരിക്കുന്നു. മൂന്നാറിലെ കാര്യങ്ങളുടെ പരിണാമം താന്‍ പ്രവചിച്ചതു പോലെയാണെന്ന് കെ. വേണു ഉറപ്പിക്കുന്നു)
Subscribe to:
Post Comments (Atom)
POPULAR POSTS
-
ഐക്യകേരളത്തിനും വിമോചനസമരത്തിനും മുമ്പ്, ആംഗലഭാഷയില്‍ ബോധനം നടത്തുന്ന വിദ്യാലയങ്ങള്‍ സാധാരണമാകുതിനു മുമ്പ്, 'ഖസാക്കിന്റെ ഇതിഹാസ'ത്...
-
ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല നോവലുകളുടെ ഗണത്തില്‍ വി.എസ്. ഖാണ്ഡേക്കറുടെ യയാതിയെ പണ്ഡിതന്മാര് ഉള്പ്പെടുത്താറ...
-
വര്‍ത്തമാനകാലത്തിന്റെ ആഖ്യാനം പ്രബുദ്ധ സമൂഹമെന്നു മേനി നടിക്കുമ്പോഴും കേരളത്തിലെ സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഭരിക്കുന്നത് ഫ്യ...
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...

5 comments:
nalla vishakalanam
abhipryam onnum parayar illa enkilum eppozhum vaayikaar undu
ഈ മുക്കാലിയെക്കുറിച്ചുള്ള സാഹിത്യ-രാഷ്ട്രീയ നിരൂപണം വളരെനന്നായിരിക്കുന്നു.
പ്രസക്തം.
കെ.വേണുവിന്റെ അന്വേഷണബുദ്ധിയെയും സത്യസന്ധതയും ഇപ്പോഴും ആദരിക്കാന്‍ തോന്നുന്നുണ്ടെങ്കിലും വേണു ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന നിലാപാടുകള്‍ തീവ്ര വലതുപക്ഷത്തിന്റെതു തന്നെയാണ്. സംശയമില്ല. കരുണാകരനെക്കുറിച്ച് ഒന്നും പറയാനില്ല. എം.മുകുന്ദനാകട്ടെ ആധുനിക മലയാള കഥാസാഹിത്യത്തില്‍ കാലത്തിനനുസരിച്ച് തരാതരംപോലെ അസാമാന്യമായ മെയ്‌വഴക്കം കാണിച്ച കാലഹരണപ്പെട്ട പുണ്യവാളനും.
അഭിവാദ്യങ്ങളോടെ
"മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടലാണെന്നു പറഞ്ഞ കെ.കരുണാകരനും "
സത്യം കരുണാകരൻ പറഞ്ഞാലും അംഗീകരിക്കുക...
കരുണാകരന്റെ പേരിനു മുന്നിലുണ്ടായിരുന്ന ആ വാക്ക് 'കരിങ്കാലി' എന്നായിരുന്നു. ആശ്രിത വാല്‍സല്യവും കൊള്ളമുതല്‍ പങ്കുവെയ്ക്കുന്ന കാര്യത്തിലും മിടുക്കനായിരുന്ന ടിയാന്‍ ഒരു പ്രഗത്ഭനായ ഭരണാധികാരിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹകാരികളായിരുന്നവരും അഴിമതിക്കാരുമായിരുന്നവരും പരക്കെ അംഗീകരിക്കുന്ന കാര്യമാണ്. അദ്ദേഹത്തിനാവശ്യമായ പ്രതിഛായാ നിര്‍മാണം ഉദാരപൂര്‍വം നിര്‍വഹിച്ചു കൊടുക്കുന്നതില്‍ നമ്മുടെ പെയിഡ് മാധ്യമങ്ങള്‍( ഇവയെല്ലാം പണ്ടേ അങ്ങിനെയാണ്) സ്തുത്യര്‍ഹസേവനമാണ് നിര്‍ വഹിച്ചിട്ടുള്ളത്.
വേണുവിനെ സംബന്ധിച്ച് വ്യക്തിപരമായി സത്യസന്ധത പുലര്‍ത്തുന്നയാളാന്ന് കരുതുന്നു. അദ്ദേഹം ഇന്നും മാര്‍ഗങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ആത്മവഞ്ചനയില്ലാതെ ശരിയെന്നു തോന്നുന്നതിനെ പിന്‍പറ്റുന്നു. നിലപാടുകള്‍ ശരിയായി കൊള്ളട്ടെ തെറ്റായിക്കൊള്ളട്ടെ. കമ്മ്യൂണിസത്തെ സംബന്ധിച്ചും സോഷ്യലിസത്തെ സംബന്ധിച്ചും അനുഭവത്തില്‍ അവ നമ്മെ ചതിക്കുകയായിരുന്നെന്നും തെളിയിച്ചിരിക്കുകയല്ലേ !
Post a Comment