Saturday, February 11, 2023

"ഈ വിദ്യാഹീനമാർ കേൾക്കാതൊഴിപ്പീല ജീവിതോല്ലാസത്തിൻ സംഗീതത്തെ"




ബാലാമണിയമ്മ 'മതിലുകള്‍' എന്ന പേരില്‍ 
ഒരു കവിത എഴുതിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലും വിജ്ഞാനത്തിലും ഉല്‍ക്കര്‍ഷേച്ഛുവായ ഒരു അമ്മ മുലകുടി മാറിയിട്ടില്ലാത്ത തന്റെ കുഞ്ഞിനെ വീട്ടിലാക്കി വിദേശത്തു വിദ്യാഭ്യാസത്തിനായി പോകുന്നു. ഉപരിപഠനത്തിനു ശേഷം അവര്‍ മടങ്ങിയെത്തുന്ന സന്ദര്‍ഭത്തെയാണ് കവി ആവിഷ്‌ക്കരിക്കുന്നത്. ഉജ്ജ്വലമായ വൈകാരികതയുടേയും ഭാവതീവ്രതയുടേയും മുഹൂര്‍ത്തങ്ങളെ ഈ കവിത സൃഷ്ടിക്കുന്നു. അന്നത്തെ മുലകുടി മാറാത്ത കുഞ്ഞിനെയാണ് അമ്മ മനസ്സില്‍ വഹിക്കുന്നതെങ്കിലും ഇപ്പോള്‍ അവന്‍ കൊച്ചു കുഞ്ഞല്ല. വളര്‍ന്നു ബാലനായിരിക്കുന്നു. അമ്മയെ തോല്‍പ്പിക്കാന്‍ അവന്റെ ശൈശവം ഒളിച്ചു പോയിരിക്കുന്നു. അവള്‍ വണ്ടിയിറങ്ങുമ്പോള്‍, അച്ഛന്റെ പിന്നില്‍ മുഖം കുമ്പിട്ട് അന്യനായി നില്‍ക്കുന്ന ബാലനെ കാണുന്നു. അമ്മയ്ക്കും മകനും ഇടയില്‍ ഒരു വന്‍മതിലുണ്ടായി തീര്‍ന്നിരുന്നുവോ എന്നു കവിഹൃദയം കേഴുന്നു. 

'മതിലുകള്‍'എന്ന കവിത ബാലാമണിയമ്മയുടെ ജീവിതദര്‍ശനത്തിന്റെയും സാമൂഹികമായ ഉല്‍ക്കണ്ഠകളുടെയും സൃഷ്ടിയായിരുന്നു. ആ ജീവിതദര്‍ശനത്തില്‍ കാലഘട്ടത്തിന്റെ ചരിത്രം ഇടപെട്ടു നിര്‍മ്മിക്കപ്പെട്ടതാണ് ആ കവിത എന്നു പറയണം. അന്തര്‍ജ്ജനങ്ങളോ വീട്ടമ്മമാരോ മാത്രമായി കഴിച്ചു കൂട്ടിയിരുന്ന സ്ത്രീകളുടെ ജീവിതം മാറ്റത്തിനു വിധേയമാകുന്ന സന്ദര്‍ഭം ആഗതമാകുന്നു. മാതൃത്വവും ശുശ്രൂഷയും അടുക്കളജോലിയും മാത്രം സ്ത്രീകളുടെ കര്‍മ്മമേഖലകളെന്ന് ഉറപ്പിക്കപ്പെട്ടിരുന്ന കാലത്തിന് വിള്ളലേല്‍ക്കുന്നു.  സ്ത്രീജീവിതത്തിനു കല്‍പ്പിക്കപ്പെട്ടിരുന്ന ആദര്‍ശശുദ്ധിക്കേറ്റ വിള്ളലായിരുന്നു അത്. മാതാവായിരിക്കുന്നിടത്തോളം മഹനീയമായി സ്ത്രീജീവിതത്തില്‍ മറ്റൊന്നുമില്ലെന്നു കരുതപ്പെട്ടിരുന്ന ഒരു കാലത്തിന്റെ കവി പുതുകാലം കൊണ്ടുവന്ന മൂല്യസംഘര്‍ഷങ്ങളെ അനുഭവിച്ചതിന്റെ ഫലമായിരുന്നു, ആ കവിത.

വിദ്യാഭ്യാസത്തില്‍ ഉല്‍ക്കര്‍ഷേച്ഛുവായി മകനെ വിട്ടുപോയ അമ്മക്ക് മകന്റെ ശൈശവത്തോടൊപ്പം ജീവിതോല്ലാസത്തിന്റെ സംഗീതവും നഷ്ടപ്പെടുന്നു. മക്കളെ മാറില്‍ ചേര്‍ത്തു നില്‍ക്കുന്ന ഗേഹിനിമാരുടെ ജീവിതോല്ലാസം ഉല്‍ക്കര്‍ഷേച്ഛുവായ അമ്മയുടെ ജീവിതത്തിനില്ല. മടക്കയാത്രയില്‍, വണ്ടിയില്‍ നിന്നും പുറത്തേക്കു നോക്കുന്ന അമ്മ കാണുന്നത് മക്കളെ മാറില്‍ ചേര്‍ത്തു നില്‍ക്കുന്ന വിദ്യാഹീനരായ അമ്മമാരെയാണ്. വിദ്യാസമ്പന്നയായ താനും വിദ്യാഹീനരായ അമ്മമാരും അവളുടെ മനസ്സില്‍ താരതമ്യം ചെയ്യപ്പെടുന്നു. കവി എഴുതുന്നത് ഇങ്ങനെയാണ്   
 'ഏതാറ്റിന്‍വക്കത്തും ഏതാലിന്‍ചോട്ടിലും
ഏതൊരു മണ്‍കുടില്‍  തന്‍ മുറ്റത്തും നില്‍ക്കുന്നു 
നോക്കുന്നു പുഞ്ചിരി തൂകുന്നു 
മക്കളെ മാര്‍ചേര്‍ത്ത  ഗേഹിനിമാര്‍ 
ഈ വിദ്യാഹീനമാര്‍ കേള്‍ക്കാതൊഴിപ്പീല 
ജീവിതോല്ലാസത്തിന്‍ സംഗീതത്തെ' 
ഉല്‍ക്കര്‍ഷേച്ഛുവായ അമ്മ ജീവിതോല്ലാസത്തിന്റെ സംഗീതത്തെ കേള്‍ക്കാതെ ഒഴിച്ചുവിട്ടവളാണ്.വിദ്യാഹീനമാര്‍ പോലും ചെയ്യാത്തതാണ് വിദ്യാസമ്പന്നയായവള്‍ക്കു ചെയ്യേണ്ടി വരുന്നത്. വിദ്യ ഫലശൂന്യമാകുന്ന സന്ദർഭവുമാണിത്. 
ഈ ജീവിതോല്ലാസത്തിന്റെ നിരാസം അന്യമനുഷ്യര്‍ക്കിടയിലല്ല, അമ്മയ്ക്കും മകനുമിടയില്‍ പോലും മതിലുകള്‍ തീര്‍ക്കുന്നതാണ്. ബാലാമണിയമ്മയുടെ കവിത പ്രശ്‌നത്തിന്റെ സാകല്യത്തിലുള്ള കാഴ്ച്ചയെ  നല്‍കുമ്പോള്‍ തന്നെ ആദര്‍ശഭാരം പേറിനില്‍ക്കുന്ന രചനയാണ്. 


കേരളത്തിന്റെ പില്‍ക്കാലത്തെ സ്ത്രീയുടെ ചരിത്രം കവി ഉന്നയിച്ച ഈ പ്രശ്‌നത്തെ ഏറ്റെടുക്കുമ്പോഴും ആണ്‍ - പെണ്‍ സമത്വത്തെ കുറിച്ച്, സ്ത്രീശാക്തീകരണത്തെ കുറിച്ച്, സ്ത്രീ വിമോചനത്തെ കുറിച്ച്, പൊതുമണ്ഡലത്തിലും  രാഷ്ട്രീയത്തിലും സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ച്...ഒക്കെ നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യുമ്പോഴും സവിശേഷമായ രീതിയില്‍ നമ്മളില്‍ വീണ്ടും തുടരുന്നുണ്ട്. കലാപൂര്‍ണ്ണയില്‍ സംഗീത ചേനംപുല്ലി എഴുതിയ കവിത ഇതിന്റെ ഒരു തെളിവാണ്. ബാലാമണിയമ്മയുടെ കവിതയെ ഇപ്പോള്‍ ഓര്‍ക്കുന്നതിനു എനിക്കു നിമിത്തമായത് സംഗീതയുടെ കവിതയാണ്. സംഗീതയുടെ കവിതയിലെ ഏറ്റവും പ്രധാനവും പ്രസക്തവുമായ വരികള്‍ ഏതാണ്? 'കുഞ്ഞിന്റെ സ്വപ്നത്തിലേക്കു 
വിരുന്നു ചെല്ലാന്‍ പറ്റാത്തത്രയും 
തിരക്കെന്തായിരുന്നു എനിക്ക്' 
അമ്മയുടെ അബോധത്തിലെ ഈ ചോദ്യമാണ് ഈ കവിതയെ നിര്‍മ്മിച്ചതെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ വ്യവസ്ഥാപിതകുടുംബവ്യവസ്ഥ കെട്ടിയേല്‍പ്പിക്കുന്ന പശ്ചാത്താപമോ കുറ്റബോധമോ ഈ വാക്കുകളിലുണ്ട്. ഒരു പക്ഷേ, സംഗീതയുടെ തലമുറയായിരിക്കണം ഇത് കൂടുതലായി അനുഭവിച്ചത്. ബാലാമണിയമ്മയുടെ കവിതയില്‍ ഇത് വളരെ മുന്നേ വളരെ നന്നായി രേഖിതമായിട്ടുണ്ടെന്നു നാം കണ്ടു. അങ്ങനെ, സംഗീതയുടെ കവിത ബാലാമണിയമ്മയുടെ കവിതയുടെ തുടര്‍ച്ചയാകുന്നു. ഉദ്യോഗസ്ഥകളോ വിദ്യാഭ്യാസത്തില്‍ ഉല്‍ക്കര്‍ഷേച്ഛുക്കളോ ആയ കുടുംബിനികള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് അബോധത്തില്‍ നിന്നും ഈ കവിതയെ ഉണര്‍ത്തുന്നത്. സംഗീതക്ക് തന്റെ കവിത ജീവിതാനുഭവത്തിന്റെ തുടര്‍ച്ചയാണ്. ബാലാമണിയമ്മയുടെ കവിത സൃഷ്ടിക്കുന്ന ഉജ്ജ്വലമായ വൈകാരികതയോ ഭാവതീവ്രതയോ സംഗീതയുടെ കവിത സൃഷ്ടിക്കുന്നില്ലെന്നും പറയണം.
'ഞാന്‍ ജീവിതത്തിലായിരുന്നു 
എന്നു മാത്രം 
അവനോടുത്തരം പറഞ്ഞു'
സംഗീതയുടെ കവിതയിലെ അമ്മയുടെ ഈ മറുപടി കുഞ്ഞിനു മനസ്സിലാകാത്തതും തന്റെ 'കുറ്റബോധത്തെ' ശമിപ്പിക്കുന്നതും മാത്രമാണ്. എന്നാല്‍, കാലമെത്തിക്കുന്ന പ്രശ്‌നലോകത്തെ സംഗീതയുടെ കവിതയും ഉള്‍ക്കൊള്ളുന്നു. സംഗീതയുടെ കവിത ഉല്‍ക്കര്‍ഷേച്ഛുക്കളായ സ്ത്രീകളുടെ അബോധത്തെ, മനോലോകത്തെ നമ്മുടെ മുന്നില്‍ വിവൃതമാക്കുന്നു. ബാലാമണിയമ്മയുടെ കവിതയില്‍ ആവിഷ്‌കൃതമായ പ്രശ്‌നം നമ്മളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതു പരിഹൃതമായിട്ടില്ലെന്നും  സംഗീത രചിച്ച കവിത സൂചിപ്പിക്കുന്നുണ്ട്. 
ഈ കവിത ആരുടേതാണ്? 
എന്റെയോ അവന്റെയോ?'
എന്ന സംശയത്തിലാണ് ആ കവിത തീരുന്നത്.എനിക്ക് സംശയമില്ല, ഈ കവിത  അമ്മയുടേതാണ്.




സംഗീത ചേനംപുല്ലി എഴുതിയ കവിത:


"ഇന്നുച്ചയുറക്കത്തിൽ 

കുഞ്ഞൊരു സ്വപ്നം കണ്ടു 


സ്വപ്നത്തിൽ 

സ്പൈഡർമാനും ബാറ്റ്മാനും 

അവനെ വന്നുമ്മവച്ചു 

ഭയക്കാതെ പതറാതെ 

വിജയശ്രീലാളിതനായി 

അവനതേറ്റു വാങ്ങിയത്രേ 

സംഭവം നടന്ന ഉമ്മറപ്പടി 

ചുറ്റുമുണ്ടായിരുന്ന ആളുകൾ 

വസ്തുക്കൾ 

അണിഞ്ഞിരുന്ന മാസ്ക് 

എല്ലാ വിശദാംശങ്ങളും 

അവനോർമ്മയുണ്ട് 

ഒരു സംശയം മാത്രം 

എന്റെ സ്വപ്നത്തിൽ വരാതെ 

അമ്മ എവിടേക്കാണ് പോയത്

ഞാനുമതാലോചിച്ചു 

കുഞ്ഞിന്റെ സ്വപ്നത്തിലേക്കു 

വിരുന്നു ചെല്ലാൻ പറ്റാത്തത്രയും 

തിരക്കെന്തായിരുന്നു എനിക്ക് 

ഞാൻ ജീവിതത്തിലായിരുന്നു 

എന്നു മാത്രം 

അവനോടുത്തരം പറഞ്ഞു 

അപ്പോൾ വേറൊരു സംശയം 

ഈ കവിത ആരുടേതാണ്?

എന്റെയോ അവന്റെയോ?"





Tuesday, February 7, 2023

രാഷ്ട്രീയശരികളെ കുറിച്ച്

സാഹിത്യരചന പ്രശ്നീകരണങ്ങളുടെ മേഖലയാണ്. അര്‍ത്ഥോല്പാദനങ്ങളുടെ മേഖലയാണ്. അവിടെ പൊളിറ്റിക്കല്‍ കറക്ട്നസ് സര്‍ഗാത്മകതയെ നശിപ്പിക്കുകയേ ഉള്ളൂ.പൊളിറ്റിക്കലി കറക്ടായി സാഹിത്യമെഴുതാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിക്കണം. എന്നാല്‍, പൊളിറ്റിക്കലി കറക്ടായി രാഷ്ട്രീയപ്രവര്‍ത്തനവും സാംസ്കാരികപ്രവര്‍ത്തനവും നടത്തുന്നതു പ്രായോഗികമല്ലെന്നു പറയുന്നവരെ സൂക്ഷിക്കണം. അതു തീരുമാനങ്ങളുടേയും ജനങ്ങള്‍ക്കിടയിലെ പ്രയോഗത്തിന്‍റേയും മേഖലയാണ്. അവിടെ സ്ഥല-കാലബന്ധിതമായ രാഷ്ട്രീയശരിയെ അന്വേഷിക്കാനും സ്ഥാപിക്കാനും കഴിയണം.

രാഷ്ട്രീയശരികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു വേണ്ടെന്നു പറയുന്നവരേയും രാഷ്ട്രീയശരികളെ പ്രവര്‍ത്തിക്കാതിരിക്കാനുള്ള മുട്ടായുക്തിയാണെന്നു കാണുന്നവരേയും അങ്ങനെ  വാദിക്കുന്നവരേയും രൂക്ഷമായി വിമര്‍ശിക്കണം. രാഷ്ട്രീയശരികള്‍ കേവലസത്യങ്ങളല്ലെങ്കിലും ഇത് ആവശ്യമുണ്ട്.

രാഷ്ട്രീയപ്രവര്‍ത്തനത്തിൽ രാഷ്ട്രീയശരികളെ കുറിച്ചുള്ള ആധി പുലർത്തേണ്ടെന്ന സമീപനം  പ്രായോഗികപ്രവർത്തനങ്ങൾക്ക്‌ സൈദ്ധാന്തികവ്യവഹാരങ്ങളുടെ status തന്നെ നല്‍കുന്ന സമീപനമാണെന്നു തോന്നുന്നു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള യോജിപ്പ് ശാസ്ത്രീയതയുടെ ഉരകല്ലാണെങ്കിലും അവ രണ്ടു മണ്ഡലങ്ങളാണ്. ഐൻസ്റ്റൈന്റെ ദ്രവ്യ-ഊർജ്ജ സമീകരണം കാണിക്കുന്ന സൗന്ദര്യഭാവത്തോടെയല്ല, ഭീകരവിനാശമായാണ് അത് ഭൂമിയിൽ ആദ്യം പ്രയോഗിക്കപ്പെട്ടത്, അണുബോംബിന്റെ രൂപത്തിലാണ്. പ്രയോഗത്തെ കുറിച്ചുള്ള ആധി എല്ലാ സിദ്ധാന്തങ്ങളും പ്രകടിപ്പിക്കണമെന്ന് ഈ ഉദാഹരണമെങ്കിലും കാണിക്കുന്നുണ്ട്.രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും ഇത് ബാധകമാകണം. അത് ജനജീവിതത്തിന്റെ പ്രശ്നമേഖല കൂടിയാണ്. 

രാഷ്ട്രീയപ്രവര്‍ത്തനത്തിൽ രാഷ്ട്രീയശരികളെ കുറിച്ചുള്ള ആധി പുലർത്തേണ്ടെന്ന സമീപനം  ഉരുവം കൊള്ളുന്നത് ശരിയും തെറ്റും വ്യവച്ഛേദിക്കാന്‍ കഴിയില്ലെന്ന ഏകപക്ഷീയതയിലാകണം. സമൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളുടെ മേലുള്ള അന്ധമായ പ്രയോഗത്തെ ഇത് ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും വിഭാവനം ചെയ്യുന്നുണ്ട്. ഒരു പക്ഷേ, ഫാസിസത്തിനും മതരാഷ്ട്രവാദത്തിനും ഒക്കെ കടന്നുവരാനുള്ള വഴികള്‍ ഇതിലെ അനിശ്ചിതത്വം ഒരുക്കി നല്‍കുന്നുണ്ട്. 

പ്രയോഗങ്ങള്‍ക്കു മുമ്പ് ശരിയാണോയെന്ന ആധി ഉണ്ടായിരിക്കുന്നത് എപ്പോഴും ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. തിരുത്തലിനെ കുറിച്ചും വീണ്ടും തിരുത്തലിനെ കുറിച്ചും നാം ആലോചിക്കുന്നതിന്റെ ഭാഗം കൂടിയാണത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ സ്ഥല-കാലബന്ധിതമായ ശരിയെ കുറിച്ചുള്ള വാക്കുകളും അതു കേവലമായ ശരിയാണെന്ന വാദത്തെ സ്വീകരിക്കാതിരിക്കുന്നതും അമിതാധികാരത്തിന്‍റെ ദുര്‍ഭൂതങ്ങളെ അകറ്റുന്നതും നവീകരണത്തെ സ്വാഗതം ചെയ്യുന്നതുമാണ്. മറിച്ച്, പ്രയോഗത്തിലെ ശരിയെ കുറിച്ചുള്ള ആധിയില്ലായ്മ ഫാസിസത്തേയും മറ്റും ക്ഷണിച്ചു വരുത്തുമെന്നു തീർച്ചയാണ്. ഉത്തരാധുനികത കൊണ്ടുവന്ന ദുര്‍ഭൂതങ്ങള്‍ ഈ ആധിയുടെ നിരാസത്തിന്‍റെ ഫലമല്ലേ?

ജനാധിപത്യം ഒരു നല്ല സൈദ്ധാന്തികനിർമ്മിതി ആയിരിക്കാം, ആണ്. എന്നാൽ, ജനാധിപത്യവ്യവസ്ഥ പണാധിപത്യവ്യവസ്ഥയോ ഭൂരിപക്ഷാധിപത്യ വ്യവസ്ഥയോ ആയിത്തീരുന്നതിനു നമ്മുടെ രാജ്യം തന്നെ ഉദാഹരണമാണല്ലോ? ജനാധിപത്യം എന്ന വാക്കിന്‍റെ മൂല്യം അതിന്‍റെ പ്രവര്‍ത്തനപദ്ധതികളില്‍ എപ്പോഴും പ്രതിഫലിക്കണമെന്നില്ല. ജനാധിപത്യത്തെ കുറിച്ചുള്ള ആധിയും തിരുത്താനുള്ള ജാഗ്രതയും എപ്പോഴും സൂക്ഷിക്കപ്പെടണം. രാഷ്ട്രീയമായ ശരികള്‍ക്കു വേണ്ടിയുള്ള വാദം രാഷ്ട്രീയമായി തങ്ങൾ  ശരിയാണെന്ന് ആണയിടുന്നവരെ നിര്‍മ്മിക്കുമെന്നതു കൊണ്ട്, അത് ചിലപ്പോൾ ഫാസിസത്തിലേക്കു നടന്നു കയറുമെന്നതു കൊണ്ടുമാത്രം  രാഷ്ട്രീയമായ ശരികളെ കുറിച്ചുള്ള ആധി ഉപേക്ഷിക്കേണ്ടതില്ല. ഫാസിസത്തെ  നേരിടാനും ഈ സങ്കല്‍പ്പനത്തിനാണല്ലോ  കഴിയുന്നത്.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...