Sunday, May 24, 2020

ഭൗതികശാസ്ത്രത്തിലെ സാങ്കേതികപദങ്ങള്‍ - ഒരു പ്രവേശിക


1956ല്‍ ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകൃതമാകുന്നതിന്റെ ഭാഗമായിട്ടാണല്ലോ കേരളസംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയിലാണ്, കേരളീയരുടെ മാതൃഭാഷയായ മലയാളഭാഷയെ ബോധനമാദ്ധ്യമമാക്കി മാറ്റിയെടുക്കുന്നതിനുളള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1968ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരളാഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടത്. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും പഠനത്തിനാവശ്യമായ മലയാളസാങ്കേതികപദങ്ങള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നു. മലയാളഭാഷാബോധനത്തിന് ആവശ്യമായ സാങ്കേതികപദങ്ങള്‍ എവിടെ എന്ന ചോദ്യം അധികാരികളില്‍ നിന്നും ഉയര്‍ന്നുവരുന്നതിനെ കുറിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന എന്‍.വി.കൃഷ്ണവാരിയര്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് എന്‍.വി. ഇങ്ങനെ പറഞ്ഞു. 'സാങ്കേതികപദങ്ങളുടെ അഭാവവും  അശക്തിയും ചൂണ്ടിക്കാണിച്ച് അദ്ധ്യയനവും അദ്ധ്യാപനവും തുടര്‍ന്നാല്‍ സാങ്കേതികപദങ്ങളുണ്ടാവില്ല.''ഭാഷയുടെ രൂപത്തെ വ്യവസ്ഥാപിതമാക്കുന്നത് ലക്ഷണഗ്രന്ഥങ്ങളല്ലെന്നും വ്യവഹാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെയാണ് എന്‍.വി എടുത്തുപറഞ്ഞത്.

ശാസ്ത്രസാങ്കേതികപദങ്ങള്‍ വളരെ നിശിതവും നിശ്ചിതവുമായ അര്‍ത്ഥം വഹിക്കുന്നവയാണ്. ശാസ്ത്രത്തിലെ സവിശേഷമായ ഒരു പ്രക്രിയക്കോ പ്രതിഭാസത്തിനോ അനുയോജ്യമായ ഒരു നാമരൂപം നല്‍കിക്കഴിഞ്ഞാല്‍ ആ വിവക്ഷിതാര്‍ത്ഥം വരുന്ന രീതിയില്‍ മാത്രമേ ആ വാക്ക് പിന്നീട് ഉപയോഗിക്കുന്നുള്ളൂ. ശാസ്ത്രവ്യവഹാരത്തിലെ വാക്ക് തെന്നി മാറുന്ന അര്‍ത്ഥങ്ങളെ വഹിക്കുന്നയല്ലെന്നു സാരം. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും പഠനത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്ന  മാനകഭാഷയും സാധാരണ വ്യവഹാരഭാഷയും തമ്മില്‍ വലിയ അകലമുണ്ടായിരിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിക്കാവുന്നതാണ്. മാനകഭാഷാപദങ്ങളെ വിഗ്രഹിക്കാനും ശാസ്ത്രപഠനത്തിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് അര്‍ത്ഥം കൈവരുന്നതിനെ മനസ്സിലാക്കാനും വിദ്യാര്‍ത്ഥിക്കു കഴിയുന്ന വിധത്തില്‍ അവയെ തെരഞ്ഞെടുത്താല്‍ കൂടുതല്‍ ഉചിതമായിരിക്കും.സാധാരണവ്യവഹാരങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളോ അവയുടെ തേച്ചുമിനുക്കിയ രൂപങ്ങളോ മാനകഭാഷാപദങ്ങളായി വരുന്നത് ആശയങ്ങള്‍ പകരുന്നതിന് സഹായകമായിത്തീരും. ഉപയോഗിക്കുന്ന സാങ്കേതികപദത്തിന് പഠനവിഷയത്തിന്റെ നിശ്ചിതസന്ദര്‍ഭത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണം. ആ സന്ദര്‍ഭത്തേയും ചരിത്രത്തേയും കുറിച്ചുള്ള സൂചനകള്‍ തെരഞ്ഞെടുക്കുന്ന മാനകഭാഷാപദത്തിനുണ്ടെങ്കില്‍ കൂടുതല്‍ ഉചിതമായി. കിറോസിന്‍ എന്ന ആംഗലപദം മണ്ണെണ്ണയായി മാറുമ്പോള്‍ ചരിത്രത്തില്‍ നിന്നും എഴുന്നേറ്റു വരുന്ന ഒരു വാക്കു ലഭിച്ചതായി നമുക്കു തോന്നുന്നില്ലേ? എന്നാല്‍, എപ്പോഴും ഇങ്ങനെ ഉചിതമായ പദം കിട്ടണമെന്നില്ല. ശാസ്ത്രത്തിലെ വസ്തുവും പ്രത്യക്ഷാനുഭവത്തിലെ വസ്തുവും ഒന്നു തന്നെയല്ലല്ലോ? ശാസ്ത്രത്തിലെ വസ്തു സൈദ്ധാന്തികമായി നിര്‍മ്മിക്കപ്പെട്ട വസ്തുവാണ്. ദൈനംദിനാനുഭവത്തിലെ വസ്തുവിനു നല്‍കുന്ന നാമരൂപം സൈദ്ധാന്തികവസ്തുവിന് എപ്പോഴും അനുയോജ്യമാകണമെന്നില്ല. 

പഴയകാലത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച അനുഭവപാഠങ്ങള്‍ പുതിയ ശാസ്ത്രസാങ്കേതികപദങ്ങളുടെ നിര്‍മ്മാണത്തിനു സഹായകമാകേണ്ടതാണ്. എഴുപതുകളില്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനഫലമായി ശാസ്ത്രസാങ്കേതിക പദാവലികള്‍ നിര്‍മ്മിക്കപ്പെടുകയും ഒരു വിജ്ഞാനശബ്ദാവലി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ആംഗലഭാഷയില്‍ നിന്നും മറ്റുമുളള നൂറുകണക്കിന് ശാസ്ത്രപുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മലയാളീകരണ പരിപാടികള്‍ ഒരു തരം സംസ്‌കൃതവല്ക്കരണത്തിലാണ് എത്തിച്ചേര്‍ന്നതെന്ന് ആരോപിക്കപ്പെടുന്നുണ്ട്. വളരെ കൃത്രിമമായ കെട്ടിയേല്‍പ്പിക്കലുകളായാണ് ആ പദകോശം ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. അസ്വീകാര്യമായ ഒരു പ്രവണതയാണത്. ഇതിന്റെ മറുതലയ്ക്കല്‍ ഇതരഭാഷയില്‍ നിന്നും വാക്കുകള്‍ കടന്നുവരുന്നതിനെ തടയുന്ന പ്രവണതയുമുണ്ടായിരുന്നു. മലയാളികളുടെ വ്യവഹാരത്തിലുണ്ടായിരുന്ന സ്വിച്ച് എന്ന വാക്കിനെ ഉപേക്ഷിക്കുകയും വൈദ്യുതി ഗമാനാഗമനനിയന്ത്രണയന്ത്രം എന്നു പരിഭാഷ നല്‍കി സ്വീകരിക്കുകയും ചെയ്യുന്നത് എത്രമാത്രം അനുചിതമാണ്!  ഇതര ഭാഷകളില്‍ നിന്നു സ്വീകരിക്കുന്നതിനെ അപമാനമായി കാണുന്നതും സംസ്‌കൃതവല്ക്കരണം പോലുള്ള കൃത്രിമമായ കെട്ടിയേല്പിക്കലുകള്‍ക്കു വഴങ്ങുന്നതും ശരിയായ വഴികളല്ല. ഇക്കാര്യത്തില്‍, അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത് പ്രായോഗികമായ ഇടപെടലുകളിലൂടെ മാത്രമേ സാദ്ധ്യമാകൂ. മലയാളത്തിലേക്കു ഇതര ഭാഷകളില്‍ നിന്നുളള വാക്കുകള്‍, ആംഗലത്തില്‍ നിന്നുള്ള വാക്കുകളും, കടന്നുവരുന്നതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇംഗ്ലീഷിന്റെ വികാസത്തിന് ലാറ്റിനും ഗ്രീക്കും ഇതര യൂറോപ്യന്‍ ഭാഷകളും വളരെ വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഗണിതശാസ്ത്രപുസ്തകങ്ങളില്‍ പ്രതീകങ്ങളായി ഗ്രീക്ക് അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് ഇപ്പോളും തുടരുന്നു. ആ ഭാഷയിലെ സാങ്കേതികപദങ്ങളിലേറെയും മറ്റു ഭാഷകളില്‍ നിന്നു കടം കൊണ്ടവയാണ്. അല്ലെങ്കില്‍, ഇതര ഭാഷകളില്‍ ഉത്ഭവിച്ച് പരിവര്‍ത്തിതമായി സ്വീകരിക്കപ്പെട്ടവയാണ്. ആംഗലഭാഷയുടെ അയവുള്ള ഈ സ്വീകാര്യക്ഷമത മലയാളഭാഷക്കും സ്വായത്തമാക്കാന്‍ കഴിയും. സ്വീകരിക്കുന്ന വാക്കുകള്‍ മലയാളത്തിന്റെ ഗോത്രത്തില്‍ പെട്ട ഭാഷകളില്‍ നിന്നായാല്‍ കൂടുതല്‍ സ്വാഭാവികമാകും. മലയാളഭാഷയുടെ ശുദ്ധിക്കു വേണ്ടിയുള്ള വാദവും അതിന് വൈജ്ഞാനികവ്യവഹാരങ്ങളുടെ സങ്കീര്‍ണ്ണതകളെ ഉള്‍ക്കൊള്ളാനുള്ള കരുത്തില്ലെന്ന വാദവും ഒരേ ഫലങ്ങളെയാണു നല്കുന്നത്. ശുദ്ധമായ മലയാളം നിലനില്ക്കുന്നതേയില്ല. കൊടുക്കുകയും വാങ്ങുകയും പരസ്പരം പോഷിപ്പിക്കുകയും നിരന്തരം നവീകരിക്കുകയും പരിണമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഭാഷക്കു മാത്രമേ ജീവിതമുള്ളൂ. ശാസ്ത്രസാങ്കേതികപദങ്ങളുടെ തെരഞ്ഞെടുപ്പില്‍ ലക്ഷ്യബോധമുള്ള ഒരു സമീപനം വേണം. അത് അയവുള്ളതായിരിക്കണം.

ഇവിടെ സൂചിപ്പിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭൗതികശാസ്ത്രത്തിലെ ചില സാങ്കേതികപദങ്ങളെ തെരഞ്ഞെടുക്കാനോ നിര്‍ദ്ദേശിക്കാനോ ആണ് ഇവിടെ ശ്രമിക്കുന്നത്. നമ്മുടെ അനുഭവങ്ങളെ കൂടി ആധാരമാക്കുന്ന ഒരു ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്.
ക്വഥനാങ്കവും തിളനിലയും: 
സംസ്‌കൃതവല്‍ക്കരണത്തിന്റെ പേരില്‍ ഏറ്റവും അധികം അപഹസിക്കപ്പെട്ട ഒരു വാക്കാണ് ക്വഥനാങ്കം. ബോയിലിങ് പോയന്റ് എന്ന ആംഗലപദത്തിന്റെ പരിഭാഷയായിട്ടാണ് ഈ വാക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. സാധാരണ അന്തരീക്ഷമര്‍ദ്ദത്തില്‍ വെള്ളം തിളയ്ക്കുന്ന ഊഷ്മാവ് നൂറു ഡിഗ്രി സെന്റിഗ്രേഡാണ്. നൂറു ഡിഗ്രി സെന്റിഗ്രേഡിനെ വെള്ളത്തിന്റെ ബോയിലിങ് പോയന്റ് എന്നു വിളിയ്ക്കുന്നു. ക്വഥനം ചെയ്യുന്നതിനെ അഥവാ തിളയ്ക്കുന്നതിനെ കുറിക്കുന്ന അക്കമാണ് ക്വഥനാങ്കം. ക്വഥനത്തേക്കാല്‍ പരിചിതമായ തിളയ്ക്കല്‍ എന്ന വാക്ക് ഉള്ളപ്പോള്‍ അതു സ്വീകരിച്ചാല്‍ മതിയാകും. തിളനില എന്ന വാക്ക് കൂടുതല്‍ നന്നായി അര്‍ത്ഥം ഗ്രഹിക്കാന്‍ സഹായകമാണെന്നും കാണാം. ക്വഥനാങ്കം എന്ന വാക്കിനെയെന്ന പോലെയാണോ ഇവിടെ ഉപയോഗിക്കപ്പെട്ട ഊഷ്മാവ് എന്ന വാക്കിനെ കാണേണ്ടത്? താപനില എന്നോ ചൂടുനില എന്നോ ഉപയോഗിക്കുന്നത് കൂടുതല്‍ ഉചിതമല്ലേ? ഇതിന്നകം വ്യാപകമായി വ്യവഹാരത്തില്‍ വന്ന പദങ്ങള്‍ ആ നിലയില്‍ തുടരുന്നതാണ് ഉചിതമെന്ന സമീപനമാണ് ഇക്കാര്യത്തില്‍ എനിക്കുള്ളത്. എഴുപതുകളില്‍ സ്‌കുള്‍ ക്ലാസുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മാവ്, പ്രവേഗം, ത്വരണം, സംവേഗം തുടങ്ങിയ വാക്കുകളൊന്നും ഗ്രഹിക്കാന്‍ കഴിയാത്ത വാക്കുകളായി അനുഭവപ്പെട്ടിരുന്നില്ലെന്നാണ് എന്റെ പക്ഷം. തങ്ങളുടെ വ്യവഹാരത്തിലൂടെ ഈ വാക്കുകള്‍ അവര്‍ക്ക് പരിചിതമായിരുന്നു. പുതിയ വാക്കുകളെ കണ്ടെത്തുകയും പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഭാഷാപഠനത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നു കരുതണം. മാനകഭാഷാപദങ്ങളെ കുറിച്ച് വ്യാപകമായ പരാതിയുണ്ടാകാന്‍ സംസ്‌കൃതവല്‍ക്കരണം എന്നതു പോലെ ഭാഷാപഠനത്തിലെ പോരായ്മകളും കാരണമായിട്ടുണ്ടെന്നു തോന്നുന്നു. ഇതിന്നകം തന്നെ പ്രചുരപ്രചാരത്തിലുള്ളതും ചെറിയ മാനസികാദ്ധ്വാനം കൊണ്ട് സ്വായത്തമാക്കാന്‍ കഴിയുന്നതുമായ സാങ്കേതികപദങ്ങള്‍ അങ്ങനെ തന്നെ തുടരുകയാണ് ഉചിതം.

Temperature -  ഊഷ്മാവ്, Density -  സാന്ദ്രത, Reflection-   പ്രതിഫലനം
 Velocty -  പ്രവേഗം, Total Internal Reflection - പൂര്‍ണ്ണ ആന്തര പ്രതിഫലനം
Speed -  വേഗത, Pressure -  മര്‍ദ്ദം,  Image  - പ്രതിബിംബം, Particle -  കണിക
Acceleration -  ത്വരണം, Spin  - ഭ്രമണം, Volume  - വ്യാപ്തം,Vector  - സദിശം
Momentum -  സംവേഗം, Linear Momentum - രേഖീയസംവേഗം, Scalar -  അദിശം
Angular Momentum  - കോണീയസംവേഗം, Longitudinal Waves - അനുദൈര്‍ഘ്യതരംഗങ്ങള്‍
Uniformly Accelerated Motion -  സമത്വരിത ചലനം, Frequency -  ആവൃത്തി
Projectile - പ്രക്ഷേപ്യം,  Horizontal Plane  - തിരശ്ചീന തലം  Wavelength -  തരംഗദൈര്‍ഘ്യം
Solid -  ഖരം,  Liquid -  ദ്രാവകം,  Gas - വാതകം, Plasma -  പ്ലാസ്മ
എന്നീ വാക്കുകളൊക്കെ വ്യവഹാരത്തിലൂടെ പരിചിതമായ വാക്കുകളാണ്. അവ തുടരുകയാണ് വേണ്ടത്. എല്ലാ വാക്കുകളും ഇങ്ങനെ തുടരാന്‍ കഴിയില്ലെന്നതു ശരിയാണ്. ക്വഥനാങ്കം എന്ന വാക്കിനെ കുറിച്ചു പറഞ്ഞു കഴിഞ്ഞു. Mass എന്നതിന് പരിഭാഷയായി പിണ്ഡം എന്ന വാക്ക് വിദ്യാര്‍ത്ഥികള്‍ക്കു സ്വീകാര്യമല്ലെന്ന അനുഭവമുണ്ട്. ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിനെയാണ് Mass എന്ന പദം കൊണ്ട് കുറിക്കുന്നത്. ദ്രവ്യമാനം എന്ന വാക്ക് ഉപയോഗിച്ചാല്‍ നിര്‍വ്വചനത്തെ തന്നെ വാക്കില്‍ സംഗ്രഹിച്ചെടുക്കാന്‍ കഴിയും.

ഊര്‍ജ്ജം:
Energy  എന്ന ആംഗലവാക്കിന്റെ പരിഭാഷയാണിത്. ഊര്‍ജ്ജത്തിന് പല രൂപങ്ങളുണ്ട്. ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊര്‍ജ്ജത്തെ സ്ഥാനികോര്‍ജ്ജം (Potential Energy) എന്നു വിളിക്കാം. ചലനം കൊണ്ടു ലഭ്യമാകുന്ന ഊര്‍ജ്ജം ചലനോര്‍ജ്ജമെന്നോ ഗതികോര്‍ജ്ജ(Kinetic Energy)മെന്നോ വിളിക്കപ്പെടുന്നു. പ്രകാശോര്‍ജ്ജം(Light Energy), യാന്ത്രികോര്‍ജ്ജം(Mechanical Energy), താപോര്‍ജ്ജം(Thermal Energy), വൈദ്യുതോര്‍ജ്ജം (Electrical Energy) എന്നിവ ഊര്‍ജ്ജത്തിന്റെ വിവിധ രൂപങ്ങളാണ്. ഊര്‍ജ്ജത്തിന്റെ പ്രസരണത്തിനു മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്. ചാലനം(Conduction), സംവഹനം(Convection), വികിരണം(Radiation) എന്നിവയാണവ. ചാലനം വഴി താപോര്‍ജ്ജത്തെ പ്രസരണം ചെയ്യുന്ന വസ്തുക്കളെ താപചാലകങ്ങള്‍(Thermal Conductors) എന്നും വൈദ്യുതി പ്രസരണം ചെയ്യുന്ന വസ്തുക്കളെ വിദ്യുത്ചാലകങ്ങള്‍ (Electrical Conductors) എന്നും വിളിക്കാം.

ഇലക്‌ട്രോണ്‍:
പ്രപഞ്ചത്തിലെ അടിസ്ഥാനകണികകളിലൊന്നാണിത്. ആദ്യമായി കണ്ടെത്തപ്പെടുന്ന മൗലികകണിക. ജെ.ജെ. തോംസണ്‍ ഇവയെ കണ്ടെത്തിയ ഉടനെ നെഗറ്റീവ് കണികകള്‍ എന്നാണ് വിളിക്കപ്പെട്ടത്. പിന്നീട് ഇലക്‌ട്രോണ്‍ എന്നു നാമകരണം ചെയ്യപ്പെട്ടു. ഇലക്‌ട്രോണ്‍ എന്നതു പോലെ കണികാഭൗതികത്തില്‍ ധാരാളം കണികകളെ കുറിച്ചു പറയുന്നുണ്ട്. ഇവയ്ക്കു നല്‍കിയിരിക്കുന്ന പേരുകള്‍ അതേപടി മലയാളത്തില്‍ എഴുതിയാല്‍ മതിയാകും. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍, പോസിട്രോണ്‍, പൈ മിസോണ്‍ (പയോണ്‍), മ്യൂ മിസോണ്‍ (മ്യുവോണ്‍), കെ മിസോണ്‍ (കയോണ്‍), ഫോട്ടോണ്‍, ഗ്രാവിറ്റോണ്‍, സിഗ്മ കണങ്ങള്‍, ഒമേഗ കണങ്ങള്‍, ക്വാര്‍ക്കുകള്‍ എന്നിങ്ങനെയൊക്കെയുള്ള നാമരൂപങ്ങള്‍ അതേപടി മലയാളത്തിലേക്കു സ്വീകരിക്കാം. ഇലക്‌ട്രോണ്‍ നെഗറ്റീവ് ചാര്‍ജുള്ള കണികയാണ്. പ്രോട്ടോണ്‍ പോസിറ്റീവ് ചാര്‍ജുള്ളതും. ചാര്‍ജ് എന്ന വാക്ക് മലയാളത്തില്‍ ചിരപരിചിതമായതിനാല്‍ അതു തന്നെ സ്വീകരിക്കാം. ഇതേ ന്യായത്തില്‍ പോസിറ്റീവ് നെഗറ്റീവ് എന്നീ വാക്കുകളും സ്വീകരിക്കാം. ധനചാര്‍ജ്, ഋണചാര്‍ജ് എന്നീ വാക്കുകള്‍ കൂടി ഇതിന്റെ യൊപ്പം ശീലിക്കുന്നതും നല്ലതാണ്. സൈദ്ധാന്തികമായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള ശാസ്ത്രവസ്തുക്കളുടെ നാമങ്ങള്‍ അതേപടി സ്വീകരിക്കാമെന്നാണ് കണികാഭൗതികത്തിലെ കണികകളെ കുറിച്ചുള്ള ഈ ചര്‍ച്ച നിര്‍ദ്ദേശിക്കുന്നത്.

പ്രകാശവിദ്യുത് പ്രഭാവം:
ഫോട്ടോ ഇലക്ട്രിക് ഇഫക്ട് എന്ന ആംഗലപദത്തിന്റെ വിവര്‍ത്തനമായിട്ടാണ് പ്രകാശവിദ്യുത് പ്രഭാവം എന്ന വാക്ക് നല്‍കുന്നത്. പദാനുപദവിവര്‍ത്തനമാണിത്. ഇഫക്ട് എന്ന വാക്കിനു പകരമായി പ്രഭാവം എന്ന വാക്ക് നല്‍കുന്നു. അത്ര പരിചയമുള്ള വാക്കല്ലെന്നും സംസ്‌കൃതമാണെന്നും ആക്ഷേപമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇഫക്ട് എന്ന വാക്കിന് ചേരുന്ന ഒരു വാക്ക് മലയാളത്തിലുണ്ടാകേണ്ടതുണ്ട്. പല ഭൗതികപ്രതിഭാസങ്ങളും ഇഫക്ട് എന്ന വാക്ക് ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഫോട്ടോ ഇലക്ട്രിക് ഇഫക്ട്, സീമണ്‍ ഇഫക്ട്, രാമന്‍ ഇഫക്ട്, സ്റ്റാര്‍ക്ക് ഇഫക്ട് എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ഇവയെല്ലാം പ്രഭാവം എന്ന വാക്ക് ഉപയോഗിച്ച് പരിഭാഷപ്പെടുത്താന്‍ കഴിയും. രാമന്‍ പ്രഭാവം, സ്റ്റാര്‍ക്ക് പ്രഭാവം എന്നിങ്ങനെ. മറ്റൊരു ബദല്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാവുന്നത് പദാനുപദവിവര്‍ത്തനത്തിനു പകരം പ്രതിഭാസം എന്ന വാക്ക് നേരിട്ട് ഉപയോഗിക്കുകയെന്നതാണ്. രാമന്‍ പ്രതിഭാസം, പ്രകാശവിദ്യുതപ്രതിഭാസം എന്നിങ്ങനെ. അത് ചെറിയ അര്‍ത്ഥവ്യത്യാസം സൃഷ്ടിക്കുന്നുണ്ട്.

ഒച്ചപ്പെരുക്കി:
നമ്മുടെ കവിതകളിലും മറ്റു സാഹിത്യകൃതികളിലും ഉപയോഗിച്ചിട്ടുള്ള പദങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിക്കുകയും ഉചിതമായ സാങ്കേതികപദങ്ങളായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. ആറ്റൂര്‍ രവിവര്‍മ്മയുടെ 'നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്‍' എന്ന കവിതയില്‍ ഒച്ചപ്പെരുക്കി എന്നൊരു വാക്കു കാണാം. സൗണ്ട് ആംപ്ലിഫയര്‍ എന്ന ആംഗലവാക്കിന് പരിഭാഷയായി ഉപയോഗിക്കാവുന്ന വാക്കാണത്. സൗണ്ട് എന്ന പദത്തിന് ഒച്ച ശരിയായ വിവര്‍ത്തനമാണോയെന്നു ശങ്കിക്കാം. ഒച്ചയെ അനഭിലഷണീയ ശബ്ദമായി കരുതി Noise എന്ന വാക്കിനു പരിഭാഷയാക്കുന്നതാണ് ഉചിതമെന്നു കരുതാം. അഭിലഷണീയമായതും അനഭിലഷണീയമായതും ആംപ്ലിഫയര്‍ പെരുക്കുന്നതു കൊണ്ട് ഒച്ചപ്പെരുക്കി അസ്ഥാനത്തല്ലെന്നും വാദിക്കാം. ഇതിനേക്കാളുപരി,  ഒച്ചപ്പെരുക്കി എന്ന വാക്കിന് ഒരു മാനകപദത്തിനു വേണ്ടത്ര ആഢ്യത്വമില്ലെന്ന വാദവും കടന്നുവരാം. സംസ്‌കൃതവല്‍ക്കരണത്തിന്റെ മറുപുറമെന്ന പോലെ വാക്കിന്റെ ആഢ്യത്വത്തെ തിരയുന്ന വാദഗതികളും പഴക്കം ചെന്ന കാര്യങ്ങളാണ്.

ബലക്ഷേത്രം:
ഒരു സവിശേഷബലം അനുഭവപ്പെടുന്ന മേഖലയെയാണ് ബലക്ഷേത്രം എന്ന വാക്കു കൊണ്ടു ലക്ഷ്യമാക്കുന്നത്. Force Field എന്ന ആംഗലപദത്തിന്റെ തര്‍ജ്ജമയാണത്. ബലമണ്ഡലം, ബലമേഖല എന്നീ വാക്കുകളും ഉപയോഗിക്കാം. ഉപയോഗത്തിലൂടെ പരിചിതമായ വാക്കാണ് ബലക്ഷേത്രം.  Gravitational Force Field, Electric Force Field, Magnetic Force Field, Electromagnetic Force Field, Nuclear Force Field, Quantum Force Field Theories എന്നീ സാങ്കേതികപദങ്ങള്‍ യഥാക്രമം ഗുരുത്വാകര്‍ഷണ ബലക്ഷേത്രം, വിദ്യുത് ബലക്ഷേത്രം, കാന്തിക ബലക്ഷേത്രം, വിദ്യുത്കാന്തിക ബലക്ഷേത്രം, അണുകേന്ദ്ര ബലക്ഷേത്രം, ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങള്‍ എന്നിങ്ങനെ വിവര്‍ത്തനം ചെയ്യാം.

ക്വാണ്ടം ഭൗതികം
ക്വാണ്ടം ഭൗതികത്തില്‍ കടന്നുവരുന്ന ചില സാങ്കേതികപദങ്ങളെ വിവര്‍ത്തനം ചെയ്തുകൊണ്ട് ഈ ഖണ്ഡം അവസാനിപ്പിക്കാം.
സംഭാവ്യത - Probability , സംഭാവ്യതാആയാമങ്ങള്‍ - Probability Amplitudes
സംഭാവ്യ അവസ്ഥ - Probable States, അനിശ്ചിതത്വനിയമം - Uncertainty Principle
തരംഗആയാമങ്ങള്‍ - Wave Functions, നിര്‍ണ്ണയവാദം - Determinism,
സ്ഥിരാങ്കം -  Constant, പ്രവര്‍ത്തകം -  Operator,  സഞ്ചാരപഥങ്ങള്‍ - Trajectories  തരംഗ ബലതന്ത്രം  - Wave Mechanics, ദ്വൈതസ്വഭാവം (ഇരട്ട പ്രകൃതം) - Dual Nature ,
അണു വര്‍ണ്ണരാജി -  Atomic Spectra
ഉത്സര്‍ജ്ജന സംഭാവ്യത -  Probability of Emission,
രേഖീയ സംയോജനം  - Linear Superposition, ഒളിചരങ്ങള്‍ - Hidden Variables


POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...