(മലയാളം വാരികയിൽ ഫാദർ പോൾ തേലക്കാട്ട് എഴുതിയ ലേഖനത്തിന്
എഴുതിയ പ്രതികരണം)
ഫാദര് പോള് തേലക്കാട്ട് എഴുതിയ ചലച്ചിത്രനിരൂപണം; ജോജി എന്ന ചലച്ചിത്രത്തെ കുറിച്ചുള്ളത്, സവിശേഷമായ താല്പ്പര്യങ്ങളോടെ വായിക്കപ്പെടേണ്ടതാണ്. സമകാലകേരളത്തിലെ ക്രൈസ്തവപുരോഹിതസമൂഹത്തില് പുരോഗമനപരമായ നിലപാടുകള് സ്വീകരിക്കാന് വിസമ്മതിക്കാത്തയാളാണ് അദ്ദേഹം. കേരളത്തിലെ ഒരു ക്രൈസ്തവകുടുംബത്തില് നടക്കുന്ന പിതൃഹത്യയുടേയും ഭാതൃഹത്യയുടേയും ചിത്രണം ഈ ക്രൈസ്തവ പുരോഹിതന് എങ്ങനെ നോക്കിക്കാണുന്നുവെന്ന ആകാംക്ഷയാണ് ആദ്യ താല്പ്പര്യം. ജോജി നന്മ വറ്റിയവനാണെന്ന് ഫാദര് എഴുതുന്നു. തിന്മയുടെ അസാധാരണത്വമാണ് പോള് തേലക്കാട്ട് അവനില് കണ്ടെത്തുന്നത്. സ്‌നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും അഭാവം ആ കുടുംബത്തില് അദ്ദേഹം കണ്ടെത്തുന്നു.
ഫാദര് പോള് തേലക്കാട്ട് എഴുതിയ ചലച്ചിത്രനിരൂപണം; ജോജി എന്ന ചലച്ചിത്രത്തെ കുറിച്ചുള്ളത്, സവിശേഷമായ താല്പ്പര്യങ്ങളോടെ വായിക്കപ്പെടേണ്ടതാണ്. സമകാലകേരളത്തിലെ ക്രൈസ്തവപുരോഹിതസമൂഹത്തില് പുരോഗമനപരമായ നിലപാടുകള് സ്വീകരിക്കാന് വിസമ്മതിക്കാത്തയാളാണ് അദ്ദേഹം. കേരളത്തിലെ ഒരു ക്രൈസ്തവകുടുംബത്തില് നടക്കുന്ന പിതൃഹത്യയുടേയും ഭാതൃഹത്യയുടേയും ചിത്രണം ഈ ക്രൈസ്തവ പുരോഹിതന് എങ്ങനെ നോക്കിക്കാണുന്നുവെന്ന ആകാംക്ഷയാണ് ആദ്യ താല്പ്പര്യം. ജോജി നന്മ വറ്റിയവനാണെന്ന് ഫാദര് എഴുതുന്നു. തിന്മയുടെ അസാധാരണത്വമാണ് പോള് തേലക്കാട്ട് അവനില് കണ്ടെത്തുന്നത്. സ്‌നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും അഭാവം ആ കുടുംബത്തില് അദ്ദേഹം കണ്ടെത്തുന്നു.
എന്നാല്, ഫാദര് പോള് തേലക്കാട്ട് ചില ചോദ്യങ്ങള് ഉന്നയിക്കാന് സന്നദ്ധനല്ല. ജോജി എന്തുകൊണ്ടാണ് ഇങ്ങനെ രൂപപ്പെട്ടത്? ആ കുടുംബത്തിലെ എല്ലാവരിലും പിതാവു ചത്തുപോകണമെന്ന ആഗ്രഹചിന്ത വളരുന്നതെന്തു കൊണ്ടാണ്? കുടുംബനാഥനായ ജോജിയുടെ പിതാവിന്റെ അധികാരത്തിലേക്കും സമ്പത്തിനെ തന്റേതുമാത്രമാക്കി മാറ്റുന്ന സ്വഭാവത്തിലേക്കും നീളുന്ന ചോദ്യമാണത്. അത് പിതൃഅധികാരത്തിലേക്കു എത്തിനോക്കുന്ന ചോദ്യമാണ്. നിരൂപകന് തന്നെ സൂചിപ്പിക്കുന്നതു പോലെ പിതൃഅധികാരം ദൈവാധികാരത്തിനു സദൃശമാണ്. ആ കുടുംബത്തിലെ അംഗങ്ങള്ക്കു സമ്പത്തില് പങ്കാളിത്തമില്ല. ചോദിച്ചാലും കിട്ടില്ല. മുഴുവന് സമ്പത്തും അധികാരവും കയ്യടക്കി വച്ചിരിക്കുന്ന പിതൃരൂപത്തിനു കീഴില് അടങ്ങിയൊതുങ്ങി അസ്വതന്ത്രരായി കഴിയേണ്ടി വരുന്നവരുടെ പ്രതികരണമായി ജോജിയുടേയും ബിന്സിയുടേയും സ്വഭാവത്തേയും പ്രവൃത്തികളേയും കാണാന് കഴിയേണ്ടതല്ലേ? കേന്ദ്രപ്രശ്‌നം പിതൃഅധികാരം തന്നെയല്ലേ? അങ്ങനെയൊരു ചോദ്യം ഉന്നയിക്കാനാണ് നിരൂപകന് തയ്യാറാകാതിരിക്കുന്നത്.
വ്യാകരണത്തില് വിശ്വാസമുള്ളിടത്തോളം നമുക്ക് ദൈവത്തെ ഒഴിവാക്കാനാവില്ല എന്ന നീത്‌ഷെയുടെ വാക്കുകളെ ഫാദര് ഉദ്ധരിച്ചു ചേര്ക്കുന്നുണ്ട്. ദൈവത്തിന്റെ അനിവാര്യതയെ കുറിച്ച് ദൈവനിഷേധിയുടെ വാക്കുകള് ഉദ്ധരിച്ച് പോള് തേലക്കാട്ട് എഴുതുന്നു. നമ്മുടെ എല്ലാ വ്യവഹാരങ്ങളിലും കര്ത്തൃകേന്ദ്രത്തിന്റെ ഇടപെടലുകളെ കാണുന്ന ഉത്തരാധുനികരേയും ഇവിടെ ഓര്ക്കാം. ദൈവം നമ്മെ ഒഴിഞ്ഞു പോകുന്നില്ലെന്നു പറയാനാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. സര്വ്വശക്തനും സര്വ്വാധികാരിയും എല്ലാറ്റിന്റേയും കേന്ദ്രവുമായ ദൈവമാണിത്. കോപിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവം. പഴയനിയമത്തിലെ ദൈവമാണിത്. രണ്ടു സഹസ്രാബ്ദങ്ങള് കഴിഞ്ഞിട്ടും ക്രൈസ്തവസഭയുടെ ദൈവബോധം നവീകരിക്കപ്പെട്ടിട്ടില്ല. അധികാരത്തിനു പകരം സ്‌നേഹത്തെ പകരം വച്ച ക്രിസ്തു ഇപ്പോഴും അകലെയാണ്. പഴയ നിയമം പുതിയ നിയമത്തിനു മുകളില് നില്ക്കുന്നു; ഇപ്പോഴും. ദൈവം സ്‌നേഹമാണെന്നത് ഒരു പരസ്യവാക്യത്തിന്നപ്പുറത്തേക്ക് ജീവിതത്തിന്റെ സന്ദേശമായി സഭ പോലും ഉള്ക്കൊണ്ടിട്ടില്ല. പിതൃഅധികാരത്തില് സ്‌നേഹം പ്രവര്ത്തിക്കുന്നുണ്ടോ? ജോജിയുടെ അപ്പനില് സ്‌നേഹം പ്രവര്ത്തിക്കുന്നുണ്ടോ? അധികാരം കൊണ്ട് നിര്ണ്ണയിക്കപ്പെടുന്ന സ്‌നേഹം ഉപാധികളുള്ള സ്‌നേഹമാണ്. പിതൃഅധികാരത്തിനെതിരായ ശബ്ദം പോള് തേലക്കാട്ടില് നിന്നും ഉയരാത്തത് സ്‌നേഹത്തെ നിരുപാധികമായി കാണാത്തതു കൊണ്ടാണ്. സ്‌നേഹം പിതൃഅധികാരത്തിനു കീഴ്‌പ്പെട്ടു നില്ക്കുന്നതു കൊണ്ടാണ്. പിതൃഅധികാരത്തിനെതിരായ വിമര്ശം മതാത്മകതക്കെതിരായ വിമര്ശമാണ്, മതത്തിന്റെ മൗലികമൂല്യങ്ങളിലേക്ക് ആരും ഉയരുന്നില്ല എന്ന വിമര്ശം; ഒരു പക്ഷേ ചലച്ചിത്രത്തിലെ കഥാപാത്രങ്ങളേക്കാളുപരി സഭയുടെ ഇന്നത്തെ സ്ഥിതിക്കെതിരായ വിമര്ശം കൂടിയാണത്, ഫാദര് മുന്നോട്ടു വയ്ക്കുമ്പോഴും മതാത്മകതയുടെ പരിമിതികള്ക്കുള്ളില് നിന്നുകൊണ്ടേ അദ്ദേഹത്തിനു എഴുതാന് കഴിയൂ.
തിന്മയുടെ അസാധാരണത്വത്തിന്റെ മനുഷ്യനായും കുറ്റബോധത്താല് പിടിക്കപ്പെടാത്തവനുമായി ജോജിയെ കാണുന്ന ഫാദര് അവന് പരിചയിച്ച കുറ്റവാളിയല്ലെന്നു കൂടി കണ്ടെത്തുന്നു. ജോജിയെ നയിക്കുന്ന തനതും അനിവാര്യവുമായ ഗുണങ്ങളാണ് അവനെ കൊലയാളിയാക്കുന്നതെന്ന വായനക്ക് വലിയ സാംഗത്യമില്ല. അപ്പന്റെ മരണം ആ കുടുംബത്തിന്റെ മുഴുവന് വികാരമാണ്. ബിന്സിയാണോ ജോജിയാണോ കുറ്റവാളിയെന്ന ചോദ്യമുന്നയിക്കുന്ന നിരവധി നിരൂപണങ്ങള് ഇതിന്നകം പുറത്തുവന്നിട്ടുണ്ട്. ജോജിയെ പിതാവിന്റെ കൊലയിലേക്കു നയിക്കുന്നതില് ബിന്സിയുടെ പ്രേരണ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അവള് പനച്ചേല് തറവാട്ടിലെ ലേഡി മാക്ബത്ത് തന്നെ! എന്നാല്, ബിന്സി കുറ്റബോധത്തിലേക്കോ നിശാടനങ്ങളിലേക്കോ നയിക്കപ്പെടുന്നില്ല!
'നിന്റേം കൂടി വീടല്ലേടാ, ആരോടു ചോദിക്കാനാ, കേറ്റിയങ്ങു കെട്ടണം.'
'നല്ല കാലം മുഴുവന് നിനക്കൊക്കെ ഈ സ്ലാബിന്റെ പുറത്തിരുന്നു കഴിക്കാനാടാ വിധി.'
'മരിച്ചവരാരും ഇനി തിരിച്ചു വരില്ല. ജീവിച്ചിരിക്കുന്നവരെ സൂക്ഷിച്ചാല് മതി'
ബിന്സിയുടെ സംഭാഷണങ്ങളില് ജോജിയ്ക്കുള്ള പ്രേരണകള് നമുക്കു കേള്ക്കാം. അപ്പന് ചാകണമെന്ന് നിങ്ങളും ആഗ്രഹിച്ചിട്ടില്ലേയെന്നു ഭര്ത്താവായ ജെയ്‌സനോടും അവള് ചോദിക്കുന്നുണ്ട്. അവന് മൗനം കൊണ്ടാണ് മറുപടി പറയുന്നത്. കുട്ടപ്പന്റെ പണം അയാള് അറിയാതെ കൈമാറ്റം ചെയ്ത് കൊരിയറില് തോക്കു വരുത്തുന്ന കൊച്ചുമകനില് പോലും എന്താണ് പ്രവര്ത്തിക്കുന്നത്?
ജോജിയുടെയോ മറ്റാരുടെയെങ്കിലുമോ സ്വഭാവദൂഷ്യത്തെ കുറിച്ചോ തിന്മയോടുള്ള ആഭിമുഖ്യത്തെയോ കുറിച്ചു പറയുന്നതിനു മുമ്പ് ദുഷിച്ച പിതൃഅധികാരത്തെ കുറിച്ചു പറയേണ്ടിയിരിക്കുന്നു. ഫാദറിന് അതു നിര്വ്വഹിക്കാനാവുന്നില്ല!
സിനിമയില് സംഭവിക്കുന്നത് പ്രേതാവാസവും അതിന്റെ ഭയവും വിറയലുമാണെന്ന് എഴുതുന്ന ഫാദര് പോള് തേലക്കാട്ട് സിനിമയ്ക്ക് വ്യത്യസ്തമായ ഒരു വ്യാഖ്യാനം നല്കുന്നു. ഇതോ ചലച്ചിത്രത്തിന്റെ മറ്റു നിരൂപണങ്ങളില് നിന്നും വ്യത്യസ്തമായി മാക്ബത്തിനോടൊപ്പം കാരമസോവ് സഹോദരന്മാരെ കൂടി തന്റെ വികലനത്തിലേക്കു കൊണ്ടുവരുന്നുവെന്ന പുതുമയുമുണ്ട്. ദാര്ശനികത നിറഞ്ഞു നില്ക്കുന്ന ലേഖനം സാധാരണ ചലച്ചിത്രനിരൂപണങ്ങളില് നിന്നും വ്യത്യസ്തമായിരിക്കുന്നു!
No comments:
Post a Comment