അയ്യപ്പപണിക്കരുടെ 'കണിക്കൊന്ന' (പൂക്കാതിരിക്കാനെനിക്കാവതില്ലേ..) എന്ന കവിതയിലെ വാക്കുകളെല്ലാം വേനലിലെ പൂമരം കാഴ്ച വയ്ക്കുന്ന സൗന്ദര്യപൂരത്തെ ആവാഹിച്ചെടുക്കുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്ന അതിന്റെ സ്വത്വത്തെ പ്രകാശിപ്പിക്കുകയാണ്. സ്വത്വപ്രകാശനത്തിന്റെ വിവിധതലങ്ങളെ ഇത്രമേല്‍ ലളിതമായി, സൗന്ദര്യത്തോടെ സാകല്യത്തില്‍ അവതരിപ്പിക്കുന്ന മലയാളഭാഷാഖ്യാനങ്ങള്‍ വേറെയില്ല. കണിക്കൊന്നയുടെ മനസ്സിന്നാഴത്തില്‍ കുടികൊള്ളുന്ന സ്വത്വബോധം സ്വാഭാവികമായി പുറത്തേക്കു പ്രവഹിക്കുകയാണ്. നൈസര്‍ഗ്ഗികമാണത്. സ്വയമേവം അതു പ്രവര്‍ത്തിക്കുന്നു; പരപ്രേരണകളില്ലാതെ, അയത്‌നലളിതമായി, അചോദകമായി. അടക്കാനും മറയ്ക്കാനും വയ്യാതെ സ്വത്വത്തെ പ്രകാശിപ്പിച്ചു പാടുകയാണ്, കണിക്കൊന്ന. പൂക്കുകയെന്ന തനതും ജൈവികവുമായ പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കാനേ കഴിയുന്നില്ലെന്ന്, ഏക വഴി സ്വത്വത്തെ ഇങ്ങനെ വെളിപ്പെടുത്തുകയെന്നതു മാത്രമാണെന്ന് കണിക്കൊന്ന പാടുന്നു. കലയില്‍ സ്വത്വപ്രകാശനത്തിന്റെ പ്രാധാന്യത്തെ അറിയുന്നവന്റെ കവിതയാണിത്.
ഈ സ്വത്വപ്രകാശനത്തില്‍ കാലത്തിന്റെ ഭാവവും പങ്കു വഹിക്കുന്നുണ്ട്. വിഷുക്കാലമെത്തുമ്പോഴേക്കുമാണ് കൊന്ന പൂക്കുന്നത്. വിയല്‍പക്ഷിയുടെ കാലം. കണിക്കൊന്ന ഏതോ വികാരാവേഗത്തില്‍ പെട്ടു പോകുന്നു. ഇരുള്‍ത്തൊപ്പി പൊക്കി പ്രഭാതം ചിരിക്കുമ്പോള്‍, പുലര്‍ച്ചയില്‍ കുളിര്‍കാറ്റു വീശുമ്പോള്‍ കൊന്നയുടെ മേനീഞരമ്പുകള്‍ തിക്കിത്തിരക്കുന്നു, കൊമ്പുകളിലെങ്ങും പൂവിടര്‍ത്താന്‍. വേനലിന്റെ ഉഗ്രതാപത്തില്‍ ഹരിതമെല്ലാം മറഞ്ഞു പോകുമ്പോളാണ് മരമാകെ മഞ്ഞപ്പൂക്കള്‍ നിറയുന്നത്. ജനിതകമായതിനെ ത്വരിപ്പിക്കുന്ന പാരിസ്ഥിതികത്തെയും എഴുതുകയാണ് കവി. യാഥാര്‍ത്ഥ്യം ജനിതകത്തിന്റേയും പാരിസ്ഥിതികത്തിന്റേയും സംഗമത്തിലൂടെ, കൂടിച്ചേരലിലൂടെ ഉരുവം കൊള്ളുന്നുവെന്ന് കവിയും അറിയുന്നു. അങ്ങനെ കവിയിലെ ശാസ്ത്രജ്ഞന്‍ കൂടി കവിതയില്‍ പ്രകാശിതമാകുന്നു. കൊന്നയുടെ പൂവിടലില്‍, ജീവിതത്തില്‍ തന്നെ, ഋതുക്കളുടേയും കാലത്തിന്റേയും ഇടപെടല്‍ യാദൃച്ഛികഘടകങ്ങളുടെ സാന്നിദ്ധ്യത്തെ കാണിക്കുന്നു. പ്രകൃതിയിലെ ഏതൊരു പ്രക്രിയയും അനിവാര്യതയുടേയും യാദൃച്ഛികതയുടേയും വൈരുദ്ധ്യാത്മകമായ സംയോഗമാണെന്ന് ഈ കവിത കാണുന്നുണ്ട്.
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധിയെന്നു ഖേദിക്കുമ്പോഴും തന്റെ മഞ്ഞവര്‍ണ്ണത്തിന്റെ പ്രകീര്‍ത്തനത്തില്‍ മുഴുകുന്നു, കൊന്ന.
വധുവിനെയൊരുക്കാനെടുക്കുന്ന മഞ്ഞള്‍
നിറത്തില്‍ നിറയ്ക്കുന്ന ശൃംഗാരവര്‍ണ്ണം.
കടക്കണ്ണെറിഞ്ഞാല്‍ പിടിച്ചിങ്ങെടുക്കാന്‍
തരിക്കുന്ന വ്യാമോഹ താരുണ്യവര്‍ണ്ണം.
കല്യാണമന്ത്രം പൊഴിക്കുന്ന വര്‍ണ്ണം
കളകളം പാടിക്കുണുങ്ങുന്ന വര്‍ണ്ണം
താനേ മയങ്ങിത്തിളങ്ങുന്ന വര്‍ണ്ണം
വേറുള്ളതെല്ലാം തിളക്കുന്ന വര്‍ണ്ണം
പകല്‍ നേര്‍ത്തു നേര്‍ത്തീക്കടല്‍മാല ചാര്‍ത്തു-
ന്നൊരന്തിച്ചുകപ്പിന്നകമ്പടി വര്‍ണ്ണം.
ആ വര്‍ണ്ണം കൊണ്ടു തിളങ്ങുന്ന തന്റെ പൊന്മേനിയെ പാടുന്നു, മഞ്ഞപ്പൂവൃക്ഷം. കൊന്നപ്പൂവിതളിനെ താലിയുടെ രൂപകമായി കല്‍പ്പന ചെയ്യുകയും മേടത്തിലെ കൊന്ന പൂത്താലിയാടിക്കളിച്ചു നില്‍ക്കുന്നതായി പറയുകയും ചെയ്യുന്നു. ഇവിടെ കവിയുടെ പ്രത്യയശാസ്ത്രവും കവി ഇഷ്ടപ്പെടുന്ന സവര്‍ണ്ണമായ സാംസ്‌കാരികലോകവും വെളിപ്പെടുന്നുണ്ടെന്നു കണ്ടെത്തുന്നവരുണ്ടാകും. സ്വര്‍ണ്ണവര്‍ണ്ണപ്രകീര്‍ത്തനത്തെ സ്വര്‍ണ്ണത്തോടും സവര്‍ണ്ണതയോടും ബന്ധിപ്പിക്കാനുള്ള വഴികളുണ്ട്. കാവ്യഭാഷ; രൂപകങ്ങള്‍, പ്രത്യയശാസ്ത്രം തന്നെയെന്നതിനു തെളിവുമാകാം ഇത്.
കൊന്നയുടെ വികാരാവേഗങ്ങളെ പാടുന്ന കവിതയില്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്നപ്പുറം ചിന്തയെ ഉത്തേജിപ്പിക്കുന്ന ഒരു പരോക്ഷലോകം ധ്വനിക്കുന്നുണ്ട്. അസ്തിത്വത്തിന്റെ അവര്‍ണ്ണനീയമായ പ്രകൃതത്തിലേക്ക് ക്ഷണിക്കുന്നു, അത്. ഈ വികാരാവേഗം അനിവാര്യമായ എന്തൊന്നിന്റെയോ ഫലമാണെന്ന സൂചന കവിതയിലുണ്ട്. 'ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി' എന്ന വരിയില്‍ ഈ അനിവാര്യത അതിന്റെ സമ്പൂര്‍ണ്ണരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. മഞ്ഞ നിറത്തില്‍ മാത്രം സ്വയം വിടരുന്ന വൃക്ഷം 'എനിക്കാവതില്ലേ പല വര്‍ണ്ണമാകാന്‍' എന്നു ചൊല്ലുമ്പോള്‍ അനിവാര്യതയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ ഉറപ്പിക്കപ്പെടുന്നു. സൂക്ഷ്മതലത്തില്‍, സ്വത്വത്തെ അനിവാര്യതയായി കാണുന്ന വിചാരമാണിത്. സ്വത്വത്തെ പാരമ്പര്യവുമായോ ജനിതകദ്രവ്യവുമായോ ബന്ധിപ്പിക്കുന്നതാണെന്നും വിപുലീകരിച്ചു പറയാം. പാരിസ്ഥിതികഘടകങ്ങളുടെ പങ്കിനെ കവി അറിയുന്നുവെന്ന മുന്‍ നിരീക്ഷണത്തെ സ്വീകരിക്കാമെങ്കിലും കവിതയുടെ ഊന്നല്‍ ജനിതകത്തിലാണെന്നു പറയേണ്ട പ്രകരണമാണിത്. പ്രകൃതിയിലെ അനിവാര്യഘടകങ്ങളുടെ അസ്തിത്വത്തെ ഉറപ്പിക്കുന്ന പാഠാവിഷ്‌ക്കാരമായി കവിതയെ വായിക്കാം. അനിവാര്യത, പാരമ്പര്യം, ജനിതകം എന്നീ വാക്കുകള്‍ക്കെല്ലാം തുറക്കാന്‍ കഴിയുന്നതായി 'വിധി' എന്ന വാക്ക് പ്രത്യക്ഷമാകുന്നു. യാഥാസ്ഥിതികത്വത്തിന്‍റെ മേളനമായും ഇതു വായിക്കപ്പെടാം. 'എനിക്കാവതില്ലേ പല വര്‍ണ്ണമാകാന്‍' എന്ന വരികളില്‍ പരിമിതികളുടെ സ്വയം തിരിച്ചറിവുമുണ്ട്. എന്നാല്‍, ഏകവര്‍ണ്ണം തന്നെ സൃഷ്ടിക്കുന്ന സൗന്ദര്യലോകത്തെ കുറിച്ചുള്ള വിശ്വാസം അകമേ സൂക്ഷിക്കപ്പെടുന്നുമുണ്ട്.
കൊന്നയുടെ ജീവചരിത്രം കവിതയില്‍ എഴുതുന്നു. ഓരോ ഋതുവിലും വരുന്ന ഭാവപ്പകര്‍ച്ചകള്‍, നേരിട്ട നോവുകള്‍, നേടിയ സാഫല്യം...എല്ലാം. ഇമ പൂട്ടി, ഉണരാതെ, ഉണര്‍ന്നാലും ഇമ തുറക്കാതെ, തുറന്നാലും ആരും കാണാതെ, തങ്ങളുടെ ഗുണത്തിനായി സ്വര്‍ണ്ണവര്‍ണ്ണത്തെ കണി കാണുന്നതിന്നായി കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകള്‍ക്കു വേണ്ടി കൊന്ന മഞ്ഞയണിയുന്നു.
കവിത അപ്പാടെ ഒരു സൗന്ദര്യപൂരമാണ്. പച്ചിലകളില്ലാത്ത വൃക്ഷത്തില്‍ മഞ്ഞപ്പൂക്കളുടെ ആഘോഷം. ലാവണ്യാത്മകതയോടുള്ള കവിമനസ്സിന്റെ ആഭിമുഖ്യം കൂടി കവിതയിലെമ്പാടും വായിക്കാം.
No comments:
Post a Comment