Wednesday, November 30, 2022

ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍


കുറേ നാളുകളായി മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു പംക്തി കാണുന്നു. എന്റെ ആഴ്ചപതിപ്പ്. മാതൃഭൂമിയുടെ നവതിയുടെ ഭാഗമായി ആരംഭിച്ച പംക്തിയാണ്. എഴുത്തുകാര്‍ അവരുടെ ആഴ്ചപതിപ്പ് അനുഭവങ്ങള്‍ എഴുതുന്നു. എനിക്കു താല്‍പ്പര്യമുള്ള ചിലര്‍ എഴുതിയ ലേഖനങ്ങള്‍ ഞാന്‍ വായിച്ചു. അങ്ങനെയൊരു ലേഖനം ആവശ്യപ്പെട്ടിട്ടുണ്ടെന്നു ചില എഴുത്തുകാര്‍ എന്നോടു പറഞ്ഞു. എഴുതുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തവരും ഉണ്ട്. ഈ പംക്തി മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം സ്വയം തന്നെ ഒരു പരസ്യം ചെയ്യലും സ്വാഭിമാനം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗവുമാണ്. എനിക്കെന്താണ് മാതൃഭൂമി ആഴ്ചപതിപ്പെന്ന് ഞാന്‍ ആലോചിക്കുന്നത് ഈ പംക്തി കണ്ടതുകൊണ്ടു കൂടിയാണ്. ഇപ്പോള്‍, മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഭാഗത്തു നിന്നും എന്നോട് ഇങ്ങനെയൊരു ലേഖനം ചോദിക്കാനുള്ള സാദ്ധ്യതകളില്ല. എഡിറ്റര്‍ സ്ഥാനത്തു നിന്നും കമല്‍ റാം സജീവിന്റെ രാജിക്കു ശേഷം മാതൃഭൂമി ആഴ്ചപതിപ്പുമായുള്ള ബന്ധം നല്ല നിലയിലല്ല. കമല്‍ റാമിനും ഹരീഷിനും പിന്തുണ നല്‍കിക്കൊണ്ട് സാമൂഹികമാദ്ധ്യമങ്ങളിലും ചില ആനുകാലികങ്ങളിലും ഞാന്‍ നടത്തിയ ഇടപെടലുകള്‍ സ്വാഭാവികമായും ആ മാദ്ധ്യമസ്ഥാപനത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍, മാതൃഭൂമി ആഴ്ചപതിപ്പിനു പുറത്ത് 'എന്റെ മാതൃഭൂമി ആഴ്ചപതിപ്പ്'എനിക്ക് എഴുതാന്‍ കഴിയും. അതാകട്ടെ, കുറേക്കൂടി തുറന്നതും ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാത്തതും ആയിരിക്കും. ഇത് അങ്ങനെയൊരു എഴുത്താണ്. 

വീട്ടില്‍ മാതൃഭൂമി പത്രമാണ് വരുത്തിയിരുന്നത്. കുടയത്തുരിലെ വാടകവീട്ടില്‍ (ഊളാനിയില്‍) താമസിക്കാന്‍ തുടങ്ങുമ്പോഴേ പത്രത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നുള്ളൂ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നതു  മുതലാണ് കുടയത്തൂരില്‍ താമസിക്കുന്നത്.*  ഇപ്പോള്‍ സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയിലുള്ള കെ.പി.മേരിയുടെ പിതാവ് പൗലോസ് ചേട്ടനാണ് ഞങ്ങള്‍ക്കു പത്രം നല്‍കിയിരുന്നത്. എട്ടു കിലോമീറ്റര്‍ അകലെയുള്ള മുട്ടത്തു നിന്നും പത്രക്കെട്ടുമായി സൈക്കിളില്‍ പൗലോസ് ചേട്ടന്‍ വരും. പൗലോസ് ചേട്ടന്‍ വരാന്‍ താമസിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹത്തേയും കാത്ത് ഗേറ്റുപടിയില്‍ നിന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. പത്രത്തില്‍ സിനിമാപരസ്യം വരുന്ന പേജുകളായിരുന്നു അന്നത്തെ ആകര്‍ഷണം.


രണ്ടു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ കുടയത്തൂരില്‍ തന്നെ വീടു വച്ചു സ്ഥിരതാമസമാക്കുമ്പോള്‍ പത്രക്കാരനും മാറുന്നു. അയല്‍പക്കക്കാരനായ രാഘവന്‍ ചേട്ടന് പത്ര ഏജന്‍സി ഉണ്ടായിരുന്നു. ഇപ്പോള്‍, അവിടെ നിന്നും മാതൃഭൂമി പത്രം എത്തി. അക്കാലത്തെ മിക്കവാറും എല്ലാ പ്രമുഖ പത്രങ്ങളുടേയും വാരികകളുടേയും ഏജന്‍സി അദ്ദേഹത്തിനുണ്ടായിരുന്നു. രാഘവന്‍ ചേട്ടന്റെ വീട് വായനയ്ക്കുള്ള സാമഗ്രികളുടെ ഒരു സ്രോതസായി മാറി. വാരികകളുടെയും മറ്റും പഴയ ലക്കങ്ങള്‍ (ചിലപ്പോള്‍ പുതിയ ലക്കങ്ങളും) വായനക്കായി വീട്ടിലെത്തി. ജനയുഗം, സിനിരമ, മനോരാജ്യം, മനോരമ, ചിത്രകാര്‍ത്തിക, മലയാളനാട്, കുങ്കുമം, ഫിലിം മാഗസിന്‍, കലാകൗമുദി... എല്ലാം വായിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മാതൃഭൂമി ആഴ്ചപതിപ്പിന്റെ വായനയും ഇപ്പോഴാണ് ആരംഭിക്കുന്നത്. അരവിന്ദന്‍ വരയ്ക്കുന്ന കാര്‍ട്ടൂണ്‍ മുഴുവനും കാണുകയും വായിക്കുകയും ചെയ്യുമായിരുന്നെങ്കിലും മനോരമയിലെ ബോബനും മോളിയും പോലെ പെട്ടെന്ന് ആകര്‍ഷിക്കുന്നില്ല. മാതൃഭൂമി ആഴ്ചപതിപ്പില്‍ വരുന്ന ഇല്ലസ്‌ട്രേഷനുകള്‍ മനോരാജ്യത്തിലെ വരകള്‍ പോലെയോ മനോരമയിലെ ഫോട്ടോകള്‍ പോലെയോ പെട്ടെന്ന് ആകര്‍ഷിക്കുന്നില്ല. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളായിരിക്കണം ആദ്യമായി മുഴുകി വായിച്ചത്. ദുര്‍ഗാപ്രസാദ് ഖത്രിയേയും നീലകണ്ഠന്‍ പരമാരയേയും തേടി കുടയത്തൂരിലെ പബ്ലിക് ലൈബ്രറിയിലേക്കു പോകാന്‍ പ്രേരിപ്പിച്ചതും കോട്ടയം പുഷ്പനാഥായിരിക്കണം.** രാഘവന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും കിട്ടിയിരുന്ന വാരികകളും കുടയത്തൂരിലേയും കാഞ്ഞാറ്റിലേയും പബ്‌ളിക് ലൈബ്രറികളുമാണ് എന്റെ ആദ്യകാലവായനയെ പോഷിപ്പിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന എം.എം. മേനോന്റെ 'എണ്ണ' എന്ന നോവല്‍ അച്ഛന്‍ താല്‍പ്പര്യപൂര്‍വ്വം വായിക്കുന്നതും മറ്റുമാണ് ഇതിലെന്തോ കാര്യമുണ്ടെന്ന തോന്നലുണ്ടാക്കുന്നത്. അമ്പലമുകള്‍ എന്ന സ്ഥലത്ത് എണ്ണ ശുദ്ധീകരണശാല വരുന്നതുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ആ നോവലിന്റേത്. നന്തനാര്‍ രചിച്ച ഒരു നോവലോ എം.എം. മേനോന്റെ 'എണ്ണ' എന്ന നോവലോ ആയിരിക്കണം ആദ്യം ആഴ്ചപതിപ്പിലൂടെ വായിച്ചത്. തന്റെ വീട്ടില്‍ ചായയുണ്ടാക്കുന്നതിനായി അയല്‍പക്കത്തെ വീട്ടിലെ ചായച്ചണ്ടി എടുക്കാന്‍ പോകുന്ന കൗമാരക്കാരനെ എഴുതുന്ന നന്തനാറുടെ നോവലിന്റെ പേര് 'അനുഭവങ്ങള്‍' എന്നായിരുന്നില്ലേ?



ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ 'വരിക്കാരനാ'കുന്നത് ഒന്നാം വര്‍ഷ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. സാഹിത്യത്തോടും മറ്റും താല്‍പ്പര്യമുള്ളവര്‍ ആഴ്ചപതിപ്പിനോടു കാണിച്ചിരുന്ന ആഭിമുഖ്യങ്ങള്‍ എനിക്കും ഉണ്ടായിരുന്നിരിക്കണം. 1980 ജനുവരിയിലെ ആദ്യലക്കം മുതല്‍ എല്ലാ ലക്കങ്ങളും എന്റെ ശേഖരത്തിലുണ്ടായിരുന്നു. കോളേജിലേക്കുള്ള യാത്രക്കും ചെറിയ ചെലവുകള്‍ക്കും ഫീസിനുമായി അമ്മ നല്‍കുന്ന പണത്തില്‍ നിന്നും നീക്കിവച്ചാണ് പഠനകാലത്ത് ആഴ്ചപതിപ്പ് വാങ്ങിയിരുന്നത്. അന്നു ആഴ്ചപതിപ്പിന്റെ വില ഒരു രൂപയായിരുന്നു. എന്‍.വി. കൃഷ്ണവാരിയര്‍ എഡിറ്ററായിരുന്ന കാലം. എന്‍.വി.യുടെ ഒരു പേജ് എഡിറ്റോറിയല്‍ ലേഖനം ഉണ്ടാകും. ഞാന്‍ സൂക്ഷിച്ചുവയ്ക്കാന്‍ തുടങ്ങുന്ന ആദ്യലക്കത്തിന്റെ എഡിറ്റോറിയലിന്റെ ശീര്‍ഷകം 'എണ്‍പതുകള്‍' എന്നായിരുന്നു. പുതിയ ദശകം തുടങ്ങുകയാണ്, അത് എണ്‍പതുകള്‍ എന്നറിയപ്പെടും എന്നോ മറ്റോ പറഞ്ഞുകൊണ്ടാണ് ആ എഡിറ്റോറിയല്‍ ആരംഭിച്ചിരുന്നത്. 1980 മുതലുള്ള ലക്കങ്ങള്‍ നമ്പറിട്ടു സൂക്ഷിച്ചു വച്ചിരുന്നു. 1996ല്‍ മലപ്പുറത്തേക്കു താമസം മാറ്റുമ്പോള്‍ അപ്പോള്‍ വരെ സൂക്ഷിച്ചിരുന്ന എല്ലാ ലക്കങ്ങളും പെരുമ്പാവൂരിലെ ബഹുജനവിദ്യാകേന്ദ്രത്തിനു കൈമാറി. പിന്നെയും ആഴ്ചപതിപ്പ് ക്രമത്തില്‍ അടുക്കി സൂക്ഷിക്കുന്നതു തുടര്‍ന്നു. 2019ല്‍ പാലക്കാടു നിന്നും തൃശൂരിലേക്കു താമസം മാറുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ആഴ്ചപതിപ്പിന്റെ എല്ലാ ലക്കങ്ങളും കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജിന്റെ മലയാളം വകുപ്പിനു കൈമാറി. ഉഷാകുമാരി ടീച്ചര്‍ അയച്ച ഒരു വിദ്യാര്‍ത്ഥി ഒരു മിനി ലോറിയിലാണ് കെട്ടുകളാക്കി അതു കോളേജിലേക്കു കൊണ്ടുപോയത്. 


ഞാന്‍ എഴുതിയ വാക്കുകള്‍ ആദ്യം അച്ചടിമഷി പുരളുന്നതും മാതൃഭൂമി ആഴ്ചപതിപ്പിലൂടെയാണ്. ഒന്നാം വര്‍ഷ എംഎസ്സിക്കു പഠിക്കുമ്പോളാണ്, അത്. വായനക്കാരനെഴുതിയ ഒരു കത്തായിരുന്നു. സച്ചിദാനന്ദന്‍ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് എഴുതിയ ലേഖനത്തോടുള്ള ഒരു പ്രതികരണം. കെ.സി. നാരായണന്‍ ആയിരുന്നു അപ്പോള്‍ ആഴ്ചപതിപ്പിന്റെ എഡിറ്റര്‍.*** ആദ്യമായി ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി പത്രത്തിലാണ്. അത് ഒരു ശാസ്ത്രലേഖനമായിരുന്നു. ഏകധ്രുവകാന്തങ്ങളെ കുറിച്ച് എന്ന ശീര്‍ഷകത്തില്‍. മാഗ്നറ്റിക് മോണോപോള്‍സിനെ കുറിച്ച് സയന്‍സ് റിപ്പോര്‍ട്ടറില്‍ വന്ന ഒരു ലേഖനത്തിലെ ആശയങ്ങള്‍ ഉപയോഗിച്ച് സ്വതന്ത്രമായി എഴുതിയതായിരുന്നു ആ ലേഖനം.  75 രൂപ പ്രതിഫലം കിട്ടി, അതാണ് എഴുത്തിനു കിട്ടുന്ന ആദ്യത്തെ പ്രതിഫലം. സച്ചിദാനന്ദന്‍ സാംസ്‌കാരികനവോത്ഥാനത്തെ കുറിച്ച് ആഴ്ചപതിപ്പില്‍ തുടങ്ങിവച്ച ഒരു ചര്‍ച്ചയോടു പ്രതികരിച്ചുകൊണ്ട് വായനക്കാര്‍ എഴുതിയ നാല് ലേഖനങ്ങള്‍ 1991 ആഗസ്റ്റില്‍ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ആദ്യലേഖനം എന്റേതായിരുന്നു. ആ പ്രതികരണലേഖനത്തിനു കിട്ടുന്ന പ്രതിഫലമാണ് ആഴ്ചപതിപ്പില്‍ നിന്നും ലഭിക്കുന്ന ആദ്യത്തെ പ്രതിഫലം. ഒരു സമ്പൂര്‍ണ്ണലേഖനം ആഴ്ചപതിപ്പില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1993 ഫെബ്രുവരിയിലാണ്. 'തിരിച്ചറിയേണ്ട അവിശുദ്ധബന്ധം' എന്ന ശീര്‍ഷകത്തിലുള്ള ആ ലേഖനം ഒരു രാഷ്ട്രീയലേഖനമായിരുന്നു. ഇന്ത്യയിലെ വര്‍ഗ്ഗീയതയും സാമ്രാജ്യത്വവും പരസ്പരം പോഷിപ്പിക്കുന്നുവെന്നു പറയുന്ന ഒരു ലേഖനമായിരുന്നു അത്. എം.ടിയായിരുന്നു അപ്പോള്‍ എഡിറ്റര്‍. (എം.ടിയുടെ ആഴ്ചപതിപ്പിലെ രണ്ടാമൂഴക്കാലം.) ആ ലേഖനം കൂടി ഉള്‍പ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതായി കാണിച്ച് മാതൃഭൂമി ബുക്‌സില്‍ നിന്നും എനിക്കൊരു കത്തു വന്നിരുന്നെങ്കിലും അങ്ങനെയൊരു പുസ്തകം പുറത്തിറങ്ങിയില്ല. ആ ലേഖനമുള്‍പ്പെടെ എം.ടി, എ സഹദേവന്‍, ടി ബാലകൃഷ്ണന്‍, കമല്‍ റാം സജിവ് എന്നിവരുടെ എഡിറ്റര്‍ഷിപ്പിനു കീഴില്‍ ഞാന്‍ എഴുതിയ മുപ്പതു ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. 1997, 2011 വര്‍ഷങ്ങളിലെ മാതൃഭൂമി വാര്‍ഷികപതിപ്പുകളിലും എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 




എ.സഹദേവന്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നപ്പോള്‍, കെ.പി.അപ്പന്റെ 'ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും' , ഗ്രേസിയുടെ 'നരകവാതില്‍' , പി.വത്സലയുടെ 'വിലാപം' , അയ്യപ്പപണിക്കരുടെ 'ഗോത്രയാനം' , ടി പത്മനാഭന്റെ 'പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്',  ആനന്ദിന്റെ 'ചരിത്രപാഠങ്ങള്‍'  എന്നീ പുസ്തകങ്ങള്‍ ആഴ്ചപതിപ്പിലൂടെ നിരൂപണം ചെയ്യുന്നതിന് എനിക്ക് അയച്ചു നല്‍കുകയും അവയുടെ നിരൂപണങ്ങള്‍ ആഴ്ചപതിപ്പിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. കെ പി അപ്പന്‍ തുടങ്ങിവച്ച ഒരു ചര്‍ച്ചയില്‍ എന്റെ ലേഖനം ആവശ്യപ്പെടുകയും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭാഷാപോഷിണിയില്‍ വന്ന ഒരു ലേഖനത്തിനുള്ള പ്രതികരണം മാതൃഭൂമി ആഴ്ചപതിപ്പിലൂടെ നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. ഇവ കൂടാതെ മൂന്നു സാഹിത്യവിമര്‍ശനലേഖനങ്ങളും വാര്‍ഷികപതിപ്പിലേക്കുള്ള ഒരു ലേഖനവും എ. സഹദേവന്റെ പ്രേരണയില്‍ എഴുതിയിരുന്നു. യു.പി.ജയരാജിന്റെ കഥയെ കുറിച്ച് എഴുതിയ ഒരു പഠനം; ആഴ്ചപതിപ്പിനു നല്‍കിയത്, ആഴ്ചപതിപ്പില്‍ ഒറ്റക്കഥാപഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നതു കൊണ്ട് വാരാന്തപതിപ്പിനു നല്‍കി  പ്രസിദ്ധീകരിപ്പിച്ചതും അദ്ദേഹമായിരുന്നു. (ഭാഷാപോഷിണിയിലും കലാകൗമുദിയിലും വന്ന മൂന്നു ലേഖനങ്ങളെ ഒഴിവാക്കിയാല്‍ ആ കാലയളവില്‍ ഞാന്‍ മാതൃഭൂമിയില്‍ മാത്രമേ എഴുതിയിരുന്നുള്ളൂ) നാലുവര്‍ഷത്തിന്റെ കുറഞ്ഞ കാലയളവില്‍ ഞാന്‍ എഴുതിയ ഇത്രയേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ആ എഡിറ്ററെ എനിക്കു നേരിട്ടു പരിചയമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, തൃശൂരില്‍ നടന്ന ചിന്തരവി അനുസ്മരണപരിപാടിക്കു ശേഷം ഭാരത് ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ച് ഓട്ടോറിക്ഷയില്‍ വളരെ കുറച്ചു സമയം യാത്ര ചെയ്യാനുള്ള അവസരമുണ്ടായി. അപ്പോള്‍, എന്റെ രചനകള്‍ ആഴ്ചപതിപ്പിലൂടെ പ്രകാശിപ്പിച്ചിട്ടുണ്ടെന്നു ഞാന്‍ പറയുമ്പോള്‍ അദ്ദേഹം വേണ്ടത്ര ഓര്‍ക്കുന്നുണ്ടായിരുന്നില്ല. വളരെ നിഷ്‌ക്കാമമായ ഒരു പത്രാധിപപ്രവര്‍ത്തനം! ടി.ബാലകൃഷ്ണന്‍ എഡിറ്ററായിരുന്നപ്പോള്‍, ടി.ആറിനെ അനുസ്മരിക്കുന്ന ലക്കത്തില്‍ ആ കഥാകാരന്റെ ഒരു കഥയെ കുറിച്ചു ഞാന്‍ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.


ഞാന്‍ എഴുതിയ ചില ദീര്‍ഘമായ ലേഖനങ്ങള്‍ ഉള്‍പ്പെടെ വളരെ പ്രാധാന്യത്തോടെ തന്നെ കമല്‍ റാം സജീവ് ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു പുസ്തകനിരൂപണമുള്‍പ്പെടെ എന്റെ 15 ലേഖനങ്ങള്‍ആഴ്ചപതിപ്പിലൂടെയും ഒരു ലേഖനം വാര്‍ഷികപതിപ്പിലൂടെയും അദ്ദേഹത്തിന്റെ പത്രാധിപത്യത്തിന്റെ കാലത്ത് പുറത്തുവന്നു. ചലച്ചിത്രലേഖനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച അടൂരിന്റെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള ലേഖനം അതില്‍ ഉള്‍പ്പെടുന്നു. സച്ചിദാനന്ദന്റെ കവിതകളെ കുറിച്ച് എഴുതിയ ലേഖനത്തിലെ ചില നിരീക്ഷണങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് കവി എനിക്ക് ഒരു മെയില്‍ അയച്ചിരുന്നു. ആറ്റൂരിന്റെ കവിതകളെ കുറിച്ച് ഞാന്‍ എഴുതിയ ലേഖനത്തോട് ആറ്റൂര്‍ വലിയ മതിപ്പു കാണിച്ചു. എന്റെ പേരില്‍ കവി എഴുതിയ ഒരു ഇന്‍ലാന്‍ഡ് ലെറ്റര്‍ കോളേജിലേക്ക് വന്നു. വളരെ നാളുകള്‍ കൂടി എനിക്ക് ലഭിക്കുന്ന ഇന്‍ലാന്‍ഡ് ലെറ്റര്‍ ആയിരുന്നു അത്. ആ കത്തില്‍ അദ്ദേഹത്തിന്റെ സന്തോഷം പങ്കു വച്ചിരുന്നു. രാഗമാലികാപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ആറ്റൂരിനെ ഞാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്‍. എസ്. മാധവന്റെ കഥയെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നതായി അറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ സാധാരണയായി കമല്‍റാം ഒരിക്കലും പ്രകടിപ്പിക്കാത്ത പ്രശംസ അറിയിച്ചിരുന്നു. പാലക്കാട് വിക്‌ടോറിയ കോളേജിലെ മലയാളം വകുപ്പ് സംഘടിപ്പിച്ച ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍.എസ്. മാധവനോട് ആ ലേഖനത്തെ കുറിച്ചു പറയാന്‍ ഞാന്‍ നടത്തിയ ശ്രമത്തെയും എന്നെ തന്നെയും പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടു അദ്ദേഹം നടന്നു പോയി. ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലിനെ കുറിച്ച് ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ ‘മലയാളത്തിലെ ആധുനികതാവാദത്തിന്റെ അവസാനത്തെ കോട്ടകാവല്‍ക്കാരന്‍’ എന്നു വിശേഷിപ്പിച്ചതിലുള്ള എതിര്‍പ്പായിരിക്കണം അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്റ്റീഫണ്‍ ഹോക്കിങിനെ കുറിച്ചഴുതിയ അനുസ്മരണലേഖനം, അരവിന്ദന്റെയും കെ ജി ജോര്‍ജിന്റേയും സിനിമകളെ കുറിച്ചെഴുതിയ ലേഖനങ്ങള്‍, ശാസ്ത്രത്തോടുള്ള ആനന്ദിന്റെ സമീപനത്തെ വിമര്‍ശിച്ചു കൊണ്ട് എഴുതിയ ലേഖനം തുടങ്ങിയവയെല്ലാം പ്രാധാന്യത്തോടെ കമല്‍റാം പ്രസിദ്ധീകരിക്കുകയുണ്ടായി.


ഇതിന്നിടയില്‍, 2005ല്‍ മാതൃഭൂമി ബുക്‌സിലൂടെ 'ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍' എന്ന പുസ്തകം ഒ കെ ജോണിയുടെ മുന്‍കൈയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തെ കുറിച്ച് ടി എന്‍ ജയരാമന്‍ എഴുതിയ റിവ്യൂ ആഴ്ചപതിപ്പിലും വന്നു. മാതൃഭൂമി ബുക്‌സിന്റെ മാനേജരായി നൗഷാദ് ചാര്‍ജില്‍ വന്നതിനു ശേഷം 'ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും വന്നു. ഇപ്പോള്‍ ആ പുസ്തകം വിപണിയില്‍ ലഭ്യമല്ല .


നേരത്തെ സൂചിപ്പിച്ചതു പോലെ ‘മീശ’യെ കുറിച്ചുള്ള വിവാദവും കമല്‍റാമിന്റെ രാജിയും സാമൂഹികമാധ്യമങ്ങളിലൂടെ ഞാന്‍ നടത്തിയ ഇടപെടലുകളും മാതൃഭൂമിയുമായുള്ള ബന്ധത്തെ അകറ്റി. പുതിയ എഡിറ്ററായ സുഭാഷ്ചന്ദ്രനെ നേരിട്ടു പരിചയമുള്ളതാണ്. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ഞാന്‍ മൂന്നു ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍, 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍' എന്ന കഥയെ കുറിച്ച് ഞാന്‍ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ 'കഥകള്‍' എന്ന സമ്പൂര്‍ണ്ണ സമാഹാരത്തിലും 'പറുദീസാനഷ്ടം' എന്ന സമാഹാരത്തിലും ചേര്‍ത്തിരിക്കുന്നതു കാണാം. സുഭാഷ്ചന്ദ്രന്റെ കഥകളെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിലൊന്ന് മലയാളം വാരികയില്‍ ഞാന്‍ എഴുതിയതാണെന്ന് എനിക്കു തോന്നുന്നു. ('ഘടികാരങ്ങള്‍ പറയുന്നത്' എന്ന ലേഖനത്തെ കുറിച്ചുളള ഈ വിശ്വാസം ചിലപ്പോള്‍ വിഡ്ഢിത്തമായിരിക്കാം) ആ ലേഖനം 'കഥയിലില്ലാത്തത്' എന്ന എന്റെ കഥാലേഖനങ്ങളുടെ സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ സുഭാഷ്ചന്ദ്രന്‍ എന്നെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. രണ്ടു പ്രാവശ്യമെങ്കിലും ഞങ്ങള്‍ നേരിട്ടു കണ്ടിരുന്നു താനും. എന്നാല്‍, അദ്ദേഹം മാതൃഭൂമി വാരാന്തപതിപ്പിന്റെ എഡിറ്ററായിരിക്കുന്ന സന്ദര്‍ഭത്തില്‍ കല്‍പ്പറ്റ നാരായണന്റെ കവിതകളെ കുറിച്ച് ഞാന്‍ തയ്യാറാക്കിയ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.  ‘മീശ’ വിവാദത്തിനു ശേഷം അദ്ദേഹം എഡിറ്ററായി വന്നതിനു ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ ഞാന്‍ നടത്തിയ ഇടപെടലുകളിലൂടെ അകലം കൂടുതല്‍ വര്‍ദ്ധിച്ചിരിക്കണം!തൃശൂരിലേക്കു താമസം മാറിയതോടെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ വരിക്കാരനല്ലാതായി. ഇപ്പോള്‍ മഗ്സ്റ്ററിലാണ് ആഴ്ചപതിപ്പ് വായിക്കുന്നത്.

***********************************************************************************
*ഒന്നാം ക്ലാസില്‍ പഠിച്ചത് തൊടുപുഴയിലായിരുന്നു. അപ്പോഴും വാടകക്കായിരുന്നു താമസം. അച്ഛന്‍ വഴി ബന്ധത്തില്‍ പെട്ട ഒരാളുടെ വീട്ടില്‍ തന്നെയായിരുന്നു അത്. വീട്ടുടമസ്ഥര്‍ വരുത്തിയിരുന്ന പത്രം ഞങ്ങളും പങ്കുവയ്ക്കുകയായിരുന്നുവെന്നു തോന്നുന്നു. എഴുത്തുകളരിയിലെ പഠനം വൈക്കത്തിനടുത്ത് അച്ഛന്റെ നാടായ തിരുമണിവെങ്കിടപുരത്തായിരുന്നു.

**ഊളാനിയില്‍ താമസിക്കുമ്പോള്‍ തന്നെ അമ്മയ്ക്കു വായിക്കാനുള്ള പുസ്തകങ്ങള്‍ക്കെന്ന പേരില്‍ ആ ലൈബ്രറിയില്‍ പോകുമായിരുന്നു. അവിടെ വരുത്തിയിരുന്ന സിനിമാമാസികയിലെ ചിത്രങ്ങളായിരുന്നു അന്നത്തെ ആകര്‍ഷണം. 

***പിന്നീട്, മാതൃഭൂമി വാരാന്തപതിപ്പിന്റെ എഡിറ്റര്‍ ആയിരിക്കുമ്പോഴും ഭാഷാപോഷിണിയുടെ എഡിറ്റര്‍ ആയിരിക്കുമ്പോഴും കെ.സി. നാരായണന്‍ എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 


No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...