Friday, January 6, 2023

''ഒച്ച കൂടിയോ ലേശം''


കെ. രാജഗോപാലിന്‍റെ 'പതികാലം' എന്ന കവിത 

മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന ദിവസം തന്നെ 

പല പ്രാവശ്യം വായിച്ചു. 

ആറ്റൂരിനെ കുറിച്ചുള്ള പരാമര്‍ശമായിരുന്നു ആദ്യപ്രചോദനം. 

കവിതയില്‍ നിറയെ ആറ്റൂരുണ്ടായിരുന്നു. 

 ഒരു വൈകുന്നേരം അദ്ദേഹത്തിന്‍റെ രാഗമാലികാപുരത്തെ വീട്ടില്‍ 

ഒരു മണിക്കൂറോളം സമയം ഒറ്റയ്ക്കു ഞങ്ങള്‍ തന്നെ 

സംസാരിച്ചിരുന്നത് ഓര്‍ത്തു. 

ഞാന്‍ അറിഞ്ഞ ആറ്റൂര്‍ രാജഗോപാലിന്റെ കവിതയില്‍

 അതേപടി കണ്ടത് ആശ്ചര്യമായി .

''ഒച്ച കൂടിയോ ലേശം''

''ഇത്ര കൂട്ടണോ കാലം?''

''മീന്‍ പൊള്ളിച്ചതിലുപ്പധികമോ?''

''ഇത്ര കടുപ്പിക്കാനെന്തുണ്ടു കാപ്പിക്കപ്പില്‍ ''

''ഒട്ടധികമാണെല്ലാം എന്നത്രേ,

 താങ്കള്‍ തോതിട്ടി പ്രപഞ്ചത്തെ 

അളന്നിട്ടത് കവിതയില്‍''

രാജഗോപാലിന്റെ കവിതയുടെ കുറേ വായനകള്‍ക്കു ശേഷം 

ഞാന്‍ അതു ചൊല്ലാന്‍ തുടങ്ങി. 

എന്‍റെ ശബ്ദത്തില്‍ ചൊല്ലി ഫോണില്‍ സൂക്ഷിച്ചു.

 രാജഗോപാലിന്‍റെ ഒരു ചിത്രവും ചേര്‍ത്ത് വീഡിയോ ആക്കി. 

ഫേസ്ബുക്കിലും ചില whatsapp കൂട്ടായ്മകളിലും പോസ്റ്റ് ചെയ്തു.

ഫേസ്ബുക്കിലെ കുറിപ്പ് കണ്ട് അൻവർ അലി 

"രാജഗോപാൽ വലിയ കവിയാണ്. 

നിങ്ങൾ അതെഴുതിയത് എത്ര നന്നായി"

എന്ന് കുറിച്ചത് ഓർക്കുന്നു  

കവി ചൊല്ലിയത് ബാര്‍കോഡില്‍ നിന്നും പിടിച്ചെടുത്ത് 

ഞാന്‍ ചൊല്ലിയതോ കവി ചൊല്ലിയതോ  മെച്ചമെന്നു പരിശോധിച്ചു.

ആദ്യം എന്‍റെ ചൊല്ലല്‍ തന്നെ മെച്ചമെന്നു തോന്നി. 

പിന്നെ, കവി തന്നെ മുന്നിലെന്നു ധരിച്ചു.

ഒരു പകൽ മുഴുവൻ ആ കവിതയിലായിരുന്നു.

ഇപ്പോൾ, 'പതികാലം' ആദ്യകവിതയായി ഉൾപ്പെടുത്തി 

ആ പേരിലുള്ള പുസ്തകം  വന്നിരിക്കുന്നു.


രാജഗോപാൽ എന്ന കവിയിൽ കുറച്ച് ആറ്റൂർ ഉണ്ടായിരിക്കണം.

അല്ലെങ്കിൽ ഇത്ര പാകത്തിൽ അദ്ദേഹത്തിന്റെ കവിതയിൽ 

ആറ്റൂർ വന്നിരിക്കുകയില്ലായിരുന്നു.

കുറുക്കിയെടുക്കുന്ന രീതി രാജഗോപാലിനുമുണ്ട് , 

ഒന്നുമധികമാകാതെ എഴുതാനും ഇയാൾ ശ്രദ്ധനാണ് .

'തത്സമയം' എന്ന കവിതയിൽ നാം ഇങ്ങനെ വായിക്കുന്നുണ്ട് 

"ഒരു വെയിലുണക്കിനു വാലമീ നെല്ല് 

ഒരു തിളയ്ക്കധികമീ ചോറിനു വേവ് 

തീ താണുനിൽക്കട്ടെ കാടി,ക്കടുപ്പിൽ 

കുമിള വിരിയാനുണ്ട് തവിടിന്റെ കുന്നിൽ 

ഒരു കൊത്ത് ഇളക്കം കുറവുണ്ട് മണ്ണി-

ന്നൊരു വളം ചെല്ലുവാനുണ്ട് വാഴയ്ക്ക് 

തടമിത്രവേണ്ട , വഴുതനക്കെന്നാൽ

ചെറുകിഴങ്ങിന്നേറ്റമിങ്ങനെ പോരാ

പലതാണ് പാകം ഞങ്ങൾക്ക്; കണ്ടാൽ 

പറയാതിരിക്കാനും ആവി, ല്ലവർക്ക് "

എന്നിങ്ങനെ പാകത്തെ കുറിച്ചുള്ള ആകാംക്ഷകൾ 

ആറ്റൂരിലെന്ന പോലെ ഈ കവിയിലും നന്നായി കാണാം .

സംസ്‌കാരത്തെ കുറിച്ചുള്ള വിചാരങ്ങൾ, 

നാടിന്റെ ചരിത്രത്തെ കുറിച്ചുള്ള അറിവുകൾ 

ഓർമ്മകൾ, ചില ഗൃഹാതുരതകൾ .....   


എന്നാൽ, രാജഗോപാലിന്റെ കവിതയ്ക്ക് 

അയാൾ മാത്രമായി സൃഷ്ടിച്ച  ഒരു താളമുണ്ട്.

ഒരു പ്രത്യക്ഷ കാഴ്ചയിൽ നിന്നും ഒത്തിരിയൊത്തിരി 

അകക്കാഴ്ച്ചകളിലേക്കു കൊണ്ടുപോകുന്ന,

ഭാവനയിൽ നിർമ്മിക്കുന്ന കാഴ്ചകളിലേക്കു കൊണ്ടുപോകുന്ന,

മറ്റിടങ്ങളിലൊന്നും  

അധികമൊന്നും അനുഭവിക്കാത്ത കവിതയുണ്ട്.

കയ്പനാരകം എന്ന കവിതയുടെ ആദ്യഭാഗം നോക്കുക 


"അതിരിൽ മുള്ളുനാരകം 

ആരു നട്ടതാകാം ?


അതിലുടക്കി നീണ്ടുപോകെ 

നിഴൽ വരച്ചതാകാം 

അതിനുമേൽ പറന്ന പക്ഷി 

കൊത്തിയിട്ടതാകാം 


കുടൽ മറിഞ്ഞു പാഞ്ഞ പൂച്ച 

കക്കി വച്ചതാകാം 

അതിനു ചാരി മുതുകുരച്ച 

പോത്ത് നട്ടതാകാം 


പടലു, പാൽമതക്കു നാമ്പു 

തേടി നീണ്ടനാവാൽ 

അതിരുവിട്ട് മേഞ്ഞ പയ്യ് 

നുര പതച്ചതാകാം 


അതിരിൽ ഒറ്റനാരകം 

നട്ടതാരുമാകാം "

നമ്മളെ മറ്റൊന്നായി കാണാൻ പ്രേരിപ്പിക്കുന്ന, 

നമ്മളെ പുതുക്കിപ്പണിയുന്ന 

വാക്കുകൾ കൊണ്ടാണ് ഈ കവി എഴുതുന്നത് 


 "മരുമക്കത്തായം" വായിച്ചപ്പോൾ 

തൃണയംകുടത്തെ വീട്ടിലെ അച്ഛൻപെങ്ങളെ (അപ്പച്ചിയെ)

ഓർത്തു. കുഞ്ഞൂട്ടനും പങ്കജാക്ഷിയും നേരിൽ കാണുമ്പോൾ 

അവരുടെ കണ്ണിൽ നിറഞ്ഞിരുന്ന സ്നേഹത്തെ ഓർത്തു.

പിന്നെ, അച്ഛന്റെ മൃതദേഹത്തിൽ അവർ വീണു കരഞ്ഞ

 46 വർഷം  പഴക്കമുള്ള  രംഗം ഓർത്തു.

"കുരവചേച്ചി"യെ വായിച്ചപ്പോൾ ശാന്തചേച്ചിയെ ഓർത്തു  


ഈ പുസ്തകത്തിൽ 42 കവിതകളുണ്ട്.

ഇതേവരെ പുറത്തിറങ്ങിയവയിൽ 

രാജഗോപാലിന്റെ ഏറ്റവും മികച്ച സമാഹാരം 

ഇതായിരിക്കണം.

ഈ കവിതകളെല്ലാം വായനക്കാരനെ വ്യത്യസ്തമായ 

പല ലോകങ്ങളിലേക്കു കൊണ്ടുപോകുന്നു.


അയാൾ പാഴൊച്ചകൾ കേൾപ്പിക്കാതെ 

കവിതകൾ മാത്രം എഴുതുന്നു.

ആർദ്രതയുള്ള ഈ കവിതയുടെ മണ്ണിൽ 

ചെടികൾ ആർത്തുവളരുന്നു.



No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...