Sunday, January 29, 2023

ഒരു വിവർത്തന പണിശാലയിലെ ചില അനുഭവങ്ങള്‍




കേരളത്തിലെ ഗവേഷണവിദ്യാഭ്യാസരംഗത്തെ കുറിച്ചു പുതിയ വാര്‍ത്തകളും വിമര്‍ശനങ്ങളും നിത്യേനയെന്നോണം സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ? ഭാഷാവിഷയങ്ങളില്‍ മാത്രമല്ല, മാനവികശാസ്ത്രവിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള പഠനത്തിലും ഗവേഷണത്തിലും വലിയ മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു വേണം കരുതാന്‍. ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലെമ്പാടും ഇത്രയുമോ ഇതിലേറെയുമോ, ഏറിയോ കുറഞ്ഞോ, രൂക്ഷമായി ഇതു സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും കാണാവുന്നതാണ്.

 കഴിഞ്ഞ ദിവസങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നാഷണല്‍ ട്രാന്‍സ്ലേഷന്‍ മിഷന്റെ നേതൃത്വത്തില്‍ നടന്ന പണിശാലയിലെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താനും ശാസ്ത്രവിജ്ഞാനം വ്യാപിപ്പിക്കാനും ഉതകുന്ന ചില പുസ്തകങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിക്കാനാണ് ഇത്തരം വിവര്‍ത്തനപണിശാലകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ചില പുസ്തകങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് മൂന്നു ദിവസത്തെ പണിശാല നടന്നത്. എല്‍ എസ് കോത്താരി, എസ് പി തിവാരി എന്നിവര്‍ ചേര്‍ന്നു രചിച്ച 'INSIDE ATOMS' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഞാനും മടപ്പള്ളി ഗവ.കോളേജിലെ ജി ഹരികൃഷ്ണനും ചേര്‍ന്നു പരിശോധിക്കേണ്ടിയിരുന്നത്. സി എസ് ഐ ആര്‍ ഗോള്‍ഡന്‍ ജുബിലി ഇയര്‍ സീരീസില്‍ ഉള്‍പ്പെടുത്തി ആംഗലഭാഷയില്‍ 1996ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണത്. ഇതിനകം മൂന്നു പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി കണികാഭൗതികത്തെ കുറിച്ചുള്ള പുസ്തകമാണിത്. രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ വളരെ വലിയ മുന്നേറ്റങ്ങളുണ്ടായ ഒരു ശാസ്ത്രശാഖയാണിത്. അത്തരമൊരു വിഷയത്തില്‍ നിരന്തരം പുതുക്കി നല്‍കേണ്ട അറിവുകളെ മാറ്റങ്ങളോടെ നവീകരിച്ചു നല്‍കാനുള്ള ഒരു ശ്രമവും ഇല്ലെന്നു മാത്രമല്ല, വിവര്‍ത്തനത്തിലെ പിശകുകള്‍ക്കുപരിയായി അസ്സല്‍ പുസ്തകത്തിലെ ശാസ്ത്രസിദ്ധാന്തപരവും വസ്തുതാപരവുമായ നിരവധി പിശകുകള്‍ കൂടി ഞങ്ങള്‍ക്കു ശ്രദ്ധിക്കേണ്ടി വരുന്ന ഒരു സ്ഥിതിയാണുണ്ടായിരുന്നത്. ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കു മുന്നേ ഇറങ്ങുകയും മൂന്നു പതിപ്പുകളെങ്കിലും ഇംഗ്ലീഷില്‍ പുറത്തിറങ്ങുകയും ഇന്ത്യയിലെമ്പാടും വിതരണം ചെയ്യപ്പെടുകയും ചെയ്ത, ഇന്ത്യയിലെ ശാസ്ത്രഗവേഷണത്തെ മുഴുവന്‍ നയിക്കുന്ന സി എസ് ഐ ആറിന്റെ ഗോള്‍ഡന്‍ ജുബിലി ഇയര്‍ സീരീസില്‍ പെട്ട, ഒരു പുസ്തകത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഉദാഹരണത്തിന്, ശാസ്ത്രസിദ്ധാന്തപരവും വസ്തുതാപരവുമായ ചില പിശകുകള്‍ ശ്രദ്ധിക്കുക.

 “The other experiment which clearly establishes the particle nature of light is the scattering of light by free electrons. Arthur H. COMPTON (1892-1962) observed that when X- rays are scattered by electrons there is a decrease in the wavelength of the X-rays, which is independent of the initial wavelength and is dependent only on the angle of scattering. This is referred to as Compton effect.”കോംപ്ടണ്‍ പ്രഭാവത്തെ കുറിച്ചു പറയുന്ന ഭാഗത്തു നിന്നുള്ള ഈ ഉദ്ധരണിയില്‍ നിന്നും നാം മനസ്സിലാക്കുന്നതെന്താണ്? ഇലക്‌ട്രോണുകളുമായുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി എക്‌സ് കിരണങ്ങളുടെ തരംഗദൈര്‍ഘ്യം കുറയുമെന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, കോംപ്ടണ്‍ പ്രഭാവത്തില്‍, പ്രതിപ്രവര്‍ത്തനത്തിനു ശേഷം എക്‌സ് കിരണങ്ങളുടെ ഊര്‍ജ്ജവും ആവൃത്തിയും കുറയുകയും തരംഗദൈര്‍ഘ്യം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നതെന്ന് ബിരുദതലം വരെയെങ്കിലും ഭൗതികശാസ്ത്രം പഠിച്ചവര്‍ക്ക് അറിയേണ്ടതാണ്.

 “Pauli observed that in the state of an atom specified by a given set of quantum numbers no more than two electrons can be accommodated. If an atom has more than two electrons they have; necessarily to go to states with different quantum numbers. This is referred to: as ‘Pauli’s exclusion principle’ and has been used to explain the arrangement and the properties of different elements in the Periodic Table. This is one of the major achievements of quantum theory of matter.” ഈ ഉദ്ധരണി പോളിയുടെ അപവര്‍ജ്ജനനിയമം വിശദീകരിക്കുന്നതിന് പുസ്തകത്തില്‍ എഴുതിയിരിക്കുന്നതാണ്. ഒരു വ്യവസ്ഥയിലെ രണ്ട് ഇലക്‌ട്രോണുകള്‍ക്ക് (ഫെര്‍മിയോണുകള്‍ക്ക്) ഒരേ ക്വാണ്ടം അവസ്ഥയില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന നിയമമാണിത്. 'രണ്ട് ഇലക്‌ട്രോണുകള്‍ക്ക്' എന്നത് 'രണ്ടിലേറെ ഇലക്‌ട്രോണുകള്‍ക്ക്' എന്ന് തെറ്റായി പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ഒരു ഓര്‍ബിറ്റലില്‍ രണ്ട് ഇലക്‌ട്രോണുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്നതു തന്നെ അവ ഏതെങ്കിലും ഒരു ക്വാണ്ടം നമ്പര്‍ വ്യത്യസ്തമായി സ്വീകരിച്ചു കൊണ്ടാണ് സാദ്ധ്യമാകുന്നത്. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളൊന്നായി പുസ്തകം തന്നെ അവതരിപ്പിക്കുന്ന ഒരു നിയമത്തെ തെറ്റായി പുസ്തകത്തില്‍ പ്രസ്താവിക്കുന്നു!


 “We already know about the gravitational and the electromagnetic interactions. The other two are: ‘strong’ or nuclear interaction and ‘weak’ interaction. There is a fifth force which acts between quarks, the constituents of the nucleons (name for protons and neutrons taken together). Its agent is gluon.”ഈ ഉദ്ധരണിയില്‍ ഭൗതികശാസ്ത്രജ്ഞന്മാര്‍ക്കൊന്നും അറിയാത്ത അഞ്ചാമത്തെ അടിസ്ഥാനബലത്തെ കുറിച്ചു പറയുന്നു! ക്വാര്‍ക്കുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും ശക്തബലമാണെന്നും അതിന്റെ ഏജന്റാണ് ഗ്ലുവോണ്‍ എന്നും പറയേണ്ടിടത്താണ് അഞ്ചാമത്തെ ഒരു ബലം ഉണ്ടെന്ന് എഴുതിയിരിക്കുന്നത്.

 വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനഭൗതികശാസ്ത്രം പഠിപ്പിക്കുന്നതിനും അധികവായനയ്ക്കും നല്‍കുന്ന പുസ്തകത്തില്‍ ഇങ്ങനെയുള്ള പരമാബദ്ധങ്ങള്‍ നിറയ്ക്കാന്‍ സി എസ് ഐ ആര്‍ തന്നെ മുതിരുന്നുവെന്നത് ശാസ്ത്രവിദ്യാഭ്യാസത്തെ കുറിച്ച് താല്‍പ്പര്യപ്പെടുന്നവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ്. ഈ പുസ്തകം രചിച്ച എല്‍ എസ് കോത്താരിയും എസ് പി തിവാരിയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായിരുന്നുവെന്നാണ് പുസ്തകത്തില്‍ കാണിച്ചിരിക്കുന്നത്. ഇത്തരം അബദ്ധങ്ങള്‍ അവര്‍ എഴുതാന്‍ സാദ്ധ്യതയില്ലെന്നു കരുതിയാല്‍, ഏതെങ്കിലും വിദ്യാര്‍ത്ഥികളെ കൊണ്ടോ മറ്റോ എഴുതിപ്പിച്ച പുസ്തകങ്ങള്‍ വേണ്ടത്ര പരിശോധനയില്ലാതെ പ്രസിദ്ധീകരണത്തിനു നല്‍കിയെന്നു കരുതേണ്ടി വരും.ഗൗരവപൂർവം എഴുതപ്പെട്ടിട്ടുള്ള എത്രയോ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ വിവർത്തനത്തിനും  പ്രസിദ്ധീകരണത്തിനും ലഭ്യമാണെന്നിരിക്കെ ഇത്തരം  പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നത് എന്തു മാനദണ്ഡത്തിലാണ് ? 

 ഈ ശാസ്ത്രപുസ്തകം ചുമക്കുന്ന പ്രത്യയശാസ്ത്രഭാരത്തെ കുറിച്ചു കൂടി പറയണം. ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക!“Bohr devoted considerable time to resolve this paradox and came up with his principle of complementarity. According to this principle, two opposite statements (for example, wave and particle aspects) need not be contradictory, but are com-plementary. This principle is perhaps most significant and revolutionary concept of modern physics. In Indian (generally Eastern) philosophy such situations have been dealt with froth very early times and it was realized that the opposite of a deep truth could also be true. We come across statements like Nirguna Brahma (non-space time universe) and Saguna Brahma (space time universe) to denote the same reality. Looked at casually, these two are contradictory terms.” ആധുനികഭൗതികത്തിലെ വിപ്ലവകരമായ സങ്കല്‍പ്പനം എന്ന പേരില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അവതരിപ്പിക്കുന്ന ബോറിന്റെ പരസ്പരപൂരകതത്ത്വം ഇപ്പോള്‍ ക്വാണ്ടം ഭൗതികത്തിലെ ഒരു പ്രധാനപ്പെട്ട തത്ത്വം എന്ന നിലയ്ക്ക് പാഠപുസ്തകങ്ങളിലൊന്നും ഉള്‍ക്കൊള്ളിക്കുന്നതേയില്ല എന്നതാണ് വാസ്തവം. ഒരു കാലത്ത് അനിശ്ചിതത്വനിയമത്തോളം പ്രധാനമായ ഒരു തത്ത്വമായി ബോറും അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരും ഇതിനെ പരിഗണിച്ചിരുന്നുവെങ്കിലും ബോറിന്റെ ഒരു ദാര്‍ശനികനിലപാട് എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഇത് ഏറെയും പരിഗണിക്കപ്പെടുന്നത്. അനിശ്ചിതത്വനിയമം തെറ്റെന്നു തെളിയിക്കപ്പെടുന്ന ഒരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാല്‍ ക്വാണ്ടം ബലതന്ത്രം തകര്‍ന്നു പോകുമെന്നു ശാസ്ത്രജ്ഞന്മാര്‍ കരുതുമ്പോള്‍ ബോറിന്റെ പരസ്പരപൂരകതത്ത്വത്തിന് അങ്ങനെയൊരു പദവിയേയില്ല.“Wave and particle characteristics of an electron are complementary potentialities and any attempt to bring one of the potentialities into focus may commensurate vagueness on the other” ബോറിന്റെ പരസ്പരപൂരകതത്ത്വത്തി്‌ന്റെ ഒരു പ്രസ്താവനയായി ഇതിനെ സ്വീകരിച്ചു കൊണ്ട് പൂര്‍ണ്ണമായും കണികാസ്വഭാവത്തെ ഫോക്കസ് ചെയ്തു കൊണ്ടുള്ള പരീക്ഷണങ്ങള്‍ തരംഗസ്വഭാവത്തെ മനസ്സിലാക്കുന്നതിനെ നശിപ്പിക്കുമോയെന്ന്; മറിച്ചും, അന്വേഷിക്കുന്ന പരീക്ഷണങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരായ ദീപാങ്കുര്‍ ഹോം, പാര്‍ത്ഥാഘോഷ്, ഗിരീഷ് അഗര്‍വാള്‍ എന്നീ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ രൂപപ്പെടുത്തിയ ഒരു പരീക്ഷണം യുതാക്കാ മിസോബുക്കി, യോഷിയുക്കി ഒത്താക്കേ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണശാലയില്‍ പരിശോധിക്കുകയുണ്ടായി. കണികാ, തരംഗസ്വഭാവങ്ങള്‍ പരസ്പരം പൂരിപ്പിക്കുന്നവയോ പരസ്പരം വര്‍ജ്ജിക്കുന്നവയോ അല്ല, ഒരേ സമയം പ്രകടിപ്പിക്കപ്പെടുന്നു എന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. ഇത്തരമൊരു ചരിത്രമുള്ള ബോറിന്റെ ദാര്‍ശനിക നിലപാടിനെ സഗുണബ്രഹ്‌മം, നിര്‍ഗുണബ്രഹ്‌മം എന്ന ദാര്‍ശനികസങ്കല്‍പ്പനങ്ങളെ ന്യായീകരിക്കാന്‍ മാത്രം പുസ്തകത്തില്‍ ഉപയോഗിക്കുന്നത് രചയിതാക്കളുടെ പ്രത്യയശാസ്ത്ര താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്. പുസ്തകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ രീതിയില്‍ പ്രത്യയശാസ്ത്രതാല്‍പ്പര്യങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്.


 നമ്മുടെ വിദ്യാഭ്യാസരംഗം അനഭിലഷണീയമായ പല പ്രവണതകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

3 comments:

ജോജി കണിച്ചേരിൽ said...

സി എസ് ഐ ആറിന്റെ "ഗോള്‍ഡന്‍" ജുബിലി വർഷത്തിന് ശേഷവും ഇമ്മാതിരി പിശകുകൾ ധാരാളമായി പ്രതീക്ഷിക്കാം. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ?

V VIJAYAKUMAR said...

അതു തുടരുകയാണ്.

Anonymous said...

Good 👍

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...