Friday, November 4, 2022

കാടിനു ഞാനെന്തു പേരിടും?





വിനയചന്ദ്രന്‍ 'കാട്' എന്ന കവിത ചൊല്ലുന്നത് കേള്‍ക്കുന്നത് 
പാല സെന്റ്‌തോമസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലാകണം, 
കവിത ചൊല്ലാനായി വിനയചന്ദ്രന്‍ വന്നത്.* 
ആ കവിതയുടെ അര്‍ത്ഥതലങ്ങളല്ല, ശബ്ദതാളങ്ങളും ചൊല്ലലിലെ സവിശേഷതയുമായിരിക്കണം ആദ്യം ആകര്‍ഷിച്ചത്.
 എന്നാല്‍, അന്യൂനമായ എന്തോ അര്‍ത്ഥതലങ്ങള്‍ ഈ കവിതയിലുണ്ടെന്ന അനുഭവവും 
പെട്ടെന്നു തന്നെ നമുക്കുണ്ടാകുന്നു; 
അതു പിടികിട്ടിയില്ലെങ്കില്‍ തന്നെയും. 
പിന്നെ, പല പ്രാവശ്യം 'കാട്' വായിച്ചിരിക്കണം.

ഞാനെന്തുപേരിടും
കാട്ടിലെക്കാരണേന്മാര്‍ക്കെന്തു പേരിടും
...
ഞാനെന്തുപേരിടും
കാട്ടിലെ കൂട്ടുകാര്‍ക്കെന്തു ഞാന്‍ പേരിടും
...
ഞാനെന്തുപേരിടും
കാട്ടിലെ കുട്ടികള്‍ക്കെന്തു ഞാന്‍ പേരിടും
...
കാടിനു ഞാനെന്തു പേരിടും.
എന്നിങ്ങനെ സന്ദേഹങ്ങളുടെയും ആധികളുടെയും പല ഖണ്ഡങ്ങളിലൂടെ കടന്ന്

കാടിനു ഞാനെന്തു പേരിടും;
കാടിനു ഞാനെന്റെ പേരിടും.
എന്ന തീര്‍ച്ചയിലെത്തി പതുക്കെ വ്യാഖ്യാനതലത്തിലേക്കു നീങ്ങി
 
'പേരുകളല്ലയോ സര്‍വ്വചരാചരം
പേരുകള്‍ക്കുള്ളില്‍ പെരുമാളിരിക്കുന്നു.
പേരും പെരുമാളുമൊന്നുതാനല്ലയോ' എന്ന അറിവു നേടി

'ഒന്നുതാനല്ലയോ നിങ്ങളും ഞാനു
മിക്കാടും കിനാക്കളുമണ്ഡകടാഹവും' എന്ന അദ്വൈതസങ്കല്‍പ്പനത്തിലെത്തി ഈശാവാസ്യോപനിഷത്തിലെ ശാന്തിമന്ത്രത്തില്‍ കവിത അവസാനിക്കുന്നു.



പേരിനെ കുറിച്ചുള്ള ആകുലത കവിയുടെ 
വാക്കിനെ കുറിച്ചുള്ള ആകുലതയായിട്ടാണ് 
ആദ്യം നമുക്കു അനുഭവപ്പെടുക! 
അറിയാനുള്ള മാര്‍ഗ്ഗം പേരിടലാണ്. 
എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ എല്ലാം അറിഞ്ഞെന്നാകും!
പക്ഷേ, എല്ലാറ്റിനും പേരിടുകയെന്നത് അസാദ്ധ്യമാണ്. രാപകലെണ്ണിയടങ്ങാത്ത ഗന്ധങ്ങള്‍ക്കും 
മാരിവെയിലെണ്ണി മാറാത്ത കാറ്റുകള്‍ക്കും...
ഇങ്ങനെ ഓരോന്നിനും പേരിടുന്നതെങ്ങനെ? 
എത്ര കാറ്റുകള്‍ക്കു പേരിടും? 
എത്ര ഗന്ധങ്ങള്‍ക്കു പേരിടും?
എത്ര കല്ലുകള്‍ക്ക്, എത്ര കുന്നുകള്‍ക്ക്, എത്ര പ്രണയങ്ങള്‍ക്ക്,
എത്ര രാത്രികള്‍ക്കു പേരിടും?

'പൂവുകള്‍ ചോലകള്‍ പക്ഷികള്‍ യാമങ്ങള്‍
പൂര്‍വ്വജന്മങ്ങളെപ്പുല്‍കി നില്‍ക്കുന്നവര്‍
നാമരൂപങ്ങളാല്‍ നാമറിയാത്തവര്‍
നാമെന്തറിയുന്നു നമ്മളെക്കൂടിയും'
എല്ലാറ്റിനും പേരിടാന്‍ കഴിയാത്തതു കൊണ്ടു കവിതയുണ്ടാകുന്നു. സവിശേഷമായ അനുഭവം സാമാന്യമായി തീര്‍ന്ന വാക്കു കൊണ്ടും പേരു കൊണ്ടും പറയണമെങ്കില്‍ കവിതയുണ്ടാകണം. 
എന്തു പേരിടുമെന്ന കവിയുടെ ആകുലത വാക്കിനെ കുറിച്ചും കവിതയെ കുറിച്ചുമുള്ള ആകുലതയായി 
നമുക്കു തോന്നുന്നത് ഇതു കൊണ്ടാകാം. 
എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ കവിതയില്ലെന്നാകും.
ഈ അസാദ്ധ്യതയിലാണ് കവിതയുണ്ടാകുന്നത്. 
ഈ അസാദ്ധ്യത കവിതയുടെ സാദ്ധ്യതയാകുന്നു.

സാമാന്യാര്‍ത്ഥത്തില്‍ നിന്നും തെന്നിമാറി
പുതിയ അര്‍ത്ഥം കിട്ടിയ വാക്കാണ് കവിത.
വാക്കിന് പുതിയ അര്‍ത്ഥം നിര്‍മ്മിച്ചു നല്‍കലാണ്, കവികര്‍മ്മം.
ഇത് അനായാസമായ കാര്യമല്ല. 
ഇത് ഒരു വിഷമഘട്ടമാണ്. 
കാടിനു ഞാനെന്തു പേരിടും എന്ന സന്ദിഗ്ദ്ധത
കാടിന്റെ ബഹുലതയെ എങ്ങനെ ആവിഷ്‌ക്കരിക്കും
എന്ന സന്ദിഗ്ദ്ധതയാണ്. കാടിന്റെ അനുഭവം മുഴുവന്‍ എന്നിലുണ്ടാകയാല്‍ കാടിനു ഞാനെന്റെ പേരിടും 
എന്നു കവി പറയുന്നു. എല്ലാം എന്നിലുണ്ട്. 
എല്ലാം ഞാന്‍ തന്നെയാണ്. 
അപരമായതെല്ലാം ആത്മത്തിലുണ്ടെന്ന വിവേകത്തിലൂടെ കവികര്‍മ്മത്തിന്റെ വിഷമഘട്ടത്തെ ഭേദിക്കുകയാണ് കവി.
കവി അദ്വൈതിയായി മാറുന്നു.
ഞാന്‍ നീ തന്നെ, മറിച്ചും. 
കാട് ഞാന്‍ തന്നെ. അതുകൊണ്ട് കാടിനു ഞാനെന്റെ പേരിടും.
എല്ലാം ഞാനാകയാല്‍ പേരും പെരുമാളും ഒന്നുതന്നെ. 
ഞാന്‍ തന്നെ ദൈവവും. 
തികഞ്ഞ അദ്വൈതത്തില്‍ എത്തിയിട്ടാണ് കവി തന്റെ സന്ദേഹങ്ങളെയും ആകുലതകളെയും ശമിപ്പിക്കുന്നത്.
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമുണ്ടാകുന്ന അവസ്ഥയാണിതെന്ന പൂര്‍വ്വികവചനത്തെ ഉദ്ധരിച്ചു കവിത ഇത് ഉറപ്പിക്കുന്നു. 
എല്ലാമായ എന്നില്‍ നിന്നും എന്നെ മാറ്റിയാലും
എല്ലാം അവശേഷിക്കും. 
അനന്തത്തില്‍ നിന്നും അനന്തത്തെ നീക്കിയാലും
അനന്തം അവശേഷിക്കും.
 വിനയചന്ദ്രന്റെ കവിത അദ്വൈതത്തിന്റെ പ്രഘോഷണമാണ്.

ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം എല്ലാറ്റിനേയും ഒന്നായി കാണുകയാണെന്ന്, എല്ലാം ഏകമാണെന്ന് ഉറപ്പിക്കുകയാണെന്ന് ഏതൊരു അദ്വൈതവാദിയോടുമൊപ്പം ചേര്‍ന്ന് വിനയചന്ദ്രനിലെ അദ്വൈതിയായ കവി പറയുന്നു. 
ഞാന്‍ ഈ സങ്കല്‍പ്പനത്തോടു യോജിക്കാത്തയാളാണ്. 
എല്ലാറ്റിനേയും ഒന്നായി കാണുകയെന്നത് 
എല്ലാറ്റിനേയും ഒന്നിലേക്കു ചുരുക്കുന്നതിലേക്കാണ് എത്തിപ്പെടുകയെന്ന്
ഈ ആദര്‍ശത്തിന്റെ ഇന്നേവരെയുള്ള പ്രയോഗങ്ങള്‍ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞു. 
ബഹുലതയെ ഏകത്വത്തിലേക്കു മര്‍ദ്ദിച്ചൊതുക്കുന്നത് ആധിപത്യപരമായ സമീപനമാണ്. അതാണ് ഏകാധിപത്യം. ബഹുലതയുടെ ലക്ഷണം ബഹുലമായിരിക്കലാണ്. 
ഏകമായിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അതു ബഹുലമായിരിക്കുന്നത്. 
ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം അവ നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കുകയും പരസ്പരം ആദരിച്ചുകൊണ്ടു അവയ്ക്കു നിലനില്‍ക്കാനുള്ള അവസ്ഥ സൃഷ്ടിക്കുകയുമാണ്. ഇതാണ് ജനാധിപത്യം. 
എന്നിലേയും നിന്നിലേയും ബഹുലതകളെ അമര്‍ത്തി ഞെരുക്കി
ഞാനും നീയും ഒന്നാണെന്നു പറയുന്നതിലും ഉചിതമായത് 
നമ്മളിലെ വ്യത്യസ്തകളെ പരസ്പരം അറിയുകയും ആദരിക്കുകയും വ്യത്യസ്തമായിരിക്കാന്‍ പരസ്പരം സഹായിക്കുകയുമാണ്. 
നമ്മുടെ ഭവശാസ്ത്രം ഗണിതമാണെങ്കില്‍ 
അതിലെ ഒന്ന് എന്ന സംഖ്യയെ അഭിമുഖീകരിക്കാതെ
 തന്നെ നമുക്കു കടന്നു പോകാവുന്നതാണ്. (നാം ഏകമായിരിക്കുന്ന സന്ദര്‍ഭങ്ങളില്ലേ എന്ന ചോദ്യത്തിന് അത് അനന്തത്തിലെ ഒന്നു മാത്രമാണെന്നു താല്‍പ്പര്യം) പ്രത്യക്ഷലോകത്തിലേക്കു നോക്കൂ. 
നമ്മുടെ ലോകത്ത് ശുന്യതയും ബഹുലതകളും മാത്രമേയുള്ളൂ.
നമ്മുടെ ഗണിതപരമായ ഭവശാസ്ത്രത്തില്‍ 
പൂജ്യവും ബഹുലതകളും മാത്രം മതിയാകും. 
പൂജ്യം, രണ്ട്, മൂന്ന്....എന്നിങ്ങനെ.

വിനയചന്ദ്രന്റെ കവിത സൗന്ദര്യപൂര്‍ണ്ണമാകുന്നതും ആനന്ദദായകമാകുന്നതും ബഹുലതകളെ തോറ്റിയുണര്‍ത്തുമ്പോഴും പാടിപ്പൊലിപ്പിക്കുമ്പോഴും ആണെന്നു കാണുക!
വിരുദ്ധങ്ങളെന്നു വിധിക്കപ്പെടുന്നവയുടെ ബഹുസ്വരതയില്‍
കവിത സൗന്ദര്യം കൊണ്ടു തളിര്‍ക്കുകയും പൂക്കുകയുംചെയ്യുന്നു. 
ഈ ബഹുലതകളെ ശമിപ്പിച്ച് ഏകത്തിലേക്ക് ആനയിക്കുന്നത് കവിയുടെ ദാര്‍ശനികമായ ആവശ്യം മാത്രമാണ്.
അതിനെ ഒഴിവാക്കിയാലും കവിത ആനന്ദദൗത്യം നന്നായി നിര്‍വ്വഹിക്കുന്നുണ്ട്. പദാര്‍ത്ഥത്തിനു ആത്മാവില്‍ നിന്നും ഭേദം കാണാത്ത, അവയെ വേര്‍തിരിക്കാത്ത, അവയെ ഒന്നായി കാണുന്ന ഏകത്വവാദം ഭൗതികപ്രകൃതിയെ ധാര്‍മ്മികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍തിരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ശാസ്ത്രചിന്തകയായ മീരാനന്ദ പറയുന്നത്
 ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. **
ധാര്‍മ്മികപിഴകള്‍ ഭൗതികയാഥാര്‍ത്ഥ്യത്തില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നു വാദിക്കുകയും കര്‍മ്മത്തിലേയും ധര്‍മ്മത്തിലേയും പിഴകളാണ് ഈ ലോകവാസത്തിലെ ദുരിതങ്ങള്‍ക്കും അസ്പര്‍ശ്യതയ്ക്കും പ്രകൃതിദുരന്തങ്ങള്‍ക്കുംമറ്റും കാരണമെന്നു ഉറപ്പിക്കുകയും ചെയ്യുന്നതിന് ഹിന്ദുത്വത്തെ സഹായിക്കുന്നത് ഈ അദ്വൈതവാദമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. 
അത് ജാതിവ്യവസ്ഥയുടെ ന്യായീകരണങ്ങള്‍ക്കു സഹായകമാകുന്നു. 
ജാതിവ്യവസ്ഥ ബഹുലതകളുടെ പ്രകാശനമല്ല. 
അത് നിര്‍ബ്ബന്ധപൂര്‍ണ്ണമായ വെട്ടിമുറിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്. അത് വിഭജനമാണ്. 
അദ്വൈതവാദത്തിന്റെ തുടര്‍ച്ചയില്‍ രൂപപ്പെടുന്ന 
വേദനാകരമായ പ്രകരണമാണത്.
പ്രകൃതിയെ ധര്‍മ്മമൂല്യചിന്തകളില്‍ നിന്നും വിടര്‍ത്തുന്ന ആധുനികശാസ്ത്രചിന്തയുടെ രീതിശാസ്ത്രവും ദര്‍ശനവും
 ഇന്ത്യയിലെ അസ്പര്‍ശ്യരും നിന്ദിതരുമായ ജനകോടികള്‍ക്ക് ആശ്രയമാണെന്ന് മീരാനന്ദ എഴുതുന്നു. 
അംബേദ്ക്കറെ പോലുള്ള ദളിത് ചിന്തകര്‍ ഇതു തിരിച്ചറിഞ്ഞിരുന്നതായി മീര കൂട്ടിച്ചേര്‍ക്കുന്നു. 
വ്യത്യസ്തതകളുടെ ആഘോഷം 
ജാതിവ്യവസ്ഥയുടെ ന്യായീകരണമല്ല, 
അതിന്റെ നിരാസമാണെന്നു ചുരുക്കം. 
നൂറു നൂറു പൂക്കള്‍, നൂറു നൂറു വര്‍ണ്ണങ്ങള്‍ വിരിയട്ടെ! ബഹുസ്വരങ്ങള്‍ ആഘോഷിക്കപ്പെടട്ടെ!


***********************************************************************************************
*വിനയചന്ദ്രന്‍ 'കുഞ്ഞനുണ്ണി'യും ചൊല്ലി.
'ചക്കക്കുരുവിന്റെയുള്ളിലില്ല' എന്ന വരികളില്‍
എത്തിയപ്പോഴേക്കും കവിത കേള്‍ക്കാനായിരുന്ന
മലയാളവിഭാഗം തലവന്‍ എഴുന്നേറ്റു പോയി. 
എന്റെ അടുത്തിരുന്ന സുഹൃത്ത്; 
മലയാളവിഭാഗത്തില്‍ പഠിച്ചിരുന്ന പ്രദീപ്, പറഞ്ഞു :
'സാറിന് ഇഷ്ടമായില്ല'. 

**ശാസ്ത്രവും ധാര്‍മ്മികതയും എന്ന വിഷയം മീരാനന്ദയുടെ ഈ നിലപാടില്‍ അവസാനിക്കുന്നതാണെന്നു ഞാന്‍ കരുതുന്നില്ല. 'ശാസ്ത്രം ചിന്തിക്കുന്നുണ്ടോ?` എന്ന വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനങ്ങള്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശാസ്ത്രവും ധാര്‍മ്മികതയും ചേര്‍ന്നു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ strategic പരിഹാരങ്ങളാകണം ആവശ്യപ്പെടുന്നത്.

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...