La Última Tarde (One Last Afternoon ) എന്ന ചലച്ചിത്രത്തിന്റെ
പാതിയിലേറെയും ഭാഗങ്ങൾ ലിമയുടെ തെരുവുകളിലൂടെ
നടക്കുന്ന റാമോന്റെയും ലൗറയുടെയും ദൃശ്യങ്ങളാണ്.
കാറിൽ സഞ്ചരിക്കുന്ന ദീർഘ ദൃശ്യവുമുണ്ട്.
അവർക്കിടയിലെ സംഭാഷണങ്ങളെ ചലച്ചിത്രകാരൻ
നമുക്കായി പിടിച്ചെടുത്തിരിക്കുന്നു.
ഒട്ടും വൈരസ്യവും മുഷിപ്പും തോന്നാതെ, അതീവ
താൽപ്പര്യത്തോടെ ഈ മനോഹരദൃശ്യങ്ങളെ
പ്രേക്ഷകൻ പിന്തുടരുന്നു.
കാണാതിരുന്നവരാണ്. ആ ദമ്പതികൾ
പെറുവിലെ മാവോയിസ്റ്റു വിപ്ലവകാരികളായിരുന്നു.
ഇപ്പോൾ, വിവാഹമോചനത്തിനായി സന്ധിച്ചിരിക്കുകയാണ്.
കോടതിയിലെ കാലതാമസമാണ് അവരെ തെരുവിലൂടെയുള്ള
നടത്തത്തിലേക്കു നയിക്കുന്നത്. നല്ല ഭാവത്തിൽ
ആരംഭിക്കുന്ന അവരുടെ സംഭാഷണങ്ങൾ പതുക്കെ സങ്കീർണ്ണമാകുന്നു,
അവരുടെ ജീവിതരഹസ്യങ്ങളുടെ ചുരുളുകളഴിയാൻ തുടങ്ങുന്നു.
എന്തുകൊണ്ടാണ് തന്നെ വിട്ടുപോയതെന്നു ലൗറയോട്
ചോദിക്കുന്ന റാമോനെ നാം കാണുന്നു.
റാമോൻ പണിയെടുക്കുന്ന വർഗത്തിൽ നിന്നും ജനങ്ങൾക്ക് വേണ്ടി
'യുദ്ധം' ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവനായിരുന്നു.
ലൗറയാകട്ടെ, ബൗദ്ധികതാൽപ്പര്യങ്ങളുമായി
മദ്ധ്യവർഗത്തിൽ നിന്നും വന്നവളും.
അവരുടെ അകൽച്ചയുടെയും പിളർപ്പിന്റെയും
യഥാർത്ഥ കാരണങ്ങൾ വെളിപ്പെട്ടു വരുന്ന ഒരു പ്രകരണത്തിൽ
റാമോൻ ഒച്ചയിൽ ഇങ്ങനെ പ്രതികരിക്കുന്നുണ്ട്.
"നിങ്ങൾക്ക് ആൺകുട്ടിയെ സംഘട്ടനത്തിൽ നിന്ന് പുറത്താക്കാം,
പക്ഷേ നിങ്ങൾക്ക് ആൺകുട്ടിയിൽ നിന്ന് സംഘർഷം മാറ്റാൻ കഴിയില്ല"
.ലൗറ സാധാരണജീവിതത്തിലേക്കു തിരിച്ചു വന്നവളാണ്,
റാമോനാകട്ടെ പൂർവ്വഭാരങ്ങളിൽ നിന്നും മുക്തനായിട്ടില്ല.
റാമോൻ പൊട്ടിത്തെറിക്കുമ്പോൾ നാം അത് അറിയുന്നുണ്ട്.
എങ്കിലും , അവർക്കിടയിലെ മമതയും പ്രണയവും
അവസാനിച്ചിട്ടില്ലെന്നു രേഖപ്പെടുത്തിക്കൊണ്ടാണ്
ചലച്ചിത്രകാരൻ തന്റെ ദൃശ്യകാവ്യം അവസാനിപ്പിക്കുന്നത്.
ആദർശത്തിന്റെ, പ്രതിജ്ഞാബദ്ധതയുടെ,
നിസ്സഹായാവസ്ഥകളുടെ, ഉപേക്ഷയുടെ, വഞ്ചനയുടെ,
എന്നിട്ടും അവശേഷിക്കുന്ന സ്നേഹത്തിന്റെ
നിരവധി സന്ദർഭങ്ങളെ കോർത്തിണക്കിയതാണ് ഈ ചലച്ചിത്രം.
പെറുവിന്റെ രാഷ്ട്രീയചരിത്രത്തിലെ അതീവസങ്കീർണ്ണമായ
ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രത്തെയാണ്
ഈ ചലച്ചിത്രം അവതരിപ്പിക്കുന്നത്.
അബിമുൽ ഗുസ്‌മാന്റെ നേതൃത്വത്തിൽ പെറുവിൽ നടന്ന പോരാട്ടം
ലോകമെമ്പാടുമുള്ള മാവോയിസ്റ്റുകൾക്ക് ഉന്മേഷം പകർന്നിരുന്നു.
കേരളത്തിലെ തെരുവുകളിൽ, കെ വേണുവിന്റെയും
രാവുണ്ണിയുടെയും കെ മുരളിയുടെയും മറ്റും
നേതൃത്വത്തിൽ ഇവർക്ക് അഭിവാദ്യങ്ങൾ
അർപ്പിക്കപ്പെട്ടിരുന്നു.
മാവോയിസ്റ്റു ഗറില്ലകളുടെ പ്രവർത്തനത്തെ
സൂചിപ്പിക്കുന്ന സംഭവങ്ങളെയോ സ്ഥലങ്ങളെയോ
ചലച്ചിത്രം നേരിട്ടു കൃത്യമായി സൂചിപ്പിക്കുന്നില്ല.
റാമോനിലും ലൗറയിലും സഹാനുഭൂതി ചൊരിഞ്ഞുകൊണ്ടാണ്
ജോയൽ കാലേറൊ തന്റെ ചലനചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്.
3 comments:
നന്നായി
Good article
Good article
Post a Comment