അശോകന്റെ കഥകളിലെ സ്ഥലം കാട്ടൂരാണ്. കല്ലേറ്റുംകരയും തൃശൂരും അന്തിക്കാടും പൂങ്കുന്നവും കടന്ന് ഈ കഥാകാരന്‍ സഞ്ചരിക്കുന്നതേയില്ല. (ഒരിക്കല്‍ പഴനി വരെ പോയി. പെട്ടെന്നു തിരിച്ചുപോന്നു.) ചെറുകാടു പറഞ്ഞതു പോലെ ഇയാള്‍ തന്റെ വീടിന്റെ മുന്നിലെ മുരിങ്ങമരച്ചോട്ടിലിരുന്നു ആകാശനക്ഷത്രങ്ങളെ കാണുന്നു. ഇപ്പോള്‍, കാട്ടൂര്‍ക്കടവിലെ കണ്ണേട്ടന്റെ പെട്ടിപ്പീടികയുടെ മുന്നില്‍ നിന്ന് ലോകകപ്പ് ഫുട്‌ബോളിനെ കുറിച്ചു പറയുന്നു.
അശോകന്‍ ലോകകപ്പ് ഫുട്‌ബോളിനെ കുറിച്ചു പറയുമ്പോഴും നാടാണ് ഇരമ്പുന്നത്. ചാക്കോളാ ട്രോഫി, കണ്ടങ്കുളത്തി ട്രോഫി, പയങ്കണ്ണി മൈതാനം, പാപ്പച്ചനും കെ.എസ്.ഇ.ബി.രവിയും, എക്‌സ്പ്രസില് പാഞ്ചി എഴുതിയ കളിവിവരണങ്ങള്‍...ഫുട്‌ബോളിന്റെ ഓര്‍മ്മകളിലും നാടാണ് തെളിയുന്നത്. അര്‍ജന്റീന ഫാന്‍സിന്റെ കഥ കാട്ടൂര്‍ക്കടവിന്റെ കഥയാകുന്നു. കാട്ടൂര്‍ക്കടവ് കേരളത്തിന്റെ ഒരു പരിഛേദമായി മാറുന്നു.
അശോകന്‍ നമ്മുടെ യുവാക്കളുടെ മനസ്സുകളിലേക്കു പ്രവേശിക്കുകയും അവരിലെ സ്വാതന്ത്ര്യബോധത്തെ കാണുകയും ചെയ്യുന്നു. കഥാകാരന്‍ എഴുതുന്ന മെഹര്‍ എന്ന യുവതി സ്വതന്ത്രയാകാന്‍ അഭിലഷിക്കുകയും അതില്‍ ഭാഗികമായെങ്കിലും വിജയിക്കുകയും ചെയ്യുന്ന കേരളീയസ്ത്രീത്വത്തിന്റെ പ്രതിനിധിയാണ്. അവളുടെ കാമുകനായ ആഖ്യാനകാരന്‍ പറയുന്നതു പോലെ പ്രായോഗികമതിയായ യുവതിയാണ്, അവള്‍. പഴയ സഖാവിന്റെ മകനായ കെ.എസ്.യുക്കാരനെ പ്രണയിക്കുന്ന എസ്.എഫ്.ഐക്കാരി. പിന്നീട്, സജീവ രാഷ്ട്രീയക്കാരി, പ്രണയികള്‍ പിണങ്ങുമ്പോള്‍ മറുകണ്ടം ചാടി വിമര്‍ശിച്ചു തന്നോടു തന്നെയുള്ള ദ്വേഷം തീര്‍ക്കുന്നവള്‍, അത് ശരിയാവില്ലെടാ ചെക്കാ എന്ന് ഉപഗുപ്തനോളം സുന്ദരനായ കാമുകനോടു പറയാന്‍ ചങ്കൂറ്റമുള്ളവള്‍, കുഞ്ഞിന് റാം മുസാഫര്‍ എന്നു പേരിടുന്നവള്‍... ഇവള്‍ നമ്മളുടെ പ്രതീക്ഷയാണ്.
കഥയിലെമ്പാടും കടന്നുവരുന്ന രാഷ്ട്രീയസൂചകങ്ങള്‍ അധീശത്വവിരുദ്ധമായ രാഷ്ട്രീയത്തെ അഭിലഷിക്കുന്നതാണ്. അര്‍ജന്റീന ഫാന്‍സിന്റെ തെരഞ്ഞെടുപ്പില്‍ തന്നെ അതുണ്ട്! യൂറോപ്യന്‍ വംശാധിപത്യത്തിനെതിരെ വൈവിദ്ധ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അര്‍ജന്റീനയുടെ മഹാപാരമ്പര്യം പരാമര്‍ശിക്കപ്പെടുന്നു. ക്രിസ്റ്റീനയുടെ സാമ്രാജ്യത്വവിരുദ്ധനയങ്ങളെ മെഹര്‍ ഇഷ്ടപ്പെടുന്നതായി പറയുന്നു. മെഹറിന്റേയും അജയന്റേയും കുഞ്ഞിന് റാം മുസാഫര്‍ എന്നു പേരിട്ട ശേഷം ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്ന രാമേട്ടന്‍ സഖാവിന്റെ വിറയ്ക്കുന്ന ശരീരം കഥാകാരന്‍ കാണുന്നു. കഥാകാരന്റെ പ്രതീക്ഷകളുടേയും ആദര്‍ശത്തിന്റേയും ലോകം കഥയിലെ ഈ രാഷ്ട്രീയവിവരണങ്ങളിലുണ്ട്.
എങ്കിലും എന്തോ ഒരു നീറ്റല്‍! ഈ കഥയും നമ്മുടെ രാഷ്ട്രീയത്തിലെ അപചയത്തെ കുറിച്ച് ഉള്ളില്‍ തേങ്ങുന്നുണ്ട്. ഈ കഥയുടെ അബോധം വഹിക്കുന്നത് ആ കണ്ണീരാണ്.
No comments:
Post a Comment