പഠനകാലത്ത് വളരെ ഉത്സാഹത്തോടെ ഷേക്‌സ്പിയര്‍ വായിക്കുകയും പഠിക്കുകയും ആ കൃതികളില്‍ മുഴുകുകയും ചെയ്തവന്‍ ജീവിതത്തിന്റെ ഒരു സവിശേഷഘട്ടത്തില്‍ അത് ഒരു പഴയ നാണയമാണെന്നു കണ്ടെത്തുന്നു. അയാള്‍ കാണുന്ന സ്വപ്നത്തില്‍ ഷേക്‌സ്പിയറോടു അവന്‍ ചോദിക്കുന്നു.- അടുത്ത മൂന്നുവര്‍ഷത്തില്‍ ഞങ്ങളുടെ കമ്പനിയുടെ എത്ര ഫാന്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുമെന്നു പ്രവചിക്കാന്‍ കഴിയുന്ന ഒരു വരിയെങ്കിലും നിങ്ങളുടെ കൃതിയില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയുമോയെന്ന്. പ്രേമം, വിരഹം, ഹിംസ, മഹത്വാകാംക്ഷ, ഹത്യ, മൃത്യു...ഇവയെ കുറിച്ചെല്ലാം എഴുതിയ ഷേക്‌സ്പിയറിന് ഫാന്‍ വിപണിയെ കുറിച്ച് ഒന്നും പറയാന്‍ കഴിയുന്നില്ല! ശങ്കറിന്റെ സീമാബദ്ധ എന്ന നോവലിലെ ശ്യാമളേന്ദുവിന് ഇപ്പോള്‍ ആവശ്യം അതാണ്. കമ്പനിയില്‍ നിന്നും കിട്ടിയ ആദ്യത്തെ ശമ്പളം കൊണ്ട് ഷേക്‌സ്പിയര്‍ കൃതികളുടെ മുഴുവന്‍ വാള്യങ്ങളും അയാള്‍ വാങ്ങിച്ച ഒരു കാലമുണ്ടായിരുന്നു. അയാള്‍ കമ്പനിപ്പണികളില്‍ മുഴുകിയപ്പോള്‍ അത് അലമാരിയിലെ കണ്ണാടിക്കൂടില്‍ ആര്‍ക്കും വേണ്ടാതെയിരിക്കുന്നു. തങ്ങളുടെ കഴിവുകള്‍ക്കും താല്പര്യങ്ങള്‍ക്കും വിരുദ്ധമായി രക്ഷാകര്‍ത്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കോ താല്പര്യങ്ങള്‍ക്കോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കോ അനുസരിച്ച് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിക്കപ്പെടുന്നതു സമകാലത്തെ സ്ഥിതിയാണ്. എന്നാല്‍ ശ്യാമളേന്ദുവിന് തന്റെ ഇഷ്ടവിഷയം പഠിക്കാന്‍ കഴിഞ്ഞു. പക്ഷേ, ഒരിക്കലും അഭിലഷിക്കാത്ത മേഖലകളില്‍ അവനു പണിയെടുക്കേണ്ടി വരുന്നു. കമ്പനി നല്‍കുന്ന സുഖജീവിതവും ഉദ്യോഗസ്ഥന്മാര്‍ക്കിടയിലെ ഉയര്‍ന്ന പദവിക്കു വേണ്ടിയുള്ള മത്സരവും അവനെ പിടികൂടുന്നു. സാഹിത്യം പഠിക്കുകയും സാഹിത്യം പകരുന്ന ലോകബോധത്തിലൂടെയും ആദര്‍ശത്തിലൂടെയും കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്നവര്‍ക്ക് സ്വകാര്യകോര്‍പ്പറേറ്റ് കമ്പനിയുടെ ലാഭത്തിനും മൂലധനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമോ?
മുതലാളിത്തസാമ്പത്തികബന്ധങ്ങളുടെ ഊരാക്കുടുക്കില്‍ കുടുങ്ങി ആദര്‍ശം തുലഞ്ഞു പോകുന്ന യുവാവിന്റെ കഥയാണ് ശങ്കര്‍ സീമാബദ്ധയില്‍ എഴുതുന്നത്. കോര്‍പ്പറേറ്റുകളുടെ കോണിയിലൂടെ കയറി ഉയര്‍ന്ന വിതാനങ്ങളിലെത്താനുള്ള ശ്യാമലേന്ദുവിന്റെ പരിശ്രമങ്ങള്‍ അയാളെ ജനവിരുദ്ധമായ പ്രവൃത്തികളിലേക്കു നയിക്കുന്നു. കമ്പനിയിലെ കയറ്റുമതിക്കരാര്‍ റദ്ദാകാതെ നീട്ടിക്കിട്ടുന്നതിനു വേണ്ടി ഫാക്ടറിയില്‍ ലേബര്‍ ഓഫീസറുമായി ധാരണകളുണ്ടാക്കി അയാള്‍ കൃത്രിമമായി സമരം സംഘടിപ്പിക്കുന്നു. ആ പണിമുടക്കിന്നിടയില്‍ തൊഴിലാളികള്‍ക്കു പരിക്കു പറ്റുന്നു. സാരമായി പരിക്കേറ്റ സെക്യൂറിറ്റി ഗാര്‍ഡ് മരിക്കുന്നു. ഫാക്ടറി താല്ക്കാലികമായി അടച്ചിടുന്നു. ഈ വ്യാജപണിമുടക്കിലൂടെ ശ്യാമള്‍ കയറ്റുമതിക്കുള്ള കരാര്‍ മാത്രമല്ല സംരക്ഷിച്ചെടുത്തത്, ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ഉദ്യോഗക്കയറ്റം കൂടിയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി ഏറ്റുമുട്ടി പരാജിതമാകുന്ന ആദര്‍ശരൂപത്തെയാണ് സീമാബദ്ധയില്‍ നാം കണ്ടുമുട്ടുന്നത്. എല്ലാറ്റിനേയും മലിനീകരിച്ചു കൊണ്ട് പണക്കൊഴുപ്പൊഴുകുന്നു. മാനുഷികബന്ധങ്ങള്‍ തകരുന്നു. ശ്യാമളേന്ദുവിന്റെ ജീവിതത്തില്‍ തകര്‍ന്നു പോകുന്നത്ത് അയാള്‍ മനസ്സില്‍ സൂക്ഷിച്ച ആദര്‍ശബിംബം മാത്രമായിരുന്നില്ല. ഒരു രാഷ്ട്രത്തിലെ യുവത സൃഷ്ടിച്ചു സൂക്ഷിച്ച ധനാത്മകമൂല്യങ്ങള്‍ കൂടിയാണ്. വലിയ ധാര്‍മ്മികപ്രതിസന്ധിയില്‍ പെടുന്ന ശ്യാമളേന്ദുവിലാണ് നോവല്‍ അവസാനിക്കുന്നത്.
വിദ്യാര്‍ത്ഥികളെ എന്തിനു സാഹിത്യം പഠിപ്പിക്കണമെന്ന ചോദ്യം ഉയരുന്ന കാലമാണിത്. കാളിദാസനും ഷേക്‌സ്പിയറും കുമാരനാശാനും കരിക്കുലത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാലം. സാഹിത്യപഠനത്തോടും സാഹിതീയസംസ്‌ക്കാരത്തോടുമുള്ള അവഗണനകള്‍ തെറ്റായ പ്രവണതകളെയാണ് സൃഷ്ടിക്കുകയെന്ന മുറവിളികള്‍ കേള്‍ക്കാന്‍ അധികാരികളുടെ ബധിരകര്‍ണ്ണങ്ങള്‍ക്കുകഴിയുന്നില്ല. ഒരു പക്ഷേ, ശ്യാമളേന്ദുമാരില്‍ സൃഷ്ടിക്കപ്പെടുന്ന ധാര്‍മ്മികപ്രതിസന്ധികള്‍ ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗ്ഗം സാഹിത്യപഠനം തന്നെ നിരോധിക്കുകയാണ്. ഇന്നു ഭാഷയുടെ പഠനം വിവരങ്ങളുടെ വിനിമയത്തിനുള്ള പഠനമായി ചുരുങ്ങുന്നതു നാം കാണുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പോലുള്ള പുത്തന്‍ പഠനവിഷയങ്ങള്‍ ഉപഭോഗവസ്തുക്കളെ കുറിച്ചു സംസാരിക്കുന്നതിനും പരസ്യങ്ങള്‍ വായിക്കുന്നതിനും ശേഷി നല്കുന്ന മാദ്ധ്യമം മാത്രമായി ഭാഷയെ ചുരുക്കിയെടുത്തിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ആഗോളീകരണത്തിന്റേയും പുത്തന്‍ അധിനിവേശത്തിന്റേയും കോര്‍പ്പറേറ്റ് മൂലധനശക്തികളുടേയും താല്പര്യങ്ങള്‍ക്ക് അനുലോമമാണ്. കോര്‍പ്പറേറ്റുകളുടെ ഉല്പന്നങ്ങള്‍ക്ക് വിപണി ഉറപ്പിക്കാന്‍ ആംഗലത്തില്‍ പേശുന്ന ഏജന്റുമാരും തങ്ങളുടെ ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ കണ്ടും വായിച്ചും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഉപഭോക്താക്കളും മതിയാകും, ഭാഷയെ സര്‍ഗാത്മകമായി കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ആവശ്യമില്ല.
ശങ്കറിന്റെ നോവലിലെ പ്രമേയത്തില്‍ നായകന്റെ ഇംഗ്ലീഷ് പ്രണയം രണ്ടാമത്തെയോ മൂന്നാമത്തെയോ കാര്യം മാത്രമാണ്. ഫാന്‍ നിര്‍മ്മാണക്കമ്പനിയിലെ ഉദ്യോഗസ്ഥജീവിതത്തിലേക്കാണ് പ്രധാനമായും നോവല്‍ കണ്ണു തുറക്കുന്നത്. സുഖജീവിതത്തിനു വേണ്ടി, കൂടുതല്‍ അധികാരത്തിനും ആഡംബരങ്ങള്‍ക്കും വേണ്ടി, മിഥ്യയായ അന്തസ്സിനു വേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരെ ശങ്കര്‍ അവതരിപ്പിക്കുന്നു. ഷേക്‌സ്പിയറിനെ മറന്നു പോകുന്ന ശ്യാമളേന്ദുവിനെ പോലെ പഴയതെല്ലാം മറന്ന് കമ്പനിയുടെ പല്‍ച്ചക്രമായി മാറി ആത്മാവിനെ നഷ്ടപ്പെടുത്തുന്നവരെ ശങ്കര്‍ എഴുതുന്നു. അവരുടെ ഭാര്യമാരുടെ മനസ്സിലേക്കു കൂടി നോവലിസ്റ്റ് കടന്നു ചെല്ലുന്നു. ശ്യാമളേന്ദുവിന്റെ ഭാര്യ തന്റെ സഹോദരിയായ സുദര്‍ശന (ടുടുള്‍)യോടു പറയുകയും അവള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങളിലൂടെ കമ്പനി എക്‌സിക്യൂട്ടീവുകളുടെ ഗൃഹിണിമാരുടെ അന്തര്‍ലോകത്തെയാണ് നോവലിസ്റ്റ് പ്രകാശിപ്പിച്ചെടുക്കുന്നത്. അത് ആഡംബരത്തിലേക്കും അന്തസ്സിലേക്കും പെട്ടെന്നു കീഴടങ്ങുന്നതാണ്. പഴയ ശ്യാമളേന്ദുവിലെ ആദര്‍ശത്തെ ഇഷ്ടപ്പെട്ടിരുന്ന സുദര്‍ശന നോവലിലെ ഒരു പ്രധാന കഥാപാത്രമായി മാറുന്നുമുണ്ട്. ഇന്ത്യയിലെ മുതലാളിത്തത്തിന്റെ ഉല്‍പ്പാദനവ്യവസ്ഥയുടെ തുടക്കകാലത്തെ ആവിഷ്‌ക്കരിക്കരിക്കുന്ന നോവല്‍ ബംഗാളിലെ മദ്ധ്യവര്‍ഗ്ഗക്കാരന്റെ കഥയിലൂടെ തന്നെ മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന പല രൂപങ്ങളിലുള്ള അന്യവല്‍ക്കരണത്തെ രേഖപ്പെടുത്തുന്നു.
ശങ്കറിന്റെ നോവല്‍ സത്യജിത്ത്‌റേ ചലച്ചിത്രഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി. നോവലില്‍ ടുടുളിനു ലഭിച്ചതിനേക്കാള്‍ പ്രാധാന്യം ചലച്ചിത്രത്തില്‍ ആ കഥാപാത്രത്തിനു ലഭിക്കുന്നു. വിദ്യാഭ്യാസകാലത്തു തന്നെ ശ്യാമളേന്ദുവിനെ പരിചയമുള്ള ഭാര്യാസഹോദരി അയാളുടെ ഭാവപ്പകര്‍ച്ചയില്‍ സ്തബ്ധയാകുന്നു. ടുടുള്‍ ശ്യാമളിലുണ്ടായിരുന്ന ആദര്‍ശബോധത്തെ ആരാധിക്കുകയും മൂത്തസഹോദരിയുമായുള്ള അയാളുടെ വിവാഹത്തെ അസൂയയോടെ കാണുകയും ചെയ്തവളാണ്. ശ്യാമളേന്ദുവിലെ ആദര്‍ശത്തിന്റെ നാശം അറിയുന്ന ടുടുള്‍ അയാളുടെ മന:സാക്ഷി തന്നെയാണ്. അയാള്‍ സമ്മാനിച്ച വാച്ച് ടുടുള്‍ തിരികെ നല്കുകയും നാട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നതോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്. ചലച്ചിത്രത്തിന്റേയും നോവലിന്റേയും സമാപ്തികള്‍ക്കിടയില്‍ ചെറിയ ദൂരം ഉണ്ടെങ്കിലും രണ്ട് ആവിഷ്‌ക്കാരങ്ങളും ഏറെ പ്രസക്തങ്ങളായി നമുക്ക് അനുഭവപ്പെടുന്നു.
വി.വിജയകുമാര്‍
9446152782
No comments:
Post a Comment