Friday, November 15, 2019

പ്രണയപ്രകീര്‍ത്തനങ്ങള്‍



നമ്മെ മുന്നോട്ടു നയിച്ചു കൊണ്ടുപോകുന്നതെന്താണ്? നാം വല്ലയിടത്തും നിന്നുപോവുകയാണെങ്കില്‍ പോലും കാലത്തിന്റെ ഒഴുക്കിനൊത്തു നമ്മെ പിടിച്ചു കൊണ്ടുപോകുന്നതെന്താണ്? നിര്‍മ്മല്‍വര്‍മ്മയുടെ പറവകള്‍ എന്ന ലഘുനോവലിലെ നായികയായ ലതിക ഇങ്ങനെയൊരു വിചാരത്തില്‍ വീണുപോകുന്ന സന്ദര്‍ഭങ്ങളുണ്ട്. ലതിക ഏകാകിനിയാണ്. ഏകാകിനിയുടെ അതിഭൗതികവിചാരമാണത്. ഏകാന്തതയില്‍ മാത്രം ഉണരുന്നതാണത്. ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങളും മഞ്ഞും മഴയും തണുപ്പും കൂടിച്ചേരുന്ന അന്തരീക്ഷസൃഷ്ടിയിലാണ് ലതികയുടെ ഏകാന്തവിരഹജീവിതം ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഏകാന്തതയുടെ മൗനവും വാക്കുകളും നാം ശ്രവിക്കുന്നു. നാളുകള്‍ കഴിഞ്ഞിട്ടും വിട്ടുപോകാത്ത പഴയ ഓര്‍മ്മകളില്‍ ലതിക ജീവിക്കുന്നു. ഗിരീശ് നേഗിയുമായിട്ടുള്ള പ്രണയത്തിന്റെ ഓര്‍മ്മകളാണത്. അയാള്‍ കുമാവുണ്‍ റജിമെന്റിലെ ക്യാപ്റ്റനായിരുന്നു. വളരെ കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഗിരീശ് നേഗിയെ നോവലില്‍ പരാമര്‍ശിക്കുന്നുള്ളൂ. എങ്കിലും ലതികയുടെ മനസ്സില്‍ ഗിരീശ് നേഗിയോടുള്ള പ്രണയം നിറഞ്ഞു നില്‍ക്കുന്നതായി വായനക്കാര്‍ അറിയുന്നു. ആ പഴയ ഓര്‍മ്മകളാണോ ലതികയെ നയിച്ചു കൊണ്ടുപോകുന്നത്? എല്ലാ സന്ദിഗ്ദ്ധഘട്ടങ്ങളിലും മുന്നോട്ടുപോകാന്‍ ആ പ്രണയം അവള്‍ക്കു പ്രേരണയാകുന്നു. ലതികയോടൊപ്പം ഡോ. മുഖര്‍ജി, മിസ്റ്റര്‍ ഹ്യൂബര്‍ട്ട്, മിസ് വുഡ്, കരിമുദ്ദീന്‍, ഫാദര്‍ എല്‍മണ്ട്, ജൂലി എന്നിവരെല്ലാം ഈ നോവലില്‍ പ്രത്യക്ഷരാകുന്നു. നോവലിന്റെ ആദര്‍ശം വ്യക്തമാക്കാന്‍ ലതികയോടൊപ്പം ഇവരെല്ലാം വേണ്ടിയിരുന്നു. പ്രണയത്തിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന ആദര്‍ശവനിതയുടെ കഥയെ സൗന്ദര്യവല്‍ക്കരിക്കുന്നതിന് പര്‍വ്വതങ്ങളും മഞ്ഞും മഴയും തണുപ്പും ചേര്‍ന്നു സൃഷ്ടിക്കുന്ന അന്തരീക്ഷം ഫലപ്രദമാകുന്നു.
ഏകാന്തമായി നീറിക്കൊണ്ടിരിക്കുന്ന ലതികയുടെ മനസ്സ് തുടക്കം മുതലേ വായനക്കാരനെ അലട്ടാന്‍ തുടങ്ങുന്നു. ലതികയെ അവളുടെ പ്രണയം കൊണ്ടു മാത്രം നിര്‍വ്വചിക്കാനാണോ നോവലിസ്റ്റ് ശ്രമിക്കുന്നത്. അങ്ങനെയുണ്ടെന്നു പറയാം. എന്നാല്‍, ഇതിന്നെതിരു നില്‍ക്കുന്ന ഒരു ഘടകമെങ്കിലും അവളുടെ ജീവിതത്തിലുണ്ട്. ലതികയുടെ അദ്ധ്യാപികവൃത്തിയാണത്. കൂടെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ അവള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റേയും സ്‌ക്കൂളിന്റേയും സദാചാരബോധം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അവള്‍ക്കു ബാദ്ധ്യതയുണ്ട്. പ്രണയം കൊണ്ടു നിര്‍വ്വചിക്കപ്പെടുന്ന നായികയുടെ ജീവിതത്തിലെ ഈ വൈരുദ്ധ്യമാണ് നോവലിലെ പരീക്ഷണാത്മകമുഹൂര്‍ത്തത്തെ നിര്‍മ്മിക്കുന്നത്. നോവലിന്റെ പ്രമേയത്തിന്റെ കാതലും ഇതു തന്നെ.
പ്രണയം സ്‌ക്കൂള്‍ അധികാരികള്‍ക്കു വിഷമം പിടിച്ച പ്രശ്‌നമാണ്. ഫാദര്‍ എല്‍മണ്ട് സദാചാരതല്‍പ്പരനായ സ്‌ക്കൂള്‍ അധികാരിയാണ്. അധികാരികളുടെ സദാചാരബോദ്ധ്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ലതികയ്ക്കു കഴിയേണ്ടതാണെന്ന് അയാള്‍ കരുതുന്നു. ലതികയുടെ ഗിരീശിനോടുള്ള പ്രണയം സൃഷ്ടിച്ച പ്രശ്‌നങ്ങളെ ഫാദര്‍ എല്‍മണ്ട് സൂചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍, ഡോ. മുഖര്‍ജിയുടെ ലതികയോടുള്ള ബന്ധത്തിന്റെ സ്വഭാവമെന്തെന്ന് അയാള്‍ ആകുലമാകുന്നു. ഒഴിവുകാലത്ത് ലതിക സ്‌ക്കൂള്‍ ഹോസ്റ്റല്‍ വിട്ടുപോകാത്തതെന്തെന്ന് ഫാദര്‍ എല്‍മണ്ടിനു സംശയമുണ്ട്. ഡോ.മുഖര്‍ജിയും ഹോസ്റ്റലില്‍ തന്നെ താമസിക്കുന്നു. ലതികയുടെ ഭൂതകാലപ്രണയത്തെ കുറിച്ച് അറിയാത്ത ഹ്യൂബര്‍ട്ട് അവളെ പ്രണയിക്കുന്നുണ്ട്. അയാള്‍ അനാരോഗ്യവാനാണ്. ഡോ.മുഖര്‍ജിക്ക് ഹ്യൂബര്‍ട്ടിന്റെ ആരോഗ്യസ്ഥിതി വേണ്ടത്ര മെച്ചമല്ലെന്ന് അറിയാം. ഗിരീശ് നേഗിയുമായുള്ള ലതികയുടെ പഴയ ബന്ധം അറിയുമ്പോള്‍ അയാള്‍ പശ്ചാത്താപത്തില്‍ പെടുന്നു. ഹ്യൂബര്‍ട്ട് പശ്ചാത്താപവിവശനാകുമ്പോള്‍ ലതികയ്ക്കു യാതൊന്നും മനസ്സിലായില്ലെന്നാണ് കഥാകാരന്‍ എഴുതുന്നത്. ഹ്യൂബര്‍ട്ടിന്റെ പ്രണയത്തോട് ലതിക നിസ്സംഗയായിരുന്നു.
വിദ്യാര്ത്ഥിയായ ജൂലിയുടെ പേരില്‍ വരുന്ന കത്ത് ലതികയുടെ കൈകളിലെത്തുന്നു. കുമാവുണ്‍ റജിമെന്റിലെ ഏതോ സൈനികയുവാവ് എഴുതിയ കത്തായിരുന്നു അത്. ജൂലിയെ ഒരു മിലിറ്ററി ഓഫീസറോടൊപ്പം ക്ലബ്ബില്‍ കണ്ടുവെന്ന കിംവദന്തി ലതിക അപ്പാടെ വിശ്വസിച്ചിരുന്നില്ല. ലതിക ജൂലിയോടു സംസാരിക്കുന്നുണ്ട്. ആ കത്തു കിട്ടാനുള്ള ആഗ്രഹത്തോടെ ജൂലി ലതികയുടെ കൈകളിലേക്കു നോക്കുന്നുണ്ട്. പക്ഷേ, ജൂലി ഒന്നും പറയാതെ തിരിച്ചുപോയി. യുവാവെഴുതിയ ആ നീലക്കവര്‍ ജൂലിയുടെ കട്ടിലിലെ തലയണയ്ക്കടിയില്‍ തിരുകിവയ്ക്കുന്ന ലതികയുടെ വാക്ചിത്രം വരച്ചു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. ഇപ്പോഴും തന്നെ നയിച്ചു കൊണ്ടിരിക്കുന്നത് ഗിരീശ് നേഗിയോടുള്ള പ്രണയമാണെന്ന് ലതിക തെളിയിക്കുന്നു. ഇരുളില്‍ കളഞ്ഞു പോയ തന്റെ പ്രണയം; ഓര്‍മ്മകളില്‍ തിളങ്ങുന്നത്, തനിക്ക് ഇനിയും എത്തിപ്പിടിക്കാന്‍ കഴിയാത്തത്, ജൂലിയില്‍ മറ്റൊരു രൂപത്തില്‍ വിടരാന്‍ തുടങ്ങുന്നത് ലതിക മനസ്സിലാക്കുന്നുണ്ട്. തന്റെ ഏകാന്തജീവിതത്തില്‍ വീണ്ടും വീണ്ടും തിടം വച്ച പ്രണയമാണ് ലതികയെ തന്റെ പ്രവൃത്തിക്കു പ്രേരിപ്പിക്കുന്നത്.
നല്ലതിനേയും ചീത്തയേയും വേര്‍തിരിക്കുന്ന സദാചാരവിശ്വാസങ്ങളുടെ പ്രശ്‌നീകരണം നോവലില്‍ സംഭവിക്കുന്നുണ്ട്. ലതിക ജൂലിയോടു കാണിക്കുന്ന സഹഭാവത്തെ ഫാദര്‍ എല്‍മണ്ട് പിന്തുണയ്ക്കുകയില്ലെന്നു തീര്‍ച്ച. ഫാദര്‍ എല്‍മണ്ടിനു നന്മയെന്നു തോന്നുന്നത് പൊതുസദാചാരബോധത്തിന്റെ നന്മയാണ്. നന്മയെ കുറിച്ചുള്ള ലതികയുടെ ബോധം പ്രണയത്തെ അനുഭവിക്കുകയും നഷ്ടപ്പെടുകയും വിരഹദു:ഖത്തില്‍ പെടുകയും ഏകാന്തതയിലും കാത്തിരിപ്പിലും വീണ്ടും ഉദ്ഭൂതമാകുകയും ചെയ്തുകൊണ്ട് ആര്‍ജ്ജിച്ചതാണ്. ലതികയില്‍ പ്രണയത്തിന്റെ ആദര്‍ശം വിജയിച്ചു നില്‍ക്കുന്നു. ഏകാകിയായ ലതികയുടെ ദു:ഖത്തെ സാമൂഹികസാംഗത്യമില്ലാത്ത വൈയ്യക്തികദു:ഖമായി കാണാന്‍ മാത്രമേ പൊതുബോധത്തിനു കഴിയൂ. എന്നാല്‍, ആ ദു:ഖത്തിന്റെ സാമൂഹികസാംഗത്യത്തെ ലതിക തന്റെ പ്രവൃത്തിയിലൂടെ വെളിപ്പെടുത്തുന്നു.
ഈ പ്രണയാദര്‍ശപ്രകീര്‍ത്തനത്തിന് ഒരു മറുവശമുണ്ട്. അത്, വിട്ടുപോയ പുരുഷന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന, പ്രണയത്തെ രക്ഷിക്കാന്‍ കെല്‍പ്പുള്ള ആദര്‍ശവനിതയെ സൃഷ്ടിക്കുന്നു. അവളുടെ ഏകാന്തതയിലും പുരുഷനുണ്ട്. പുരുഷന്റെ ഓര്‍മ്മ കൊണ്ടോ സ്‌നേഹം കൊണ്ടോ നിറയ്ക്കപ്പെട്ടാല്‍ മാത്രമേ ഈ സ്ത്രീക്കു സ്വയം നിര്‍വ്വചിക്കാന്‍ കഴിയുന്നുള്ളൂ. ലതിക അനുഭവിക്കുന്ന മുഴുവന്‍ പീഡകളും പുരുഷനോടുള്ള ഒഴിച്ചു കളയാനാകാത്ത ബന്ധത്തിന്റെ തുടര്‍ച്ചയാണ്. പുരുഷനു കീഴടങ്ങി നില്‍ക്കുന്ന സ്ത്രീയാണ് ലതിക; പ്രത്യക്ഷത്തില്‍ പുരുഷനില്ലെങ്കിൽ പോലും. പുരുഷാധിപത്യത്തിന്റെ മൂല്യങ്ങള്‍ എങ്ങനെയൊക്കെയോ ഈ പ്രണയാദര്‍ശപ്രകീര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.

9446152782

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...