ഇന്നു നിര്യാതനായ സ്റ്റീഫന്‍ ഹോക്കിങിനെ അറിയുമോയെന്നു തെരുവില്‍ കണ്ടുമുട്ടുന്ന മനുഷ്യനോട് ചോദിക്കുക. ഉവ്വ് എന്ന ഉത്തരം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. സാധാരണനിലയില്‍, ഭൗതികശാസ്ത്രജ്ഞന്മാര്‍ക്കു ലഭിക്കാത്ത അംഗീകാരമാണത്.'1 പ്രശസ്തമായ ഒരു ജേര്‍ണലിന്റെ ഹോക്കിങിനെ കുറിച്ചുള്ള ഒരു അനുസ്മരണം ഈ വാക്കുകളോടെയാണ് തുടങ്ങുന്നത്. ശാസ്ത്രജ്ഞന്മാര്‍ക്കോ ഗവേഷകര്‍ക്കോ ശാസ്ത്രാദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ മാത്രമല്ല; മുഴുവന്‍ ലോകജനതയുടേയും സുഹൃത്തിനെയാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ നിര്യാണത്തോടെ നമുക്കു നഷ്ടമാകുന്നത്. ഇപ്പോള്‍, ശാസ്ത്രജ്ഞന്മാര്‍ ജനങ്ങളിലേക്കു വരുകയും അവരോട് അടുക്കുകയും ചെയ്യുന്നതു വിരളമാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ പോലെ ശാസ്ത്രത്തോടൊപ്പം ലോകസമാധാനത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും തത്ത്വചിന്തയുടേയും മേഖലകളില്‍ കൂടി താല്‍പ്പര്യം പുലര്‍ത്തുകയും ജനങ്ങളോടു സംസാരിക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞന്മാരുടെ പാരമ്പര്യം നഷ്ടപ്രായമാകുന്ന കാലത്താണ് ഹോക്കിങ് ജീവിച്ചത്. ശാസ്ത്രപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്കു മാറുന്നതോടെ ശാസ്ത്രജ്ഞന്മാരില്‍ ഏറെപ്പേരും ബഹുരാഷ്ട്രകോര്‍പ്പറേഷനുകളുടെ കീഴിലോ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലോ പ്രവൃത്തിയെടുക്കുന്നവരായി മാറിത്തീരുന്നുണ്ട്. ബൗദ്ധികവും നൈതികവുമായ സ്വകീയതാല്‍പ്പര്യങ്ങളില്‍ നിന്നുകൊണ്ട് ശാസ്ത്രഗവേഷണത്തില്‍ ഏര്‍പ്പെടുന്ന സാമൂഹികവ്യക്തികളായ ശാസ്ത്രജ്ഞന്മാരുടെ മഹത്തായപാരമ്പര്യം; ഐന്‍സ്റ്റൈനിലും മറ്റും ഏറിയ അളവില്‍ പ്രകടമായിരുന്നത്, ഇല്ലാതാകുന്ന പ്രവണത വര്‍ദ്ധമാനമാകുന്നു. ശാസ്ത്രജ്ഞന്‍ ജനങ്ങളില്‍ നിന്നും അകന്നു. കണികാഭൗതികത്തില്‍ സുപ്രധാനകണ്ടെത്തലുകള്‍ക്കും സൈദ്ധാന്തികാവിഷ്‌ക്കാരങ്ങള്‍ക്കും നേതൃത്വം നല്‍കിയ പല ശാസ്ത്രജ്ഞന്മാരേയും കുറിച്ച് സാമാന്യജനത കേട്ടിട്ടുണ്ടാകില്ല! ഹോക്കിങ് അങ്ങനെയായിരുന്നില്ല. ശാസ്ത്രജ്ഞാനത്തേയും ശാസ്ത്രം പകരുന്ന ലോകാവബോധത്തേയും ജനങ്ങളിലേക്ക് എത്തിക്കാന്‍ നിരന്തരമായി ശ്രമിച്ചു കൊണ്ടിരുന്ന ശാസ്ത്രപ്രതിഭയായിരുന്നു,അദ്ദേഹം. ഐന്‍സ്റ്റൈനു ശേഷം അസ്തമിച്ചു കൊണ്ടിരുന്ന ആ നല്ല പാരമ്പര്യത്തെ സ്റ്റീഫന്‍ ഹോക്കിങ് ഉയര്‍ത്തിയെടുത്തു. മനസ്സും ബുദ്ധിയും മാത്രം പ്രവര്‍ത്തിക്കുന്ന ആ നിശ്ചലമനുഷ്യന്‍ ശാസ്ത്രത്തിലെ പുതിയ അറിവുകളുമായി നമ്മെ സമീപിച്ചു കൊണ്ടിരുന്നു. ശരീരം നിശ്ചലമായതിനു ശേഷവും വ്യത്യസ്തമായ ശേഷികള്‍ പ്രകടിപ്പിക്കുന്നവന്‍ ലോകത്തിന് ആരാധ്യനായി തീരുന്നതെങ്ങനെയെന്ന് ഈ ശാസ്ത്രജ്ഞന്‍ നമ്മെ പഠിപ്പിച്ചു.
ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ശാസ്ത്രജ്ഞന്മാരെ പ്രചോദിപ്പിക്കുന്നതിലും അവരുടെ ജിജ്ഞാസയെ ഉണര്‍ത്തുന്നതിലും തന്റെ ശാസ്ത്രസപര്യയിലുടനീളം ഹോക്കിങ് വലിയ പങ്കു വഹിക്കുന്നതു കാണാം. സ്റ്റീഫന്‍ ഹോക്കിങിന്റെ വ്യത്യസ്തവും വ്യതിരിക്തവുമായ വാദങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ക്കിടയിലും സവിശേഷകൗതുകം ജനിപ്പിക്കുന്നതായിരുന്നു. മര്‍മ്മസ്പര്‍ശിയായ ശാസ്ത്രപ്രശ്‌നങ്ങളെ ഗവേഷകലോകത്ത് സജീവമാക്കി നിലനിര്‍ത്തുന്നതിനുതകുന്ന സംവാദത്തിന്റെ അന്തരീക്ഷത്തെ അതു പ്രദാനം ചെയ്തു. ശാസ്ത്രപ്രശ്‌നങ്ങളില്‍ പരാജയപ്പെടുന്ന പന്തയക്കാരനായി, സംവാദാത്മകമായ പ്രസ്താവങ്ങളിലൂടെ ശാസ്ത്രം നേരിടുന്ന പ്രശ്‌നങ്ങളെ സംബോധന ചെയ്യുന്ന പ്രഭാഷകനായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. തമോദ്വാരങ്ങള്‍ക്കുള്ള ആദ്യതെളിവുമായി കിപ് തോണ്‍ എന്ന ശാസ്ത്രജ്ഞന്‍ മുന്നോട്ടു വരുമ്പോള്‍ അത് അങ്ങനെയായിരിക്കില്ലെന്നു പറയുന്ന ഹോക്കിങിനെ നാം കാണുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ വാദങ്ങളിലെ പരാജയം അദ്ദേഹം സമ്മതിക്കുന്നു. ജനീവയിലെ വലിയ കണികാത്വരകത്തില്‍ ഹിഗ്‌സ് ബോസോണിനെ കണ്ടെത്താന്‍ കഴിയില്ലെന്നു മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗോര്‍ഡന്‍ കേനിനോടു പന്തയം വയ്ക്കുകയും ഹിഗ്‌സ് ബോസോണിനെ കണ്ടെത്തുമ്പോള്‍ നൂറു ഡോളര്‍ പന്തയത്തുക ഗോര്‍ഡനു നല്‍കുകയും ചെയ്യുന്ന ഹോക്കിങിനെ നാം പരിചയപ്പെടുന്നു. തമോദ്വാരങ്ങളിലെ വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന ജോണ്‍ പ്രസ്‌ക്കിലിന്റെ വാദത്തോടു തര്‍ക്കിക്കുകയും അതിലും പരാജയപ്പെടുകയും തമോദ്വാരവികിരണം വിവരശോഷണത്തിനു കാരണമാകുന്നില്ലെന്ന തീര്‍പ്പില്‍ എത്തുകയും ചെയ്യുന്ന ഹോക്കിങിനെ നാം വീണ്ടും കാണുന്നു. ഹോക്കിങ് സൃഷ്ടിച്ചെടുത്ത 'തമോദ്വാരയുദ്ധ'ത്തില്‍ ജെറാര്‍ഡ് ടി ഹൂഫ്ടിനേയും ലിയോനാര്‍ഡ് സൂസ്‌ക്കിന്റിനേയും പോലുള്ള പ്രഗത്ഭ ശാസ്ത്രജ്ഞന്മാര്‍ ഇടപെടുന്നുണ്ട്.
1980ല്‍, കേംബ്രിഡ്ജിലെ ഗണിതശാസ്ത്രത്തിന്റെ ലുക്കാസിയന്‍ പ്രൊഫസര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സൈദ്ധാന്തികഭൗതികത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുമെന്ന തന്റെ പ്രതീക്ഷയെ ഹോക്കിങ് പ്രഖ്യാപിക്കുന്നു. ഭൗതികശാസ്ത്രത്തിന്റെ അന്ത്യം കാഴ്ചയില്‍ വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സൈദ്ധാന്തിക'ഭൗതികശാസ്ത്രജ്ഞന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏകീകൃതസിദ്ധാന്തത്തിന്റെ നിര്‍മ്മാണത്തിനുള്ള ശ്രമത്തെ ചൂണ്ടിയാണ് സൈദ്ധാന്തികഭൗതികത്തിന്റെ അന്ത്യം കാഴ്ചയില്‍ വരുന്നുവെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞത്. 1980ലെ ഈ പ്രവചനം 2001ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. അന്ന്, ഭൗതികശാസ്ത്രത്തിന്റെ അന്ത്യം എന്ന ഹോക്കിങിന്റെ പരികല്‍പ്പനയോട് ഇന്ത്യയിലെ ചില ശാസ്ത്രജ്ഞന്മാരും ചിന്തകന്മാരും വിയോജിച്ചിരുന്നു. 2002ല്‍ ഡിറാക്കിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം തന്റെ നിലപാടില്‍ മാറ്റം വരുത്തുന്നു. നാം ഇന്നേവരെ കരുതിയ രൂപത്തിലുള്ള ഒരു സാര്‍വ്വത്രികസിദ്ധാന്തം അസാദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോഡല്‍ തിയറം (ഏöറലഹ ഠവലീൃലാ) ഭൗതികശാസ്ത്രത്തിന്റെ സാര്‍വ്വത്രികസിദ്ധാന്തത്തെ കുറിച്ചുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നുവെന്നാണ് ഹോക്കിങ് ഇപ്പോള്‍ ചൂണ്ടിക്കാട്ടിയത്. തന്റെ നിലപാടുകളേയും ഉള്‍ക്കാഴ്ചകളേയും ലോകസമക്ഷം അവതരിപ്പിക്കാനും സംവാദങ്ങള്‍ക്കു തുടക്കമിടാനും ഉത്സുകനായിരുന്ന ഹോക്കിങ് പരാജയങ്ങളെ അംഗീകരിക്കാനും സന്നദ്ധനായിരുന്നു. ഈ പരാജയങ്ങള്‍ ശാസ്ത്രത്തിന്റെ വിജയങ്ങള്‍ക്കുള്ള നാന്ദിയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സന്ദേഹങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ കൂടപിറപ്പാണ്. സോള്‍വേ കോണ്‍ഫറന്‍സിലെ മഹത്തായ സംവാദവേദിയില്‍ ബോറിനോടു പരാജയം സമ്മതിക്കുകയും എന്നിട്ടും ഉള്‍ക്കൊള്ളാനാകാതെ സന്ദേഹം പേറുകയും ചെയ്ത ഐന്‍സ്റ്റൈന്‍ ആവിഷ്‌ക്കരിച്ച ഒരു പരീക്ഷണമാണ്, ഇപ്പോള്‍, ക്വാണ്ടം സംഘടിതാവസ്ഥകളെ ആശ്രയിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടറിന്റെയും ഗൂഢസന്ദേശവിനിമയവിദ്യയുടേയും അടിസ്ഥാനമായി തീര്‍ന്നതെന്ന് ഓര്‍ക്കുക! സന്ദേഹത്തിന്റേയും അനിശ്ചിതത്വങ്ങളുടേയും സംവാദത്തിന്റേയും ഇടയില്‍ സഞ്ചരിച്ചിരുന്ന സ്റ്റീഫന്‍ ഹോക്കിങ്, സര്‍ഗ്ഗാത്മകമനസ്സിന്റെ ഉന്നതദൃഷ്ടാന്തമായി നമ്മുടെ മുന്നില്‍ നിന്നിരുന്നു! ശാസ്ത്രത്തിന്റെ സര്‍ഗ്ഗാത്മകചിന്ത എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷീകരിച്ചത് ചലിക്കാനാവാത്ത ആ ശരീരത്തിലെ സജീവമായ മനസ്സായിരുന്നു.
ആദ്യമായി, സ്റ്റീഫന്‍ ഹോക്കിങ് ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് ലോകമെമ്പാടും ദശലക്ഷകണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ ജനപ്രിയമായ പുസ്തകങ്ങളിലൂടെയായിരുന്നു.കാലത്തിന്റെ സംക്ഷിപ്തചരിത്രം എന്ന ആദ്യപുസ്തകം ഉണര്‍ത്തിയ പ്രകമ്പനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പിന്നെയും പിന്നെയും എത്രയോ പുസ്തകങ്ങള്‍! തമോദ്വാരങ്ങളും കുഞ്ഞുപ്രപഞ്ചങ്ങളും (Blackholes
and Baby Universes), പ്രപഞ്ചം ഒരു ചിപ്പിക്കുള്ളില്‍ (Universe
in a Nutshell), ദൈവം സംഖ്യകളെ നിര്‍മ്മിച്ചു(And
God Created Numbers).. എന്നീ പുസ്തകങ്ങളെല്ലാം വായനക്കാരുടെ പ്രപഞ്ചത്തെ കുറിച്ചുള്ള ജിജ്ഞാസയെ വര്‍ദ്ധമാനമാക്കുന്നതായിരുന്നു. റോജര്‍ പെന്റോസിനോടും കിപ് തോണിനോടും ലിയോനാര്‍ഡ് മോഡിനോവിനോടും ഒപ്പം ചേര്‍ന്ന് ഹോക്കിങ് എഴുതിയ പുസ്തകങ്ങള്‍ ഗവേഷകര്‍ക്കു കൂടി വഴികാട്ടിയാകുന്നവയാണ്. നേച്ചര്‍ എന്ന വിശ്രുതജേര്‍ണലിന്റെ വലിയ പ്രശംസ നേടുന്ന അദ്ദേഹത്തിന്റെ ഡോക്ടര്‍ പ്രബന്ധം പില്‍ക്കാലത്തു ജനങ്ങളില്‍ നിന്നും നേടാനിരുന്ന വലിയ പ്രശംസകളുടെ തുടക്കമായിരുന്നു.
തമോദ്വാര(Black
Holes)ങ്ങളെ കുറിച്ചും ഏകത്വവൈചിത്ര്യ(Singularity)ബിന്ദുക്കളെ കുറിച്ചും സ്റ്റീഫന്‍ ഹോക്കിങ് നടത്തിയ പഠനങ്ങളാണ് ശാസ്ത്രഗവേഷണരംഗത്ത് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. വളരെ വലിയ നക്ഷത്രങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെ ശക്തിയില്‍ ചുരുങ്ങിത്തകര്‍ന്ന് തമോദ്വാരങ്ങളായി മാറുന്നതിനെ കുറിച്ഛും അവ ചില വികിരണങ്ങളെ പുറത്തേക്കു തള്ളുന്നതിനെ കുറിച്ചും ഹോക്കിങ് കണ്ടെത്തിയ വസ്തുതകള്‍ അത്ഭുതജനകങ്ങളായിരുന്നു. തമോദ്വാരങ്ങളുടെ എന്‍ട്രോപ്പി(Entropy
- Degree of disorder)യെ കുറിച്ചു പറയുകയും അതിന് ഊഷ്മാവുണ്ടെങ്കില്‍ വികിരണം സാദ്ധ്യമാണെന്നു നിഗമിക്കുകയുമാണ് അദ്ദേഹം ചെയ്തത്. സാമാന്യ ആപേക്ഷികസിദ്ധാന്തം ഉപയോഗിച്ച് വിശദീകരിക്കപ്പെടുന്ന തമോഗര്‍ത്തങ്ങളില്‍ ക്വാണ്ടം ബലതന്ത്രത്തിന്റെ നിയമങ്ങള്‍ ഉപയോഗിക്കുകയും ഹോക്കിങ് വികിരണങ്ങള്‍ എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട പ്രതിഭാസത്തെ വിശദീകരിക്കുകയും ചെയ്യുന്നതിലൂടെ പരസ്പരം അകന്നു നിന്നിരുന്ന രണ്ടു പ്രധാന ഭൗതികശാസ്ത്രശാഖകളെ ഒരുമിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കമിടുകയായിരുന്നു. ഹോക്കിങ് വികിരണങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെങ്കിലും അത് ഉയര്‍ത്തിയ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഗുരുത്വാകര്‍ഷണ ഏകത്വവൈചിത്ര്യങ്ങളെ കുറിച്ച് റോജര്‍ പെന്റോസുമായി ചേര്‍ന്ന് അദ്ദേഹം രൂപപ്പെടുത്തിയ ശാസ്ത്രസിദ്ധാന്തങ്ങള്‍ ഭൗതികശാസ്ത്രനിയമങ്ങള്‍ പരാജയപ്പെടുന്ന ബിന്ദുക്കളെ കുറിച്ചാണ് പറഞ്ഞത്. മഹാസ്‌ഫോടനത്തിന്റെ ബിന്ദു ഒരു അതിവൈചിത്ര്യമാണ്. ശാസ്ത്രം കടന്നു ചെല്ലാന്‍ മടിക്കുകയോ ശാസ്ത്രജ്ഞന്‍ പറയാന്‍ മടിക്കുകയോ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു കൂടി വാചാലനായിക്കൊണ്ട് ശാസ്ത്രത്തിന്റെ അതിര്‍ത്തികളെ വികസിപ്പിക്കുകയായിരുന്നു, ഹോക്കിങ്.
മോട്ടോര്‍ ന്യൂറോണ്‍ രോഗം അദ്ദേഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ക്കു പോലും തടസ്സമായി നിന്നില്ല. വിയറ്റ്‌നാം ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഊന്നുവടിയില്‍ നടന്ന് പ്രകടനത്തില്‍ പങ്കെടുക്കുകയും ഇറാക്കിന്റെ മേലുള്ള അധിനിവേശത്തെ കുറ്റകൃത്യമായി വിശേഷിപ്പിക്കുകയും പാലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രയേലിനെ ബഹിഷ്‌ക്കരിക്കാനുള്ള അക്കാദമികസമൂഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയും ആണവനിരായുധീകരണത്തിനു വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ട് താന്‍ രാഷ്ട്രീയമായി ഏതു പക്ഷത്താണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആഗോളതാപനം ഉയര്‍ത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിന് അമേരിക്കയുടെ സമകാലനടപടികള്‍ തടസ്സമായിരിക്കുമെന്ന് ഹോക്കിങ് പറയുന്നുണ്ട്. കൃത്രിമബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യനേയും പ്രകൃതിയേയും എങ്ങനെയായിരിക്കും മാറ്റിത്തീര്‍ക്കുകയെന്ന് അദ്ദേഹം ഉല്‍ക്കണ്ഠാകുലനാകുന്നുണ്ട്. ഭൗതികശാസ്ത്രത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ വിഹരിക്കുമ്പോഴും മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണപ്രശ്‌നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ കടന്നുചെന്നിരുന്നു. സ്വര്‍ഗ്ഗവും മരണാനന്തരജീവിതവും മിത്തുകളാണെന്നും ദൈവമുണ്ടെങ്കില്‍ ദൈവത്തിന്റെ മനസ്സ് നമുക്കു മനസ്സിലാക്കാന്‍ കഴിയുമെന്നും പറഞ്ഞ ഹോക്കിങ് പ്രപഞ്ചത്തിന്റെ സൃഷ്ടിയില്‍ ദൈവത്തിന് ഒരു പങ്കുമില്ലെന്നു പറഞ്ഞുവയ്ക്കുകയും ചെയ്തു. തത്ത്വചിന്ത മരിച്ചുവെന്നു പറഞ്ഞ ശാസ്ത്രജ്ഞന്‍, എല്ലാ ദാര്‍ശനികപ്രശ്‌നങ്ങളും ശാസ്ത്രം പരിഹരിക്കുമെന്ന പക്ഷക്കാരനായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ പ്രാബല്യത്തിലുള്ള ഒരു സമീപനത്തെയാണ് ഇക്കാര്യത്തില്‍ ഹോക്കിങ് സ്വീകരിച്ചിരുുന്നതെന്നു പറയണം. രീതിശാസ്ത്രത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരു ജ്ഞാനശാസ്ത്രകാരനു മുന്നില്‍ ഭൗതികശാസ്ത്രജ്ഞന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത അവസരവാദിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നതെന്ന ഐന്‍സ്റ്റൈന്റെ സ്വയം വിമര്‍ശം ഹോക്കിങ് ഉള്‍ക്കൊണ്ടിരുന്നില്ലെന്നു തോന്നുന്നു. തത്ത്വചിന്ത ആധുനികശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നില്ലെന്നാണ് ഹോക്കിങ് ആരോപിച്ചത്. ശാസ്ത്രത്തിനു യോജിച്ച അതിഭൗതികം നിര്‍മ്മിക്കാന്‍ ശാസ്ത്രജ്ഞാനത്തിലേക്കു വരികയും അതില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് അതിഭൗതികത്തിലേക്കു തിരിച്ചുപോകുകയും ചെയ്യുന്ന ദെല്യൂസിന്റേയും മറ്റും ഇടപെടലുകളെ അദ്ദേഹം അറിയാതിരിക്കുകയോ തത്ത്വചിന്തയുടെ പരാജയമായി മനസ്സിലാക്കുകയോ ചെയ്തതാണോയെന്നും ശങ്കിക്കണം! ഹോക്കിങിന്റെ പരാമര്‍ശം തന്നെ വൈരുദ്ധ്യത്തിലാണെന്ന്, അത് ദാര്‍ശനികമായ ഒരു നിലപാട് സ്വീകരിക്കുകയും അതോടൊപ്പം ദര്‍ശനം മരിച്ചുവെന്നു പറയുകയും ചെയ്യുന്നുവെന്ന കാര്യവും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.
ശാസ്ത്രജ്ഞന്മാരുടെ അക്കാദമികള്‍ സ്റ്റീഫന്‍ ഹോക്കിങിനും ചില പുരസ്‌ക്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹോക്കിങ് വികിരണങ്ങള്‍ക്ക് പരീക്ഷണാത്മകമായ തെളിവുകള്‍ ഇതേവരെ ലഭ്യമാകാതിരുന്നതു കൊണ്ട് അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായില്ല. ലിയോ ടോള്‍സ്റ്റോയിക്കും മഹാത്മാഗാന്ധിക്കും അംബേദ്ക്കറിനും സത്യേന്ദ്രനാഥബോസിനും നോബല്‍സമ്മാനം ലഭിച്ചിട്ടില്ലാത്തതു പോലെ സ്റ്റീഫന്‍ ഹോക്കിങും ആ പുരസ്‌ക്കാരത്തിന് അര്‍ഹനായില്ല! സന്ദേഹിക്കാനും പരാജയപ്പെടാനും സഹിക്കാനും സന്നദ്ധമായിരുന്ന ആ മനസ്സിനെ അതു വേദനിപ്പിച്ചിട്ടുണ്ടാകില്ല! എന്നാല്‍, അദ്ദേഹം നോബല്‍ സമ്മാനം കൊണ്ട് ആദരിക്കപ്പെട്ടിരുന്നെങ്കില്‍, നോബല്‍സമ്മാനം സ്വയം പുരസ്‌ക്കൃതമാകുമായിരുന്നു!
No comments:
Post a Comment