"പ്രപഞ്ചവും മനുഷ്യനും" എന്ന പുസ്തകത്തിന്റെ പ്രസാധനത്തിനു ശേഷം കേരളീയ ധൈഷണികജീവിതത്തില്‍ കെ.വേണു ഒരു സജീവസാന്നിദ്ധ്യമായി മാറുന്നുണ്ട്. "വിപ്ലവത്തിന്റെ ദാര്‍ശനികപ്രശ്‌നങ്ങള്‍", "ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്‍പ്പം" എന്നീ പുസ്തകങ്ങൾ, അദ്ദേഹത്തിന്റെ ബുദ്ധിജീവിതത്തിലെ സവിശേഷമായ വഴിത്തിരിവുകളെ കുറിക്കുന്നതായിരുന്നു. ഈയിടെ പുറത്തിറങ്ങിയ വേണുവിന്റെ പുതിയ പുസ്തകവും "പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം" അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണങ്ങളിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നായി പരിഗണിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം ഇതിന്നകം ഉയര്‍ന്നു വന്നിട്ടുണ്ട്.
നിര്‍ണ്ണയവാദത്തിനും മതാത്മകയുക്തിക്കുമെതിരെയുള്ള വിമര്‍ശമെന്ന നിലയില്‍ എഴുതപ്പെട്ടതാണെന്ന പ്രതീതി ഈ കൃതി ജനിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ പുസ്തകത്തിന്റെ ഭാഷയും വാക്യഘടനയും പ്രതിരോധപ്രസ്ഥാനങ്ങളോടു സ്വീകരിക്കുന്ന സമീപനവും ആധികാരികസ്വരത്തിന്റേതാണ്. സംഭാഷണത്തിന്റെ ഭാഷയല്ല, സംവാദത്തിന്റെ ഭാഷയല്ല, സന്ദേഹങ്ങളോ അനിശ്ചിതത്വങ്ങളോ സൂക്ഷിക്കുന്ന ഭാഷയല്ല; മറിച്ച്, അഡോണോയുടെ പുസ്തകത്തിന്റെ ശീര്‍ഷകത്തെ ഓര്‍മ്മിപ്പിക്കുന്ന, ആധികാരികതയുടെ കാര്‍ക്കശ്യം അനുഭവിപ്പിക്കുന്ന ഭാഷയാണത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എല്ലാം അറിയുന്നവന്‍ സംസാരിക്കുന്ന ഭാഷയാണ്. പരിഹാസത്തിന്റേയും പുച്ഛത്തിന്റേയും ശക്തമായ ഉറപ്പിന്റേയും സ്വരം കൃതിയുടെ പല ഭാഗങ്ങളില്‍ നിന്നും വായനക്കാർ കേള്‍ക്കുന്നു. ഈ പുസ്തകത്തില്‍ നിന്നും ഉയരുന്ന ആധികാരികതയുടെ സ്വരം അധികാരത്തിന്റെ സ്വരം തന്നെയാണ്. സ്ഥാപനയുക്തിയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ആധികാരികതയുടെ വാക്കുകള്‍ നിറയെ എഴുതപ്പെടുന്ന ഒരു പുസ്തകത്തിന് എങ്ങനെ മതാത്മകയുക്തിക്കും നിര്‍ണ്ണയവാദത്തിനും എതിരെ നില കൊള്ളാന്‍ കഴിയുമെന്ന സന്ദേഹം പുസ്തകവായന എന്നിൽ ഉയർത്തി. നിര്‍ണ്ണയവാദത്തിനും മതാത്മകതയ്ക്കുമെതിരെ വേണു ഉയര്‍ത്തുന്ന വിമര്‍ശങ്ങളെ തന്നെ ഈ ആധികാരികത നിഷ്പ്രഭമാക്കുന്ന സന്ദര്‍ഭങ്ങള്‍ പുസ്തകത്തില്‍ കണ്ടെത്തുന്നതിലേക്കു നയിക്കപ്പെടുന്നത് അങ്ങനെയാണ്.
അനിവാര്യതയും യാദുച്ഛികതയും തമ്മിലുള്ള ബന്ധങ്ങളെ വിവരിക്കുന്ന ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക. 'ഒരു ജീവജാതിയുടെ അനിവാര്യമായ ജനിതകഘടനയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന നിര്‍ണ്ണായകമായ ഇടപെടലാണ് ഉൾപരിണാമത്തിലൂടെ യാദൃച്ഛികത നിര്‍വ്വഹിക്കുന്നത്. പരിണാമഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ അന്തിമമായ പങ്കു വഹിക്കുന്നത് അനിവാര്യത തന്നെയാണെന്നും ഇതില്‍ നിന്നും വ്യക്തമാണ്.'' ഇതിലെ രണ്ടാമത്തെ വാക്യം സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്. പരിണാമത്തിന്റെ ഒരു നിശ്ചിതഘട്ടത്തെയല്ല, പരിണാമഗതിയെ തന്നെ അന്തിമമായി നിശ്ചയിക്കുന്നത് അനിവാര്യതയാണെന്നു പറയുകയാണ് വേണു ചെയ്യുന്നത്. ആദ്യകാരണമോ ഉദ്ദേശ്യമോ പോലെ തന്നെ കണക്കാക്കേണ്ട പരികല്‍പ്പനയാണല്ലോ അന്തിമകാരണവും. അനിവാര്യതയെ, നിര്‍ണ്ണയസ്വഭാവത്തെ അംഗീകരിക്കുന്ന സമീപനമല്ലാതെ മറ്റെന്താണ് ഈ വാക്യങ്ങള്‍ വഹിക്കുന്നത്? അനിവാര്യത, യാദൃച്ഛികത എന്നീ ഗണങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് നാം ചര്‍ച്ച ചെയ്യുന്നതെങ്കില്‍, പ്രപഞ്ചത്തിലെ പ്രക്രിയകളെല്ലാം തന്നെ അനിവാര്യതയുടേയും യാദൃച്ഛികതയുടേയും സംഗമഫലമാണെന്ന, അവയുടെ കൂടിച്ചേരലുകളുടേയും പരസ്പരപ്രതിപ്രവര്‍ത്തനത്തിന്റേയും ഫലമാണു പരിണാമഗതിയേയും നിശ്ചയിക്കുന്നതെന്നു പറയാനേ കഴിയൂ. പരിണാമഗതിയെ അന്തിമമായി നിശ്ചയിക്കുന്നത് അനിവാര്യതയാണെന്നു പറയുന്ന സമീപനം അതീതത്തെയും സത്തയെയും വളഞ്ഞ വഴികളിലൂടെ തിരിച്ചു കൊണ്ടുവരുന്നതാണ്. അത് നിര്‍ണ്ണയവാദം തന്നെയാണ്. മതാത്മകതയുടെ മറ്റൊരു രൂപമാണത്.
വേണുവിന്റെ വികലനങ്ങള്‍ ശാസ്ത്രദര്‍ശനത്തിന്റെ വിപുലമായ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് എഴുതപ്പെട്ടവയല്ല. ക്രമം, ക്രമരാഹിത്യം, യാദൃച്ഛികത, അനിവാര്യത തുടങ്ങിയ ഗണങ്ങളെ ഉപയോഗിക്കുമ്പോള്‍ അദ്ദേഹം പ്രധാനമായും ആശ്രയിക്കുന്നത് വളരെ വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്ന പ്രിഗോഷിന്റെ "ക്രമരാഹിത്യത്തില്‍ നിന്നും ക്രമം" എന്ന പുസ്തകത്തേയും ജാക്വസ് മൊണാഡിന്റെ "യാദുച്ഛികതയും അനിവാര്യതയും" എന്ന പുസ്തകത്തേയുമാണ്. ശാസ്ത്രജ്ഞന്മാരുടെ ഭാഗത്തു നിന്നും ദര്‍ശനങ്ങളെ നോക്കിക്കാണാനുള്ള ശ്രമങ്ങള്‍ എന്ന നിലയ്ക്ക് ഇവ ശ്രദ്ധേയമാണെങ്കിലും തത്ത്വചിന്തകന്മാര്‍ ശാസ്ത്രത്തെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് വേണു പരിഗണിക്കുന്നതേയില്ല. കാള്‍ പോപ്പറെ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ക്രിസ്റ്റഫര്‍ കോഡ്‌വെല്ലിന്റെ "ഭൗതികത്തിലെ പ്രതിസന്ധി" എന്ന പുസ്തകത്തിലെ നിരീക്ഷണങ്ങള്‍, എഡ്മണ്ട് ഹുസേലിന്റെ യൂറോപ്യന്‍ ശാസ്ത്രങ്ങളിലെ പ്രതിസന്ധിയിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്ന നിശിതമായ ശാസ്ത്രവിമര്‍ശം, മാര്‍ട്ടിന്‍ ഹൈദഗറൂടെ ശാസ്ത്രം ചിന്തിക്കുന്നില്ല എന്ന സമീപനം, ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയെ അന്വേഷിക്കുന്ന ബൗദ്ധികഇടപെടലുകളില്‍ ഗണിതശാസ്ത്രത്തിന്റെ പങ്ക് തിരയുന്ന ബാഷ്‌ലാദിന്റെ നിരീക്ഷണങ്ങള്‍, "ശാസ്ത്രവിപ്ലവങ്ങളുടെ ഘടന" എന്ന പുസ്തകത്തിലൂടെ ശാസ്ത്രദര്‍ശനത്തെ അടിമുടി ഇളക്കിമറിച്ച തോമസ് കൂണിന്റെ സംഭാവനകള്‍, ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന്റെ നിശിത വിമര്‍ശകനായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ശാസ്ത്രത്തില്‍ എന്തുമാകാം എന്നു പ്രഖ്യാപിച്ച പോള്‍ ഫെയെറബെന്റിന്റെ നിലപാടുകള്‍, ഉത്തരാധുനികത ഉയര്‍ത്തിയ ശാസ്ത്രത്തിന്റെ വിമര്‍ശനങ്ങള്‍, ഒരു ദശകത്തോളം നീണ്ടുനിന്ന ശാസ്ത്രയുദ്ധങ്ങളെന്ന പേരിലറിയപ്പെടുന്ന സംവാദങ്ങളും വിവാദങ്ങളും, ശാസ്ത്രദര്‍ശനങ്ങളുടെ ഭവശാസ്ത്രമായി ഗണിതശാസ്ത്രത്തെ വ്യത്യസ്തരൂപങ്ങളില്‍ സ്വീകരിക്കുന്ന ദെല്യൂസിന്റെയോ ബാദിയുവിന്റെയോ സമീപനങ്ങള്‍... ഇവയൊന്നും വേണുവിന്റെ പുസ്തകം സ്പര്‍ശിക്കുന്നതേയില്ല. എന്നാല്‍, മനുഷ്യപരിണാമത്തില്‍ ഭാഷ വഹിച്ച പങ്കിനെ വേണു നന്നായി വിശദീകരിക്കുന്നുണ്ട്,
സാമൂഹികശാസ്ത്രദര്‍ശനങ്ങളുടേയും സാമൂഹികരാഷ്ട്രീയപ്രസ്ഥാനങ്ങളുടേയും വിശകലനത്തില്‍ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനങ്ങളോടുംജനകീയസമരങ്ങളോടും ഹൃദയം കഠിനമാക്കി വച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ കെട്ടഴിച്ചു വിടുന്ന വേണു, മുതലാളിത്തത്തോട് സ്‌നേഹമനസ്സു കാണിച്ചുകൊണ്ട് വളരെ വിഭാഗീയമായ സമീപനം സ്വീകരിക്കുന്നതു കാണാം. മുതലാളിത്തത്തിന്റെ ദര്‍ശനം യാന്ത്രികയുക്തിയുടേയും നിര്‍ണ്ണയവാദത്തിന്റേയുമാണെന്ന് യൂറോപ്യന്‍ ചരിത്രവും ദര്‍ശനങ്ങളും ലോകത്തോട് എത്രയോ മുന്നേ വിളിച്ചു പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. മാര്‍ക്‌സിനെ നിര്‍ണ്ണയവാദിയെന്നു മുദ്ര കുത്താന്‍ ശ്രമിക്കുന്ന കെ. വേണു, പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലൂടനീളം യാന്ത്രികയുക്തിയില്‍ നിന്നു കൊണ്ടു പ്രവര്‍ത്തിച്ച മുതലാളിത്തത്തെ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപങ്ങളിലൊന്നിനെ നിലനിര്‍ത്തുന്ന ശക്തിയായിട്ടാണ് കാണുന്നത്. എന്തുകൊണ്ടാണ്, എങ്ങനെയാണ് ഇതു സംഭവിക്കുന്നതെന്ന് വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ജനതയുടെ പ്രക്ഷോഭങ്ങള്‍ക്ക്, ഇച്ഛാശക്തിക്കു പ്രാധാന്യം നല്‍കാത്ത സമീപനങ്ങളാണ് മുതലാളിത്തത്തിന്റെ പ്രശംസയില്‍ അവസാനിക്കുന്നതെന്നു കാണാവുന്നതേയുള്ളൂ. നെഗ്രിയുടെ ജനസഞ്ചയം എന്ന സങ്കല്‍പ്പനത്തെ പോലും തിരസ്‌ക്കരിക്കുകയും അതിനു കാരണമായി അവയും അമിതാധികാരഭരണകൂടങ്ങളെയാണ് സൃഷ്ടിക്കുകയെന്നും പറയുന്ന കെ.വേണു മുതലാളിത്തത്തിന്റെ അമിതാധികാരത്തെ കാണുന്നതേയില്ല. വിഭാഗീയമായ ഈ സമീപനത്തിന് നിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ നിന്നും കണ്ടെത്താം.
പാരീസ് പാരിസ്ഥിതികഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറിയതിനെ ലഘൂകരിച്ച് അവതരിപ്പിക്കുന്നതു ശ്രദ്ധിക്കുക! സ്റ്റാലിന്‍ ഹിറ്റ്‌ലറുമായി സഖ്യമുണ്ടാക്കിയ സന്ദര്‍ഭത്തെ കുറിച്ചു പറയുമ്പോള്‍, ജര്‍മ്മനി കീഴടങ്ങിയെന്നറിഞ്ഞതിനു ശേഷവും പ്രതികാരമെന്നോണം ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബാക്രമണത്തെ കുറിച്ചു പറയാതിരിക്കുമ്പോള്‍, ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചയുടനെ സഖ്യകക്ഷികള്‍ സോവിയറ്റ് യൂണിയനെ സഹായിക്കാനെത്തിയെന്നു ചരിത്രയാഥാര്‍ത്ഥ്യവിരുദ്ധമായി പ്രസ്താവിക്കുമ്പോള്‍, (ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചതിനു ശേഷമാണ് അമേരിക്ക യുദ്ധത്തില്‍ പ്രവേശിക്കുന്നത്.) ഇറാക്കിലേയും അഫ്ഗാനിസ്ഥാനിലേയും യുദ്ധങ്ങളെ കേവലമായി ജനാധിപത്യത്തിനു വേണ്ടി നടത്തിയ യുദ്ധങ്ങളായി വ്യാഖ്യാനിക്കുമ്പോള്‍, ലോകവാണിജ്യസംഘടനക്കെതിരെയും മറ്റും ഉയര്‍ന്ന ജനകീയപ്രക്ഷോഭണങ്ങളെ വ്യത്യസ്തനിലകളില്‍ സംഭവിക്കുന്ന സാമൂഹികവ്യവഹാരങ്ങളായി പോലും പരിഗണിക്കാതെ തള്ളിക്കളയുമ്പോള്‍, വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്നു വരുന്ന ജനകീയമായ ഉണര്‍ച്ചകളെ സിദ്ധാന്തവല്‍ക്കരിക്കാനുള്ള നെഗ്രിയുടേയും മറ്റും പരിശ്രമങ്ങളെ അപഹസിക്കുമ്പോള്‍... തികഞ്ഞ വിഭാഗീയതയും ജനതയുടെ ഇച്ഛാശക്തിയെ ഇകഴ്ത്തിക്കാണുന്ന സമീപനവും ദൃശ്യമാണ്. രാഷ്ട്രീയസമരത്തിനും ജനതയുടെ ഇച്ഛാശക്തിയ്ക്കും പ്രാധാന്യം നല്‍കുന്ന സമീപനമാണ് സമൂഹത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്ന നിര്‍ണ്ണയവാദത്തെ പരാജയപ്പെടുത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളെന്നു തിരിച്ചറിയുകയും മുതലാളിത്തം എക്കാലത്തും യാന്ത്രികയുക്തിയിലാണ് നിലനിന്നതെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് വേണുവിന്റെ നിര്‍ണ്ണയവാദവിരുദ്ധസമീപനത്തിന്റെ മുന ഒടിയുന്നത്.
യൂറോപ്യന്‍ രാഷ്ട്രസമൂഹങ്ങളിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനപരമായ ദൗത്യം ആ രാഷ്ട്രങ്ങളിലെ മുതലാളിവര്‍ഗം ഏറ്റെടുത്തുവെന്ന വികലനങ്ങള്‍ യൂറോപ്യന്‍ ബൂര്‍ഷ്വാസിയെ പുരോഗമനപരമായ സൈദ്ധാന്തികഗണമായി കണ്ടെത്തുന്നതിലേക്ക് നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബൂർഷ്വാ ജനാധിപത്യത്തിന്റെ ധനാത്മക സംഭാവനകളെ ബൂര്‍ഷ്വാസിയുടെ നേട്ടങ്ങളായെണ്ണുന്ന സമീപനങ്ങള്‍ ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നു. ജന്മിത്വവ്യവസ്ഥയ്ക്കും ദൈവദത്തമായ രാജ്യാധികാരമെന്ന സങ്കല്‍പ്പനത്തിനും കനത്ത പ്രഹരങ്ങള്‍ ഏല്പിച്ച ബൂര്‍ഷ്വാവിപ്ലവത്തിന്റെ കാലത്തു തന്നെ, എല്ലാ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യവുമായി ബൂര്‍ഷ്വാവിപ്ലവത്തിന്റെ സീമിതപരിധികളെ കടന്നുപോകുന്ന പീഡിതരുടെ ശ്രമങ്ങള്‍ക്കു യൂറോപ്പ് സാക്ഷ്യം വഹിയ്ക്കുന്നുണ്ട്. എല്ലാമെല്ലാം പൊതുസ്വത്താകാതെ ഒന്നും നേരെയാകില്ലെന്നു പറഞ്ഞ ലെവലര്‍ നേതാവ് വാള്‍വിന്റെ കാലം കൂടിയായിരുന്നു അത്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ കീഴില്‍ സാമാന്യജനത അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും പീഡിതജനതയുടെ നിരന്തരപ്രക്ഷോഭണങ്ങളിലൂടെ നേടിയെടുത്തതാണ്. അക്കാലത്തെ ജനകീയ വിപ്ലവകാരികള്‍ ഒഴുക്കിയ രക്തപ്പുഴകള്‍ വിസ്മൃതിയിലായിരുന്നു. ഡിഗേഴ്‌സ്, റാന്റേഴ്‌സ്, ഫിഫ്ത്ത് മൊണാര്‍ക്കിസ്റ്റുകള്‍ എന്നിങ്ങനെ പല സംഘങ്ങളായി പിരിഞ്ഞു കിടക്കുന്ന ജനകീയവിപ്ലവകാരികളുടെ ചരിത്രം കണ്ടെത്തപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ അനിവാര്യമായ പങ്ക് എന്നതില്‍ നിന്നും വ്യത്യസ്തമായി ജനതയുടെ ഇച്ഛാശക്തിക്കുള്ള പ്രാധാന്യം ഇപ്പോള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ബൂര്‍ഷ്വാസി വിപ്ലവപരമ്പരകളുടെ സന്താനമാണെന്ന് എഴുതിയ മാര്‍ക്‌സിന്റെ രചനകളില്‍ തന്നെയാണ്, എല്ലാ പുരോഗമനധാരകളേയും പിന്നില്‍ ഉപേക്ഷിച്ച് ഒരു പ്രതിലോമവര്‍ഗമായി ബൂര്‍ഷ്വാസി മാറിത്തീര്‍ന്നതിനെ കുറിച്ചുള്ള വലിയ വിസ്താരങ്ങള്‍ നാം വായിച്ചത്. എന്നാല്‍, മുതലാളിത്തത്തിന്റെ ചരിത്രത്തിലെ പങ്ക് വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍, മാര്‍ക്‌സും എംഗല്‍സും എഴുതിയ പ്രശംസാവചനങ്ങളെ കൂട്ടുപിടിച്ചു കൊണ്ട് (മുതലാളിത്തം മനുഷ്യരാശിയെ ബന്ധിച്ച ചങ്ങലകളുടെ കെട്ടുകള്‍ അഴിച്ചു വിട്ടു, അത് ഉല്‍പ്പാദനത്തെ സാമൂഹികവല്‍ക്കരിച്ചു എന്നിങ്ങനെയുള്ള പ്രശംസകളെ ചൂണ്ടിക്കാണിച്ചു കൊണ്ട്) അവരുടെ മുതലാളിത്തവിമര്‍ശനങ്ങളെ തമസ്‌ക്കരിക്കുന്ന സമീപനം ഇപ്പോള്‍ തഴച്ചുവളരുന്നതു കാണാം. കെ. വേണുവിന്റെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും മുതലാളിത്തത്തിന്റെ അതിജീവനക്ഷമതയേയും മുതലാളിത്ത ജനാധിപത്യമൂല്യങ്ങളുടെ മേന്മയേയും വിവരിക്കുമ്പോള്‍ മാര്‍ക്‌സ് നല്കിയ പ്രശംസാവചനങ്ങളെ ഉദ്ധരിക്കുന്നുണ്ട്. ജനാധിപത്യമൂല്യങ്ങളുടെ ഉത്ഭവസ്ഥാനം തേടി ഗോത്രജനതയില്‍ നിലനിന്ന ജനാധിപത്യത്തെ കുറിച്ചു പറയുമ്പോഴും ഇപ്പോള്‍ അതിന്റെ സുസ്ഥാപകരായി നില്‍ക്കുന്നത് മുതലാളിവര്‍ഗ്ഗമാണെന്ന സമീപനമാണ് കെ. വേണു സ്വീകരിക്കുന്നത്. ജനാധിപത്യമൂല്യങ്ങളുടെ സ്ഥാപനത്തിനായി പീഡിതജനവിഭാഗങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളെ മായ്ക്കുന്ന സമീപനം മാത്രമല്ല, ഇത്. മൂലധനത്തിനും ലാഭത്തിനുമപ്പുറം ബൂര്‍ഷ്വാസിക്ക് ആദര്‍ശങ്ങളൊന്നുമില്ലെന്ന യാഥാര്‍ത്ഥ്യത്തെ, മുതലാളിത്തം ധനാത്മകമൂല്യങ്ങള്‍ സംഭാവന ചെയ്തുകൊണ്ടേയിരിക്കുന്നുവെന്ന അര്‍ത്ഥത്തില്‍ മാറ്റിപ്പറയുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ലാഭത്തിന്റെ ജനവിരുദ്ധമായ ഉള്ളടക്കത്തേയും മൂലധനത്തിന്റെ നികൃഷ്ടവും നൃശംസവുമായ ചൂഷണതന്ത്രങ്ങളേയും പരിഗണിക്കാതെ മനുഷ്യരാശിയുടെ ഭൗതികവളര്‍ച്ചയ്ക്കുള്ള പ്രചോദകശക്തികളായി മാത്രം ഇവയെ കാണുന്ന സമീപനം സ്വീകരിക്കുന്നു. ആഗോളീകരണത്തെ ഒരു ധനാത്മകപ്രക്രിയയായിട്ടാണ് വേണു കാണുന്നത്, അതിനെ മാര്‍ക്‌സിന്റെ സാര്‍വ്വദേശീയസങ്കല്‍പ്പവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ആഗോളീകരണത്തില്‍ മൂലധനം എല്ലാ ദേശരാഷ്ട്രങ്ങളുടേയും അതിര്‍ത്തികളെ നിയന്ത്രണങ്ങളേതുമില്ലാതെ കടന്നുകയറാന്‍ അനുവദിക്കുകയും ചൂഷണത്തെ സുഗമമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അദ്ധ്വാനശക്തിയുടെ കടന്നുകയറ്റത്തെ അതു നിയന്ത്രിക്കുന്നു. അമേരിക്ക അദ്ധ്വാനശക്തിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആവശ്യമായിരുന്നുവെന്ന് വേണു ന്യായീകരിക്കുന്നതും കാണാവുന്നതാണ്. മൂലധനത്തിന്റെ കടന്നുകയറ്റത്തെ അംഗീകരിക്കുകയും അദ്ധ്വാനശക്തിയെ നിയന്ത്രിക്കുന്നതിനെ പിന്തുണക്കുകയും ചെയ്യുന്ന സമീപനം വികസ്വരജനതയുടെ താല്‍പ്പര്യങ്ങളിലല്ല ഊന്നുന്നത്. മാര്‍ക്‌സ് അദ്ധ്വാനത്തിന്റെ സാര്‍വ്വദേശീയതയിലാണ് ഊന്നിയിരുന്നതെന്ന കാര്യം കൂടി കാണം. വേണു ബഹുരാഷ്ട്രകോര്‍പ്പറേഷനുകളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നില കൊള്ളുമ്പോള്‍ ജനതയുടെ ഇച്ഛാശക്തിയെ നിഹനിക്കുന്ന സമീപനമായി അതു മാറുന്നു. ചൂഷണത്തെ പ്രതിരോധിക്കുന്ന ശക്തികളെ ദുര്‍ബ്ബലപ്പെടുത്തുകയും ജനതയുടെ ഇച്ഛാശക്തിക്കു മാറ്റിത്തീര്‍ക്കാനുള്ള കഴിവിനെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സമീപനം നിര്‍ണ്ണയവാദത്തിന്റെ മൂല്യങ്ങളില്‍ നില്‍ക്കുന്നതാണ്.
ജനകീയമായ ഇച്ചാശക്തിയേയും രാഷ്ട്രീയസമരത്തിന്റെ പ്രാധാന്യത്തേയും കാണുന്ന ഒരു സമീപനം നിര്‍ണ്ണയവാദത്തിനെതിരായി മാറിത്തീരുന്ന ഒരു ചരിത്രസന്ദര്‍ഭത്തെ ചൂണ്ടിക്കാണിക്കട്ടെ. മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ സംഭവിക്കുന്ന തൊഴിലാളിവര്‍ഗവിപ്ലവത്തെ കുറിച്ചുളള മാര്‍ക്‌സിസ്റ്റ് നിരീക്ഷണത്തെ മാറ്റിവയ്ക്കുന്നതിനും ലോകമുതലാളിത്തവ്യവസ്ഥയെ സാമ്രാജ്യത്വത്തിന്റെ ഒരു ചങ്ങലയായി കാണാനും അതിലെ ദുർബല കണ്ണികളെ ഭേദിച്ചുകൊണ്ട് തൊഴിലാളിവര്‍ഗവിപ്ലവം നടക്കുന്നതിനുളള സാദ്ധ്യതയെ കുറിച്ചു പറയാനും ലെനിനു കഴിഞ്ഞത് മാര്‍ക്‌സിസ്റ്റുചിന്തയില്‍ തന്നെ നിലനിന്നിരുന്ന കേവല നിര്‍ണ്ണയവാദത്തിന്റെ സമീപനങ്ങളില്‍ നിന്നും മാറിനടന്നതുകൊണ്ടാണ്. ലെനിന്റെ നിരീക്ഷണത്തില്‍, വിപ്ലവമെന്നത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ബിന്ദുവില്‍ നടക്കുന്ന പ്രതിഭാസമല്ലാതായി മാറിത്തീര്‍ന്നു. ചരിത്രം സവിശേഷമായ ഉദ്ദേശ്യത്തെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന സങ്കല്പനങ്ങളും സാമ്പത്തികവാദപരമായ നിലപാടുകളും നിരാകരിക്കപ്പെട്ടു. മുതലാളിത്തത്തെ സാമ്രാജ്യത്വത്തിന്റെ ചങ്ങലയായി കണ്ടെത്തുന്നതിലൂടെ മുതലാളിത്തം എന്നത് കൊളോണിയലിസം കൂടിയാണെന്ന വസ്തുതയെ ശരിയായി ഉറപ്പിക്കാനും ലെനിനു കഴിഞ്ഞു. ലെനിന്റെ ഇടപെടല്‍ വളരെ പ്രാധാന്യമുളള ഒന്നായിരുന്നുവെങ്കിലും ലെനിനിസ്റ്റ് നിലപാടുകളില്‍ ഒരു അസ്പഷ്ടതയുണ്ടായിരുന്നു. അത് രാഷ്ട്രീയ സമരത്തിന്റെ പ്രാഥമ്യത്തെ കുറിച്ചുളള സങ്കല്പനങ്ങളെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഉള്‍ക്കൊളളുകയും മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തികപദ്ധതിയില്‍ അത് ഉള്‍ച്ചേര്‍ക്കുകയും ചെയ്തില്ല. ലക്ലാവുവും മൗഫേയും ചൂണ്ടിക്കാണിക്കുന്നതുപോലെ, ലെനിനിസം വിപ്ലവത്തെ കുറിച്ചുളള ഒരു സിദ്ധാന്ത (theory of revolution)മായി ചുരുങ്ങിപ്പോകുകയും സമൂഹത്തിന്റെ സിദ്ധാന്ത (theory of society)മാകാതിരിക്കുകയും ചെയ്തു. വര്‍ഗങ്ങളുടെ രാഷ്ട്രീയബന്ധങ്ങള്‍ക്കപ്പുറം സാമൂഹികവ്യവസ്ഥയുടേതായ ഒരു സത്ത നിലനില്‍ക്കുന്നില്ലെന്ന് ഊന്നിപ്പറയാന്‍ ലെനിനു കഴിഞ്ഞില്ല. എങ്കില്‍ തന്നെയും ലെനിന്‍ സ്വീകരിക്കുന്ന സമീപനം നിര്‍ണ്ണയവാദത്തില്‍ കുടുങ്ങി കിടക്കുന്നതായിരുന്നില്ലെന്നു കാണണം. എന്നാല്‍, ലെനിനെ മാത്രമല്ല മാര്‍ക്‌സിനെ കൂടി നിര്‍ണ്ണയവാദിയായി മുദ്ര കുത്തുന്ന വേണു, ചരിത്രത്തിലുടനീളം നിര്‍ണ്ണയവാദത്തിന്റെ സമീപനങ്ങളെ പിന്തുടരുന്ന മുതലാളിത്തത്തെ ആശ്ലേഷിക്കുന്നതില്‍ ഒരു തെറ്റും കണ്ടെത്തുന്നില്ല! നിര്‍ണ്ണയവാദത്തിനെതിരായി എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന വേണുവിന്റെ പുസ്തകം മാര്‍ക്‌സിനെ തന്നെ നിര്‍ണ്ണയവാദിയായി കണ്ടെത്തുമ്പോഴും മുതലാളിത്ത ശാസ്ത്രജ്ഞന്മാരിലെ നിര്‍ണ്ണയവാദികളില്‍ ആരേയും കണ്ടെത്തുന്നുമില്ല.
കാള്‍ മാര്‍ക്‌സ് നിര്‍ണ്ണയവാദിയായിരുന്ന ചിന്തകനായിരുന്നുവോ? മുതലാളിത്തം മാര്‍ക്‌സിനു മുന്നിലെ യാഥാര്‍ത്ഥ്യമായിരുന്നു. സോഷ്യലിസം അദ്ദേഹത്തിന്റെ പ്രതീക്ഷയായിരുന്നു. യാഥാര്‍ത്ഥ്യത്തെ സമൂര്‍ത്തമായി വികലനം ചെയ്തു കൊണ്ട് മാര്‍ക്‌സ് നടത്തിയ വിമര്‍ശങ്ങളിലേറെയും ഇപ്പോഴും ശരിയായി പ്രവര്‍ത്തിക്കുന്നു. മുതലാളിത്തം ചാക്രികമെന്നോണം പ്രതിസന്ധികളില്‍ പെടുന്നതു നാം കാണന്നു. മാര്‍ക്‌സ് സിദ്ധാന്തീകരിച്ചതു പോലെ മൂലധനവും അദ്ധ്വാനവും തമ്മിലുള്ള വൈരുദ്ധ്യത്തെ പരിഹരിക്കാന്‍ ബൂര്‍ഷ്വാസിക്കു കഴിയുന്നില്ലെന്ന് നാം വീണ്ടും വീണ്ടും അറിയുന്നു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം മുതലാളിത്ത ധനശാസ്ത്രജ്ഞന്മാരും അര്‍ത്ഥശാസ്ത്രകാരന്മാരും മാര്‍ക്‌സിന്റെ പുസ്തകങ്ങള്‍ അന്വേഷിച്ച് പുറത്തിറങ്ങുന്നു. ലോകം കണ്ട ഏറ്റം പ്രഗത്ഭനായ സാമൂഹികശാസ്ത്രജ്ഞനായി മാര്‍ക്‌സിനെ അക്കാദമികള്‍ ഇപ്പോഴും തിരഞ്ഞെടുക്കുന്നു. മാര്‍ക്‌സിനു മുന്നില്‍ യാഥാര്‍ത്ഥ്യമായി പ്രത്യക്ഷപ്പെട്ടിരുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹം സിദ്ധാന്തീകരിച്ചതെല്ലാം യാഥാര്‍ത്ഥ്യമായി ഇപ്പോഴും തുടരുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ മറ്റാരുടേയും പ്രതീക്ഷകളെന്ന പോലെ തെറ്റായിത്തീരാന്‍ കൂടി സാദ്ധ്യതയുള്ളവയായിരുന്നു.
നിര്‍ണ്ണയവാദത്തെ മാര്‍ക്‌സ് അഭിമുഖീകരിച്ച ചില സന്ദര്‍ഭങ്ങളെ പരിശോധിക്കുക! മൂലധനം പൂര്‍ത്തീകരിക്കാന്‍ മാര്‍ക്‌സിനു കഴിയാതിരുന്നതിന്റെ കാരണങ്ങളിലൊന്ന്, തനിക്ക് ലഭ്യമായ പുതിയ വിവരങ്ങള്‍ക്കനുസരിച്ച് ആ ഗ്രന്ഥത്തെ നിരന്തരം പുതുക്കാന്‍ ശ്രമിച്ചതു മൂലം രചന നീണ്ടുപോയതു കൊണ്ടാണ്. പുതിയ വിവരങ്ങള്‍ക്കായി മാര്‍ക്‌സ് കാണിച്ച ജാഗ്രത ഏതെങ്കിലും അന്ത്യസത്യത്തില്‍ തളഞ്ഞിരിക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെട്ടില്ലെന്നതിന്റെ സൂചനയായിരുന്നു. തന്റെ കൃതികളില്‍ നിരന്തരമെന്നോണം തിരുത്തുകള്‍ വരുത്താന്‍ മാര്‍ക്‌സ് പ്രയത്‌നിച്ചിരുന്നു. വരട്ടുതത്ത്വവാദപരമായ നിലപാടുകളോട് മാര്‍ക്‌സ് ഒരിക്കലും യോജിച്ചിരുന്നില്ല. ഉല്‍പ്പാദനവികാസത്തിന്റെ വിവിധഘട്ടങ്ങളെ കുറിച്ചും മുതലാളിത്തത്തിന്റെ പരമകാഷ്ഠയില്‍ നടക്കേണ്ടുന്ന തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുവിപ്ലവത്തെ കുറിച്ചുമുള്ള തന്റെ നിലപാടുകളെ മാറ്റമില്ലാതെ സ്വീകരിക്കേണ്ടുന്ന അന്തിമവാക്കുകളായി മാര്‍ക്‌സ് കണ്ടിരുന്നില്ല.
റഷ്യന്‍ ഗ്രാമീണ കമ്മ്യൂണുകള്‍ സോഷ്യലിസ്റ്റുദിശയിലേക്കുളള വികാസത്തിനു പ്രാപ്തമാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് വേരാ സസുലിച്ച് എഴുതിയ കത്തിന് മാര്‍ക്‌സ് നല്‍കുന്ന മറുപടി ഇതിനുളള നല്ല തെളിവാണ്. യൂറോപ്പിന്റെ പാതയില്‍ സഞ്ചരിക്കാതെ, മുതലാളിത്തത്തെ സ്വീകരിക്കാതെ, സോഷ്യലിസത്തിലേക്കു വികസിക്കാന്‍ റഷ്യക്കു കഴിയുമോയെന്നാണ് വേര ചോദിച്ചത്. മുതലാളിത്തത്തിന്റെ കടന്നാക്രമണത്തില്‍, ചരിത്രപരമായി അനിവാര്യമായ നശീകരണത്തിനു ശപിക്കപ്പെട്ടതാണോ റഷ്യയിലെ ഗ്രാമീണകമ്മ്യൂണുകളെന്ന് വേര ഉത്ക്കണ്ഠാകുലയാകുന്നുണ്ട്. യൂറോപ്പിലെ രോഗിയെന്നു കരുതിയിരുന്ന, ദരിദ്രരാഷ്ട്രമായ റഷ്യയെകുറിച്ചുളള വേരയുടെ ചോദ്യത്തെ ഒരു പ്രധാന പ്രശ്‌നമായി മാര്‍ക്‌സ് കണ്ടിരുന്നുവെന്ന് ജെന്നി എഴുതുന്നുണ്ട്. മുതലാളിത്ത ഭരണക്രമത്തിന്റെ എല്ലാ നിര്‍ഭാഗ്യവിപര്യയങ്ങളില്‍നിന്നും രക്ഷപ്പെടുന്നതിന് ചരിത്രം റഷ്യയ്ക്ക് അവസരം നല്‍കിയേക്കാമെന്നാണ് മാര്‍ക്‌സ് പറഞ്ഞത്. യൂറോപ്പിന്റെ ചരിത്രത്തെ ഒരു രാജ്യത്തിനു മേലും കൃത്രിമമായി അടിച്ചേല്‍പ്പിക്കാന്‍ മാര്‍ക്‌സ് തയ്യാറായിരുന്നില്ലെന്നതിന്റെ തെളിവാണിത്.
സത്താവിരുദ്ധവാദത്തിന്റെയോ ഉത്തരാധുനികതയുടെയോ നിര്‍ണ്ണയവാദവിരുദ്ധമായ സമീപനം മാര്‍ക്‌സ് ആര്‍ജ്ജിച്ചിരുന്നില്ലെന്നതു തീര്‍ച്ചയാണ്. അതിനുള്ള സാദ്ധ്യതകളില്ലായിരുന്നു. ന്യൂട്ടോണിയന്‍ ബലതന്ത്രം നല്‍കിയ ആത്മവിശ്വാസത്തില്‍ യൂറോപ്യന്‍ ജനത ജീവിച്ചിരുന്ന കാലത്തെ ചിന്തകനായിരുന്നു മാര്‍ക്‌സെന്ന കാര്യം വിസ്മരിച്ചു കൂടാത്തതാണ്. ക്വാണ്ടം ബലതന്ത്രം രൂപപ്പെട്ടിട്ടില്ല. ന്യൂട്ടോണിയന്‍ കാലത്തിന്റെ അനുരണനങ്ങള്‍ മാര്‍ക്‌സിന്റെ സമീപനങ്ങളിലുണ്ടാകുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍, അതിനെ മറികടക്കാന്‍ കഴിഞ്ഞ പ്രതിഭയായിരുന്നു, അദ്ദേഹം. തന്റെ പ്രവചനത്തില്‍ തളഞ്ഞുകിടക്കാൻ മാര്‍ക്‌സ് സന്നദ്ധനായിരുന്നില്ലെന്ന കാര്യം നിര്‍ണ്ണയവാദത്തിനെതിരായ ചിന്തയുടെ ബീജരൂപങ്ങളെയെങ്കിലും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നുവെന്നതിനെയാണ് കാണിക്കുന്നത്. ക്വാണ്ടം ബലതന്ത്രം രൂപപ്പെട്ട് എണ്‍പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സത്താവാദവിരുദ്ധമായ സമീപനങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതിനു ശേഷവും നിര്‍ണ്ണയവാദത്തിന്റെ സങ്കല്‍പ്പനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തി നേടാന്‍ കഴിയാത്തവരാണ് മാര്‍ക്‌സിനെ നിര്‍ണ്ണയവാദിയാക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ചരിത്രത്തെ സ്ഥലകാലങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റിയതിനു ശേഷം വിധിപ്രസ്താവങ്ങള്‍ നടത്തുന്നതിലെ അനീതി കൂടി ഇവിടെ തെളിയുന്നുണ്ട്.
മാര്‍ക്‌സിസത്തില്‍ നിന്നുകൊണ്ട് വളരെ വ്യത്യസ്തമായി ചിന്തിച്ച ഗ്രാംഷിയുടെ സൈദ്ധാന്തികാന്വേഷണങ്ങളെ ഈ പുസ്തകം പരാമര്‍ശത്തിന്നപ്പുറം വിശകലനം ചെയ്യുന്നതേയില്ലെന്നു കൂടി പറയണം. സൂക്ഷ്മരാഷ്ട്രീയങ്ങളുടെ സവിശേഷസന്ദര്‍ഭത്തില്‍ ഗ്രാംഷിയുടെ രചനകള്‍ വിസ്തൃതമായ വായനകള്‍ക്കു വിധേയമാക്കപ്പെട്ടുവെങ്കിലും വേണു അവയിലേക്കു പ്രവേശിക്കാന്‍ സന്നദ്ധനാകുന്നില്ല. ദലിത്, ജാതി, ലിംഗം, പരിസ്ഥിതി...പ്രമേയങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചര്‍ച്ചകളില്‍ ഗ്രാംഷിയുടെ പ്രസക്തിയെ കീഴാളപഠിതാക്കള്‍ കണ്ടെത്തുന്ന സന്ദര്‍ഭത്തിലാണ് വേണു ഗ്രാംഷിയെ കുറിച്ച് മൗനം ദീക്ഷിക്കുന്നത്.
മുതലാളിത്തം നിര്‍ണ്ണയവാദത്തിന്റെ യുക്തിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന എത്രയോ വിസ്തൃത വിശകലനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രണ്ടാം ഇന്റര്‍നാഷണലിലൂടെയും സ്റ്റാലിനിലുടെയും മറ്റും അത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്കു കുടിയേറുന്നുണ്ട്. ഇപ്പോള്‍, അതിന്റെ തുടര്‍ച്ചയാണ്, നാം കാണുന്നതിലേറെയും. കേരളത്തിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് നാമം വഹിക്കുന്ന പല സംഘടനകളും നിര്‍ണ്ണയവാദത്തിലാണ് നില്‍ക്കുന്നതെന്നു പറയാം. എന്നാല്‍, നിര്‍ണ്ണയവാദത്തെ ഇവരുടെ മേല്‍ മാത്രം ആരോപിച്ചു കൊണ്ട് ചരിത്രത്തിലുടനീളം മതാത്മകയുക്തിയില്‍ നിന്ന മുതലാളിത്തത്തെ രക്ഷിച്ചെടുക്കാന്‍ വേണു ശ്രമിക്കുന്നതെന്തിനാണ്?
പുസ്തകത്തിലെ വസ്തുതാപരമായ ചില പിശകുകളും ഞാന്‍ കാണുന്നുണ്ട്. മഹാസ്‌ഫോടനത്തിന്റെ സന്ദര്‍ഭത്തില്‍, പ്രപഞ്ചത്തില്‍ മൊത്തം നിലനില്‍ക്കുന്ന വസ്തുസഞ്ചയം ഒരു സെന്റീമീറ്റര്‍ വ്യാസമുള്ള നാണയത്തിന്റെ വലിപ്പത്തിലേക്ക് സങ്കോചിച്ചിരിക്കുന്ന അവസ്ഥയെയാണ് ശാസ്ത്രജ്ഞന്മാര്‍ സങ്കല്‍പ്പിക്കുന്നതെന്ന് വേണു എഴുതുന്നുണ്ട്. മറ്റൊരിടത്ത് ഇത് ആവര്‍ത്തിക്കുന്നുമുണ്ട്. ഒരു ബിന്ദുവില്‍ (അതിനു സ്ഥലമാനങ്ങളില്ല) പ്രപഞ്ചോര്‍ജ്ജം മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്ന അവസ്ഥയാണ് ശാസ്ത്രജ്ഞന്മാര്‍ സങ്കല്‍പ്പിച്ചിരുന്നത്. മഹാസ്‌ഫോടനത്തിനു ശേഷം
10-43സെക്കൻഡിനും
10-35 സെക്കൻഡിനും ഇടയിലുള്ള സമയമാണ്, ശാസ്ത്രജ്ഞന്മാരുടെ പ്രവചനങ്ങളില്‍ വരുന്ന ആദ്യസന്ദര്‍ഭം. ഈ സന്ദര്‍ഭത്തില്‍ പ്രപഞ്ചത്തിന്റെ വ്യാസം ഒരു മില്ലിമീറ്ററോളമായിരിക്കും എന്നു പാഠപുസ്തകങ്ങളില്‍ പറയുന്നുണ്ട്. ഒരു ക്ലാസിക്കല്‍ വലിപ്പത്തെ പ്രപഞ്ചത്തിന്റെ ആദ്യമുഹൂര്‍ത്തമായി കാണുന്ന രീതി വളരെ ലളിതവല്‍ക്കൃതമായ വിശകലനത്തിന്റെ ഉല്‍പ്പന്നമാണ്. ഇതു ചെയ്യുന്നതോ, പുതിയ സിദ്ധാന്തങ്ങള്‍ പ്രകാരം 10 500 പ്രപഞ്ചങ്ങളുണ്ടെന്നു പറഞ്ഞ സ്റ്റീഫൻ ഹോക്കിങിന് അനന്തതയുടെ ദാര്‍ശനികമാനങ്ങള്‍ അറിയില്ലെന്നു സൂചിപ്പിച്ചു പരിഹസിക്കുന്നയാളാണെന്നു കൂടി കാണണം. വിമർശനങ്ങൾക്കു മറുപടി പറയുമ്പോൾ അത് സ്‌ഫോടനസന്ദര്‍ഭത്തിലെ പ്രപഞ്ചവലിപ്പത്തെ കുറിച്ചുള്ള വിവരം സ്റ്റീഫണ്‍ ഹോക്കിങിന്റെ പുസ്തകത്തില്‍ നിന്നും ലഭിച്ചതാണെന്ന് വേണു പറയുന്നുണ്ട്. സാധാരണയായി, സ്‌ഫോടനത്തിനു ശേഷമുള്ള കാലയളവു പറയാതെ ആരും വലിപ്പത്തെ കുറിച്ചു പറയാറില്ലെന്നാണ് ഞാന്‍ കരുതുന്നത്. മറ്റൊരു ഭാഗം ജോണ്‍ ബെല്ലിന്റെ അസമതയെ കുറിച്ചു പറയുന്നതാണ്. ഈ അസമത ക്വാണ്ടം ബലതന്ത്രത്തിന്റെ ക്ഷമത പരിശോധിക്കാനായി രൂപപ്പെടുത്തിയതാണെന്ന കാര്യം ശരിയാണ്. എങ്കിലും, ക്വാണ്ടം ബലതന്ത്രം അപൂര്‍ണ്ണസിദ്ധാന്തമാണെന്നു വാദിച്ച ഐന്‍സ്റ്റൈന്റെ യഥാതഥവാദനിലപാടിനേയും മറ്റും അടിസ്ഥാനമാക്കുന്ന ഗണിതശാസ്ത്രസിദ്ധാന്തീകരണമായിരുന്നു അതിന്റേത്. അതായത്, അത് അടിസ്ഥാനമായി സ്വീകരിച്ചത് ക്വാണ്ടം ബലതന്ത്രത്തെയായിരുന്നില്ല. പില്‍ക്കാലത്തു നടന്ന പരീക്ഷണങ്ങള്‍ ആ അസമത തെറ്റാണെന്ന് തെളിയിക്കുകയാണ് ചെയ്തത്. അതിലൂടെ ക്വാണ്ടം ബലതന്ത്രം മുന്നോട്ടുവയ്ക്കുന്ന സങ്കല്‍പ്പനങ്ങള്‍ക്കു പിന്തുണ ലഭിക്കുന്നു. വേണു എഴുതുന്നത് ക്വാണ്ടം ബലതന്ത്രത്തിനു കരുത്തു പകരുന്ന പ്രബന്ധം ജോണ്‍ ബെല്‍ എഴുതിയെന്നാണ്.
ഇന്ത്യയില്‍ ജനാധിപത്യമേയില്ലെന്ന് കെ. വേണു വാദിച്ചിരുന്ന നാളുകളുണ്ടായിരുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന പരിമിതമായ ജനാധിപത്യാവകാശങ്ങളെ കുറിച്ചു സംസാരിച്ച സംഘടനയിലെ സുഹൃത്തുക്കള്‍ വേണുവിനാൽ പരിമിത ജനാധിപത്യവാദികള്‍ എന്നു വിളിക്കപ്പെട്ടതിനെ കുറിച്ചും ഇപ്പോള്‍ ഓര്‍ക്കാവുന്നതാണ്. ഇന്ന്, മുതലാളിത്ത സമൂഹങ്ങളിലെ ജനാധിപത്യത്തിന്റെ വക്താവായി വേണു രംഗത്തു വരുമ്പോള്‍ പഴയകാലസുഹൃത്തുക്കളോടു ഒരു ക്ഷമാപണമെങ്കിലും പറയേണ്ടതല്ലേ എന്ന് ആര്‍ക്കും സന്ദേഹം തോന്നാം. കെ. വേണു തന്റെ നേതൃത്വത്തിലുണ്ടായിരുന്ന രാഷ്ട്രീയസംഘടന പിരിച്ചുവിട്ടത് ഉചിതമായ ജനാധിപത്യപരമായ നടപടിയായിരുന്നുവോയെന്നും സന്ദേഹിക്കണം. അദ്ദേഹത്തിന്റെ സമീപനത്തിന് സംഘടനയില്‍ ഭൂരിപക്ഷമുണ്ടായിരുന്നുവോയെന്ന് എനിക്കറിയില്ല. ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ തന്നെ സംഘടന ആവശ്യമുള്ളവര്‍ക്കായി അതു നല്‍കിയതിനു ശേഷം സ്വയം പിരിഞ്ഞു പോകുന്നതായിരുന്നില്ലേ ഉചിതവും ജനാധിപത്യപരവുമായ നടപടി? ഇടതുതീവ്രവാദത്തെ ഉപേക്ഷിച്ച കെ.വേണു ഇപ്പോള്‍ വലതു തീവ്രവാദത്തിലേക്കാണ് എത്തിയത്. അങ്ങേയറ്റങ്ങളില്‍ നില്‍ക്കാനേ വേണുവിന്റെ പ്രതിഭയ്ക്കു കഴിയുകയുള്ളൂവെന്നു തോന്നുന്നു!
യാന്ത്രികയുക്തിയെ ഉദ്ഘാടനം ചെയ്യുകയും അതിന്നു കീഴ്‌പ്പെട്ടു മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള മുതലാളിത്തത്തിന്റെ സ്വാഭാവികപരിണാമശേഷിയില്‍ ജനതയുടെ ഇച്ഛാശക്തിക്കുപരിയായി വിശ്വസിക്കുകയും അനിവാര്യതയുടെ അന്തിമമായ പങ്കിനെ ആനുഷംഗികമായി പരാമര്‍ശിക്കുകയും ചെയ്യുന്ന ഒരു സമീപനം നിര്‍ണ്ണയവാദമല്ലാതെ മറ്റെന്താണ്? നിര്‍ണ്ണയവാദത്തേയും മതാത്മകയുക്തിയേയും ചികിത്സിക്കാന്‍ തുനിഞ്ഞിറങ്ങിയ വേണു അതില്‍ തന്നെ കറങ്ങി വീഴുന്നതാണ് നാം കാണുന്നത്. നിര്‍ണ്ണയവാദത്തിനെതിരെ നിലകൊള്ളാനുള്ള കെ. വേണുവിന്റെ ആശയേയും പ്രതീക്ഷയേയും ഒറ്റിക്കൊടുക്കുന്ന ഫലമാണ് ഈ പുസ്തകം നിര്‍വ്വഹിക്കുന്നത്.
No comments:
Post a Comment