Thursday, June 2, 2011

മാമ്പഴ പുളിശ്ശേരി, പോര്‍ക്ക്‌ വരട്ടിയത്‌ ...ചേറ്റുമീന്‍ കറിയും

വര്‍ത്തമാനകാലത്തിന്റെ ആഖ്യാനം

പ്രബുദ്ധ സമൂഹമെന്നു മേനി നടിക്കുമ്പോഴും കേരളത്തിലെ സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഭരിക്കുന്നത്‌ ഫ്യൂഡല്‍ മൂല്യങ്ങളാണ്‌. ഇപ്പോള്‍, ഒരിക്കല്‍ നമ്മള്‍ അടക്കിയ ദുര്‍ഭൂതങ്ങള്‍ കുഴിയില്‍ നിന്നും എഴുന്നേറ്റ്‌ വരികയാണ്‌. നമ്മള്‍ വെട്ടിയ നീളം മുഴുവനും ഒരു വലിയാല്‍ പുറകോട്ടാക്കുന്നു, ഈ ദുര്‍ഭൂതങ്ങള്‍. ജാതി നിര്‍മ്മാര്‍ജ്ജനത്തിനും അധ:കൃതരുടെ വിമോചനത്തിനും വേണ്ടി വലിയ പോരാട്ടങ്ങള്‍ നടന്ന മണ്ണില്‍ ജാതിവ്യവസ്ഥയുടേയും കീഴാളവിരുദ്ധതയുടേയും മൂല്യങ്ങള്‍ പുനരുജ്ജീവിക്കപ്പെടുന്നു. സവര്‍ണ്ണവും മദ്ധ്യവര്‍ഗ്ഗാധിഷ്ഠിതവുമായ താല്‍പര്യങ്ങള്‍ സാമൂഹികജീവിതത്തെ കീഴ്പ്പെടുത്തുന്നു. കേരളജനത നേരിടുന്ന വലിയ ഒരു ആത്മീയപ്രതിസന്ധിയുടെ ഘട്ടമാണിത്‌. ഈ കാലത്തെ ശരിയായി കാണുകയും ചരിത്രത്തിലെ ഈ സന്ദര്‍ഭത്തെ ശരിയായി തിരിച്ചറിയുകയും ചെയ്യുകയെന്നത്‌ ഈ പ്രതിസന്ധിയെ മുറിച്ചുകടക്കാനുളള ആദ്യത്തെ പടിയാണ്‌. നമ്മുടെ സമൂഹത്തിന്റെ മൂല്യബോധത്തിനുണ്ടായ ഈ തലതിരിയലിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ സന്തോഷ്‌ ഏച്ചിക്കാനം പുതിയൊരു പന്തിഭോജനത്തിന്റെ കഥ പറയുന്നു. നമ്മുടെ ആത്മീയ പ്രതിസന്ധിയെ നമുക്കു തന്നെ തിരിച്ചറിയാന്‍ കഴിയുന്നതിന്‌ നമുക്കുനേരെ പിടിച്ചു തരുന്ന കണ്ണാടിയായി ഈ കഥ മാറുന്നുണ്ട്‌.

സന്തോഷ്‌ ഏച്ചിക്കാനം ആയാസരഹിതമായി കഥ എഴുതുന്ന കഥാകാരനാണ്‌. സാഹിത്യഭാഷയുടെ അതിഗൌരവം ഇയാളുടെ കഥകളില്‍ ദൃശ്യമല്ല. സന്തോഷിന്റെ കഥകളില്‍ രാഷ്ട്രീയം പ്രത്യക്ഷ പ്രസ്താവനകളാകാതിരിക്കുകയും സമകാലരാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ സൂക്ഷ്മതലങ്ങള്‍ നന്നായി വിന്യസിക്കപ്പെടുകയും ചെയ്യുന്നു. ഈ കഥയിലും അങ്ങനെ തന്നെ. കഥയിലെ ഓരോ വാക്യത്തിലും പ്രശ്നീകരണത്തിന്റെ മഹാസൂത്രങ്ങള്‍ ഈ എഴുത്തുകാരന്‍ ഒളിപ്പിച്ചു വയ്ക്കുന്നു.

പന്തിഭോജനത്തിലെ കഥാപാത്രങ്ങളില്‍, രുക്മിണിയും കാപ്പക്കുട്ടിയുമൊഴികെ മറ്റെല്ലാവരും തങ്ങളുടെ സ്വന്തം പേരുകളില്‍ അവരവരുടെ ജാതി/മത സ്വത്വങ്ങളെ വഹിക്കുന്നുണ്ട്‌; സംഗീതാനമ്പൂതിരി, രമ്യാനായര്‍, സതീഷ്‌വര്‍മ്മ, ഉണ്ണിരാജാ, സി.പി.ഗോപാലമേനോന്‍, സൂസന്‍ ഇമ്മാനുവല്‍ എന്നിങ്ങനെ. കേരളീയ സമൂഹം പേരുകളില്‍ നിന്നും മുറിച്ചുകളഞ്ഞ ജാതിപ്പേരുകള്‍ തിരിച്ചുവന്നിരിക്കുന്നു. ജാതിപ്പേര്‌ പേരിന്റെ വാലായി വഹിക്കാത്തവരെല്ലാം ഇകഴ്ത്തപ്പെട്ടേക്കാവുന്നിടത്തോളം ജാതിഭേദങ്ങള്‍ ശക്തമായി കൊണ്ടിരിക്കുന്നു. രുക്മിണിക്കും കാപ്പക്കുട്ടിക്കും അവരുടെ പേരുകളോടൊപ്പം ജാതിപ്പേരില്ല. അതു മാത്രമല്ല; കാപ്പക്കുട്ടിയെ ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചതിനെ കുറിച്ചുളള ഒരു കേസാണ്‌ കഥയിലെ മുഖ്യ പ്രമേയം. നായര്‍ക്കും രാജാവിനും നമ്പൂതിതിരിക്കും ഉയര്‍ന്ന പദവി നല്‍കുന്ന ജാതിപ്പേര്‌ ദളിതനായ കാപ്പക്കുട്ടിക്ക്‌ ആക്ഷേപവചനമാകുന്ന സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു. രുക്മിണിയുടെയും കാപ്പക്കുട്ടിയുടേയും നിലപാടുകള്‍ അവരുടെ വാക്കുകളിലൂടെ കഥയില്‍ നാം പരിചയപ്പെടുന്നില്ല. അവര്‍ നിശ്ശബ്ദ കര്‍ത്ത്യത്വങ്ങളാണ്‌. സമൂഹത്തിലെ നിശ്ശബ്ദ കര്‍ത്ത്യത്വങ്ങള്‍ കഥയിലും നിശ്ശബ്ദ കര്‍ത്ത്യത്വങ്ങളായി തുടരുന്നു. ജാതിസ്വത്വബോധത്തിന്റെ പുനരുജ്ജീവനം കീഴാളനെ അധമബോധത്തിലേക്ക്‌ കീഴ്പ്പെടുത്തുതിന്‌ ഉപകരിക്കപ്പെടുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം.

ഉപ്പും മുളകും മഞ്ഞളും പോലെ കറികളില്‍ അതിന്റെ ഉപജ്ഞാതാക്കളുടെ ജാതിയും മതവും പാരമ്പര്യവും കലരുന്നുവെന്ന തന്റെ അഭിപ്രായത്തെ സമര്‍ത്ഥിക്കുന്നതിന്‌ സംഗീതാ നമ്പൂതിരി ഇങ്ങനെ ഒരു പട്ടിക അവതരിപ്പിക്കുന്നു. നമ്പൂതിരി = മാമ്പഴ പുളിശ്ശേരി, ഓലന്‍. നായര്‍ = കൂട്ടുകറി, മെഴുക്കുപുരട്ടി, മൊളൂഷ്യം, അവിയല്‍ ഈഴവ = മുതിരക്കറി, കടലക്കറി. കൃസ്ത്യന്‍ = താറാവു മപ്പാസ, പോര്‍ക്ക്‌ വരട്ടിയത്‌. മുസ്ളീം = ബീഫ്‌ ബിരിയാണി, കോയി ബിരിയാണി. സംഗീതയുടെ പട്ടികയില്‍ ദളിതയായ രുക്മിണിയുടെ ജാതിയും അതു കലര്‍ന്നു തയ്യാറാക്കപ്പെടു കറിയും ഉള്‍പ്പെടുന്നില്ല. സവര്‍ണ്ണരുടെ ഇത്തരമൊരു പട്ടികയില്‍ അതിനു സ്ഥാനമില്ല. എന്നാല്‍, രുക്മിണിയുടെ ജാതി കലരുന്ന കറിയെ കുറിച്ചുളള സംഗീതയുടെ അഭിപ്രായം കഥയില്‍ ഇങ്ങനെ വായിക്കാം. ഇനി എല്‍.എല്‍.ബി.അല്ല, എല്‍.എല്‍.എം. പാസ്സായി ഡോക്ടറേറ്റ്‌ എടുത്താലും അവളുടെ ടിഫിന്‍ ബോക്സില്‍ നിന്നു വരുന്ന ചേറ്റുമീനിന്റെ ഉളുമ്പിയ മണം പോവില്ല. സൂസന്‍ ഇമ്മാനുവലിനോട്‌ അവളുടെ ലഞ്ചുബോക്സിലെ പോര്‍ക്കിനെ താന്‍ വരുന്നതിനു മുമ്പേ തീര്‍ത്തേക്കരുതെന്ന് മെസ്സേജ്‌ അയക്കുകയും കടുമാങ്ങയും കാളനും സൂസനു കൈമാറി പോര്‍ക്കിനെ സ്വീകരിക്കുകയും രുചിയോടെ ഭക്ഷിക്കുകയും ചെയ്യു സംഗീതാനമ്പൂതിരിക്ക്‌ പന്നിയിറച്ചി മണക്കുന്നില്ല. ചേറ്റുമീനിന്റെ മണമാണ്‌ അവള്‍ക്ക്‌ അസഹ്യമാകുന്നത്‌. സംഗീതക്ക്‌ താന്‍ വാദിക്കുന്ന കേസ്‌ ജയിക്കുന്നതിന്‌ രുക്മിണിയുടെ സഹായം വേണം. ഈ സഹായം നേടിയെടുക്കാന്‍ നായികയുടെ സുഹൃത്തുക്കളെല്ലാം ചേര്‍ന്നൊരുക്കുന്ന പന്തിഭോജനത്തില്‍ വച്ച്‌ അവള്‍ രുക്മിണിയുടെ ലഞ്ചുബോക്സിലെ ചേറ്റുമീന്‍ കറി രുചിച്ച്‌ വെരി ടേസ്റ്റി എന്ന് അഭിപ്രായപ്പെടുന്നു. ഭക്ഷണത്തിനു ശേഷം ടോയ്ലറ്റില്‍ കടന്ന് സംഗീത ഓക്കാനിക്കുന്നു. സംഗീതയുടെ ആമാശയത്തില്‍ രുക്മിണിയുടെ ചേറ്റുമീന്‍കറി ദഹിക്കുന്നില്ല. ആ ചേറ്റുമീനുകള്‍ വാഷ്ബേസിനില്‍ കിടന്ന് ശ്വാസം കിട്ടാതെ പിടയുന്നു. രുക്മിണിയുടെ ദളിത പാരമ്പര്യം സംഗീതാനമ്പൂതിരിക്കു രുചിക്കുന്നതല്ല. അത്‌ അവള്‍ക്ക്‌ ഓക്കാനമുണ്ടാക്കുന്ന രുചിയാണ്‌. സംഗീതാ നമ്പൂതിരിയുടെ മുത്തച്ഛന്‍മാര്‍ പഴയ യോഗക്ഷേമസഭക്കാരായിരുന്നു. പത്തെഴുപതു കൊല്ലം മുമ്പ്‌ അമ്പലങ്ങള്‍ക്കു തീ വയ്ക്കാന്‍ പറഞ്ഞവരുടെ പാര്‍ട്ടിയില്‍ പെട്ടവര്‍. ഈ വിപ്ളവകാരികളുടെ പാരമ്പര്യമാണ്‌ സംഗീതയിലുളളത്‌. യോഗക്ഷേമസഭയുടെ നവോത്ഥാന പാരമ്പര്യത്തിന്റെ തുടര്‍ച്ചകള്‍ക്കുപോലും ദളിത്‌ പാരമ്പര്യം ഇപ്പോഴും അസഹനീയമാണെന്ന സ്ഥിതിയെ ആഖ്യാനം കാണിച്ചു തരുന്നു.

സവര്‍ണ്ണമൂല്യങ്ങളുടെ കേളീരംഗമായി ആഖ്യാനസ്ഥലം മാറുന്നുണ്ട്‌.തീര്‍ച്ച! എന്നാല്‍, കഥ ഉല്‍പാദിപ്പിക്കുന്ന വിരുദ്ധപാഠത്തിന്റെ മുന്‍കൈ അനിഷേധ്യമായി നിലനില്‍ക്കുന്നു. നൈതികമോ സൈദ്ധാന്തികമോ ആയ മാര്‍ഗ്ഗങ്ങളിലൂടെ സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന്‌ വിജയം നേടാന്‍ കഴിയില്ലെന്ന് അതിനു തന്നെ ഉറപ്പുണ്ട്.പ്രീണനങ്ങളിലൂടെ ദളിതനെ പരാജയപ്പെടുത്താനാണ്‌ ഇപ്പോള്‍ അതു ശ്രമിക്കുന്നതെന്ന് ഈ വിരുദ്ധപാഠം പറയുന്നു. കാപ്പക്കുട്ടിയെ ആക്ഷേപിച്ച കേസില്‍ വിജയിക്കുന്നതിന്‌ ഭാഷയുടെ വ്യാഖ്യാനസാധ്യതകള്‍ ഉപയോഗിക്കുവാന്‍ കഴിയുമോയെന്ന് സംഗീത ചിന്തിക്കുന്നുണ്ട്‌. കുലം മീന്‍സ്‌ നിലം, അതായത്‌ വയല്‍. കുലത്തില്‍ പണിയെടുക്കുവന്‍ പുലയന്‍. ഭാഷാശാസ്ത്രത്തിന്റെ സഹായത്തോടെ സമൂഹത്തില്‍ അധീശത്വം നേടിയിരിക്കു അര്‍ത്ഥത്തെ മറയ്ക്കാന്‍ കഴിയുമോയെന്ന് അവള്‍ പരിശ്രമിക്കുന്നു. ഒരു വാക്കിനെ സാമൂഹികയാഥാര്‍ത്ഥ്യത്തില്‍ നിന്നും അടര്‍ത്തി മാറ്റി മറ്റൊരു അര്‍ത്ഥം പകര്‍ന്നു നല്‍കാന്‍ കഴിയുമോയന്നാണ്‌ സംഗീത അന്വേഷിക്കുന്നത്‌. സവര്‍ണ്ണമൂല്യങ്ങളെ താലോലിക്കുന്നവരുടെ താല്‍പര്യങ്ങളെ വഹിക്കുന്ന അര്‍ത്ഥത്തെ മറച്ചു പിടിച്ചുകൊണ്ട്‌ ഈ കേസ്‌ ജയിക്കാന്‍ കഴിയുമോയെന്നും കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിയുമോയെന്നും സവര്‍ണ്ണമൂല്യങ്ങളെ താലോലിക്കുന്ന സംഗീതാനമ്പൂതിരി ആലോചിക്കുന്നു. കേസിന്റെ പരാജയസാദ്ധ്യതകള്‍ അറിയുമ്പോള്‍ പ്രീണനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനുളള സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുന്നു. ചരിത്രത്തിന്റെ വ്യാഖ്യാനത്തിലും മറ്റും സവര്‍ണ്ണശക്തികള്‍ പയറ്റിനോക്കുന്ന കപടതന്ത്രങ്ങള്‍ സംഗീതയും സ്വീകരിക്കുന്നു. ഭാഷാശാസ്ത്രത്തിണ്റ്റെയും നൈതികബോധത്തിന്റേയും മാത്രമല്ല; ആധുനികശാസ്ത്രത്തിന്റെയും പിന്തുണ സവര്‍ണ്ണ മൂല്യബോധത്തിന്‌ ലഭ്യമല്ല. ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ ഗവേഷണഫലങ്ങള്‍ നരവംശങ്ങള്‍ തമ്മില്‍ ഏറെ വ്യത്യാസങ്ങളൊന്നുമില്ലെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുളള സ്ഥിതിക്ക്‌ പാരമ്പര്യത്തെ കുറിച്ചുളള പഠനങ്ങളിലും ജനിതകഘടകങ്ങള്‍ക്കുപരിയായി സാമൂഹികഘടകങ്ങളെ പരിഗണിക്കേണ്ടതുണ്ട്‌. ദളിതത്വത്തെ ജനിതകവസ്തുവില്‍ ഒതുക്കുവാന്‍ ആധുനികശാസ്ത്രം ഇനി വിസമ്മതിക്കും. പാരമ്പര്യത്തെ കുറിച്ചുളള സങ്കല്‍പനങ്ങള്‍ വിശദീകരിക്കുമ്പോള്‍ അത്‌ ഒരു സാമൂഹികനിര്‍മ്മിതി കൂടിയാണെന്നുള്ള പരിഗണനകള്‍ ഉണ്ടാകുന്നുവെന്ന് ഉറപ്പിക്കേണ്ടതുണ്ട്‌. തന്റെ ശ്രേഷ്ഠപാരമ്പര്യത്തേയും രുക്മിണിയുടെ നീചപാരമ്പര്യത്തേയും കുറിച്ചുളള സംഗീതാനമ്പൂതിരിയുടെ സങ്കല്‍പനങ്ങളില്‍ സമൂഹത്തിന്റെ അധീശപ്രത്യയശാസ്ത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

രുക്മിണിയുടെ ദളിതകര്‍ത്തൃത്വം ഒരു സാമൂഹികനിര്‍മ്മിതിയാണ്‌. ദളിതകര്‍ത്തൃത്വങ്ങള്‍ നിശ്ശബ്ദമാക്കപ്പെടുമ്പോള്‍ അധീശത്വത്തിന്റെ പ്രത്യയശാസ്ത്രം ഉറപ്പിക്കപ്പെടുന്നു. അത്‌ പൊതുബോധമായി മാറുന്നു. മറ്റുളളവരുടെ വാക്കുകളില്‍ നിന്നാണ്‌ നാം രുക്മിണിയെ പരിചയപ്പെടുന്നത്‌. ആ നിശ്ശബ്ദകര്‍ത്തൃത്വം സ്വയം സംസാരിക്കുന്നില്ലല്ലോ. ജാതിയുടെ പേരില്‍ രുക്മിണിക്ക്‌ ഒരു ഇന്‍ഫീരിയോരിറ്റി കോംപ്ളക്സ്‌ ഉണ്ടെന്ന് സംഗീതക്കറിയാം. പബ്ലിക്പ്രോസിക്യൂട്ടറായ രുക്മിണിക്ക്‌ സവര്‍ണ്ണവിഭാഗങ്ങളുമായി ഐക്യപ്പെടാന്‍ മോഹമുണ്ടെന്നും സതീഷ്‌ വര്‍മ്മയെ തെരഞ്ഞുപിടിച്ച്‌ പ്രണയത്തില്‍ കുരുക്കിയത്‌ ഇതുകൊണ്ടാണെന്നും സംഗീത കരുതുന്നു. രുക്മിണിയുടെ തരം നമ്മുടെയൊക്കെ കൂടെ കൂടണമെന്ന് ആഗ്രഹിക്കുതാണ്.കാപ്പക്കുട്ടി അവളുടെ റിലേറ്റീവ്‌ ആണെന്നു പറയുന്നത്‌ അവളുടെ മനസ്സിന്‌ ഇഷ്ടപ്പെടുന്നില്ലെന്ന് സൂസന്‍ സംഗീതയുടെ ചെവിയില്‍ പറയുന്നുണ്ട്‌. വ്യവസ്ഥയുടെ വശീകരണതന്ത്രങ്ങള്‍ക്ക്‌ വിധേയമാകാനുള്ള പരുവത്തിലാണ്‌ രുക്മിണിയെന്ന് സംഗീതയ്ക്കും കൂട്ടുകാര്‍ക്കും അറിയാം. രുക്മിണി സവര്‍ണ്ണതയുടെ പ്രീണനങ്ങള്‍ക്ക്‌ കീഴ്പ്പെടുന്നതായി ആഖ്യാനം രേഖപ്പെടുത്തുന്നുമുണ്ട്‌. കാപ്പക്കുട്ടിക്കും അയാളോടൊപ്പം ഒറ്റാലുവയ്ക്കണോര്‍ക്കും ജാതിപ്പേരു വിളിച്ചവന്‍ അഴിയെണ്ണണമെന്ന് ആഗ്രഹമുണ്ട്‌. ദളിതന്റെ ഈ ആഗ്രഹം സവര്‍ണ്ണതയുടെ പ്രീണനത്തില്‍ പെട്ടു മറന്നുപോകാന്‍ രുക്മിണിക്കു കഴിയുന്നു. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പുരോഗതി നേടിയ ദളിതര്‍ സവര്‍ണ്ണവിഭാഗങ്ങളുമായി ഐക്യപ്പെടാനാഗ്രഹിക്കുന്നുവെന്ന സംഗീതയുടെ അഭിപ്രായത്തെ സാധൂകരിക്കുന്ന രീതിയിലാണ്‌ രുക്മിണി പെരുമാറുന്നത്‌. ആഖ്യാനത്തിലെ ഈ സന്ദര്‍ഭം വര്‍ണ്ണപ്രശ്നവും വര്‍ഗ്ഗപ്രശ്നവും കണ്ണിചേര്‍ക്കപ്പെടേണ്ടതിനെ കാണുന്നുണ്ട്‌. നമ്പൂതിരിമാരു മാര്‍ക്കം കൂടിയ ക്രിസ്ത്യാനികളാണെന്നു പറഞ്ഞുകൊണ്ട്‌ സവര്‍ണ്ണയാകുന്ന സൂസണ്‍ ഇമ്മാനുവേല്‍ എന്ന കഥാപാത്രത്തിന്റെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്ന രീതിയും അവളുടെ മദ്ധ്യവര്‍ഗ്ഗഭാവങ്ങളും കൂടി വര്‍ഗ്ഗ-വര്‍ണ്ണ ശൃംഖലാബന്ധങ്ങളെ സൂചിപ്പിക്കുന്നതാണ്‌. നമ്മുടെ സമൂഹത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന മദ്ധ്യവര്‍ഗ്ഗവല്‍ക്കരണം അധ:സ്ഥിതവിഭാഗങ്ങളുടെ രാഷ്ട്രീയത്തിന്റെ നിരാസത്തിന്‌ കാരണമാകുന്നു. ദളിത ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നവര്‍ തന്നെ മദ്ധ്യവര്‍ഗ്ഗമൂല്യങ്ങളെ സ്വാംശീകരിക്കുന്നതിലൂടെ സവര്‍ണ്ണശക്തികളുടെ കൈകളിലെ കരുക്കളാകുകയും അധ:സ്ഥിതജനവിഭാഗങ്ങളില്‍ നിന്ന് അകലുകയും ചെയ്യുന്നു. ജാതി സ്വത്വബോധത്തെ വീണ്ടും പ്രതിഷ്ഠിക്കുന്ന കേരളത്തിന്റെ സമകാല സാഹചര്യം ദളിതരുടേയും അധ:സ്ഥിതരുടേയും മുന്നേറ്റങ്ങള്‍ക്ക്‌ അനുകൂലമാകുകയില്ലെന്ന് ഈ ആഖ്യാനത്തില്‍ എഴുതിയിരിക്കുന്നു. വര്‍ഗ്ഗപ്രശ്നവുമായി ബന്ധിപ്പിക്കാതിരിക്കുകയും സ്വത്വവാദത്തില്‍ കേവലമായി ഊന്നുകയും ചെയ്യുതിലൂടെ ദളിത്‌രാഷ്ട്രീയം എത്തിപ്പെടുന്ന പ്രതിസന്ധിഘട്ടങ്ങളെ സന്തോഷിന്റെ കഥ കാണിച്ചു തരുന്നു.

സ്വത്വവാദരാഷ്ട്രീയത്തിന്റെ പ്രസക്തിയും സാഫല്യവും തെ കഥയില്‍ പ്രശ്നീകരിക്കപ്പെടുന്നുണ്ട്‌. പ്രാപഞ്ചികമായ സ്ത്രീസ്വത്വ സങ്കല്‍പനത്തിന്‌ ഈ കഥയുടെ വികലനം അസാദ്ധ്യമായ ഒരു പ്രക്രിയയായി മാറും. നമ്പൂതിരി സ്ത്രീ, നായര്‍ സ്ത്രീ, ദളിത്‌ സ്ത്രീ, ഈഴവ സ്ത്രീ, കൃസ്ത്യന്‍ സ്ത്രീ.. .. ..എന്നിങ്ങനെ സ്ത്രീസ്വത്വം വിഭജിക്കപ്പെടും. സ്വത്വവാദം മുന്നോട്ടുവയ്ക്കുന്ന ശകലീകരണത്തിന്റെ രാഷ്ട്രീയം ഐക്യപ്പെടേണ്ടവയെ അകറ്റുകയും പ്രതിരോധത്തിനുള്ള ശ്രമങ്ങളെ തകര്‍ക്കുകയും ചെയ്യും. പഴയ പന്തിഭോജനത്തെ കുറിച്ചു പറയുന്നത്‌ രമ്യാനായരാണ്‌. ചെറായിയിലെ ശാപ്പാടിനെ കുറിച്ച്‌ അവള്‍ പറയുന്നു. "നമ്മുടെ രുക്മിണിയെ പോലെ രണ്ടുപേര്‍ക്കൊപ്പം പത്തിരുനൂറുപേരെ ഇരുത്തിക്കൊണ്ട്‌ ചരിത്രപ്രസിദ്ധമായ ഒരു ചോറൂണ്‌." രുക്മിണിയെ പോലെ രണ്ടുപേര്‍ എന്ന വാക്പ്രയോഗത്തില്‍ തങ്ങളുടെ പൊതുസമൂഹത്തിന്റെ ഭ൩ഗമായി രുക്മിണിയെ അംഗീകരിക്കുന്നില്ലെന്ന സൂചനയുണ്ട്‌. പഴയ പന്തിഭോജനം ആവര്‍ത്തിക്കുന്നതായി പറയുന്നതിലൂടെ പന്തിഭോജനങ്ങള്‍ക്ക്‌ അവസാനിപ്പിക്കാന്‍ കഴിയാത്ത പ്രാന്തീകരണങ്ങള്‍ സൂചിതമാകുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ചു നടത്തുന്ന പ്രഖ്യാപിത പന്തിഭോജനങ്ങള്‍ പ്രാന്തവല്‍ക്കരണത്തെ ത്വരിപ്പിക്കാനാണ്‌ ഉതകുന്നത്‌. രുക്മിണിയെ പ്രീണിപ്പിച്ച്‌ സ്വന്തം കാര്യം നേടുന്നതിനാണ്‌ നായികയുടെ സുഹൃത്തുക്കള്‍ പന്തിഭോജനം ഒരുക്കുന്നത്‌.

പന്തിഭോജനത്തിനു ശേഷം രുക്മിണിയുമായുളള സതീഷ്‌ വര്‍മ്മയുടെ പ്രണയം അവസാനിക്കും. സംഗീതാനമ്പൂതിരിയുടെ കക്ഷി സി.പി.ഗോപാലമേനോന്‍ കേസില്‍ വിജയിക്കും. ഈ പന്തിഭോജനത്തിനു ശേഷം ജാതിയില്‍ നിന്നു പുറത്താവു അയ്യപ്പന്‍ സതീഷ്‌വര്‍മ്മയാണെന്ന്, കണ്ണിറുക്കി അമര്‍ത്തിയ ചിരിയോടെ, രമ്യാനായര്‍ പറയുന്നു. എന്നാല്‍, അവരുടെ പന്തിയില്‍ നിന്നും സതീഷ്‌വര്‍മ്മയുടെ പ്രണയത്തില്‍ നിന്നും പുറത്താകാന്‍ പോകുന്നത്‌ രുക്മിണിയാണെന്ന് രമ്യാനായര്‍ക്ക്‌ അറിയാം. മദ്ധ്യവര്‍ഗ്ഗമോഹങ്ങളില്‍ പെടുന്ന രുക്മിണി വഞ്ചിക്കപ്പെടുന്നു. അവള്‍ കേസില്‍ പരാജയപ്പെടും; പ്രണയത്തിലും. ഒരിക്കല്‍ പന്തിഭോജനത്തിലൂടെ നേടാന്‍ ശ്രമിച്ച മുഴുവന്‍ ശ്രേഷ്ഠമൂല്യങ്ങളും ഇവിടെ സമര്‍ത്ഥമായി കബളിപ്പിക്കപ്പെടുന്നു. ഇത്തരമൊരു പന്തിഭോജനം സംവിധാനം ചെയ്യുന്നവരെ അവതരിപ്പിക്കുതിലൂടെ അടിമുടി കാപട്യം ബാധിച്ച മലയാളിയുടെ ആത്മാവിനെയാണ്‌ ഈ കഥ കാണിച്ചുതരുന്നത്‌.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥ പ്രസിദ്ധീകരിച്ച ഉടനെ എഴുതിയ പ്രതികരണം)

4 comments:

poems of CNKumar said...

ഇന്ന് നമ്മുടെ സമൂഹത്തില്‍ ഇതുപോലുള്ള നിരവധി പ്രവണതകള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ഏതിനേയും ജാതീയമായോ, മതപരമായോ വേര്‍തിരിക്കുക അത് എല്ലാ രംഗത്ത്‌ കടന്നു കൂടിയിട്ടുണ്ട് . ഇതിനെതിരെ ജാഗ്രത്തായിരിക്കണം.

Anonymous said...

കമന്റുകള്‍ പ്രവര്‍ത്തനങ്ങളായി മാറട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരിക്കല്‍ പന്തിഭോജനത്തിലൂടെ നേടാന്‍ ശ്രമിച്ച മുഴുവന്‍ ശ്രേഷ്ഠമൂല്യങ്ങളും ഇവിടെ സമര്‍ത്ഥമായി കബളിപ്പിക്കപ്പെടുന്നു. ഇത്തരമൊരു പന്തിഭോജനം സംവിധാനം ചെയ്യുന്നവരെ അവതരിപ്പിക്കുതിലൂടെ അടിമുടി കാപട്യം ബാധിച്ച മലയാളിയുടെ ആത്മാവിനെയാണ്‌ ഈ കഥ കാണിച്ചുതരുന്നത്‌.....

ചാർ‌വാകൻ‌ said...

നല്ല നിരീക്ഷണം.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...