വാണിമാതാവേ! വര്‍ണവിഗ്രഹേ!വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേല് നടനംചെ -
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരന്.
എന്നത്രെ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് വിദ്യാദേവതയായ സരസ്വതിദേവിയോട് പ്രാര്‍ത്ഥിക്കുന്നത്. വിദ്യയുടെ ദേവത തന്റെ നാവിന്മേല് നഗ്നയായി വന്നു നൃത്തം ചെയ്യണമെന്ന് കവി ആഗ്രഹിക്കുന്നു, കാനനത്തില്‍ ദിക്കുകളെ വസ്ത്രമാക്കി നൃത്തം ചെയ്യുന്ന ശിവനെ പോലെ. ഇന്ത്യയുടെ ശില്പകലാപാരമ്പര്യത്തിന്റെ മകുടോദാഹരണങ്ങളായി തിളങ്ങുന്ന പഴയ ക്ഷേത്രങ്ങളില്‍ ദേവീദേവന്മാരുടെ രതിചിത്രങ്ങള്‍ എത്രയോ കാണാം. ലൈംഗികതയെ ഉയര്‍ന്ന സൌന്ദര്യബോധത്തില്‍ നിന്നുകൊണ്ട് കാണാന്‍ ഇവിടെ പിറവി കൊണ്ട സാഹിത്യ, കലാസങ്കല്പനങ്ങള്‍ക്കു കഴിഞ്ഞിരുന്നുവെന്നതിന് അധികം തെളിവുകള്‍ വേണ്ട. നഗ്നതയും രതിയും പാപങ്ങളായോ വൈകൃതങ്ങളായോ കാണുന്ന സമീപനം ഇന്ത്യയില്‍ ഉത്ഭവിച്ചതല്ലെന്നു തീര്‍ച്ച! ഈ സമീപനം ഇപ്പോള്‍ ഇവിടെ തഴച്ചു വളരുന്നുവെങ്കില്‍ അതിനുള്ള കാരണങ്ങളുടെ അന്വേഷണം എത്തിച്ചേരുക കൊളോണിയലിസത്തിലും വിക്ടോറിയന്‍ സദാചാര മൂല്യങ്ങളിലുമായിരിക്കും.
എന്നാല്‍, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ വക്താക്കളെന്നു മേനി നടിക്കുന്ന ഹിന്ദുത്വശക്തികള്‍ക്ക് വിക്ടോറിയന്‍ സദാചാരമൂല്യങ്ങളോടാണ് കമ്പം. സമകാലികഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ചിത്രകാരനായിരുന്ന എം. എഫ്. ഹുസൈന്റെ രചനകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇവര്‍ അതിനു കാരണമായി പറഞ്ഞത്, ആ ചിത്രകാരന് ഭാരതമാതാവിനേയും സരസ്വതിദേവിയേയും നഗ്നകളായി വരച്ചുവെന്നതായിരുന്നു. അദ്ദേഹത്തിന്റെ വീടിനു നേരെയും ചിത്രപ്രദര്‍ശനശാലകള്‍ക്കു നേരെയും ആക്രമണങ്ങള്‍ അഴിച്ചു വിട്ട സംഘപരിവാര്‍ ശക്തികളുടെ പ്രവര്‍ത്തനം അദ്ദേഹം രാജ്യം വിട്ടുപോകുന്നതിലേക്കും മറ്റൊരു രാജ്യത്തിന്റെ പൌരത്വം സ്വീകരിക്കുന്നതിലേക്കും വരെ എത്തിപ്പെട്ടു. ഇന്ത്യയുടെ പിക്കാസോയെ തിരിച്ചു കൊണ്ടുവരുന്നതിന് ഇന്ത്യന്‍ ഭരണകൂടം ഒന്നും തന്നെ ചെയ്യുകയുണ്ടായില്ല. ഇന്ദിരയെ ദുര്‍ഗയായി ചിത്രണം ചെയ്തതിനെതിരെയും (ആ ചിത്രത്തിനു പല വ്യാഖ്യാനങ്ങളും സാദ്ധ്യമായിരുന്നു) സഫ്ദര്‍ഹശ്മിയുടെ കൊലപാതകത്തിനെതിരെ ചിത്രം വരച്ചതിന്റെ പേരിലും ഹുസൈനില്‍ കുറ്റം കണ്ടെത്തിയവരായിരുന്നല്ലോ ഭരണത്തിലുണ്ടായിരുന്നത്. എം.എഫ്.ഹുസൈനെ തിരിച്ചു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് വലിയൊരു പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കാന്‍ ഇന്ത്യയിലെ പുരോഗമനശക്തികള്‍ക്കൊന്നിനും കഴിഞ്ഞില്ല.
വിവാദമുണ്ടാക്കിയ സരസ്വതി ചിത്രത്തിലേക്കു വീണ്ടും വരിക. വിദ്യയുടെ ദേവത നഗ്നയായിട്ടാണ് ഭക്തന്റെ മുന്നില്‍ വരേണ്ടതെന്ന് മലയാളഭാഷാപിതാവിന് ഉറപ്പും വിശ്വാസവുമുണ്ട്. എം.എഫ്. ഹുസൈന്റെ ധാരണയും വിശ്വാസവും ഈ സൌന്ദര്യസങ്കല്പനങ്ങളുടെ തുടര്‍ച്ച കൂടിയാണ്. ദേവനും ദേവിയും നഗ്നരായിട്ടല്ല കാഞ്ചീപുരം പട്ടു ധരിച്ചാണ് ഭക്തര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടേണ്ടതെന്ന് പുതിയ ഹിന്ദു രക്ഷകന്മാര് തീരുമാനിക്കുന്നു. ദേവീദേവന്മാര് സര്‍വ്വാഭരണവിഭൂഷിതരായിരിക്കണമെന്നും ഇവര്‍ പറഞ്ഞേക്കും. തങ്ങള്‍ മുങ്ങിത്താഴ്ന്നു കിടക്കുന്ന ആഡംബരത്തിന്റേയും ഉപഭോഗത്തിന്റേയും സംസ്ക്കാരത്തില്‍ നിന്നുകൊണ്ടാണ് അവര്‍ സംസാരിക്കുന്നത്. ഇത് അവര്‍ തിരിച്ചറിയുന്നില്ലെന്നു മാത്രം. ഭാരതീയമായ സൌന്ദര്യസങ്കല്പനങ്ങളേയും ഇവര്‍ മാനിച്ചില്ല.
ഇന്ത്യയിലെ ഒരു സമകാലിക ചിത്രകാരന്റെ രചനകളെ കുറിച്ചു പറയുമ്പോള്‍ ഈ രാജ്യത്തിന്റെ സവിശേഷതകളെ പരിഗണിക്കാതെ വയ്യ. ആധുനികപൂര്‍വ്വവും ആധുനികവും ഉത്തരാധുനികവുമായ മൂല്യങ്ങള്‍ ഒരുമിച്ചു നിലനില്‍ക്കുന്ന ഒരു രാജ്യമാണിത്. ഹുസൈന്റെ രചനകള്‍ ഈ സവിശേഷതകളെ സൂക്ഷമായി ഉള്‍ക്കൊണ്ടു. അത് ഇന്ത്യയുടെ വൈവിദ്ധ്യത്തേയും വൈജാത്യത്തേയും തിരിച്ചറിഞ്ഞു. ഏറ്റവും ആധുനികമായ രചനാതന്ത്രങ്ങളെ സ്വീകരിച്ചു. സരസ്വതി എന്ന രചനയിലും ഈ കാര്യങ്ങളെല്ലാം തെളിഞ്ഞു കാണാം. ഭാരതീയമായ അന്തരീക്ഷം ആ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പാരമ്പര്യ ഭാരതീയ ദേവീസങ്കല്പനത്തോടാണ് അതിന്നടുപ്പം, കല്യാണ്‍ ജ്വല്ലറിയുടേയും തുണിക്കടയുടേയും പരസ്യത്തിനുപയോഗിക്കാവുന്ന ശിവകാശിക്കലണ്ടറിലെ സരസ്വതിയോടല്ല.
സരസ്വതി വിജ്ഞാനത്തിന്റേയും കലയുടേയും സംഗീതത്തിന്റേയും ദേവതയാണ്. സരസ്വതി എന്ന പേരിലുള്ള നദിയും നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഒഴുകുന്ന സ്ത്രീ എന്ന അര്‍ത്ഥം ഈ വാക്കിനുണ്ട്. വിജ്ഞാനത്തിന്റെ പ്രകൃതത്തേയും നടനകലയേയും ഈ അര്‍ത്ഥം പെട്ടെന്ന് ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ഹുസൈന്റെ ചിത്രത്തിലെ സ്ത്രീയുടെ നടനഭാവങ്ങള്‍ ഒഴുക്കിനേയും മാറ്റത്തേയും സൂചിപ്പിക്കുന്നതാണ്. വിജ്ഞാനത്തിന് യാഥാര്‍ത്ഥ്യത്തോടും സത്യത്തോടും അടുപ്പം കാണുന്ന സാര്‍വ്വത്രികമായ രീതി അറിവ് നഗ്നമായിരിക്കണം എന്നത്രെ ഉറപ്പിക്കുക. അറിവ് നിരന്തരപരിണാമിയാണ്. ദേവിയുടെ നടനഭാവം നൃത്തകലയെ മാത്രമല്ല, അറിവിന്റെ സ്വഭാവത്തെ കൂടി ഉള്‍ക്കൊള്ളുന്നു. സരസ്വതിയുടെ ചിത്രത്തോടൊപ്പമുള്ള വീണയും മയൂരവും മത്സ്യവും സംഗീതത്തേയും നൃത്തത്തേയും നദിയേയും പ്രതിനിധാനം ചെയ്യുന്നതായി കരുതാവുന്നതാണ്. അറിവിന്റെ ദേവതയെ അറിവിനെ കുറിച്ചുള്ള പുതിയ അറിവുകളുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുകയായിരുന്നു ചിത്രകാരന് ചെയ്തത്. കൊളോണിയല്‍ സദാചാരമൂല്യങ്ങളില്‍ ബന്ധിതരായിരിക്കുകയും വര്‍ഗീയമായ ഇടപെടലുകളിലൂടെ രാഷ്ട്രീയമായ നേട്ടങ്ങള്‍ മോഹിക്കുകയും ചെയ്യുന്ന സംഘപരിവാറിന് സംസ്ക്കാരമെന്നത് തങ്ങളുടെ നേട്ടങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ മാത്രമായിരിക്കുന്നതു കൊണ്ട് ഹുസൈന്റെ കലയുടെ പ്രാധാന്യം തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല.
8 comments:
നല്ല ലേഖനമായിട്ടുണ്ട് കേട്ടൊ ഭായ്
വാണി മാതാവിനോട് നഗ്നയായി വന്നു നൃത്തം ചെയ്യുവാന്‍ കവി പറയുന്നതിനെ എത്ര സുന്ദരമായിട്ടാണ് ഈ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നത് .. പദ്യത്തില്‍ വാണി മാതാവ് എന്നാണെങ്കിലും അതിന്റെ വിവരണത്തില്‍ അത് വിട്ടു കളഞ്ഞിരിക്കുന്നു .. നഗ്നയായി എന്ന് നേരിട്ട് ഉപയോഗിച്ചിട്ടില്ല എന്നിരിക്കുളും അത് ലേഖന് സ്വന്തം ഇഷ്ടപ്രകാരം കൂട്ടി ചേര്‍ത്തിരിക്കുന്നു . വ്യംഗ്യമായി, ദിഗംബരനായ ശിവന്റെ നൃത്തത്തോട് ഉപമിക്കുന്നതിലെ എന്ത് കൊണ്ട് കവി 'വ്യംഗ്യം ' ഉപയോഗിച്ചു എന്നും ലേഖകന്‍ അന്വേഷിക്കുന്നില്ല! ..മനസ്സിലാക്കുന്നില്ല ! കഷ്ടം !! വ്യഗ്യം ആയ ഭാഷ , തുറന്നെഴുതല്ല , മൂടി വക്കാലാണ് , അതില്‍ സൌദര്യം ഉണ്ട് , തീര്‍ച്ചയായും ! ഹുസയിന്റെ ചിത്രങ്ങള്‍ അത് പോലെ വ്യഗ്യം ആയിരുന്നെങ്കില്‍ !!! പക്ഷെ അങ്ങനെ അല്ലല്ലോ !
PS : തന്റെ തന്റെ നാവില്‍ നിന്നും മറയില്ലാതെ വാക്കുകള്‍ പ്രവഹിക്കണം എന്നാണ് കവി ഉദ്ദേശിച്ചിരിക്കുന്നത് എന്നും ലേഖകന്‍ ശ്രദ്ധിക്കുന്നില്ല .. ഒരാളോട് , "താങ്കള്‍ മറച്ചു വയ്ക്കാതെ സംസാരിക്കണം " ,എന്ന് പറഞ്ഞാല്‍ അയാള്‍ തുണിയഴിച്ച് നിന്ന് സംസാരിക്കണം എന്നാണോ ലേഖകന്‍ ധരിക്കുക എന്നും അറിയാന്‍ താത്പര്യം ഉണ്ട് !! കഷ്ടം !!
ദിഗംബരന് കാനനത്തില്‍ എങ്ങനെയാണോ നൃത്തമാടുന്നത് അങ്ങനെ നാണംകൂടാതെ നാവിന്മേല് നടനം ചെയ്യൂ എന്നാണ് കവിവാക്യം. അതില്‍ നൃത്തമാടുന്ന വാണി ദിഗംബരയാണോ അല്ലയോ എന്ന് സൂചനകളൊന്നുമില്ല.
'നാണമെന്നിയേ മുദാ നാവിന്മേല് നടനംചെ -
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരന്'.
ഹുസൈന് എന്തുകൊണ്ടു ഹിന്ദുദേവതയായ സരസ്വതിയെ നഗ്നയാക്കി വരച്ചു എന്നു ഞാനും ചിന്തിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചത് അവരെ നഗ്നതയുമായി ഇതിനു മുന്‍പ് മറ്റാരും കൂട്ടിച്ചേര്‍ത്തിരുന്നില്ല എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്‍സിലാകുന്നു, എഴുത്തച്ചനും അങ്ങനെ തന്നെ ചെയ്തിരുന്നു എന്ന്, തന്റെ വാക്കുകളീലും ഭാവനയിലും. നാണമെന്നിയേ എന്നത് സരസ്വതിയെ നഗ്നയായാണ് ഭാവന ചെയ്തത് എന്നു കാണിക്കുന്നു. എന്റെ പരിമിതമായ കവിതയുടെ അറിവില്‍.
ഹുസൈന്റെ ആര്റ്റിസ്റ്റിക് എക്സ്പ്രഷന്‍ വരയാണ്, അതു പെട്ടെന്നു കാണാവുന്നതാണ്, കവിതയേക്കാള്‍.
പിന്നെ ഹുസൈന് മുസ്ലീം ആയിരുന്നു. അദ്ദേഹം ഒരു പ്രാക്റ്റീസിംഗ് മുസ്ലീം ആയിരുന്നുവോ? പേരുകൊണ്ട് ഒരു മതത്തിന്റെ അടയാളം പേറുന്നവരെല്ലാം ആ മതം പ്രാക്റ്റീസ് ചെയ്യുന്നവരായിരിക്കണമെന്നില്ല. ഹുസൈന് ജീവിത്തിരുന്നപ്പോള് അദ്ദേഹത്തൊട് ആരും ഇതിനെക്കുറിച്ച് ചൊദിച്ചിരുന്നില്ലേ? ഉദ. ജേര്‍ണലിസ്റ്റുകള്‍. അറിയാന്‍ താല്പര്യമുണ്ട്.
ഇങ്ങനെയുള്ള് വിവാദാവിഷയങ്ങളില് പൊതു ജനത്തിന്റെ സംശയം മാറ്റുക ജേര്‍ണലിസ്റ്റുകളുടെ ചുമതലയാണ്.
ഈ ചെത്തുകാരന് എന്നതാ പറേണത്. ഒരു യുക്തിയുമില്ലാതെ.
കലയെ വിലയിരുത്തുന്ന എറ്റവും ഹീനമായ മാനദണ്ഡങ്ങളില്‍ നിന്നാണ് അച്ചുവിന്റെ അഭിപ്രായം ഉയിര്‍ക്കൊള്ളുന്നത്.
ഈ അഭിപ്രായം ആദ്യം എഴുതി അറിയിക്കേണ്ടത് ഖജുരാഹോയിലേയും മറ്റും ക്ഷേത്രങ്ങളുടെ കമ്മിറ്റികള്‍ക്കാണ്.
Post a Comment