Saturday, January 21, 2023

ഈ ഉച്ചയിലെ മലയാളിമയക്കം



ലിജോ ജോസ് പെല്ലിശേരിയുടെ 'നന്‍പകല്‍ നേരത്തെ മയക്കം' സമകാലമലയാളിയുടെ മനസ്സിനെ അഴിക്കുകയും അവന്റെ (അവളുടേയും) ആന്തരികലോകത്തെ നമുക്കേവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പ്രത്യക്ഷീകരിക്കുകയും ചെയ്യുന്നു. സമകാലമലയാളിമനസ്സിനെതിരായ ആക്രമണവും മലയാളിയുടെ അബോധത്തിന്റെ പ്രകാശനവുമായി ഈ ചലച്ചിത്രം മാറുന്നു.  സ്വൈരമുള്ള സ്ഥിതാവസ്ഥയെ വിട്ട് എങ്ങെങ്ങോ എത്തിച്ചേരാന്‍ വെമ്പുകയും അതിനായി അലയുകയും ചെയ്യുന്ന മനുഷ്യമനസ്സിന്റെ ഭ്രമാത്മകതയുടെ ആവിഷ്‌ക്കരണമെന്ന സാമാന്യപാഠത്തിലുപരി മലയാളിക്കുള്ള ചില സവിശേഷപാഠങ്ങളെ ഈ ചലച്ചിത്രം ഒരുക്കുന്നുണ്ട്.


ഇത് ഒരു ലോകസിനിമയാണെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ട്, മലയാളത്തേയും തമിഴിനേയും ലോകത്തിലെ മുഴുവന്‍ പ്രേക്ഷകര്‍ക്കുമായി പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ ചലച്ചിത്രം ആരംഭിക്കുന്നത്. അങ്ങനെ, ഈ ചലച്ചിത്രം മലയാളത്തേയും തമിഴിനേയും കുറിച്ചാണ്. മലയാളികളേയും തമിഴരേയും കുറിച്ചാണ്. ഇത് ഒരു മലയാളചലച്ചിത്രം മാത്രമല്ല, തമിഴ് ചലച്ചിത്രം കൂടിയാണ്. മലയാളി ഒരുക്കിയ മലയാളചലച്ചിത്രം തമിഴ് ചലച്ചിത്രം കൂടിയായി മാറിത്തീര്‍ന്നതാണ്. മലയാളിയുടെ അബോധത്തിലെ തമിഴാണ് ഈ ചലച്ചിത്രത്തിന്റെ പ്രേരണ. മലയാളിക്ക് തമിഴകത്തോട് ഏറെ ആഭിമുഖ്യങ്ങളുണ്ട്.  എന്നും എപ്പോഴും ഏറിയും കുറഞ്ഞും ഈ ആഭിമുഖ്യങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നു. പഴയ തമിഴകത്തില്‍ മലയാളി കൂടി ഉണ്ടായിരുന്നല്ലോ? ഏതോ ചരിത്രസന്ധിയില്‍ ചിതറിപ്പോയതാണ്. ഇപ്പോള്‍, നമ്മുടെ വലിയ കലാകാരന്മാരായ ജോണ്‍ ഏബ്രഹാമിലും ആറ്റൂര്‍ രവിവര്‍മ്മയിലും മറ്റും കൂടിക്കടന്ന് മലയാളിയുടെ തമിഴ് ആഭിമുഖ്യങ്ങള്‍ ലിജോ ജോസിലും ഹരീഷിലും മമ്മൂട്ടിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു. 


തങ്ങളുടെ ദൈവത്തെ തേടി തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലേക്കു പോയ മലയാളികളുടെ ഒരു യാത്രാസംഘത്തിന്റെ രണ്ടു ദിവസത്തെ ജീവിതാനുഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് ഈ ചലച്ചിത്രം. ദൈവത്തെ തേടുന്ന യാത്ര ജീവിതത്തിന്റെ പൊരുളിനെ തേടിയുള്ള യാത്ര കൂടിയാണ്.  ഈ ചലച്ചിത്രത്തിലെ മലയാളികളുടെ ദൈവം കുടികൊള്ളുന്നത് തമിഴ്‌നാട്ടിലാണെന്നതു മലയാളമനസ്സിന്റെ ആഭിമുഖ്യങ്ങളുടെ സൂചനയാകുന്നുണ്ട്. പുറത്തേക്ക് വലിയ ദൈവവിശ്വാസങ്ങളൊന്നും പ്രകടിപ്പിക്കാത്ത ജെയിംസ് എന്ന കഥാപാത്രത്തിലൂടെ സമകാലമലയാളിയുടെ ജീവിതപ്പൊരുളിനെ തേടിയുള്ള യാത്രയായി ഈ തീര്‍ത്ഥയാത്രയെ ചലച്ചിത്രകാരന്‍ പരിവര്‍ത്തിപ്പിക്കുന്നു. ജെയിംസാകട്ടെ, മുഴുവന്‍ മലയാളികളുടേയും പ്രതിനിധിയായി മാറുകയും ജെയിംസിലൂടെ പ്രകടമാകുന്നതെല്ലാം മലയാളമനസ്സിന്റെ പ്രകടനങ്ങളായി മാറിത്തീരുകയും ചെയ്യുന്നു. സമകാലമലയാളിയുടെ അബോധം ഒരു തമിഴനായി മാറിത്തീരാന്‍ ആഗ്രഹിക്കുന്നുണ്ട്. തന്റെ സ്വത്വത്തില്‍ നിന്നും നന്മയെ ഉരിഞ്ഞുകളഞ്ഞ് സ്വാര്‍ത്ഥതയുടേയും പൊങ്ങച്ചങ്ങളുടേയും പര്യായങ്ങളായി തീര്‍ന്ന, മദ്ധ്യവര്‍ഗമലയാളിയുടെ അബോധത്തിലെ ഭാവപ്പകര്‍ച്ചകളാണ് ജെയിംസിലൂടെ ആവിഷ്‌ക്കൃതമാകുന്നത്. ചലച്ചിത്രത്തില്‍ കാണുന്നത് നാടകകലാകാരന്മാരുടെ തീര്‍ത്ഥയാത്രയാണെന്നത് ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു കാണണം. നാടകമേ ഉലകം എന്ന ചൊല്ലിലൂടെ നാടകത്തിനു ലോകത്തോടും ജീവിതത്തോടും ഉള്ള ബന്ധങ്ങള്‍ സൂചിപ്പിക്കപ്പെടുക മാത്രമല്ല, മറ്റൊരു വ്യാഖ്യാനതലത്തില്‍ ജീവിതത്തെ അഭിനയമാക്കി മാറ്റുന്ന മലയാളിവേഷങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു, ചലച്ചിത്രകാരന്‍. ജീവിതനാടകമാടുന്ന ഈ മനുഷ്യരില്‍ വ്യത്യസ്തനായ ഒരുവനിലേക്ക് മലയാളിയുടെ തമിഴ് ആഭിമുഖ്യങ്ങള്‍ കുടിയേറുന്നു. അത് പകര്‍ന്നാടുന്നു. മലയാളി പകല്‍മയക്കം വിട്ടു തമിഴ് ഊരിലേക്ക് ഉണരുന്നു.



പരസ്പരവിശ്വാസമില്ലായ്മ, പിശുക്ക്, അത്യാര്‍ത്തി, സ്വാര്‍ത്ഥത, തന്‍കാര്യം കാണുന്നതിലെ സാമര്‍ത്ഥ്യം, പരദൂഷണത്തിലുള്ള താത്പ്പര്യം എന്നിവയെല്ലാം തീര്‍ത്ഥയാത്രക്കാരായ മലയാളികളുടെ നാടകസംഘത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നതായി നമുക്കു തോന്നുന്നുണ്ട്. ഉച്ചമയക്കത്തിനിടയില്‍ ഈ സംഘത്തില്‍ നിന്നുമാണ് ജെയിംസ് ഇറങ്ങിപ്പോകുന്നത്. അയാള്‍ പോകുന്നത് തന്റെ ഊരിലേക്കാണ്. സ്‌നേഹനിധികളായ അപ്പയും അമ്മയും പൂങ്കുഴലിയും മുത്തും പശുവും നായയുമുള്ള കുടിയിലേക്കു അവന്‍ പോകുന്നു. ജെയിംസ് സുന്ദരമായി മാറുന്നു. തന്നെ കേരളത്തിലേക്കു തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരോട് അവന്‍ ആണയിടുന്നു, നാന്‍ ഇന്ത ഊരുകാരന്‍ താന്‍ എന്ന്.. ഓരോരുത്തരേയും വിളിച്ചു ചോദിക്കുന്നു - നാന്‍ ഈ ഊരുകാരനല്ലേയെന്ന്. തമിഴകത്തിലെ തന്റെ ഊരിലേക്കു തിരിച്ചുപോകാനുള്ള മലയാളിയുടെ അബോധാഭിലാഷങ്ങളുടേയും പ്രേരണകളുടേയും വളരെ തീക്ഷ്ണമായ ഒരു ദൃശ്യാവിഷ്‌ക്കരണമാണ് ജെയിംസിന്റെ ഭ്രമാത്മകമായ ഈ ഭാവപ്പകര്‍ച്ചയിലൂടെ ചലച്ചിത്രകാരന്‍ സാധിച്ചെടുക്കുന്നത്. 


മലയാളിയുടെ അന്ത:സാരശൂന്യമായ ജീവിതാഭിനയത്തില്‍ നിന്നും മാറി ഏറെ ജൈവികവും മാനുഷികവുമായ ബന്ധങ്ങളുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടേയും ഒരു ലോകമാണ് തമിഴിലെ ഊരുകളിലെ ദുശ്യങ്ങളില്‍ നാം കാണുന്നത്. ജെയിംസ് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് തനിക്ക് നഷ്ടപ്പെട്ടു പോയ ഈ ലോകത്തെയാണ്. കുറ്റബോധം നിറഞ്ഞ മലയാളിയുടെ മദ്ധ്യവര്‍ഗമനസ്സിന്റെ കുമ്പസാരം കൂടി സൂക്ഷ്മമായ കാഴ്ചയിലും കേള്‍വിയിലും പ്രേക്ഷകര്‍ക്ക് ഈ ദൃശ്യത്തില്‍ അനുഭവിക്കാന്‍ കഴിയും. ഭാഷയോടുള്ള മമതയില്‍, സ്ത്രീകളോടും അധ:കൃതരോടുമുള്ള പെരുമാറ്റത്തില്‍, പരസ്പരവിശ്വാസത്തില്‍... എല്ലാം മലയാളികളുടെ മദ്ധ്യവര്‍ഗജീവിതത്തിനു സംഭവിച്ച മൂല്യശോഷണത്തെ (ചലച്ചിത്രത്തിന്റെ ആദ്യഭാഗദൃശ്യങ്ങളില്‍ മാത്രമല്ല, അത് ബാഹ്യയാഥാര്‍ത്ഥ്യമായി പ്രേക്ഷകനിലും ചലച്ചിത്രകാരനിലും നിലനില്‍ക്കുന്നുണ്ട്) ഈ ദൃശ്യത്തോടൊപ്പം ചേര്‍ത്തുവയ്ക്കുമ്പോള്‍ പുതിയ അര്‍ത്ഥങ്ങള്‍ ഉണരുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ മാത്രം മലയാളിയുടെ അബോധം ഉണരുന്നതില്‍ സവിശേഷമായ ചരിത്രപരമായ കാരണങ്ങളുമുണ്ടാകാം. 'പാണ്ടി'കള്‍ ജീവിതായാധോനത്തിനുള്ള ഏതു തൊഴിലും ചെയ്യാന്‍ സന്നദ്ധരായി കേരളത്തിലേക്കു വരുന്ന കാലം ഇല്ലാതാകുകയും കൂടുതല്‍ മികവുള്ള ഉല്‍പ്പാദനപ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ ഊരുകളില്‍ തന്നെ നല്ല ജീവിതങ്ങളെ കരുപ്പിടിപ്പിക്കുകയും സാമ്പത്തികപ്രവര്‍ത്തനത്തിന്റെ പല മേഖലകളിലും കേരളത്തേക്കാളും മുന്നിട്ടുനില്‍ക്കാന്‍ കരുത്തു നേടിവരികയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തിലാണ് ഇതു സംഭവിക്കുന്നത്. ഈ ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ പ്രേരണയില്ലെങ്കില്‍ നമ്മുടെ കലാഹൃദയവും ഭാവുകത്വവും ഇങ്ങനെ തുടിക്കുകയില്ലായിരുന്നു! 




തമിഴ് സംസ്‌കാരത്തിന്റേയും സമകാലജീവിതത്തിന്റേയും ഉള്ളറകളിലേക്ക് കടന്നുചെല്ലുന്നതിന് നമ്മുടെ ചലച്ചിത്രകാരനു കഴിഞ്ഞിരിക്കുന്നു. ആ സംസ്‌കാരത്തിന്റെ ഉണ്മയില്‍ കവിതകളും ഗാനങ്ങളും ചലച്ചിത്രങ്ങളും ദൈവങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനെ പൂര്‍ണ്ണമായും തിരിച്ചറിയുന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും ആവിഷ്‌ക്കരണവും പലപ്പോഴും അത്ഭുതജനകമായിരിക്കുന്നു.

 'ഇരുക്കും ഇടത്തൈ വിട്ട് ഇല്ലാത ഇടം തേടി

എങ്കങ്കോ അലയിന്‍ട്രാല്‍ ജ്ഞാനതങ്കമേ

അവര്‍ ഏതും അറിയാതടി ജ്ഞാനതങ്കമേ ' 

എന്ന വരികളോടൊപ്പമുള്ള ചലച്ചിത്രത്തിന്റെ തുടക്കത്തിലെ ദൃശ്യക്കാഴ്ചകള്‍ തന്നെ ഇതിന് ഉദാഹരണമാണ്. ചലച്ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള ഒരു സാമാന്യധാരണയെ പ്രേക്ഷിക്കുന്ന ഈ ഗാനവും 

'മയക്കമാ 

കലക്കമാ 

മനമതിലെ കുഴപ്പമാ 

വാഴ്കയില്‍ നടുക്കമാ'  

എന്ന ഗാനവും നല്‍കുന്ന അത്ഭുതത്തെ മറികടക്കുന്ന സവിശേഷതലങ്ങളാണ് പിന്നീട് തുറക്കപ്പെടുന്നത്.  മുന്നേ സൂചിപ്പിച്ച മലയാളിയുടെ ഭാവപ്പകര്‍ച്ചയെ മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ മലയാളികളുടെ മഹാനടന്‍ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയെ ഒരു പൊടിക്കു പോലും കാണാന്‍ കഴിയാത്ത രീതിയില്‍ ഒരു മദ്ധ്യവര്‍ഗമലയാളിയും പിന്നെ തമിഴ് ഊരിലെ ഒരു സാധാരണക്കാരനായ കൃഷിക്കാരനും ആ ശരീരത്തില്‍ കുടിയേറിയിരിക്കുന്നു. സ്വാഭാവികമായ നോട്ടങ്ങളേയും ഭാവങ്ങളേയും ചേഷ്ടകളേയും അഭിനയത്തിന്റെ മര്‍മ്മമായി കരുതുന്നവരെ പോലും നടനകലയുടെ വൈശിഷ്ട്യത്തെ കുറിച്ചു ധരിപ്പിക്കാനും അനായാസമായ കൂടുമാറ്റത്തിലൂടെ അത്ഭുതം ജനിപ്പിക്കാനും മമ്മൂട്ടിക്ക് ഈ ചലച്ചിത്രം മതിയാകും.


ഹരീഷ് എന്ന തിരക്കഥാകൃത്തിന്റേയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചലച്ചിത്രകാരന്റേയും ഗ്രാഫുകള്‍ മുകളിലേക്കു വരയുന്ന ചലച്ചിത്രമാണ് 'നന്‍ പകല്‍നേരത്തു മയക്കം.'    


3 comments:

Anonymous said...

,🥰

Anonymous said...

❤️

Anonymous said...

🌺♥️

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...