Sunday, May 8, 2011

രണ്ട്‌ അമ്മമാര്‍

'അമ്മ' എന്ന ശീര്‍ഷകത്തിലുള്ള നോവലുകളെ കുറിച്ച്‌, ഗ്രേസിയാ ദെലദയും മാക്സിം ഗോര്‍ക്കിയും രചിച്ചത്‌, കെ.പി. അപ്പന്‍ എഴുതിയ പാഠങ്ങളെ അവലോകനം ചെയ്യാനാണ്‌ ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്‌. 'ബലിയുടെ സ്തുതിയില്‍ ജീവിക്കുന്ന അമ്മ' എന്ന ശീര്‍ഷകത്തിനു കീഴില്‍ അപ്പന്‍ എഴുതിയ ലേഖനത്തില്‍ ഗ്രേസിയാ ദെലദയുടെ നോവലിനെ വിസ്തരിക്കുന്നതോടൊപ്പം ഗോര്‍ക്കിയുടെ നോവലിനെ കൂടി പരാമര്‍ശിക്കുന്നുണ്ട്‌. ഗോര്‍ക്കിയുടെ അമ്മ ജനസമ്മതിയുള്ള നോവലാണെന്നും വായിക്കാത്തവര്‍ പോലും അതിനെ കുറിച്ചു സംസാരിക്കുന്നുവെന്നും അദ്ദേഹം എഴുതി. പിന്നെ, ഗ്രേസിയാ ദെലദയുടെ നോവലിനെ കുറിച്ച്‌ പറയാനാരംഭിക്കുന്നു. അപ്പന്‍ നിര്‍വ്വഹിച്ചിട്ടുള്ള മറ്റു നോവല്‍ വിശകലനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇറ്റാലിയന്‍ കഥാകാരിയുടെ നോവലിന്റെ കഥാസംഗ്രഹം എഴുതുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. നോവല്‍ പ്രമേയത്തിന്റെ ഈ ചുരുക്കെഴുത്തു പോലും അതീവ ചാരുതയോടെയാണ്‌ നിര്‍വ്വഹിക്കപ്പെടുന്നത്‌. എല്ലാവരും അറിയുന്ന ഗോര്‍ക്കിയുടെ നോവലിനെ തന്റെ വലിയ പഠനത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുകയും അധികമൊന്നും അറിയപ്പെടാത്ത ഇറ്റാലിയന്‍ കൃതിയെ വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്നതിലൂടെ തന്റെ വിമര്‍ശനകലയുടെ താല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും നന്നായി പ്രകടിപ്പിക്കുകയാണ്‌ കെ.പി.അപ്പന്‍ ചെയ്തത്‌. 

ഇറ്റാലിയന്‍ എഴുത്തുകാരിയും നോബല്‍സമ്മാനജേതാവുമായിരുന്ന ഗ്രേസിയാ ദെലദയുടെ നോവല്‍ പ്രാന്തവല്‍ക്കൃതവും അര്‍ദ്ധപരിഷ്കൃതവുമായ സാര്‍ഡിനിയ എന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തെയാണ്‌ സ്വീകരിക്കുന്നത്‌. ലളിതമായ മതവിശ്വാസവുമായി ജീവിക്കുന്ന ജനതയുടെ പരമ്പരാഗതധാരണകളും പള്ളിയുടെ അധികാരവും ചേര്‍ന്നു നിര്‍ണ്ണയിക്കുന്ന സംഘര്‍ഷങ്ങളാണ്‌ ഈ നോവലിന്റെ പ്രമേയം. പോള്‍ എന്ന പുരോഹിതനും അയാളുടെ അമ്മ മരിയ മദ്ദലെനയുമാണ്‌ പ്രധാന കഥാപാത്രങ്ങള്‍. ദരിദ്രയും നിരക്ഷരയും വിധവയുമായ അമ്മ കഠിനപ്രയത്നം ചെയ്ത്‌ തന്റെ മകനെ വളര്‍ത്തുന്നു. ആ കര്‍ഷകസ്ത്രീയുടെ ആഗ്രഹം മകന്‍ ഒരു പുരോഹിതനാകണമൊയിരുന്നു. അമ്മയുടെ പ്രതീക്ഷകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി പലപ്പോഴും വഴിവിട്ടു സഞ്ചരിക്കുന്നുവെങ്കിലും അയാള്‍ ഒരു പുരോഹിതനായി സ്വദേശഗ്രാമത്തിലെ പള്ളിയില്‍ എത്തുന്നു. എന്നാല്‍, ദൈവികമായ സ്നേഹത്തെ കുറിച്ചു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട അയാള്‍ പിന്നെയും മനുഷ്യപ്രേമത്തില്‍ പെട്ടുപോകുന്നു. ലൈംഗികാഭിലാഷത്തിന്റെ പ്രേരണകളില്‍ നിന്നും വിമുക്തി നേടാനാകാതെ അയാള്‍ കുഴങ്ങുന്നു. പുരോഹിതനായ പോളിന്റെ പ്രേമകഥ ഒട്ടും തന്നെ അസാധാരണമല്ല. സംഭവങ്ങളുടെ യാദൃച്ഛികതകള്‍ തന്നെ രക്ഷിക്കുമെന്നു കരുതുന്ന ദുര്‍ബ്ബലനായി ഈ പുരോഹിതന്‍ മാറിപ്പോകുന്നു. അയാള്‍ കാമുകിയായ ആഗ്നസിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. ആഗ്നസിന്‌ വിവാഹം കഴിക്കാമെന്നു വാക്കു നല്‍കുന്നു.മകന്റെ പ്രണയമറിയുന്ന അമ്മയുടെ നിഷ്ക്കളങ്കവും നിര്‍മ്മലവുമായ മനസ്സ്‌ അയാളെ കുറിച്ചോര്‍ത്തു കേഴുന്നു. തന്റെ മകന്‍ പള്ളിയുടെ നിയമങ്ങളെ ധിക്കരിക്കുമോയെന്ന് അവര്‍ ആധിപ്പെടുന്നു. അവര്‍ മകനെ ശാസിക്കുന്നു. പുരോഹിതനായ മകനോട്‌ മനസ്സിളകാതെ ശാഠ്യം പിടിച്ച ആ അമ്മ യുവാവായ തന്റെ മകനെയോര്‍ത്ത്‌ ഉള്ളില്‍ കേഴുകയായിരുന്നു. അവനു നിഷേധിക്കുന്ന പ്രകൃതിയുടെ സന്തോഷത്തെ കുറിച്ചോര്‍ത്ത്‌ അവര്‍ ഖേദിക്കുന്നു. ലൈംഗികസ്നേഹം തന്റെ മകനു നിഷേധിക്കുന്ന പള്ളിയുടെ അവകാശത്തെ തന്റെ ഉള്ളില്‍ വച്ച്‌ ചോദ്യം ചെയ്യുന്നു. സ്ത്രീയുടെ ശക്തിക്കും സത്യസന്ധതക്കും മുന്നില്‍ പുരോഹിതനായ പോളിന്റെ ആത്മവഞ്ചനയും ഭീരുത്വവും പരാജയപ്പെടുന്നു. പോള്‍ തന്റെ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറുമ്പോള്‍, അയാള്‍ക്കു തനിക്കുമായുള്ള ബന്ധത്തെ പള്ളിയില്‍ വച്ചു പരസ്യപ്പെടുത്തുമെന്നാണ്‌ ആഗ്നസ്‌ പറയുന്നത്‌. നോവലിന്റെ അവസാനത്തെ അദ്ധ്യായത്തില്‍ അതീവ സംഘര്‍ഷത്തില്‍ പെട്ടുഴലുന്ന അമ്മയേയും മകനേയും നാം കാണുന്നു. ആഗ്നസിന്‌ അമ്മയുടെ പുരോഹിതനായ മകനോട്‌ പ്രതികാരം ചെയ്യാനായില്ല. അതിനു മുന്നേ തന്നെ സംഘര്‍ഷം താങ്ങാനാവാതെ അള്‍ത്താരയുടെ മുന്നില്‍ അമ്മ തളര്‍ന്നു വീണു മരിക്കുന്നു. പക്വതയിലെത്തിയ എഴുത്തുകാരിയാണ്‌ ഈ നോവല്‍ എഴുതിയതെന്ന് കെ.പി. അപ്പന്‍ എഴുതുന്നു. നോവല്‍ ഒരു നാടോടിദൃഷ്ടാന്തകഥ പോലെ വികസിക്കുന്നുവെന്ന്, ഈ കൃതി ക്രൈസ്തവബോദ്ധ്യങ്ങളുടെ പ്രണവധ്വനിയാണെന്നു പറയുന്നു. 

ദെലദയുടെ നോവലിനെ കുറിച്ച്‌ മറ്റു ചില ലേഖനങ്ങളില്‍ കൂടി കെ.പി. അപ്പന്‍ എഴുതിയിട്ടുണ്ട്‌. സന്യാസികള്‍ക്ക്‌ വിവാഹജീവിതം വേണമെന്നാവശ്യപ്പെടുന്ന ഒരു ലേഖനത്തില്‍ പോളിന്റേയും അയാളുടെ അമ്മ മരിയയുടേയും കഥ അപ്പന്‍ എഴുതിച്ചേര്‍ത്തിരുന്നു. അമ്മയുടെ മരണം മകനു വേണ്ടിയുള്ള പരിഹാരബലിയായിരുന്നുവെന്ന നിഗമനത്തില്‍ നമ്മുടെ വിമര്‍ശകന്‍ എത്തിച്ചേരുന്നു. ഈ ദുരന്തത്തില്‍ നിന്നുകൊണ്ട്‌ പുരോഹിതന്‍മാര്‍ക്ക്‌ വിവാഹജീവിതം നിഷേധിക്കുന്ന സഭയുടെ നിലപാടിനെതിരെ ഒരു വലിയ ചോദ്യം ഉന്നയിക്കുകയായിരുന്നു എഴുത്തുകാരി ചെയ്തതെന്ന് കെ.പി. അപ്പന്‍ നിഗമിക്കുന്നു. 

മാക്സിം ഗോര്‍ക്കിയുടെ അമ്മ യാകട്ടെ, സോഷ്യലിസ്റ്റു റിയലിസ്റ്റു രചനകളുടെ മാതൃകയായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഈ നോവലിന്റെ പ്രചാരണപരമായ മൂല്യങ്ങള്‍ ഏറെയായിരുന്നു. ആവശ്യമായ ഒരു പുസ്തകമാണിതെന്ന് ലെനിന്‍ പറഞ്ഞു. അബോധപൂര്‍വ്വമായി വിപ്ലവപ്രസ്ഥാനത്തിലേക്ക്‌ നയിക്കപ്പെട്ടവര്‍ക്ക്‌ ഇത്‌ അത്യന്തം പ്രയോജനകരമായ പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. ഗോര്‍ക്കിയുടെ കൃതി ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കുന്ന നോവലായിരുന്നു. നിഷ്നി നോവ്ഗാര്‍ഡിനടുത്ത്‌ ഒരു ഫാക്ടറിയില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ ഗോര്‍ക്കി ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇത്തരം സംഭവങ്ങളെ കുറിച്ചുളള വിശദാംശങ്ങളിലുപരിയായി അത്‌ നല്‍കുന്ന സാമൂഹികാവബോധത്തെയാണ്‌ ഗോര്‍ക്കിയുടെ നോവല്‍ ഊന്നുന്നത്‌. ഫാക്ടറി തൊഴിലാളികളുടെ നേതാവായിരുന്ന പ്യോത്തര്‍ സലോമോവിനെ അദ്ദേഹത്തിനു നേരിട്ടറിയാമായിരുന്നു. നോവലിലെ നായകനായ പാവെല്‍ പ്യോത്തര്‍ സലോമോവിന്റേയും, നോവലിലെ അമ്മയായ പിലഗേയ നിലോവ്ന, പ്യോത്തര്‍ സലോമോവിന്റേ അമ്മയുടേയും (കിരിലോവ്ന) പ്രാഗ്രൂപങ്ങളായിരുന്നു. ഗോര്‍ക്കി പിന്നീട്‌ എഴുതി. 'അവര്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചു. അവര്‍ ഒരു അപവാദമല്ല.. പാവെലിനെ പോലുളളവരും വിരളമായിരുന്നില്ല. അത്തരം ചെറുപ്പക്കാരാണ്‌ ബോള്‍ഷേവിക്‌ പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്‌'. നോവലിന്റെ ആദ്യഭാഗത്ത്‌, അവരുടെ വീട്ടില്‍ ഒത്തുചേരുന്ന സോഷ്യല്‍ ഡമോക്രാറ്റിക്‌ വലയത്തില്‍ പെട്ട യുവാക്കളുടെ, ചെറുപ്പക്കാരുടെ ആശയാദര്‍ശങ്ങളോട്‌ അമ്മക്കുണ്ടാകുന്ന താല്‍പര്യത്തെയാണ്‌ വിവരിക്കുന്നത്‌. ആദ്യകാലങ്ങളില്‍ അവര്‍ക്കു പേടിയായിരുന്നു. പാവെലിന്റെ സുഹൃത്ത്‌ സാഷ ഞങ്ങള്‍ സോഷ്യലിസ്റ്റുകളാണെന്നു പ്രഖ്യാപിക്കുമ്പോള്‍ അമ്മ ഭയാകുലയാകുന്നു. അമ്മ അവളെ നിശ്ശബ്ദഭീതിയോടെ തുറിച്ചുനോക്കി. സോഷ്യലിസ്റ്റുകാര്‍ സാറിനെ കൊന്നവരാണെന്ന് പിലഗേയ കേട്ടിട്ടുണ്ട്‌. അവരുടെ ചെറുപ്പകാലത്തു നടന്ന സംഭവമാണത്‌. തന്റെ മകനും സ്നേഹിതരും സോഷ്യലിസ്റ്റുകാരെന്ന് സ്വയം വിശേഷിപ്പിക്കാനുളള കാരണം അമ്മയ്ക്കു തീരെ മനസ്സിലായില്ല. എന്നാല്‍, മകനോടുളള സ്നേഹവും അയാളുടെ ആദര്‍ശങ്ങളുടെ ശക്തിയും ആ അമ്മയെ എല്ലാം മനസ്സിലാക്കിപ്പിക്കുന്നു, പഠിപ്പിക്കുന്നു. ഇവന്‍ യാതൊരു തെറ്റും പ്രവര്‍ത്തിക്കില്ല. ഇവനെക്കൊണ്ട്‌ അതു സാദ്ധ്യമല്ലെന്ന് അവര്‍ ചിന്തിക്കുന്നു.'അവര്‍ വിപ്ലവത്തെ പിന്തുണയ്ക്കാന്‍ ആരംഭിക്കുന്നു. അതേവരെ ആത്മാവ്‌ ഭയത്തില്‍ മുങ്ങിക്കുളിച്ചു ജീവിച്ചിരുന്ന അവര്‍ ഭയവിമുക്തയാകുന്നു. മെയ്ദിനപ്രകടനങ്ങളോടനുബന്ധിച്ച്‌ പാവെല്‍ അറസ്റ്റു ചെയ്യപ്പെടുകയും അമ്മ മറ്റു വിപ്ളവകാരികളോടൊപ്പം പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്യുന്നതോടെയാണ്‌ നോവലിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്‌. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ലഘുലേഖകള്‍ ഫാക്ടറി തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുന്ന അമ്മയെ നാം കാണുന്നു. പാവെല്‍ വിചാരണ ചെയ്യപ്പെടുന്നു. സൈബീരിയായിലേക്കുളള നാടുകടത്തലിന്‌ വിധിക്കപ്പെടുന്നു. മകന്റെ പ്രസംഗത്തിന്റെ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ചാരന്‍മാരാലും ഭരണാധികാരികളാലും ആക്രമിക്കപ്പെടുന്ന അമ്മയുടെ ചിത്രത്തോടെയാണ്‌ നോവല്‍ അവസാനിക്കുന്നത്‌. ഇവിടെ, ചോരയുടെ കടലുകള്‍ക്കുപോലും സത്യത്തെ മുക്കിക്കൊല്ലാന്‍ സാദ്ധ്യമല്ലെന്ന് ആ അമ്മ വിളിച്ചുപറയുന്നു. അമ്മയില്‍ വളരുന്ന സോഷ്യലിസ്റ്റ്ബോദ്ധ്യമാണ്‌ നോവലിന്റെ പ്രമേയം. 

മാക്സിം ഗോര്‍ക്കിയുടെ നോവലിനെ കുറിച്ച്‌ അപ്പന്‌ പലയിടങ്ങളിലും പരാമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്‌. ടോള്‍സ്റ്റോയിയുടെ കൃതികളെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായി കാണു ലെനിന്റെ നിരീക്ഷണങ്ങളെ വിമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ ഗോര്‍ക്കിയുമായുള്ള ലെനിന്റെ കൂടിക്കാഴ്ചയെ കുറിച്ച്‌ അപ്പന്‍ എഴുതുന്നു. എഴുത്തുകാരെ ആദരവോടെ സ്വീകരിച്ച ലെനിന്‍ അവരുടെ കൃതികളെ മുഖത്തു നോക്കി വിമര്‍ശിച്ചതിന്റെ ഉദാഹരണമെന്ന നിലക്കാണ്‌ ആ കൂടിക്കാഴ്ചയെ അപ്പന്‍ കണ്ടത്‌. അമ്മയെ സന്ദര്‍ഭോചിതമായ കൃതി എന്നു വിശേഷിപ്പിച്ച ലെനിന്‍, സോക്രട്ടീസിന്റേതു പോലുളള തന്റെ കഷണ്ടിയില്‍ മെല്ലെ തടവിക്കൊണ്ട്‌ അതിന്റെ പോരായ്മകളെ കുറിച്ചു സംസാരിച്ചതിനെ അപ്പന്‍ എടുത്തു പറയുന്നു. ജനങ്ങള്‍ നക്ഷത്രങ്ങള്‍ പോലെ സമഭാവനയോടെ ജീവിക്കുന്ന കാലം ആഗ്രഹിച്ചു കൊണ്ടാണ്‌ ഗോര്‍ക്കിയുടെ നോവല്‍ എഴുതപ്പെട്ടതെന്ന് നിരീക്ഷിക്കുന്നു. ഒട്ടും താല്‍പര്യരാഹിത്യത്തോടെയല്ല 'അമ്മ' വായിച്ചതെന്നു സൂചിപ്പിച്ച അപ്പന്‍ അതിനെ കുറിച്ച്‌ വിപുലമായി എഴുതാന്‍ തല്പരനായിരുന്നില്ല. മരിയ മദ്ദലെനയുടെ ക്രൈസ്തവ ബോദ്ധ്യങ്ങളേയും മാനസികസംഘര്‍ഷങ്ങളേയും പരിഹാരബലിയേയും കുറിച്ച്‌ എഴുതാന്‍ തല്പരനായ അപ്പന്‌ പിലഗേയ നിലോവ്നയുടെ സോഷ്യലിസ്റ്റ്‌ ബോദ്ധ്യങ്ങളേയും അവര്‍ അനുഭവിച്ച മാനസികസംഘര്‍ഷങ്ങളേയും കുറിച്ച്‌ സവിസ്തരം എഴുതാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഈ പുസ്തകം അപ്പനെ ആകര്‍ഷിച്ചിരുന്നില്ലെന്ന് പറയുതാണ്‌ സത്യം. തന്റെ നോവല്‍ വിമര്‍ശനത്തിന്റെ സാമാന്യരീതികളില്‍ നിന്നും മാറി നോവലിന്റെ പ്രമേയം ചുരുക്കിയെഴുതി ഗ്രേസിയാ ദെലദയുടെ കൃതിയുടെ വിമര്‍ശനം പൂര്‍ത്തിയാക്കിയ കെ.പി.അപ്പന്‍, ഗോര്‍ക്കിയുടെ അമ്മയെ കുറിച്ചു പുലര്‍ത്തിയ താല്‍പര്യരാഹിത്യം അദ്ദേഹത്തിന്റെ വിമര്‍ശാദര്‍ശത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, 'വാക്കുകളുടെ ഞെട്ടിപ്പിക്കുന്ന വാഗ്ദാനം' എന്ന ലേഖനത്തില്‍ ഗ്രേസിയാ ദെലദയുടെ നോവലും ഗോര്‍ക്കിയുടെ നോവലും അദ്ദേഹം ഒരു താരതമ്യവായനക്കു വിധേയമാക്കുന്നുണ്ട്‌. ഗോര്‍ക്കി ചരിത്രത്തിലേക്കു നോക്കുന്ന രീതി തന്നെ ആകര്‍ഷിച്ചില്ലെന്ന് അപ്പന്‍ എഴുതി. 'ആ നോവല്‍ അപര്യാപ്തതയുടെ ക്ഷേത്രഗണിതങ്ങള്‍ എന്റെ മുമ്പില്‍ വരച്ചിട്ടു.' ആദര്‍ശവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങള്‍, ഒരു തലം മാത്രം ആവിഷ്ക്കരിക്കുന്ന വിവരണകല, പ്രവചനത്തിന്റെ സംവേദങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ജീവിതദര്‍ശനം... തന്റെ വിയോജിപ്പിനെ സാധൂകരിക്കാന്‍ അപ്പന്‍ എടുത്തു പറഞ്ഞ കാര്യങ്ങളായിരുന്നു ഇതെല്ലാം. അറിയപ്പെട്ട സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമായിട്ടാണ്‌ ഗോര്‍ക്കി സാഹിത്യസൃഷ്ടിയെ കണ്ടതെന്ന് അപ്പന്‍ കരുതിയിരുന്നു. അപ്പന്‍ ഈ വീക്ഷണത്തിന്റെ ശത്രുവായിരുന്നു. യാഥാര്‍ത്ഥ്യത്തിന്റെ തികവുറ്റ സ്വഭാവം ഗോര്‍ക്കിയുടെ വീക്ഷണത്തിനില്ലെന്ന് ഉറപ്പിച്ചിരുന്ന അപ്പന്‍ ദെലദയുടെ നോവലില്‍ പക്വതയും പ്രൌഢതയുമുള്ള ഛായാഗ്രഹണയാഥാര്‍ത്ഥ്യത്തിന്റെ കലയെ കണ്ടെത്തുകയും ചെയ്തു. മനുഷ്യന്റെ അസന്തുഷ്ടിയുടേയും ധാര്‍മ്മികപ്രശ്നങ്ങളുടേയും പ്രതിച്ഛായകള്‍ക്ക്‌ ജീര്‍ണ്ണമായ വിധികളില്ലെന്നും അതു കാലത്തിനു മുന്നില്‍ വിറക്കുന്നില്ലെന്നും ദെലദയുടെ നോവല്‍ തന്നെ ബോദ്ധ്യപ്പെടുത്തിയതായി, അങ്ങനെ ഗോര്‍ക്കിയുടെ 'അമ്മ'യ്ക്കെതിരെ തന്റെ മനസ്സു കഠിനപ്പെടുത്തിയതായി അപ്പന്‍ എഴുതി. ക്രൈസ്തവ ബോദ്ധ്യങ്ങളെ ശ്ലാഘിക്കുകയും സോഷ്യലിസ്റ്റ്‌ ബോദ്ധ്യങ്ങളോട്‌ നിസംഗനാവുകയും ചെയ്ത അപ്പന്റെ വിമര്‍ശനപ്രവര്‍ത്തനത്തിന്റെ ഉള്‍പ്പൊരുള്‍ എന്തായിരുന്നു? 


ഗ്രേസിയാ ദെലദയുടെ നോവല്‍ ആംഗലഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ മേരി.ജി. സ്റ്റീഗ്മാന്‍ പള്ളിയുടെ അധികാരത്തെ സ്പര്‍ശിക്കുന്ന ഒരു പ്രശ്നവും ഈ നോവല്‍ ഉയര്‍ത്തുന്നില്ലെന്നാണ്‌ ചൂണ്ടിക്കാണിച്ചത്‌. അത്‌ ഒരു മാനുഷികപ്രശ്നത്തിന്റെ ചിത്രണമാണെന്നാണ്‌ മേരി. ജി. സ്റ്റീഗ്മാന്‍ കണ്ടത്‌. പുരോഹിതനായ പോളിന്റേയും അയാളുടെ അമ്മയുടേയും മാനസികസംഘര്‍ഷങ്ങളെ പ്രാകൃതമനുഷ്യസ്വഭാവവും മനുഷ്യന്‍ നിര്‍മ്മിച്ച നിയമങ്ങളും തമ്മിലുള്ള കലഹമായി കാണുതിപ്പുറത്തേക്ക്‌ പരിഭാഷകാരി പോകുന്നില്ല. വലിയൊരു സാമാന്യവല്‍ക്കരണത്തിലൂടെയേ ഇങ്ങനെ നിഗമിക്കാനാവൂ. കെ.പി. അപ്പനാകട്ടെ, മതനിയമങ്ങളുടെ മനുഷ്യത്വവിരുദ്ധതയെ നോവലിന്റെ സവിശേഷപ്രമേയമായി കാണുന്നു. പ്രകൃതിയുടെ സന്തോഷത്തെ തന്റെ മകനു നിഷേധിക്കുന്ന പള്ളിയുടെ അധികാരത്തെ തന്റെ മനസ്സിനുള്ളില്‍ ചോദ്യം ചെയ്യുന്ന പുരോഹിതന്റെ അമ്മയെ വിമര്‍ശകന്‍ ഫോക്കസ്‌ ചെയ്യുന്നു. അവര്‍ ബലിയുടെ സ്തുതിയിലാണ്‌ ജീവിച്ചതെന്നു പറയുന്നു. തന്റെ മകന്‍ എന്തു തെറ്റാണു ചെയ്തതെന്ന് ആ അമ്മ മനസ്സില്‍ കേഴുന്നുണ്ട്‌. നോവലിലെ ചില മുഹൂര്‍ത്തങ്ങളില്‍ പുരോഹിതനായ മകന്‍ കുരിശില്‍ തറയ്ക്കപ്പെട്ട ക്രിസ്തുവും അമ്മ അവനു വേണ്ടി കണ്ണീരൊഴുക്കുന്ന മറിയവുമായി മാറുന്നുണ്ട്‌. ദൈവം അമ്മയെ പരീക്ഷിക്കുന്ന മതാത്മകപ്രശ്നമായി അതു മാറുന്നുവെന്നും വ്യാഖ്യാനിക്കപ്പെടാം. നമ്മുടെ വിമര്‍ശകന്‍ ഇക്കാര്യവും ശ്രദ്ധിച്ചിരുന്നു. പുരോഹിതന്‌ വിവാഹജീവിതം നിഷേധിക്കുന്നത്‌ എന്തിന്‌ എന്ന ചോദ്യം ഉള്ളില്‍ ഉന്നയിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും പളളിയുടെ വ്യവസ്ഥക്കും മകന്റെ അന്തസ്സിനും വേണ്ടി അമ്മ സ്വയം ബലിയര്‍പ്പിക്കുന്നു. പുരോഹിതനായ മകന്റെ അന്തസ്സിനുവേണ്ടിയുളള അമ്മയുടെ പ്രാര്‍ത്ഥന സഭയുടെ വ്യവസ്ഥാപിതത്വത്തിനുവേണ്ടിയുളള പ്രാര്‍ത്ഥനയായി മാറുന്നു. അമ്മ സ്വയം ബലിയര്‍പ്പിക്കുന്നത്‌ പളളിയുടെ അധികാരവ്യവസ്ഥക്കുവേണ്ടിയാണ്‌. ഗ്രേസിയ ദെലദയുടെ നോവല്‍കലയില്‍ വ്യവസ്ഥാപിതത്വത്തിനു മുന്നിലെ കീഴടങ്ങലുണ്ടായിരുന്നു. കെ.പി. അപ്പന്‍ ഇതു കാണുകയുണ്ടായില്ല. മനുഷ്യന്റെ ആഭിമുഖ്യങ്ങളുടെ വേരുകള്‍ രാഷ്ട്രീയത്തേക്കാളേറെ മതത്തിലാണെന്ന വിമര്‍ശകന്റെ ധാരണ ഇതു കാണാന്‍ അദ്ദേഹത്തെ അനുവദിക്കുമായിരുന്നില്ല. ദെലദയുടെ നോവലിന്റെ വായനക്കിടയില്‍ തനിക്കുണ്ടായ മഹത്‌അനുഭവങ്ങളുടെ വിവരണം അപ്പന്‍ നല്‍കുന്നു. ചിന്തയിലൂടെയും മനനത്തിലൂടെയും എത്തിച്ചേരുന്ന നിഗമനങ്ങളെന്നതിലുപരിയായി അനുഭവവിവരണത്തിന്റെ ധൃതിയിലാണ്‌ നോവലിന്റെ വിലയിരുത്തല്‍ നടക്കുതെന്ന് തോന്നിപ്പോകാം. എന്നാല്‍, ഈ വായനക്കിടയില്‍ നിരൂപകനു തന്നെ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, എന്നാല്‍ മനസ്സിനെ അഗാധമായി സ്പര്‍ശിച്ച ചിലത്‌ രൂപീകരിക്കപ്പെട്ടിരിക്കാം. പാവേലിന്റെ ഉയര്‍ന്ന ആദര്‍ശമല്ല, പ്രാകൃതമായ ആഗ്രഹങ്ങളില്‍ വഴുതിവീണ്‌ തന്നില്‍ നിക്ഷിപ്തമായ ആദര്‍ശത്തെ മറന്നുപോകുന്ന പോള്‍ എന്ന പുരോഹിതന്റെ വളരെ മാനുഷികമായ സ്വഭാവമാണ്‌ അപ്പനെ കീഴ്പ്പെടുത്തിയത്‌. നന്‍മയുടെ ഏകപക്ഷീയമായ അവതരണമാണ്‌ ആദര്‍ശവല്‍ക്കരണത്തിനു കാരണമാകുന്നത്‌. ചിലപ്പോള്‍ അത്‌ അതിമധുരത്തിന്റെ ചെകിടിപ്പുണ്ടാക്കുന്നു. എന്നാല്‍, നല്ല ആദര്‍ശവല്‍ക്കരണത്തിന്റെ ഹൃദയദ്രവീകരണശക്തിയേയും മഹനീയതയേയും കാണാതിരിക്കാന്‍ ഇതു കാരണമാകരുത്‌. ബിമല്‍മിത്രയുടെ കഥാപാത്രങ്ങളുടെ ആദര്‍ശബോധവും നന്‍മ നിറഞ്ഞ മനസ്സും വായിച്ച്‌ തങ്ങളുടെ മക്കള്‍ക്ക്‌ ആ കഥാപാത്രങ്ങളുടെ നാമങ്ങള്‍ നല്‍കിയത്‌ മലയാളികളായിരുന്നു. തിന്‍മയുടെയും ആദര്‍ശരാഹിത്യത്തിന്റേയും ഏകപക്ഷീയത സൃഷ്ടിക്കുന്ന ഫലങ്ങള്‍ എപ്പോഴും സക്രിയങ്ങളല്ല താനും. മനസ്സിനെ വിഭ്രമത്തിലേക്കും ഭീതിയിലേക്കും നയിക്കുന്നവയെ മാത്രം സൌന്ദര്യത്തിന്റെയും നല്ല സംവേദത്തിന്റേയും മാനദണ്ഡമായി കാണാനും കഴിയില്ല. ഇവയൊക്കെ പരിഗണിക്കുമ്പോഴും, മതനിയമങ്ങളുടെ മനുഷ്യത്വവിരുദ്ധതയെ കുറിച്ച്‌ മുദ്രാവാക്യങ്ങളില്ലാതെ വായനക്കാര്‍ക്ക്‌ ബോദ്ധ്യപ്പെടുത്താന്‍ ദെലദയുടെ നോവലിനു കഴിഞ്ഞിരുന്നുവെന്നത്‌ തീര്‍ച്ചയായിരുന്നു. സാഹിത്യസൃഷ്ടി പ്രവര്‍ത്തിക്കേണ്ടത്‌ പ്രത്യക്ഷമായ മുദ്രാവാക്യങ്ങളുടെ തലത്തിലല്ലെന്ന് അപ്പന്‌ ഉറപ്പുണ്ടായിരുന്നു. ഗോര്‍ക്കിയുടെ നോവലിന്റെ പ്രത്യക്ഷമായ മുദ്രാവാക്യസ്വഭാവമാണ്‌ പ്രധാനമായും അപ്പനെ ആ കൃതിയില്‍ നിന്നും അകറ്റിയത്‌. 

ലോകസാഹിത്യത്തിലെ രണ്ട്‌ അമ്മമാരെ കുറിച്ച്‌ ഇങ്ങനെയെല്ലാം എഴുതുകയും ബ്രെഹ്റ്റിന്റെ മദര്‍ കറേജിലെ അന്നാ ഫിയര്‍ലിന്‍ എന്ന അമ്മയെ യാഥാര്‍ത്ഥ്യത്തിന്റെ കരുത്തുറ്റ സാന്നിദ്ധ്യമായി കാണുകയും ചെയ്ത കെ.പി. അപ്പന്‍ മഹാശ്വേതാദേവിയുടെ അമ്മ എന്ന നോവലിനെ കുറിച്ച്‌ എഴുതാതിരുന്നത്‌ എന്തുകൊണ്ടാണ്‌?

(വാക്കറിവ് ത്രൈമാസികത്തില്‍ പ്രസിദ്ധീകരിച്ചത്.)

Friday, April 29, 2011

ദൈവം വേണമോ അനേകം പ്രപഞ്ചങ്ങള്‍ വേണമോ?

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍, പ്രമുഖരായ ഒരു കൂട്ടം ചിന്തകന്മാര്‍ തത്ത്വചിന്തയുടെ മരണം പ്രഖ്യാപിക്കുന്ന നിലപാടുകളുമായി മുന്നോട്ടു വരികയുണ്ടായി. തത്ത്വചിന്തയെ കീഴ്പ്പെടുത്തി നില്‍ക്കുന്ന സത്താവാദ(Essentialism)ത്തേയും അടിസ്ഥാനവാദ(Foundationalism)ത്തേയും കടന്നാക്രമിച്ചുകൊണ്ടാണ്‌ ഇവര്‍ തങ്ങളുടെ സമീപനങ്ങളെ വിശദീകരിച്ചത്‌. അസ്തിത്വത്തെ മനസ്സിലാക്കുന്നതിനും സാര്‍വ്വലൌകികവിജ്ഞാനത്തെ കുറിച്ചുളള ധാരണകളെ ഉറപ്പിക്കുന്നതിനുമുളള കേവലവും നിരുപാധികവുമായ ഒരു അടിത്തറയെ കുറിച്ചുള്ള സങ്കല്പനങ്ങളാണ്‌ അടിസ്ഥാനവാദം സ്വീകരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഇവര്‍ മുന്നോട്ടു വച്ചു. പരമ്പരാഗതമായ ജ്ഞാനശാസ്ത്രവും അതിഭൌതികവും അടിസ്ഥാനവാദത്തെയാണ്‌ സ്വീകരിക്കുന്നതെന്ന് ഈ ചിന്തകര്‍ പറഞ്ഞു. 

അതിഭൌതികം അസ്തിത്വത്തിന്റെ അടിസ്ഥാനമായി ദൈവത്തെ കാണുകയും ഈ അടിസ്ഥാനഉണ്‍മയുടെ സാന്നിദ്ധ്യത്തെ മറ്റെല്ലാറ്റിലും ദര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ഉണ്‍മയെ സാന്നിദ്ധ്യമായി കാണുന്ന ആശയമാണ്‌ അതിഭൌതികത്തെ ആവേശിച്ചിരുന്നതെങ്കില്‍ കേവലസത്യത്തെ കുറിച്ചുളള ധാരണകളാണ്‌ ജ്ഞാനശാസ്ത്രത്തെ ഭരിക്കുന്നത്‌. തത്ത്വചിന്ത അതിന്റെ പൊതുപദ്ധതിയായി അടിസ്ഥാനവാദത്തെ സ്വീകരിക്കുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു. സത്താവാദത്തിലും അടിസ്ഥാനവാദത്തിലും മുഴുകുന്ന ഈ ചിന്താപദ്ധതികളും ദൈവചിന്തയില്‍ എത്തിച്ചേരുന്നവയാണ്‌. യാഥാര്‍ത്ഥ്യത്തിന്റെ സത്തയെ കണ്ടെത്തുന്നുവെന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരുടെ മനസ്സില്‍ സത്താവാദത്തിന്റേയും അടിസ്ഥാനവാദത്തിന്റേയും സങ്കല്പനങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ശാസ്ത്രത്തിന്റെ നിരീക്ഷണപരീക്ഷണങ്ങള്‍ കൊണ്ട്‌ സത്യത്തെ കണ്ടെത്താമെന്ന ധാരണയ്ക്കു പിന്നിലുള്ളത്‌ പ്രപഞ്ചം ഒരു ഉണ്‍മയുടെ സൃഷ്ടിയാണെന്ന സങ്കല്‍പനമാണ്‌. ഇത്‌ ദൈവചിന്തയല്ലാതെ മറ്റൊന്നുമല്ല. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള നമ്മുടെ വിജ്ഞാനം നാം ഉപയോഗിക്കുന്ന സൈദ്ധാന്തികജ്ഞാനിമങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുതാണെന്നും നമ്മുടെ ആശയപ്രരൂപങ്ങളില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന വിജ്ഞാനം അസാദ്ധ്യമാണെന്നുമുള്ള നിലപാടുകളാണ്‌ പുതിയ ചിന്തകന്‍മാര്‍ മുന്നോട്ടുവച്ചത്‌. പരിപ്രേക്ഷ്യവാദം (Perspectivalism)എന്ന് ഇതിനെ വിളിക്കാം. നമ്മുടെ ആശയമാതൃകകളെ ആശ്രയിക്കുന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചു മാത്രമാണ്‌ ഇപ്പോള്‍ നമുക്കു പറയാന്‍ കഴിയുന്നത്‌.

ആധുനികശാസ്ത്രത്തിന്റെ മേഖലയില്‍ പരിപ്രേക്ഷ്യവാദം എങ്ങനെയാണ്‌ പ്രവര്‍ത്തനക്ഷമമാകുന്നത്‌? പ്രപഞ്ചത്തെ കുറിച്ച്‌ ഏകവും അനന്യവുമായ ഒരു സിദ്ധാന്തം അസാദ്ധ്യമാണെന്ന് ഈ വീക്ഷണം ഉറപ്പിക്കുന്നു. നമ്മുടെ സിദ്ധാന്തം നാം ഉപയോഗിക്കുന്ന സൈദ്ധാന്തികമാതൃകയില്‍ നിന്നും സ്വതന്ത്രമല്ല. വ്യത്യസ്ത സൈദ്ധാന്തികമാതൃകകള്‍ സാദ്ധ്യമാണെന്നതിനാല്‍ പ്രപഞ്ചത്തെ കുറിച്ചുള്ള പല സിദ്ധാന്തങ്ങള്‍ സാദ്ധ്യമാണ്‌. ഏതു സൈദ്ധാന്തികമാതൃകയാണു മെച്ചമെന്നു നിശ്ചയിക്കാനുള്ള മാര്‍ഗ്ഗങ്ങളില്ല. ഇപ്പോള്‍, ശാസ്ത്രത്തിനു നല്‍കാന്‍ കഴിയുന്നത്‌ യാഥാര്‍ത്ഥ്യത്തിലേക്കു തുറന്നിരിക്കുന്ന അപൂര്‍ണ്ണമായ കുറേ ജാലകങ്ങളെയാണ്‌. ഈ ജാലകങ്ങള്‍ ഒരേ കാഴ്ചയെ സമ്മാനിക്കണമെന്നില്ല. യഥാതഥവാദത്തിനു വിരുദ്ധമായ നിഗമനങ്ങളിലാണ്‌ നാം എത്തിച്ചേരുന്നത്‌. യാഥാര്‍ത്ഥ്യത്തെ കുറിച്ച്‌ അനന്യമായ ഒരു വിശദീകരണം നല്‍കുന്നതിന്‌ ശാസ്ത്രത്തിനു കഴിയില്ലെന്നു പറയേണ്ടി വരുന്നു. ഏകീകൃതസിദ്ധാന്ത(Unified Theory)ത്തെ കുറിച്ചുള്ള അന്വേഷണങ്ങളെ പ്രതിസന്ധിയിലേക്കു നയിക്കുന്ന നിഗമനങ്ങളാണിത്‌.

പ്രപഞ്ചത്തിലെ നാല്‌ അടിസ്ഥാനബലങ്ങളെ ഏകീകരിക്കാനും ഒരു സാര്‍വ്വത്രികസിദ്ധാന്തം (Theory of Everything) രൂപീകരിക്കാനുമുള്ള ഭൌതികശാസ്ത്രജ്ഞന്‍മാരുടെ ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ ഇത്തരം ചില വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്‌. ഇത്തരം ശ്രമങ്ങള്‍ എത്തിനില്‍ക്കുന്നത്‌ നൂല്‍സിദ്ധാന്ത(String Theory)ത്തിന്റെ രൂപീകരണത്തിനുള്ള വഴികളിലാണ്‌. നൂല്‍ സിദ്ധാന്തത്തില്‍ സാമാന്യആപേക്ഷികസിദ്ധാന്തവും ക്വാണ്ടംസിദ്ധാന്തവും കൂട്ടിച്ചേര്‍ക്കപ്പെടണം. ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു നൂല്‍ സിദ്ധാന്തത്തിന്റെ രൂപീകരണത്തിന്‌ നമുക്കു പരിചിതമായ മൂന്നു സ്ഥലമാനങ്ങള്‍ (Spatial Dimensions) മാത്രം പോരെന്ന് മനസ്സിലാക്കപ്പെട്ടു. ഒമ്പതുമാനങ്ങളുളള ഒരു സ്ഥലസങ്കല്‍പനത്തിനു മാത്രമേ ഇവയെ ഉള്‍ക്കൊളളാന്‍ കഴിയൂ. ഇങ്ങനെ നവമാനങ്ങളുളള സ്ഥലത്തെ ആധാരമാക്കി അഞ്ച്‌ വ്യത്യസ്ത നൂല്‍ സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ കഴിയും. നൂലുകള്‍ വിധേയമാകുന്ന കമ്പനങ്ങളുടെ വ്യത്യസ്തതകള്‍ക്കനുസരിച്ചാണ്‌ ഈ അഞ്ചു സിദ്ധാന്തങ്ങളുടെ രൂപീകരണം സാദ്ധ്യമാകുന്നത്‌. ഈ അഞ്ചു സിദ്ധാന്തങ്ങളും ഒരു മാതൃസിദ്ധാന്ത(Mother Theory)ത്തിന്റെ ഭാഗമായിട്ടാണ്‌ കരുതപ്പെടുന്നത്‌. ഈ മാതൃസിദ്ധാന്തം വ്യത്യസ്തങ്ങളും ചിലപ്പോള്‍ വേര്‍പെട്ടു കിടക്കുന്നതും മറ്റു ചിലപ്പോള്‍ കൂടിക്കുഴയുന്നതുമായ സിദ്ധാന്തങ്ങളുടെ ഒരു സമാഹാരമാണ്‌. അതിനെ ഒരു ഏകീകൃതസിദ്ധാന്തമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഭൌതികശാസ്ത്രദാര്‍ശനികനായ ക്രെയ്ഗ്‌ കലണ്ടര്‍ എഴുതുന്നുണ്ട്‌. ഭൌതികയാഥാര്‍ത്ഥ്യത്തെ കുറിച്ച്‌ വ്യത്യസ്തങ്ങളായ അനേകം സിദ്ധാന്തങ്ങള്‍ സാദ്ധ്യമാണെന്ന അവസ്ഥ ബഹുയാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങളിലാണ്‌ എത്തിച്ചേരുന്നത്‌. യഥാര്‍ത്ഥത്തില്‍, നൂല്‍ സിദ്ധാന്തം നിര്‍ദ്ദേശിക്കുന്നത്‌ അനേകം പ്രപഞ്ചങ്ങളെയാണ്‌. 

സ്റ്റീഫന്‍ ഹോക്കിങ്ങും ലിയോനാര്‍ഡ്‌ മോഡിനോവും ചേര്‍ന്നെഴുതിയ  മഹത്‌ രൂപകല്‍പനയെ (The Grand Design) കുറിച്ചുള്ള പുസ്തകത്തില്‍, യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനുള്ള ഏകമാര്‍ഗ്ഗം മാതൃകാശ്രിത യഥാതഥവാദത്തെ(Paradigm Dependent Realism)സ്വീകരിക്കുകയാണെന്നു പറയുന്നുണ്ട്‌. തത്ത്വചിന്തയുടെ മരണം ഈ ശാസ്ത്രജ്ഞന്‍മാരേയും ആവേശിക്കുന്നു. മാതൃസിദ്ധാന്തം ഒരു സമ്പൂര്‍ണ്ണസിദ്ധാന്തത്തില്‍ നിന്നും അകലെയാണെങ്കിലും അത്‌ അസ്തിത്വത്തിന്റെ പ്രശ്നങ്ങളെ വിശദീകരിക്കുന്നുണ്ട്‌. ഈ പ്രശ്നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുതിന്‌ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഒരു ദൈവത്തെ നിര്‍ദ്ദേശിക്കേണ്ടതുമില്ല. ദൈവം നിര്‍മ്മിച്ച ഏകപ്രപഞ്ചത്തെയല്ല, അനേകം പ്രപഞ്ചങ്ങളെയാണല്ലോ പുതിയ ഭൌതികശാസ്ത്രസിദ്ധാന്തം കണ്ടെത്തുത്‌. ദൈവം വേണമോ അനേകം പ്രപഞ്ചങ്ങള്‍ വേണമോ എന്ന നിലയിലേക്ക്‌ നമ്മുടെ തെരഞ്ഞെടുപ്പു രംഗം മാറിയിരിക്കുന്നു. *************************************************************************************
'ജനശക്തി'യുടെ 2011ഏപ്രില്‍(23-29) ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Sunday, April 17, 2011

സംസ്ക്കാരവും രാഷ്ട്രീയവും

സംസ്ക്കാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം എത്രയോ ഗൌരവതരമായ പ്രശ്നീകരണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌. സംസ്ക്കാരത്തെ കുറിച്ചുളള ഇടതുപക്ഷത്തിന്റെ സമീപനം സന്നിഗ്ദ്ധമാണെന്ന വിശകലനങ്ങള്‍ക്കിടയിലും പരസ്പരം വെളളം കടക്കാത്ത അറകളിലെന്നോണം ഇവയെ വേര്‍തിരിച്ചു നിര്‍ത്തണമെന്ന പരിശുദ്ധിവാദത്തിന്റെ വീക്ഷണത്തോട്‌ ഇടതുപക്ഷനിലപാടുകള്‍ നിരന്തരം കലഹിക്കുകയും വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്തുപോന്നിട്ടുണ്ട്‌. സംസ്ക്കാരവും രാഷ്ട്രീയവും സാമൂഹികബന്ധങ്ങളുടെ സാകല്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അവ വിഭിന്ന രീതികളിലാണ്‌ സമൂഹത്തില്‍ ഇടപെടുന്നത്‌. സാമൂഹികബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ രാഷ്ട്രീയത്തിനുള്ള പങ്ക്‌ മറ്റു സാമൂഹികപ്രയോഗങ്ങള്‍ക്കില്ല. അത്‌ തീരുമാനങ്ങളെ ഉന്നം വയ്ക്കുന്ന ബോധപൂര്‍വ്വമായ പ്രയോഗമാണ്‌. ലെനിന്റെ പുസ്തകത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ "എന്തു ചെയ്യണം" എന്നു തീരുമാനിക്കുന്നത്‌ രാഷ്ട്രീയമാണ്‌. സാംസ്ക്കാരികപ്രയോഗങ്ങളുടെ മുഖ്യകടമ അര്‍ത്ഥോല്‍പാദനമാണ്‌. അത്‌ രാഷ്ട്രീയനിര്‍ദ്ദേശങ്ങളാല്‍ സമ്പന്നമാണ്‌. എന്നാല്‍, തീരുമാനങ്ങളുടെ മണ്ഡലത്തില്‍ അതിന്‌ പ്രവര്‍ത്തിക്കാനാവില്ല. ഈ വ്യത്യസ്തതകള്‍ പ്രധാനമാണ്‌.


സംസ്ക്കാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ഇടതുപക്ഷ വീക്ഷണം രണ്ടുവിധത്തിലുള്ള ന്യൂനീകരണപ്രവണതകള്‍ക്ക്‌ വിധേയമായിരുന്നു. എല്ലാ മാനുഷികസാദ്ധ്യതകളും സാംസ്ക്കാരിക മുന്‍ഗണനകളും രാഷ്ട്രീയത്തിന്റെ അടിത്തറയിലാണ്‌ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതെന്ന് കരുതുന്ന, എല്ലാറ്റിനേയും രാഷ്ട്രീയത്തിലേക്ക്‌ ന്യൂനീകരിക്കുന്ന പ്രവണതയായിരുന്നു ആദ്യത്തേത്‌. ഇത്‌, എഴുത്തുകാരനോട്‌ രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ക്കനുസരിച്ച്‌ എഴുതാന്‍ നിര്‍ദ്ദേശിക്കുകയും സംസ്ക്കാരത്തെ രാഷ്ട്രീയത്തിന്റെ ഉപകരണം മാത്രമായി കാണുകയും ചെയ്തു. അടുത്ത ന്യൂനീകരണം, ഉത്തരാധുനികതയുടേയും ബഹുസ്വരതയുടേയും സമകാലസന്ദര്‍ഭത്തില്‍ സാംസ്ക്കാരികപഠനങ്ങള്‍ക്കുളള അക്കാദമികളുടെ കീഴില്‍ നടന്നു കൊണ്ടിരിക്കുന്നതാണ്‌. ഈ ന്യൂനീകരണപ്രവണത എല്ലാ സാംസ്ക്കാരികവിഭിന്നതകളേയും രാഷ്ട്രീയമെന്ന് വിലയിരുത്തുകയും ഭിന്നഘടകങ്ങളുടെ സവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ ആത്മരതിയില്‍ മുഴുകുകയും ചെയ്യുന്നു. രാഷ്ട്രീയത്തെ സാംസ്ക്കാരികസ്വത്വങ്ങളുടെ ആത്മരതിയില്‍ വിലയിപ്പിച്ച്‌ നശിപ്പിക്കുന്നു. 
ഈ രണ്ടു ന്യൂനീകരണപ്രവണതകളും ഏതെങ്കിലുമൊന്നിന്റെ, രാഷ്ട്രീയത്തിന്റെയോ സംസ്ക്കാരത്തിന്റെയോ, നിഷേധത്തില്‍ കലാശിക്കുന്നു. രാഷ്ട്രീയത്തെ അടിത്തറയായും സംസ്ക്കാരത്തെ ഉപരിഘടനയായും കാണുന്ന സമീപനത്തെ ആധാരമാക്കിയാണ്‌ ഈ വിഷയത്തില്‍ ഇടതുപക്ഷം ഏറ്റെടുത്ത എല്ലാ സംവാദങ്ങളും നടന്നിട്ടുള്ളത്‌. അടിത്തറയേയും ഉപരിഘടനയേയും കുറിച്ചുള്ള ഏകപക്ഷീയധാരണകള്‍ സൈദ്ധാന്തികതലത്തില്‍ ഏതാണ്ട്‌ പരാജയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌. അടിത്തറയെ കേവലമായി ആശ്രയിക്കുന്ന, അഥവാ അടിത്തറ കേവലമായി നിര്‍ണ്ണയിക്കുന്ന ഉപരിഘടനയെ കുറിച്ചുള്ള യാന്ത്രികധാരണകള്‍ക്കെതിരെ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാര്‍ തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും സോവിയറ്റ്‌ തിരുത്തല്‍വാദവീക്ഷണങ്ങള്‍ക്ക്‌ ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ മുന്‍കൈ ലഭിച്ചിരുന്ന ഘട്ടങ്ങളില്‍ ഈ പ്രതിലോമവീക്ഷണം സാംസ്ക്കാരികമണ്ഡലത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. അടിസ്ഥാനഘടനയുടേയും ഉപരിഘടനയുടേയും വ്യതിരിക്തതകളേയും സവിശേഷതകളേയും ഇവ തമ്മില്‍ തമ്മിലുള്ള എല്ലാ പരസ്പരബന്ധങ്ങളേയും പ്രതിപ്രവര്‍ത്തനങ്ങളേയും കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമഗ്രചിത്രത്തില്‍ ഏകപക്ഷീയതകളും ന്യൂനീകരണങ്ങളുമില്ല. ഉല്‍പാദനവ്യവസ്ഥയും സാമ്പത്തികബന്ധങ്ങളും പരിണമിച്ചു കൊണ്ടിരിക്കുന്നവയാണ്‌. അതുകൊണ്ടു തന്നെ അടിത്തറയുടെ ഘടന സ്ഥിതമോ ശാശ്വതമോ അല്ല. അടിസ്ഥാനഘടനയെ കുറിച്ചുള്ള ധാരണകള്‍ ചരിത്രപരമായി വിശകലനം ചെയ്യപ്പെടേണ്ടതുമാണ്‌. സാമൂഹികാസ്തിത്വം ബോധത്തെ നിര്‍ണ്ണയിക്കുന്നുവെന്ന് ഉറപ്പിച്ചു പറയുന്വോള്‍ തന്നെ, പ്രകൃതിയില്‍ മനുഷ്യബോധം ഇടപെട്ടു തുടങ്ങുന്ന ഘട്ടം മുതല്‍ക്കേ അതിന്റെ സ്വേച്ഛാചലനങ്ങള്‍ക്ക്‌ മനുഷ്യപ്രയാണങ്ങളില്‍ വലിയ പങ്കുണ്ടായിരുന്നുവെന്ന കാര്യവും ശരിയായി പരിഗണിക്കേണ്ടതുണ്ട്‌. ഉപരിഘടനയെയും കേവലമായി പരിഗണിക്കരുത്. വിഭിന്നങ്ങളും വ്യത്യസ്തങ്ങളുമായ നിരവധിഘടകങ്ങളുടെ സഞ്ചയമാണത്‌. ഈ ഘടകങ്ങള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നവയാണ്‌. അടിസ്ഥാനഘടന ഉപരിഘടനയോടെന്ന പോലെ ഉപരിഘടന അടിസ്ഥാനഘടനയുമായും പ്രതിപ്രവര്‍ത്തിക്കുകയും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നു. 

അടിത്തറയുമായി ബന്ധം നിഷേധിച്ചു കൊണ്ട്‌, ഉപരിഘടനയുടെ കേവലസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരുമുണ്ട്‌. ഇവര്‍ പ്രതിലോമകാരികളുടെ കൈകളിലെ കളിപ്പാട്ടമായി മാറിയേക്കാമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയ സന്ദര്‍ഭങ്ങളുമുണ്ട്‌. ഉത്തരാധുനികതയുടെ സമകാലസന്ദര്‍ഭത്തില്‍, സാംസ്ക്കാരികപഠനങ്ങള്‍ക്കുളള അക്കാദമികളുടെ കീഴില്‍ വിഭിന്നതകളുടെ സവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ അവയുടെ രാഷ്ട്രീയത്തെ സ്വത്വങ്ങളുടെ ആത്മരതിയില്‍ വിലയിപ്പിച്ച്‌ നശിപ്പിക്കുന്ന പ്രവര്‍ത്തനം ഈ വിഭാഗീയവീക്ഷണത്തിന്റെ വക്താക്കള്‍ ഏറ്റെടുക്കുന്നു. ഉത്തരാധുനികതയുടെ ആശയലോകം സാംസ്ക്കാരികപ്രയോഗങ്ങള്‍ക്കപ്പുറത്ത്‌ രാഷ്ട്രീയപ്രയോഗത്തിന്‌ ഇടം അനുവദിക്കുന്നതേയില്ല. അത്‌ എല്ലാവിധ സംഘടിതപ്രവര്‍ത്തനങ്ങളേയും ചെറുത്തുനില്‍പുകളേയും നിഷേധിക്കുകയും വിമോചനപ്രവര്‍ത്തനങ്ങളെ ശകലീകരിക്കുകയും ചെയ്യുന്നു. എല്ലാ സാംസ്ക്കാരിക മുന്‍ഗണനകളേയും രാഷ്ട്രീയത്തിന്റെ അടിത്തറയിലേക്ക്‌ ചുരുക്കുന്ന ഉപകരണവാദികളുടെ ന്യൂനീകരണ പ്രവണതയെ എന്ന പോലെ ബൃഹത്‌രാഷ്ട്രീയത്തിന്റെ മരണം ആഘോഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഉത്തരാധുനികതയുടെ സാംസ്ക്കാരികരാഷ്ട്രീയത്തിന്റെ ന്യൂനീകരണത്തേയും സാംസ്ക്കാരികപ്രവര്‍ത്തകര്‍ക്ക്‌ നേര്‍ക്കു നേര്‍ അഭിമുഖികരിക്കേണ്ടിയിരിക്കുന്നു. 

അന്വേഷണം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ചില ഭാഗങ്ങള്‍

Friday, April 1, 2011

'ഒടിച്ചുമടക്കിയ ആകാശം'

'ഒടിച്ചുമടക്കിയ ആകാശം' ബൃഹത്‌ ദാര്‍ശനികമാനങ്ങളുളള ഒരു കവിതയാണ്‌. ഇപ്പോള്‍, രാഷ്ട്രീയവും തത്ത്വചിന്തയും കൂടിക്കലരുന്ന വാക്കുകളുടെ കൂട്ടുകള്‍ കവി നിര്‍മ്മിച്ചെടുക്കുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള മഹത് സങ്കല്പനങ്ങള്‍ ഈ രാഷ്ട്രീയകവിതയില്‍ സംവാദസന്നദ്ധമാകുന്നു. ആകാശം എന്ന വാക്ക്‌ മനുഷ്യന്‌ എത്തിപ്പിടിക്കാനുളള സാദ്ധ്യതകളുടെ രൂപകമായി മാറിത്തീരുന്നു. വിഹായസ്സിലേക്ക്‌ പറന്നുയരുന്ന പക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെങ്കില്‍ ഒടിച്ചു മടക്കിയ ആകാശം എന്ന പദക്കൂട്ട് സ്വാതന്ത്ര്യം നേരിടുന്ന പ്രതിസന്ധികളെ സൂചിപ്പിക്കുന്ന പരികല്‍പനയാണ്‌. ഈ കവിതയില്‍ ആകാശത്തെ കുറിച്ച്‌ അധികമൊന്നും പറയുന്നില്ല. അത്‌ പക്ഷികളെ കുറിച്ചാണു പറയുന്നത്‌. ആകാശം പക്ഷികള്‍ക്ക്‌ സഞ്ചാരപഥങ്ങള്‍ ഒരുക്കി നല്‍കുന്നു. പക്ഷികള്‍ ചലിക്കുന്നത്‌ സ്വാതന്ത്ര്യത്തിന്റെ പഥങ്ങളിലൂടെ. പക്ഷികളില്‍ നിന്ന് കവി  സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പഠിക്കുന്നു. "പക്ഷികള്‍ എന്നെ വ്യാപിപ്പിച്ചു, എന്നെ പൂരിപ്പിച്ചു. " കവി എല്ലാ പക്ഷികളോടുമൊപ്പം പറക്കുന്നു. പക്ഷികളില്‍ നിന്ന് പഠിച്ചതിന്റെ ക്രമത്തില്‍ തന്റെ ജീവചരിത്രം എഴുതുന്നു. 'കുട്ടിക്കാലം ഒരു പക്ഷിസങ്കേതം' എന്ന് എഴുതുമ്പോള്‍ കുട്ടിയുടെ സ്വതന്ത്രമായ മനസ്സ്‌ തെളിയുന്നു. ഓരോ പക്ഷിയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങളേയും വലിയ അര്‍ത്ഥങ്ങളേയും കുറിച്ച്‌ പഠിക്കുന്നു. സ്വാതന്ത്ര്യത്തിനായുളള ദാഹത്തില്‍ മയൂരം പീലി വിടര്‍ന്നാടുന്ന ഉത്സവം സ്വപ്നം കാണുന്നു. സ്വാതന്ത്ര്യം ഒരു മഹാസ്വപ്നമായി മനസ്സില്‍ പൂത്തുവിടരുന്നു. എന്നാല്‍, പക്ഷികള്‍ നല്‍കിയ "പാഠപുസ്തകത്തിലെ പീലിക്കിനാവ്‌ ലോകമയൂരമായി വിടര്‍ന്നില്ല". ഒടിച്ചു മടക്കിയ ആകാശപഥങ്ങളില്‍ സ്വാതന്ത്ര്യദാഹികള്‍ക്കും വഴി തെറ്റുന്നു. "കുയിലും മയിലും കുഞ്ഞിരാമന്‍നായരും കൂടുണ്ടാക്കാറില്ല" എന്നു പഠിക്കാത്തവന്‍ കൂടുകള്‍ നിര്‍മ്മിച്ചു. പൂവനും പിടയ്ക്കും പാകത്തില്‍ കൂടുണ്ടാക്കി. "വരവായ്‌ വന്‍ പ്രളയമെന്നോതി വരാന്‍ മടിച്ച വിദൂരസ്വപ്നരാഗങ്ങളേയും ഞാനെന്റെ പാര്‍ട്ടിയുടെ കൂട്ടിലാക്കി". പിന്നെ വരുന്ന വിവേകത്തില്‍ കാക്കയിലെ കുറുക്കനെ കാണുന്നു, ഒട്ടകപ്പക്ഷിയില്‍ ഒട്ടകത്തേയും. ഗുരുക്കന്‍മാരായി നിന്ന ചില പക്ഷികളില്‍ മൃഗമുണ്ടെന്ന അറിവ്‌ നേടുന്നു. സ്വാതന്ത്ര്യത്തിന്റെ സിദ്ധാന്തസംഹിതകളില്‍ സത്യവും സാന്ത്വനവും അധികാരവും നുണയും കൂടിക്കുഴയുന്നതിനെ കവി കാണിച്ചുതരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള കേവലസങ്കല്‍പനങ്ങള്‍ നിരര്‍ത്ഥകമെന്ന് ബോദ്ധ്യപ്പെടുത്തുന്നു. ഈ കേവലസങ്കല്‍പനങ്ങളില്‍ നിന്നും വിടുതി നേടുന്നവന്‍ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കല്പനങ്ങളെ കൂടുതല്‍ ഖരമാര്‍ന്ന അടിത്തറകളില്‍ സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌.

Thursday, March 24, 2011

'ശൈലജയും ലാറസ്‌ പക്ഷികളും'

മേതില്‍ രാധാകൃഷ്ണന്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കൊപ്പിച്ചു രചനകള്‍ നിര്‍വ്വഹിക്കുന്ന എഴുത്തുകാരനല്ല. ഇയാള്‍ വിമതനാണ്‌. അരാജകവാദിയാണ്‌. അരാജകവാദം അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഒട്ടും മോശപ്പെട്ട കാര്യമല്ല. നാം പുലര്‍ത്തേണ്ടിയിരിക്കുന്ന ഉന്നതമൂല്യങ്ങളെ പ്രഖ്യാപിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തുകൊണ്ടു നടത്തുന്ന കടന്നാക്രമണങ്ങളായിരിക്കില്ല അരാജകവാദിയുടേത്‌. ചിലപ്പോള്‍ ഇത്‌ മുന്നിലോട്ടും പിന്നിലോട്ടും നോക്കാതെ നടത്തുന്ന നിഷേധപ്രകടനങ്ങളായി മാറാം. അരാജകവാദിയുടെ മുന്നില്‍ ഭൂതകാലചരിത്രം പ്രത്യക്ഷപ്പെടണമെന്നില്ല. ഭാവികാലലോകത്തിന്റെ പ്രശ്നമണ്ഡലങ്ങളോടും അത്‌ താല്‍പര്യം പുലര്‍ത്തണമെന്നില്ല. എന്നാല്‍ സമകാലലോകത്തിന്റെ തിന്മകളോട്‌ കേവലനീതി നിറഞ്ഞ മനസ്സു കൊണ്ട്‌ അരാജകവാദി പ്രതികരിക്കുന്നു. അരാജകവാദത്തിന്റെ കേവലസ്വാതന്ത്ര്യം അരാജകവാദിയായ എഴുത്തുകാരന്റെ ഭാഷയ്ക്ക്‌ ശക്തിയും സൌന്ദര്യവും നല്‍കുന്നു. അരാജകവാദത്തിലെ വിമതത്വം വഹിക്കുന്ന കലാപത്തിന്റെ മൂലകങ്ങളെ മേതിലിന്റെ കഥകളില്‍ കണ്ടെത്താം. മേതിലിന്റെ കഥകള്‍ യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്ക്കരണം തന്നെയാണ്‌. എന്നാല്‍, യാഥാര്‍ത്ഥ്യത്തെ ഇദ്ദേഹം സവിശേഷമായ ഒരു രീതിയില്‍ നോക്കികാണുന്നു. മേതിലിന്റെ രചനകളുടെ മൌലികത ഈ സവിശേഷകാഴ്ചയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നതാണ്‌. 

എഴുത്തും വായനയും ലളിതമായ കര്‍മ്മങ്ങളാണെന്ന് മേതില്‍ കാണുന്നില്ല. കഥയെഴുത്ത്‌ ഒരു കലയാണെങ്കില്‍ അതിന്റെ ആദര്‍ശലോകങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ കഥയുടെ വായന പ്രാപ്തമാകുന്നുള്ളൂ. കലയുടെ പ്രചരണമൂല്യങ്ങളുടെ നിരാസം ഈ വീക്ഷണത്തിലുണ്ട്‌. കലയെ പ്രചരണായുധമാക്കി മാറ്റുന്നത്‌ അധീശത്വമാണെന്നതിനാല്‍ ഇത്‌ അധീശവിരുദ്ധമായ സമീപനമാണ്‌. മേതില്‍ രാധാകൃഷ്ണന്റെ കഥയില്‍ തെളിയുന്നത്‌ കലയുടെ ബോധവല്‍ക്കരണത്തിനും നവീകരണത്തിനുമുള്ള ശേഷികളുടെ നിഷേധമല്ല. മികച്ച കലാസൃഷ്ടികള്‍ ഓരോ സഹൃദയനേയും മാറ്റിത്തീര്‍ക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുവെന്ന് മേതിലിന്റെ രചനകള്‍ പഠിപ്പിക്കുന്നുണ്ട്‌. 

'ശൈലജയും ലാറസ്‌ പക്ഷികളും' എന്ന കഥ മേതിലിന്റെ രചനകളുടെ പ്രധാന പ്രവണതകളെയല്ലാം ഉള്‍ക്കൊള്ളുന്നതാണ്‌. ഈ കഥയില്‍ ഉപഭോഗഭ്രാന്തിനെതിരായ കലാപത്തിന്റെ സ്വരങ്ങള്‍ സന്നിവേശിച്ചിരിക്കുന്നു. ഉപഭോഗഭ്രാന്തില്‍ തിരിയുന്ന ലോകം. 'തെരുപ്പറക്കുന്ന കച്ചവടം'. കമ്പോളത്തിന്റെ തിരക്കുകളില്‍ നിന്നും ആകര്‍ഷണീയതകളില്‍ നിന്നും ഒഴിവായി നില്‍ക്കുന്ന, ഇവയൊന്നും തനിക്കു വേണ്ടെന്നു പറയുന്ന ശൈലജ എന്ന യുവതി. ചന്തയുടെ പ്രലോഭനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമത്തില്‍ തുറക്കപ്പെടുന്നത്‌ അപകടത്തിലേക്കുള്ള വാതിലുകളാണ്‌. അവള്‍ ഈ ലോകത്തില്‍ നിന്നും വിച്ഛേദിക്കപ്പെടുന്നു. കമ്പോളഭ്രാന്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ നിങ്ങളും ഭ്രാന്തിയായി മാറാം. 

ശൈലജ നഗ്നകളായ ഡമ്മികളുടെ ലോകത്തില്‍. അവരുടെ വശീകരണശക്തി ശൈലജയെ സ്തബ്ധയാക്കി. നമ്മുടെ മാതൃകകളെല്ലാം വെളുത്ത മേനിയുള്ളവര്‍. വെളുത്ത മേനി നമുക്കു സൌന്ദര്യത്തിന്റെ ചിഹ്നമായി തീര്‍ന്നത് ഒരു കൊളോണിയല്‍ പ്രഭാവം. ഇപ്പോഴും പേറുന്ന കൊളോണിയലിസത്തിന്റെ ഭാരം. അധീശത്വത്തോടുള്ള വിധേയത്വം. ശൈലജയെ സ്തബ്ധയാക്കിയ സൌന്ദര്യമാതൃകകള്‍ക്ക്‌ കറുത്ത മുലഞ്ഞെട്ടുകള്‍ പോലുമില്ല. ആ നഗ്നകളുടെ വിപുലമായ മാറിടത്തില്‍ മുലക്കണ്ണുകളില്ല. അവര്‍ മുലയൂട്ടില്ല. അവര്‍ ഒന്നിനേയും പോറ്റി വളര്‍ത്തില്ല. നിര്‍ജ്ജീവമായ പെണ്‍കോലങ്ങള്‍.  അധീശമൂല്യങ്ങള്‍ സര്‍ഗാത്മകതയെ നിഹനിക്കുന്നു.

ചേച്ചിയുടെ മുറിയില്‍ വിശ്രമിക്കുന്ന ശൈലജ മൂന്നു പുസ്തകങ്ങള്‍ വായിക്കുന്നു. ലാറസ്‌ എന്നു പേരുള്ള ധ്രുവപക്ഷികളെ കുറിച്ച്‌ അറിയുന്നു. വെളുത്ത പക്ഷികള്‍. ശരീരത്തില്‍ നിറമുള്ള രണ്ടേ രണ്ടു കുത്തുകള്‍. അവയുടെ കണ്ണുകള്‍. താന്‍ കണ്ട പെണ്‍കോലങ്ങള്‍ അന്ധകളായ ലാറസ്‌ പക്ഷികളാണെന്ന് ശൈലജക്കു തോന്നുന്നു. സ്വകാര്യജീവിതം വിധിച്ചിട്ടില്ലാത്ത ഡമ്മികളെ പോലെയാണ്‌ തന്നെ കൂറ്റന്‍ തുണിക്കടയിലേക്ക്‌ തട്ടിക്കൊണ്ടു പോയ കമ്പോളഭ്രാന്തിയായ ചേച്ചിയെന്ന് ശൈലജ തിരിച്ചറിയുന്നു. അല്ലെങ്കില്‍, തന്റെ ചേച്ചി അന്ധയായ ഒരു ലാറസ്‌ പക്ഷിയാണ്‌. കമ്പോളത്തില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നേടിയവര്‍ നഷ്ടപ്പെടുത്തുന്നത്‌ എന്താണ്‌? സ്ത്രീ അവളുടെ തനിമയെ, വ്യക്തിത്വത്തെ, സ്വത്വത്തെ തന്നെയും നഷ്ടപ്പെടുത്തുന്നു. മാതൃത്വത്തെ നിഹനിക്കുന്നു. വെളുത്ത സ്ത്രീ ഒരു പ്രദര്‍ശന വസ്തു. കമ്പോളം സ്ത്രീയെ അവളുടെ സ്വത്വത്തില്‍ നിന്നും പുറത്താക്കുകയും അന്യവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്ന് മേതിലിന്റെ കഥ പറയുന്നു. അവളെ ഡമ്മി പ്രതിമകളാക്കി മാറ്റുന്നു.

ലാറസ്‌ പക്ഷികളെ കുറിച്ചും റെനെ മാഗ്രിറ്റിന്റെ ചിത്രത്തെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍, വിവിധ വിജ്ഞാനമേഖലകളിലെ അറിവുകളും നൂതനമായ കാര്യങ്ങളും കഥകളിലൂടെ അവതരിപ്പിക്കുന്ന രീതിക്ക്‌ ഒരു ഉദാഹരണമാണ്‌. മേതിലിന്റെ ആവിഷ്ക്കരണകലയുടെ നവീനതയില്‍ ഇത്തരം ഘടകങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്‌. ഇത്തരം ഘടകങ്ങളെ ഉള്‍ച്ചേര്‍ക്കുമ്പോള്‍ വസ്തുതാപരമായ പിശകുകള്‍ ഒഴിവാക്കുന്നതില്‍ കഥാകാരന്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിപ്പിക്കുന്ന ഒരു സന്ദര്‍ഭം കൂടി നമുക്കു കണ്ടെത്താം. ഈ കഥയില്‍ വസ്തുതാപരമായ ഒരു പിശകുണ്ട്‌. ശൈലജ വായിക്കുന്ന ആദ്യപുസ്തകത്തിലുള്ള റെനെ മാഗ്‌റിറ്റിന്റെ ഒരു ചിത്രത്തെ കുറിച്ച്‌ പറയുതായി കഥയില്‍ എഴുതിയിരിക്കുന്നു. റെനെ മാഗ്‌റിറ്റിണ്റ്റെ ഒഴിഞ്ഞ കൈയ്യൊപ്പ്‌ (Blank Signature) എന്ന ചിത്രം മേതിലിന്റെ രചനയില്‍ കറുത്ത കൈയ്യൊപ്പ്‌ (Black Signature) ആയി മാറുന്നു. വെളുപ്പു സൃഷ്ടിക്കുന്ന ശൂന്യതകളെ കുറിച്ചു പറയാന്‍ ഒഴിഞ്ഞ കൈയ്യൊപ്പ്‌ എന്ന രൂപകവും സമര്‍ത്ഥമായിരുന്നു. 

മേതിലിന്റെ കഥ സ്ത്രീവാദികളുടെ വിമര്‍ശനങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ്‌. സ്ത്രീപ്രകൃതിയെ ശുശ്രൂഷയുടേയും മാതൃത്വത്തിന്റേയും സഹനത്തിന്റേയും പ്രതീകമായി മാത്രം കാണുന്ന ധാരണകളെ പുനരുല്‍പാദിപ്പിക്കുന്നതിലേക്ക്‌ എത്തിപ്പെടുന്ന സന്ദര്‍ഭങ്ങള്‍ മേതിലിന്റെ കഥ പ്രകാശിപ്പിക്കുന്നുവെന്ന് വിമര്‍ശിക്കപ്പെടാം. സ്ത്രീയുടെ ഉടലിന്റെ ആവിഷ്ക്കാരങ്ങളെ യാഥാസ്ഥിതികബുദ്ധിയോടെ കാണുന്നുവെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു വരാം

Saturday, February 26, 2011

നിലയ്ക്കാത്ത അര്‍ത്ഥപ്രവാഹങ്ങള്‍

അയ്യപ്പനെ കുറിച്ചു പറയാന്‍ അര്‍ഹതയുള്ളവര്‍ വളരെ കുറച്ചു പേരെ ഉണ്ടാകൂ. അല്പത്തം കൊണ്ടു പറയുകയാണ്. അയ്യപ്പന്‍ സ്വാതന്ത്ര്യത്തിന്റെ പര്യായമായിരുന്നു. അയ്യപ്പനോളം സ്വതന്ത്രരായവര്‍ കുറവാണ്. ആര്‍ക്കും കീഴടങ്ങാത്തവന്‍. അയ്ചപ്പന് സ്ഥിതതാല്പര്യങ്ങള്‍ ഇല്ലായിരുന്നു. അയാള്‍ സ്വാതന്ത്ര്യം നേടിയത് അങ്ങനെയാണ്. അയ്യപ്പന്റെ തലമുറയിലെ ചിന്താശേഷിയുള്ളവര്‍ ഒരിക്കലെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ അയ്യപ്പന്‍ തന്റെ അനാഥജീവിതത്തിലൂടെ സാക്ഷാത്ക്കരിച്ചു. വ്യവസ്ഥാപിതലോകം പരാജയമെന്നെഴുതിയ ആ ജീവിതം ഒരു കാലത്തെ യുവതയുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന ജീവിതമായിരുന്നു. സ്വാതന്ത്ര്യം ആഗ്രഹിച്ച ഒരു തലമുറയുടെ കാലമുണ്ടായിരുന്നു. ബഹുരാഷ്ട്രക്കുത്തകകള്‍ക്കു വേണ്ടി ദല്ലാളിന്റെ പണി ചെയ്യുന്നവരുടെ ജീവിതത്തെയല്ല അവര്‍ അഭിലഷിച്ചിരുന്നത്. എല്ലാ മനുഷ്യരും ഒരുമിച്ചു നടക്കണമെന്ന് ആഗ്രഹിച്ചവര്‍, ലോകത്തെ മാറ്റി മറയ്ക്കന്ന വിപ്ലവകാരികളാകണമെന്ന് ആഗ്രഹിച്ചവര്‍, ഭാഷയെ ഉഴുതുമറിക്കുന്ന രചനകള്‍ എഴുതണമെന്ന് ആഗ്രഹിച്ചവര്‍, ശരിയായ ലക്ഷ്യങ്ങളിലെത്താന്‍ മലയാളിജനത പരാജയപ്പെടുന്നതു കണ്ടപ്പോള്‍ അതു ചൂണ്ടിക്കാട്ടി മരണത്തിലേക്കു നടന്നു പോയവര്‍...അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം. അയ്യപ്പനെ വളര്‍ത്തിയെടുത്തത് ആ കാലമായിരുന്നു. അയാള്‍ പിഴച്ചു പോയതായി വ്യവസ്ഥാപിതത്വം രേഖപ്പെടുത്തിയെങ്കിലും അയ്യപ്പന്‍ തന്റെ മൂല്യങ്ങളില്‍ നിന്നു വ്യതിചലിച്ചില്ല. അയ്യപ്പന്റെ കൂടെ അന്ന് ഒരുങ്ങി നിന്നവരില്‍ പലരും കൃത്യമായി പ്രീമിയം അടക്കുന്നവരും ഹാജര്‍ നിലനിര്‍ത്തുന്നവരും ഗുമസ്തന്മാരുമായി മാറിത്തീര്‍ന്നെങ്കിലും അയ്യപ്പന്‍ തിരിച്ചു നടന്നില്ല. മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും പ്രസ്ഥാനങ്ങള്‍ വഴിമാറി നടക്കുകയും ചെയ്തപ്പോള്‍ അയാള്‍ ഒറ്റക്കു നടക്കുന്നവനായി. അയ്യപ്പന്‍ നമ്മുടെ കാലത്തെ കളങ്കമില്ലാത്ത മനുഷ്യനായി. അയാള്‍ക്ക് ആരോടും ശത്രുതയില്ലായിരുന്നു. നഗരത്തില്‍ അയ്യപ്പന്‍ ഇറങ്ങിയിട്ടുണ്ടെന്ന് പരസ്പരം വിളിച്ചു പറഞ്ഞ സുഹൃത്തുക്കളായ എഴുത്തുകാരോടും അയ്യപ്പന് വിരോധമില്ലായിരുന്നു.

നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളില്‍ നിറയെ കവിതകളുണ്ട്. അവര്‍ എഴുതുന്നില്ലന്നേയുള്ളൂ. അയ്യപ്പനെ പോലെ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ക്കാണ്, കളങ്കമില്ലാത്തവര്‍ക്കാണ് കവിതകള്‍ എഴുതാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ മനസ്സുള്ള അയ്യപ്പനിലും നിറയെ കവിതകളുണ്ടായിരുന്നു. അയ്യപ്പന് കവിത സ്വാതന്ത്ര്യമായിരുന്നു. അയ്യപ്പന്‍ തന്റെ ജീവിതത്തിലുടനീളം തന്നോടൊപ്പം കൊണ്ടുനടന്ന സ്വാതന്ത്ര്യത്തില്‍ നിന്നാണ് അയാളുടെ കവിതകള്‍ പിറന്നത്. എപ്പോഴും സ്വാതന്ത്ര്യത്തെ തിരയുകയും അനുഭവിക്കുകയും ചെയ്തിരുന്ന അയ്യപ്പന്‍ കവിതയെ അന്വേഷിക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും അയാള്‍ കവിതക്കായി മാറ്റിവച്ചു. യാത്രക്കിടയില്‍, മദ്യപാനത്തിന്നിടയില്‍, വര്‍ത്തമാനം പറയുന്നതിന്നിടയില്‍ അയാള്‍ കവിതകളെഴുതി. ബസ്സിലെ മയക്കത്തിന്നിടയില്‍ ഒരു വാക്കു വന്ന് അയാളെ വിളിച്ചുണര്‍ത്തി. അയ്യപ്പന്റെ ഉടുപ്പിന്റെ കീശയിലോ കൈവെള്ളക്കിടയിലോ ചുരുട്ടിപ്പിടിച്ച ചെറിയ കടലാസുതുണ്ടുകളുണ്ടായിരുന്നു. അതില്‍ കുറിച്ചിട്ട കുറേ വാക്കുകളും. അയാള്‍ എപ്പോഴും കവിതയുടെ പണിപ്പുരയിലായിരുന്നല്ലോ. അയ്യപ്പനില്‍ കവിത യാദൃച്ഛികതയുടെ പര്യായമായി മാറി. കവിത അനിവാര്യമാണെന്ന് ജീവിതംകൊണ്ടു തെളിയിച്ച കവി അതു നിര്‍മ്മിച്ചത് യാദൃച്ഛികതകളില്‍നിന്നായിരുന്നു.

ഇവന്റെ കവിത ലളിതമായ വാക്കുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. സുഹൃത്കവികള്‍ കഠിനബിംബങ്ങളെ നോറ്റു കൊണ്ടിരുന്നപ്പോള്‍ ഇയാള്‍ ലാളിത്യം നിറഞ്ഞ പദക്കൂട്ടുകളുണ്ടാക്കി. അയ്യപ്പന്റെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന വാക്കുകളെ ശ്രദ്ധിക്കുക! ജലം, രക്തം, പച്ച, മരം, മരണം, പ്രേമം, കല്ല്, വെയില്‍, ഇല, സൂര്യന്‍, രാത്രി, സ്വപ്നം, ചെമപ്പ്, വേനല്‍, കാട്, പക്ഷി, മാനം, തൂവല്‍...ചെറിയ വാക്കുകളില്‍ ഇയാള്‍ തന്റെ ജീവിതവ്യാഖ്യാനങ്ങള്‍ നിറച്ചു വച്ചു. പിന്നെയും പിന്നെയും പ്രണയത്തേയും മരണത്തേയും കുറിച്ച് എഴുതിയിട്ടും ഈ കവിക്ക് മതിയായിരുന്നില്ല. ജ്ഞാനം കെട്ട മൃഗനഖത്താല്‍ തന്റെ പ്രണയസംജ്ഞ പിഴച്ചു പോകരുതെന്ന് ഇയാള്‍ എപ്പോഴും ആഗ്രഹിച്ചു കൊണ്ടിരുന്നു

 അയ്യപ്പന്റെ കവിതയില്‍ ഞാന്‍ മൂന്നു കവിരൂപങ്ങളെ കണ്ടെത്തുന്നു. ആദ്യത്തേത് ശിരസ്സു കത്തിയൊലിച്ച് തീര്‍ന്നുപോകുന്ന മെഴുകുതിരിയായ മനുഷ്യരൂപമാണ്.

ഭൂമിയെ വെറുക്കാത്ത സ്നേഹിത
മുജ്ജന്മത്തിന്‍ കാമിനി
കാണൂയെന്റെ
കാട്ടുതീ കത്തും മുഖം"

പിന്നെ, തെരുവില്‍ ആരെയൊക്കെയോ പിടിച്ചുനിര്‍ത്തി തത്ത്വവിചിന്തനം നടത്തുന്ന പുതിയ സോക്രട്ടീസിനെ കാണുന്നു.

ആത്മബോധം നഷ്ടപ്പെട്ടവന്
ഏതു ഭാഷയില്‍
ആരു ചരിത്രം നിര്‍മ്മിക്കും”

പ്രണയിനിയുടെ കൈപിടിച്ച് ജീവിതകാമനകള്‍ കത്തിയെരിയുന്ന മഹാവിപിനത്തിലേക്ക് ഓടിക്കയറുന്ന ഒരു പുരുഷനെ കൂടി കാണുന്നു.

"നന്ദിനീ
നമുക്കൊരു കൊടുങ്കാറ്റായി തീരാം.
മന്ദമാരുതന്‍ വേണ്ട.
കാറ്റിന്റെ കൂരമ്പാവാം"

ഈ മൂന്നു ചിത്രങ്ങളില്‍ നിന്നും വായിച്ചു തീരാനാകാത്ത, ഒരിക്കലും നിലക്കാത്ത അര്‍ത്ഥങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.

Sunday, February 20, 2011

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കൊരു വിമര്‍ശനം

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായ രീതിയില്‍ നമ്മുടെ സാമൂഹികാവസ്ഥയെ ബാധിച്ചിട്ടുണ്ട്‌. സ്വയം വിമര്‍ശിക്കാനും സ്വയം നവീകരിക്കാനുമുള്ള മാര്‍ക്സിസത്തിന്റെ ശേഷി മാര്‍ക്സിസ്റ്റു ലേബലുകളുള്ള നമ്മുടെ പ്രസ്ഥാനങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. വ്യവസ്ഥാപിതത്വത്തിനു കീഴടങ്ങാന്‍ വിസമ്മതിക്കുന്ന പ്രസ്ഥാനങ്ങള്‍ പോലും വരട്ടുതത്ത്വവാദപരമായ കേവലസമീപനങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ലെനിനിസ്റ്റുകളോ സ്റ്റാലിനിസ്റ്റുകളോ മാവോയിസ്റ്റുകളോ ആകാനുള്ള തിരക്കില്‍ അവര്‍ കമ്മ്യൂണിസ്റ്റുകളാകാതിരിക്കുന്നു. ബാഹ്യഇടപെടലുകളേയും ഗൂഢാലോചനാസിദ്ധാന്തത്തേയും അവസരത്തിലും അനവസരത്തിലും കാരണങ്ങളായി കണ്ടെത്തുന്നവര്‍ സ്വയം ഉള്ളിലേക്കു നോക്കാനും ആന്തരികപ്രശ്നങ്ങളെ മാര്‍ക്സിയന്‍ വിശകലനരീതിയുടെ ശാസ്ത്രീയത കൊണ്ട്‌ പരിശോധിക്കാനും സന്നദ്ധരാകുന്നില്ല. സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും മണ്ഡലങ്ങളിലുണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച്‌ ഈ പ്രസ്ഥാനങ്ങള്‍ ഉത്സുകമാകുന്നില്ലെന്നു മാത്രമല്ല, പഴയ കാര്യങ്ങള്‍ ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നതിന്നപ്പുറത്തേക്ക്‌ ചര്‍ച്ചകളൊന്നും എത്തിച്ചേരുന്നില്ല. അധികാരസ്ഥാപനങ്ങളേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച്‌ പുതിയ ഇടതുപക്ഷചിന്തകര്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ക്കു മുഖം നല്‍കാതിരിക്കുകയും വര്‍ഗ്ഗസര്‍വ്വാധിപത്യത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങളേയും ഭരണകൂടത്തെ കുറിച്ചുള്ള പഴയ നിര്‍വ്വചനങ്ങളേയും ഏകപക്ഷീയമായി പിന്‍പറ്റുന്നത്‌ തുടരുകയും ചെയ്യുന്നു. സാംസ്ക്കാരികരംഗത്തെ ഇടതുപക്ഷപ്രവര്‍ത്തനം ഇപ്പോഴും പ്രശ്നസങ്കീര്‍ണ്ണമായ മണ്ഡലമാണ്‌. ഷഡനോവും ലൈസങ്കോയും ഇപ്പോഴും ആദര്‍ശദൈവങ്ങളായി തുടരുന്നു. ഏതൊരു വ്യവഹാരത്തിനും ഇതര വ്യവഹാരങ്ങളില്‍ നിന്ന് അതിനെ മാറ്റിനിര്‍ത്തുന്ന ചില സവിശേഷമൂല്യങ്ങളുണ്ടെന്നും ഈ സവിശേഷമൂല്യങ്ങളാണ്‌ അവയെ വ്യതിരിക്തമാക്കുതെന്നും ഇത്തരം വ്യതിരിക്തമൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഓരോ വ്യവഹാരവും വികലനങ്ങള്‍ക്കു വിധേയമാകേണ്ടതെന്നും ഉറപ്പിക്കാന്‍ ഇടതുപക്ഷസാംസ്ക്കാരികപ്രവര്‍ത്തനത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. സാഹിത്യത്തെ സാഹിതീയമൂല്യങ്ങള്‍ കൊണ്ടും ശാസ്ത്രത്തെ അതിന്റെ തനതായ മൂല്യങ്ങള്‍ കൊണ്ടുമാണ്‌ പരിശോധിക്കേണ്ടതെന്നാണ്‌ ഇതിന്നര്‍ത്ഥം. ഇങ്ങനെ ഒരു സമീപനം സ്വീകരിക്കാന്‍ സാഹിത്യത്തിന്റെയോ ശാസ്ത്രത്തിന്റെയോ സാമൂഹികമായ മാനങ്ങളെ നിഷേധിക്കേണ്ടതുമില്ല. മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയെയല്ല, പുസ്തകത്തിലെഴുതിയതിനെ യാന്ത്രികമായി ഉദ്ധരിക്കുന്ന മതാത്മകതയെ തന്നെയാണ്‌ ഇടതുപക്ഷവും കയ്യാളുന്നതെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. മുഖ്യഇടതുപക്ഷപ്രസ്ഥാനങ്ങളെന്നു വിവക്ഷിക്കപ്പെടുന്നവയെല്ലാം തന്നെ വ്യവസ്ഥാപിതത്വത്തിനു പൂര്‍ണ്ണമായും കീഴടങ്ങുകയും വ്യവസ്ഥാവിരുദ്ധമായ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ സംശയദൃഷ്ടിയോടെയും ചിലപ്പോള്‍ ആക്രാമകമായും നേരിടുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്‌.

Monday, January 24, 2011

കാവിനിറമുള്ള സ്ഫോടനങ്ങള്‍: ദേശാഭിമാനത്തിന്റെ പുതിയ മാതൃകകള്‍

നിരവധി നിരപരാധികളായ മനുഷ്യരുടെ ജീവന്‍ അപഹരിച്ച 
2006ലേയും  2008ലേയും മാലേഗാവ് സ്ഫോടനങ്ങള്‍ക്കും 
2007ല്‍ നടന്ന സംഝോത എക്സ് പ്രസിലേയും 
അജ്മീര്‍ ഷരീഫിലേയും മക്കാ മസ്ജിദിലേയും സ്ഫോടനങ്ങള്‍ക്കും നേതൃത്വപരമായ പങ്കു വഹിച്ചത്  ആര്‍. എസ്. എസ്  ആണെന്നും 
സാധ്വി പ്രജ്ഞാസിങിനേയും കേണല്‍ പുരോഹിതിനേയും പോലുള്ള സംഘപരിവാര്‍ നേതാക്കളായിരുന്നു ഇതിന്റെ സൂത്രധാരകരും നടത്തിപ്പുകാരുമെന്നും വെളിപ്പെടുത്തുന്ന സാക്ഷിമൊഴികള്‍ പുറത്തു വന്നിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഹിതിനോടും പ്രജ്ഞയോടുമൊപ്പം പങ്കു വഹിച്ച സ്വാമി അസിമാനന്ദയാണ്  സംഘപരിവാറിന്റെ പങ്കു വെളിപ്പെടുത്തിയത്. നേരത്തെ മലേഗാവ് സ്ഫോടനം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു നേതൃത്വം നല്കിയ കര്‍ക്കരെ, ബോംബെ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടപ്പോളുണ്ടായ മാധ്യമവിശകലനങ്ങള്‍ ഓര്‍ക്കുക.
ഇപ്പോള്‍, മാലേഗാവ് -സംഝോത എക്സ് പ്രസ് സ്ഫോടനങ്ങളുടെ 
പ്രധാന ആസൂത്രകനെന്നു കരുതുന്ന, മുന്‍ ആര്‍. എസ്. എസ് പ്രചാരകനായിരുന്ന, സുനില്‍ജോഷിയുടെ കൊലക്കു പിന്നിലും പ്രവര്‍ത്തിച്ചത് സംഘപരിവാരാണെന്നു കണ്ടെത്താവുന്ന തെളിവുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതായും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.


"ദേശസ്നഹി"കളായ സംഘപരിവാര്‍ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്?
അവര്‍ ആരാധനാലയങ്ങളെ തച്ചുതകര്‍ക്കുന്നു. 
ഗുജറാത്ത് മാതൃകയിലുള്ള കലാപങ്ങളിലൂടെ വംശശുദ്ധി വരുത്തുന്നു.
സംഘപരിവാരിന്റെ രാഷ്ട്രീയസംഘടന അധികാരത്തിലെത്തുമ്പോഴും വ്യത്യാസമില്ല; വിദേശമൂലധനത്തിനും ബഹുരാഷ്ട്രകോര്‍പ്പറേഷനുകള്‍ക്കും നമ്മുടെ രാജ്യത്തേക്ക് യഥേഷ്ടം കടന്നു വരാം.
മക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കുന്നു.
ഇപ്പോള്‍, അവര്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നിരപരാധികളെ കൊന്നൊടുക്കുന്നു.
കെട്ടിച്ചമച്ച തെളിവുകളും ഗൂഢപദ്ധതികളും വഴി മുസ്ളിം യുവാക്കളെ കുറ്റം ചുമത്തി ജയിലിലടയ്ക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. (നിരപരാധികളായ നൂറുകണക്കിനു യുവാക്കള്‍ ഇതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കുന്നു. നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകുന്നു.)
പ്രാപ്തരും പ്രതി‍ജ്ഞാബദ്ധരുമായ ഉദ്യോഗസ്ഥന്മാരെ ഗൂഢാലോചനകളിലൂടെ ഭീകരാക്രമണമുഖങ്ങളിലേക്കു പറഞ്ഞുവിടുന്നു. തങ്ങളുടെ കൂടെയുള്ളവരെ തന്നെ കൊന്നു തിന്നുന്നു.


ദേശസ്നേഹത്തിന് പുതിയ നിര്‍വ്വചനങ്ങള്‍!!!


Sunday, January 16, 2011

ശബരിമലയിലെ ദുരന്തം

മകരജ്യോതി ദര്‍ശനത്തിനു ശേഷം ശബരിമലയിലെ പുല്‍മേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 102 പേര്‍ മരിച്ച സംഭവം ഒരു പൌരസമൂഹം എന്ന നിലക്ക് കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷപ്പെടുന്ന മകരജ്യോതി ദൈവികമായ ഒരു കാഴ്ചയാണെന്ന വിശ്വാസത്തിലാണ് അയ്യപ്പഭക്തന്മാര്‍ അതു കാണുന്നതിനും വണങ്ങുന്നതിനും കാത്തുനില്ക്കുന്നത്. എന്നാല്‍, ഈ ജ്യോതിദര്‍ശനത്തില്‍ ദൈവികമായ ഒന്നും തന്നെയില്ലെന്നും ഭരണകൂടത്തിന്റെ ഇടപെടലിലൂടെ കെ.എസ്.ഇ.ബി യിലേയോ പോലീസ് വിഭാഗത്തിലേയോ ഉദ്യോഗസ്ഥന്മാര്‍ സൃഷ്ടിക്കുന്ന ജ്യോതിയാണ് ഭക്തന്മാര്‍ കാണുന്നതെന്നും ഇതിനെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നും ഭരണകൂടത്തിന്റെ അറിവോടെയും അനുവാദത്തോടെയുമാണ് ഇതു നടക്കുന്നതെന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മകരജ്യോതിയില്‍ യുക്തിപരമോ ശാസ്ത്രീയമോ ആയ യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലെന്നതു പോലെ ദൈവികമായ യാഥാര്‍ത്ഥ്യവുമില്ല.  ഇപ്പോള്‍ അത് ഒരു അന്ധവിശ്വാസമാണ്.


ഒരു ജനാധിപത്യ പൌരസമൂഹത്തില്‍, ഐഹികതയുടെ മൂല്യങ്ങളോട് ഏതെങ്കിലും വിധത്തില്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയില്ല. ഇങ്ങനെയൊരു അപകടത്തിന് അവിടെ സാദ്ധ്യതകളുമില്ല.ഒരു അന്ധവിശ്വാസത്തിലേക്ക് ജനങ്ങളെ ആട്ടിത്തെളിക്കുകയും ഇത്ര വലിയ ദുരന്തങ്ങളിലേക്ക് അതു നയിക്കപ്പെടുകയും ചെയ്യുന്നതിനെ നേരിടാന്‍ ഒരു ആധുനിക പൌരസമൂഹത്തിന്റെ മനസ്സോടെ കേരളം പ്രതികരിക്കേണ്ടിയിരിക്കുന്നു.

Thursday, January 6, 2011

യുക്തി എത്രമാത്രം യുക്തിഭദ്രമാണ്?

യുക്തിയെ കുറിച്ചുള്ള ചില സമകാല പ്രതികരണങ്ങളാണ്‌ ഇവിടെ എഴുതുന്നത്‌. ഡേവിഡ്‌ മില്ലര്‍ പറയുന്നു"ഞാന്‍ യുക്തിയെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌,എന്നാല്‍, ഞാന്‍ കാണുന്നത്‌ നുണകളാണ്‌." യുക്തിയും ശാസ്ത്രവും പൊതുജനസമ്പര്‍ക്കവ്യവസായത്തിന്റെ, പരസ്യവ്യവസായത്തിന്റെ, നല്ല ആയുധങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രത്തേയും യുക്തിയേയും സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി പരസ്യവ്യവസായികള്‍ ദുരുപയോഗപ്പെടുത്തുന്നു. സ്ത്രീകളില്‍ സിഗരറ്റു വലിക്കുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു പരസ്യം സിഗരറ്റിനെ സ്വാതന്ത്ര്യത്തിന്റെ ടോര്‍ച്ചായും സമത്വത്തിന്റെ വാഹകമായും അവതരിപ്പിക്കുന്നു. മനശാസ്ത്രയുക്തിയുടെ സമര്‍ത്ഥമായ ഉപയോഗമാണിത്‌. ഇന്റര്‍നാഷണല്‍ ലൈഫ്‌ സയന്‍സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നു കേള്‍ക്കുമ്പോള്‍ അത്‌ ഒരു ശാസ്ത്രസ്ഥാപനമാണെന്നു നമുക്കു തോന്നുമെങ്കിലും ഭക്ഷ്യവ്യവസായത്തിന്റേയും രാസവ്യവസായത്തിന്റേയും മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വലിയ കമ്പനികള്‍ ഒന്നിച്ചുകൂടുന്ന ഒരു ലോബിയാണത്‌. കുറേ വര്‍ഷങ്ങളായി അതിനെ നയിച്ചു കൊണ്ടിരുന്നത്‌ കൊക്കോകോള കമ്പനിയാണ്‌. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മറ്റും പ്രതിനിധീകരിക്കുന്നത്‌ ശാസ്ത്രയുക്തിയെയല്ല, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ താല്പര്യങ്ങളെയാണ്‌. 

നമ്മുടെ യുക്തിയോടുള്ള പ്രതിജ്ഞാബദ്ധത വളരെ നേരിയതാണെന്ന് അമേരിക്കന്‍ ജനതയെ ചൂണ്ടി നോം ചോംസ്ക്കി പറയുന്നുണ്ട്‌. ചെചെനിയയുടെ മേലുള്ള റഷ്യന്‍ അധിനിവേശത്തെ കുറിച്ചു നടന്നതു പോലുള്ള ഒരു ചര്‍ച്ച അമേരിക്കയുടെ ഇറാക്ക്‌ അധിനിവേശത്തെ കുറിച്ച്‌ നടന്നില്ലെന്ന് അദ്ദേഹം തന്റെ ജനതയോടു പറയുന്നു. നാം മറ്റുളളവരെ വിലയിരുത്തുന്നതിന്‌ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ സ്വയം വിലയിരുത്തുന്നതിന്‌ ഉപയോഗിച്ചിരുന്നെങ്കില്‍ അത്‌ അസഹനീയമായ ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുമായിരുന്നുവെന്ന്, ഈ അധികാരഘടനയുടെ മൌലികവിമര്‍ശനമായി മാറിത്തീരുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ഈ ചര്‍ച്ചയില്‍ യുക്തിസഹമായ ഒരു തീരുമാനം എടുക്കാന്‍ അമേരിക്കന്‍ ജനത വിമുഖരായിരുന്നുവെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. തങ്ങള്‍ക്ക്‌ സ്വാംശീകരിക്കാന്‍ കഴിയുന്ന എന്തിനേയും ചൂഷണത്തിനും കീഴടക്കലിനും വേണ്ടി അധികാരശക്തികള്‍ ഉപയോഗിക്കുന്നുവെന്നും ശാസ്ത്രവും യുക്തിയും ഇതിന്‌ അപവാദമാകുന്നില്ലെന്നും നോം ചോംസ്ക്കി കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌. 

നമ്മള്‍ ആരും തന്നെ യുക്തിബോധത്തെ ഉപയോഗിക്കുന്നതേയില്ലെന്ന് പറയുന്നവരുണ്ട്‌. ന്യൂറോ ശാസ്ത്രജ്ഞനായ ക്രിസ്‌ ഫ്രിത്ത്‌ ഈ വാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. നാം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്‌, ചിന്തിക്കുന്നതു തന്നെയും, ബോധപൂര്‍വ്വമല്ലെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാറ്റിനേയും കുറിച്ച്‌ ബോധപൂര്‍വ്വം ചിന്തിച്ചു കൊണ്ടേ പ്രവര്‍ത്തിക്കൂയെന്ന് തീരുമാനിച്ചാല്‍ പിന്നെ നമുക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ലത്രെ! ഏതൊരു കാര്യവും നന്നായി ചെയ്യുന്നതിന്‌ നമ്മുടെ അബോധത്തിന്‌ ശരിയായ കഴിവുകളുണ്ട്‌. നമ്മുടെ വൈകാരികപ്രതികരണങ്ങള്‍ പലപ്പോഴും ബോധപൂര്‍വ്വനിശ്ചയങ്ങളേക്കാല്‍ മെച്ചമാണ്‌. ബോധപൂര്‍വ്വമായ യുക്തിയുടെ പ്രയോഗം നാം ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുന്നതിനുള്ള ശ്രമം മാത്രമാണ്‌. നാം എന്തുകൊണ്ട്‌ ഒരു കാര്യം അങ്ങനെ ചെയ്തുവെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്നതിനുള്ള മാര്‍ഗമാണിത്‌. ഈ ന്യായീകരണങ്ങള്‍ നമ്മുടെ ചിന്തകളുടേയും ഓര്‍മ്മകളുടേയും കുഴങ്ങിയ അവസ്ഥകളില്‍ നിന്നും ജനിക്കുന്ന ഒരു 'കഥ'യാണ്‌. നമ്മുടെ ന്യായീകരണങ്ങളില്‍ വികാരങ്ങള്‍ മൂടികിടക്കുന്നുണ്ട്‌. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രം തലച്ചോറിനെ കുറിച്ചും വികാരങ്ങളെ കുറിച്ചും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നു. നാം എങ്ങനെയാണ്‌ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്‌, പഠിക്കുന്നത്‌, തീരുമാനങ്ങള്‍ എടുക്കുന്നത്‌, ഓര്‍മ്മിച്ചെടുക്കുന്നത്‌, തിരിച്ചറിയുന്നത്‌, പ്രവര്‍ത്തിക്കുന്നത്‌ ... ഇവയെ കുറിച്ചെല്ലാം നിലനില്ക്കുന്ന പഴയ ആശയങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു. നമ്മളില്‍ യുക്തി രൂപപ്പെടുന്നതിനെ കുറിച്ചുള്ള ധാരണകള്‍ പുതുക്കപ്പെടുകയാണ്‌. കാരണയുക്തി സര്‍ഗാത്മകതയേയും സഹജാവബോധത്തേയും നിഷേധിക്കുന്നുവെന്ന്, ഇത്‌ സമഗ്രമായ നിലപാടിലെത്താന്‍ നമ്മെ അശക്തരാക്കുന്നുവെന്ന് കലാകാരനായ കീത്ത്‌ ടൈസന്‍ എഴുതുന്നു. ഐസക്‌ ന്യൂട്ടനു മാത്രമല്ല, ലിയോനാര്‍ദോ ഡാവിഞ്ചിക്കും പ്രാധാന്യമുണ്ട്‌. വിജ്ഞാനത്തിന്റെ ന്യൂനീകരണം സാങ്കേതികവിദ്യയുടെ വികാസത്തെ ത്വരിപ്പിച്ചെങ്കിലും വ്യത്യസ്തവ്യവഹാരങ്ങളുടെ കൂടിച്ചേരലില്‍ നിന്നും ഉരുത്തിരിയുന്ന സമഗ്രമായ ഉദ്ഗ്രഥനത്തെ സഹായിച്ചില്ല. ഇത്‌ ബുദ്ധി കൊണ്ട്‌ വികലനം ചെയ്യേണ്ട പ്രശ്നമല്ല, ഒരു വൈകാരികപ്രശ്നമാണ്‌. കാരണയുക്തി സനാതനമൂല്യങ്ങള്‍ക്കും സാന്മാര്‍ഗികതയ്ക്കും എതിരായി നില്‍ക്കുന്നുവെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്‌ റോവന്‍ വില്യംസിന്റെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കാവുന്നതാണ്‌. കാരണയുക്തിയുടെ കടന്നുകയറ്റം മനുഷ്യരെ യുക്തിയുള്ളവരെന്നും യുക്തിയില്ലാത്തവരെന്നും വേര്‍തിരിച്ചു. ആധികാരികതയുടെ ആക്രമണത്തെ സഹായിക്കുന്ന ഉപകരണമായി കാരണയുക്തി പരിണമിച്ചു. മാനുഷികവും സാന്മാര്‍ഗ്ഗികവുമായ ഒരു ലോകം എങ്ങനെ സൃഷ്ടിക്കുമെന്ന ചോദ്യത്തെ അത്‌ ഉന്നയിക്കുതേയില്ല. അത്‌ സൃഷ്ടിച്ചത്‌ മാനുഷികതയുടെ വളരെ കൃത്രിമമായ ഒരു മാതൃകയെയാണ്‌. യുക്തിയില്‍ മാത്രമായി ഫോക്കസ്‌ ചെയ്യുന്ന ഒരാള്‍ക്ക്‌ മനുഷ്യര്‍ അവരുടെ ജീവിതത്തെ എങ്ങനെയാണു മനസ്സിലാക്കുതെന്ന് വിശദീകരിക്കാന്‍ കഴിയില്ല. വരണ്ട യുക്തി കൊണ്ടല്ല, കഥകള്‍ കൊണ്ടാണ്‌ ജനങ്ങള്‍ ലോകത്തെ മനസ്സിലാക്കുന്നത്‌. യുക്തിയുടെ പരിമിതലോകത്ത്‌ ഒതുങ്ങിക്കഴിയാന്‍ മനുഷ്യര്‍ക്കാവില്ലെന്ന് സാന്മാര്‍ഗികശാസ്ത്രജ്ഞനായ ടോം ഷേക്സ്പിയര്‍ വാദിക്കുന്നു. കാരണയുക്തി മറ്റൊരു വിശ്വാസം മാത്രമാണെന്നു പറയുന്ന മേരി മിഡ്ഗ്ളൈ ഒരു വ്യവസ്ഥയും അപ്രമാദിത്വമുള്ള വെളിപാടുകള്‍ നല്‍കാന്‍ കരുത്തുള്ളതല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്തപ്രശ്നങ്ങള്‍ വ്യത്യസ്തങ്ങളായ ചിന്താരീതികളെ ആവശ്യപ്പെടുന്നുണ്ട്‌. 

ഗണിതശാസ്ത്രകാരനായ റോജര്‍ പെന്‍ റോസ്‌ എഴുതുന്നത്‌ കാരണയുക്തിയെ അടിസ്ഥാനപ്പെടുത്തുന്ന ശാസ്ത്രം തന്നെ യുക്തിബോധത്തിലെ വിടവുകളെ കണ്ടെത്തുന്നുവെന്നാണ്‌. ഗോഡല്‍ സിദ്ധാന്തം യുക്തിയിലെ വിടവുകളെ ചൂണ്ടിക്കാണിക്കാന്‍ കഴിവുള്ള ഗണിതശാസ്ത്രഫലമാണ്‌. ഔപചാരികയുക്തി സാര്‍വ്വലൌകികമാണെന്ന പ്രതീക്ഷയെ ഗോഡല്‍ സിദ്ധാന്തം തകര്‍ത്തു കളയുന്നു. സുഭദ്രവും സ്വയംസിദ്ധവുമായ പ്രമാണ(theorem)ങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യൂഹങ്ങള്‍ക്കും തീര്‍ച്ച പറയാനാവാത്ത പ്രമേയങ്ങളുണ്ടായിരിക്കുമെന്നാണ്‌ ഗോഡല്‍ സിദ്ധാന്തിക്കുന്നത്‌. ഇത്‌ കാരണയുക്തിയുടെ പരിമിതിയെ പുറത്തു കൊണ്ടുവരുന്നു. തന്റെ ഒരു സിദ്ധാന്തത്തെ വിശദീകരിക്കുന്നതിന്‌ സഹജാവബോധം, ഉള്‍ക്കാഴ്ച തുടങ്ങിയ വാക്കുകളെയാണ്‌ ഗോഡല്‍ ഉപയോഗിക്കുന്നത്‌. ക്വാണ്ടം ബലതന്ത്രം നിര്‍ദ്ദേശിക്കുന്ന സൂക്ഷ്മകണികയുടെ യുക്തിരഹിതമായ പെരുമാറ്റത്തെ കുറിച്ചും റോജര്‍ പെന്‍ റോസ്‌ എഴുതുന്നുണ്ട്‌. ഒരു സൂക്ഷ്മകണികയെ ഒരേ സമയത്ത്‌ രണ്ടു സ്ഥലങ്ങളില്‍ കാണാനുള്ള സാദ്ധ്യതകളെയാണ്‌ ഈ ശാസ്ത്രജ്ഞന്‍ പരാമര്‍ശിക്കുന്നത്‌. ശാസ്ത്രത്തില്‍ യുക്തിരാഹിത്യവും വൈരുദ്ധ്യങ്ങളും നിറയുകയാണത്രെ! അവിടെ എന്തുമാകാമെന്ന സ്ഥിതി സംജാതമായിരിക്കുന്നു. എങ്കിലും, മാനവിക വ്യവഹാരങ്ങളും അന്വേഷണങ്ങളും യുക്തിയിലധിഷ്ഠിതമായിരിക്കണമെന്ന് ഈ ശാസ്ത്രജ്ഞന്‍ ഉറപ്പിക്കുന്നു. 

നമ്മുടെ യുക്തിയുടെ ഉപയോഗങ്ങള്‍ യുക്തിഭദ്രമായിരിക്കണം.

'NEW SCIENTIST' നോട് കടപ്പാട്

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...