ലൈംഗികതയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. വളരെ സ്വാഭാവികമെന്നോണം. അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെങ്കില്‍ കൂടി. പുരുഷന്‍ പുരുഷനാണ്. സ്ത്രീ സ്ത്രീയാണ്. ഇതില്‍ സംശയിക്കാനെന്തിരിക്കുന്നു? നന്നായി ഉറപ്പിച്ചിരിക്കുന്ന കാര്യം. ഈ ഉറപ്പിനെ ലംഘിച്ചുകൊണ്ട് മലയാളത്തില്‍ ആദ്യം എഴുതിയത് ബഷീര്‍ ആയിരുന്നു. ബഷീറിന്റെ 'ശബ്ദങ്ങള്‍' എന്ന നോവലിനെ മുന്‍നിര്‍ത്തി സദാചാരവാദികളായ നിരൂപകരും വായനക്കാരും അനാവശ്യശബ്ദങ്ങള്‍ മുഴക്കി. നപുംസകങ്ങളുടെ, ഹിജഡകളുടെ, സ്വവര്‍ഗരതിയുടെ കഥയാണ് ബഷീര്‍ എഴുതിയത്. ലൈംഗികത പ്രശ്നപൂരിതമായി. ഇന്ത്യക്കാരന് അന്യമായ ലോകത്തിന്റെ കഥയായിരുന്നില്ല ബഷീര്‍ എഴുതിയത്. ഹിജഡ ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായിരുന്നു. ലൈംഗികതയെ കുറിച്ചുള്ള സങ്കല്‍പനങ്ങളിലെ കേവലനിര്‍ണ്ണയവാദം അപ്രസക്തമാണെന്ന് മഹാഭാരതകഥ ശ്രദ്ധിച്ചു കേട്ടവര്‍ക്ക് മനസ്സിലായിരുന്നുവെന്നു തീര്‍ച്ച. എന്നാല്‍, കൊളോണിയലിസത്തിന്റെ വിക്ടോറിയന്‍ സദാചാരസങ്കല്‍പനങ്ങളായിരുന്നു നമ്മുടെ ബോധാകാശങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. എല്ലാവര്‍ക്കും അറിയാവുന്ന ലൈംഗികതയുടെ പാഠങ്ങള്‍ കൊളോണിയലിസം സമ്മാനിച്ച പാഠങ്ങളായിരുന്നു. പുരുഷന്‍ പുരുഷനാണ്. സ്ത്രീ സ്ത്രീയാണ്. ബഷീറിന്റെ നോവലിനെതിരെ കൂക്കുവിളികള്‍ ഉയര്‍ത്തിയവര്‍ ഈ പാഠങ്ങളില്‍ തറഞ്ഞു കിടന്നവരായിരുന്നു. ബഷീര്‍ എഴുതിയത്, ഒരിക്കലും എഴുതാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് അവര്‍ക്കു തോന്നി.
ലൈംഗികതയെ പ്രശ്നപൂരിതമാക്കുന്ന സങ്കല്‍പനങ്ങളും ചിന്തയും ഇന്ത്യയുടെ മാത്രം സവിശേഷതയായിരുന്നില്ല. ആത്മാവിന്നടിയില്‍ സൂക്ഷിക്കപ്പെടുന്ന, കൃത്യമായും വ്യക്തമാകാത്ത എന്തിന്റേയോ പ്രകാശനമായി പുരുഷന് പുരുഷനോടുള്ള ആഗ്രഹത്തെ വിശദീകരിക്കുന്ന ഗ്രീക്ക് ചിന്തകനായ അരിസ്റ്റോഫെനിസിന് ലൈംഗികതയുടെ അപരലോകങ്ങളെ കുറിച്ച് അറിയാമായിരുന്നു, സ്വവര്‍ഗരതി എന്ന സംവര്‍ഗത്തെ ഈ ചിന്തകന്‍ സൃഷ്ടിച്ചിരുന്നില്ലെങ്കിലും. ലൈംഗികതയേയും രതിയേയും പാപത്തോടു സമീകരിക്കുന്ന മതചിന്തകള്‍ നേടിയ അധീശത്വം ഈ വിമതചിന്തകളിലെ ബഹുസ്വരങ്ങളെ നിര്‍വീര്യമാക്കി. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം, നൂറുവര്‍ഷത്തിലേറെ മാത്രം പഴക്കമുള്ള, താരതമ്യേന ഒരു പുതിയ സംവര്‍ഗമായി സ്വവര്‍ഗരതി മാറിത്തീര്‍ന്നത് ഇങ്ങനെയാണ്. എന്നാല്‍, സിമോ ദ് ബുവേയുടേയും മിഷേല്‍ ഫൂക്കോയുടേയും മറ്റും രചനകള്‍ ലൈംഗികതയെ കുറിച്ചുള്ള വിചാരങ്ങളെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേക്കു നയിച്ചു. നമ്മളിലെല്ലാം ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന ലൈംഗികഗണങ്ങള്‍ സാമൂഹികനിര്‍മ്മിതികളാണെന്ന ഫൂക്കോയുടെ നിദര്‍ശനം കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മനുഷ്യന്റെ ബുദ്ധിജീവിതം ഉല്‍പാദിപ്പിച്ച പ്രധാനപാഠങ്ങളിലൊന്നായിരുന്നു.
ലൈംഗികതയെ കുറിച്ചുള്ള സാമൂഹികനിര്‍മ്മിതിവാദം എന്താണ് പറയുന്നത്? മനുഷ്യര്‍ ആണായിട്ടോ പെണ്ണായിട്ടോ ജനിക്കുന്നില്ല. ഈ വിഭജനങ്ങള്‍ സമൂഹം നിര്‍മ്മിച്ചു നല്‍കുന്നതാണ്. ഒരു സവിശേഷസമൂഹത്തിന് സ്വീകാര്യമായ രീതിയിലുള്ള ലൈംഗികപാഠങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന കുട്ടികളെ ലൈംഗികത പ്രത്യുല്‍പാദനത്തിനുള്ള മാര്‍ഗം മാത്രമെന്ന് ശീലിപ്പിക്കുന്നു. അത് ശരീരശാസ്ത്രപരമായ ഒരു പ്രശ്നമായി ചുരുക്കപ്പെടുന്നു. ലൈംഗികതയെ സാമൂഹികനിര്‍മ്മിതിയായി കാണുന്ന വീക്ഷണം ജീവശാസ്ത്രപരമായ ഈ നിര്‍ണ്ണയവാദത്തിന് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. മലയാളിയുടെ സാമൂഹികജീവിതത്തിലും ഇതിന്റെ അനുരണനങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. മലയാളകഥാസാഹിത്യത്തിലേക്കുള്ള അതിന്റെ വരവ് ഇപ്പോള്‍ സഫലമായി അറിയിച്ചത് പ്രമോദ് രാമന്റെ കഥകളാണ്.
പ്രമോദ് രാമന്റെ ആദ്യത്തെ ആറു കഥകളുടേയും പ്രമേയം ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. സപുംസകരുടെ പത്തു പടവുകള്‍, ഛേദാംശജീവിതം, രതിമാതാവിന്റെ പുത്രന്‍, (ഒരു)ബ്രാക്കറ്റില്‍ എത്ര പേര്‍ക്കു ജീവിക്കാം? എന്നീ നാലു കഥകള്‍ സ്വവര്‍ഗാനുരാഗത്തിന്റെ വിവിധവും വ്യത്യസ്തവുമായ പ്രശ്നീകരണങ്ങളിലൂടെ സഞ്ചരിക്കുന്നു. ചാരത്തൂവാല, റെഡ്ക്രോസ് എന്നീ കഥകള്‍ പെണ്ണിന്റെ സഹനത്തിന്റേയും അവള്‍ക്കേല്‍ക്കുന്ന പീഡനങ്ങളുടേയും കഥകളാണ്. നമുക്ക് തൊട്ടറിയാവുന്ന പുരുഷാധിപത്യത്തിന്റെ ലോകത്തിലാണ് ഈ കഥകള്‍ സംഭവിക്കുന്നത്. നമ്മുടെ ലൈംഗികവ്യവഹാരങ്ങളിലുടനീളം പുരുഷാധികാരം എങ്ങനെയെല്ലാം സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നുവെന്നും സ്വയം പുനരുല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും തെളിയിക്കുന്ന ആഖ്യാനങ്ങളായി ഈ കഥകള്‍ മാറിത്തീരുന്നു. പ്രമേയങ്ങള്‍ക്കു യോജിച്ച സവിശേഷമായ മൂശയിലാണ് ഈ കഥകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സദൃശമെന്നു ചൂണ്ടിക്കാണിക്കാന്‍ മറ്റൊന്നില്ലാത്ത മൂശയാണിത്. 'No doubt,കാറ്റു പോയാപ്പിന്നെ എന്താണും പെണ്ണും' എന്ന ചോദ്യം ഒരു കാര്യം ഉറപ്പിക്കുന്നുണ്ട്. ആണിനേയും പെണ്ണിനേയും സൃഷ്ടിക്കുന്നത് ഉള്ളിലെ കാറ്റാണെന്ന ഉറപ്പാണത്. ആണും പെണ്ണും ആണ്‍ശരീരവും പെണ്‍ശരീരവുമല്ല, മറിച്ച്, ആണാണെന്ന ബോധവും പെണ്ണാണെന്ന ബോധവുമത്രെ! ജീവശാസ്ത്രനിര്‍ണ്ണയവാദത്തിനെതിരായ ഉറപ്പാണിത്. പേര് ആണിനേയും പെണ്ണിനേയും നിര്‍ണ്ണയിക്കുന്നില്ല. പേരില്‍ താരയുള്ള താരാനാഥന്‍ പെണ്ണല്ല. പേരു പറയാത്തവന്‍ താരാനാഥന്റെ താരയായി മാറുന്നു. No. Iam the boy, You are the girl. താരാനാഥന് എപ്പോഴും ഉറപ്പുണ്ടായിരുന്നു. പേരില്ലാത്തവന് ഒരിക്കലും ആണ്‍വേഷം കിട്ടിയില്ല. ആണും പെണ്ണും വളര്‍ത്തപ്പെടുന്നത് ഒരേ രീതികളിലല്ല. ഇവിടെ, നാഥന്റെ പെണ്ണായി തീരേണ്ട പേരില്ലാത്തവന്‍ എപ്പോഴും വഴങ്ങേണ്ടവന്‍. നാഥനോ, മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ പൈസ പോക്കറ്റിലിടുന്നത് അവന്‍. കുന്നുമ്മല് മുതിരപ്പാടത്ത് തൂറാന്‍ പോയി വന്നിട്ട് വെള്ളം ചോദിക്കുമ്പോള്‍ ആദ്യത്തെ പാട്ട വെള്ളം അവന്, വിഷുവിന് വെടിപൊട്ടിക്കുമ്പോള്‍ ഓലവെടിയും പൂക്കുറ്റിയും നെല്‍ച്ചക്രവും അവന്. എല്ലില്ലാത്ത കോഴിക്കഷണം അവന്. അവന്‍ എപ്പോഴും അധികാരി. അവന്‍ സംസാരിക്കുന്നത് ആംഗലഭാഷയില്‍. പേരില്ലാത്തവന്‍ നാഥന്റെ താരയായി മാറുന്നു. നാഥന് താരയെ വേണ്ടിടത്തെല്ലാം പേരില്ലാത്തവന്‍ ഒടിഞ്ഞും വളഞ്ഞും നല്‍കി. നാഥന്‍ അധികാരമുള്ള പുരുഷനായി വളരുമ്പോള്‍ പേരില്ലാത്തവന്‍ എല്ലാറ്റിനും അവനു മുന്നില്‍ കീഴടങ്ങുന്ന താരയായി മാറുന്നു. വീട്ടിലും പുറത്തും പെണ്ണിനേയും ആണിനേയും നിര്‍മ്മിച്ചെടുക്കുന്നത് എങ്ങനെയെന്ന് സപുംസകരുടെ പത്തു പടവുകള്‍' എന്ന കഥ ശരിയായി പറഞ്ഞുവയ്ക്കുന്നു. സ്വവര്‍ഗാനുരാഗത്തിന്റെ കഥ പുരുഷാധികാരത്തിന്റേയും സ്ത്രീയുടെ കീഴടങ്ങലിന്റേയും കഥയായി മാറിത്തീരുന്നു. Girl is a boy who yields a girlഎന്ന നാഥന്റെ വാക്കുകള്‍ ലൈംഗികത എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്നു ബോദ്ധ്യപ്പെടുത്തുന്ന മറ്റൊരു പ്രസ്താവനയത്രെ! ലൈംഗികതയിലെ ഭേദങ്ങളെ അതു വ്യത്യസ്തമായി നോക്കിക്കാണുന്നു. നപുംസകത്തെ സപുംസകമാക്കുന്നു.
ഛേദാംശജീവിതം ഒരു ലിംഗമാറ്റത്തിന്റെ കഥ പറയുന്നു. ലിംഗമാറ്റശസ്ത്രക്രിയകള്‍ സാദ്ധ്യമാണെന്നത് തെളിയിക്കുന്നതെന്താണ്? പ്രകൃതി ലിംഗത്തെ കേവലമായി നിര്‍ണ്ണയിക്കുന്നില്ല. ലൈംഗികതയെ ശരീരത്തിലേക്ക് ന്യൂനീകരിക്കാന്‍ കഴിയില്ലെന്നതിന്റെ ഉറപ്പാണിത്. 'സപുംസകരുടെ പത്തു പടവുകള്‍' എന്ന കഥയിലെ പേരില്ലാത്തവന്‍ നാഥനു സ്വവര്‍ഗരതിയിലൂടെ കീഴ്പ്പെടുന്നതേയുള്ളുവെങ്കില്‍, ഇവിടെ ശസ്ത്രക്രിയയിലൂടെ മഞ്ജിത് മേനോന്‍ മഞ്ജുവായി മാറിത്തീരുന്നു. ചന്ദ്രന്റെ ആഗ്രഹപ്രകാരമായിരുന്നു അത്. അയാള്‍ക്ക് മഞ്ജിത് മേനോന്‍ ഭാര്യയായിത്തീരണം. എന്നാല്‍, ലിംഗമാറ്റശസ്ത്രക്രിയക്കു മുമ്പും ശേഷവും മഞ്ജുവിനെ സഹായിച്ചത് നേഹയായിരുന്നു. 'ശസ്ത്രക്രിയയല്ല, എന്നെ പെണ്ണാക്കിയത് നേഹയാണെന്ന് മഞ്ജു തിരിച്ചറിയുന്നു. അവള്‍ നേഹയുടേതായി തീരാന്‍ കൊതിക്കുന്നു. മഞ്ജു ചോദിക്കുന്നു 'മാറാമോ, നേഹ, ഈ ശരീരം മാത്രം? ഈ കായകവചം? ഉടുപ്പൊന്നു മാറും പോലെ മാത്രം? നേഹാ, നിനക്കെന്റെ ആണാകാമോ?' നേഹയുടെ പരിപാലനത്തിലൂടെ സ്ത്രീയായി മാറിത്തീര്‍ന്നവള്‍ നേഹയെ പുരുഷനായി കിട്ടാന്‍ മോഹിക്കുന്നു. ശരീരത്തെ ഉടുപ്പിനോട് ഉപമിക്കുന്ന ആഖ്യാനം ലിംഗ(gender)ത്തിന്റെ അനിശ്ചിതവും ആഗന്തുകവുമായ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ഉചിതമായ സന്ദര്‍ഭങ്ങളെ തന്റെ ആഖ്യാനത്തിലേക്ക് ക്ഷണിച്ചുവരുത്തിയ കഥാകാരന്‍ ആണിനേയും പെണ്ണിനേയും സൃഷ്ടിക്കുന്നത് പരിസ്ഥിതികളാണെന്ന്, പരിപാലനമാണെന്ന് വീണ്ടും എഴുതുകയായിരുന്നു. ലൈംഗികതയെ കുറിച്ചുള്ള വ്യവസ്ഥാപിതമായ ധാരണകളെ അട്ടിമറിക്കുന്ന കഥാഖ്യാനമാണിത്.
ടോം ടൈക്ക്വര്‍ സംവിധാനം ചെയ്ത ത്രീ (Three) എന്ന ജര്‍മ്മന്‍ ചലച്ചിത്രം മൂന്നുപേര്‍ തമ്മിലുള്ള പ്രണയബന്ധത്തിന്റെ കഥയാണു പറയുന്നത്. ആദം എന്ന ഗവേഷകനുമായി പ്രണയത്തിലാകുന്ന ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റേയും കഥയില്‍ ആണും പെണ്ണും തമ്മിലുള്ള പ്രണയത്തോടൊപ്പം പുരുഷന്‍മാരുടെ സ്വവര്‍ഗാനുരാഗവും ആവിഷ്ക്കൃതമാകുന്നു. ജീവശാസ്ത്രപരമായ നിര്‍ണ്ണയവാദത്തിനെതിരായ സംഭാഷണങ്ങളും ചലച്ചിത്രത്തിലുണ്ട്. എന്നാല്‍, നിര്‍ണ്ണയവാദത്തിനെതിരായ ചിത്രം ആപേക്ഷികവാദത്തിന്റെ പരമകാഷ്ഠയിലേക്കു നീങ്ങുന്നതായി നമുക്കു തോന്നിപ്പോകുന്നു. ലൈംഗികതയെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് ലൈംഗിക അരാജകത്വത്തിന്റെ പ്രക്ഷേപകരാകാനും കഴിയും. മൂന്നു പേരുടെ പ്രണയകഥയെ പറയുന്ന പ്രമോദ് രാമന്റെ 'രതിമാതാവിന്റെ പുത്രന്‍' എന്ന ആഖ്യാനം വായനക്കാരനെ അരാജകത്വത്തിലേക്ക് നയിക്കുന്നില്ല. ഇവിടെ രതിയും ജീവനും രത്തനുമാണ് കഥാപാത്രങ്ങള്‍. തന്റെ പുരുഷത്വത്തിന്റെ പരിമിതികളറിയുന്ന ജീവന്‍ രതിക്കു വേണ്ടി ആയുര്‍വേദ ക്യാപ്സ്യൂളുകള്‍ വിഴുങ്ങി. താന്‍ എന്തോ അതായിരിക്കാന്‍ വേണ്ടി രത്തന്റെ അടുത്തെത്തി. അവന്‍ നീട്ടിയ ലേഹ്യവും കഴിച്ചു.
രാത്രിയില്‍ രതിക്കായി ഗുളിക, രത്തനായി ലേഹ്യം
രതിക്കു മുന്നില്‍ വിത്തുകാള, രത്തനു മുന്നില്‍ കാമധേനു
രാത്രിയില്‍ കൊമ്പുകുലുക്കും, പകല്‍ പാല്‍ ചുരത്തും
ഞാന്‍, വൃഷണങ്ങളും അകിടും ഒരുമിച്ചു വളരുന്ന കാമവൃഷഭം
രതിയുടെ കുഞ്ഞിനെ രത്തന്‍ സ്വീകരിക്കുന്നതോടെയാണ് കഥ അവസാനിക്കുന്നത്. മരുന്നുകമ്പനികളാണ് ആണും പെണ്ണും ലൈംഗികമായി പൂര്‍ണ്ണരായി മാറാന്‍ ആഗ്രഹിക്കുന്നത് എന്ന പരിഹാസവാക്യം മനുഷ്യന്റെ ലൈംഗികതയിലെ അപൂര്‍ണ്ണതയെ കുറിച്ചുള്ള പ്രസ്താവമാണ്. ലിംഗസ്വത്വത്തെ കുറിച്ചുള്ള അസത്യസങ്കല്‍പനങ്ങളുടെ സാക്ഷാത്ക്കാരമായി വിവാഹത്തെ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളെ കഥ ആവിഷ്ക്കരിക്കുന്നു. നിങ്ങള്‍ ആണിന്റേയും പെണ്ണിന്റേയും സംയുക്തമാണെന്ന് പറഞ്ഞുതരുന്നു.
എല്ലാ കഥകളും ശുഭപര്യവസാനികളല്ല. രതിയേയും രത്തനേയും ജീവനേയും ഒരു ബ്രാക്കറ്റിനുള്ളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമായിരുന്നില്ല. അത് രണ്ടുപേരുടെ മരണത്തില്‍ കലാശിച്ചു. '(ഒരു)ബ്രാക്കറ്റിനുള്ളില്‍ എത്ര പേര്‍ക്കു ജീവിക്കാം' എന്ന കഥയിലും മൂന്നു പേരുണ്ട്. കുറേ നാള്‍ ഞെരുങ്ങിഞ്ഞെരുങ്ങി ഒരു ബ്രാക്കറ്റിനുള്ളില്‍ ജീവിച്ചവര്‍. ജോളിയും റോസിയും എല്‍ദോയും. ഇവരുടെ കഥ കൊലയിലും ആത്മഹത്യയിലുമാണ് അവസാനിക്കുന്നത്. ബ്രാക്കറ്റില്‍ നിറഞ്ഞു നിന്നത് ജോളിയും എല്‍ദോയുമായിരുന്നു. റോസി ഞെരുക്കാന്‍ വരുന്ന കട്ടുറുമ്പ്. ജോളിയുടേയും റോസിയുടേയും കല്യാണം കഴിഞ്ഞപ്പോള്‍ റോസി ജോളിയോടു ചോദിച്ചു. നമ്മുടെ കെട്ടിനു സമ്മതം എല്‍ദോക്കായിരുന്നോ? അവള്‍ കത്തിയെടുത്ത് ജോളിയെ കുത്തി. കൊലപാതകം. എന്നാല്‍, ജോളി അതിനു മുന്നേ തന്നെ സ്വയം മരിക്കാന്‍ തീരുമാനമെടുത്തിരുന്നു. റോസി കുത്തുമ്പോള്‍ അവന്‍ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആത്മഹത്യ. ജോളി, റോസി, എല്‍ദോ എന്നീ ക്രിസ്ത്യന്‍ നാമങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ ലൈംഗികത പാപമാണെന്ന വിശ്വാസത്തേയും ലൈംഗികതയുടെ വ്യവസ്ഥാപിത പാഠങ്ങളേയും കഥാകാരന്‍ തന്റെ ആഖ്യാനത്തിലേക്ക് സന്നിവേശിപ്പിക്കുന്നു. എല്‍ദോയുടെയും ജോളിയുടെയും ജീവിതം വ്യവസ്ഥാപിതത്വത്തിനു പുറത്തായിരുന്നു. റോസിയുമായുള്ള വിവാഹം ജോളിയെ നിസ്സഹായനാക്കുന്നു. അവന്റെ പാഠങ്ങള്‍ തെറ്റിപ്പോകുന്നു. അവന്റെ ജീവിതം ആത്മഹത്യക്കും കൊലയ്ക്കുമിടയിലെ രോദനമായി മാറിത്തീരുന്നു.
നമ്മുടെ ലോകം നീലച്ചിത്രപ്രദര്‍ശനശാലകളുടെ ഉള്ളു പോലെ തന്നെ. സ്ത്രീയുടെ ജീവിതം ദുസ്സഹമായിരിക്കുന്ന ലോകം. ഇവിടെ തൂവാലകള്‍ സൌഹൃദത്തിന്റേതല്ല, വഞ്ചനയുടെ അടയാളവാക്യങ്ങള്‍. കാമുകന്റെ വഞ്ചനയില്‍ പെട്ട് നീലച്ചിത്രപ്രദര്‍ശനശാലയില്‍ ഒറ്റപ്പെട്ടു പോകുന്ന ജ്യോതി, പുരുഷന്‍മാരായ കാണികള്‍ക്ക് സ്ക്രീനിലെ പെണ്‍കുട്ടി തന്നെ. ആളൊഴിഞ്ഞ തീയേറ്ററില്‍ തുടച്ചു വലിച്ചെറിഞ്ഞ ചാരത്തൂവാലയായി, മോഹാലസ്യപ്പെട്ട പങ്കയായി, മല്‍പ്പിടുത്തത്തില്‍ ഒടിഞ്ഞ കസേരക്കൈയായി, വായുവിന്റെ ദുഷിച്ച മണമായി അവള്‍ അവശേഷിക്കുന്നു. 'റെഡ് ക്രോസ്' എന്ന കഥയില്‍ ബിയാട്രിസ് എന്ന അമ്മ മകളുടെ ആര്‍ത്തവത്തെ അച്ഛനില്‍ നിന്നും മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത് അയാളില്‍ നിന്നും മകളെ രക്ഷിക്കാനാണ്. ബിയാട്രിസ് പരാജയപ്പെടുന്നു. തദേവൂസ് കണ്ടെത്തുന്ന ബ്രഡ്ഡിനെ കുറിച്ചും ബ്രഡ്ഡില്‍ പുരട്ടാന്‍ ജാം അന്വേഷിച്ച് അയാള്‍ വന്നേക്കുമോയെന്ന അമ്മയുടെ സന്ദേഹത്തിന്റേയും രൂപത്തില്‍ കഥാകാരന്‍ തീര്‍ക്കുന്ന രൂപകകല്‍പനകള്‍ പുരുഷാധികാരത്തിന്റെ ക്രൌര്യത്തെ ഓര്‍മ്മിപ്പിച്ച് നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു. ഈ രണ്ടു കഥകളിലും സ്ത്രീസഹനത്തോട് കഥാകാരന്‍ കാണിക്കുന്ന സഹഭാവം സ്വവര്‍ഗാനുരാഗത്തെ പ്രമേയമാക്കുന്ന കഥകളിലേക്കും വ്യാപിച്ചു നില്‍ക്കുന്നുണ്ട്.
ആണും പെണ്ണും എന്ന ഭേദചിന്തയുടെ ഉറവിടങ്ങള്‍ എവിടെയാണ്? അധികാരത്തിന്റേയും സദാചാരത്തിന്റേയും ദുശ്ശാസനങ്ങള്‍ തന്നെ. അത് ഭൂതകാരുണ്യത്തെ മലീമസമാക്കുന്നു.
(സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)