Sunday, October 9, 2011

എങ്കേയും എപ്പോതും


  • ഭൌതികശാസ്ത്രം അറിയാത്തവര്‍ പോലും ന്യൂട്ടോണിയന്‍ ബലതന്ത്രം നല്കിയ ആത്മവിശ്വാസത്തില്‍ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ന്യൂട്ടന്റെ ലോകം പൊതുബോധമായി തീര്‍ന്ന കാലം. ഉറപ്പുള്ള വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍, അനിവാര്യമായ നിയമങ്ങള്‍, നിശിതമായ നിശ്ചിതത്വം, പ്രവചനീയമായ ലോകം...ഇവയെല്ലാം ചേര്‍ന്നു നല്കിയ ആത്മവിശ്വാസമായിരുന്നു അത്. യാദൃച്ഛികതകളെ, അനിശ്ചിതത്വങ്ങളെ, ഇതര സംഭാവ്യതകളെ ഗൌരവതരമായി പരിഗണിക്കാതിരുന്ന കാലം. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളും മാറ്റിത്തീര്‍ക്കാനുള്ള ആഹ്വാനങ്ങളും കൈ-മെയ് മറന്നുള്ള എടുത്തുചാട്ടങ്ങളും സാഹസികപ്രയാണങ്ങളും സാദ്ധ്യമാക്കിയ കാലം. വിശ്വാസത്തിന്റെ ഉറപ്പില്‍ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകളും ആശങ്കകളും ഉണരാതിരുന്ന കാലം. വിപ്ലവങ്ങള്‍ പിഴയ്ക്കുകയും ജ്ഞാനമണ്ഡലം പുതിയ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തപ്പോള്‍ പഴയ ആത്മവിശ്വാസം കൂടി നഷ്ടപ്പെടുകയായിരുന്നു. മദ്ധ്യവര്‍ഗത്തിനു മേല്‍ക്കൈയും അണുകുടുംബങ്ങള്‍ക്കു വലിയ പ്രാധാന്യവും നല്കുന്ന സമൂഹം കൂടി സൃഷ്ടിക്കപ്പെട്ടതോടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകള്‍ പെരുകാനും തുടങ്ങി. അനിശ്ചിതത്വങ്ങളെ, യാദൃച്ഛികതകളെ സൂക്ഷ്മതയോടെ പിന്തുടരണമെന്ന നിര്‍ദ്ദേശം എവിടേയും ഉയരുന്നു. യാദൃച്ഛികതയുടെ കടന്നാക്രമണങ്ങളെ കീഴടക്കാന്‍ അതിഭൌതികമായ വഴികളിലേക്കു തിരിയുന്നു. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളുടേയും സാഹസികമായ എടുത്തുചാട്ടങ്ങളുടേയും സ്ഥാനങ്ങളെ നിഷ്ക്കാസിതമാക്കി അന്ധവിശ്വാസങ്ങളും പുതിയ ആചാരങ്ങളും കടന്നുവരുന്നു. പൂര്‍വ്വകാലവും ഈ ഉത്തരകാലവും ഏകപക്ഷീയതകളാലാണ് നയിക്കപ്പെട്ടത്. യാദൃച്ഛികതയുടേയും അനിവാര്യതയുടേയും സംഗമസ്ഥാനമായി യാഥാര്‍ത്ഥ്യത്തെ കാണാന്‍ രണ്ടിനും കഴിയുന്നില്ലല്ലോ‍.

 
  • ഈ സുരക്ഷിതത്വബോധത്തിന്റെ കാലത്ത് മരണം പേടിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. മരണം കൊണ്ടുള്ള ദു:ഖം ഒഴിവാക്കാനാവില്ലെന്ന് അറിഞ്ഞവരെ പോലെ എല്ലാവരും സുരക്ഷിതഭയത്താല്‍ അസ്വസ്ഥരായിരിക്കുന്നു. രംഗബോധമില്ലാത്ത കോമാളിയായി അത് എപ്പോഴും എവിടെയും പ്രത്യക്ഷപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു. എന്നാല്‍, ഈ ഭയത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങളുമുണ്ട്. ആദര്‍ശത്തിന്റെ ഭാരം ചുമടായി തൂങ്ങിനില്ക്കാത്തതിനാല്‍ യാഥാര്‍ത്ഥ്യത്തെ നേര്‍ക്കുനേര്‍ കാണാനും മനസ്സിലാക്കാനും കഴിയും. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അതിനെ ശരിയായി ആവിഷ്ക്കരിക്കാനുമാകും. നമ്മുടെ യുവ കലാകാരന്മാരില്‍ സാമൂഹിക പ്രതിജ്ഞാബദ്ധതയുടെ ആദര്‍ശബോധമൊഴിഞ്ഞവരെങ്കിലും സത്യസന്ധരായവര്‍ ഏറെയുണ്ട്. 'എങ്കേയും എപ്പോതും' എന്ന തമിഴ് ചലച്ചിത്രം മെനഞ്ഞെടുത്തവര്‍ ഈ ഗണത്തില്‍ പെടുന്നു. യുവാക്കളുടെ ഏറ്റവും ഇഷ്ടവിഷയമായ പ്രണയത്തെയാണ് ഈ ചലച്ചിത്രവും പ്രമേയമാക്കുന്നത്. ഇതില്‍ നാലു പ്രണയജോഡികളുടെ കഥ പറയുന്നു. അമുദയും ഗൌതവും, മണിമേഖലയും കതിരേശനും, പൂജയും രമേശും, നവ വധൂവരന്മാരായ രണ്ടുപേര്‍ - ചലച്ചിത്രത്തിന്റെ സംവിധായകന്‍ ഇവരുടെ പ്രണയങ്ങളെ മരണത്തോടു മുഖാമുഖം നിര്‍ത്തുന്നു. രംഗബോധമില്ലാത്ത കോമാളിയുടെ മുന്നില്‍ മൂന്നു കാമുകര്‍ കീഴടങ്ങുന്നു. നാലാമത്തെ പ്രണയം അതിജീവനത്തിനായി മുള്‍മുനയിലാണ്. സാഫല്യമടയാത്ത പ്രണയങ്ങളെ കുറിച്ചു പറഞ്ഞുകൊണ്ട് നമ്മുടെ ജീവിതങ്ങളെ കീഴ്പ്പെടുത്തി നില്ക്കുന്ന അനിശ്ചിതത്വങ്ങളെ സംവിധായകനായ ശരവണന്‍ എടുത്തുകാണിക്കുന്നു.


  •   വധുവിനെ യാത്രയാക്കാനായി എത്തുന്ന വരന്‍ അവളോടൊപ്പം യാത്ര ചെയ്യുകയാണ്. അവളെ പിരിയുന്നതിലുളള വിഷമത്തിലാണ് അയാള്‍. യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം, വണ്ടി പുറപ്പെട്ടു കഴിയുമ്പോള്‍ അയാള്‍ ഓടിവന്ന് വണ്ടിയില്‍ കയറുന്നു. ഇത് രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. വധുവിനെ പിരിഞ്ഞിരിക്കാന്‍ പോലും കഴിയാതെ പ്രണയിക്കുന്നവനെ അവളില്‍നിന്നും വേര്‍പെടുത്താന്‍ മരണം പെട്ടെന്നു കടന്നുവരുന്നു. വരന്റെ മൃതദേഹത്തിനു മുന്നില്‍ ആര്‍ത്തലച്ചു കരയുന്ന വധുവിനെ ചലച്ചിത്രകാരന്‍ കാണിക്കുന്നു. ആദ്യകാഴ്ചയില്‍ തന്നെ പ്രണയത്തില്‍ പെടുന്ന കോളേജ് വിദ്യാര്‍ത്ഥികളായ പൂജയും രമേശും മരണത്താല്‍ വേര്‍പെടുത്തപ്പെടുന്നു. അവര്‍ സഞ്ചരിച്ചിരുന്ന ബസ്സിന്റെ ടയര്‍ കേടാകുമ്പോള്‍ പൂജ മറ്റൊരു ബസ്സിലേക്കു മാറിക്കയറിയതാണ്. എന്നാല്‍, രമേശിന്റെ പാരവശ്യം കണ്ട് അവള്‍ തിരിച്ചിറങ്ങി പഴയ ബസ്സില്‍ തന്നെ കയറുന്നു. ആദ്യകാഴ്ചയില്‍ തന്നെ അകലാന്‍ വയ്യാതായി തീര്‍ന്നവരെ മരണത്തിന്റെ കോമാളിക്കൈകള്‍ അകറ്റുന്നു. ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്ന ശവശരീരങ്ങള്‍ക്കിടയില്‍ നിന്ന് രമേശ് പൂജയുടെ മൃതദേഹം കണ്ടെത്തുന്നു. അമുദയുടേയും ഗൌതത്തിന്റേയും പ്രണയം വളരെ വലിയ യാദൃച്ഛികതയുടെ സൃഷ്ടിയാണ്. അവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അമുദയ്ക്ക് അവന്റെ പേരു പോലും അറിയില്ല. ആശുപത്രികിടക്കയിലെ അര്‍ദ്ധബോധാവസ്ഥയില്‍ അമുദ അവന്റെ പേരു ചോദിക്കുന്നു. മണിമേഖലയുടേയും കതിരേശന്റേയും പ്രണയം ഇങ്ങനെയായിരുന്നില്ല. അതില്‍ ബോധപൂര്‍വമായ ഇടപെലുകളും ഇരുവരുടേയും താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പരസ്പര സമവായങ്ങളുമുണ്ട്. കതിരേശന്റെ രക്തത്തില്‍ എച്ച് ഐ വി ബാധയുണ്ടോയന്ന് മണിമേഖല പരിശോധിക്കുന്നുണ്ട്. അയാള്‍ക്ക് തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദങ്ങളെ താങ്ങാനുള്ള കരുത്തുണ്ടോയെന്നും അവള്‍ അന്വേഷിക്കുന്നു. കതിരേശന്റെ പ്രണയം പല പരീക്ഷണഘട്ടങ്ങളേയും താണ്ടുന്നു. എന്നാല്‍, ഇങ്ങനെ ഊതിക്കാച്ചിയെടുക്കുന്ന പൊന്നായ പ്രേമം യാദൃച്ഛികമായി കടന്നുവരുന്ന അപകടത്തില്‍ പെട്ട് ഇല്ലാതാകുന്നു. കതിരേശന്റെ തലയ്കാണ് പരിക്കേറ്റത്. അയാളെ ആംബുലന്‍സില്‍ കയറ്റി വിട്ടതിനു ശേഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മണിമേഖല ആശുപത്രിയില്‍ എത്തുമ്പോഴേക്കും കതിരേശന്‍ മരിച്ചുകഴിഞ്ഞിരുന്നു. കതിരേശന്റെ പ്രണയത്തെ പരീക്ഷിച്ച് ഉറപ്പു വരുത്തിയവള്‍ അവന്റെ ചേതനയില്ലാത്ത ശരീരത്തില്‍ വീണ് ഉറക്കെ നിലവിളിക്കുന്നു. യാദൃച്ഛികമായ കൂടിച്ചേരല്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന അമുദയുടേയും ഗൌതത്തിന്റേയും പ്രണയം മരണത്തിന്റെ ഭീകരമുഖത്തെ എങ്ങനെയോ അതിജീവിക്കുമ്പോള്‍, ശരിയായി ക്രമീകരിച്ചു വളര്‍ത്തിയെടുത്ത മണിമേഖലയുടേയും കതിരേശന്റേയും പ്രണയം ആ കോമാളിയുടെ മുന്നില്‍ തോറ്റുപോകുന്നു. യാദൃച്ഛികതയെ കുറിച്ചു് നമ്മുടെയെല്ലാം അബോധത്തിലുള്ള കാര്യങ്ങളാണ് സംവിധായകനായ ശരവണന്‍ പറയുന്നത്. ആക്സിഡന്റ് എന്നു കേള്‍ക്കുമ്പോഴേ നിലവിളിച്ചു നിലതെറ്റി വീഴുന്നവള്‍ നമ്മളിലെല്ലാവരിലുമുണ്ട്. റോഡുയാത്രയെ കുറിച്ചുള്ള മദ്ധ്യവര്‍ഗത്തിന്റെ ആശങ്കകളെ ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. വാഹനാപകടത്തിന്റെ ഭീകരവും ദാരുണവുമായ ദൃശ്യങ്ങള്‍ പറയുന്നത് മറ്റൊന്നുമല്ലല്ലോ.

 
നമ്മുടെ മദ്ധ്യവര്‍ഗത്തെ ബാധിച്ചു നില്ക്കുന്ന സുരക്ഷിതത്വഭീതിയെ ഈ ചലച്ചിത്രം നന്നായി പകര്‍ത്തിയെഴുതുന്നു. നമ്മുടെ ജീവിതങ്ങള്‍ അനിശ്ചിതത്വങ്ങളില്‍ മുങ്ങി കിടക്കുന്നുവെന്ന് ചലച്ചിത്രകാരന്‍ പറയുന്നു. നാം നിസ്സഹായരാണെന്ന്, എപ്പോള്‍ വേണമെങ്കിലും പൊട്ടിവീണേക്കാവുന്ന നൂല്പാലത്തിലൂടെ നടക്കുന്നവരാണെന്ന് നമുക്കു തോന്നിപ്പോകുന്നു. എന്നാല്‍, യാദൃച്ഛികതയും അനിവാര്യതയും തമ്മിലുളള സംഗമസ്ഥാനങ്ങള്‍ അന്വേഷിക്കുന്നില്ലെന്ന അബദ്ധം ഇവിടെയും തുടരുന്നു. നാം ജീവിക്കുന്ന സമൂഹത്തിന്റെ വിമര്‍ശനങ്ങളിലേക്കു കടന്നു കയറാന്‍ സംവിധായകനു കഴിയുന്നതേയില്ല. ചലച്ചിത്രത്തെ അപ്പാടെ കീഴ്പ്പെടുത്തി നില്ക്കുന്ന മദ്ധ്യവര്‍ഗബോധം ഈ പരിമിതിയുടെ ലക്ഷണവും കാരണവുമാണ്. വ്യക്തിപരമായ തലങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന പരാവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു മുഖത്തെ മാത്രം അവതരിപ്പിക്കുന്നു. പ്രശ്നങ്ങള്‍ക്ക് സാമൂഹികമായ ഒരു തലം കൂടിയുണ്ടെന്ന, അത് അതിപ്രധാനമാണെന്ന അറിവിലേക്കു കൂടി നമ്മുടെ കലാകാരന്മാരുടെ കാഴ്ചകള്‍ നീങ്ങേണ്ടതുണ്ട്.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...