Tuesday, November 2, 2010

ബ്രഹ്റ്റിന്റെ ഗലീലിയോ നാടകം: അറിവും അധികാരവും തമ്മില്‍

ബര്‍തോള്‍ട്‌ ബ്രഹ്റ്റിന്റെ 'ഗലീലിയോ' എന്ന പ്രശസ്തമായ നാടകം പതിനേഴാം നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞന്റെ ജീവചരിത്രാഖ്യാനം മാത്രമായിരുന്നില്ല. ആധുനികശാസ്ത്രത്തിന്റെ പിതാവിന്റെ ജീവിതത്തെ ചിത്രീകരിക്കുമ്പോള്‍ തന്നെ ശാസ്ത്രമെന്ന സാമൂഹികപ്രസ്ഥാനത്തെ കുറിച്ച്‌ പല പുതിയ ധാരണകളും ഈ ആഖ്യാനത്തിന്‌ പ്രസരിപ്പിക്കാനുണ്ടായിരുന്നു. ആധുനികശാസ്ത്രം പുത്തന്‍ പ്രശ്നീകരണങ്ങള്‍ക്കു വിധേയമായിത്തുടങ്ങുന്ന കാലത്താണ്‌ അത്‌ എഴുതപ്പെടുന്നത്‌. അതുകൊണ്ട്‌, നാടകത്തിന്റെ ആദ്യരൂപം ബ്രെഹ്റ്റ്‌ തന്നെ വീണ്ടും വീണ്ടും വായിക്കുകയുണ്ടായി. ഈ പുനര്‍പാരായണങ്ങള്‍ പുനര്‍രചനകളായി മാറി. ചുരുങ്ങിയത്‌ രണ്ടു പ്രാവശ്യമെങ്കിലും ഗലീലിയോ നാടകം പുതുക്കിയെഴുതപ്പെട്ടു. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബുസ്ഫോടനങ്ങള്‍ ശാസ്ത്രത്തെ കുറിച്ചുളള തന്റെ നിലപാടില്‍ ശക്തമായി ഊന്നാന്‍ ബ്രഹ്റ്റിനെ പ്രേരിപ്പിച്ചു. ശാസ്ത്രത്തിന്റെ ജനകീയതയെ കുറിച്ചുളള ഈ നിലപാടാണ്‌ പുനര്‍രചനയ്ക്ക്‌ പ്രേരണയായത്‌. ശാസ്ത്രവും സമൂഹവും ജനതയും തമ്മില്‍ തമ്മിലുളള ബന്ധത്തെ സവിശേഷമായി പഠിക്കാനുതകുന്ന ഒരു മാര്‍ഗ്ഗമായി ഗലീലിയോയുടെ ജീവിതത്തെ ബ്രഹ്റ്റ്‌ നോക്കിക്കണ്ടിരുന്നുവെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. തന്റെ സമകാലിക ചരിത്രത്തില്‍ വച്ച്‌ ഗലീലിയോയുടെ ജീവിതത്തെ അദ്ദേഹം വീണ്ടും വായിക്കുകയും എഴുതുകയുമായിരുന്നു. ഗലീലിയോയുടെ പുതുക്കിയെഴുത്തിലൂടെ വായനയുടേയും എഴുത്തിന്റേയും രാഷ്ട്രീയത്തെ നന്നായി വെളിപ്പെടുത്തുകയാണ്‌ ബ്രഹ്റ്റ്‌ ചെയ്തത്‌.



ലോകത്തെ മാറ്റിത്തീര്‍ക്കുക എന്ന മാര്‍ക്സിന്റെ ആഹ്വാനം ഈ കലാകാരന്‍ ഉള്‍ക്കൊണ്ടത്‌ കലയെ മാറ്റിത്തീര്‍ത്തുകൊണ്ടായിരുന്നു. മാര്‍ക്സിനെ തന്റെ നാടകങ്ങളുടെ ആദ്യപ്രേക്ഷകനായി അദ്ദേഹം കണ്ടു. കലയിലെ വ്യവസ്ഥാപിതമായ സങ്കല്പനങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. പഴയ വാര്‍പ്പുമാതൃകകളെ പിന്തുടരുകയെന്നത്‌ നല്ല കലാകാരന്റെ കടമയല്ലെന്ന് അദ്ദേഹം കരുതി. പുതിയ കലാകാരന്‍ ശില്പപരവും സാമൂഹികവുമായ കലാപത്തെ ഉള്‍ക്കൊളളണം. കലയിലെ ആദര്‍ശമാതൃകകളെ തളളിക്കളഞ്ഞ ബ്രെഹ്റ്റ്‌ പുതിയ പ്രേക്ഷകനെയും പുതിയ വിമര്‍ശകനേയും നിര്‍മ്മിക്കുന്ന ബുദ്ധിപരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തു. ബ്രഹ്റ്റിന്റെ നാടകവേദിയുടെ സവിശേഷത അതിന്റെ ജനകീയതയിലാണ്‌ കണ്ടെത്തപ്പെടുന്നത്‌. ബ്രഹ്റ്റിന്‌ നാടകത്തിന്റെ ജനകീയത അതിന്റെ ജനപ്രിയതയല്ല. ഇവിടെ, പ്രേക്ഷകന്‍ കാണുന്നതിനെ അതേപടി ഉള്‍ക്കൊ ളളുന്നവനല്ല. ചിന്തിക്കുന്ന പ്രേക്ഷകനെ ബ്രഹ്റ്റ്‌ കാണുന്നു. നദിയില്‍ മുങ്ങി താഴുന്നതുപോലെ പ്രേക്ഷകന്‍ നാടകത്തില്‍ മുങ്ങിപ്പോകരുത്‌. പൂര്‍ണ്ണമായും നാടകത്തില്‍ മുഴുകരുത്‌. പൂര്‍ണ്ണമായും അതിനോട്‌ ഇഴുകിച്ചേരരുത്‌. പ്രേക്ഷകന്റെ സ്ഥാനം നാടകത്തില്‍ നിന്നും നിശ്ചിതമായ അകലത്തിലാണ്‌. താന്‍ കാണുന്നത്‌ നാടകമാണെന്ന് അയാള്‍ ഓര്‍മ്മിച്ചുകൊണ്ടേയിരിക്കണം. അത്‌ ജീവിതമല്ലെന്ന് ഓര്‍മ്മിച്ചുകൊണ്ടേയിരിക്കണം. തടസ്സമില്ലാതെ ഒഴുകുന്ന രംഗങ്ങള്‍ കൊണ്ട്‌ നാടകങ്ങള്‍ നിറയ്ക്കപ്പെടരുതെന്ന് ബ്രഹ്റ്റിന്റെ നാടകചിന്ത പറയുന്നു. കല യാഥാര്‍ത്ഥ്യത്തിന്റെ വിമര്‍ശനാത്മക പുനരുല്പാദനമാണെന്ന നിര്‍വ്വചനം സ്വീകരിച്ച ബ്രഹ്റ്റ്‌ അന്യവല്‍ക്കരണപ്രഭാവത്തെ അനുഭവിപ്പിക്കുകയെന്നതാണ്‌ കലയുടെ പ്രധാന ധര്‍മ്മമെന്ന് ഉറപ്പിക്കുന്നു. നാടകവേദി അദ്ദേഹത്തിന്‌ സമരഭൂമി തന്നെയായിരുന്നു. അതുകൊണ്ട്‌, ഉപരിപ്ലവമായ വികാരപരതയെ തന്റെ നാടകങ്ങളില്‍ നിന്നും അദ്ദേഹം ഒഴിവാക്കി. നാടകവേദിയെ അടക്കി വാണിരുന്ന വ്യവസ്ഥാപിത സങ്കല്പനങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌ ബ്രഹ്റ്റ്‌ ഒരു കവിതയില്‍ ഇങ്ങനെയെഴുതി.

"നിങ്ങളുടെ ഇരുള്‍ മൂടിയ കൊട്ടകകളില്‍
ആളുകള്‍ രാജാക്കന്‍മാരാകുന്നു.
ഒരു ഭയാശങ്കയും കൂടാതെ
സാഹസിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.
തങ്ങളുടെ കേമത്തത്തെ
പറ്റിയുളള ചിന്തകളില്‍ മതിമറന്ന്
ദൈനംദിനക്ളേശങ്ങള്‍ മറന്ന്
അഭയാര്‍ത്ഥികളായി, ഞങ്ങള്‍,
 വെറുതെ,ആട്ടം കണ്ടിരിക്കുന്നു.
ഞങ്ങളുടെ വികാരങ്ങളെ തട്ടിയുണര്‍ത്താന്‍
നിങ്ങള്‍ സൂത്രത്തില്‍
പലതരം കഥകള്‍ തട്ടിക്കൂട്ടുന്നു. '


 വ്യവസ്ഥാപിത നാടകസങ്കല്പനങ്ങള്‍ അധീശത്വത്തെ ഉറപ്പിക്കുന്നുവെന്ന് ബ്രഹ്റ്റിന്‌ ഉത്തമബോദ്ധ്യമുണ്ടായിരുന്നു. ഉപരിപ്ലവമായ വികാരപരതയെ ഒഴിവാക്കിയ ബ്രഹ്റ്റ്‌ തന്റെ നാടകങ്ങളില്‍ ചിന്താജനകമായ വികാരപരതയെ പകരം പ്രതിഷ്ഠിച്ചു. എപ്പിക്‌ നാടകവേദിയെ ശാസ്ത്രയുഗത്തിലെ നാടകവേദി എന്നാണ്‌ ബ്രഹ്റ്റ്‌ വിളിച്ചത്‌. ജ്ഞാനോദയ പ്രബുദ്ധതയുടേയും ആധുനികതയുടേയും മാനസികാവസ്ഥ ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നവരുണ്ട്‌. എന്നാല്‍, ജ്ഞാനോദയപ്രബുദ്ധതയുടെ സൌന്ദര്യശാസ്ത്രപ്രമാണങ്ങളെ വ്യത്യസ്തമായ ആശയങ്ങളും ഇടപെടലുകളും കൊണ്ട്‌ വളരെ വ്യത്യസ്തമായ ലക്ഷ്യങ്ങളിലേക്ക്‌ എത്തിക്കാന്‍ ബ്രഹ്റ്റിന്‌ കഴിഞ്ഞിരുന്നു. നാടകത്തിന്റെ ജനകീയതയുടെ പ്രോദ്ഘാടകനായിരുന്ന ബ്രഹ്റ്റ്‌ ശാസ്ത്രത്തിന്റെ ജനകീയതയെ കുറിച്ചാണ്‌ 'ഗലീലിയോ'യിലൂടെ പറഞ്ഞത്‌. 



ശാസ്ത്രീയതയെ കുറിച്ചുളള സങ്കല്പനങ്ങളെ ഉത്തരാധുനികചിന്ത നിശിതമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ്‌, ഇപ്പോള്‍, ബ്രഹ്റ്റിന്റെ ഗലീലിയോ വീണ്ടും വായിക്കപ്പെടുന്നത്‌. വേഡ്‌ റോലാണ്ടിനെ പോലെ ചിലര്‍ ആധുനികശാസ്ത്രത്തിന്റെ പിതാവിന്റെ വീക്ഷണങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷണത്തിലൂടെയും കാരണയുക്തിയിലൂടെയും മനസ്സിലാക്കുന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ സമാനതകളില്ലാത്ത ഏക വിശദീകരണമാര്‍ഗ്ഗമായി ഗലീലിയോ മുന്നോട്ടുവയ്ക്കുകയും പ്രകൃതിയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള മറ്റു സമീപനങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി റോലാണ്ട് പറയുന്നുണ്ട്. ഗലീലിയോയുടെ ധാരണകളെ വിദ്വേഷത്തോടെ കണ്ട കത്തോലിക്കാ പള്ളിയുടെ സമീപനത്തെ അദ്ദേഹം ശ്ലാഘിക്കുന്നുമുണ്ട്‌. തന്റെ പുനര്‍പാരായണത്തിലും പുനര്‍രചനയിലും ഇങ്ങനെയൊരു അതിവാദസമീപനമല്ല ബ്രഹ്റ്റ്‌ സ്വീകരിക്കുന്നത്‌. എല്ലാ നല്ല മാര്‍ക്സിസ്റ്റുകളും ചെയ്തതു പോലെ ജ്ഞാനോദയപ്രബുദ്ധതയുടെ നല്ല ഘടകങ്ങളെ ബ്രഹ്റ്റ്‌ സ്വാംശീകരിച്ചു. അതിന്റെ മറ്റൊരു പേരായ മുതലാളിത്തത്തിന്റെ നീചവും ഛിദ്രവുമായ ഘടകങ്ങളെ ചെറുത്തു. എന്നാല്‍, പ്രകൃതിശാസ്ത്രത്തെ സാമൂഹികശാസ്ത്രമായി ചുരുക്കുന്ന ഉത്തരാധുനിക സമീപനം ബ്രഹ്റ്റിന്റെ ഗലീലിയോനാടകത്തെ കേവലമായി ജ്ഞാനോദയപ്രബുദ്ധതയുടെ ഉല്പന്നമായി നോക്കിക്കാണാനാണ്‌ താല്‍പര്യം കൊള്ളുകയെന്നു തീര്‍ച്ച!


ഗലീലിയോയെ കുറിച്ചുള്ള നാടകം ബ്രഹ്റ്റ്‌ എഴുതിത്തുടങ്ങുന്ന കാലത്തു തന്നെയാണ്‌ അണുബോംബിന്റെ നിര്‍മ്മാണത്തിനുളള ധൃതഗതിയിലുളള നീക്കങ്ങള്‍ അമേരിക്കയില്‍ നടക്കുന്നത്‌. ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിക്കപ്പെട്ട അണുബോംബുകള്‍ സൃഷ്ടിച്ച ദുരിതങ്ങള്‍, നാടകത്തിലുടനീളം ശാസ്ത്രത്തോടു സ്വീകരിച്ച സമീപനത്തെ കുറിച്ചു പുനര്‍ചിന്ത നടത്താന്‍ ബ്രഹ്റ്റിനെ പ്രേരിപ്പിച്ചു. നാടകം പുനര്‍രചനകള്‍ക്കു വിധേയമാകുന്നത്‌ ഈ സാഹചര്യത്തിലാണ്‌. ആധുനികയുഗത്തിന്റെ തുടക്കത്തെ കുറിച്ചുളള ആദ്യകാല ധാരണകളെ അദ്ദേഹം ഉപേക്ഷിക്കുന്നു. ഗലീലിയോ തുടക്കം കുറിച്ച ശാസ്ത്രയുഗത്തെ പുതിയ യുഗം, നിറഞ്ഞ അന്ധകാരത്തിലേക്ക്‌ വെളിച്ചത്തിന്റെ പ്രവാഹം... ..എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ചിരുന്ന ഭാഗങ്ങള്‍ മറ്റു ചില ഭാഗങ്ങളോടൊപ്പം നാടകത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു. സ്വയം തന്നെ പുരോയാനത്തിന്റെ ഉപകരണമായ ശാസ്ത്രം അധീശത്വത്തിന്റെ കൈകളില്‍ അടിച്ചമര്‍ത്തലിനുളള ഉപകരണമായി പരിവര്‍ത്തിക്കപ്പെടുന്നത്‌ ബ്രഹ്റ്റ്‌ കാണുന്നു. ഏതു ശക്തിക്കു മുമ്പിലാണോ ഗലീലിയോയ്ക്ക്‌ കീഴടങ്ങേണ്ടി വന്നത്‌ അതേ ദുരധികാരത്തിന്റെ ശക്തികള്‍ പുതിയ വേഷമണിഞ്ഞ്‌ അദ്ദേഹം ഉദ്ഘാടനം ചെയ്ത ശാസ്ത്രത്തെ തങ്ങളുടെ താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു


ഉത്തരാധുനികരെ പോലെ ശാസ്ത്രീയതയെ നിഷേധിക്കുന്ന ഒരു സമീപനമല്ല ബ്രഹ്റ്റ്‌ സ്വീകരിക്കുന്നത്‌. മതാത്മകതക്കെതിരെ ശാസ്ത്രീയതയെ അദ്ദേഹം പകരം വയ്ക്കുന്നു. പുസ്തകങ്ങളില്‍ എഴുതിയതൊക്കെയിരിക്കട്ടെ. ഞങ്ങള്‍ക്കു സ്വന്തമായി കാണുകയാണു വേണ്ടത്‌' എന്ന പ്രസ്താവന ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തോടുളള താല്‍പര്യത്തിന്റെ തന്നെ പ്രഖ്യാപനമാണ്‌. പുസ്തകങ്ങളില്‍ എഴുതിവെക്കപ്പെട്ട ആത്യന്തികസത്യങ്ങളെ കുറിച്ചുളള ധാരണകള്‍ തിരസ്ക്കരിക്കപ്പെടുകയും ചിരവികസ്വരക്ഷമവും സ്വയം വിമര്‍ശനപരവുമായ ജ്ഞാനോല്പാദന രീതിയെ കുറിച്ചുളള ധാരണകള്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, കേവലസത്യത്തിന്റേയും സര്‍വ്വസത്യങ്ങളുടേയും അക്ഷയപാത്രമായിട്ടല്ല ശാസ്ത്രം നാടകത്തില്‍ അവതരിപ്പിക്കപ്പെടുന്നത്‌. പ്രബുദ്ധതയുടെ അനന്തതയിലേക്ക്‌ വാതില്‍ തുറക്കാന്‍ അത്‌ ലക്ഷ്യമാക്കുന്നില്ലെന്നും നമ്മുടെ അനന്തമായ അജ്ഞതയ്ക്ക്‌ അതിരുകള്‍ നിര്‍മ്മിക്കാനേ ആഗ്രഹിക്കുന്നുളളൂവെന്നും പറയുന്ന നാടകത്തിലെ ഗലീലിയോ ശാസ്ത്രത്തിന്റെ പരിമിതികള്‍ അറിയുന്നയാള്‍ കൂടിയാണ്‌. 


ശാസ്ത്രത്തിന്റെ സാമൂഹികതയെ ഉള്‍ക്കൊള്ളുന്ന ഗലീലിയോയെയാണ്‌ ബ്രഹ്റ്റിന്റെ നാടകത്തില്‍ നാം കണ്ടുമുട്ടുന്നത്‌. 'ശാസ്ത്രം ഒന്നു മാത്രമേ ആവശ്യപ്പെടുന്നുളളൂ. ശാസ്ത്രത്തിന്റെ പുരോഗതി എന്നു പറയുന്ന ആന്‍ഡ്രിയയുടെ വാക്കുകളോട്‌ നാടകത്തിലെ ഗലീലിയോക്ക്‌ യോജിക്കാന്‍ കഴിയില്ല. ജനങ്ങളില്‍ നിന്ന് അകുന്നുനില്‍ക്കുന്ന ഒരു ദന്തഗോപുരസ്ഥാനമായി ശാസ്ത്രത്തെ കാണുന്ന ഗലീലിയോയെയല്ല ബ്രഹ്റ്റ്‌ സൃഷ്ടിച്ചത്‌. ശാസ്ത്രവും ജനതയും തമ്മിലുണ്ടാകേണ്ട ബന്ധത്തെ കുറിച്ചുളള ബ്രഹ്റ്റിന്റെ വിശ്വാസം അദ്ദേഹത്തിന്റെ നായകനില്‍ നാം വായിക്കുന്നു.


 ശാസ്ത്രം ചരിത്രത്തില്‍ സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു; ആദ്യമായി. ആധുനികശാസ്ത്രം സൃഷ്ടിക്കപ്പെടു സാമൂഹിക സന്ദര്‍ഭത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ടല്ല ഈ വിശ്വാസങ്ങള്‍ അവതരിക്കപ്പെടുന്നത്‌. യൂറോപ്പിന്റെ ചരിത്രത്തില്‍ ഒരു പുതിയ വര്‍ഗ്ഗം ഉയര്‍ന്നു വരുന്നതിന്റെ ലക്ഷണങ്ങള്‍ നാടകത്തില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്‌. വ്യവസായികളും കച്ചവടക്കാരുമായ പുതിയ വര്‍ഗ്ഗം ഗലീലിയോടൊപ്പമാണെന്നു പറയുന്ന വിയെ നാം നാടകത്തില്‍ കാണുന്നു. എന്നാല്‍, ഗലീലിയോയ്ക്ക്‌ തന്റെ ശത്രുക്കളേയും സുഹൃത്തുക്കളേയും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് വി പറയുന്നുണ്ട്‌. ഇതിന്‌ ഗലീലിയോ പറയുന്ന മറുപടി ഭാവിയെ മുന്‍കൂട്ടി കാണുന്നതാണ്‌. അജ്ഞതയും അധികാരവും തമ്മിലുളള വ്യത്യാസങ്ങള്‍ എനിക്കറിയാമെന്ന് ബ്രഹ്റ്റിന്റെ നായകന്‍ മറുപടി പറയുന്നു. ശാസ്ത്രത്തിന്റെ രക്ഷിതാക്കളായി ആദ്യകാലങ്ങളില്‍ രംഗത്തു വരുന്ന മുതലാളിത്ത ശക്തികള്‍ ചൂഷണത്തിനുളള ഉപകരണമായി അതിനെ പരിവര്‍ത്തിപ്പിക്കുന്ന നാളുകളെ ഈ വാക്കുകള്‍ ദ്യോതിപ്പിക്കുന്നു. ഇപ്പോള്‍ തന്നോടൊപ്പമാണെന്നു പറയുന്ന ശക്തികള്‍ ഭാവിയില്‍ ജനതയുടേയും ശാസ്ത്രത്തിന്റെ തന്നെയും ശത്രുക്കളായി മാറുമെന്ന് ബ്രഹ്റ്റിന്റെ ഗലീലിയോ അറിയുന്നു. ഗലീലിയോയുടെ മുന്നിലെ അധികാരസ്ഥാപനം മതമായിരുന്നെങ്കിലും, ഹിരോഷിമയുടെ മുന്നില്‍ നിന്നു കൊണ്ടാണ്‌ ബ്രഹ്റ്റിന്‌ ഗലീലിയോയെ കുറിച്ച്‌ എഴുതേണ്ടി വന്നത്‌. അതുകൊണ്ട് അറിവും അധികാരവും തമ്മിലുളള ബന്ധങ്ങളെ കുറിച്ചുളള പ്രശ്നീകരണങ്ങളിലേക്കു കൂടി ബ്രഹ്റ്റിനു കടക്കേണ്ടിയിരുന്നു.


പില്‍ക്കാലത്ത്‌ ബൃഹത് മാനങ്ങള്‍ ആര്‍ജ്ജിക്കുന്ന ശാസ്ത്രത്തെ 
സംബന്ധിച്ച പ്രശ്നീകരണങ്ങള്‍ക്ക്‌, ബ്രഹ്റ്റിന്റെ നാടകം
വളരെ വലിയ ആദ്യസംഭാവനയാണ്‌ നല്‍കിയത്‌.

മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നന്ദി..
എല്ലാം പുതിയ അറിവുകളാണ്..കേട്ടൊ

വേണുഗോപാലൻ.എൻ said...

ശാസ്ത്ര സാഹിത്യ പരിഷത് ഈ നാടകത്തിന് 2009ൽ ഒരു ഭാഷ്യം ചമച്ചിട്ടുണ്ട്. ബ്രഹ്ത് അവതരിപ്പുന്ന ചർച്ചയെ കാലികമായി അഴിച്ചു പണിതു കൊണ്ട്.....

V VIJAYAKUMAR said...

പരിഷത്തിന്റെ ഗലീലിയോ നാടകം മതവും ശാസ്ത്രവും തമ്മിലുള്ള സംവാദമായി ചുരുങ്ങിപ്പോയിരുന്നു. ഹിരോഷിമയുടേയും നാഗസാക്കിയുടേയും മുന്നില്‍ നിന്നുകൊണ്ട്‌ ബ്രഹ്റ്റ്‌ അനുഭവിച്ച വ്യഥകളൊന്നും ഈ നാടകം പ്രേക്ഷണം ചെയ്യുന്നില്ല. ശാസ്ത്രവും അധികാരവും തമ്മിലുള്ള ബന്ധം, കൂടുതല്‍ സാമാന്യമായി പറഞ്ഞാല്‍, വിജ്ഞാനവും അധികാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുളള പ്രശ്നീകരണങ്ങള്‍ക്ക്‌ ബ്രഹ്റ്റിന്റെ നാടകം വളരെ വലിയ ആദ്യസംഭാവനയായിരുന്നു നല്‍കിയത്‌. പരിഷത്തിന്റെ നാടകത്തിന്‌ ഈ വിസ്തൃതമാനങ്ങളെ കൈയ്യെത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്റ്റിന്റെ നാടകത്തിലെ മഹത്ത്വമാര്‍ന്ന സംഭാഷണശകലങ്ങളെ കണ്ടെത്തി ഉപയോഗിക്കുന്നതില്‍ പോലും അതു പരാജയപ്പെട്ടു. ബ്രഹ്റ്റിന്റെ നാടകത്തിലെ ഒമ്പതാം അങ്കത്തിലെ ബൂര്‍ഷ്വാസിയെ വിലയിരുത്തുന്ന പ്രധാന ഭാഗങ്ങള്‍ മിക്കവാറും ഒഴിവാക്കപ്പെട്ടിരിക്കുന്നു. നിന്റെ സുഹൃത്തുക്കളേയും ശത്രുക്കളേയും വേര്‍തിരിച്ചു കാണാന്‍ നിനക്കു കഴിയുന്നില്ലെന്ന വിയുടെ വാക്കുകളോട്‌ അധികാരവും ഷണ്ഡത്വവും തമ്മിലുള്ള വ്യത്യാസം തനിക്കറിയാമെന്നു പറയുന്ന ഗലീലിയോ പരിഷത്തിന്റെ നാടകത്തിലില്ല. അധീശത്വത്തിന്റെ കൈകളില്‍ ശാസ്ത്രം അടിച്ചമര്‍ത്തലിനുളള ഉപകരണമായി പരിവര്‍ത്തിക്കപ്പെടുമെന്ന് ബ്രഹ്റ്റിന്റെ ഗലീലിയോക്ക്‌ അറിയാമായിരുന്നു. പരിഷത്തിന്റെ ഗലീലിയോക്ക്‌ ഈ ധാരണയില്ല. ശാസ്ത്രം ജനകീയമാകണമെന്നു കാണുന്ന ചില വാക്കുകള്‍ 'ജനകീയ ശാസ്ത്രപ്രസ്ഥാന'ത്തിനു വിട്ടു പോയി.



നായക, പ്രതിനായക സങ്കല്‍പനങ്ങള്‍ ബ്രഹ്റ്റിനെ ആകര്‍ഷിച്ചിരുന്നില്ല. ബ്രഹ്റ്റിന്റെ ഗലീലിയോ നായകനോ പ്രതിനായകനോ ആയിരുന്നില്ല. പല പരിമിതികളുമുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു. പരിഷത്തിന്റെ ഗലീലിയോ ഒരു വലിയ നായകനാണ്‌. പ്രേക്ഷകന്‍ നാടകത്തില്‍ മുഴുകരുതെന്ന്, നാടകം കണ്ടു ചിന്തിക്കണമെന്ന് ബ്രഹ്റ്റിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. പരിഷത്തിന്റെ നാടകം അതില്‍ മുഴുകാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ശാസ്ത്രത്തിനെതിരായ ഉത്തരാധുനികതയുടേയും സാമൂഹികനിര്‍മ്മിതിമാത്രവാദത്തിന്റേയും വിമര്‍ശനങ്ങള്‍ ഉയരുന്ന സന്ദര്‍ഭത്തിലാണ്‌ തങ്ങള്‍ ബ്രഹ്റ്റിന്റെ നാടകം അവതരിപ്പിക്കുതെന്നും അതിനോടു പ്രതികരിക്കേണ്ടതുണ്ടെന്നും പരിഷത്തിനു തോന്നുന്നില്ല. ഭൂമിയുടെ മാതൃപ്രകൃതിയെ കുറിച്ചുളള മദ്ധ്യകാല സങ്കല്‍പനങ്ങള്‍ ആധുനികശാസ്ത്രത്തിന്റെ ആഗമനത്തോടെ അട്ടിമറിക്കപ്പെട്ടുവെന്ന സാന്ദ്രഹാര്‍ഡിങ്ങിനെ പോലുള്ള സ്ത്രീവാദികളുടെ വിമര്‍ശനത്തെ പരിഷത്ത്‌ കേട്ടിട്ടില്ല. പുരുഷസൂര്യനെ അപ്രധാനമായ ഒരു ദീര്‍ഘവൃത്തപഥത്തിലൂടെ ഭ്രമണം ചെയ്യുന്ന ചെറിയ ഗ്രഹമെന്ന നിലയിലേക്ക്‌ ഭൂമിയുടെ സ്ത്രൈണപ്രകൃതി ചുരുക്കപ്പെട്ടുവെന്ന്, ഭൂമികേന്ദ്ര സിദ്ധാന്തത്തിനു പകരം കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തം സ്വീകരിക്കപ്പെടുതിലൂടെ ഭൌതികശാസ്ത്രം സ്ത്രീകേന്ദ്രപ്രപഞ്ചത്തെ പുരുഷകേന്ദ്രപ്രപഞ്ചം കൊണ്ട്‌ മാറ്റിവെക്കുകയായിരുന്നുവെന്ന്, പുരുഷാധികാരലോകത്തിന്റെ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് സാന്ദ്ര ഹാര്‍ഡിങ്ങ്‌ എഴുതുന്നുണ്ടല്ലോ. എന്നാല്‍, അടിയാളത്തിക്കു ചുറ്റും യജമാനത്തികള്‍ ചുവടു വച്ചു പാടുന്ന പരിഷത്തിന്റെ നാടകം സ്ത്രീവാദികളുടെ വിമര്‍ശനങ്ങളെ കേട്ടതായി നടിക്കുന്നില്ല. ഗലീലിയോയുടെ ജീവിതത്തെ കുറിച്ചുള്ള ബ്രഹ്റ്റിന്റെ നാടകത്തെ ശാസ്ത്രവും മതവും തമ്മിലുള്ള ഒരു പ്രശ്നീകരണമായി മാത്രം കാണുകയും വലിയ ന്യൂനീകരണത്തിനു വിധേയമാക്കുകയുമാണ്‌ പരിഷത്ത്‌ ചെയ്തത്‌.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...