Friday, September 10, 2010

ജനാധിപത്യവല്ക്കരണപ്രക്രിയക്ക്‌ എന്താണ്‌ സംഭവിച്ചത്‌?

അടിയന്തരാവസ്ഥ, കരിനിയമങ്ങളുടെ നിര്‍മ്മാണവും നടപ്പാക്കലും, ആസൂത്രിതമായ വംശീയ കൂട്ടക്കൊലകള്‍, ഏറ്റുമുട്ടല്‍ മരണങ്ങള്‍, തടവറയിലെ കൊലപാതകങ്ങള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളും പീഡനമുറകളും, പ്രതിരോധസംഘങ്ങളെ നിരോധിക്കല്‍ തുടങ്ങി പുറമേക്കു പ്രത്യക്ഷമാകുന്ന എല്ലാ ജനാധിപത്യധ്വംസനപ്രവര്‍ത്തനങ്ങളേയും സമാനസ്വഭാവമുള്ള ഇതരപ്രവണതകളേയും കുറിച്ചു പറയുന്നതിപ്പുറം ഇതിന്നടിസ്ഥാനമായ സാമൂഹികവ്യവസ്ഥയുടെ മൂല്യവ്യവസ്ഥയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക്‌ കൂടുതല്‍ പ്രസക്തിയുണ്ട്‌. ജനാധിപത്യമെന്നാല്‍ പാര്‍ലമെന്ററിവ്യവസ്ഥയാണെന്ന ന്യൂനീകരണത്തിന്‌ വലിയ ശ്രദ്ധ ലഭിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ എല്ലാ ജനാധിപത്യവിരുദ്ധമായ പ്രവണതകളേയും ചെറുത്തു തോല്‍പിക്കാന്‍ കഴിയുന്ന രീതിയില്‍ ജനാധിപത്യത്തെ കുറിച്ചുള്ള വളരെ വിശാലമായ നിര്‍വ്വചനങ്ങള്‍ പുന:സ്ഥാപിക്കപ്പെടേണ്ടതാണ്‌. പാര്‍ലമെന്ററി ജനാധിപത്യത്തിന്‌ പണാധിപത്യമാകാനും ക്രിമിനലുകളുടെ ആധിപത്യമാകാനും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെയോ സാമ്രാജ്യത്വകേന്ദ്രങ്ങളുടെയോ താല്‍പര്യാനുസൃതമുള്ള ഭരണകൂടനിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗമാകാനും കഴിയുമെന്ന്‌ ഇന്ത്യന്‍ അനുഭവങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ടല്ലോ. കൊട്ടിഘോഷിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശുദ്ധി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭകളെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ പിരിച്ചുവിട്ടുകൊണ്ടും മറ്റും ഇതരരീതികളിലും തെളിയിച്ചിട്ടുണ്ട്‌. ജനാധിപത്യമെന്നത്‌ വര്‍ഗ്ഗനിരപേക്ഷമായ ഒരു പ്രശ്നമല്ലെന്ന്‌ നമ്മെ വീണ്ടും ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയാണിത്‌. പാര്‍ലമെന്റിനെ പന്നിക്കൂടെന്നും സൊള്ളല്‍കേന്ദ്രമെന്നും വിളിച്ച ലെനിന്‍ തൊഴിലാളിവര്‍ഗ്ഗജനാധിപത്യം ബൂര്‍ഷ്വാജനാധിപത്യത്തേക്കാള്‍ പത്തുലക്ഷം മടങ്ങു മെച്ചമാണെന്നു പറഞ്ഞത്‌ ജനാധിപത്യത്തിന്റെ വര്‍ഗാടിസ്ഥാനങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു.


ചരിത്രത്തില്‍ ആധുനികജനാധിപത്യത്തെ കുറിച്ചുള്ള പ്രാഥമികസങ്കല്‍പനങ്ങള്‍ പിറന്നു വീണത്‌ ഒറ്റക്കായിരുന്നില്ല. ആധുനികജനാധിപത്യസങ്കല്‍പനങ്ങള്‍ക്ക്‌ ഐഹികതയുടേയും ശാസ്ത്രീയതയുടേയും യുക്തിചിന്തയുടേയും മൂല്യങ്ങളോട്‌ വലിയ ബന്ധമുണ്ടായിരുന്നു. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ ത്വരിപ്പിക്കുന്ന ഘടകങ്ങളായി ഇവയോരോന്നും പ്രവര്‍ത്തിച്ചു. ഫ്യൂഡല്‍ ഉല്‍പാദനബന്ധങ്ങളെ തകര്‍ക്കുന്ന വിപ്ളവങ്ങളുമായി അതിനു ബന്ധമുണ്ടായിരുന്നു. പാട്ടവ്യവസ്ഥ അവസാനിപ്പിക്കുകയും സമഗ്രമായ ഭൂപരിഷ്ക്കരണനടപടികള്‍ ഏറ്റെടുക്കപ്പെടുകയും കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഉച്ചത്തില്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമായിരുന്നു അത്‌. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിന്‌ ഭൂപരിഷ്ക്കരണപ്രവര്‍ത്തനങ്ങള്‍ ഒരു മുന്നുപാധിയായി നില്‍ക്കുന്നതു കാണാം. അതുകൊണ്ട്‌ കൃഷിഭൂമി കര്‍ഷകന്‌ എന്ന മുദ്രാവാക്യം നക്സലൈറ്റുകളുടെയോ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെയോ മുദ്രാവാക്യമല്ല, ഏതൊരു ജനാധിപത്യവാദിയുടേയും മുദ്രാവാക്യമാണ്‌. അതുകൊണ്ട്‌ ഈ മുദ്രാവാക്യത്തെ സ്വീകരിക്കാത്തവര്‍ ഏതു കമ്മ്യൂണിസ്റ്റുലേബലില്‍ പ്രത്യക്ഷപ്പെട്ടാലും അയാള്‍ ജനാധിപത്യവാദിയല്ല. കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്ക്കരണം ഭാഗികമായിരുന്നുവെന്നും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അപകടകരമാണെന്നും തിരിച്ചറിയാത്തവര്‍ക്ക്‌ കേരളസമൂഹത്തിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയക്ക്‌ തടസ്സമായി ഭവിക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനോ അവയെ ചരിത്രത്തില്‍ നിന്നും തൂത്തെറിയുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃശക്തിയാകാനോ കഴിയില്ല. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയക്ക്‌ ഉല്‍പാദനബന്ധങ്ങളിലെ നിര്‍ണായകമായ സ്ഥാനം ഉറപ്പിക്കപ്പെടേണ്ടതുണ്ടെന്നാണ്‌ ഇതിന്നര്‍ത്ഥം.


ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളെന്ന നിലയ്ക്കല്ലാതെ തന്നെ സമൂഹത്തിന്റെ ഉപരിഘടനയില്‍ ജനാധിപത്യധ്വംസനപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്‌ ജനാധിപത്യസംസ്ക്കാരമില്ലാത്ത സമൂഹത്തെ കാണിച്ചുതരുന്നു. സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഇപ്പോഴും ഭരിക്കുന്നത്‌ നാടുവാഴിത്ത മൂല്യങ്ങള്‍ തന്നെയാണ്. ഇവിടെ, ആചാരേതരമോ ജാതിവിരുദ്ധമോ ആയ വിവാഹങ്ങള്‍ പോലും നിഷിദ്ധമാകുകയും ഏറ്റവും യാഥാസ്ഥിതികമായ സ്ത്രീ പുരുഷബന്ധങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളും അധ:സ്ഥിതജനവിഭാഗങ്ങളും ആക്രമിക്കപ്പെടുന്നു. അഴിമതിയും അസത്യവും സാമൂഹിക ജീവിതത്തെ ഭരിക്കുന്നു. സാമൂഹികനീതിയുടെ പ്രാഥമികസങ്കല്‍പനങ്ങള്‍പോലും തുടച്ചുനീക്കപ്പെടുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്‌ വര്‍ഗ്ഗീയതക്ക്‌ ത്വരകമാണെതിന്റെ ഉദാഹരണവും കേരളമാണ്‌. ആധുനികകേരളം ആദ്യമായി ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്‌ കീഴ്പ്പെടുന്നത്‌ കേരളത്തിലെ ആദ്യത്തെ ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിച്ച വിമോചനസമരത്തെ തുടര്‍ന്നാണ്‌. മലയാളികള്‍ അതേവരെ ആര്‍ജ്ജിച്ചെടുത്ത ജനാധിപത്യപരമായ പൊതുമണ്ഡലത്തെ പിളര്‍ക്കുകയായിരുന്നു വിമോചനസമരം ചെയ്തത്‌. പൊതുസമൂഹത്തിന്റെ ജനാധിപത്യപരമായ ഇടപെടലുകളെ തടയുന്ന രീതിയില്‍ കേരളജനതയെ വോട്ടൂബാങ്കുകളായി വിഭജിച്ചെടുക്കുന്നതില്‍ പിന്നീട്‌ ഇവിടെ വളര്‍ന്നുവന്ന മുന്നണിരാഷ്ട്രീയം വിജയിച്ചിട്ടുണ്ടെന്നും കാണണം.


അയിത്താചാരങ്ങളുടെ പേരില്‍ ഭ്രാന്താലയം എന്നു വിളിക്കപ്പെട്ട മലയാളനാട്ടില്‍ എല്ലാ ജാതിമതസ്ഥരും ഒരുമിച്ചിരുന്നു പഠിക്കുന്ന ഒരു വിദ്യാലയസമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ സ്ഥാപിച്ചെടുക്കാന്‍ പില്‍ക്കാലത്ത്‌ കേരളജനതക്ക്‌ കഴിയുകയുണ്ടായി. കേരളസമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും ഫ്യൂഡല്‍മൂല്യങ്ങളും വരേണ്യാവസ്ഥയും പൊതുവിദ്യാഭ്യാസത്തിന്റെ കടന്നുവരവിനെ തടഞ്ഞിരുന്നുവെങ്കിലും ഈ കടമ്പകളെയെല്ലാം മറികടക്കുന്ന ധീരമായ ഒരു പുരോഗമന മനസ്സിനെ ആര്‍ജ്ജിച്ചുകൊണ്ടാണ്‌ നമ്മുടെ ജനത ഒരു പൊതുവിദ്യാഭ്യാസക്രമത്തെ സൃഷ്ടിച്ചെടുത്തത്‌. ചരിത്രത്തിലെ അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ വ്യക്തികളും പ്രസ്ഥാനങ്ങളും ഇതിന്നായി അനുഭവിച്ച ത്യാഗങ്ങളും യാതനകളും അളവറ്റതാണ്‌. കേരളത്തിലെ വിദ്യാഭ്യാസമേഖല ഇപ്പോള്‍ ഈ പൊതുവിദ്യാഭ്യാസക്രമത്തിന്റെ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്‌. കേരളസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ ത്വരിപ്പിച്ച ഒരു വലിയ ഘടകത്തിന്റെ നാശമാണിത്‌. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച കേരളസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെയും മന്ദീഭവിപ്പിക്കുമെന്നു തീര്‍ച്ചയാണ്‌!


കേരളസമൂഹം നേരിടുന്ന കൊടിയ വിപത്തിനെ തിരിച്ചറിയുകയും ജാഗ്രത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യണ്ട സന്ദര്‍ഭമാണിത്‌.

1 comment:

smith said...

Seneca Gaming – Oil Spring located in Cuba found sixty nine miles southeast of 우리카지노 Buffalo

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...