കെ.പി.അപ്പന്റെ "ബൈബിള്‍: വെളിച്ചത്തിന്റെ കവചം" എന്ന പുസ്തകത്തെ ക്രിസ്ത്യന്‍ പുരോഹിതരും കന്യാസ്ത്രീകളും മറ്റു മതവിശ്വാസികളും വലിയ താല്പര്യത്തോടെയാണ് സ്വീകരിച്ചത്. ബൈബിളിനെ കുറിച്ചുള്ള ഈ സാഹിത്യവിമര്‍ശകന്റെ പുസ്തകം പുറത്തിറങ്ങിയ നാളുകളില്‍, ഡി.സി. ബുക്സിന്റെ ഷോ റൂമുകളില്‍ ഇതു തേടി കന്യാസ്ത്രീകള്‍ എത്തിച്ചേരുന്നത് നല്ലൊരു കാഴ്ചയായിരുന്നു. അപ്പന് എഴുതിയ ക്രിസ്തുപുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ പെട്ടെന്നു തന്നെ പുറത്തിറങ്ങിക്കൊണ്ടിരുന്നു. വ്യത്യസ്തമായ ഒരു ബൈബിള്‍വായനയുടെ സുന്ദരമായ ചില മുഹൂര്‍ത്തങ്ങളെ അപ്പന്റെ പുസ്തകം സമ്മാനിക്കുന്നു. നിന്ദയുടേയും വെറുപ്പിന്റേയും ചിഹ്നമായിരുന്ന കുരിശ് ക്രിസ്തുവിന്റെ രക്തം കൊണ്ടു നനഞ്ഞു പവിത്രമാകുന്നതായി ദര്‍ശിക്കുമ്പോഴും കുഞ്ഞിനെ എടുത്തു നില്ക്കുന്ന ഏതൊരു അമ്മയിലും ഉണ്ണിയേശുവിനെ എടുത്തു നില്ക്കുന്ന വിശുദ്ധമാതാവിന്റെ വിദൂരച്ഛായകളുണ്ടെന്നു പറയുമ്പോഴും ലോകം ഉള്ളില്‍ പേറിയിരുന്ന തിരിച്ചറിവുകളെ അപ്പന് സൌന്ദര്യത്തികവോടെ എടുത്തു കാണിക്കുകയായിരുന്നു. മതേതരമായ ഒരു നിലപാടില്‍ നിന്നുകൊണ്ടല്ല അപ്പന് ബൈബിളിനെ കുറിച്ച് എഴുതിയത്. മതഭക്തിയുടെ അന്തരീക്ഷം അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യാപിച്ചു നില്‍ക്കുന്നത് വായനക്കാരന് അറിയുന്നു.
സാഹിത്യവിമര്‍ശനകലയിലെ ഉന്നതസ്ഥാനീയനായ കെ.പി.അപ്പന് ബൈബിളിനെ കുറിച്ചും മേരികന്യയെ കുറിച്ചും ഓരോ പുസ്തകങ്ങള്‍ എഴുതിയെന്നത് ഒരു സാമാന്യപാഠത്തെ ഉല്പാദിപ്പിക്കുന്നുണ്ട്. നമ്മുടെ വിമര്‍ശകന്റെ വിശ്വാസജീവിതത്തോടുള്ള വലിയ വിശ്വാസത്തെ ഇത് എടുത്തു കാണിക്കുന്നു. സാഹിത്യവിമര്‍ശനജീവിതത്തിലുടനീളം അദ്ദേഹം സ്വയം സംരക്ഷിച്ചു നയിച്ച വിമര്‍ശാദര്‍ശത്തിലുള്ള വിശ്വാസത്തിന്റെ ഉറവിടങ്ങളേതാണെന്ന് പരോക്ഷമായി നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയായിരുന്നു ഇത്. അപ്പന്റെ വിമര്‍ശാദര്‍ശങ്ങള്‍ക്ക് മതാത്മകതയുമായി വലിയ ബന്ധമുണ്ട്. കന്യാമേരിയെ കുറിച്ചുള്ള വിശുദ്ധവിശ്വാസങ്ങളെ ചോദ്യങ്ങളില്ലാതെ നമ്മുടെ വിമര്ശകന് സ്വീകരിക്കുന്നു. മേരിയെ കുറിച്ച് അപ്പന് എഴുതുന്നു. "ഗര്‍ഭിണിയായിട്ടും കന്യകയായിരുന്നവള്‍, കന്യകയായി തന്നെ പ്രസവിച്ചവള്‍, അതിനു ശേഷവും കന്യകയായിരുന്നവള്‍ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി." വലിയ മതവിശ്വാസത്തിന്റെ വരികളാണ് കെ.പി. അപ്പന് ഇവിടെ എഴുതുന്നത്. കന്യാമറിയത്തിലെ വൈരുദ്ധ്യങ്ങളെ യുക്തി കൊണ്ട് പരിഹരിക്കേണ്ടതാണെന്നു് അപ്പന് കരുതിയില്ല. ആ വൈരുദ്ധ്യങ്ങളുണര്‍ത്തുന്ന സന്ദേഹങ്ങളെ വിശുദ്ധവൈരുദ്ധ്യങ്ങള്‍ എന്ന വാക്കു കൊണ്ട് മറയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ക്രിസ്തുമാതാവിന്റെ ജീവിതത്തെ വിശ്വാസത്തിന്റെ ധീരതയായി അദ്ദേഹം പ്രകീര്‍ത്തിക്കുന്നു. ഈ വിശ്വാസം അനുകരണീയമാണെന്ന് അപ്പന് ഉറപ്പുണ്ടായിരുന്നു. അപ്പന്റെ വിമര്‍ശാദര്‍ശങ്ങള്‍ വിശുദ്ധമായ വിശ്വാസമായി തീര്‍ന്നതിന് മറ്റു കാരണങ്ങള്‍ തിരയേണ്ടതില്ല. മതകര്‍മ്മത്തിന്റെ പരിശുദ്ധിയോടെയാണ് താന്‍ ഖണ്ഡനവിമര്‍ശനത്തില്‍ മുഴുകുന്നതെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു.
ബൈബിളിനെ മതഗ്രന്ഥമായും സാഹിത്യകൃതിയായും കാണാമെന്ന് അപ്പന് എഴുതുന്നുണ്ട്. ബൈബിളിന്റെ മതാത്മകതയാണോ അതിലെ സാഹിതീയസൌന്ദര്യമൂല്യങ്ങളാണോ അപ്പനെ ആകര്‍ഷിച്ചത്? ബൈബിളില്‍ നിന്നും കെ.പി. അപ്പന് എന്താണ് സ്വീകരിച്ചത്? അപ്പന് ഇവ രണ്ടിനേയും സ്വീകരിച്ചു. തന്റെ ബുദ്ധിപരമായ ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാനശക്തി ബൈബിളായിരുന്നുവെന്ന് അപ്പന് എഴുതിയത് വെറുതെയല്ല. അപ്പന്റെ ബുദ്ധിജീവിതത്തേയും വിമര്‍ശനകലയേയും നിര്‍ണ്ണയിച്ച പ്രധാന പ്രേരകശക്തി മതാത്മകതയായിരുന്നു. കെ.പി. അപ്പന് യുക്തിയുടെ ആരാധകനായിരുന്നില്ല. യുക്തിപരമായ വിചിന്തനത്തിലൂടെയുള്ള അര്ത്ഥോല്പാദനം പൂര്‍ണ്ണമല്ലെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സാഹിത്യകൃതിയുടെ യഥാര്‍ത്ഥമൂല്യങ്ങള്‍ സൌന്ദര്യാത്മകതയുടേതാണെന്നു കരുതിയ അപ്പന് യുക്തിവിചാരത്തിലൂടെ ഈ മൂല്യവിചാരം അസാദ്ധ്യമാണെന്നു പോലും കരുതി. മതാത്മകതയുടെ പ്രധാനലക്ഷണം അത് പുസ്തകത്തില്‍ (സത്യവേദപുസ്തകത്തില്‍) എഴുതിയതിനെ പരമസത്യമായി കാണുന്നുവെന്നതാണ്. വിശ്വാസമാണ് ഈ വീക്ഷണത്തിന്റെ പ്രധാന പ്രചോദനഘടകം. പുസ്തകത്തിനുള്ളില്‍ സത്യമെഴുതിയിരിക്കുന്നു. എല്ലാവര്ക്കും ഒരേ രീതിയില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന സത്യമാണത്. പുസ്തകത്തിന്റെ കര്‍ത്താവ് പറയാനാഗ്രഹിക്കുന്നതെന്തോ അതു വായനക്കാരന് ഗ്രഹിക്കുന്നു. കാലമോ ചരിത്രമോ സംസ്ക്കാരത്തിന്റെ വ്യതിരിക്തതകളോ ഭാഷയിലെ സന്ദിഗ്ദ്ധതകളോ വായനയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന അര്ത്ഥത്തിന് വ്യതിയാനങ്ങള്‍ വരുത്തുന്നില്ല. പുസ്തകത്തില്‍ നിന്നും വായനക്കാരന് കണ്ടെടുക്കുന്ന അര്‍ത്ഥം കര്‍ത്താവിന്റെ ഏകസ്വരം തന്നെയാണ്. ഇവിടെ പുസ്തകത്തിന്റെ കര്‍ത്താവ് ദൈവത്തെ പോലെയാണ്, ദൈവം തന്നെയാണ്. മതാത്മകതയുടെ ഈ സത്യദര്‍ശനമാണ് കെ.പി. അപ്പന്റെ സാഹിത്യദര്‍ശനത്തെയും നയിക്കുന്നത്. അപ്പനെ സംബന്ധിച്ചിടത്തോളം ഏതൊരു ഗ്രന്ഥവും കര്‍ത്താവ് ഉദ്ദേശിക്കുന്ന ഏകാര്‍ത്ഥത്തിന്റെ സ്രോതസ്സായി നിലനില്ക്കുന്നു. എഴുത്തുകാരന്റെ മരണത്തെ കുറിച്ചുള്ള ബാര്‍ഥിന്റെ ചിന്തകള്‍ അപ്പനെ ആകര്ഷിക്കാതിരുന്നത് അതുകൊണ്ടാണ്. റൊളാങ്ങ് ബാര്‍ഥിന്റെ വീക്ഷണത്തിനെതിരെ അപ്പന് ലേഖനമെഴുതുകയും ചെയ്തുവല്ലോ.
കെ.പി. അപ്പന്റെ വിമര്‍ശനവഴികള്‍ ചില പ്രതിസന്ധികളെ നേരിട്ട ഘട്ടത്തിലാണ് സാഹിത്യനിരൂപണത്തിന് അര്‍ദ്ധവിരാമമിട്ട് ബൈബിളിനെ കുറിച്ച് അദ്ദേഹം എഴുതാന്‍ തുടങ്ങിയതെന്ന് ഈ ലേഖകന്‍ എഴുതിയിരുന്നു. ഏതാണ്ട് സമാനമായ അര്‍ത്ഥത്തില്‍ വി.സി.ശ്രീജന് നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇവ തെറ്റായ നിഗമനങ്ങളായിരുന്നു. കെ.പി.അപ്പനെ സംബന്ധിച്ചിടത്തോളം ബൈബിളിനെ കുറിച്ചുള്ള എഴുത്ത് സാഹിത്യവിമര്‍ശനത്തിന്റെ ഭാഗം തന്നെയയിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനകലയില്‍ സത്യവേദപുസ്തകത്തിന്റെ മതാത്മകത നിറഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമല്ല ഇങ്ങനെ പറയുന്നത്. ബൈബിളിനെ കുറിച്ച് എഴുതുമ്പോഴും സാഹിത്യത്തിന്റെ ബൃഹത് ലോകം ഇടക്കിടയ്ക്ക് ഇടപെട്ടു കൊണ്ടിരുന്നു. ജെയിംസ് ജോയ്സിന്റേയും ഡോസ്റ്റോവ്സ്ക്കിയുടേയും കസാന്ദ്സാക്കിസിന്റേയും കൃതികള്‍ ബൈബിളിനെ മുന്‍നിര്‍ത്തി വായിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. പഴയനിയമത്തിലെ ഇയ്യോബിന്റെ പുസ്തകം എന്ന കലാസൃഷ്ടിയുടെ കര്‍ത്താവും ഷേക്സ്പിയറും ഡോസ്റ്റോവ്സ്ക്കിയുമാണ് അത്യുന്നതങ്ങള്‍ മഹത്ത്വപ്പെടുത്തിയ മൂന്നു സാഹിത്യപ്രതിഭകളെന്ന ആര്‍ച്ച് ബാള്‍ഡ് മക്ളീഷിന്റെ വാക്കുകളെ തന്റെ ലേഖനത്തില്‍ ഉദ്ധരിച്ചു ചേര്‍ത്ത നമ്മുടെ സാഹിത്യവിമര്‍ശകന്‍, ഇയ്യോബിന്റെ പുസ്തകത്തെ കുറിച്ച് മലയാളത്തിലെ ഏറ്റവും നല്ല ലേഖനം ചമയ്ക്കുകയും ചെയ്തു. ബൈബിള്‍പഠനവും എഴുത്തും കെ.പി. അപ്പന്റെ സാഹിത്യവിമര്‍ശനസപര്യയുടെ ഭാഗങ്ങള്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇവയെല്ലാം.
തന്റെ ബുദ്ധിജീവിതത്തിലുടനീളം മതാത്മകതയെ ആദര്‍ശമായി സ്വീകരിച്ച അപ്പന് മതേതരത്വത്തെ സ്വാഗതം ചെയ്തുകൊണ്ട് രണ്ടു ലേഖനങ്ങള്‍ എഴുതി. മതേതരത്വത്തെ കുറിച്ചുള്ള ഒരു ചര്‍ച്ച തുടങ്ങിവച്ചത് അപ്പനായിരുന്നു. സാഹിത്യവിമര്‍ശനത്തിലെ മതാത്മകമായ ആദര്‍ശത്തിനും പൊതുജീവിതത്തിലെ മതേതരനിലപാടിനും ഇടയില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ അപ്പനു കഴിഞ്ഞില്ല. മതം അനുഭവമായിത്തീരേണ്ടത് പൊതുജീവിതത്തിലല്ല, വ്യക്തിജീവിതത്തിലാണെന്നു് അദ്ദേഹം എഴുതി. ഇങ്ങനെ എഴുതുമ്പോള്‍ മുതലാളിത്തജനാധിപത്യവിപ്ളവങ്ങള്‍ നല്കിയ വലിയ പാഠത്തെ സ്വീകരിക്കുകയാണ് അപ്പന് ചെയ്തത്. ഈശ്വരവാദമതങ്ങള്‍ക്കും ദൈവനിന്ദകര്‍ക്കും ബൂര്‍ഷ്വാ ലോകവീക്ഷണത്തിനും കമ്മ്യൂണിസ്റ്റ് ലോകവീക്ഷണത്തിനും മതേതരത്വത്തിന്റെ ആശയങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതാണെന്നു് അദ്ദേഹം എഴുതി. എന്നിട്ടും മതേതരമൂല്യങ്ങള്‍ അവഗണിക്കപ്പെടുതില്‍ ഖിന്നനായി. മനുഷ്യനില്‍ സദാ സന്നദ്ധമായിരിക്കുന്ന വംശീയതയുടെ വികാരങ്ങള്‍ ഈ അവഗണനക്കുള്ള കാരണമാണെന്നു പറഞ്ഞു. മതേതരലോകവീക്ഷണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ അപ്പന് തന്റെ സാഹിത്യവിമര്‍ശനകലയുടെ ആദര്‍ശമായി മതാത്മകതയെ മനസ്സു കൊണ്ടു സ്വീകരിച്ചതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. സാഹിത്യവിമര്‍ശനം അപ്പന്റെ പൊതുജീവിതത്തിന്റെ ഭാഗമായിരുന്നില്ല, വ്യക്തിജീവിതത്തിന്റെ ഭാഗമായിരുന്നു. 'വ്യക്തിപരമായത് രാഷ്ട്രീയമാണ്' എന്ന പുതിയ മുദ്രാവാക്യം അപ്പന് ഉള്‍പ്പെടെ എല്ലാ മതേതരവാദികളുടേയും സമിപനത്തെ വെല്ലുവിളിക്കുന്നുണ്ട്. വ്യക്തിനിഷ്ഠമായ എല്ലാറ്റിനേയും പൊതുജീവിതത്തിലേക്ക് വലിച്ചു കൊണ്ടുവരാനാണ് ഈ മുദ്രാവാക്യം ശ്രമിക്കുതെന്നതും അത് സ്വകാര്യതയുടെ സകലലോകങ്ങളേയും അടച്ചുപൂട്ടുന്നുവെന്നും ആര്‍ക്കാണറിയാത്തത്? മനുഷ്യവ്യവഹാരങ്ങളിലെ സവിശേഷമണ്ഡലങ്ങളേയും ബഹുസ്വരങ്ങളേയും കുറിച്ചു പറയുന്നവര്‍ തന്നെ ഈ മുദ്രാവാക്യത്തെ അനുകൂലിക്കുന്നുവെന്നതില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്. എല്ലാ പൊതുധാരണകളിലും പതിയിരിക്കുന്ന അധികാരത്തെ സവിശേഷമണ്ഡലങ്ങളുടെ സ്വാച്ഛന്ദ്യത്തെ തടഞ്ഞുകൊണ്ട് പ്രതിരോധിക്കാനാകില്ല.
സത്യവേദപുസ്തകത്തേയും ക്രിസ്തുവിനേയും കന്യാമേരിയേയും സ്തുതിക്കുന്ന പുസ്തകങ്ങള്‍ എഴുതിയ അപ്പന് ക്രൈസ്തവസഭകളുടെ അപചയം കാണാതിരിക്കുന്നില്ല. സഭ കഠിനഹൃദയം പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളെ കുറിച്ച് അപ്പന് എഴുതുന്നു. ഡോസ്റ്റോവ്സ്ക്കി എഴുതിയ മതദ്രോഹവിചാരകന്റെ കഥ അനുസ്മരിക്കുന്നു. സ്വന്തം ശരീരത്തെ ജനങ്ങള്‍ക്കു വേണ്ടി ബലി കഴിച്ച ക്രിസ്തുവിന്റെ പുതിയ ശിഷ്യന്മാര് സ്വാര്‍ത്ഥരക്ഷക്കായി സാധാരണക്കാരുടെ ശരീരങ്ങളെ ബലി കഴിക്കുന്നുവെന്ന മാര്‍ക്സിന്റെ വാക്കുകള്‍ എഴുതുന്നു. എന്നാല്‍, ക്രൈസ്തവസഭകളുടെ അപചയം മാനുഷികമായ പരിമിതിയാണെന്ന ഒത്തുതീര്‍പ്പില്‍ കെ.പി. അപ്പന് എത്തുന്നു. ഇതിന്നായി ക്രിസ്തുവിനെ പല പ്രാവശ്യം തള്ളിപ്പറഞ്ഞ ശിഷ്യന്മാരുടെ കഥയെ ഓര്‍ക്കുകയും ഇതിനെക്കോളേറെ പരിമിതി മനുഷ്യന് പ്രകടിപ്പിച്ചേക്കാമെന്നു് കാണുകയും ചെയ്യുന്നു. കെ.പി. അപ്പന് ശുദ്ധമായ ആദര്‍ശവാദത്തെ സ്വീകരിക്കാത്ത ഒരു സന്ദര്‍ഭമായിരുന്നു ഇത്. മനുഷ്യന്റെ ആഭിമുഖ്യങ്ങളുടെ വേരുകള്‍ ഏറെയും മതത്തിലാണെന്നു് എഴുതിയിട്ടുള്ള കെ.പി.അപ്പന് മതത്തോടുള്ള തന്റെ ആഭിമുഖ്യത്തെയാണ് ഇവിടെ വെളിവാക്കിയത്. ബൈബിളിനെ കുറിച്ചുള്ള പുസ്തകത്തിന്റെ രചനയില്‍ തെളിഞ്ഞു നിന്നിരുന്നത് ഇക്കാര്യം തന്നെയായിരുന്നു.
സമകാലികമലയാളം വാരികയില്‍ അപ്പന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ചത്
Subscribe to:
Post Comments (Atom)
POPULAR POSTS
-
വര്‍ത്തമാനകാലത്തിന്റെ ആഖ്യാനം പ്രബുദ്ധ സമൂഹമെന്നു മേനി നടിക്കുമ്പോഴും കേരളത്തിലെ സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഭരിക്കുന്നത് ഫ്യ...
-
'അമ്പാടിയിലേക്കു വീണ്ടും' എന്ന കവിതയ്ക്കു മുന്നിലായി ഇടശ്ശേരി കുറിച്ചു വച്ച വാക്യങ്ങള്‍ ഇങ്ങനെയാണ്. "കൃഷ്ണപ്പാട്ടിലെ രാസക്രീഡ ...
-
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...
1 comment:
മാഷേ,
ലേഖനം വളരെ നന്നായിട്ടുണ്ട്. രചനാചാതുരിയും വിജ്ഞാനവും സര്‍ഗ്ഗശേഷിയും ഇക്കാലത്ത് കമ്പോളത്തില്‍ വിറ്റഴിക്കാന്‍ നല്ല ചരക്കുകളായി തുടരുകയാണ്. കത്തോലിക്കാമതം ഇന്ന് സാമ്രാജ്യത്വത്തിന് വേണ്ടി ആടുകളെ പരസ്പരം കൂട്ടിയിടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ വേഷമണിഞ്ഞ മൗലിക, ഭീകരതകളുടെ പ്രതീകമാണ്. ഇസ്ലാമിക മതമൗലികവാദത്തിന് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ സഹായകമായ വിധത്തില്‍ ലൗജിഹാദിനെ കുറിച്ചും ഇസ്ലാമികഫണ്ടിനെ കുറിച്ചും അവര്‍ അഭിപ്രായം പരസ്യമാക്കിക്കഴിഞ്ഞിരിക്കുന്നു. കെ.പി.അപ്പന് ബൈബിളിന്റെ മാഹാത്മ്യത്തെ സ്തുതിക്കുന്നത് സാധാരണക്കാരായ ക്രിസ്തുമത വിശ്വാസികളെ ബോധവല്‍ക്കരിക്കാനല്ല, മറിച്ച് ക്രസ്തീയസഭകള്ക്ക്, കേരളത്തിലെ ഏറ്റവും വലിയ ധനികരായ മതവിഭാഗത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ, സാമ്രാജ്യത്വത്തിന്റെ സേവകരായി കേരളത്തില്‍ മതമൗലിക ഭീകരത അഴിച്ചുവിടുന്നവരുടെ പ്രതിനിധികളും പ്രതിപുരുഷന്മാരും പ്രതിവനിതകളുമായ പാതിരിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും കൂടുതല്‍ ആധികാരികത സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി അവരെ സഹായിക്കാനാണ്. അതിലൂടെ അവരുടെ സേവകനായി, ഒരു ആസ്ഥാന സാഹിത്യകാരനായി മാറാനുള്ള കുല്സിത ശ്രമമാണ് കെ.പി.അപ്പന് നടത്തുന്നത്. പരോക്ഷമായി തങ്ങളുടെ സര്‍ഗ്ഗവൈഭവത്തെ സാമ്രാജ്യത്വപരിപാടികള്ക്കായി അടിയറ വെച്ചിരിക്കുന്നുവെന്ന രാഷ്ട്രീയ ദുരന്തമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ഇതിനു നേരെയുള്ള പ്രതികരണം മറ്റൊരു കോര്‍പ്പറേറ്റ് സ്ഥാപനമായ സിപിഐ(എം) പോലെയുള്ള പാര്‍ട്ടികളുടെ മാസപ്പടി വാങ്ങുന്ന സാഹിത്യ-സാംസ്കാരിക വിമര്‍ശകരില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. മാഷിനെ പോലെയുള്ളവര്‍ ഇതിനെതിരെ രംഗത്തു വരുന്നതിലൂടെ മാത്രമേ ഇത്തരം അപകടങ്ങളെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ.
സസ്നേഹം
ജയരാജന്
Post a Comment