ഇത് അമ്മമാരുടെ ലോകമല്ല. ഈ ലോകത്തിന്റെ ആത്മാവില്‍ അമ്മയെന്ന വികാരം നിലനില്‍ക്കുന്നില്ല. അമ്മയെ മറന്നുപോയവരുടെ ലോകമാണിത്. അമ്മയെ മറന്നുപോകുന്നവര്‍ സ്വയം തിരിച്ചറിയാത്തവരാണ്. തങ്ങള്‍ ആരാണെന്നു് മറന്നു പോയവര്‍. വിവേചനശേഷി നശിച്ചവര്‍. നമ്മുടെ മാതൃരഹിതലോകത്തിന്റെ ആത്മാവില്ലാത്ത ഈ അവസ്ഥയെയാണ് പറുദീസാനഷ്ടം എന്ന കഥയില്‍ സുഭാഷ് ചന്ദ്രന്‍ കാണിച്ചു തരുന്നത്.
തന്റെ അമ്മയുടെ ഗര്‍ഭപാത്രം ഒരു പ്ളാസ്റ്റിക് ജാറിലാക്കി കൈയ്യിലേന്തി, ബസ്സില്‍ യാത്ര ചെയ്യേണ്ടി വരികയും ബസ്സ് യാത്രക്കിടയിലെ തിരക്കുകള്‍ക്കിടയില്‍ അത് മറന്നുപോകുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന നരേന്ദ്രന്‍ എന്നയാളുടെ അനുഭവങ്ങളുടെ ആഖ്യാനമാണ് ഈ കഥ. നമ്മുടെ ലോകത്തിന്റെ തളളയില്ലായ്മകളുടെ എല്ലാ ലക്ഷണങ്ങളേയും ഈ കഥ കണ്ടെത്തുന്നു. രോഗം ബാധിച്ച ഗര്‍ഭപാത്രം, ഗര്‍ഭപാത്രം ഉള്‍ക്കൊളളാന്‍ തക്കവലിപ്പമുളള പ്ളാസ്റ്റിക് ഭരണി, ആള്‍ക്കൂട്ടത്തെ ബാധിച്ച അച്ഛന്‍ജ്വരം.. എന്നിങ്ങനെ ആഖ്യാനത്തിലുടനീളം കഥാകാരന്‍ നല്‍കുന്ന സൂചനകള്‍ വായനയ്ക്ക് വിസ്തൃതമാനങ്ങള്‍ നല്‍കുന്നു.
ഗര്‍ഭപാത്രത്തിന്റെ ജൈവതയിലാണ് ഈ ലോകം നിലനില്‍ക്കുന്നത്. ഇപ്പോള്‍, അത് രോഗാതുരമായിരിക്കുന്നു. പ്ളാസ്റ്റിക് എന്ന മാലിന്യത്തിന്റെ സുതാര്യസൌന്ദര്യവും അനശ്വരതയും കൊണ്ട് ഗര്‍ഭപാത്രത്തെ സുരക്ഷിതമാക്കേണ്ടി വന്നിരിക്കുന്നു. രോഗാതുരമായ ഗര്‍ഭപാത്രത്തെ പ്ളാസ്റ്റിക് ഭരണിയില്‍ സുരക്ഷിതമാക്കേണ്ടി വരുന്ന അവസ്ഥ, ഒരിക്കലും നശിക്കാതെ അവക്ഷിപ്തീകരിച്ചുകൊണ്ടിരിക്കുന്ന മാലിന്യത്തെ സുരക്ഷിതത്വത്തിന്റെ കവചമായി ജൈവതയ്ക്കു പകരം സ്വീകരിക്കേണ്ടി വരുന്ന ദുരവസ്ഥയുടെ രൂപകമാണ്. ഗര്‍ഭപാത്രം സുരക്ഷിതമായി രോഗനിര്‍ണ്ണയകേന്ദ്രത്തില്‍ എത്തിക്കുന്നതിനുളള പ്ളാസ്റ്റിക് ജാര്‍ വിലപേശി വാങ്ങിയതാണ്. നരേന്ദ്രന് രണ്ടു രൂപാ ലാഭത്തില്‍ അതു വാങ്ങാന്‍ കഴിഞ്ഞു. ഗര്‍ഭപാത്രത്തിന്റെ മൂല്യം കമ്പോളമൂല്യങ്ങള്‍ക്ക് ഉപരിയായി നിലനില്‍ക്കുന്നില്ല. മറ്റൊരിടത്ത്, ഗര്‍ഭപാത്രത്തിന്റെ വലിപ്പം പ്ളാസ്റ്റിക് പാത്രത്തിണ്റ്റെ വലിപ്പവുമായി താരതമ്യം ചെയ്യപ്പെടുന്നുമുണ്ട്. ഗര്‍ഭപാത്രത്തെ ഉള്‍ക്കൊളളാന്‍ തക്ക വലിപ്പമുളള പ്ളാസ്റ്റിക്പാത്രത്തെ കുറിച്ചു പറയുന്നതോടൊപ്പം നഷ്ടപ്പെട്ടത് ഒരു പഴയപാത്രമാണെന്ന് കഥാവസാനത്തില്‍ പ്രധാന കഥാപാത്രം സ്വയം ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു. പാപബോധവും അവജ്ഞയും ആത്മപരിഹാസവും കൂടിച്ചേര്‍ന്ന മനസ്സ് മാന്യത കൈവെടിയാതിരിക്കാനുളള തത്രപ്പാടിന്നിടയിലാണ് ഈ ഉത്തരത്തില്‍ എത്തിച്ചേരുന്നത്. ഈ മാന്യത അമ്മയെ നിഷേധിക്കുന്ന കാപട്യമാണ്. അത് തന്റെ അമ്മയുടെ ഗര്‍ഭപാത്രമായിരുന്നുവെന്നു പറയാനുളള ആര്‍ജ്ജവം നരേന്ദ്രനു നഷ്ടപ്പെടുന്നു. അമ്മ ഒരു പഴയ കാര്യമായിരിക്കുന്നു. മറന്നു പോകേണ്ട കാര്യമായിരിക്കുന്നു. അമ്മയോടുളള ആദരവ് ജീവനോടും ജീവിതത്തോടുമുളള ആദരവായിരുന്നു. ഇവ പൂര്‍വ്വികന്റെ വിഡ്ഢിത്തങ്ങളായി ഗണിക്കപ്പെടുന്ന ലോകമായി നമ്മുടെ ലോകം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതാണ്, മനുഷ്യന്‍ ചക്രവര്‍ത്തിയായ (നരേന്ദ്രന്‍) ലോകം.
നമ്മെ പെറ്റുപോറ്റുന്ന അമ്മമാരെ മാത്രമല്ല; ഗര്‍ഭപാത്രം സൂചിപ്പിക്കുന്നത്. ഗര്‍ഭപാത്രത്തെ പ്രകൃതിയുടെ പര്യായപദമായി കാണുക. രോഗാതുരമായ ഗര്‍ഭപാത്രം രോഗാതുരമായ പ്രകൃതിയേയും രോഗാതുരമായ ലോകത്തേയും ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതി ചിലപ്പോള്‍ ഭ്രാന്തിത്തള്ളയാകുന്നു. സ്നേഹ നിരാസത്തിന്റെ വേദന സഹിയാഞ്ഞ് രുദ്രയാകുന്നു. മക്കളെ കൊല്ലുന്ന കരാളരൂപിണിയാകുന്നു. ഭൂമി നാശത്തെ കാണുന്നു. മരുഭൂമികള്‍, ഭൂകമ്പങ്ങള്‍, ഉരുള്‍പൊട്ടലുകള്‍, വരള്‍ച്ച, ക്ഷോഭങ്ങള്‍, സമുദ്രഗര്‍ജ്ജനങ്ങള്‍, ആര്‍ദ്രത വറ്റിയ പ്രകൃതി. അമ്മയോടുളള മക്കളുടെ ഉപേക്ഷകള്‍ സര്‍വ്വംസഹയെ ഭ്രാന്തിയാക്കുന്നുവല്ലോ.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വലിയ സമ്മേളനത്തിന്റെ ഭാഗമായി രൂപം കൊണ്ട ആള്‍ക്കൂട്ടത്തിന്റെ തിരക്കിന്നിടയിലാണ് നരേന്ദ്രന് അമ്മയുടെ ഗര്‍ഭപാത്രം നഷ്ടപ്പെടുന്നത്. ആള്‍ക്കൂട്ടത്തെ ഒരു പുരുഷക്കൂട്ടമെന്നാണ് ആഖ്യാനത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക. ഈ പുരുഷാരം അവരുടെ മഹാപിതൃരൂപത്തെ കുറിച്ചു പറയുകയും ആവേശം കൊളളുകയും ചെയ്യുന്നു. ആഖ്യാനകാരന്‍ ഇ.എം.എസിനെ ഒരു പിതൃരൂപമായി അവതരിപ്പിക്കുന്നു. ഇ.എം.എസ് കേരളത്തിന്റെ സമീപകാലഭൂതകാലത്തെ ഏറെ സ്വാധീനിച്ച പുരുഷനായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ അച്ഛന്‍, സന്ദേഹങ്ങളില്ലാത്ത മനസ്സ്., 'അജ്ഞതയ്ക്കു പോലും ആധികാരിക ഭാവം'... ഇ.എം.എസ്. ഇങ്ങനെയൊക്കെയായിരുന്നു.
അങ്ങേരു മരിച്ചത് നെകത്താനാവാത്ത വെടവായിപ്പോയി
വെറും അറിവൊന്നുമല്ല, അസ്സല്‍ പാണ്ഡിത്യം
ശരിക്കും ഒരവതാരം
ഒമ്പതു ഭാഷകളറിയാമായിരുന്നു എന്നല്ലെ പറയണേ
ഈ മഹാപിതൃരൂപത്തെ കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ക്കിടയിലാണ് അമ്മയുടെ ഗര്‍ഭപാത്രം നഷ്ടമാകുന്നത്. പിതൃരൂപങ്ങള്‍ ആരാധിക്കപ്പെടുമ്പോള്‍ മാതാവ് ഓര്‍മ്മിക്കപ്പെടുന്നതേയില്ല. ഗര്‍ഭപാത്രത്തെ മറന്നുപോകുന്നു. പിന്നെ, ഓര്‍ത്തെടുക്കുമ്പോഴേയ്ക്കും അത് നഷ്ടമാകുന്നു.
അമ്മയുടെ ഗര്‍ഭപാത്രം മറന്നുപോയവന്‍ ഇറങ്ങി പോകുന്നത് അരക്ഷിതമായ ആള്‍ക്കൂട്ടത്തിന്നിടയിലേക്കാണ്. മനുഷ്യരാശി അകപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥയാണിത്. മനുഷ്യന്‍ നേരിടുന്ന അന്യമാകലിന്റെ അവസ്ഥയെ കഥാകാരന്‍ കാണുന്നു. ആധുനികശാസ്ത്രം; വൈദ്യശാസ്ത്രവും അതിന്റെ രോഗപരിചരണ സംവിധാനങ്ങളുമുള്‍പ്പെടെ, ഈ നൃശംസാവസ്ഥയെ പോഷിപ്പിക്കുകയാണെന്നു സൂചിപ്പിക്കുന്നു. പുരുഷാധിപത്യസമൂഹത്തിന്റെ ദുര്‍നീതികള്‍ സ്ത്രൈണഭാവങ്ങളെ നിഹനിക്കുകയാണെന്നും അസ്തിത്വത്തിന്നാധാരമായ മഹാശക്തിയെ പുരുഷാധിപത്യത്തിനു കീഴ്പ്പെട്ട ലോകം മറന്നു പോവുകയാണെന്നും ഈ കഥാകാരന്‍ പറയുന്നു.
Subscribe to:
Post Comments (Atom)
POPULAR POSTS
-
വര്‍ത്തമാനകാലത്തിന്റെ ആഖ്യാനം പ്രബുദ്ധ സമൂഹമെന്നു മേനി നടിക്കുമ്പോഴും കേരളത്തിലെ സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഭരിക്കുന്നത് ഫ്യ...
-
'അമ്പാടിയിലേക്കു വീണ്ടും' എന്ന കവിതയ്ക്കു മുന്നിലായി ഇടശ്ശേരി കുറിച്ചു വച്ച വാക്യങ്ങള്‍ ഇങ്ങനെയാണ്. "കൃഷ്ണപ്പാട്ടിലെ രാസക്രീഡ ...
-
ഐക്യകേരളത്തിനും വിമോചനസമരത്തിനും മുമ്പ്, ആംഗലഭാഷയില്‍ ബോധനം നടത്തുന്ന വിദ്യാലയങ്ങള്‍ സാധാരണമാകുതിനു മുമ്പ്, 'ഖസാക്കിന്റെ ഇതിഹാസ'ത്...
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...
No comments:
Post a Comment