Thursday, September 23, 2010

എനിക്കും മരണമുണ്ട്

മനുഷ്യകേന്ദ്രിതമായ ദര്‍ശനങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ പാശ്ചാത്യലോകമാണ്. മുതലാളിത്തവും വ്യാവസായിക വിപ്ലവവും ശാസ്ത്രവിപ്ലവങ്ങളും ചേര്‍ന്നു സൃഷ്ടിച്ച ആധുനികത മതദര്‍ശനങ്ങള്‍ക്കു കനത്ത പ്രഹരങ്ങളേല്പിക്കുകയും ദൈവത്തിന്റെ മരണം പ്രഖ്യാപിക്കുകയും ചെയ്തുവല്ലോ. ദൈവത്തിന്റെ മരണത്തില്‍ കേന്ദ്രകര്‍ത്തൃസത്തയുടെ മരണം കൂടി ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും ആ രൂപത്തില്‍ അതിനെ മനസ്സിലാക്കാന്‍ അന്നു കഴിയുമായിരുന്നില്ല. മതദര്‍ശനങ്ങളും ദൈവങ്ങളും നിഷ്ക്കാസിതമായ ലോകത്ത് മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട് ഉദാരദര്‍ശനങ്ങള്‍ക്ക് ആധുനികത രൂപം നല്കി. ഈ പ്രക്രിയക്ക് ആധുനികശാസ്ത്രം നല്കിയ ആത്മവിശ്വാസം അപാരമായിരുന്നു. പ്രപഞ്ചത്തിലെ ഓരോ കണികയുടേയും ഭാവി പ്രവചിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് ന്യൂട്ടോണിയന്‍ ഭൌതികം ലോകത്തിനു നല്കിയത്. മതദര്‍ശനങ്ങള്‍ക്കു പകരം കാരണയുക്തി സ്ഥാപിക്കപ്പെട്ടു. തന്റെ അധിപന്‍ താന്‍ തന്നെയാണെന്നു മനുഷ്യന്‍ സ്ഥാപിക്കണമെന്ന് ആധുനികതക്ക് ഉറപ്പുണ്ടായിരുന്നു. മുതലാളിത്തത്തിനെതിരെ രൂപം കൊണ്ട വിമോചനദര്‍ശനങ്ങള്‍ പാശ്ചാത്യആധുനികതയുടെ പരിമിതികളേയും ആന്തരിക വൈരുദ്ധ്യങ്ങളേയും പുറത്തു കൊണ്ടു വന്നിരുന്നുവെങ്കിലും പില്ക്കാലത്തു രൂപം കൊണ്ട യാന്ത്രികവ്യാഖ്യാനങ്ങള്‍ ഈ വിമോചനദര്‍ശനങ്ങളെ തന്നെ പാശ്ചാത്യയുക്തിയുടെ ബന്ധനത്തില്‍ അകപ്പെടുത്തുന്നതിലേക്കാണ് നയിച്ചത്. ഈ വിമോചനദര്‍ശനങ്ങള്‍ തന്നെ കേവലമനുഷ്യകേന്ദ്രിതമായ നിലപാടുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തികച്ചും യാന്ത്രികഭൌതികവാദപരമായ സമീപനങ്ങളിലേക്കാണ് ഇവ എത്തിപ്പെട്ടത്. ഇങ്ങനെ, പാശ്ചാത്യയുക്തിക്കെതിരെ പാശ്ചാത്യലോകം തന്നെ ഉയര്‍ത്തിയെടുത്ത വിമര്‍ശനങ്ങള്‍ യാന്ത്രികവും വികലവുമാക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യയടക്കം കൊളോണിയല്‍ ഭരണത്തിന്‍ കീഴിലുള്ള രാജ്യങ്ങളിലേക്ക് ഈ വിമോചനാദര്‍ശങ്ങള്‍ കടന്നുവരുന്നത്. യഥാര്‍ത്ഥത്തില്‍, ഇന്ത്യയെ പോലുള്ള കൊളോണിയല്‍ രാജ്യങ്ങളില്‍ മിക്കവാറും പ്രചരിച്ചതും സ്ഥാപിക്കപ്പെട്ടതും ഇന്ത്യയിലെ വിമോചനകാംക്ഷകളുള്ള എഴുത്തുകാരേയും ബുദ്ധിജീവികളേയും സ്വാധീനിച്ചതും യാന്ത്രികമായ വീക്ഷണങ്ങളായിരുന്നു. മലയാളത്തില്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ 'എനിക്കു മരണമില്ല' എന്ന കവിതയെ അടിസ്ഥാനപ്പെടുത്തി ഈ വസ്തുതകളുടെ അവലോകനത്തിനുള്ള ശ്രമമാണ് ഈ ലേഖനം. മനുഷ്യകേന്ദ്രിതമായ വീക്ഷണങ്ങളെ പരമകോടിയില്‍ പ്രതിഷ്ഠിച്ചു സ്തുതിക്കുന്ന ഒരു കവിതയാണിത്. വായനക്കാരനു നേരിട്ടു സംവദിക്കാന്‍ കഴിയുന്ന രീതിയില്‍ മനുഷ്യന്റെ സ്നേഹത്തിലും സര്‍ഗശേ‍ഷിയിലുമുള്ള വാഴ്ത്തുകള്‍ ഈ കവിതയിലുണ്ട്. ഇതിന്നപ്പുറം, തനിക്കു സഹൃദയനിലേക്കു പകരാനുള്ള ആശയത്തെ അവതരിപ്പിക്കുന്നതിനു കവി ഉപയോഗിക്കുന്ന രൂപകങ്ങളിലാണ് ഇവിടെ ശ്രദ്ധ. കവിയുടെ അബോധത്തേയും പ്രത്യയശാസ്ത്രത്തേയും അനാവരണം ചെയ്യാന്‍ ഇതു സഹായിക്കും.


കുതിരപ്പുറത്ത് ചാട്ടവാറുമായി സഞ്ചരിക്കുന്നവന്റെ ചിത്രത്തോടെയാണ് കവിത ആരംഭിക്കുന്നത്. ഒരു അധികാരിയുടെ, മഹാരാജാവിന്റെ, പോരാളിയുടെ, മര്‍ദ്ദകന്റെ രൂപത്തോടാണ് ഇതിനു സാമ്യം. അവന്‍ ജേതാവായിരിക്കുന്നു. വിജയഭേരി മുഴക്കി സഞ്ചരിക്കുന്ന അവന്റെ കുതിരയുടെ കുളമ്പടികള്‍ കേട്ട് അണ്ഡകടാഹങ്ങള്‍ നടുങ്ങുന്നു. അണ്ഡകടാഹങ്ങളെ പേടിപ്പിക്കുന്ന വിജയം ഈ പോരാളി നേടിയിരിക്കുന്നു. ഭൂമിയില്‍നിന്നും വളരെയകലെ കത്തുന്ന താരകത്തിനുപോലും ഇതു വിളര്‍ച്ചയുണ്ടാക്കുന്നു. താരകം ശുഷ്ക്കമായിരിക്കുന്നു. ശാസ്ത്രം നല്കിയ അനുഗ്രഹങ്ങളാണ് ഈ പോരാളിയെ വിജയിയാക്കുന്നത്. വയലാര്‍ രാമവര്‍മ്മ കവിതയിലൂടെ വരച്ചിട്ട ഈ വിജയിയുടെ ചിത്രം, മനുഷ്യകേന്ദ്രിതമായ ദര്‍ശനങ്ങളുടെ സംഭാവനയായിരുന്നു. കവിതയില്‍ മനുഷ്യാദ്ധ്വാനത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. മനുഷ്യന്‍ സത്യസൌന്ദര്യങ്ങളെ നെഞ്ചേറ്റുന്നതായി പറയുന്നുണ്ട്. ഇങ്ങനെയൊക്കെയാകുമ്പോഴും ഈ ആഖ്യാനത്തില്‍ പ്രത്യക്ഷപ്പെട്ട ചാട്ടവാര്‍ ചുഴറ്റുന്ന അധികാരിയുടേയും മര്‍ദ്ദകന്റെയും ഭാവങ്ങള്‍, പാശ്ചാത്യയുക്തി സൃഷ്ടിച്ചെടുത്ത മനുഷ്യകേന്ദ്രിതമായ വ്യവസ്ഥക്കുളളിലാണ് നിലകൊളളുന്നത്. എല്ലാം മനുഷ്യനു വേണ്ടിയാകുന്ന ഈ മനുഷ്യകേന്ദ്രവ്യവസ്ഥയില്‍ മറ്റൊന്നും, ഇതര ജീവജാലങ്ങള്‍ പോലും, പരിഗണിക്കപ്പെടുന്നതേയില്ല. പ്രകൃതി ഇവിടെ മനുഷ്യനു കീഴ്പ്പെട്ട പ്രകൃതിയാകുന്നു. മനുഷ്യേതരപ്രകൃതി മനുഷ്യനു കീഴടങ്ങി നില്‍ക്കേണ്ടതും മനുഷ്യന്റെ ഉപയോഗത്തിനുളളതും മാത്രമായി മാറുന്നു. പ്രകൃതിയുടെ മൂല്യം ഉപയോഗമൂല്യം മാത്രം എന്നു വിധിക്കപ്പെടുന്നു. സമഗ്രവും സമതുലിതവുമായ ഒരു ചിന്തയില്‍ നിന്നായിരുന്നില്ല, മനുഷ്യന്‍ എന്ന ഗണത്തെ കേവലമായി പ്രതിഷ്ഠിക്കുന്ന വളരെ ഏകപക്ഷീയമായ ഒരു ചിന്തയില്‍ നിന്നാണ് ഈ ദര്‍ശനം രൂപം കൊളളുന്നത്. അതിന് മുതലാളിത്തത്തിന്റെ ഉല്പാദനവ്യവസ്ഥയുമായി ബന്ധമുണ്ടായിരുന്നു. ഏതിലും കുടികൊളളുന്ന വൈരുദ്ധ്യത്തെ ഏകപക്ഷീയതയുടെ ചിന്തക്ക് ഉള്‍ക്കൊളളാന്‍ കഴിയില്ല. വൈരുദ്ധ്യങ്ങളെ കണ്ടെത്തുകയും പരിഗണിക്കുകയും ചെയ്യാത്ത ചിന്തക്ക് വൈരുദ്ധ്യങ്ങളുടെ ശത്രുതാഭാവങ്ങളെ കുറിച്ചോ ഐക്യത്തെ കുറിച്ചോ ആലോചിക്കേണ്ടതുമില്ല. അത് കേവലസത്യത്തെ കുറിച്ചുളള നിലപാടുകളിലേക്ക് എത്തിച്ചേരുന്നു. കേവലസത്യസങ്കല്പനം ഇപ്പോള്‍ ദൈവസത്യസങ്കല്പനത്തില്‍ നിന്നുമാറി മനുഷ്യസങ്കല്പനമായി എന്നുമാത്രം. ഇത് ചിന്താലോകത്ത് സവിശേഷമായ ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല. ദൈവത്തെ മാറ്റി മനുഷ്യനെ പ്രതിഷ്ഠിക്കുന്ന അവസ്ഥ, മനുഷ്യനെ ദൈവമാക്കുന്ന അവസ്ഥ തന്നെയാണ്. അതുകൊണ്ടാണ്, ദേവരൂപത്തില്‍ അല്ലെങ്കില്‍ രാജാവിന്റെ രൂപത്തില്‍ വയലാറിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നത്.


ഓരോ അവസ്ഥയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈരുദ്ധ്യങ്ങളെ കാണുന്നവര്‍ക്ക് ധനാത്മകതയെ കുറിച്ച് അറിയുമ്പോള്‍തന്നെ ഋണാത്മകത പ്രത്യക്ഷമാകും. ദ്രവ്യത്തെ കുറിച്ച് അറിയുമ്പോള്‍തന്നെ പ്രതിദ്രവ്യത്തെ കുറിച്ചുളള ധാരണ രൂപപ്പെടും. ഇവര്‍ സാന്നിദ്ധ്യത്തെ കുറിച്ചു പറയുമ്പോള്‍തന്നെ അസാന്നിദ്ധ്യത്തെ കുറിച്ചും പറയും. വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍പോലും ഇരുളിനെ ഓര്‍ക്കും. അത് ഒരു താരകത്തെ കാണുമ്പോള്‍ രാവു മറക്കുന്നില്ല. വൈരുദ്ധ്യശാസ്ത്രമറിയുന്നവര്‍ക്ക് ആധുനികശാസ്ത്രവും മുതലാളിത്തവും ചേര്‍ന്ന് സൃഷ്ടിക്കുന്ന പുതിയ വ്യവസ്ഥയുടെ അനന്തരഫലങ്ങളെ കാണാന്‍ കഴിയുമായിരുന്നു. ആധുനികമായ രാസകൃഷിരീതികള്‍ മേല്‍മണ്ണിനെ നശിപ്പിക്കുകയും കൃഷിയെ തന്നെ ഇല്ലാതാക്കുകയും ചെയ്തേക്കാമെന്ന് ആകുലനാകുന്ന കാള്‍ മാര്‍ക്സും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നടത്തുന്ന ഓരോ വിജയത്തിനും അത് തിരിച്ചടി നല്‍കുന്നുണ്ടെന്നും എഴുതുന്ന എംഗല്‍സും, അവരുടെ കാലത്തെ ചരിത്രത്തില്‍ നിന്നുകൊണ്ട് മുതലാളിത്തത്തിനു മാത്രമല്ല, അത് പ്രയോഗിക്കുന്ന ശാസ്ത്രത്തിനു കൂടിയാണ് വിമര്‍ശനക്കുറിപ്പുകള്‍ എഴുതിയത്.


മനുഷ്യനെ വിജയിപ്പിച്ച ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുന്ന കവി ശാസ്ത്രത്തിന്റെ ചരിത്രത്തെ മറന്നുപോയിരുന്നു. ശാസ്ത്രം വന്നത് ഒറ്റയ്ക്കായിരുന്നില്ല. അത് മുതലാളിത്തത്തോടൊപ്പമായിരുന്നു. ശാസ്ത്രം ബൂര്‍ഷ്വാസിയുടെ മതമായിരുന്നു. ഈ മുതലാളിത്തമതമാണ്, കവി പറയുന്ന രീതിയില്‍ മനുഷ്യനെ വിജയിയാക്കിയത്. ഇത് അവനില്‍ കുറേയേറെ കളങ്കങ്ങള്‍ കൂടി നല്‍കി. ശാസ്ത്രം മനുഷ്യനും പ്രകൃതിക്കും നല്‍കിയ കളങ്കങ്ങള്‍ കാണാന്‍ കവിയെ അശക്തനാക്കിയത് വൈരുദ്ധ്യാത്മകചിന്തയുടെ അഭാവമായിരുന്നു. യാന്ത്രികഭൌതികവാദത്തിന്റെ കടന്നുകയറ്റത്തില്‍ വൈരുദ്ധ്യാത്മകതയുടെ സവിശേഷചിന്ത ശ്രദ്ധിക്കപ്പെട്ടതേയില്ല. യഥാര്‍ത്ഥത്തില്‍, പുരോഗമനകാരികളെന്നു പുകഴ് പെറ്റ കവികളെപ്പോലും നയിച്ചിരുന്നത് വൈരുദ്ധ്യാത്മക ചിന്തയായിരുന്നില്ലെന്ന്, കേവലമനുഷ്യകേന്ദ്രിതമായ യാന്ത്രികവീക്ഷണങ്ങള്‍ ആയിരുന്നുവെന്നാണ്, പഴയ കാലത്തേക്ക് കാതു നീട്ടുമ്പോള്‍ നാം കേള്‍ക്കുന്നത്.


ആധുനികശാസ്ത്രത്തിന് പുതിയ വിമര്‍ശകര്‍ എഴുതുന്ന വാക്കുകളെ കൂടി പരിഗണിക്കുക. മര്‍ദ്ദനത്തിന്റേയും ചൂഷണത്തിന്റേയും രൂപകങ്ങള്‍ കൊണ്ടാണ് ശാസ്ത്രം സ്വയം നിര്‍വ്വചിച്ചതെന്ന ഫെമിനിസ്റ്റുകളുടെ വിമര്‍ശനങ്ങളുടെ സാംഗത്യം ഇവിടെ തെളിയിക്കപ്പെടുന്നുണ്ട്. പ്രപഞ്ചത്തെ കൈയ്യിലെടുത്ത് അമ്മാനമാടുമെന്നും ഗോളങ്ങളെ പന്താടുമെന്നും താരകങ്ങളെ നര്‍ത്തനം ചെയ്യിക്കുമെന്നും പറയുന്ന കവികല്പനകളില്‍ മുതലാളിത്തശാസ്ത്രത്തിന്റെ മര്‍ദ്ദകഭാവം തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. ഇവിടെ, ഒരു പൌരസ്ത്യരാജ്യത്തിലിരുന്ന് മനുഷ്യന്‍ അജയ്യനാണെന്നും എനിക്കു മരണമില്ലെന്നും കവി പ്രഖ്യാപിക്കുമ്പോഴേക്കും പാശ്ചാത്യരാജ്യങ്ങളിലെ ശാസ്ത്രം നക്ഷത്രങ്ങളുടെ മരണത്തെ കുറിച്ചും ആദിയും അന്തവുമുളള പ്രപഞ്ചത്തെ കുറിച്ചും പറയാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍, പ്രാഥമികകണങ്ങളിലൊന്നായ പ്രോട്ടോണ്‍ പോലും നശിച്ചേക്കുമെന്ന പ്രവചനത്തിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുന്നു. നമുക്കു വിയോജിപ്പുകള്‍ പറയാമെങ്കില്‍ തന്നെയും, നശ്വരമായ ഒരു ലോകത്തിരുന്നുകൊണ്ടാണ് തന്റെ അനശ്വരതയെ കുറിച്ച് കവി പാടിയത്. ഇന്നത്തെ കവിക്ക് എനിക്ക് മരണമുണ്ട് എന്നു പറയാതെ വയ്യ.


കൈരളി ചാനല്‍ നടത്തുന്ന മാമ്പഴം എന്ന കവിതാ മത്സരവേദിയില്‍ ലക്ഷ്മിദാസ് എന്ന പെണ്‍കുട്ടി ഈ കവിത ഹൃദയസ്പര്‍ശിയായി ചൊല്ലുകയുണ്ടായി. ഇപ്പോഴും മനുഷ്യരെ ആഹ്ലാദഭരിതരാക്കുന്നതും ആത്മവിശ്വാസമുളളവരാക്കുന്നതുമായ വരികള്‍ ഈ കവിതയിലുണ്ട്. മനുഷ്യന്റെ നേട്ടത്തിന്റേയും വിജയത്തിന്റേയും സ്ത്രോത്രം ചിലപ്പോള്‍ മന:ശുദ്ധീകരണത്തിനും ഉതകിയേക്കാം. ഈ കവിതയെ പ്രശംസിക്കുക. ഒപ്പം പരിമിതികളെ തിരിച്ചറിയുക. നാം എഴുതുന്ന പ്രശംസകള്‍, കവിതയുടെ അടിയില്‍ സൂക്ഷിച്ചുവയ്ക്കപ്പെടുന്ന ആശയലോകത്തെ കേള്‍ക്കാതിരിക്കുന്നതിനുളള മാര്‍ഗ്ഗമായി മാറേണ്ടതില്ല. *

Wednesday, September 15, 2010

കവിതയില്‍ പുതിയ വിവേകങ്ങള്‍

ഏതു നല്ല കവിയും അയാള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ചിലതു കാണുന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ചിലതു കേള്‍ക്കുന്നു. അയാള്‍ കാണുന്നതും കേള്‍ക്കുന്നതും നമ്മുടെ ഇടയിലുളളതു തന്നെയാണ്‌. പക്ഷേ, മറ്റാരുടേയും ഇന്ദ്രിയങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത്‌ ഇയാള്‍ പിടിച്ചെടുക്കുന്നു. ഇതിനെ വ്യക്തി അനുഭവം എന്നു വിളിക്കേണ്ടതില്ല. എല്ലാ സമൂഹപ്രക്രിയകളും വ്യക്തികളിലൂടെയാണ്‌ പ്രകാശനം നേടുന്നത്‌. അപരിചിതവും നവീനവുമായ സംവേദനങ്ങള്‍ക്ക്‌ കഴിവുളളവരെ സമൂഹവും കാലവും തന്നെയാണ്‌ സൃഷ്ടിച്ചെടുക്കുന്നത്‌. ആപേക്ഷികസിദ്ധാന്തം ഐന്‍സ്റ്റൈന്റെ മാത്രം സിദ്ധാന്തമല്ലാത്തതു പോലെ, 'മടിയന്മാരുടെ മാനിഫെസ്റ്റോ' ഗോപീകൃഷ്ണന്റെ മാത്രം കവിതയല്ല. ഇവിടെ, കവി മടിയന്മാര്‍ക്കുവേണ്ടി സംസാരിക്കുന്നു. മടിയനെന്ന വാക്കിനു പുതിയ അര്‍ത്ഥം നല്‍കുന്നു. കവികളെല്ലാം മടിയന്മാരാണെന്നു പറയുന്നു. അവര്‍ ഒരു മാത്രയില്‍ അതിലുമേറെ മടിച്ചിരുന്നു്‌ കവിത കാണുന്നു. മടിയന്‍ മല ചുമക്കുന്നില്ല. അവന്‍ കാലത്തിന്റെ ഭാരത്തെ ചുമക്കുന്നു. അതുകൊണ്ടു മടിയന്മാരുടെ സംഘം ചേരല്‍ കാലത്തെ അട്ടിമറിക്കും. വ്യവസ്ഥയുടെ വേഗത്തിന്നൊപ്പം എത്താത്തതിനാലാണ്‌ മടിയനെന്ന വിളിപ്പേരെന്നു്‌ കവി കണ്ടെത്തുന്നു. ഈ ലോകത്തിലുള്ളതെല്ലാം വലിയ വേഗത്തില്‍ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ 'മടിയന്മാരുടെ മാനിഫെസ്റ്റോ' എഴുതുന്നത്‌ വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിരോധിക്കാനുള്ള ഒരു ശ്രമമാണ്‌. മടിയേയും അലസതയേയും എപ്പോഴും തിന്മയോടൊപ്പം ഗണിക്കേണ്ടതില്ലെന്ന തിരുത്തും അത്‌ പ്രതിരോധത്തിനുള്ള ആയുധമാകാമെന്ന കണ്ടെത്തലും ഈ കവിതയിലുണ്ട്‌.


കവിതയെ പറ്റി പുതിയ കവിയുടെ സ്വപ്നമെന്താണെന്ന ചോദ്യത്തിനു മുന്നില്‍ സ്വയം വിമര്‍ശനത്തിന്റെ വാക്കുകളെഴുതാനാണ്‌; തന്റെ കവിതകളുടെ ന്യായീകരണങ്ങളില്‍ മുഴുകാനല്ല, പി.എന്‍.ഗോപീകൃഷ്ണന്‍ താല്‍പര്യപ്പെട്ടത്‌. തെറ്റിയേക്കാവുന്ന വഴികളെ കുറിച്ച്‌ ദീര്‍ഘദര്‍ശിയാകാന്‍, കേവലം ഭാഷാലീലയായി മാറുന്ന കവിത അരാഷ്ട്രീയവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും കീഴ്പ്പെടുമോ എന്ന ഭീതി പ്രകടിപ്പിക്കാന്‍, കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്നു വേര്‍പെടുത്തുന്ന ലോകത്തിലെ അനീതിയെ കുറിച്ച്‌ അസ്വസ്ഥനാകാന്‍, സാങ്കേതികത അധികാരത്തിന്‌ ന്യായീകരണമാകുമ്പോള്‍ ഉള്‍ക്കാഴ്ചയുടെ ഒരു ബദല്‍ സാങ്കേതികതയായി കവിത മാറണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍.. .. ഈ കവി സന്നദ്ധനായി. സംയമനവും ആര്‍ജ്ജവവും നിറഞ്ഞ നിലപാടുകളായിരുന്നു അവ. പുതിയ കവികളില്‍ ചിലര്‍, ഉത്തരാധുനികതയുടെ രൂപലക്ഷണങ്ങള്‍ നിഘണ്ടുക്കളില്‍ നിന്നും സിദ്ധാന്തപുസ്തകങ്ങളില്‍ നിന്നും വായിച്ചറിഞ്ഞ്‌ അതിന്നനുസരിച്ച്‌ കവിത നിര്‍മ്മിച്ചപ്പോള്‍, ഇയാള്‍ കവിതക്കായി ജീവനുള്ള അനുഭവങ്ങള്‍ നേടി. നിസ്സഹായതക്ക്‌ ഇച്ഛയേക്കാള്‍ വേഗം
അതിനാല്‍ അത്‌ മനുഷ്യനോളമല്ല
മനുഷ്യന്റെ ഭാവിയോളം
വ്യാപിച്ചിരിക്കുന്നു.
എന്നിങ്ങനെ നേരിന്റെ മൂലകങ്ങളെ ആവിഷ്ക്കരിച്ചു.


നാഗരികതയുടെ കടന്നുകയറ്റത്തിന്നിടയില്‍ മനുഷ്യനു നഷ്ടമാകുന്നവയെ കുറിച്ചുളള ആകുലതകളും വിചാരങ്ങളുമാണ്‌ ഗോപീകൃഷ്ണന്റെ കവിതയുടെ കാതല്‍. പുതിയ നാഗരികതയുടെ ലോകത്ത്‌ നിലനില്‍ക്കുന്ന ഏകമൂല്യം ഉപയോഗക്ഷമതയുടേതു മാത്രമായിരിക്കുന്നു. ലാഭത്തിന്റെ കലനങ്ങള്‍ക്ക്‌ യോജിക്കുന്നവ മാത്രം അരങ്ങത്തു പ്രകാശിക്കുന്നു. ഇവിടെ, ഒരു കവിക്ക്‌ ചെയ്യാനുളളതെന്താണ്‌? അയാള്‍ തമസ്ക്കരിക്കപ്പെടു യാഥാര്‍ത്ഥ്യത്തെ തേടി യാത്രയാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ മൂല്യം വ്യാപാരമൂല്യങ്ങളുടെ ഏകമുഖം മാത്രമല്ലെന്നു പറയുന്നു. യാഥാര്‍ത്ഥ്യവും പ്രയോജനമൂല്യവും ഒത്തുപോകുന്നവയാണോയെന്ന തത്ത്വചിന്തയിലെ പ്രശ്നത്തെ 'ചാള' എന്ന കവിതയില്‍ നമുക്കു വായിച്ചെടുക്കാം. ചാളയെ കവി ജീവനോടെ കണ്ടിട്ടില്ല. വെളളത്തിലെ അതിന്റെ വാഴ്‌വിനെ കുറിച്ച്‌ കവിക്ക്‌ അറിയില്ല. ചാളയുടെ തിളങ്ങുന്ന തൊലിയും ഇരുണ്ട ചങ്കും അറിയുന്ന കവിക്ക്‌ ചാളയുടെ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി അറിയില്ല. യാതൊന്നിന്റേയും യാഥാര്‍ത്ഥ്യം കേവലമായി ആരും അറിയുന്നില്ലെന്നു തന്നെയാണ്‌ കവിത പറയുന്നത്‌. ഇനി അറിയുന്നതോ? അതിന്റെ പ്രയോജനത്തെ കുറിച്ചു മാത്രം. അറിവിനെ അതിന്റെ ഉപയോഗമൂല്യം മാത്രമായി ചുരുക്കുന്നതിനെതിരെ കവി, സന്ദേഹത്തിന്റെയും പ്രതിരോധത്തിന്റേയും വരികള്‍ എഴുതുന്നു.
നമ്മെ മനസ്സിലാക്കി എന്ന്‌
ചിലര്‍ പറയുന്നത്‌
വലിയൊരു പാത്രത്തില്‍
തിളയ്ക്കുന്ന എണ്ണയില്‍
വറുത്തെടുക്കാനായിരിക്കുമോ?
എല്ലാ അറിവും ഉപയോഗിക്കാന്‍ മാത്രമാകുന്ന അവസ്ഥ എത്രമാത്രം ഉചിതമാണ്? അകലുന്ന ബന്ധങ്ങളെ കുറിച്ചും ഇല്ലാതാകുന്ന സ്നേഹങ്ങളെ കുറിച്ചും കൂടി ഈ കവിത ധ്വനിപ്പിക്കുന്നു.


ഒരു പിരിയാണിയെ കുറിച്ച്‌ കവി എന്തു പറയാനാണ്‌? ഇനി ഈ സന്ദേഹമില്ല. ചക്രങ്ങളാണ്‌ മാനവരാശിയെ മുന്നോട്ടു കുതിപ്പിച്ചതെന്നു പറയുന്നവര്‍, ആധാരം നല്‍കി അവയെ പരിപാലിച്ച പിരിയാണിയെ മറന്നുപോയിരുന്നു. സ്വയം പൊളളിയും പൊടിഞ്ഞും വേഗത്തെ സംരക്ഷിച്ച പിരിയാണി ഇപ്പോള്‍ മനുഷ്യകുലത്തോട്‌ സംസാരിക്കുകയാണ്‌. അടിസ്ഥാനങ്ങളും ആധാരങ്ങളുമില്ലാത്ത ലോകത്തെ കുറിച്ചുള്ള തത്ത്വചിന്തകള്‍ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത്‌ നമ്മുടെ ചലനങ്ങള്‍ക്ക്‌ പിരിയാണി നല്‍കിയ ആധാരത്തെ കുറിച്ചു പറയാന്‍ തുനിയുന്ന കവി തന്റെ ദര്‍ശനത്തെ തന്നെയാണ്‌ പ്രഖ്യാപിക്കുന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഈ കവിതയിലെ പിരിയാണി മാറുന്നു. അത്‌ പ്രകൃതിയുടെ ഒരു തനത്‌ ഘടകം പോലുമല്ല. ഒരു മനുഷ്യസംസ്ക്കാരനിര്‍മ്മിതി. പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്ന കവി മനുഷ്യന്റെ സംസ്ക്കാരത്തെ കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണ്‌. പിരിയാണിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവളെ കാണുന്ന കവി മനുഷ്യാദ്ധ്വാനവും സംസ്ക്കാരവും മനുഷ്യനും പ്രകൃതിക്കു തന്നെയും എതിരാകുന്ന അന്യവല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. അങ്ങനെ, മനുഷ്യകുലത്തോടുളള പിരിയാണിയുടെ സംഭാഷണം വിവേകം നിറഞ്ഞ ദര്‍ശനത്തെ സ്വീകരിക്കാനുളള ആഹ്വാനമായി മാറുന്നു.


സച്ചിന്‍ തെണ്ടുല്‍ക്കറെ കുറിച്ച്‌ എഴുതാതെ ഗോപീകൃഷ്ണന്‍ അന്തോണി ടെറിക്കനെ കുറിച്ച്‌ എഴുതുന്നു. ബാറ്റിനെ തോക്കും പങ്കായവും ചൂലും ഗിത്താറും പതാകയുമാക്കി മാറ്റിയ അന്തോണി ടെറിക്കന്റെ ക്രിക്കറ്റില്‍ പാഡും ഗ്ലൗസും തൊപ്പിയുമില്ല. അതുകൊണ്ടു തന്നെ, അയാള്‍ തെണ്ടുല്‍ക്കറായില്ല. ഗോപീകൃഷ്ണന്റെ കവിതയിലെ അന്തോണി ടെറിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല. ഇവിടെ, ഗോപീകൃഷ്ണന്റെ കവിത പ്രാദേശികചരിത്രമെഴുതുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ബൃഹത്ഗ്രന്ഥങ്ങള്‍ക്ക്‌ രേഖപ്പെടുത്താന്‍ കഴിയാഞ്ഞതും കഴിയാത്തതും ഇവിടെ ചെറിയ വരികളില്‍ നാം വായിക്കുന്നു. ചരിത്രത്തില്‍, അറിയപ്പെടാത്തവര്‍ കവിതയിലൂടെ അറിയപ്പെടുന്നു. നാം അകപ്പെട്ടു പോയ അവസ്ഥയെ കുറിച്ചും നമ്മെ കുറിച്ചും നാം തന്നെ വിസ്മരിക്കുമ്പോള്‍, ചരിത്രത്തിന്റെ വിസ്മൃതികള്‍ക്ക്‌ ഇതു കൂടി ത്വരകമാകുന്നുവെന്നു പറയുന്നു. 'ഒരു ഓട്ടോറിക്ഷയുടെ ആത്മഗതം' എന്ന കവിതയിലും നാം വായിക്കുന്നത്‌ ചരിത്രത്തില്‍ രേഖപ്പെടാത്തവയെ കുറിച്ചാണ്‌. ചരിത്രത്തില്‍ രേഖപ്പെടാത്തവയുടെ ആത്മഗതങ്ങള്‍. നഗരത്തിന്റെ മറവില്ലാത്തസ്ഥലങ്ങളിലും പുറമ്പോക്കിലും കഴിയുന്ന ഓട്ടോറിക്ഷയാണ്‌ ഈ നഗരത്തെ ചലിപ്പിക്കുന്നത്‌.


'പതിനഞ്ചു വര്‍ഷം
ഞാന്‍
നിനക്കുവേണ്ടി കുരച്ചു. അപരിചിതര്‍ക്ക്‌
ദ്വിഭാഷിയായി. അനുയോജ്യര്‍ക്ക്‌
പൗരത്വം നല്‍കി. ടൂറിസ്റ്റുകള്‍ക്കുവേണ്ടി
നിന്നെ
മാദകമായി മാറ്റിയെഴുതി.'
എന്നാല്‍, അത്‌ എപ്പോഴും 'പടിക്കുപുറത്തായിരുന്നു', 'സിലബസ്സിനു പുറത്തായിരുന്നു'. കൂലി ചോദിക്കുമ്പോള്‍ 'സമയമായില്ലാപോലും'. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഓട്ടോറിക്ഷ മാറുന്നു.


മടിയെ പ്രതിരോധായുധമെന്ന നിലയ്ക്കു മനസ്സിലാക്കുന്ന കവി 'നുണയനി'ല്‍ നുണയുടെ സത്യം പറയുന്നു.
'ഞാന്‍ ഭാവനയുടെ ഒരു
എളിയ ഉറവിടം മാത്രം"
"സത്യമായ ഭാഷ കൊണ്ട്‌
സത്യമായ നുണ
ഞാന്‍
സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു."
കവി നുണയുടെ നന്മയെ കുറിക്കുന്ന വാക്കുകള്‍ എഴുതുന്നു. വ്യവസ്ഥാപിതത്വവും അധികാരത്തിന്റെ നൃശംസതയും എന്തിനേയും അധാര്‍മ്മികമാക്കുന്നു.;നുണയേയും.
"ആരാണ്‌ നുണയെ സ്ഥാപനമാക്കിയത്‌?
ലോകക്രമമാക്കിയത്‌?"
സത്യത്തേയും നുണയേയും സംബന്ധിച്ച നമ്മുടെ ധാരണകളെ പുതിയ വെളിച്ചത്തില്‍ കാണാനും പരിശോധിക്കാനും ഗോപീകൃഷ്ണന്റെ കവിത പ്രേരകമാകുന്നു.


അനശ്വരനാകാന്‍ കൊതിക്കുന്ന പുരുഷനെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുമ്പോള്‍ പുരുഷാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനത്തെ കുറിച്ചുള്ള ഒരു പുതിയ നിരീക്ഷണമായി അതു മാറുന്നു. പാണ്ഡിത്യത്തെ തുളച്ചുയര്‍ന്ന കോമാളിയാണു താനെന്നു ധരിപ്പിക്കുന്ന കോമാളിയുടെ, ഷണ്ഡത്വത്തെ തോല്‍പിച്ചാണ്‌ താന്‍ വിടനായതെന്നു പറയുന്നവന്റെ വിശ്വാസമില്ലായ്മയാണ്‌ ഈ അധീശത്വവ്യവസ്ഥയെ സൃഷ്ടിക്കുന്നത്‌. പുരുഷാധിപത്യവ്യവസ്ഥക്ക്‌ പുരുഷന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഒരു വലിയ കാരണമാണെന്നു്‌ കവി പറയുന്നു. പ്രകൃതിയില്‍ തോറ്റുപോയവന്റെ അനശ്വരനാകാനുളള കൊതിയാണ്‌, സമഭാവനയെ തോല്‍പിച്ച്‌ നീചമായ അധീശത്വത്തെ സൃഷ്ടിച്ചത്‌. ഒരു പിടക്കോഴി മുട്ടയിട്ട്‌ കൊത്തി വിരിയിച്ച്‌ പരിഹരിക്കുന്ന അനശ്വരതയുടെ പ്രശ്നം അധികാരം കൊണ്ട്‌ പരിഹരിക്കാന്‍ പുരുഷന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.


'മടിയന്മാരുടെ മാനിഫെസ്റ്റോ' എന്ന സമാഹാരത്തിലെ മൂന്നിലൊന്നു കവിതകളിലും ഭാഷയെ കുറിച്ചുളള നേര്‍വിചാരങ്ങള്‍ വായിക്കാം. ഭാഷയെ കുറിച്ചും വാക്കിനെ കുറിച്ചുമുളള ചിന്തകള്‍ ഗോപീകൃഷ്ണന്റെ കവിതകളുടെ പ്രധാന ഭാഗമാണ്‌. ഉറങ്ങുന്നതൊഴികെ മറ്റൊന്നും മലയാളത്തിലല്ലാതാകുന്ന മലയാളിയുടെ അവസ്ഥയെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. ദേശഭാഷ സംസാരിക്കുന്നത്‌ അപമാനകരമായി കരുതുന്ന ഒരു വലിയ മദ്ധ്യവര്‍ഗ്ഗവിഭാഗം അധിവസിക്കുന്ന ദേശത്താണ്‌ ഈ കവി വസിക്കുന്നത്‌. ഈ ദേശഭാഷയിലാണ്‌ ഇയാള്‍ എഴുതുന്നത്‌. ലോകത്തിന്റെ ഏതു കോണിലും ഇറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ ഈ ദേശത്തെ ബുദ്ധിജീവിയുടെ പക്കല്‍ പെട്ടെന്ന്‌ എത്തിച്ചേരുന്നു. ബുദ്ധിലോകത്ത്‌ അവതരിപ്പിക്കപ്പെടുന്ന എല്ലാ പുതിയ ചിന്തകളും ആദ്യം പഴകിത്തുടങ്ങുന്നത്‌ ഈ ദേശത്താണ്‌. എങ്കിലും, മൗലികമായ ചിന്തകളൊന്നും ഇവിടെ പിറക്കുന്നില്ല, മലയാളി ഇറ്റാലിയന്‍ സിനിമ കാണുകയും ഫ്രഞ്ചു നോവല്‍ വായിക്കുകയും ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍, രക്ഷ വറ്റുമ്പോള്‍, ഭാഷയുടെ വാക്കിന്‍ ഗുഹകളില്‍ തിരിച്ചെത്തുന്നവന്‍, ചിലര്‍ പണ്ടേ പ്രാണന്‍ കടഞ്ഞ്‌ കൊത്തിയ ചിത്രങ്ങള്‍ കാണുന്നു. മറ്റൊരു കവിതയില്‍, മരണത്തെ നേരിടുന്ന അക്ഷരങ്ങളെ കുറിച്ച്‌ ഈ കവി പറയുന്നു. ഭാഷയില്‍ നിന്ന്‌ ആദ്യം ഒഴിഞ്ഞുപോകുന്നത്‌ നന്മയെ വഹിക്കുന്ന അക്ഷരങ്ങളാണ്‌. ആദ്യം നന്മ വറ്റുന്നു. പിന്നെ നാശം എളുപ്പമാണ്‌. സ എന്ന അക്ഷരത്തെ കാണാനില്ലെന്ന്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. മലയാളത്തിലേക്ക്‌ നന്മയെ കൊണ്ടുവരുന്നത്‌ നടുവൊടിഞ്ഞു തകര്‍ന്നടിഞ്ഞ ഈ കീഴാളനാണ്‌. കീഴാളനായ അക്ഷരത്തെ കുറിച്ചു പറയുന്ന കവി, ഭാഷയുടെ രാഷ്ട്രീയത്തെ വര്‍ഗ്ഗരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നു. ഉയര്‍ച്ച താഴ്ചകളില്ലാത്ത മദ്ധ്യവര്‍ഗ്ഗികളാല്‍ നിബിഡമായ ഭാഷയില്‍ ഈ കീഴാളന്‍ അപ്രസക്തനാകുന്നു. എന്നാല്‍, ഈ നന്മയുടെ വാഹകന്‍ കാഴ്ചയെ നല്ല കാഴ്ചയാക്കി. കേള്‍വിയെ നല്ല കേള്‍വിയാക്കി. തന്ത്രത്തെ സ്വാതന്ത്ര്യമാക്കി. ഗന്ധത്തെ സുഗന്ധമാക്കി. മനം ആഴത്തില്‍ മനസ്സായി. സത്യവും സ്നേഹവും വന്നത്‌ ഈ അക്ഷരത്തിലൂടെയാണ്‌. സ കൊണ്ടു വിളങ്ങിയ വാക്കുകളില്‍ മറ്റ്‌ അക്ഷരങ്ങള്‍ നിരന്ന്‌ അര്‍ത്ഥലോപം വരുന്നു. വ്യാസന്‍ വ്യാജനാകുന്നു. സിന്ധു ഹിന്ദുവാകുന്നു. സമത ചമതയാകുന്നു. അധിനിവേശശക്തികളുടെ ഭാഷ നമ്മുടെ ഭാഷയിലേക്ക്‌ അതിക്രമിച്ചു കയറുന്നു. ഇത്‌ സംസ്ക്കാരങ്ങളുടെ പരസ്പരവിനിമയമല്ല. സമഭാവനയുള്ളവരുടെ പെരുമാറ്റമല്ല. കീഴടക്കാനുളള കടന്നാക്രമണമാണ്‌ .


ആദ്യത്തെ വരിയില്‍ പറ്റിയില്ലെങ്കില്‍, നിര്‍ബ്ബന്ധമായും രണ്ടാമത്തെ വരിയിലെങ്കിലും കവിത അതിഭൗതികമായി തീര്‍ന്നിരിക്കണമെന്ന വാശിയോടെ എഴുതുന്നവരുണ്ട്‌. എന്നാല്‍, കവിതയിലെ ഭൗതികതയിലാണ്‌ ഗോപീകൃഷ്ണനു താല്‍പര്യം. കവിതയില്‍ നിന്നും അതിഭൗതികതയുടെ ഭാരമൊഴിക്കാന്‍ ഇയാള്‍ വ്യഗ്രനാകുന്നു. ആപേക്ഷികതയെ വലിച്ചുനീട്ടി ആപേക്ഷികവാദമാക്കുന്ന ഉത്തരാധുനികദാര്‍ശനികപരിസരത്തില്‍ നിന്നും മാറി നിന്നു കൊണ്ട്‌ ഗോപീകൃഷ്ണന്‍ ഒരു "ഫലപ്രശ്നം" അവതരിപ്പിക്കുന്നു.
'പഴങ്ങള്‍ക്കും ഒരു
ആപേക്ഷികസിദ്ധാന്തമുണ്ട്‌.
കേവലമല്ലാത്ത ഒന്ന്‌
ഓരോ പഴത്തിലും നിറയുന്നുണ്ട്‌.'
ഈന്തപ്പഴത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇങ്ങനെയൊരു ഉത്തരത്തിലാണ്‌ അവസാനിക്കുന്നത്‌. ഇത്‌ ഭൗതികതയിലുള്ള ഉറപ്പാണ്‌. ഈന്തപ്പഴവും പഴമാണെന്ന പ്രസ്താവനയില്‍ ഈന്തപ്പഴത്തിന്റെ സവിശേഷതകളും വ്യത്യസ്തതകളും രേഖപ്പെടുന്നില്ല. "?അപ്പോള്‍, ഒരു സബര്‍ജല്ലി ആയിരിക്കുകയെത്‌ സബര്‍ജല്ലിയെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌, ഒരു ആപ്പിള്‍ ആയിരിക്കുകയെന്നത്‌ ആപ്പിളിനെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌ പറയുകയായിരിക്കും ചെയ്യുന്നത്‌??. 'പഴം' എന്നതു മാത്രമാണ്‌ അവയിലെല്ലാം ഉള്ളതായി അതു കാണുന്നത്‌.. ???. എല്ലാ ഖാനിജങ്ങളും 'പൊതുവില്‍ ഖാനിജ'മാണെ പ്രസ്താവനയില്‍ തന്റെ ശാസ്ത്രത്തെ മുഴുവന്‍ ഒതുക്കി നിര്‍ത്തുന്ന ഭൗതികശാസ്ത്രജ്ഞന്‌ അയാളുടെ ഭാവനയില്‍ മാത്രമേ ഒരു ഖാനിജശാസ്ത്രജ്ഞനായിരിക്കാന്‍ കഴിയൂ" എന്ന 'വിശുദ്ധകുടുംബ'ത്തിലെ വാക്കുകള്‍ ഓര്‍ക്കുക! ആപേക്ഷികതയെ അറിയുന്ന ഗോപീകൃഷ്ണന്റെ കവിത സാമാന്യവല്‍ക്കരണത്തെ നിഷേധിക്കുന്നില്ലതാനും.


'വസന്തത്തിന്റെ ഇക്കിളി'യില്‍ ഗോപീകൃഷ്ണന്‍ പുതിയ ലോകത്തിന്റെ ചരിത്രമെഴുതുന്നു. വസ്തുക്കളുടെ യുവത്വം കൊണ്ട്‌ സ്വതന്ത്രമായ ലോകത്തെ കുറിച്ച്‌ കവി പറയുന്നു. ഇവിടെ, ഒന്നിനും ഭാരമില്ല. പിണ്ഡമുളളത്‌ താഴ്‌ന്നുപോകാന്‍ വിധിക്കപ്പെട്ടവയാണ്‌. അതുകൊണ്ട്‌ ഭാരമില്ലായ്മ ശ്രേഷ്ഠതയായി കൊണ്ടാടപ്പെടുകയാണ്‌. അത്‌ എവിടെയും പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ചലനം ഒഴുക്കാണ്‌. ചലനത്തെ കുറിച്ചുള്ള മറ്റു ധാരണകളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഒഴുക്കിനൊത്തു പോവുക. അന്ധമായി നീങ്ങുക. ശലഭജാതികള്‍ നശിച്ചുപോയത്‌ വെറുതെയല്ല. അതിനു കണ്ണുണ്ടായിരുന്നു. കാഴ്ചയുണ്ടായിരുന്നു. കാഴ്ചപ്പാടുണ്ടായിരുന്നു. അന്ധമായത്‌ മാത്രം നിലനില്‍ക്കുന്നു. ആന്ധ്യത്തെ വരിക്കുക. കാഴ്ചപ്പാടുകളില്‍ നിന്ന്‌, ദര്‍ശനത്തില്‍ നിന്ന്‌, പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന്‌ വിമുക്തമായ ലോകത്ത്‌ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ഉപഭോഗസംസ്ക്കാരത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ ഉയര്‍ത്തപ്പെടുകയും അറിവും വിവേകവും അനാവശ്യമാകുകയും ചെയ്യുന്ന ലോകത്തെ കുറിച്ച്‌ ഈ കവി എഴുതുമ്പോള്‍ അത്‌ പ്രബന്ധമാകുന്നു. വ്യവഹാരങ്ങളുടെ വ്യത്യസ്തതകള്‍ നഷ്ടമാകുന്ന അനുഭവത്തിന്‌ നാം സാക്ഷികളാകുന്നു. കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്ന വ്യവച്ഛേദനത്തെ മറികടക്കാനുള്ള കവിയുടെ ശ്രമത്തിന്റെ ഭാഗമാണിത്‌. സര്‍വ്വസമ്മതം നേടുന്ന കാവ്യഭാഷക്ക്‌ നിരന്തരം പ്രഹരമേല്‍പിക്കാന്‍ ഗോപീകൃഷ്ണന്‍ ശ്രമിക്കുന്നു.


സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതയെ ന്യൂനീകരിക്കുന്ന പ്രവണതകളോട്‌ നിരന്തരം കലഹിക്കാനും അവയില്‍ നിന്നു വിടുതി നേടാനും ഗോപീകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്‌. പുതിയ കവിതയിലെ അയഥാര്‍ത്ഥവിഭജനങ്ങളില്‍ ഗോപീകൃഷ്ണന്റെ കവിത ഉള്‍പ്പെടുന്നുമില്ല.  

Friday, September 10, 2010

ജനാധിപത്യവല്ക്കരണപ്രക്രിയക്ക്‌ എന്താണ്‌ സംഭവിച്ചത്‌?

അടിയന്തരാവസ്ഥ, കരിനിയമങ്ങളുടെ നിര്‍മ്മാണവും നടപ്പാക്കലും, ആസൂത്രിതമായ വംശീയ കൂട്ടക്കൊലകള്‍, ഏറ്റുമുട്ടല്‍ മരണങ്ങള്‍, തടവറയിലെ കൊലപാതകങ്ങള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളും പീഡനമുറകളും, പ്രതിരോധസംഘങ്ങളെ നിരോധിക്കല്‍ തുടങ്ങി പുറമേക്കു പ്രത്യക്ഷമാകുന്ന എല്ലാ ജനാധിപത്യധ്വംസനപ്രവര്‍ത്തനങ്ങളേയും സമാനസ്വഭാവമുള്ള ഇതരപ്രവണതകളേയും കുറിച്ചു പറയുന്നതിപ്പുറം ഇതിന്നടിസ്ഥാനമായ സാമൂഹികവ്യവസ്ഥയുടെ മൂല്യവ്യവസ്ഥയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക്‌ കൂടുതല്‍ പ്രസക്തിയുണ്ട്‌. ജനാധിപത്യമെന്നാല്‍ പാര്‍ലമെന്ററിവ്യവസ്ഥയാണെന്ന ന്യൂനീകരണത്തിന്‌ വലിയ ശ്രദ്ധ ലഭിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ എല്ലാ ജനാധിപത്യവിരുദ്ധമായ പ്രവണതകളേയും ചെറുത്തു തോല്‍പിക്കാന്‍ കഴിയുന്ന രീതിയില്‍ ജനാധിപത്യത്തെ കുറിച്ചുള്ള വളരെ വിശാലമായ നിര്‍വ്വചനങ്ങള്‍ പുന:സ്ഥാപിക്കപ്പെടേണ്ടതാണ്‌. പാര്‍ലമെന്ററി ജനാധിപത്യത്തിന്‌ പണാധിപത്യമാകാനും ക്രിമിനലുകളുടെ ആധിപത്യമാകാനും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെയോ സാമ്രാജ്യത്വകേന്ദ്രങ്ങളുടെയോ താല്‍പര്യാനുസൃതമുള്ള ഭരണകൂടനിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗമാകാനും കഴിയുമെന്ന്‌ ഇന്ത്യന്‍ അനുഭവങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ടല്ലോ. കൊട്ടിഘോഷിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശുദ്ധി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭകളെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ പിരിച്ചുവിട്ടുകൊണ്ടും മറ്റും ഇതരരീതികളിലും തെളിയിച്ചിട്ടുണ്ട്‌. ജനാധിപത്യമെന്നത്‌ വര്‍ഗ്ഗനിരപേക്ഷമായ ഒരു പ്രശ്നമല്ലെന്ന്‌ നമ്മെ വീണ്ടും ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയാണിത്‌. പാര്‍ലമെന്റിനെ പന്നിക്കൂടെന്നും സൊള്ളല്‍കേന്ദ്രമെന്നും വിളിച്ച ലെനിന്‍ തൊഴിലാളിവര്‍ഗ്ഗജനാധിപത്യം ബൂര്‍ഷ്വാജനാധിപത്യത്തേക്കാള്‍ പത്തുലക്ഷം മടങ്ങു മെച്ചമാണെന്നു പറഞ്ഞത്‌ ജനാധിപത്യത്തിന്റെ വര്‍ഗാടിസ്ഥാനങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു.


ചരിത്രത്തില്‍ ആധുനികജനാധിപത്യത്തെ കുറിച്ചുള്ള പ്രാഥമികസങ്കല്‍പനങ്ങള്‍ പിറന്നു വീണത്‌ ഒറ്റക്കായിരുന്നില്ല. ആധുനികജനാധിപത്യസങ്കല്‍പനങ്ങള്‍ക്ക്‌ ഐഹികതയുടേയും ശാസ്ത്രീയതയുടേയും യുക്തിചിന്തയുടേയും മൂല്യങ്ങളോട്‌ വലിയ ബന്ധമുണ്ടായിരുന്നു. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ ത്വരിപ്പിക്കുന്ന ഘടകങ്ങളായി ഇവയോരോന്നും പ്രവര്‍ത്തിച്ചു. ഫ്യൂഡല്‍ ഉല്‍പാദനബന്ധങ്ങളെ തകര്‍ക്കുന്ന വിപ്ളവങ്ങളുമായി അതിനു ബന്ധമുണ്ടായിരുന്നു. പാട്ടവ്യവസ്ഥ അവസാനിപ്പിക്കുകയും സമഗ്രമായ ഭൂപരിഷ്ക്കരണനടപടികള്‍ ഏറ്റെടുക്കപ്പെടുകയും കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഉച്ചത്തില്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമായിരുന്നു അത്‌. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിന്‌ ഭൂപരിഷ്ക്കരണപ്രവര്‍ത്തനങ്ങള്‍ ഒരു മുന്നുപാധിയായി നില്‍ക്കുന്നതു കാണാം. അതുകൊണ്ട്‌ കൃഷിഭൂമി കര്‍ഷകന്‌ എന്ന മുദ്രാവാക്യം നക്സലൈറ്റുകളുടെയോ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെയോ മുദ്രാവാക്യമല്ല, ഏതൊരു ജനാധിപത്യവാദിയുടേയും മുദ്രാവാക്യമാണ്‌. അതുകൊണ്ട്‌ ഈ മുദ്രാവാക്യത്തെ സ്വീകരിക്കാത്തവര്‍ ഏതു കമ്മ്യൂണിസ്റ്റുലേബലില്‍ പ്രത്യക്ഷപ്പെട്ടാലും അയാള്‍ ജനാധിപത്യവാദിയല്ല. കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്ക്കരണം ഭാഗികമായിരുന്നുവെന്നും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അപകടകരമാണെന്നും തിരിച്ചറിയാത്തവര്‍ക്ക്‌ കേരളസമൂഹത്തിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയക്ക്‌ തടസ്സമായി ഭവിക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനോ അവയെ ചരിത്രത്തില്‍ നിന്നും തൂത്തെറിയുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃശക്തിയാകാനോ കഴിയില്ല. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയക്ക്‌ ഉല്‍പാദനബന്ധങ്ങളിലെ നിര്‍ണായകമായ സ്ഥാനം ഉറപ്പിക്കപ്പെടേണ്ടതുണ്ടെന്നാണ്‌ ഇതിന്നര്‍ത്ഥം.


ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളെന്ന നിലയ്ക്കല്ലാതെ തന്നെ സമൂഹത്തിന്റെ ഉപരിഘടനയില്‍ ജനാധിപത്യധ്വംസനപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്‌ ജനാധിപത്യസംസ്ക്കാരമില്ലാത്ത സമൂഹത്തെ കാണിച്ചുതരുന്നു. സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഇപ്പോഴും ഭരിക്കുന്നത്‌ നാടുവാഴിത്ത മൂല്യങ്ങള്‍ തന്നെയാണ്. ഇവിടെ, ആചാരേതരമോ ജാതിവിരുദ്ധമോ ആയ വിവാഹങ്ങള്‍ പോലും നിഷിദ്ധമാകുകയും ഏറ്റവും യാഥാസ്ഥിതികമായ സ്ത്രീ പുരുഷബന്ധങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളും അധ:സ്ഥിതജനവിഭാഗങ്ങളും ആക്രമിക്കപ്പെടുന്നു. അഴിമതിയും അസത്യവും സാമൂഹിക ജീവിതത്തെ ഭരിക്കുന്നു. സാമൂഹികനീതിയുടെ പ്രാഥമികസങ്കല്‍പനങ്ങള്‍പോലും തുടച്ചുനീക്കപ്പെടുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്‌ വര്‍ഗ്ഗീയതക്ക്‌ ത്വരകമാണെതിന്റെ ഉദാഹരണവും കേരളമാണ്‌. ആധുനികകേരളം ആദ്യമായി ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്‌ കീഴ്പ്പെടുന്നത്‌ കേരളത്തിലെ ആദ്യത്തെ ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിച്ച വിമോചനസമരത്തെ തുടര്‍ന്നാണ്‌. മലയാളികള്‍ അതേവരെ ആര്‍ജ്ജിച്ചെടുത്ത ജനാധിപത്യപരമായ പൊതുമണ്ഡലത്തെ പിളര്‍ക്കുകയായിരുന്നു വിമോചനസമരം ചെയ്തത്‌. പൊതുസമൂഹത്തിന്റെ ജനാധിപത്യപരമായ ഇടപെടലുകളെ തടയുന്ന രീതിയില്‍ കേരളജനതയെ വോട്ടൂബാങ്കുകളായി വിഭജിച്ചെടുക്കുന്നതില്‍ പിന്നീട്‌ ഇവിടെ വളര്‍ന്നുവന്ന മുന്നണിരാഷ്ട്രീയം വിജയിച്ചിട്ടുണ്ടെന്നും കാണണം.


അയിത്താചാരങ്ങളുടെ പേരില്‍ ഭ്രാന്താലയം എന്നു വിളിക്കപ്പെട്ട മലയാളനാട്ടില്‍ എല്ലാ ജാതിമതസ്ഥരും ഒരുമിച്ചിരുന്നു പഠിക്കുന്ന ഒരു വിദ്യാലയസമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ സ്ഥാപിച്ചെടുക്കാന്‍ പില്‍ക്കാലത്ത്‌ കേരളജനതക്ക്‌ കഴിയുകയുണ്ടായി. കേരളസമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും ഫ്യൂഡല്‍മൂല്യങ്ങളും വരേണ്യാവസ്ഥയും പൊതുവിദ്യാഭ്യാസത്തിന്റെ കടന്നുവരവിനെ തടഞ്ഞിരുന്നുവെങ്കിലും ഈ കടമ്പകളെയെല്ലാം മറികടക്കുന്ന ധീരമായ ഒരു പുരോഗമന മനസ്സിനെ ആര്‍ജ്ജിച്ചുകൊണ്ടാണ്‌ നമ്മുടെ ജനത ഒരു പൊതുവിദ്യാഭ്യാസക്രമത്തെ സൃഷ്ടിച്ചെടുത്തത്‌. ചരിത്രത്തിലെ അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ വ്യക്തികളും പ്രസ്ഥാനങ്ങളും ഇതിന്നായി അനുഭവിച്ച ത്യാഗങ്ങളും യാതനകളും അളവറ്റതാണ്‌. കേരളത്തിലെ വിദ്യാഭ്യാസമേഖല ഇപ്പോള്‍ ഈ പൊതുവിദ്യാഭ്യാസക്രമത്തിന്റെ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്‌. കേരളസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ ത്വരിപ്പിച്ച ഒരു വലിയ ഘടകത്തിന്റെ നാശമാണിത്‌. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച കേരളസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെയും മന്ദീഭവിപ്പിക്കുമെന്നു തീര്‍ച്ചയാണ്‌!


കേരളസമൂഹം നേരിടുന്ന കൊടിയ വിപത്തിനെ തിരിച്ചറിയുകയും ജാഗ്രത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യണ്ട സന്ദര്‍ഭമാണിത്‌.

Sunday, September 5, 2010

ബൈബിളും സാഹിത്യവിമര്‍ശനവും

കെ.പി.അപ്പന്റെ "ബൈബിള്‍: വെളിച്ചത്തിന്റെ കവചം" എന്ന പുസ്തകത്തെ ക്രിസ്ത്യന്‍ പുരോഹിതരും കന്യാസ്ത്രീകളും മറ്റു മതവിശ്വാസികളും വലിയ താല്‍പര്യത്തോടെയാണ്‌ സ്വീകരിച്ചത്‌. ബൈബിളിനെ കുറിച്ചുള്ള ഈ സാഹിത്യവിമര്‍ശകന്റെ പുസ്തകം പുറത്തിറങ്ങിയ നാളുകളില്‍, ഡി.സി. ബുക്സിന്റെ ഷോ റൂമുകളില്‍ ഇതു തേടി കന്യാസ്ത്രീകള്‍ എത്തിച്ചേരുന്നത്‌ നല്ലൊരു കാഴ്ചയായിരുന്നു. അപ്പന്‍ എഴുതിയ ക്രിസ്തുപുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ പെട്ടെന്നു തന്നെ പുറത്തിറങ്ങിക്കൊണ്ടിരുന്നു. വ്യത്യസ്തമായ ഒരു ബൈബിള്‍വായനയുടെ സുന്ദരമായ ചില മുഹൂര്‍ത്തങ്ങളെ അപ്പന്റെ പുസ്തകം സമ്മാനിക്കുന്നു. നിന്ദയുടേയും വെറുപ്പിന്റേയും ചിഹ്നമായിരുന്ന കുരിശ്‌ ക്രിസ്തുവിന്റെ രക്തം കൊണ്ടു നനഞ്ഞു പവിത്രമാകുന്നതായി ദര്‍ശിക്കുമ്പോഴും കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ഏതൊരു അമ്മയിലും ഉണ്ണിയേശുവിനെ എടുത്തു നില്‍ക്കുന്ന വിശുദ്ധമാതാവിന്റെ വിദൂരച്ഛായകളുണ്ടെന്നു പറയുമ്പോഴും ലോകം ഉള്ളില്‍ പേറിയിരുന്ന തിരിച്ചറിവുകളെ അപ്പന്‍ സൌന്ദര്യത്തികവോടെ എടുത്തു കാണിക്കുകയായിരുന്നു. മതേതരമായ ഒരു നിലപാടില്‍ നിന്നുകൊണ്ടല്ല അപ്പന്‍ ബൈബിളിനെ കുറിച്ച്‌ എഴുതിയത്‌. മതഭക്തിയുടെ അന്തരീക്ഷം അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യാപിച്ചു നില്‍ക്കുന്നത്‌ വായനക്കാരന്‍ അറിയുന്നു.


സാഹിത്യവിമര്‍ശനകലയിലെ ഉന്നതസ്ഥാനീയനായ കെ.പി.അപ്പന്‍ ബൈബിളിനെ കുറിച്ചും മേരികന്യയെ കുറിച്ചും ഓരോ പുസ്തകങ്ങള്‍ എഴുതിയെന്നത്‌ ഒരു സാമാന്യപാഠത്തെ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. നമ്മുടെ വിമര്‍ശകന്റെ വിശ്വാസജീവിതത്തോടുള്ള വലിയ വിശ്വാസത്തെ ഇത്‌ എടുത്തു കാണിക്കുന്നു. സാഹിത്യവിമര്‍ശനജീവിതത്തിലുടനീളം അദ്ദേഹം സ്വയം സംരക്ഷിച്ചു നയിച്ച വിമര്‍ശാദര്‍ശത്തിലുള്ള വിശ്വാസത്തിന്റെ ഉറവിടങ്ങളേതാണെന്ന്‌ പരോക്ഷമായി നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയായിരുന്നു ഇത്‌. അപ്പന്റെ വിമര്‍ശാദര്‍ശങ്ങള്‍ക്ക്‌ മതാത്മകതയുമായി വലിയ ബന്ധമുണ്ട്‌. കന്യാമേരിയെ കുറിച്ചുള്ള വിശുദ്ധവിശ്വാസങ്ങളെ ചോദ്യങ്ങളില്ലാതെ നമ്മുടെ വിമര്‍ശകന്‍ സ്വീകരിക്കുന്നു. മേരിയെ കുറിച്ച്‌ അപ്പന്‍ എഴുതുന്നു. "ഗര്‍ഭിണിയായിട്ടും കന്യകയായിരുന്നവള്‍, കന്യകയായി തന്നെ പ്രസവിച്ചവള്‍, അതിനു ശേഷവും കന്യകയായിരുന്നവള്‍ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി." വലിയ മതവിശ്വാസത്തിന്റെ വരികളാണ്‌ കെ.പി. അപ്പന്‍ ഇവിടെ എഴുതുന്നത്‌. കന്യാമറിയത്തിലെ വൈരുദ്ധ്യങ്ങളെ യുക്തി കൊണ്ട്‌ പരിഹരിക്കേണ്ടതാണെന്നു്‌ അപ്പന്‍ കരുതിയില്ല. ആ വൈരുദ്ധ്യങ്ങളുണര്‍ത്തുന്ന സന്ദേഹങ്ങളെ വിശുദ്ധവൈരുദ്ധ്യങ്ങള്‍ എന്ന വാക്കു കൊണ്ട്‌ മറയ്ക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. ക്രിസ്തുമാതാവിന്റെ ജീവിതത്തെ വിശ്വാസത്തിന്റെ ധീരതയായി അദ്ദേഹം പ്രകീര്‍ത്തിക്കുന്നു. ഈ വിശ്വാസം അനുകരണീയമാണെന്ന്‌ അപ്പന്‌ ഉറപ്പുണ്ടായിരുന്നു. അപ്പന്റെ വിമര്‍ശാദര്‍ശങ്ങള്‍ വിശുദ്ധമായ വിശ്വാസമായി തീര്‍ന്നതിന്‌ മറ്റു കാരണങ്ങള്‍ തിരയേണ്ടതില്ല. മതകര്‍മ്മത്തിന്റെ പരിശുദ്ധിയോടെയാണ്‌ താന്‍ ഖണ്ഡനവിമര്‍ശനത്തില്‍ മുഴുകുന്നതെന്ന്‌ അദ്ദേഹം എഴുതിയിരിക്കുന്നു.


ബൈബിളിനെ മതഗ്രന്ഥമായും സാഹിത്യകൃതിയായും കാണാമെന്ന്‌ അപ്പന്‍ എഴുതുന്നുണ്ട്‌. ബൈബിളിന്റെ മതാത്മകതയാണോ അതിലെ സാഹിതീയസൌന്ദര്യമൂല്യങ്ങളാണോ അപ്പനെ ആകര്‍ഷിച്ചത്‌? ബൈബിളില്‍ നിന്നും കെ.പി. അപ്പന്‍ എന്താണ്‌ സ്വീകരിച്ചത്‌? അപ്പന്‍ ഇവ രണ്ടിനേയും സ്വീകരിച്ചു. തന്റെ ബുദ്ധിപരമായ ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാനശക്തി ബൈബിളായിരുന്നുവെന്ന്‌ അപ്പന്‍ എഴുതിയത്‌ വെറുതെയല്ല. അപ്പന്റെ ബുദ്ധിജീവിതത്തേയും വിമര്‍ശനകലയേയും നിര്‍ണ്ണയിച്ച പ്രധാന പ്രേരകശക്തി മതാത്മകതയായിരുന്നു. കെ.പി. അപ്പന്‍ യുക്തിയുടെ ആരാധകനായിരുന്നില്ല. യുക്തിപരമായ വിചിന്തനത്തിലൂടെയുള്ള അര്‍ത്ഥോല്‍പാദനം പൂര്‍ണ്ണമല്ലെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സാഹിത്യകൃതിയുടെ യഥാര്‍ത്ഥമൂല്യങ്ങള്‍ സൌന്ദര്യാത്മകതയുടേതാണെന്നു കരുതിയ അപ്പന്‍ യുക്തിവിചാരത്തിലൂടെ ഈ മൂല്യവിചാരം അസാദ്ധ്യമാണെന്നു പോലും കരുതി. മതാത്മകതയുടെ പ്രധാനലക്ഷണം അത്‌ പുസ്തകത്തില്‍ (സത്യവേദപുസ്തകത്തില്‍) എഴുതിയതിനെ പരമസത്യമായി കാണുന്നുവെന്നതാണ്‌. വിശ്വാസമാണ്‌ ഈ വീക്ഷണത്തിന്റെ പ്രധാന പ്രചോദനഘടകം. പുസ്തകത്തിനുള്ളില്‍ സത്യമെഴുതിയിരിക്കുന്നു. എല്ലാവര്‍ക്കും ഒരേ രീതിയില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന സത്യമാണത്‌. പുസ്തകത്തിന്റെ കര്‍ത്താവ്‌ പറയാനാഗ്രഹിക്കുന്നതെന്തോ അതു വായനക്കാരന്‍ ഗ്രഹിക്കുന്നു. കാലമോ ചരിത്രമോ സംസ്ക്കാരത്തിന്റെ വ്യതിരിക്തതകളോ ഭാഷയിലെ സന്ദിഗ്ദ്ധതകളോ വായനയിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന അര്‍ത്ഥത്തിന്‌ വ്യതിയാനങ്ങള്‍ വരുത്തുന്നില്ല. പുസ്തകത്തില്‍ നിന്നും വായനക്കാരന്‍ കണ്ടെടുക്കുന്ന അര്‍ത്ഥം കര്‍ത്താവിന്റെ ഏകസ്വരം തന്നെയാണ്‌. ഇവിടെ പുസ്തകത്തിന്റെ കര്‍ത്താവ്‌ ദൈവത്തെ പോലെയാണ്‌, ദൈവം തന്നെയാണ്‌. മതാത്മകതയുടെ ഈ സത്യദര്‍ശനമാണ്‌ കെ.പി. അപ്പന്റെ സാഹിത്യദര്‍ശനത്തെയും നയിക്കുന്നത്‌. അപ്പനെ സംബന്ധിച്ചിടത്തോളം ഏതൊരു ഗ്രന്ഥവും കര്‍ത്താവ്‌ ഉദ്ദേശിക്കുന്ന ഏകാര്‍ത്ഥത്തിന്റെ സ്രോതസ്സായി നിലനില്‍ക്കുന്നു. എഴുത്തുകാരന്റെ മരണത്തെ കുറിച്ചുള്ള ബാര്‍ഥിന്റെ ചിന്തകള്‍ അപ്പനെ ആകര്‍ഷിക്കാതിരുന്നത്‌ അതുകൊണ്ടാണ്‌. റൊളാങ്ങ്‌ ബാര്‍ഥിന്റെ വീക്ഷണത്തിനെതിരെ അപ്പന്‍ ലേഖനമെഴുതുകയും ചെയ്തുവല്ലോ.


കെ.പി. അപ്പന്റെ വിമര്‍ശനവഴികള്‍ ചില പ്രതിസന്ധികളെ നേരിട്ട ഘട്ടത്തിലാണ്‌ സാഹിത്യനിരൂപണത്തിന്‌ അര്‍ദ്ധവിരാമമിട്ട്‌ ബൈബിളിനെ കുറിച്ച്‌ അദ്ദേഹം എഴുതാന്‍ തുടങ്ങിയതെന്ന്‌ ഈ ലേഖകന്‍ എഴുതിയിരുന്നു. ഏതാണ്ട്‌ സമാനമായ അര്‍ത്ഥത്തില്‍ വി.സി.ശ്രീജന്‍ നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇവ തെറ്റായ നിഗമനങ്ങളായിരുന്നു. കെ.പി.അപ്പനെ സംബന്ധിച്ചിടത്തോളം ബൈബിളിനെ കുറിച്ചുള്ള എഴുത്ത്‌ സാഹിത്യവിമര്‍ശനത്തിന്റെ ഭാഗം തന്നെയയിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനകലയില്‍ സത്യവേദപുസ്തകത്തിന്റെ മതാത്മകത നിറഞ്ഞു നില്‍ക്കുന്നതു കൊണ്ടു മാത്രമല്ല ഇങ്ങനെ പറയുന്നത്‌. ബൈബിളിനെ കുറിച്ച്‌ എഴുതുമ്പോഴും സാഹിത്യത്തിന്റെ ബൃഹത് ലോകം ഇടക്കിടയ്ക്ക്‌ ഇടപെട്ടു കൊണ്ടിരുന്നു. ജെയിംസ്‌ ജോയ്സിന്റേയും ഡോസ്റ്റോവ്സ്ക്കിയുടേയും കസാന്ദ്സാക്കിസിന്റേയും കൃതികള്‍ ബൈബിളിനെ മുന്‍നിര്‍ത്തി വായിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. പഴയനിയമത്തിലെ ഇയ്യോബിന്റെ പുസ്തകം എന്ന കലാസൃഷ്ടിയുടെ കര്‍ത്താവും ഷേക്സ്പിയറും ഡോസ്റ്റോവ്സ്ക്കിയുമാണ്‌ അത്യുന്നതങ്ങള്‍ മഹത്ത്വപ്പെടുത്തിയ മൂന്നു സാഹിത്യപ്രതിഭകളെന്ന ആര്‍ച്ച്‌ ബാള്‍ഡ്‌ മക്ളീഷിന്റെ വാക്കുകളെ തന്റെ ലേഖനത്തില്‍ ഉദ്ധരിച്ചു ചേര്‍ത്ത നമ്മുടെ സാഹിത്യവിമര്‍ശകന്‍, ഇയ്യോബിന്റെ പുസ്തകത്തെ കുറിച്ച്‌ മലയാളത്തിലെ ഏറ്റവും നല്ല ലേഖനം ചമയ്ക്കുകയും ചെയ്തു. ബൈബിള്‍പഠനവും എഴുത്തും കെ.പി. അപ്പന്റെ സാഹിത്യവിമര്‍ശനസപര്യയുടെ ഭാഗങ്ങള്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകളാണ്‌ ഇവയെല്ലാം.


തന്റെ ബുദ്ധിജീവിതത്തിലുടനീളം മതാത്മകതയെ ആദര്‍ശമായി സ്വീകരിച്ച അപ്പന്‍ മതേതരത്വത്തെ സ്വാഗതം ചെയ്തുകൊണ്ട്‌ രണ്ടു ലേഖനങ്ങള്‍ എഴുതി. മതേതരത്വത്തെ കുറിച്ചുള്ള ഒരു ചര്‍ച്ച തുടങ്ങിവച്ചത്‌ അപ്പനായിരുന്നു. സാഹിത്യവിമര്‍ശനത്തിലെ മതാത്മകമായ ആദര്‍ശത്തിനും പൊതുജീവിതത്തിലെ മതേതരനിലപാടിനും ഇടയില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ അപ്പനു കഴിഞ്ഞില്ല. മതം അനുഭവമായിത്തീരേണ്ടത്‌ പൊതുജീവിതത്തിലല്ല, വ്യക്തിജീവിതത്തിലാണെന്നു്‌ അദ്ദേഹം എഴുതി. ഇങ്ങനെ എഴുതുമ്പോള്‍ മുതലാളിത്തജനാധിപത്യവിപ്ളവങ്ങള്‍ നല്‍കിയ വലിയ പാഠത്തെ സ്വീകരിക്കുകയാണ്‌ അപ്പന്‍ ചെയ്തത്‌. ഈശ്വരവാദമതങ്ങള്‍ക്കും ദൈവനിന്ദകര്‍ക്കും ബൂര്‍ഷ്വാ ലോകവീക്ഷണത്തിനും കമ്മ്യൂണിസ്റ്റ്‌ ലോകവീക്ഷണത്തിനും മതേതരത്വത്തിന്റെ ആശയങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതാണെന്നു്‌ അദ്ദേഹം എഴുതി. എന്നിട്ടും മതേതരമൂല്യങ്ങള്‍ അവഗണിക്കപ്പെടുതില്‍ ഖിന്നനായി. മനുഷ്യനില്‍ സദാ സന്നദ്ധമായിരിക്കുന്ന വംശീയതയുടെ വികാരങ്ങള്‍ ഈ അവഗണനക്കുള്ള കാരണമാണെന്നു പറഞ്ഞു. മതേതരലോകവീക്ഷണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ അപ്പന്‍ തന്റെ സാഹിത്യവിമര്‍ശനകലയുടെ ആദര്‍ശമായി മതാത്മകതയെ മനസ്സു കൊണ്ടു സ്വീകരിച്ചതെന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഒരു ഉത്തരമേയുള്ളൂ. സാഹിത്യവിമര്‍ശനം അപ്പന്റെ പൊതുജീവിതത്തിന്റെ ഭാഗമായിരുന്നില്ല, വ്യക്തിജീവിതത്തിന്റെ ഭാഗമായിരുന്നു. 'വ്യക്തിപരമായത്‌ രാഷ്ട്രീയമാണ്‌' എന്ന പുതിയ മുദ്രാവാക്യം അപ്പന്‍ ഉള്‍പ്പെടെ എല്ലാ മതേതരവാദികളുടേയും സമിപനത്തെ വെല്ലുവിളിക്കുന്നുണ്ട്‌. വ്യക്തിനിഷ്ഠമായ എല്ലാറ്റിനേയും പൊതുജീവിതത്തിലേക്ക്‌ വലിച്ചു കൊണ്ടുവരാനാണ്‌ ഈ മുദ്രാവാക്യം ശ്രമിക്കുതെന്നതും അത്‌ സ്വകാര്യതയുടെ സകലലോകങ്ങളേയും അടച്ചുപൂട്ടുന്നുവെന്നും ആര്‍ക്കാണറിയാത്തത്‌? മനുഷ്യവ്യവഹാരങ്ങളിലെ സവിശേഷമണ്ഡലങ്ങളേയും ബഹുസ്വരങ്ങളേയും കുറിച്ചു പറയുന്നവര്‍ തന്നെ ഈ മുദ്രാവാക്യത്തെ അനുകൂലിക്കുന്നുവെന്നതില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്‌. എല്ലാ പൊതുധാരണകളിലും പതിയിരിക്കുന്ന അധികാരത്തെ സവിശേഷമണ്ഡലങ്ങളുടെ സ്വാച്ഛന്ദ്യത്തെ തടഞ്ഞുകൊണ്ട്‌ പ്രതിരോധിക്കാനാകില്ല.


സത്യവേദപുസ്തകത്തേയും ക്രിസ്തുവിനേയും കന്യാമേരിയേയും സ്തുതിക്കുന്ന പുസ്തകങ്ങള്‍ എഴുതിയ അപ്പന്‍ ക്രൈസ്തവസഭകളുടെ അപചയം കാണാതിരിക്കുന്നില്ല. സഭ കഠിനഹൃദയം പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളെ കുറിച്ച്‌ അപ്പന്‍ എഴുതുന്നു. ഡോസ്റ്റോവ്സ്ക്കി എഴുതിയ മതദ്രോഹവിചാരകന്റെ കഥ അനുസ്മരിക്കുന്നു. സ്വന്തം ശരീരത്തെ ജനങ്ങള്‍ക്കു വേണ്ടി ബലി കഴിച്ച ക്രിസ്തുവിന്റെ പുതിയ ശിഷ്യന്‍മാര്‍ സ്വാര്‍ത്ഥരക്ഷക്കായി സാധാരണക്കാരുടെ ശരീരങ്ങളെ ബലി കഴിക്കുന്നുവെന്ന മാര്‍ക്സിന്റെ വാക്കുകള്‍ എഴുതുന്നു. എന്നാല്‍, ക്രൈസ്തവസഭകളുടെ അപചയം മാനുഷികമായ പരിമിതിയാണെന്ന ഒത്തുതീര്‍പ്പില്‍ കെ.പി. അപ്പന്‍ എത്തുന്നു. ഇതിന്നായി ക്രിസ്തുവിനെ പല പ്രാവശ്യം തള്ളിപ്പറഞ്ഞ ശിഷ്യന്‍മാരുടെ കഥയെ ഓര്‍ക്കുകയും ഇതിനെക്കോളേറെ പരിമിതി മനുഷ്യന്‍ പ്രകടിപ്പിച്ചേക്കാമെന്നു്‌ കാണുകയും ചെയ്യുന്നു. കെ.പി. അപ്പന്‍ ശുദ്ധമായ ആദര്‍ശവാദത്തെ സ്വീകരിക്കാത്ത ഒരു സന്ദര്‍ഭമായിരുന്നു ഇത്‌. മനുഷ്യന്റെ ആഭിമുഖ്യങ്ങളുടെ വേരുകള്‍ ഏറെയും മതത്തിലാണെന്നു്‌ എഴുതിയിട്ടുള്ള കെ.പി.അപ്പന്‍ മതത്തോടുള്ള തന്റെ ആഭിമുഖ്യത്തെയാണ്‌ ഇവിടെ വെളിവാക്കിയത്‌. ബൈബിളിനെ കുറിച്ചുള്ള പുസ്തകത്തിന്റെ രചനയില്‍ തെളിഞ്ഞു നിന്നിരുന്നത്‌ ഇക്കാര്യം തന്നെയായിരുന്നു.

സമകാലികമലയാളം വാരികയില്‍ അപ്പന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ചത്

Wednesday, September 1, 2010

കോവിലനെ വായിക്കുക!



ജീവത് സാഹിത്യപ്രസ്ഥാനത്തിന്റേയും ആധുനികതാവാദത്തിന്റേയും ഉത്തരാധുനികതയുടേയും ഉച്ചകാലങ്ങളില്‍ എഴുത്തുകാരനായി ജീവിക്കുമ്പോള്‍ തന്നെ ആ പ്രസ്ഥാനഗണിതങ്ങളില്‍ ഉള്‍പ്പെടാതിരിക്കുകയും ഈ മണ്ണിന്റേയും അടിസ്ഥാനജനവിഭാഗങ്ങളുടേയും കഥ എഴുതുകയും ചെയ്ത കഥാകാരനായിരുന്നു കോവിലന്‍. പട്ടാളബാരക്കുകളിലെ നിശ്ചേതനമായ ജീവിതത്തെ കുറിച്ചും അധികാരത്തിന്റെ ബഹുരൂപമാര്‍ന്ന നൃശംസപ്രവര്‍ത്തനങ്ങളെ കുറിച്ചും പെണ്ണിന്റെ വേദനകളേയും യാതനകളേയും കുറിച്ചും വിശപ്പിനെ കുറിച്ചും എഴുതിയ കോവിലന്‍ സമൂഹത്തിലെ സവിശേഷമണ്ഡലങ്ങളിലെല്ലാം തന്റെ ശ്രദ്ധ പതിപ്പിക്കുകയും അടിസ്ഥാനവര്‍ഗത്തിന്റെ ദര്‍ശനത്തിലൂടെ അവയെ നോക്കിക്കാണുകയും ചെയ്തു. നമ്മുടെ ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വര്‍ഗരാഷ്ട്രീയത്തിനു പുറത്തെ സവിശേഷപ്രശ്നങ്ങളെ കാണുന്നതിനുള്ള ശേഷി ആര്‍ജ്ജിക്കുന്നതിനു മുന്നേ തന്നെ ഈ എഴുത്തുകാരന്‍ തന്റെ ഉള്‍പ്രേരണ കൊണ്ട്‌ ആ വഴിയെ സഞ്ചരിച്ചു തുടങ്ങിയിരുന്നു. ദലിത്‌ സാഹിത്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ സജീവമാകുന്നതിനും എത്രയോ മുന്നെ കോവിലന്‍ തട്ടകം എഴുതിക്കഴിഞ്ഞിരുന്നു. അത്‌ ഈ എഴുത്തുകാരന്റെ ദേശത്തിന്റെ കഥ കൂടിയായിരുന്നു. ദേശചരിത്രത്തെ അതിന്റെ മുഴുവന്‍ പൊലിമയിലും മലയാളഗദ്യത്തില്‍ ആദ്യമായി എഴുതുന്നത്‌ കോവിലനായിരുന്നു. ഉണ്ണിമോളുടെ കഥയെഴുതിയ 'തോറ്റങ്ങളി'ല്‍ സ്ത്രീജീവിതത്തിന്റെ അതേവരെ രേഖപ്പെടാത്ത മുഹൂര്‍ത്തങ്ങളാണ്‌ ആവിഷ്കൃതമായത്‌.


അനീതിക്കെതിരായ രോഷങ്ങള്‍ രൂക്ഷവിമര്‍ശനങ്ങളായി ഈ കഥാകാരന്റെ വാക്കുകളില്‍ അഗ്നി നിറച്ചു. ഐ.ഐ.ടിയുടെ പശ്ചാത്തലത്തില്‍ കോവിലന്‍ എഴുതിയ 'ഭരതന്‍' എന്ന നോവല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളോടൊപ്പം അതിന്റെ പ്രത്യയശാസ്ത്രോപകരണങ്ങളും വ്യവസ്ഥയുടെ മൂല്യങ്ങളെ എങ്ങനെ സംരക്ഷിക്കുകയും ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നുവെന്ന്‌ പരിശോധിക്കുന്ന മലയാളത്തിലെ ആദ്യത്തെ ആഖ്യാനമായിരുന്നു. ലൂയി ആല്‍ത്തൂസറുടേയും മറ്റും സൈദ്ധാന്തികവിശകലനങ്ങള്‍ക്ക്‌ നോവലിന്റെ ഭാഷ നല്‍കിയ ഈ കൃതി വ്യവസ്ഥയുടെ വരേണ്യമായ നീതിബോധത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്‌. എന്നാല്‍, കോവിലന്റെ രചനകളെ പട്ടാളക്കഥകള്‍ എന്നു വിളിച്ച സന്ദര്‍ഭമുണ്ടായിരുന്നു. ഈ വര്‍ഗീകരണം മലയാളിയായ കോവിലനെ മലയാളിക്കു മനസ്സിലാകുന്നില്ലെന്നു്‌ സ്ഥാപിക്കുകയായിരുന്നു. കരുത്തിന്റെ കഥാകാരന്റെ രചനകളിലെ അകംപൊരുളിനെ ഉള്‍ക്കൊള്ളാനാവാതെ ഇകഴ്ത്തലായി പരിണമിച്ച പ്രശംസയായിരുന്നു അത്‌. മലയാളസാഹിത്യത്തിന്‌ അപരിചിതമായ ചില രാഷ്ട്രീയവ്യവഹാരങ്ങളെ നോവല്‍കലയിലൂടെ ആവിഷ്ക്കരിക്കുകയായിരുന്നു താഴ്‌വരകള്‍, എ മൈനസ്‌ ബി, ഹിമാലയം തുടങ്ങിയ 'പട്ടാളക്കഥകളി'ലൂടെ കോവിലന്‍ ചെയ്തത്‌. ഹിമാലയം എന്ന നോവലില്‍ രാഷ്ട്രത്തിന്റെ പിതൃഭാവങ്ങളെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ കോവിലന്‍ അവതരിപ്പിച്ചു. മക്കളെ ജഡങ്ങളാക്കി മാറ്റുന്ന അധികാരപ്രമത്തമായ ആധുനിക രാഷ്ട്രഭരണകൂടങ്ങളുടെ പിതൃശാസനകളെ നിഷേധിക്കുന്ന ഒരു വീക്ഷണം ഈ കൃതിയിലുണ്ട്‌.


വിശപ്പിന്റെ കഥാകാരനായിരുന്ന കോവിലന്‌ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നു. അധികാരശക്തികള്‍ ആഹാരത്തെ എല്ലാക്കാലത്തും ആയുധമായി ഉപയോഗിച്ചിട്ടുണ്ട്‌. കോവിലന്‍ എഴുതി "മനുഷ്യന്‍ മൃഗമല്ല; നാല്‍ക്കാലിയല്ല, അവന്‍ രണ്ടു കാലുകളില്‍ നില്‍ക്കണം, പക്ഷേ അവന്‍ നിവര്‍ന്നു നില്‍ക്കാന്‍ പാടില്ല. നിവര്‍ന്നു നിന്നാല്‍ അവന്‍ ചോദ്യം ചോദിക്കും. എന്നേയും എന്റെ മക്കളേയും അന്നം മുടക്കി മുട്ടിക്കുന്നത്‌ ആര്‌? അവന്‍ യാതൊന്നും ചോദിക്കാന്‍ പാടില്ല. അവന്‍ മിണ്ടിപ്പോകരുത്‌. ശ്‌..... കാലാകാലത്തും അവന്‍ ഒടിഞ്ഞുതൂങ്ങി നില്‍ക്കട്ടെ'. അവന്റെ ആഹാരം നിഷേധിക്കുക." 'ജന്‍മാന്തരങ്ങള്‍' എന്ന നോവലിലെ നാലു കഥാപാത്രങ്ങള്‍; അപ്പാപ്പന്‍ കുട്ടി, അഷറഫ്‌, ഹനീഫ, യാക്കോബ്‌, ആശുപത്രിയില്‍ ചികിത്സക്കായി കിടക്കുന്ന നാലു പേരും വയറിനു രോഗം ബാധിച്ചവരാണ്‌. ഈ രോഗികളുടെ അസ്വാസ്ഥ്യവും വിശപ്പും അരിശവും ലോകത്തോടുളള വെറുപ്പും നിറച്ചുവെച്ചിരിക്കുന്ന വാക്യങ്ങള്‍ കോവിലന്‍ എഴുതി. മലയാളഭാഷയില്‍ മരണപൂജക്കുളള കീര്‍ത്തനങ്ങളും രതിയുടെ ഗായത്രികളും നിരാശാബോധത്തിന്‌ സ്തുതികളും എഴുതപ്പെട്ടിരുന്ന ഒരു കാലത്താണ്‌ കരുത്തിന്റേയും ഇരുണ്ടസൌന്ദര്യത്തിന്റേയും കഥാകാരന്‍ വിശപ്പിനെ കുറിച്ച്‌ എഴുതിയത്‌. മനുഷ്യന്‍ വിശപ്പുള്ള ജീവിയാണെന്നു പറയുന്നത്‌ അവന്റെ മഹനീയതകളെ ഇകഴ്ത്തിക്കാണിക്കലാണെന്നു ലാവണ്യവാദികള്‍ നിരൂപിച്ചുറപ്പിച്ചിരുന്ന സന്ദര്‍ഭമായിരുന്നു അത്‌. കോവിലന്റെ കൃതികള്‍ വായിച്ചാണ്‌ തങ്ങളുടെ കാഴ്ചയുടെ ദൌര്‍ബല്യങ്ങളും പരിമിതികളും അവര്‍ തിരിച്ചറിഞ്ഞത്‌.


തട്ടകത്തെ കുറിച്ച്‌, അത്‌ എത്രയോ വര്‍ഷങ്ങളായി തന്റെ മനസ്സിലുണ്ടായിരു കൃതിയാണെന്ന്‌ കോവിലന്‍ പറഞ്ഞിരിക്കുന്നു. കോവിലന്റെ മനസ്സില്‍ ഈ കൃതി ഏറെ നാള്‍ ഉറഞ്ഞു കിടന്നു. പിന്നെ എഴുതിത്തുടങ്ങിയപ്പോള്‍ ആഗ്രഹത്തിനൊത്ത്‌ നീങ്ങിയില്ല. പന്ത്രണ്ടിലേറെ വര്‍ഷങ്ങള്‍ എഴുതാനായി എടുത്തു. തന്റെ മനസ്സിലുളള കൃതി എഴുതാനാകാതെ എഴുത്തുകാരനില്‍ സംഘര്‍ഷങ്ങള്‍ നിറയ്ക്കുന്ന അവസ്ഥാവിശേഷത്തെ കുറിച്ച്‌ മലയാളി ശരിയായി കേട്ടത്‌ കോവിലന്റെ വാക്കുകളിലൂടെയായിരുന്നു. കോവിലന്‌ രചന അതിക്ളിഷ്ടമായ ഒരു പ്രവൃത്തിയായിരുന്നു. ആ തലമുറയില്‍ സൃഷ്ടിയുടെ വേദന ഏറ്റവുമേറെ അറിഞ്ഞ എഴുത്തുകാരന്‍ ഈ കഥാകാരനായിരുന്നു. ഇതിനു കാരണമുണ്ട്‌. ജീവിതം ലാഘവപൂര്‍വ്വം കോറിയിടാവുന്നതാണെന്ന്‌ അദ്ദേഹം കരുതിയില്ല. വായനക്കാരന്റെ സാമാന്യ അഭിരുചിയെ തൃപ്തിപ്പെടുത്തിക്കൊണ്ട്‌ എഴുതാന്‍ കോവിലന്‍ തയ്യാറായിരുന്നുമില്ല. എപ്പോഴും വ്യത്യസ്തതകള്‍ സൃഷ്ടിക്കാനാണ്‌ ആ പ്രതിഭ ആഗ്രഹിച്ചത്‌. കോവിലന്റെ നോവലുകള്‍ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ രചനാശില്‍പങ്ങളായത്‌ ഇങ്ങനെയാണ്‌. കോവിലന്‌ ഓരോ കൃതിയിലൂടെയും പുതിയ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇതിന്നായി പുതിയ ഭാഷയും ശൈലിയും സൃഷ്ടിക്കപ്പെട്ടു. ഈ വൃദ്ധന്‍ എപ്പോഴും പുതുക്കിക്കൊണ്ടിരുന്നു, മലയാളത്തിലെ യൌവ്വനങ്ങള്‍ക്കൊന്നും സാദ്ധ്യമാകാതിരുന്ന കാര്യമായിരുന്നു ഇത്‌. കോവിലന്റെ രചനകളില്‍ അധികമായി എഴുതപ്പെടുന്നതിന്റെ ഭാരങ്ങളില്ല.


കോവിലന്റെ ഗദ്യം താളസമൃദ്ധമാണ്‌. തോറ്റങ്ങളിലും തട്ടകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലും ഇത്‌ ഏറെ തെളിഞ്ഞു വായിക്കാം. വാക്കില്‍ നിന്നൂയരുന്ന ദ്രാവിഡവാദ്യങ്ങളുടെ കൊഴുപ്പുറ്റ മേളത്തില്‍ വായനക്കാരന്‍ രസം പിടിച്ചു തലയാട്ടുന്നു.
"അച്ഛനും അമ്മയും കുഞ്ഞിപ്പെങ്ങളും വന്നു,
ഉണ്ണീരിക്കുട്ടി തുളളിനിന്നു.
ഇളനീര്‍ വെട്ടി കരിക്ക്‌ കൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
ഉണ്ണീരിക്കുട്ടി തുളളിനിന്നു.
കണ്ണഞ്ചിറ കിഴക്കേപ്പാട്ടെക്ക്‌ ആളെ വിട്ടു.
ഉണ്ണീരി അടങ്ങിയില്ല.
കോഴിവെട്ടി കുരുതികൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
കണ്ണഞ്ചിറ പടിഞ്ഞാറേപ്പാട്ടെക്കും ആളു പോയി.
ഉണ്ണീരി അടങ്ങിയില്ല.
ആടുവെട്ടി കുരുതി കൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
കാട്ടുമാടത്തേക്കും കടമറ്റത്തേക്കും ആളയച്ചു,
ഉണ്ണീരി പാര്‍ത്തില്ല. "


അനുഭവങ്ങളുടേയും ഭാവനയുടേയും ചരിത്രത്തിന്റേയും കൂടിച്ചേരലില്‍ ഒരു പുതിയ ഐതിഹ്യം രൂപം പൂണ്ടു വികസിക്കുകയാണ്‌. കോവിലന്‍ പാരമ്പര്യത്തെ കേവലമായി നിഷേധിക്കുന്നില്ല. തള്ളേണ്ടത്‌ തള്ളാനും കൊള്ളേണ്ടത്‌ കൊള്ളാനും ഉള്ള ശ്രമത്തിനിടയില്‍ നേരിടേണ്ടിവരുന്ന എല്ലാ സംഘര്‍ഷങ്ങളും കോവിലന്റെ കൃതിയില്‍നിന്ന്‌ വായിച്ചെടുക്കാം. വിരുദ്ധ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട്‌ ഉഴലുന്ന ഒരു പ്രതിഭ കോവിലനിലുണ്ടായിരുന്നു. കീഴാളമായ ഒരു വര്‍ഗ്ഗനിലപാടിന്റെ ശക്തിയില്‍ ഉറച്ചു നിന്നുകൊണ്ട്‌ ഈ സംഘര്‍ഷങ്ങള്‍ ആവിഷ്ക്കൃതമായി. കലാസൃഷ്ടിയുടെ വൈരുദ്ധ്യാത്മകമായ ഉരുവം കൊള്ളല്‍; വൈരുദ്ധ്യങ്ങളുടെ ഐക്യവും സംഘര്‍ഷവും ചേര്‍ന്ന നിര്‍മ്മാണകല, കോവിലന്റെ കൃതികളില്‍ നിന്നാണ്‌ മലയാളിക്ക്‌ നേരിട്ട്‌ അനുഭവിക്കാന്‍ കഴിയുന്നത്‌. പീഡനത്തിന്നിരയായി മൃതനാകുന്ന സംഘകാലഇതിഹാസത്തിലെ നായകകഥാപാത്രത്തിന്റെ നാമത്തെ തൂലികാനാമമാക്കിയ എഴുത്തുകാരന്‍ തന്റെ വാക്കുകള്‍ കൊണ്ട്‌ എപ്പോഴും പീഡിതരോടൊപ്പം നിന്നു.


കോവിലന്‍ ഒരു നല്ല അനുവാചകനായിരുന്നു. 'ഖസാക്കിന്റെ ഇതിഹാസം' പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യമായി പ്രശംസാവചനങ്ങളുമായി എത്തിയവരില്‍ കോവിലനുമുണ്ടായിരുന്നു. മലയാളം ഒരു പുതിയ ഭാഷാശൈലിയെ അനുഭവിച്ചറിയുകയാണെന്ന്‌ അദ്ദേഹത്തിന്‌ പെട്ടെന്നു്‌ ബോദ്ധ്യപ്പെട്ടു. എന്നാല്‍, ആ കൃതി നല്‍കിയ സംവേദനക്ഷമതയിലും അഭിരുചിയിലും തറഞ്ഞുകിടക്കാന്‍ അദ്ദേഹം സ്വയം അനുവദിച്ചില്ല. 'ഖസാക്കിന്റെ ഇതിഹാസം' വിജയനെന്ന ഗ്രന്ഥകാരന്റെ മാത്രം സര്‍ഗശേഷിയെ തെളിയിച്ച കൃതിയല്ലെന്ന്‌, എങ്ങനെയൊക്കെയോ അതില്‍ തന്റെ സര്‍ഗശേഷി കൂടി വിലയിച്ചു കിടക്കുന്നുണ്ടെന്ന്‌ അവകാശപ്പെടാന്‍ കഴിയുന്ന മലയാള എഴുത്തുകാരന്‍ കോവിലന്‍ മാത്രമായിരുന്നു; അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കില്‍ കൂടി.


കോവിലന്റെ കൃതികളെ പ്രതീക്ഷിച്ചു കാത്തിരുന്ന വലിയൊരു വായനാസമൂഹം ഒരിക്കലും ഉണ്ടായിരുന്നില്ല. മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ സൌന്ദര്യവും ശക്തിയും തേടി ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനെ തേടിപ്പോകുകയും മാര്‍ക്കേസിന്റെ കൃതികളെ ആരാധിക്കുകയും ചെയ്ത മലയാളിയോട്‌, എന്റെ നോവലുകള്‍ വായിച്ചിട്ടില്ലേയെന്ന്‌ ഈ കഥാകാരന്‌ ചോദിക്കേണ്ടി വന്നുവെന്ന്‌ ഓര്‍ക്കുക! കോവിലനെ കുറിച്ചുള്ള വലിയ വായനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

അകം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം 2010 JULY


കോവിലന്റെ "ഹിമാലയം" എന്ന നോവലിനെ കുറിച്ച് ഞാൻ എഴുതിയ ലേഖനം "കോവിലന്റെ ഹിമാലയക്കാഴ്ചകൾ" 
കേരളസാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച കോവിലൻ പുസ്തകത്തിലും "പ്രതിബോധത്തിന്റെ അടയാളങ്ങൾ"
(ഐ ബുക്‌സ്  - കോഴിക്കോട്)
എന്ന 
എന്റെ നോവൽപഠനങ്ങളുടെ പുസ്തകത്തിലും ചേർത്തിട്ടുണ്ട് 

Saturday, August 28, 2010

എന്‍. എസ്. മാധവന്റെ പ്രസംഗത്തില്‍ നിന്നും

കലാലയമാസികകള്‍ക്കു നല്കുന്ന മലയാളമനോരമയുടെ ചീഫ് എഡിറ്റര്‍ അവാര്‍ഡ് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടന്ന ചടങ്ങില്‍ വച്ചു് എന്‍. എസ്, മാധവന്‍ സമ്മാനിക്കുകയുണ്ടായി. മാധവന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ എഴുതുന്നത്.


ഭാഷാ ശാസ്ത്രജ്ഞന്മാര്‍ ഭാഷകളുടെ ആയുസ്സും ആരോഗ്യവും നിര്‍ണയിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് മലയാളഭാഷ നല്ല ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന അവസ്ഥയിലാണ്. മൂന്നു കോടിയിലേറെ ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ആനുകാലികങ്ങളും പരിശോധിച്ചാല്‍ റീഡര്‍ഷിപ്പിലും എണ്ണത്തിലും വളരെ ഉയര്‍ന്ന സ്ഥിതിയാണ് മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ക്ക്. പത്രങ്ങള്‍, ചാനലുകള്‍ എന്നിങ്ങനെ ഭാഷയുടെ മേഖലയില്‍ പ്രവൃത്തിയെടുത്തു കൊണ്ട് ജീവിക്കുന്ന വളരെയധികം പേര്‍.


മലയാളഭാഷ നല്ല ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഈ അവസ്ഥയിലാണ് മലയാളസാഹിത്യം ഏറ്റവും ശോഷിച്ച അവസ്ഥയിലായിരിക്കുന്നത്. ആനുകാലികങ്ങളില്‍ സാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ല. ഈയിടെ പുറത്തിറങ്ങിയ വിശേഷാല്‍പതിപ്പുകളെ കുറിച്ച് മാധവന്‍ പറഞ്ഞു. അവയുടെ ഉള്ളടക്കത്തെ കുറിച്ചും. വിദേശനോവലുകള്‍ നൂറും ഇരുനൂറും ഡോളര്‍ നല്കി കോപ്പി റൈറ്റ് വാങ്ങി മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിക്കലാണ് പുസ്തക വ്യവസായം. മലയാളത്തില്‍ നിന്നുള്ളവരുടെ രചനകള്‍ വേണ്ടെന്നായിരിക്കുന്നു.


നമുക്ക് എഡിറ്റര്‍മാരില്ലാതായിരിക്കുന്നു. നമുക്ക് നല്ല എഡിറ്റര്‍മാരില്ല. നമ്മുടെ കഥാകാരന്‍ എന്‍.വിയേയും എംടിയേയും കുറിച്ചു പറഞ്ഞു. അവരുടെ കൈകളിലൂടെ കടന്നു പോയ രചനകളിലൂടെ പുതിയ കഥയും കവിതയും സൃഷ്ടിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു.


ഇടയ്ക്ക്, വൈറ്റില ജങ്ഷനില്‍ കണ്ട ഒരു ഫ്ലക്സ് ബോര്‍ഡ് ഞെ‍ട്ടിപ്പിക്കുന്നതായിരുന്നുവെന്ന് മാധവന്‍ പറഞ്ഞു. വിലാസിനി എന്‍ഡോവ്മെന്‍റ് അവാര്‍ഡ് നേടിയതിന് നമ്മുടെ ഒരു നിരൂപകനെ അഭിനന്ദിക്കുന്ന ബോര്‍ഡായിരുന്നു അത്. എഴുത്തുകാരന്റെ അന്തസ്സും സ്വകാര്യതയും ന‍ഷ്ടപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tuesday, August 24, 2010

ഈ കവിതയില്‍ സ്വാതന്ത്ര്യം നിറഞ്ഞിരിക്കുന്നു

മലയാളവാക്കിനു മേല്‍ ചാര്‍ത്തിയിട്ടുളള തോരണങ്ങളെ അഴിച്ചുമാറ്റിക്കൊണ്ടാണ്‌ എസ്‌.ജോസഫ്‌ കവിത എഴുതുന്നത്‌. ഇവിടെ, ഭാഷ നഗ്നമാകുകയും അലങ്കാരങ്ങളില്ലാത്ത വാക്ക്‌ നമ്മോട്‌ നേരിട്ടു സംവദിക്കുകയും ചെയ്യുന്നു. ഈ നാട്ടുഭാഷ ഇതേ വരെ മലയാളകവിതയ്ക്ക്‌ അന്യമായിരുന്നു. ഒരുകാലത്ത്‌ കവിതക്കിണങ്ങില്ലെന്നു്‌ സന്ദേഹങ്ങളില്ലാതെ സ്ഥാപിക്കപ്പെട്ടിരുന്ന ഭാഷയില്‍, വാക്കുകളില്‍.. ജോസഫ്‌ കവിതയെഴുതുന്നു. കുഴിവെട്ടുകാരന്റേയും അലക്കുകാരിയുടേയും കല്‍പണിക്കാരന്റേയും കവിതയാണിത്‌.

ജോസഫിന്റെ കവിത ഉരുവം കൊളളുന്നത്‌ സ്വാതന്ത്ര്യത്തിന്റെ ലോകത്താണ്‌. അതുകൊണ്ട്‌, അത്‌ ഇത്രമേല്‍ സ്വാഭാവികമാകുന്നു. നിനക്ക്‌ വേണ്ടത്‌ സ്വാതന്ത്ര്യമല്ലേ? ഇവിടെ അതേയുളളൂ എന്നു കവിതയോട്‌ പെറുക്കിപ്പയ്യന്‍ പറയുന്നു. കവിതയുടെ ഉടമസ്ഥര്‍; വലിയ കെട്ടിടങ്ങള്‍ പോലുളളവര്‍, ചതുരങ്ങളിലും വൃത്തങ്ങളിലും കവിതയെ പൂട്ടിയിടുമ്പോള്‍ ഓലപ്പുരയിലുറങ്ങാനും ചെളിവെളളത്തില്‍ നടക്കാനും തോട്ടില്‍ പോയി കുളിക്കാനും കഞ്ഞിയും മുളപ്പിച്ച പയറും കഴിക്കാനും അപ്പന്റെ ചീത്തവിളികള്‍ കേള്‍ക്കാനും ഇവന്‍ കവിതയെ ക്ഷണിക്കുന്നു. കറുത്ത കല്ലില്‍ നിന്നും മീന്‍കാരനിലേക്കും ഐഡന്റിറ്റി കാര്‍ഡിലേക്കും എത്തുമ്പോഴേക്കും ജോസഫ്‌ തന്റെ വഴികള്‍ നന്നായി ഉറപ്പിച്ചിരിക്കുന്നു. കവിതയിലെ വലിയ ആള്‍ക്കാരോടുണ്ടായിരുന്ന ചെറിയ ആകര്‍ഷണം പോലും ഒഴിഞ്ഞുപോകുകയും തന്റെ വഴികളുടെ തെളിച്ചം സ്വയം അറിയുകയും ചെയ്യുന്നു.

ജോസഫിന്റെ കവിതയിലെ കാഴ്ചകള്‍ ആരും കാണാതിരുന്നവയല്ല. അവ നാം കണ്ടിട്ടും തിരിച്ചറിയാതിരുന്ന കാഴ്ചകളാണ്‌. കണ്ടിട്ടും കാണാതിരുന്ന കാഴ്ചകളാണ്‌. അവയെ കുറിച്ച്‌ ജോസഫ്‌ എഴുതുമ്പോള്‍ നമ്മില്‍ അത്ഭുതം ജനിക്കുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റേയും എളിമകള്‍ കവിതയിലാകെ പടര്‍ന്നു്‌ നിറയുകയും വായനക്കാരന്റെ അഹന്തയെ ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. ഈ കവിതയില്‍ ആര്‍ദ്രത നിറഞ്ഞിരിക്കുന്നു. അത്‌ ആര്‍ദ്രമാകുന്തോറും പിന്നേയും പിന്നേയും ആര്‍ദ്രമാകാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌, ജോസഫിന്റെ കവിതയില്‍ ധിഷണയുടേയും ഭാഷാശേഷിയുടെയും നാട്യങ്ങള്‍ ഒട്ടുമേയില്ല. ഇത്‌ കവി തന്നെ തിരിച്ചറിയുന്നുണ്ട്‌. വാക്കുകളുടെ കൂടുതല്‍ കുറവുകളല്ലല്ലോ കവിത്വത്തിന്‌ അടിത്തറയെന്നു്‌ കവി. അയാള്‍ വിനീഷ്‌ എന്ന കുട്ടിയുടെ എഴുതാത്ത കവിതാപുസ്തകത്തിലെ ആദ്യത്തെ വരി കണ്ടെത്തുന്നു. "കാക്ക കരയുമ്പോള്‍ സ്വന്തം പേരു പറയുന്നു " കവിതയ്ക്ക്‌ പ്രായഭേദങ്ങളില്ലെന്ന്‌, പണ്ഡിത-പാമര ഭേദങ്ങളില്ലെന്ന്‌, അത്‌ എത്രമേല്‍ മൃദുവും ലഘുവുമെന്ന്‌ സൂചിപ്പിക്കുന്നു.


ജോസഫ്‌ കവിതയില്‍ രചിക്കുന്ന ചരിത്രം മറ്റാരും രചിക്കാത്തതാണ്‌. താലൂക്കിന്റെയത്രയും വലുതായ ലോകമുളള ഒരു അമ്മയെ കുറിച്ച്‌ ജോസഫ്‌ ഇപ്പോള്‍ എഴുതിയിരുന്നില്ലെങ്കില്‍ ചരിത്രത്തില്‍ നിന്നും ഒരേട്‌ മുറിഞ്ഞുപോകുമായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളെ വളര്‍ത്തുകയും കോഴികളോടും പട്ടികളോടും വര്‍ത്തമാനം പറയുകയും ചെയ്യുന്ന അമ്മ. അ എന്ന ഒറ്റയക്ഷരം മാത്രമറിയുന്ന അമ്മ, കോഴി കൂവലിന്നൊപ്പം നന്‍മ നിറഞ്ഞ മറിയം ചൊല്ലുന്ന അമ്മ. ഭൂമിയേക്കാള്‍ വലുതായ, ബോണ്‍വിറ്റയും ആപ്പിളും മാത്രം വിളമ്പുന്ന കൊച്ചമ്മമാര്‍ മാത്രം നിറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തില്‍ ഈ അമ്മയുടെ ചരിത്രം രേഖപ്പെടേണ്ടത്‌ കവിതയില്‍ തന്നെ വേണം.

മലയാളി മറന്നു പൊയ്ക്കഴിഞ്ഞ കാഴ്ചകളും അനുഭവങ്ങളും ഈ കവിതയില്‍ രേഖപ്പെടുന്നു.

കുലച്ച വാഴകള്‍ക്കിടയില്‍
നിറയെ കായ്ച്ച പേരമരം.
... ... ...

പറന്നുവന്നൊരു കാക്ക
കാപ്പിക്കമ്പിലിരിക്കുന്നു.

അവിടൊരു കുടപ്പന
അതില്‍ പനറാതളുകള്‍
ചുവട്ടില്‍ ഞങ്ങള്‍ പീടിക
കളിച്ചു.

ഒഴിഞ്ഞുപോകുന്ന കാഴ്ചകളെ കുറിച്ചുളള ആകുലതയാണോ ജോസഫിന്റെ കവിതയോട്‌ നമ്മെ അടുപ്പമുളളവരാക്കുന്നത്‌. ഈ കവിതയുടെ വായനയില്‍ കാലം അതിന്റെ പങ്കു വഹിക്കുന്നൂണ്ട്‌ തീര്‍ച്ച! വറ്റിക്കൊണ്ടിരിക്കുന്ന ഗ്രാമജീവിതഭംഗികള്‍, നന്‍മകള്‍, നിഷ്ക്കളങ്കതകള്‍..അവയെ പുതുസൌന്ദര്യത്തോടെ കാണാന്‍ ഈ കവിത നമ്മെ പ്രേരിപ്പിക്കുന്നുണ്ടാകാം. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ മാത്രമല്ല; മലയാളി മറന്നു പോയിക്കൊണ്ടിരിക്കുന്ന വാക്കുകളും ഈ കവിത പറഞ്ഞുതരുന്നു.
തികത്തിയ കപ്പ, കാനകൂമ്പി വെയില്‍ , അളിയനെ അറിയിച്ചോ ..

മലയാള ഭാഷയിലെ ഗ്രാമ്യപദങ്ങള്‍ ഈ കവിതയിലൂടെ അതിജീവിക്കുന്നു. അങ്ങനെ മലയാളഭാഷ അതിജീവിക്കുന്നു. പുതിയ കവികളുടെ വാക്കിനെക്കുറിച്ചുളള ഖേദങ്ങള്‍ ഇയാളിലുമുണ്ട്‌. നാട്ടുഭാഷയുടെ നന്‍മയെ ആവാഹിച്ചുകൊണ്ട്‌ ഇയാള്‍ വാക്കിന്റെ ശക്തിയെ ഉണര്‍ത്തിയെടുക്കുന്നു.

തോര്‍ച്ച മാസികയില്‍ പ്രസിദ്ധീകരിച്ചത്

Thursday, August 19, 2010

നിങ്ങളുടെ സ്വപ്നങ്ങള്‍ വ്യവസ്ഥയുടെ സ്വപ്നങ്ങളാണ്‌!

“The historians and archeologists will one day discover that the advertisements of our time are the richest and most faithful daily reflections that any society ever made of its entire range of activities.”
- “Understanding media”: Marshall McLuhan


പരസ്യങ്ങള്‍ എന്താണു ചെയ്യുന്നത്‌? തങ്ങളുടെ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഒഴിവാക്കാനാവാത്തവയാണെന്നു്‌ ഉപഭോക്താവിനെ ബോദ്ധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തെയാണ്‌ അവ ഒന്നാമതായി കാണുന്നതെന്നു്‌ തീര്‍ച്ച! എന്നാല്‍, ഉല്‍പന്നങ്ങളിലേക്ക്‌ ഉപഭോക്താവിനെ ക്ഷണിക്കുന്ന ഒരു മാസ്മരികലോകം സൃഷ്ടിക്കുക മാത്രമാണോ അതു ചെയ്യുന്നത്‌. വ്യവസ്ഥയുടെ മൂല്യങ്ങളെ പുനരുല്‍പാദിപ്പിച്ചുകൊണ്ടാണ്‌, ഉല്‍പന്നത്തിന്റെ വിപണിയേയും ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കളുടെ അസ്തിത്വത്തിന്റെ തുടര്‍ച്ചയേയും അത്‌ ഉറപ്പു വരുത്തുന്നത്‌. പരസ്യങ്ങള്‍ സ്ഥിതവ്യവസ്ഥയുടെ കാവല്‍ക്കാരായി പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ചില പരസ്യങ്ങളെ ചൂണ്ടി ഈ ആശയത്തെ പരിശോധിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ പുതിയ പരസ്യങ്ങള്‍ ശ്രദ്ധിക്കുക. വിദേശസ്വകാര്യബാങ്കുകളുടെ കടന്നുകയറ്റത്തില്‍ സ്വയം അടി തെറ്റാതിരിക്കാന്‍ പൊതുമേഖലയിലെ ഈ ബാങ്ക്‌ ചില പുതിയ മാനകങ്ങളെ സ്വീകരിക്കുകയാണ്‌. ബാങ്കിന്റെ ലോഗോ പുതുക്കിയിരിക്കുന്നു. ബോണ്ടുകളിലൂടെ ആയിരം കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തികത്ത്‌ പുതിയ 500 ബ്രാഞ്ചുകള്‍ തുറക്കുന്നു. പൊതുജനസമ്പര്‍ക്ക പരിപാടികള്‍ മെച്ചപ്പെടുത്തുതിന്‌ Ogilvy PR എന്ന കമ്പനിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നു. ആദ്യമായിട്ടാണ്‌ പബ്ളിക്‌ റിലേഷന്‍സ്‌ മെച്ചപ്പെടുത്തുതിനു വേണ്ടി ബാങ്ക്‌ ഒരു ബാഹ്യഏജന്‍സിയെ സമീപിക്കുന്നത്‌. 75കോടി രൂപയിലേറെ ചെലവു ചെയ്യുന്ന പരസ്യങ്ങള്‍ ഈ വര്‍ഷം മാധ്യമങ്ങളിലൂടെ പ്രക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്‌.


യൂണിയന്‍ ബാങ്കിന്റെ ഈ പരസ്യങ്ങള്‍ കുടുംബബന്ധങ്ങളിലെ പവിത്രതയേയും നന്‍മയേയും പരിശുദ്ധിയേയും കുറിച്ചുള്ള സങ്കല്‍പനങ്ങളെ അടിസ്ഥാനമാക്കുന്നവയാണ്‌. പിതൃസ്നേഹവും വാത്സല്യവുമാണ്‌ രണ്ടു പരസ്യങ്ങളില്‍ ഫോക്കസ്‌ ചെയ്യുന്നത്‌. മറ്റൊന്നില്‍ മകളോടുള്ള മാതൃസ്നേഹവും ഇനിയുമൊന്നില്‍ ഒരു ചെറിയകുട്ടിക്ക്‌ സഹോദരനോടുള്ള സ്നേഹവും വിഷയമാകുന്നു. ഭര്‍ത്താവിന്റെ സ്വപ്നങ്ങളെ ഒരിക്കലും മറക്കാതെ, അതിന്നായി പ്രവര്‍ത്തിക്കുന്ന ഭാര്യയെ ചിത്രണം ചെയ്യുന്ന ഒരു പരസ്യവും അവസാനമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഉറ്റവരുടെ സ്വപ്നങ്ങളെ തങ്ങളുടെ മനസ്സുകൊണ്ടറിഞ്ഞു പെരുമാറുന്നവരെ പോലെയാണ്‌ യൂണിയന്‍ ബാങ്കെന്നു്‌ നമ്മെ ബോദ്ധ്യപ്പെടുത്താനാണ്‌ ഈ പരസ്യങ്ങള്‍ ശ്രമിക്കുന്നത്‌. ബാങ്കിന്റെ വിശ്വസ്തതയെ കുറിച്ചു പറയാന്‍ പിതൃ, മാതൃ, സഹോദരീഭാവങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഈ പരസ്യങ്ങള്‍ നിറവേറ്റുന്നത്‌ അവയുടെ ഈ ആദ്യലക്ഷ്യങ്ങളെ മാത്രമല്ല. സ്ഥിതകുടുംബവ്യവസ്ഥയുടെയും സാമൂഹികവ്യവസ്ഥയുടെ തന്നെയും മൂല്യങ്ങളെ അവ ഉറപ്പിക്കുകയും പുനരുല്‍പാദിപ്പിക്കുകയും ചെയ്യുന്നു.


അച്ചനും മകനും പ്രത്യക്ഷപ്പെടുന്ന പരസ്യത്തിലെ വാക്യങ്ങള്‍ ഇങ്ങനെയാണ്‌.
ലോകത്ത്‌ ഏറ്റവും തിരക്കുള്ള ആളായിരുന്നു അദ്ദേഹം
എന്നിട്ടും അദ്ദേഹം എങ്ങനെയെങ്കിലും സമയമുണ്ടാക്കി,
നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ ആനുവല്‍ ഡേയ്ക്ക്‌,
നിങ്ങളുടെ പിറാളിന്‌, ഗ്രാജുവേഷന്‌.
"അച്ഛന്‍ എന്നെ എന്റെ പാട്ടിനു വിടൂ" എന്നു നിങ്ങള്‍ അലറി വിളിച്ചപ്പോള്‍ പോലുംഅദ്ദേഹം ഉണ്ടായിരുന്നു.
കാണാമറയത്ത്‌.
നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ അദ്ദേഹം ഉപേക്ഷ കാണിച്ചില്ല.
സ്വന്തം ചില സ്വപ്നങ്ങള്‍ അതിനു വേണ്ടി ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും.


സ്വന്തം സ്വപ്നം ഉപേക്ഷിച്ചും മകന്റെ സ്വപ്നം സഫലമാക്കാനുള്ള അച്ഛന്റെ പ്രയത്നവും മകനോടുള്ള സ്നേഹവും അവനെ കുറിച്ചുള്ള ആകുലതകളും ഇതില്‍ പ്രമേയമാക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു പരസ്യത്തിലും മകനെ കുറിച്ച്‌ ഉല്‍ക്കണ്ഠാകുലനാകുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്ന അച്ഛന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതിരാവിലെ മൂന്നരമണിക്ക്‌ യാത്രക്കു പുറപ്പെടുന്ന മകനെ വിമാനത്താവളത്തിലെത്തിക്കാന്‍ ടാക്സിയുമായി എത്തിച്ചേരുന്ന അച്ഛനെയാണ്‌ ഈ പരസ്യത്തില്‍ നാം കാണുന്നത്‌. അച്ഛന്റെ ആകുലതകളില്‍ നിമഗ്നമായിരിക്കുന്നത്‌ മകന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള വിചാരങ്ങള്‍ മാത്രമല്ല, വ്യവസ്ഥയുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ കൂടി അതിന്നുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടുംബവ്യവസ്ഥയുടെ കേന്ദ്രമായ അച്ഛന്‍ എല്ലാ കേന്ദ്ര(centre)ങ്ങളേയും സൂചിപ്പിക്കാന്‍ കഴിവുള്ള ചിഹ്നമാണ്‌. അത്‌ യൂണിയന്‍ ബാങ്ക്‌ എന്ന ധനകാര്യസ്ഥാപനത്തോടൊപ്പം സാമൂഹികവ്യവസ്ഥയുടെ നിര്‍ണ്ണായകകേന്ദ്രങ്ങളേയും സൂചിപ്പിക്കുന്നു. യൂണിയന്‍ ബാങ്ക്‌ അതിന്റെ താല്‍പര്യങ്ങളെ വിഗണിച്ചു കൊണ്ടുപോലും ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന സവിശേഷപാഠത്തോടൊപ്പം സ്ഥിതവ്യവസ്ഥയുടെ കേന്ദ്രസ്ഥാനങ്ങള്‍ക്ക്‌ നിങ്ങളുടെ ജീവിതം മഹത്ത്വമാര്‍ജ്ജിക്കുതില്‍ താല്‍പര്യമുണ്ടെന്ന്, അത്‌ സ്വന്തം താല്‍പര്യങ്ങളെ ഒഴിവാക്കിക്കൊണ്ടു പോലും അതിന്നായി അക്ഷീണം പ്രവര്‍ത്തിക്കുന്നുവെന്ന സാമാന്യപാഠം ഈ പരസ്യം നല്‍കുന്നു.


തന്നോടുളള മകളുടെ ഉപേക്ഷകളില്‍ വേവലാതിപ്പെടാതിരിക്കുകയും മകള്‍ കരയുമ്പോള്‍ കൂടെ കരയുകയും അവള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അമ്മയെ മറ്റൊരു പരസ്യത്തില്‍ നാം കാണുന്നു. മകളെ കുറിച്ചുള്ള അമ്മയുടെ ഉല്‍ക്കണ്ഠകള്‍ സ്ത്രീയെ കുറിച്ചുളള വ്യവസ്ഥയുടെ ഉല്‍ക്കണ്ഠകള്‍ കൂടിയാണ്‌. അമ്മ കാവലാളാകുന്നത്‌ മകള്‍ക്കു മാത്രമല്ല, സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കു കൂടിയാണ്‌. സ്വര്‍ണ്ണപ്പല്ലുകള്‍ കായ്ക്കു മരം വളര്‍ത്താനായി പല്ലുകള്‍ മണ്ണില്‍ കുഴിച്ചിട്ട് മുളപ്പിക്കാന്‍ ശ്രമിക്കുന്ന ചെറിയ പെണ്‍കുട്ടി താനുണ്ടാക്കുന്ന സ്വര്‍ണ്ണം കൊണ്ട്‌ നിറവേറിക്കാണാന്‍ ആഗ്രഹിക്കുന്നത്‌ പുതിയ കാറു വാങ്ങണമെന്ന കനിഷ്ഠസഹോദരന്റെ ആഗ്രഹം മാത്രമല്ല, ഉപഭോഗവ്യവസ്ഥയുടെ താല്‍പര്യങ്ങള്‍ കൂടിയാണ്‌. തന്റെ വ്യാകുലതകളൊന്നും ഭര്‍ത്താവിനെ അറിയിക്കാതെ എല്ലാം സ്വയം അറിയുകയും ചെയ്തു തീര്‍ക്കുകയും ചെയ്യുന്ന പരസ്യത്തിലെ ഭാര്യ പ്രകടിപ്പിക്കുന്നത്‌ അവളുടെ കലവറയില്ലാത്ത സ്നേഹം മാത്രമല്ല, പുരുഷാധിപത്യമൂല്യങ്ങളോടുള്ള വിധേയത്വം കൂടിയാണ്‌. സദ്ഗുണങ്ങളുടെ വിളനിലമായി കുടുംബത്തെ അവതരിപ്പിക്കുന്ന ഈ പരസ്യങ്ങള്‍ കുടുംബവ്യവസ്ഥക്കുള്ള സ്തുതികളാണ്‌. എന്നാല്‍, കുടുംബവ്യവസ്ഥയെ അധികാരരൂപം എത്രമേല്‍ കുടിലമായ ധര്‍മ്മങ്ങളെയാണ്‌ നിറവേറ്റിക്കൊണ്ടിരിക്കുതെന്ന പ്രശ്നീകരണങ്ങള്‍ക്ക്‌ കൂടുതല്‍ തെളിമ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ്‌ ഈ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. സവിശേഷശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണിത്‌. സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങളുടെ പുനരുല്‍പാദനത്തിനും സുസ്ഥാപനത്തിനും ഈ പരസ്യങ്ങള്‍ എത്രമാത്രം ഉത്സുകമാകുന്നുവെന്ന വിചാരത്തിലേക്ക്‌ നയിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നതാണ്‌. ഒരു പക്ഷേ, യൂണിയന്‍ബാങ്കിന്റെ പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജസ്വലത നല്‍കുതിനേക്കാളുപരിയായി കുടുംബവ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കുതിന്നായിരിക്കും ഈ പരസ്യങ്ങള്‍ പ്രയോജനപ്പെടുന്നത്‌. ഒരു ബ്ലോഗില്‍ ഈ പരസ്യങ്ങളെ കുറിച്ച്‌ പ്രത്യക്ഷപ്പെട്ട അഭിപ്രായം ശ്രദ്ധേയമാണ്‌. (സുവോളജിയില്‍ ബിരുദധാരിയായ ബ്ലോഗുകാരന്‍ പരസ്യകലയില്‍ ഒരു വിദ്യാര്‍ത്ഥിയാണെന്നു സ്വയം പരിചയപ്പെടുത്തുന്നു. ഇദ്ദേഹം ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍ ഏജന്‍സിയുടെ വൈസ്‌ പ്രസിഡന്റുമാണ്‌.) യൂണിയന്‍ ബാങ്കിനെ കുറിച്ച്‌ ധനാത്മകമായ വികാരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പരസ്യത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഈ ബ്ലോഗര്‍ പറയുന്നു. സമൂഹത്തിന്റെ ഏതു തുറയില്‍ നിന്നു വരുവരാണെന്ന കാര്യം പരിഗണിക്കാതെ തന്നെ, പരസ്യത്തില്‍ കാണുന്നതു പോലെ എല്ലാ രക്ഷകര്‍ത്താക്കളും ഒരേ പോലെയാണ്‌ പെരുമാറുന്നതെന്ന ഒരു സാമാന്യപാഠം കൂടി ബ്ലോഗര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. സൂക്ഷ്മാര്‍ത്ഥത്തില്‍ കുടുംബവ്യവസ്ഥക്കു നല്‍കുന്ന വലിയ ഒരു പ്രശംസയാണിത്‌. തന്റെ ബാങ്ക്‌ മാറി യൂണിയന്‍ ബാങ്കിനെ സ്വീകരിക്കാന്‍ ഈ പരസ്യം പ്രേരിപ്പിച്ചില്ലെങ്കിലും താന്‍ ഈ പരസ്യം ഇഷ്ടപ്പെടുന്നുവെന്ന് ബ്ലോഗുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിപ്പിക്കുതിനേക്കാളുപരിയായി വ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കുതിലൂടെയാണ്‌ ഈ പരസ്യം കൂടുതല്‍ ആകര്‍ഷകമാകുതെന്ന് ബ്ലോഗറുടെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്‌.


സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അഭിവൃദ്ധിയില്‍ അസൂയയോടെ നോക്കുന്ന മകനേയും അവന്റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ ലിഫ്ട് ടെക്നോളജി പഠിക്കാന്‍ പറയുന്ന പിതാവിനെയും കാണിക്കുന്ന ചകഎഋയുടെ പരസ്യം നമ്മുടെ മദ്ധ്യവര്‍ഗ്ഗകുടുംബങ്ങളുടെ മനസ്സറിഞ്ഞു തയ്യാര്‍ ചെയ്യപ്പെട്ടതാണ്‌. വിദ്യാര്‍ത്ഥിക്ക്‌ വിദ്യയോടും അറിവിനോടും ഉണ്ടാകേണ്ട സ്വാഭാവികതാല്‍പര്യങ്ങളെയല്ല തന്റെ വാക്കുകളിലൂടെ പിതാവ്‌ ഉദ്ദീപിക്കുന്നത്‌, മറിച്ച്‌, പണത്തേയും സമ്പന്നതയേയും എല്ലാറ്റിലും ഉപരിയായി കാണുന്ന വ്യവസ്ഥയുടെ മനോഭാവത്തേയാണ്‌. വ്യവസ്ഥയുടെ മൂല്യങ്ങളില്‍ പങ്കു ചേരാനോ അതിന്റെ ഭാഗമായി തീരാനോ ക്ഷണിക്കാത്ത പരസ്യങ്ങളില്ലെന്നു തന്നെ പറയണം. വ്യവസ്ഥയെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ്‌ ഉല്‍പന്നങ്ങളുടെ വിപണനം ഈ പരസ്യങ്ങള്‍ ഉറപ്പുവരുത്തുത്‌.യഥാര്‍ത്ഥത്തില്‍, കേരളത്തിന്റെ ബുദ്ധിജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നുവെന്ന് പരോക്ഷമായി അവകാശപ്പെടുകയും കൂടൂതല്‍ പ്രചാരത്തെ ലക്ഷ്യം വയ്ക്കുകയും ചെയ്തുകൊണ്ട്‌ പ്രത്യക്ഷപ്പെട്ട മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം പോലും ഈ പ്രവണതയില്‍ നിന്നും മാറിനില്‍ക്കന്നില്ല. സാമൂഹികവും സാംസ്ക്കാരികവുമായ പ്രശ്നങ്ങളെ ഗൌരവത്തോടെ നോക്കിക്കാണുന്നവരെയാണ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ അഭിസംബോധന ചെയ്യുതെന്ന് പരസ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ജീവിതത്തെ 'അടിച്ചുപൊളി'യായി കാണുന്ന, ഗൌരവങ്ങളേതുമില്ലാത്ത ഒരാളുടെ പ്രതികരണത്തിന്റെ ഋണാത്മകസ്വാധീനം ഉപയോഗപ്പെടുത്താനാണ്‌ ഈ പരസ്യം ശ്രമിക്കുന്നത്‌. തന്റെ കൈയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ പിടിച്ചിട്ടുളള ഒരാളെ ഈ അടിച്ചുപൊളിക്കാരന്‍ വലിയ ബുദ്ധിജീവിയായി നടിക്കുന്നവനെന്ന് ആക്ഷേപിക്കുന്നു. ഇതോടൊപ്പം അടുത്ത ദിവസത്തെ ഹര്‍ത്താല്‍ ദിവസം താന്‍ അടിച്ചുപൊളിക്കാന്‍ പോകുകയാണെന്നു പറയുകയും 'ബുദ്ധിജീവി'യോട്‌ ബന്ദിനെതിരെ പറഞ്ഞു നടന്നോളാന്‍ പരിഹസിക്കുകയും ചെയ്യുന്നു. കാര്യങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവരെയാണ്‌ ആഴ്ചപ്പതിപ്പ്‌ അഭിസംബോധന ചെയ്യുന്നതെന്നു നേരിട്ടു പറയുതിലുപരിയായി കാര്യങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ ഹര്‍ത്താലിനെയും ബന്ദിനെയും കേവലമായി എതിര്‍ക്കുന്നവരാണെന്നു കൂടി പരസ്യം പറഞ്ഞുവയ്ക്കുന്നുണ്ട്‌. ഈ പരസ്യത്തില്‍ ബന്ദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ടു തന്നെ ആഴ്ചപ്പതിപ്പിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമായിരുന്നു. ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഗൌരവബുദ്ധികളാണെങ്കില്‍ അവര്‍ ഏതെങ്കിലും ഒരു ജനകീയസമരരൂപത്തെ കേവലമായി എതിര്‍ക്കുമെന്നു കരുതുക വയ്യ! എതിര്‍ക്കപ്പെടേണ്ടത്‌ ആ സമരരൂപമല്ല. സാമൂഹികമോ രാഷ്ട്രീയമോ ആയ മാനങ്ങളുളള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താതെ തങ്ങളുടെ സംഘടനയില്‍ പെട്ടവര്‍ സംഘട്ടനത്തില്‍ മരിച്ചതിന്റെ പേരിലും അതിനു പകരം ചെയ്യാന്‍ വേണ്ടിയും തങ്ങളുടെ പിഴവുകള്‍ മൂടിവയ്ക്കാന്‍ വേണ്ടിയും കപടമായ ആദര്‍ശപ്രഖ്യാപനങ്ങളുടെ പേരിലും മറ്റും ആണ്ടില്‍ പകുതിയിലേറെ ദിവസവും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ്‌ എതിര്‍ക്കേണ്ടത്‌. ആ സമരരൂപത്തിന്റെ ദുരുപയോഗത്തെയാണ്‌ എതിര്‍ക്കേണ്ടത്‌. നമ്മുടെ രാജ്യത്തെ വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത്‌ വിരളമാണെന്നു കാണാം. ഒരു നല്ല സമരരൂപത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട്‌ അതിനെ വ്യവസ്ഥാപിതമാക്കുകയാണ്‌ ബി.ജെ.പിയും സി.പി.ഐ (എം)യും മറ്റും ചെയ്യുന്നത്‌. (ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതില്‍ പഞ്ഞം കാണിക്കാത്തവരും വിപ്ളവകാരികള്‍ എന്നു സ്വയം പ്രഖ്യാപിക്കുന്നവരുമായ വ്യവസ്ഥാപിത ഇടതുപക്ഷം ഗാട്ടുകരാര്‍ ഒപ്പിട്ട സന്ദര്‍ഭത്തിലോ ലോക വാണിജ്യസംഘടന രൂപീകരിക്കപ്പെട്ട സന്ദര്‍ഭത്തിലോ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുകയുണ്ടായില്ലെന്ന് ഓര്‍ക്കുക.) ഹര്‍ത്താലുകളും ബന്ദുകളും മഹാത്മാഗാന്ധിയുടെ നിയമലംഘനപ്രസ്ഥാനത്തോടൊപ്പവും മറ്റും ഉയര്‍ന്നു വന്ന ഫലപ്രദമായ സമരരൂപങ്ങളായിരുന്നു ഈ സമരരൂപത്തെ കേവലമായി നിഷേധിക്കുന്ന സമീപനം ഇതിനെ ദുരുപയോഗപ്പെടുത്തി വ്യവസ്ഥാപിതമാക്കുന്ന സമീപനം പോലെ തന്നെ വ്യവസ്ഥയുടെ പ്രീണനമാണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം വ്യവസ്ഥയുടെ പ്രീണനമെന്ന ധര്‍മ്മവും കൂടി നിര്‍വ്വഹിക്കുന്നുണ്ട്‌. ഹര്‍ത്താലുകളെ ഉത്സവാഘോഷമാക്കി മാറ്റുന്ന മലയാളിയുടെ മന:ശാസ്ത്രത്തെ വിമര്‍ശിക്കുന്നുവെന്നു നടിച്ചു കൊണ്ട്‌, ഈ പരസ്യം ജനങ്ങള്‍ക്ക്‌ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ജനകീയസമരരൂപത്തെ നിഷേധിക്കുന്നു. മലയാളസാഹിത്യരംഗത്ത്‌ ആധുനികതാവാദം സൃഷ്ടിച്ച ജനപ്രിയസാഹിത്യം/ബുദ്ധിജീവിസാഹിത്യം എന്ന വിഭജനത്തെ പുതിയരൂപത്തില്‍ ഏറ്റെടുക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം മലയാളികളെ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വായിക്കുന്നവരും വായിക്കാത്തവരും എന്നു വിഭജിക്കുന്നു. വരേണ്യസങ്കല്‍പനങ്ങളാണ്‌ ഈ വിഭജനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ പരസ്യം വരേണ്യവാദത്തെ പ്രകാശിപ്പിക്കുന്നുവെന്നു കൂടി പറയാവുന്ന സന്ദര്‍ഭമാണിത്‌.


ഒരു വര്‍ഗസമൂഹത്തില്‍ ഉല്‍പാദിപ്പിക്കപ്പെടു ആശയങ്ങളില്‍ അധീശവര്‍ഗത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ടാകാം. ഒരു വര്‍ഗസമൂഹത്തിന്റെ നിര്‍ണ്ണായകമായ ചലനങ്ങളെ നയിക്കുന്നത്‌ അധീശത്വത്തിന്റെ മൂല്യങ്ങളാണ്‌. (ഇതിനു വിരുദ്ധമായ മൂല്യങ്ങളെ കുറിച്ചു ചിന്തിക്കാന്‍ വൈരുദ്ധ്യാത്മകത നമ്മെ പ്രേരിപ്പിക്കുന്നുണ്ട്‌ തീര്‍ച്ച!) ഒരു വര്‍ഗസമൂഹത്തില്‍ ജീവിച്ചിരിക്കുവന്റെ അബോധം അധീശമൂല്യങ്ങളുടെ വലയ്ക്കുള്ളിലാണ്‌. അതുകൊണ്ട്‌ നമ്മുടെ ലോകത്ത്‌ പ്രത്യക്ഷപ്പെടു പരസ്യങ്ങള്‍ സംസാരിക്കുന്നത്‌ നമ്മളെ കുറിച്ചു തന്നെയൊണ്‌. നമ്മുടെ മനസ്സാണ്‌, നാം തന്നെയാണ്‌ ഈ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങളുടേതു മാത്രമല്ല, വ്യവസ്ഥയുടെ സ്വപ്നങ്ങള്‍ കൂടിയാണ്‌. നമ്മുടെ കാലഘട്ടത്തിലെ പരസ്യങ്ങളാണ്‌ ഒരു സമൂഹം സൃഷ്ടിച്ച ഏറ്റവും വിശ്വസ്തവും സമ്പന്നവുമായ സ്വയംപ്രതിഫലനങ്ങളെന്ന് ചരിത്രകാരന്‍മാരും പുരാവസ്തുഗവേഷകരും ഒരിക്കല്‍ കണ്ടെത്തുമെന്ന മാര്‍ഷല്‍ മക്ളൂഹന്റെ വാക്കുകള്‍ സാര്‍ത്ഥകമാണ്‌.


അന്വേഷണം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം

Saturday, August 14, 2010

നവസാമൂഹികപ്രസ്ഥാനങ്ങളും ഉത്തരാധുനികതയുടെ ദര്‍ശനവും

ടി.ടി.ശ്രീകുമാറിന്റെ 'ഉത്തരാധുനികതയ്ക്കപ്പുറം' എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍, ഉത്തരാധുനികതയുടെ ദാര്‍ശനികപദ്ധതിയെ കേരളത്തില്‍ ആദ്യമായി എതിര്‍ത്തത്‌ താനാണെന്ന പ്രതീതി ജനിപ്പിക്കുന്ന ചില വാക്യങ്ങള്‍ കാണാവുന്നതാണ്‌. ഉത്തരാധുനികതയുടെ ദര്‍ശനത്തെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങള്‍ ആ പുസ്തകത്തില്‍ നമുക്കു കണ്ടെത്തുകയും ചെയ്യാം. ഉത്തരാധുനികതയുടെ വിമര്‍ശകന്‍ എന്ന നിലയ്ക്കാണ്‌ ടി.ടി. ശ്രീകുമാര്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. എന്നാല്‍, ഈയിടെ എന്‍.ജി.ഒകളെ കുറിച്ച്‌ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ വളരെ അത്ഭുതം ജനിപ്പിക്കുന്ന ചില നിരീക്ഷണങ്ങള്‍ ടി.ടി.ശ്രീകുമാര്‍ മുന്നോട്ടുവയ്ക്കുന്നു. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്ക്‌ ഉത്തരാധുനികതയുടെ രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ്‌ ഉത്തരാധുനികതയുടെ വിമര്‍ശകന്‍ ഈ പുതിയ ലേഖനത്തില്‍ പറയുന്നത്‌. ഉത്തരാധുനികതയുടെ ആചാര്യന്‍മാരുടെ ഉദ്ധരണികള്‍ കേരളത്തിലെ നവ മാര്‍ക്സിസ്റ്റുകളുടെ ലേഖനങ്ങളിലാണ്‌ പ്രത്യക്ഷപ്പെടുന്നതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു.

ഉത്തരാധുനികതയുടെ പ്രധാന വക്താക്കളെല്ലാം തന്നെ പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തിന്‌ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്‌. ഉത്തരാധുനികതയുടെ വിമര്‍ശകരാകെട്ടെ, ഈ പ്രവണതയെ കാണുകയും പ്രതികരിക്കുകയും ചെയ്തിരിക്കുന്നു. ഉത്തരാധുനികതയുടെ മിഥ്യാബോധങ്ങള്‍ക്കെതിരെ പുസ്തകമെഴുതിയ ടെറി ഈഗിള്‍ട്ടണ്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ രാഷ്ട്രീയത്തെ സിദ്ധാന്തത്തിന്റെ തലത്തിലെങ്കിലും മുന്‍നിരയിലേക്കു കൊണ്ടുവരുന്നതില്‍ ഉത്തരാധുനികത വഹിച്ച പങ്കിനെ ശ്ലാഘിക്കുന്നുണ്ട്‌. ഇത്‌ രാഷ്ട്രീയമായി ഉത്തരാധുനികത പ്രകടിപ്പിക്കുന്ന നല്ല പ്രവണതകളിലൊന്നാണെന്ന് അതിനെതിരെ ചൊരിയുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയില്‍ ഈഗിള്‍ട്ടണ്‍ പറയുന്നു. എന്നാല്‍, പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തിന്‌ ഇടം അനുവദിക്കുമ്പോള്‍ പോലും സമകാലലോകത്ത്‌ അതു നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥദൌത്യം എന്താണെന്ന അന്വേഷണങ്ങളുടെ പ്രസക്തിയില്‍ അദ്ദേഹം ഊന്നുന്നു. ബൃഹദാഖ്യാനങ്ങളുടെ നിരാകരണം ഉത്തരാധുനികത പ്രകടിപ്പിക്കുന്ന പ്രമുഖ പ്രവണതയാണ്‌. ബൃഹദാഖ്യാനമെന്നു കാണുന്ന മാര്‍ക്സിസത്തിന്റെ വര്‍ഗരാഷ്ട്രീയത്തിനും നിലനില്‍ക്കുന്ന ഇടതുപക്ഷരാഷ്ട്രീയത്തിനും എതിരെ സൂക്ഷ്മരാഷ്ട്രീയത്തെ ഉത്തരാധുനികത പ്രതിഷ്ഠിക്കുന്നു. സ്ത്രീയുടേയും ദലിതരുടേയും കറുത്തവരുടേയും രാഷ്ട്രീയങ്ങള്‍ക്ക്‌ ഉത്തരാധുനികത നല്‍കുന്ന ഈ വ്യാഖ്യാനം തന്നെയാണ്‌ നവസാമൂഹികപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ഉത്തരാധുനികര്‍ സൂക്ഷ്മാഖ്യാനങ്ങളെന്നോ മൈക്രോപൊളിറ്റിക്സെന്നോ വിളിക്കുന്നത്‌ പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രിയത്തെ കൂടിയാണ്‌. ഇത്‌ ടി. ടി. ശ്രീകുമാര്‍ക്ക്‌ മനസ്സിലാകുന്നില്ലെന്ന് കരുതുക വിഷമകരമാണ്‌. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന ടി.ടി.ശ്രീകുമാര്‍ ഉത്തരാധുനികതയുടെ വാദങ്ങളെ തന്നെയൊണ്‌ അവരിപ്പിക്കുന്നത്‌. നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്നതിന്‌ നിലനില്‍ക്കുന്ന രാഷ്ട്രീയമണ്ഡലത്തിനു കഴിയുമോയെന്ന് ഉത്തരാധുനികതയുടെ ബുദ്ധിജീവികളെയെന്ന പോലെ ശ്രീകുമാറും സംശയാകുലനാണ്‌. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ആശയപ്രരൂപം (paradigm) അപ്രസക്തമായിരിക്കുന്നുവെന്ന സമീപനം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്‌. വിമോചനസമരത്തിനും മിച്ചഭൂമിസമരത്തിനും ശേഷം കേരളത്തില്‍ രാഷ്ട്രീയസമരങ്ങള്‍ നടന്നിട്ടില്ലെന്നും ഇപ്പോള്‍ സമരങ്ങള്‍ ഏറ്റെടുക്കുന്നത്‌ വര്‍ഗരാഷ്ട്രീയപ്രസ്ഥാനങ്ങളല്ലെന്നും സിദ്ധാന്തീകരിച്ചിട്ടുള്ള ടി.ടി. ശ്രീകുമാര്‍, കേരളത്തില്‍ നക്സലൈറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ഉന്‍മൂലനസമരങ്ങളും എഴുപതുകളിലെ സാംസ്ക്കാരികസമരങ്ങളും അക്കാലത്തെ കേരളസമൂഹമനസ്സിന്റെ അബോധത്തെ സ്വാധീനിച്ചിരുന്നുവെന്ന കാര്യം വിസ്മരിക്കുന്നു. ഇപ്പോള്‍, നവസാമൂഹികപ്രസ്ഥാനങ്ങളെ എന്‍.ജി.ഒകളുമായി ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ സി.പി.ഐ.(എം.എല്‍)പ്രസ്ഥാനത്തെ അദ്ദേഹം വിഭാഗീയപ്രസ്ഥാനമായി കാണുന്നു. അതിന്റെ രാഷ്ട്രീയസമീപനങ്ങളെ സി.പി.ഐ(എം) ന്റെ ഭരണവര്‍ഗസമീപനങ്ങളോട്‌ ചേര്‍ത്തുവയ്ക്കുന്നു. ഇത്‌ ശരിയായ സമീപനമാണോ? 'സ്വന്തം ഇന്ദ്രിയങ്ങളുടെ കര്‍മ്മശേഷിയില്‍ വിശ്വസിച്ചു'കൊണ്ട്‌ നമുക്ക്‌ ഈ പ്രശ്നത്തെ വിശകലനം ചെയ്യാം. ഇതിനുമുന്നേ ഒരു കാര്യം പറയട്ടെ. നവസാമൂഹികപ്രസ്ഥാനങ്ങളെന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്‍.ജി.ഒ സംഘടനകളാണെന്ന കാര്യം ശ്രീകുമാറിന്റെ ശ്രദ്ധയില്‍ വരുന്നില്ല. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള വാക്കുകള്‍ എന്‍.ജി.ഒകള്‍ക്കു വേണ്ടിയുള്ളതായി മാറുന്നുമുണ്ട്‌. പ്ളാച്ചിമടയില്‍ നട(ക്കു)ന്ന കോക്കോകോള വിരുദ്ധസമരം നവ സാമൂഹികപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമരമായിട്ടാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. എന്നാല്‍, കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ സമരവുമായി സഹകരിച്ചിട്ടുണ്ടെന്നതാണ്‌ സ്ഥിതി. വലതുപക്ഷമുന്നണിയുടെ ഭരണകാലത്ത്‌ ഇടതുപക്ഷമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കള്‍ സമരപന്തലിലെ നിത്യസന്ദര്‍ശകരായിരുന്നു. ഇപ്പോള്‍ ഇടതുപക്ഷമുന്നണിയുടെ ഭരണകാലത്ത്‌ വലതുപക്ഷമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ ആശിര്‍വ്വാദങ്ങള്‍ ചൊരിയുന്നു. സമരത്തിന്റെ നേതൃത്വം ഈ അവസരവാദക്കളിയില്‍ പങ്കുചേരുന്നുവെതാണ്‌ സത്യം. എന്നാല്‍, സി.പി.ഐ (എം.എല്‍) പ്രസ്ഥാനം സമരത്തിന്റെ തുടക്കം മുതല്‍ അതിന്‌ നൈതികമായ പിന്തുണ നല്‍കുകയും സമരത്തെ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളുമായി കണ്ണിചേര്‍ത്ത്‌ വികസിപ്പിക്കണമെന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. പ്ളാച്ചിമടയിലെ സമരം സംഘര്‍ഷത്തിന്റെ അവസ്ഥയിലെക്കെത്തിയത്‌ സി.പി.ഐ (എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭണത്തിലാണ്‌. സി.പി.ഐ (എം.എല്‍) പ്രസ്ഥാനം സമരത്തിനു പുറത്തു നിന്നു പിന്തുണ നല്‍കുകയും തങ്ങളുടേതായ രീതിയില്‍ പ്രക്ഷോഭത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ തന്നെ സമരത്തിലെ എന്‍.ജി.ഒകളുടെ പങ്കിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കിടയിലെ, സമരസമിതികളിലേയും ഐക്യദാര്‍ഢ്യസമിതികളിലേയും പ്രവര്‍ത്തകര്‍ക്കിടയിലെ, അഭിപ്രായഭിന്നതകളും കൊഴിഞ്ഞുപോക്കും പിരിച്ചുവിടലുകളുമെല്ലാം (ഇവയൊന്നും സംഭവിച്ചിട്ടില്ലെന്നു പറയുമോ?) എന്‍.ജി.ഒകളുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന്റേയും ധനവിനിയോഗത്തിന്റേയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന കാര്യം ആര്‍ക്കാണ്‌ നിഷേധിക്കാന്‍ കഴിയുക?

ചെങ്ങറയിലെ സമരത്തേയും ശ്രീകുമാര്‍ പരാമര്‍ശിക്കുന്നുണ്ട്‌. ചെങ്ങറയിലെ ഭൂസമരത്തിനും സി.പി.ഐ (എം.എല്‍) പ്രസ്ഥാനം തുടക്കം മുതല്‍ നൈതികമായ പിന്തുണ നല്‍കിയിരുന്നു. സി.പി.ഐ (എം.എല്‍) പ്രസിദ്ധീകരണങ്ങള്‍ ഇതിനു തെളിവു നല്‍കകുന്നുണ്ട്‌. വ്യവസ്ഥാപിത ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ ഭൂപരിഷ്ക്കരണം ഭാഗികമായിരുന്നുവെന്നും മായം ചേര്‍ത്തു നടപ്പിലാക്കപ്പെട്ട 1957ലെ ഭൂപരിഷ്ക്കരണനിയമം അടിസ്ഥാനവര്‍ഗ്ഗതാല്‍പര്യങ്ങളെ കൈയ്യൊഴിയുന്നതും വിമോചനസമരാനന്തരം കേരളത്തില്‍ ശക്തിപ്രാപിച്ച മദ്ധ്യവര്‍ഗ്ഗതൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതുമായിരുന്നുവെന്നും സി.പി.ഐ (എം.എല്‍) പ്രസ്ഥാനം പുറത്തിറക്കിയ കാര്‍ഷികരേഖ പറയുന്നു. കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്ന ദളിതരായ അടിയാളര്‍ക്ക്‌ ഈ പരിഷ്ക്കരണം കൃഷിഭൂമി നിഷേധിക്കുകയും അവരെ ലക്ഷംവീടു കോളനികളിലേക്കും സെറ്റില്‍മെന്റ് കോളനികളിലേക്കും ആട്ടിപ്പായിക്കുകയുമായിരുന്നുവെന്നും നിരീക്ഷിക്കുന്ന ഒരു രേഖ പുറത്തിറക്കിയ പ്രസ്ഥാനത്തെ ഭരണവര്‍ഗനിലപാടുകളുമായി സമീകരിക്കുന്ന ശ്രീകുമാറിന്റെ സമീപനം നീതീകരിക്കാവുന്നതല്ല. ചെങ്ങറയിലെ കര്‍ഷകസമരത്തെ കാണുകയും അതിനെ പുതിയ രാഷ്ട്രീയത്തിന്റെ വഴിയായി വായിച്ചെടുക്കുകയും ചെയ്യു ശ്രീകുമാര്‍, സി.പി.ഐ(എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ മേപ്പാടിയിലും മറ്റു പലയിടങ്ങളിലും നടക്കുന്ന ഭൂമി പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങളെ കാണാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യഥാര്‍ത്ഥത്തില്‍ വിഭാഗീയത പ്രകടിപ്പിക്കുന്നത്‌ സി.പി.ഐ (എം.എല്‍) പ്രസ്ഥാനമാണോ, അതോ, ശ്രീകുമാറിനെ പോലെ നവ സാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയെന്ന രൂപേണ എന്‍.ജി.ഒകള്‍ക്കു വേണ്ടി വാദിക്കുന്ന ബുദ്ധിജീവികളോ? (സി.പി.ഐ (എം.എല്‍) പ്രസ്ഥാനത്തിനു വേണ്ടി വാദിക്കുകയെന്നത്‌ ഈ ലേഖകന്റെ ലക്ഷ്യമല്ല. സി.പി.ഐ (എം. എല്‍) മുന്നോട്ടു വച്ചിട്ടുള്ള നിലപാടിനെ തെറ്റായി അവതരിപ്പിക്കുന്നതായി തോന്നുന്നതിനാലാണ്‌ ഈ വിമര്‍ശനം) എല്ലാ പൊതുപദ്ധതികളിലും പൊതുകരാറുകളിലും സമവായങ്ങളിലും അധികാരത്തിന്റെ പ്രയോഗവും പീഡനവും ഉളളടങ്ങിയിട്ടുണ്ടെന്ന് പറയുന്ന ഉത്തരാധുനികതയുടെ വീക്ഷണം തന്നെയാണ്‌ സാകല്യത്തെ കുറിച്ചുള്ള ഏതൊരു സങ്കല്‍പത്തേയും നിരസിക്കുന്നതിന്‌ ശ്രീകുമാറിനെ പ്രേരിപ്പിക്കുന്നത്‌. ഈ വീക്ഷണം ജനകീയപ്രസ്ഥാനങ്ങളെ സവിശേഷമേഖലകളുടെ അടിസ്ഥാനത്തില്‍ ശകലീകരിക്കുന്നതിനെ മാത്രം ലക്ഷ്യമാക്കുന്നതാണ്‌. പ്രാതിനിധ്യജനാധിപത്യത്തെ ചോദ്യം ചെയ്യാത്ത നവ സാമൂഹികപ്രസ്ഥാനങ്ങളെ കുറിച്ചു പറയുമ്പോള്‍ വ്യവസ്ഥയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സമവായത്തിലെത്തേണ്ടതിനെ കുറിച്ചുള്ള പാഠങ്ങള്‍ കൂടി അതില്‍ ഉള്ളടങ്ങുന്നു. സാമൂഹികവ്യവസ്ഥ എന്ന സങ്കല്‍പനം തന്നെ ശ്രീകുമാറിനെ പോലുള്ളവര്‍ക്ക്‌ അപ്രസക്തമായിരിക്കുന്നു. മാറ്റിത്തീര്‍ക്കേണ്ടതായിട്ടില്ലാത്ത അവസ്ഥയെ കുറിച്ച്‌ ശ്രീകുമാര്‍ പറയുന്നത്‌ അതുകൊണ്ടാണ്‌. സ്ഥിതമായ, കേവലമായ വ്യവസ്ഥകളോടും സങ്കല്‍പനങ്ങളോടുമുളള ആഭിമുഖ്യമാണ്‌ ഇവിടെ തെളിയുന്നത്‌. ജനകീയപ്രതിരോധങ്ങളെ ശകലീകരിക്കുകയും ഒരിക്കലും മാറ്റിത്തീര്‍ക്കേണ്ടതില്ലാത്ത പ്രാതിനിധ്യജനാധിപത്യത്തിന്റെ മഹത്ത്വത്തില്‍ വിശ്വസിച്ച്‌ വ്യവസ്ഥയുമായി സമവായത്തിലെത്തുകയും ചെയ്യുന്ന നവസാമൂഹികപ്രസ്ഥാനങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന എന്‍.ജി.ഒകള്‍ നവഉദാരീകരണത്തിനെതിരാണെന്നും അവ വര്‍ഗരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക്‌ വെല്ലുവിളികളുയര്‍ത്തുവെന്നും മറ്റുമുള്ള നിരീക്ഷണങ്ങള്‍ എത്രമാത്രം നിയാമകവും യുക്തിപരവുമാണ്‌? വ്യവസ്ഥാപിതത്വത്തെ അതിജീവിക്കാന്‍ അനുവദിക്കണമെന്ന് മറ്റു വാക്കുകളില്‍ പറയുകയാണ്‌ ശ്രീകുമാര്‍ ചെയ്യുത്‌. ജനകീയപ്രതിരോധങ്ങളെ സാമൂഹികവ്യവസ്ഥയുമായി ബന്ധിപ്പിക്കാത്ത നവസാമൂഹികപ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ എങ്ങോട്ടാണ്‌ നയിക്കപ്പെടുന്നത്‌? കേരളത്തിലെ സ്മാര്‍ട്സിറ്റി പദ്ധതി ഒരു നല്ല ഉദാഹരണമാണ്‌. നവസാമൂഹികപ്രസ്ഥാനങ്ങള്‍ പ്രത്യേക സാമ്പത്തികമേഖലക്കെതിരാണെന്ന പ്രതീതിയാണ്‌ ജനിപ്പിച്ചു കൊണ്ടിരുന്നത്‌. എന്നാല്‍, നവസാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്‍. നീലകണ്ഠന്‍ ഈ വിഷയത്തിലെഴുതിയ ലേഖനങ്ങള്‍ പരിശോധിക്കുക. സ്മാര്‍ട്ട്സിറ്റി കരാര്‍ ഇന്നത്തെ രൂപത്തില്‍ മാറ്റിയെടുക്കാന്‍ വി.എസ്‌. അച്ചുതാനന്ദന്‍ നടത്തിയ ശ്രമങ്ങളേയും അതു നേരിട്ട എതിര്‍പ്പുകളെ ചെറുത്തുതോല്‍പിച്ചതിന്റേയും ഉത്സാഹപൂര്‍ണ്ണമായ വിവരണമാണ്‌ 'മാധ്യമം' വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തുടക്കത്തില്‍ കാണുന്നത്‌. തുടര്‍ന്ന്, ഇപ്പോഴത്തെ കരാറിന്റെ മാഹാത്മ്യത്തെ അദ്ദേഹം വിശദീകരിക്കുന്നു. "ഈ പദ്ധതി കൊച്ചിയുടേയും കേരളത്തിന്റേയും വികസനത്തിനുള്ള ചവിട്ടുപടിയാണ്‌" എന്ന് അദ്ദേഹം എഴുതുന്നു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ഉപദേശിക്കുന്നു സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രത്യേകസാമ്പത്തികമേഖലയില്‍ വരുമെന്നതിനെ കുറിച്ചോ പ്രത്യേകസാമ്പത്തികമേഖല സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ചോ സി.ആര്‍. നീലകണ്ഠന്റെ ഈ ലേഖനത്തില്‍ നമുക്കു വായിക്കാന്‍ കഴിയില്ല. തന്റെ ഈ നിലപാടിനെ ന്യായീകരിച്ചു കൊണ്ട്‌ മലയാളം വാരികയില്‍ അദ്ദേഹം പിന്നീട്‌ എഴുതുകയുണ്ടായി. 'കുടിയൊഴിക്കപ്പെടുന്നവരെ ജീവിതോപാധികളില്ലാത്തവരായി നിലനിര്‍ത്തുന്നതിലാണ്‌' വര്‍ഗസമരക്കാരുടെ നിലപാടുകളെത്തിച്ചേരുന്നതെന്നു വ്യാഖ്യാനിച്ചു കൊണ്ട്‌ പ്രയോജനവാദപരമായ ഒരു സമീപനത്തിലെത്തിച്ചേരുകയാണ്‌ ഈ ലേഖനത്തില്‍ അദ്ദേഹം ചെയ്തത്‌. നീലകണ്ഠന്റെ ഈ വാദത്തെ വിശകലനം ചെയ്തു കൊണ്ട്‌ ഈ ലേഖകന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഈ പരാമര്‍ശം അവസാനിപ്പിക്കാം. "സൈദ്ധാന്തികവും രാഷ്ട്രീയവുമായ എല്ലാ ധാരണകളേയും അവഗണിക്കാനും ജനതയെ അധീശത്വത്തിനു കീഴ്പ്പെടുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പ്രയോജനവാദമന്ത്രം സമര്‍ത്ഥമായി ഉരുവിടുകയെന്നതാണ്‌. ഈ പ്രയോജനവാദമന്ത്രത്തിന്‌ സാമാന്യജനതക്കു വേണ്ടി വാദിച്ചു കൊണ്ടു തന്നെ അവരെ നിരാധാരരാക്കുവാനും ഭരണവര്‍ഗത്തോടൊപ്പം നിലകൊള്ളാനും കഴിയും. സിദ്ധാന്തനിരാസവും അന്ധമായ പ്രയോഗത്തിനു വേണ്ടിയുള്ള വാദവും സി.ആര്‍. നീലകണ്ഠന്റെ വാക്കുകളില്‍ നിഴലിക്കുന്നു.

"ലോകത്തെ വ്യാഖ്യാനിക്കുകയെന്നതല്ല; അതിനെ മാറ്റിത്തീര്‍ക്കുകയെന്നതാണ്‌ പ്രധാന കാര്യം" എന്ന മാര്‍ക്സിന്റെ വാക്കുകള്‍ തത്ത്വചിന്തയെ ഒഴിവാക്കാനുള്ള കുറുക്കുവഴിയായിരുന്നുവെന്ന ശ്രീകുമാറിന്റെ കണ്ടെത്തലിലൂടെ (ഇങ്ങനെ പറയുന്ന പാശ്ചാത്യചിന്തകരുമുണ്ട്.) മാര്‍ക്സിസ്റ്റു രാഷ്ട്രീയത്തെ അദ്ദേഹം നിരാകരിക്കുന്നു. പ്രായോഗികപ്രവര്‍ത്തനത്തിലൂടെ ചിന്ത അതിന്റെ ഐഹികതയെ തെളിയിക്കണമെന്ന മാര്‍ക്സിന്റെ നിര്‍ദ്ദേശമാണ്‌ നിരാകരിക്കപ്പെടുന്നത്‌. സിദ്ധാന്തം അതിന്റെ അറയ്ക്കുള്ളില്‍ ശരിയും ശുദ്ധവുമായിരുന്നാല്‍ മതിയെന്ന ശുദ്ധതത്ത്വചിന്തക്കു വേണ്ടിയുള്ള ഈ പ്യൂരിറ്റന്‍ വാദം സിദ്ധാന്തവും പ്രയോഗവും തമ്മിലുളള ബന്ധങ്ങളെ നിഷേധിക്കുന്ന ഉത്തരാധുനിക നിലപാടാണ്‌. ടി.ടി. ശ്രീകുമാര്‍ എന്ന ഉത്തരാധുനികവിമര്‍ശകന്‍ ഉത്തരാധുനികതയുടെ നിലപാടുകളെയാണ്‌ പിന്നെയും പിന്നെയും പ്രേക്ഷിക്കുന്നത്‌! (ഈ വിമര്‍ശനം ഉന്നയിക്കുന്ന എനിക്ക്‌ ഉത്തരാധുനികതകളുടെ ചില നിലപാടുകളിലെ ഗരിമയെ കുറിച്ച്‌ ബോദ്ധ്യമുണ്ട്‌. അവ തീര്‍ത്തും വര്‍ജ്ജിക്കേണ്ടവയാണെന്ന സമീപനം ഇല്ല താനും)

സവിശേഷവല്‍ക്കരണത്തിലൂടെ ശകലീകരണത്തിലെത്തുന്ന നവസാമൂഹികപ്രസ്ഥാനങ്ങളുടെ നിലപാടുകളെ സാധൂകരിക്കാന്‍ ടി.ടി. ശ്രീകുമാറും എ.കെ.രവീന്ദ്രനും മാര്‍ക്സിനെ ഉദ്ധരിക്കുന്നു. ആപ്പിളും സബര്‍ജല്ലിയും മാങ്ങയും ഓറഞ്ചുമായല്ലാതെ 'പഴ'മില്ലെന്ന് മാര്‍ക്സ്‌ പറഞ്ഞതിനെ ശകലീകരണത്തിനുള്ള ന്യായമായി അവര്‍ വ്യാഖ്യാനിച്ചെടുക്കുന്നു. നീഗ്രോസ്ത്രീ, അധിനിവേശാനന്തര സ്ത്രീ, യൂറോപ്യന്‍ സ്ത്രീ, ലെസ്ബിയന്‍... എന്നിങ്ങനെയല്ലാതെ 'സ്ത്രീ'യായി സ്ത്രീയില്ലൊണ്‌ ഇവര്‍ പറയുന്നത്‌. യൂറോപ്യന്‍ സ്ത്രീ എന്ന ഗണം വീണ്ടും വിഭജിക്കാവുതല്ലേ? ഇംഗ്ളീഷ്‌ സ്ത്രീ, ജര്‍മ്മന്‍ സ്ത്രീ...എന്നിങ്ങനെയല്ലാതെ യൂറോപ്യന്‍ സ്ത്രീ ഇല്ലെന്നു പറയാന്‍ കഴിയില്ലേ? പുലയനും പറയനും ...അല്ലാതെ ദളിതനെ കാണാന്‍ ശ്രീകുമാര്‍ക്കു കഴിയുന്നുണ്ടോ? കാണിയും മലയരയനും...അല്ലാതെ ആദിവാസി എവിടെയാണുള്ളത്‌? അനന്തമായി നീളുന്ന ഈ വിഭജനങ്ങള്‍ എവിടെയെങ്കിലും അവസാനിപ്പിക്കണമെങ്കില്‍ അമൂര്‍ത്തവല്‍ക്കരണത്തെ ആശ്രയിക്കാതെ കഴിയുമോ? അനന്തമായ ശകലീകരണങ്ങളിലേക്കു നയിക്കുന്ന, ഏകപക്ഷീയതയെ ആഘോഷിക്കുന്ന ഒരു നിലപാടിനു വേണ്ടിയാണ്‌ ഇവര്‍ മാര്‍ക്സിന്റെ വാക്കുകളെ ഉദ്ധരിക്കുന്നത്‌. ആപേക്ഷികവാദത്തില്‍ രമിക്കുന്ന ഉത്തരാധുനികതയുടെ സമീപനത്തെ നാം ഇവിടെ കണ്ടുമുട്ടുന്നു. ഇവരുടെ വാദങ്ങളില്‍ നിന്നും മാര്‍ക്സ്‌ എല്ലാ സാമാന്യവല്‍ക്കരണങ്ങള്‍ക്കും എതിരായിരുന്നുവെന്ന അര്‍ത്ഥമാണ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നത്‌. മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാരുടെ വാക്കുകള്‍ ഇതേ രീതിയില്‍ ഉദ്ധരിച്ചു കൊണ്ട്‌ എല്ലാ സവിശേഷവല്‍ക്കരണങ്ങള്‍ക്കും അവര്‍ എതിരായിരുന്നുവെന്നും തെളിയിക്കാന്‍ കഴിയും. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തില്‍ ആധിപത്യം ചെലുത്തിയിരുന്ന വര്‍ഗീകരണത്തിന്റേയും അപഗ്രഥനത്തിന്റേയും പ്രവണതകളെ വിമര്‍ശിച്ചു കൊണ്ട്‌ എംഗത്സ്‌ എഴുതിയ 'ആന്റി ഡ്യൂറിങ്ങി'ല്‍ നിന്നുള്ള വരികള്‍ അല്‍പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കുകയാണ്‌. "പ്രകൃതിയുടെ പ്രത്യേകഭാഗങ്ങളായുളള അപഗ്രഥനം, വ്യത്യസ്ത പ്രകൃതിപ്രക്രിയകളുടേയും വസ്തുക്കളുടെയും വ്യക്തമായ വര്‍ഗ്ഗങ്ങളായുളള തരംതിരിക്കല്‍, നാനാരൂപത്തിലുമുളള ജൈവവസ്തുക്കളുടെ ആന്തരിക ശാരീരികഘടനയുടെ പഠനം എന്നിവയെല്ലാമാണ്‌ നമ്മുടെ പ്രകൃതിവിജ്ഞാനത്തില്‍ കഴിഞ്ഞ നാനൂറു സംവത്സരങ്ങള്‍ക്കിടയിലുണ്ടായിട്ടുളള വമ്പിച്ച പുരോഗതിയുടെ അടിസ്ഥാനപരമായ സാഹചര്യങ്ങള്‍. പക്ഷേ, ഈ പ്രവര്‍ത്തനരീതിമൂലം പ്രകൃതിവസ്തുക്കളേയും പ്രക്രിയകളേയും സാകല്യവുമായി അവയ്ക്കുളള ബന്ധത്തെ കാണാതെ ഒറ്റപ്പെട്ട നിലയില്‍ നിരീക്ഷിക്കുകയെന്നത്‌, ചലിക്കാതെ നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അവയെ നിരീക്ഷിക്കുകയെന്നത്‌, സാരാംശത്തില്‍ ചലാങ്കങ്ങളായി കാണുതിനു പകരം അവയെ സ്ഥിരാങ്കങ്ങളായി കാണുകയെന്നത്‌, ജീവനുളള അവസ്ഥയില്‍ നിരീക്ഷിക്കുന്നതിനു പകരം മരണാവസ്ഥയില്‍ അവയെ നിരീക്ഷിക്കുകയെന്നത്‌, നമ്മുടെ ഒരു പാരമ്പര്യശീലമാക്കി മാറ്റിയിരിക്കുന്നു. ... ... ...ഈ അതിഭൌതികചിന്താരീതി അന്വേഷണവിധേയമായ വസ്തുവിന്റെ പ്രകൃതമനുസരിച്ച്‌ വ്യാപ്തിയില്‍ വ്യത്യസ്തങ്ങളായ പലേ മണ്ഡലങ്ങളിലും ന്യായീകരണമുളളതും ആവശ്യകവുമാണെങ്കിലും ഏറെത്താമസിയാതെ അത്‌ ഒരു സീമയിലെത്തും. അതിന്നപ്പുറത്തേക്ക്‌ അത്‌ ഏകപക്ഷീയവും പരിമിതവും അമൂര്‍ത്തവും പരിഹരിക്കാനാവാത്ത വൈരുദ്ധ്യങ്ങളില്‍ കുടുങ്ങിയതും ആയിത്തീരുന്നു. ഓരോരോ വസ്തുക്കളെ വിഭാവനം ചെയ്യുമ്പോള്‍ അത്‌ അവ തമ്മിലുളള അന്വയത്തെ വിസ്മരിക്കുന്നു; അവയുടെ നിലനില്‍പിനെ വിഭാവനം ചെയ്യുമ്പോള്‍ അത്‌ ആ നിലനില്‍പിന്റെ ആദിയും അന്തവും വിസ്മരിക്കുന്നു; അവയുടെ വിശ്രാന്തിയില്‍ അത്‌ അവയുടെ ചലനത്തെ വിസ്മരിക്കുന്നു. ഒറ്റയൊറ്റ മരങ്ങള്‍ കാണുന്ന അതിനു മൊത്തത്തിലുളള കാട്‌ കാണാന്‍ കഴിയുന്നില്ല." ഭൂപരിഷ്ക്കരണത്തിലെ അനീതികളേയും സ്ത്രീയുടേയും ദളിതന്റേയും പീഡിതാവസ്ഥകളേയും കാണുകയും നവ ഉദാരീകരണത്തിന്റെ വ്യവസ്ഥയേയും ഇന്ത്യന്‍ ഭരണവര്‍ഗങ്ങളേയും കാണാതിരിക്കുകയും ചെയ്യുന്നത്‌ മരങ്ങളെ മാത്രം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നതു പോലെയാണ്‌. മരങ്ങളുണ്ട്‌, മരങ്ങളെല്ലാം ചേര്‍ന്ന കാടുമുണ്ട്‌.

അമൂര്‍ത്തവല്‍ക്കരണത്തിന്‌ ഒരു ഫലവുമില്ലെന്ന ശ്രീകുമാറിന്റെ നിരീക്ഷണം ക്വാണ്ടം ബലതന്ത്രത്തിന്റെ രൂപീകരണത്തിനു ശേഷമെങ്കിലും അപ്രസക്തമാണ്‌. ഭൌതികസ്ഥല(physical space)ത്തെ ഹില്‍ബര്‍ട്സ്ഥല(Hilbert space)ത്തേക്ക്‌ അമൂര്‍ത്തവല്‍ക്കരിക്കുകയും ഹില്‍ബര്‍ട്‌ സ്ഥലത്തിന്‌ സദൃശമായ ഗുണങ്ങള്‍ ഭൌതികസ്ഥലത്ത്‌ കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ഭൌതികപ്രപഞ്ചത്തില്‍ അമൂര്‍ത്തവല്‍ക്കരണത്തിന്റെ രീതിശാസ്ത്രത്തിനുളള സാധ്യതകളെയാണ്‌ വോണ്‍ ന്യൂമാന്‍ തുറന്നിട്ടത്. അമൂര്‍ത്തവല്‍ക്കരണത്തോടുള്ള കേവലനിഷേധം ഉത്തരാധുനികരുടെ വസ്തുനിഷ്ഠതയോടുളള കേവലനിഷേധത്തിനു സമാനമാണ്‌. പ്രകൃതിക്ക്‌ ഗുണങ്ങളില്ലെന്ന്, മനുഷ്യസംസ്ക്കാരത്തിന്റെ ആരോപിതഗുണങ്ങള്‍ മാത്രമേയുളളൂവെന്നു ശഠിക്കുന്ന ഉത്തരാധുനികതയുടെ സാമൂഹികനിര്‍മ്മിതിവാദത്തോട്‌, ന്യൂയോര്‍ക്കിലെ ഇരുപത്തിയൊന്നുനിലയുളള കെട്ടടത്തില്‍നിന്നു താഴേക്കു ചാടി ഗുരുത്വാകര്‍ഷണം സാംസ്ക്കാരിക നിര്‍മ്മിതിയാണെന്നു തെളിയിക്കാന്‍ നിര്‍ദ്ദേശിച്ച അല്ലന്‍ സോക്കലിന്റെ ഇടപെടലിനു സമാനമായ ഒരു ഇടപെടല്‍ ഈ അമൂര്‍ത്തവല്‍ക്കരണനിഷേധവും ആവശ്യപ്പെടുന്നുണ്ട്‌. യഥാര്‍ത്ഥ പ്രശ്നം എന്താണ്‌ ? വസ്തുക്കളേയും പ്രക്രിയകളേയും വികലനം ചെയ്യുതിന്‌ അവയെ അഴിക്കണമെന്ന്, അവയെ സവിശേഷമായി പരിശോധിക്കണമെന്ന്, അവയെ ശരിയായ രീതിയില്‍ കൂട്ടിച്ചേര്‍ക്കണമെന്നും മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാര്‍ക്ക്‌ അറിയാമായിരുന്നു.

മാര്‍ക്സിന്റെ അനുയായികള്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ 'വിശുദ്ധകുടുംബ'ത്തില്‍ നിന്നുള്ള വരികള്‍ പകര്‍ത്തിയെഴുതുന്ന ടി.ടി. ശ്രീകുമാര്‍, മാര്‍ക്സിന്റെ ആ വാക്കുകളില്‍ വിശ്വസിക്കുന്നുണ്ടാകില്ല! ശ്രീകുമാര്‍ എഴുതുന്നതു വിശ്വസിച്ചാല്‍, 1844 സപ്തംബറിനും നവംബറിനും മദ്ധ്യേ 'വിശുദ്ധകുടുംബ'ത്തില്‍ ഈ വാക്കുകള്‍ എഴുതിയ മാര്‍ക്സ്‌ 1845 വസന്തമാകുമ്പോഴേക്കും 'ഫോയര്‍ബാഹിനെ കുറിച്ചുള്ള തിസീസുകള്‍' എഴുതി തത്ത്വചിന്തയോട്‌ വിട പറയാന്‍ കുറുക്കുവഴി കണ്ടെത്തിക്കഴിഞ്ഞിരുന്നല്ലോ! സാമാന്യവല്‍ക്കരണത്തിന്റേയും സവിശേഷവല്‍ക്കരണത്തിന്റേയും പ്രശ്നങ്ങളെ ഉത്തരാധുനികതയുടെ ചിന്തക്കു നിരൂപിക്കാന്‍ കൂടി കഴിയാത്ത രീതിയില്‍ ഉയര്‍ന്ന നിലയില്‍ നോക്കിക്കാണാന്‍ മാര്‍ക്സിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നില്ലേ?. കേരളത്തില്‍ ഉത്തരാധുനികതയുടെ ദര്‍ശനത്തെ പ്രചരിപ്പിക്കുന്ന സച്ചിദാനന്ദന്റെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട്‌ ടി.ടി. ശ്രീകുമാര്‍ 'സാംസ്ക്കാരികമാസിക'യിലെഴുതിയ ലേഖനങ്ങള്‍ മാര്‍ക്സിസത്തിനു വേണ്ടിയുള്ള വാദങ്ങള്‍ കൂടിയായിരുന്നു. തന്റെ പുതിയ ലേഖനത്തില്‍, 'മാര്‍ക്സിനു വേണ്ടി വാദിക്കുകയോ മാര്‍ക്സിനെ വിസ്തരിക്കുകയോ ചെയ്യാതെ സാമൂഹികവികലനം സാദ്ധ്യമാക്കു'ന്ന നിലപാടിനെയാണ്‌ സ്വീകരിക്കുതെന്ന് അദ്ദേഹം പറയുന്നു. ഈ മാറ്റത്തിന്നിടയില്‍, ടി.ടി. ശ്രീകുമാര്‍ ഒരിക്കല്‍ എതിര്‍ത്തിരുന്ന ഉത്തരാധുനികതയുടെ ദര്‍ശനലോകം അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരിക്കുതായി നമുക്ക്‌ അനുഭവപ്പെടും. 'ഉത്തരാധുനികതയ്ക്കപ്പുറം' എന്ന പുസ്തകത്തിലെ പല ലേഖനങ്ങളും പിന്‍വലിക്കാന്‍ ടി.ടി.ശ്രീകുമാര്‍ തയ്യാറാകണം.

Sunday, August 8, 2010

ജയനാരായണന്‍





നമുക്ക്‌ ജയനാരായണന്‍ എന്ന പേരില്‍ ഒരു കഥാകാരനുണ്ടായിരുന്നു. ജയനാരായണന്‍ ആധുനികതാവാദത്തിന്റെ ഒരു നല്ല വക്താവായിരുന്നു. ജയനാരായണന്റെ കഥകളില്‍ ആധുനികതാവാദത്തിന്റെ താല്‍പര്യങ്ങള്‍ അതിന്റെ മുഴുവന്‍ സമൃദ്ധിയോടെയും പ്രവര്‍ത്തിക്കുന്നതു കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ കഥകളുടെ ശില്‍പതന്ത്രങ്ങള്‍ ലാവണ്യവാദത്തോടുള്ള കൂറ്‌ പ്രകടിപ്പിക്കുന്നവയാണ്‌. 'സമയം ഒരു സമസ്യ' എന്ന പേരില്‍ ജയനാരായണന്‍ ഒരു കഥ എഴുതിയിട്ടുണ്ട്‌. സ്ഥലകാലങ്ങളെ പഴയ ഓര്‍മ്മകളില്‍ ബന്ധിച്ചു നിര്‍ത്തി തന്റെ അസ്തിത്വത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിമലയുടെ കഥയാണിത്‌. അസ്തിത്വവ്യഥകളെ പ്രമേയമാക്കുന്ന എം. മുകുന്ദന്റെ 'രാധ, രാധ മാത്രം' എന്ന കഥയോട്‌ ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്‌. ആധുനികതാവാദത്തെ മലയാളത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ 'രാധ, രാധ മാത്രം' എന്ന കഥയെ ഏറെ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍, അസ്തിത്വവാദത്തിന്റെ ആശയലോകത്തെ കേവലമായി പരാവര്‍ത്തനം ചെയ്യുകയാണ്‌ മുകുന്ദന്റെ കഥ ചെയ്തതെങ്കില്‍ ജയനാരായണന്റെ കഥ ആ ആശയലോകത്തോടുള്ള സര്‍ഗാത്മകപ്രതികരണമായിരുന്നു.




ആധുനികവാദികളായ നവവിമര്‍ശകരുടെ രചനകളില്‍ ജയനാരായണന്‍ അധികമൊന്നും പരാമര്‍ശിക്കപ്പെട്ടതേയില്ല. ആധുനികതാവാദത്തിന്‌ താല്‍പര്യമുള്ള ആശയങ്ങളെ അതേപടി പരാവര്‍ത്തനം ചെയ്യുകയും അങ്ങനെ പ്രത്യയശാസ്ത്രപ്രചരണം നിര്‍വ്വഹിക്കുകയും ചെയ്യു കഥകളെ ആഘോഷിച്ചിരുന്ന നവവിമര്‍ശകര്‍ ആ ആശയങ്ങളെ ഭാവനയിലെ മഹാനുഭവങ്ങളാക്കി മാറ്റാന്‍ ശ്രമിച്ച ജയനാരായണന്റെ കഥകളെ പരിഗണിക്കാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു. നവവിമര്‍ശകര്‍ പുറമ്പോക്കിലേക്കു തള്ളിയ ആധുനികതാവാദിയെന്ന്‌ ഈ എഴുത്തുകാരനെ കുറിച്ചു പറയണം. ഇത്‌ നമ്മുടെ കഥാസാഹിത്യത്തില്‍ സമീപഭൂതകാലത്തു നടന്ന അവഗണനയുടെ കഥയാണ്‌.



കോടതിവിധിയെ കുറിച്ച്

പൊതുസമ്മേളനങ്ങള്‍ക്കെതിരായ കോടതിവിധിയില്‍ പ്രതിഫലിക്കുന്നത് കേരളത്തിലെ
മദ്ധ്യവര്‍ഗത്തിന്റെ സുരക്ഷിതത്വാകാംക്ഷകളും സുഖകാമനകളും കൂടിയാണ്

സാമൂഹികപ്രശ്നങ്ങളെ നേരിടാനുള്ള വൈമുഖ്യവും അധൈര്യവും കൂടി ആ വിധിയില്‍
വായിക്കുക

അധികാരകേന്ദ്രമാകാനുള്ള ജുഡീഷ്യറിയുടെ മോഹങ്ങള്‍ ആ വിധിയില്‍
ഉള്‍ച്ചേര്‍ന്നിരിക്കുന്നു

അത് നിയമവ്യാഖ്യാനത്തിനു പകരം നിയമനിര്‍മ്മാണത്തിനു ശ്രമിക്കുന്നു.

കോടതിവിധിയോടുള്ള ചില രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ ആ
സംഘടനകളിലെ ഫാസിസ്റ്റ് മൂലകങ്ങളെ പുറത്തുകൊണ്ടു വരുന്നു.

അഴിമതി കാണിച്ച നേതാവിനെതിരായ കോടതിവിധി വന്നപ്പോള്‍ അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ കാണിക്കുന്ന കോടതിപ്രേമം വ്യാജമാണ്.

നമ്മുടെ സമൂഹത്തിലെ ജനാധിപത്യവല്ക്കരണം എത്ര നീചസ്ഥിതിയിലാണെന്ന് ഈ
സംഭവങ്ങള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു.

Saturday, August 7, 2010

സൂക്ഷ്മം സുന്ദരം

'ചെറുതത്രേ സുന്ദരം' എന്ന ഇ.എഫ്‌. ഷൂമാക്കറുടെ കല്‍പനക്ക്‌ മലയാളസാഹിത്യകലയിലും ഒരിടമുണ്ട്‌. കവിയും വിമര്‍ശകനുമായ കല്‍പറ്റ നാരായണന്റെ എഴുത്തുകളില്‍ ഈ കല്‍പന അതിന്റെ മുഴുവന്‍ അര്‍ത്ഥവും കണ്ടെത്തുന്നു. ഈ എഴുത്തുകാരന്റെ വാക്കുകള്‍ വലുതെന്നു ഭാവിക്കുന്നില്ല. അതിനു വലിപ്പമില്ല. കല്‍പറ്റയുടെ രചനകള്‍ മഹത്ത്വഭാവങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും വാക്കിന്റെ മുന്നില്‍ വിനയം കൊണ്ട്‌ മഹത്ത്വമാര്‍ജ്ജിക്കുകയും ചെയ്യുന്നു. ഈ രചനകളെ കുറിച്ച്‌ പറയാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ആദരവോടെയും അല്‍പം ഭയത്തോടെയും അവയെ സമീപിക്കേണ്ടി വരുന്നു. ഈ വാക്കിന്റെ എളിമയേയും തെളിമയേയും തന്റെ വാക്കിന്റെ വലിപ്പവും അഹങ്കാരവും മലിനമാക്കുമോയെന്നു സന്ദേഹത്തില്‍ വിമര്‍ശകര്‍ പെട്ടുപോകുന്നു. നമ്മുടെ അനുഭവങ്ങളെ അതിന്റെ ഏറ്റവും സൂക്ഷ്മതയില്‍ കാണുകയാണ്‌ കല്‍പറ്റ നാരായണന്‍ ചെയ്യുന്നത്‌. നാം അനുഭവിക്കാതിരുന്നതൊന്നും അദ്ദേഹം പറയുന്നില്ല. അനുഭവിച്ചിട്ടും വിവേചിച്ചറിയാതിരുന്നവയെ അദ്ദേഹം കാണിച്ചുതരുന്നു. നമ്മുടെ വളര്‍ച്ചയുടെ സവിശേഷതകള്‍ കൊണ്ട്‌ പ്രാന്തങ്ങളിലേക്കു തള്ളിയ കാര്യങ്ങളേയും പരിഗണനയില്‍ വരാതിരുന്നവയേയും കുറിച്ച്‌, അവ എത്രമാത്രം പ്രധാനമാണെന്ന്‌ അദ്ദേഹം തന്റെ വാക്കുകളിലൂടെ തെളിയിക്കുന്നു. മലയാളവാക്ക്‌ സൌന്ദര്യം കൊണ്ടും സദ്ഭാവങ്ങള്‍ കൊണ്ടും നിറയുന്നത്‌ ഈ എഴുത്തുകാരന്റെ ഭാഷയില്‍ നിന്നും നാം അനുഭവിക്കുന്നു.


കല്‍പറ്റ നാരായണന്റെ 'ഇത്രമാത്രം' എന്ന നോവലില്‍, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ ജീവിച്ച സുമിത്രയെന്ന സ്ത്രീയുടെ ജീവിതവും മരണവുമാണ്‌ എഴുതപ്പെടുന്നത്‌. അസാധാരണമായി ഒന്നുമില്ലാതെ കഴിഞ്ഞുപോയെന്നു പൊതുലോകം പറഞ്ഞേക്കാവുന്ന ഒരു ജീവിതം. പുറത്തെ വലിയ ലോകത്തിലെ മനുഷ്യരുടെ കാഴ്ചയില്‍ നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഗ്രാമീണസ്ത്രീയുടെ ജീവിതത്തിലെ സൂക്ഷ്മസമൃദ്ധിയേയും നിറഞ്ഞ സാഫ്യലത്തേയും കുറിച്ച്‌, അവളുടെ ഉള്ളിലെ വേവലുകളെ കുറിച്ച്‌ നാം ഇപ്പോള്‍ അറിയുകയാണ്‌. ഗ്രാമത്തില്‍ വസിക്കുന്ന ഒരു സ്ത്രീയുടെ സന്തോഷങ്ങളും സങ്കടങ്ങളും മോഹങ്ങളും നിരാശകളും ഓരോ ചെറിയ പ്രവൃത്തിയും എത്രമാത്രം സാര്‍ത്ഥകമാണെന്നു നാം ഗ്രഹിക്കുന്നു. ഈ ഭൂമിയിലെ ഒരു ഏകകോശജീവിയുടെ ജീവിതം പോലും എത്ര മഹത്തരമെന്ന്‌ ഉണര്‍ത്തുന്ന അറിവായി ഇത്‌ വായനക്കാരനില്‍ വീണ്ടും വീണ്ടും പൊലിക്കുന്നു. മനുഷ്യജീവിതം ഇത്രമാത്രമേയുള്ളൂവെന്ന്‌ മാത്രമല്ല, അത്‌ എത്രമാത്രം ഉണ്ടെന്ന അറിവായി കൂടി ഈ നോവലിലെ വാക്കുകള്‍ മാറിത്തീരുന്നു. സൂക്ഷ്മം എത്രയോ പ്രധാനമെന്ന്‌ നമ്മെ ബോദ്ധ്യപ്പെടുത്തുന്ന രചനയാണിത്‌.


സുമിത്ര ആരായിരുന്നു.? അമ്മയും ഏട്ടനും ചെറിയച്ഛനും ചേര്‍ന്ന്‌, അച്ഛനെ മണിപ്പാലിലേക്ക്‌ കൊണ്ടുപോയപ്പോള്‍ ആരുമില്ലാത്തവനായി പോയ ഏഴുവയസ്സുകാരന്‍ പുരുഷുവിനെ ഒരു പകല്‍ കൊണ്ട്‌ എല്ലാവരുമുളളവനാക്കി മാറ്റിയെടുത്തവള്‍. നരസിംഹഗൌഡരുടെ വാത്സല്യത്തിനു പകരം താന്‍ നല്‍കുന്ന ഉപ്പുമാവ്‌ അയാള്‍ രുചിയോടെ കഴിക്കുന്നതു നോക്കി നില്‍ക്കുന്നവള്‍. ഒത്ത വലിപ്പമുളള പ്ളാവിന്‍ കുറ്റിയില്‍ പണിത പുരയിലെ തൂണുകളെ തൊട്ടും ചാരിയും മിനുസമുളളതാക്കി തീര്‍ത്തവള്‍. ചിലരോട്‌ തര്‍ക്കിക്കാനും ചിലരെ അവഗണിക്കാനും മൂന്നും നാലുമായി പെരുകി ജാഥ നയിക്കാന്‍ മാത്രം സുമിത്രകളെ സൃഷ്ടിച്ചെടുത്തവള്‍. വീടിനേക്കാള്‍ ഒരക്കൂടിനെ ഇഷ്ടപ്പെട്ടവള്‍. അവളെ മാത്രം തൊടാന്‍ അനുവദിച്ചിരുന്ന ഒരു പശുവിനെ വളര്‍ത്തിയെടുത്തവള്‍. തിളപ്പിച്ചാറ്റി നിര്‍ദ്ദോഷമാക്കിയ ദേഹപ്രകൃതിയുള്ളവളുടെ ചെറിയ ഇഷ്ടങ്ങളേയും ചെറിയ നേട്ടങ്ങളേയും നന്മയേയും വെറുപ്പിനേയും കുറിച്ചു പറഞ്ഞുകൊണ്ട്‌ കല്‍പറ്റ നാരായണന്‍ സുമിത്രയെ നമുക്കു പരിചയപ്പെടുത്തുന്നു. ഇതിന്നൊപ്പം അവളടക്കിപ്പിടിച്ച ദു:ഖങ്ങളെയും രഹസ്യങ്ങളേയും കുറിച്ച്‌ എഴുതുന്നു. ഭര്‍ത്താവായ വാസുദേവനൊപ്പം നില്‍ക്കുമ്പോള്‍ അനുഭവിച്ച ശൂന്യതകളെ കുറിച്ച്‌, വേദനയും കൃതജ്ഞതയും നിറഞ്ഞ ഒരു ചിരി പൊതുവാളിനു നല്‍കിയതിനെ കുറിച്ച്‌, സുമിത്രയെ കുറിച്ചുള്ള മാധവിയുടേയും ഗീതയുടേയും ഓര്‍മ്മകളും എഴുതുന്നു. അവള്‍ ഇവിടെയുണ്ടായിരുന്നുവെന്നതിനു തെളിവായി ഇങ്ങനെ സാധാരണക്കാരായ മനുഷ്യരുടെ ഓര്‍മ്മകളിലൂടെ കഥാകാരന്‍ സഞ്ചരിക്കുന്നു. ആ കിളിയുടെ ജീവിതസാഫല്യത്തിന്റെ അടയാളങ്ങളായി ഒരു കൂവലും ഒരു തൂവലും കണ്ടെത്തുന്നു. എന്നാല്‍, മന്നില്‍ മനുഷ്യജീവിതം ഇത്രമാത്രം എന്ന ഖേദത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.


ഈ ഭൂലോകവാസത്തിനിടയില്‍ ശരിയും തെറ്റും നന്‍മയും തിന്‍മയും ഇടകലര്‍ന്ന എല്ലാറ്റിനുമിടയിലൂടെ നമുക്കു കടന്നു പോകേണ്ടി വരുന്നുവെന്ന്‌, ഇവിടെ വലിയ വ്യവച്ഛേദങ്ങള്‍ അസാദ്ധ്യമാണെന്ന് സുമിത്രയെന്ന സ്ത്രീയുടെ കഥയിലൂടെ കല്‍പറ്റ നാരായണന്‍ പറയുന്നു. ജീവിതരതിയുടെ ഒരു പേരല്ലേ അസൂയ എന്നു ചോദിക്കുന്ന എഴുത്തുകാരന്‍ ദുഷിച്ചതെന്ന് മുദ്ര കുത്തപ്പെട്ടവയിലും ജീവിതത്തെ ജീവിതവ്യമാക്കുന്ന ഔഷധം നിറഞ്ഞിരിക്കുന്നുവെന്നു കാണിച്ചു തരുന്നു. മകള്‍ക്ക്‌ അനസൂയ എന്നു പേരിടേണ്ടിയിരുന്നില്ലെന്ന്‌ സുമിത്രക്ക്‌ തോന്നുന്നുണ്ട്‌. പേടിക്കാന്‍ പോലും അറിഞ്ഞു കൂടാത്ത അവള്‍ ആരോടെങ്കിലും അസൂയയുള്ളവളായിരുന്നെങ്കിലെന്നു് ആ അമ്മക്ക്‌ പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ആദര്‍ശത്തിന്റേയും മഹത്ത്വങ്ങളുടേയും ഭാരമേല്‍ക്കാത്ത ഈ കഥാപാത്രത്തിലൂടെ ഒരു ഇസത്തിലും ഇടം കിട്ടിയേക്കില്ലാത്ത ഒരുവളുടെ വാങ്മയചിത്രമാണ്‌ കല്‍പറ്റ നാരായണന്‍ വരച്ചത്‌.


ഒരു മരണവീടിലെ കാഴ്ചകള്‍ ഇത്ര സൂക്ഷ്മമായി നമ്മുടെ ഭാഷയില്‍ ആരും കണ്ടെടുത്തിട്ടില്ല. ആദ്യത്തെ തിരക്കുകള്‍ക്കു ശേഷം ഉന്മേഷം നഷ്ടപ്പെട്ട നായ അരക്കൂട്ടിന്റെ ചേതിക്കല്‍ പോയി കിടക്കുന്നത്‌, "ചിലരെ വേഗം വിളിക്കും, ചിലരെ എത്രയായാലും വിളിക്കില്ല" എന്നിങ്ങനെ ലോകതത്ത്വങ്ങള്‍, ദേഹം ഒരു നോക്കു കാണാന്‍ ഓടിയെത്തുന്നവര്‍ അടുത്തെത്തുമ്പോള്‍ 'അനിയത്തി രമണിയും ചന്ദ്രേട്ടനുമാകുന്നത്‌', ആരെയാണ്‌ കുളിപ്പിക്കേണ്ടത്‌ എന്നു പറയാതെ കുളിപ്പിക്കണ്ടേ എന്ന ചോദ്യങ്ങള്‍, അവിഹിതമായ അര്‍ത്ഥം വഹിക്കുന്ന മറ്റു ചില കാഴ്ചകള്‍... ഇവയെല്ലാം കവിത കിനിയുന്ന വരികളില്‍ കല്‍പറ്റ നാരായണന്‍ എഴുതുന്നു. കവിയായ ഈ എഴുത്തുകാരന്‍ ലേഖനമെഴുതുമ്പോള്‍ സംഭവിക്കുന്നതെന്തോ അതു തന്നെ നോവലെഴുതുമ്പോഴും സംഭവിക്കുന്നു. ലേഖനവും നോവലും കവിതയായി മാറുന്നു.


നോവലിലെ കഥാപാത്രങ്ങള്‍ ഓരോരുത്തരും സുമിത്രയെ കണ്ടെത്തുതിലും മനസ്സിലാക്കുതിലുമുള്ള വ്യത്യസ്തതകള്‍ നോവലിന്‌ ഒരു ദാര്‍ശനികഭാവം നല്‍കുന്നു.'ആരാണ്‌ സുമിത്ര?' എന്ന ചോദ്യത്തിനുളള ഉത്തരങ്ങള്‍ പരസ്പരയോജ്യമായിരിക്കണമെന്നില്ല. വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ചോദ്യമായി ഇതു മാറിത്തീരുന്നു. നോവല്‍ ചില ദാര്‍ശനികമാനങ്ങള്‍ കൈവരിക്കുന്നു. സുമിത്രയുടെ ജീവിതം ഇത്രമാത്രം എന്നു പറയുന്നതിനു വേണ്ടി അവള്‍ ആരാണ്‌ എന്ന ചോദ്യം പരോക്ഷമായി ഉന്നയിക്കുകയും വ്യത്യസ്ത അനുഭവങ്ങളെ ഉത്തരമായി നല്‍കുകയുമാണ്‌ കഥാകാരന്‍ ചെയ്യുന്നത്‌. എന്നാല്‍, ആരുടേയും അനുഭവങ്ങള്‍ കേവലമല്ല. ഒരാളുടെ അനുഭവത്തെ കുറിച്ച്‌ മറ്റൊരാള്‍ക്ക്‌ അതുതന്നെ സത്യമെന്നു പറയുക പ്രയാസം. അനുഭവങ്ങളിലെ ചില മൂലകങ്ങളെ അവര്‍ പങ്കുവയ്ക്കുന്നുണ്ടാകും, എല്ലാ മൂലകങ്ങളുമില്ല. അനുഭവങ്ങളിലെ വസ്തുനിഷ്ഠതയെ കുറിച്ചുളള സങ്കല്‍പനങ്ങള്‍ പ്രശ്നസങ്കീര്‍ണ്ണമാണ്‌. വ്യത്യസ്ത ആത്മനിഷ്ഠതകള്‍ക്ക്‌ പരസ്പരസമ്മതത്തിലെത്താന്‍ കഴിയുന്നതെന്തോ, പൊതുവായ അനുഭവഘടകങ്ങളെന്തോ അതാണ്‌, അതു മാത്രമാണ്‌, ലോകത്തിന്റെ വസ്തുനിഷ്ഠതയുടെ ആധാരമെന്നു പറയുന്ന പുതിയ ചിന്തകരെ ഓര്‍ക്കുക! സമൂഹത്തിന്റെ സമവായമായി വസ്തുനിഷ്ഠത നിര്‍മ്മിക്കപ്പെടുന്നു. വസ്തുവാദത്തില്‍ നിന്നുളള വിമോചനമാണിത്‌. സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ക്കിടയില്‍ സമവായം എന്ന പ്രമേയം വസ്തുനിഷ്ഠതയെ സവിശേഷ സാമൂഹികതാല്‍പര്യങ്ങളുമായി കണ്ണിചേര്‍ക്കുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ചുളള ജ്ഞാനമാണിത്‌. സുമിത്രയുടെ കഥ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കുറിച്ചുളള ജ്ഞാനമായി മാറുന്നു.

(കല്പറ്റ നാരായണന്റെ നോവല്‍ ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ചു തീര്‍ന്നപ്പോള്‍ എഴുതിയ പ്രതികരണം.)

Friday, July 30, 2010

തെറി

വീണപൂവിനെ കാവ്യവിഷയമാക്കിയതിന്‌ കുമാരനാശാനെ വിമര്‍ശിച്ചവര്‍ തൊമ്മനോടും തൊപ്പിപ്പാളയോടുമൊപ്പം വീണപൂവിനേയും ചേര്‍ത്തുവച്ചുകൊണ്ടാണ്‌ തങ്ങളുടെ ശകാരവാക്കുകള്‍ ചൊരിഞ്ഞത്‌. തൊമ്മനും തൊപ്പിപ്പാളയും ഒരിക്കലും കാവ്യവിഷയമാകില്ലെന്ന കാര്യത്തില്‍ ആ സാഹിത്യസിംഹങ്ങള്‍ക്ക്‌ നല്ല ഉറപ്പുണ്ടായിരുന്നു. കവികളുടേയും ആസ്വാദകരുടേയും സമൂഹത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്നുണ്ടെന്ന്‌ ഇവര്‍ കരുതിയിരിക്കണം. പില്‍ക്കാലത്ത്‌, കൊച്ചുതൊമ്മന്‍ എന്ന ശീര്‍ഷകത്തില്‍ എന്‍. വി. കൃഷ്ണവാര്യര്‍ ഒരു കവിത എഴുതി. ആശാനും എന്‍.വിയും വൈലോപ്പിള്ളിയും ഇടശ്ശേരിയും അവരവരുടെ കാലങ്ങളിലെ വ്യവസ്ഥവല്‍ല്ക്കരിച്ച കാവ്യാസ്വാദനശീലങ്ങള്‍ക്ക്‌ പ്രഹരങ്ങളേല്‍പിച്ചത്‌, കവികള്‍ക്കു നിരോധിക്കപ്പെട്ട മേഖലകളിലേക്ക്‌ കടന്നുകയറിക്കൊണ്ടു കൂടിയായിരുന്നു. കാവ്യാസ്വാദനപാരമ്പര്യത്തിലെ യാഥാസ്ഥിതികത്വം സംശയങ്ങളേതുമില്ലാതെ ദീര്‍ഘകാലമായി ഒഴിവാക്കിയിരുന്ന വിഷയങ്ങളേയും വാക്കുകളേയും കവികളുടെ ഏറ്റവും പുതിയ തലമുറ കവിതയിലേക്കു കൊണ്ടുവരുന്നു. മാറാലയെ കുറിച്ച്‌ കവിതയെഴുതിയ പി.രാമന്‍ നമ്മുടെ ജീവിതത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ചില യാഥാര്‍ത്ഥ്യങ്ങളില്‍ കവിത കണ്ടെത്തുകയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന വാക്കുകളിലും വസ്തുക്കളിലും നാം തിരിച്ചറിയാതിരുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഭാവങ്ങളുണ്ടെന്ന്‌ പുതിയ കവികള്‍ മനസ്സിലാക്കുന്നു. ഒരു പിരിയാണി(Screw)യെ കുറിച്ച്‌ കവിതയെഴുതുന്ന പി.എന്‍. ഗോപീകൃഷ്ണനും
"കൊട്ടകള്‍ ചന്തയ്ക്കുപോകുന്നു
തെരണ്ടിയും കുറിച്ചിയും
കൈച്ചെരവയും തഴപ്പായും
പിള്ളേര്‍ക്കു തിന്നാന്‍
തേങ്ങായുടെ പൊങ്ങുമായി വരുന്നു." എന്നിങ്ങനെയുള്ള കാഴ്ചകളെ കവിതയില്‍ രേഖപ്പെടുത്തുന്ന എസ്‌. ജോസഫും ഈ തിരിച്ചറിവുള്ളവരാണ്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയത്തെ മുന്‍നിരയിലേക്കു കൊണ്ടുവരുന്ന പുതിയ ചിന്തകള്‍ ഇവരുടെ രചനകള്‍ക്ക്‌ ത്വരകമായിട്ടുണ്ട്‌. തെറിയെ കുറിച്ചുള്ള റഫീഖ്‌ അഹമ്മദിന്റെ കവിതയും ഈ പുതിയ ചിന്തയുടേയും വിചാരത്തിന്റെയും ഫലമാണ്‌.


തെറി സ്വയം തന്നെ സദാചാരങ്ങള്‍ക്കു വിരുദ്ധമാകയാല്‍ അതിനു കൃത്രിമവേഷങ്ങള്‍ ആവശ്യമില്ല. അതില്‍ നേരുണ്ട്‌. നാഗരികതയുടെ തൊങ്ങലുകളണിയാതെ പച്ചയായി ജീവിക്കുന്നവര്‍ക്കിടയില്‍ തെറിയുണ്ട്‌. 'നന്‍മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളില്‍' തെറിയുണ്ട്‌. നഗരത്തിലെ ചാളകളിലും ചന്തയിലും തെറിയുണ്ട്‌. തെറി എന്ന വാക്കില്‍ നിന്നും തെറിയനും തെറിച്ചവനും തെറിച്ചോളും ഉണ്ടാകുന്നു. അവര്‍ നടപ്പുലോകത്തിനെതിരെ നടക്കുന്നു. തെറിയന്‍ തെറി പറഞ്ഞ്‌ കണ്ണുപൊട്ടിക്കുന്നു. ഐ.ടി ഓഫീസിലെ പരിഷ്ക്കാരികള്‍ക്കിടയില്‍ തെറിയില്ല. മന്‍മോഹന്‍സിങ്ങിനും ജോര്‍ജ്‌ ബുഷിനും ഇടയില്‍ തെറിയില്ല. എന്നാല്‍, അവര്‍ക്കിടയിലെ ഉപചാരം ടെലിവിഷനിലൂടെ കാണുന്നവരില്‍ ചിലര്‍ ഇതു തെറിയല്ലേയെന്നു സന്ദേഹിക്കുന്നു. തീര്‍ച്ചയായും രാമന്‍ സഖാവിനും ജോര്‍ജ്‌ ബുഷിനും ഇടയില്‍ തെറിയുണ്ട്‌.


മീനാക്ഷിയമ്മയുടെ മനസ്സിലെ പാലയ്ക്കാമോതിരവും പച്ച ബ്ളൌസും പോലെ എല്ലാവരുടേയും മനസ്സില്‍ തെറിയുണ്ട്‌. മീനാക്ഷിയമ്മയുടെ ആദര്‍ശവാദം പച്ച ബ്ളൌസിനു പകരം ഖദര്‍ ബ്ളൌസ്‌ അണിയാന്‍ അവരെ പ്രേരിപ്പിച്ചു. ദ്വേഷം കൊണ്ടു മനസ്സു വിങ്ങുമ്പോള്‍ പുറത്തേക്ക്‌ കുതറാനൊരുങ്ങുന്ന തെറിവാക്കിനെ പിടിച്ചുനിര്‍ത്തി അലക്കിത്തേച്ച വാക്കുപറയാന്‍ സദാചാരബോധം പലരേയും നിര്‍ബ്ബന്ധിക്കുന്നു. തെറിക്കുത്തരം മേത്തരം പത്തല്‍ എന്ന ന്യായശാസ്ത്രം ഈ സദാചാരവാദികളാണ്‌ എഴുതുന്നത്‌. ബോധത്തോടെ പറയാന്‍ കഴിയാത്തത്‌ മദ്യത്തിന്റെ ലഹരിയില്‍ പാതിബോധത്തില്‍ പറയുന്നു. മാന്യനായി, സുഖമനസ്ക്കനായി ജീവിച്ചപ്പോള്‍ പറയാന്‍ കഴിയാതിരുന്നത്‌ ഭ്രാന്തു പിടിച്ചപ്പോള്‍ നിരത്തിലൂടെ നടന്നു പറയുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് പണ്ഡിതന്റെ സംസ്കൃതഭാഷയല്ല, സത്യസന്ധമായ ഭാഷ. വേദവാക്യങ്ങള്‍ മാത്രം പറഞ്ഞും പഠിപ്പിച്ചും ശീലിച്ചവന്‍ ഉറക്കത്തില്‍ ഉറക്കെ ഒരു മുട്ടന്‍ തെറി വിളിച്ചു പറയുന്നു. നാഗരികന്റെ വായില്‍ പറയാത്ത തെറിവാക്കു കെട്ടിക്കിടന്നു പൊള്ളിപ്പഴുക്കുന്നു.


" മൂഢം കിനാവോ പുലര്‍ച്ചവണ്ടിക്കു വന്ന
പൂര്‍വ്വകാലമിത്രം സഖാവോ പടി കടന്നെത്തുന്നു.
പീഠത്തിലമരുന്നു സിഗരറ്റിലെരിയുന്നു,
ലോകപരിഹാസമൂര്‍ച്ഛയില്‍ സ്ഖലിതനാകുന്നു,
സുഖവേഷധാരിയാം തോല്‌വി
അവനോടു പറയാത്ത തെറിവാക്ക്‌
കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു." ("അന്യാധീനം" - കെ.ജി. ശങ്കരപ്പിള്ള)


മൂല്യങ്ങള്‍ വെടിഞ്ഞ്‌, സുഖവേഷം ധരിച്ച്‌ തോല്‍വിയെ വരിച്ചവനോട്‌ തെറി പറയണം. സുഖവേഷം ധരിച്ചവന്‍ സ്വയം തെറി പറയണം. അല്ലെങ്കില്‍ നാം ഇനിയും മലിനരാകും.


സാറാജോസഫിന്റെ 'ആലാഹയുടെ പെണ്‍ മക്കള്‍' എന്ന നോവലില്‍ നാഗരികത തെറിയെന്നു വിധിക്കുന്ന വാക്കുകള്‍ കടന്നു വരുന്നു. കോക്കാഞ്ചറയിലെ ജനങ്ങളെ കടന്നാക്രമിക്കുന്ന നാഗരികതക്ക്‌ കാവലാളുകളായി വരുന്ന പട്ടിത്തമ്പുരാക്കന്‍മാരെ വളര്‍ത്തു ഭവനങ്ങളുടെ ഇരുമ്പുപടി പിടിച്ചുകുലുക്കി ചെമ്പന്റെ അന്തോണി വെല്ലുവിളിക്കുന്നു. "ടാ, പട്ടിമയിരേ, ദയിര്യണ്ടങ്ങ്യെ വന്നു കടിച്ച്‌ നോക്കറാ". കോക്കാഞ്ചറക്കാരുടെ നേരുള്ള വികാരങ്ങളുടെ ചിത്രണത്തിന്‌ നാഗരികന്‍ അയിത്തം കല്‍പിച്ച ഭാഷ സഹായകമാകുകയായിരുന്നു. ചെമ്മണ്ണാര്‍ - നെടുങ്കണ്ടം ദേശങ്ങളിലൂടെ നടത്തിയ രാത്രിയാത്രയുടെ കഥ പറയുന്ന സുസ്മേഷ്‌ ചന്ത്രോത്തിന്റെ ആഖ്യാനത്തില്‍ കടന്നുവരുന്ന തെറിവാക്കുകള്‍ ഹൈറേഞ്ചിലെ ജനജീവിതത്തിന്റെ കാഠിന്യങ്ങളേയും കാലുഷ്യങ്ങളേയും പകരുന്നു.


തെറി ദൈവങ്ങള്‍ക്കു വിരോധമുള്ള കാര്യമല്ല. തെറിപ്പാട്ടു കേട്ടില്ലെങ്കില്‍ കോപിക്കുന്ന ദേവിമാരുണ്ട്‌. തെറിക്ക്‌ ബ്രഹ്മസങ്കല്‍പത്തോട്‌ യോജിപ്പുകളുമുണ്ട്‌. എപ്പോഴും തെറി പറയുന്നവന്‍ തെറിയെ അറിയുന്നില്ല."മുട്ടിനു മുട്ടിനു തെറി പറയുന്ന ഇട്ടി അവിരാ ആകട്ടെ താന്‍ പറയുന്നതിന്റെ തെറിമ അറിയുന്നില്ല" തെറി എന്താണെന്നു തന്നെ എനിക്കറിയില്ലെന്നു പറയുന്നവന്‍ തെറിയെ അറിയുന്നു. "പറഞ്ഞു വരുമ്പോള്‍ പ്രപഞ്ചത്തിന്റെ ആധാരശ്രുതി തന്നെ ഒരു തെറി ആയിരിക്കുമോ" കുരിശിലേറുമ്പോള്‍ ഈ പാപികളോട്‌ പൊറുക്കേണമേയെന്ന്‌ ദൈവത്തോട്‌ അപേക്ഷിച്ചവന്‍ തന്നെ പച്ചമരത്തോട്‌ ഇങ്ങനെയാണ്‌ ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന്‌ എന്തു സംഭവിക്കും എന്നു ജറുസലേം പുത്രിമാരോടു പറയുമ്പോള്‍, പറയാതെ ഒരു വാക്ക്‌ തൊണ്ടയില്‍ കെട്ടിയിരുന്നില്ലേ? ഭാവഭേദങ്ങളില്ലാതെ വിഷം കുടിച്ചു തീര്‍ത്ത സോക്രട്ടീസിന്റെ മനസ്സില്‍ ഏതു വാക്കാണ്‌ നിറഞ്ഞു നിന്നത്‌? താന്‍ കോപ്പര്‍നിക്കസിന്റെ വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്ന്‌ ഉറക്കെയും എങ്കിലും അതു ചലിക്കുന്നു എന്നു പതുക്കെയും മൊഴിഞ്ഞ ഗലീലിയോ പുറത്തേക്കു പറയാതെ അടക്കിയ മൊഴി ഏതാണ്‌?


തെറിവാക്കിനു വിവര്‍ത്തനമില്ല. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത്‌ കവിത മാത്രമല്ല, തെറിയും വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നു. തെറിയില്‍ കളങ്കമില്ല. "പാര്‍ലമെന്റില്‍ പ്രവേശനമില്ലാത്ത നിലക്ക്‌ തെറി കളങ്കമില്ലാത്ത ഒരു വസ്തുവായിരിക്കണം" അജ്ഞനായ ന്യായാധിപനെ സത്യമുള്ള തെറി ഞെട്ടിച്ചു കൊണ്ടിരിക്കും. നല്ല വസ്ത്രങ്ങളണിയിച്ചാണ്‌ റഫീഖ്‌ അഹമ്മദ്‌ 'തെറി'യെ പുറത്തിറക്കുന്നത്‌. തെറിയെ കുറിച്ചുള്ള ആഖ്യാനങ്ങളില്‍ തെറിയുണ്ടാകില്ലെന്ന്‌ കവി സാക്ഷ്യപ്പെടുത്തുന്നു.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...