Sunday, June 11, 2017

ഇടതുപക്ഷം എന്തുചെയ്യണം?


ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ കുറിച്ചു ചിന്തിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും രാജ്യാധികാരത്തിന്റെ മറവില്‍ സംഘപരിവാര്‍ ഉയര്‍ത്തിയിരിക്കുന്ന അതിഭീഷണമായ വെല്ലുവിളികളെ കാണാതിരിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും അതിവേഗം ജനാധിപത്യവിരുദ്ധവും വര്‍ഗീയവും ആയി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത അപചയം അതിനു സംഭവിക്കുന്നതിനു മുന്‍പ് ജനാധിപത്യപരമായ ഇടപെടലുകളിലൂടെ ജനാധിപത്യമൂല്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതുണ്ട്. എല്ലാ അഭിപ്രായഭിന്നതകളും വിഭാഗീയപ്രവണതകളും മാറ്റിവച്ചുകൊണ്ട് ദേശസ്നേഹികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.


ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ വളരെ വലിയ പങ്കു വഹിക്കാനുണ്ട് ഇടതുപക്ഷം എന്ത് പങ്കാണ് വഹിക്കേണ്ടതെന്നു ജനത അവരോട് പറഞ്ഞു കൊടുക്കണമോ? ഫാസിസത്തിന്നെതിരായ ഐക്യമുന്നണി നിര്‍മ്മിക്കപ്പെട്ട പഴയ സാഹചര്യങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും വേണം. ഫാസിസത്തെ എതിര്‍ക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളുമായി വരെ ഐക്യമുണ്ടാക്കിയ ചരിത്രം കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്.
ഫാസിസം എത്രമേല്‍ ലോകത്തിനു വിനാശകരമാണെന്ന തിരിച്ചറിവായിരുന്നു ആ തന്ത്രത്തെ സ്വീകരിക്കാന്‍ സോവിയറ്റ് യൂണിയനെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ഇന്നത്തെ ഗുരുതരമായ സ്ഥിതിയെ പാര്‍ട്ടികള്‍ക്കുള്ളിലെ അഭിപ്രായഭേദങ്ങള്‍ കൊണ്ട് മറയ്ക്കാന്‍ കഴിയില്ലെന്ന്, അതിനു വലിയ വില നല്‍കേണ്ടി വരുമെന്ന് അതിന്റെ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനസ്സിലാക്കേണ്ടതാണ്. ഇന്ത്യയിലെ വിവിധ നക്സലൈറ്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. ഭാംഗര്‍ പ്രക്ഷോഭത്തില്‍ സിപിഐ(എം) പിന്തുണക്കാന്‍ തയ്യാറായ സന്ദര്‍ഭത്തെ ഇതിനായി ഉപയോഗിക്കണം.


ബി ജെ പി ഫാസിസ്റ്റല്ലെന്നു പറയുന്ന ഒരു പ്രസ്താവന പ്രകാശ് കാരാട്ടിന്റേതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ക്കാനുള്ള സമീപനമാണിത്. ഫാസിസമായോ ഫാസിസത്തിലെത്താന്‍ അരക്കഴഞ്ച് വര്‍ഗീയത കൂടി ഇനിയും വേണ്ടേ തുടങ്ങിയ വാദഗതികള്‍ ഉന്നയിക്കേണ്ട സന്ദര്‍ഭമല്ല ഇത്. ഇത്തരം വാദങ്ങള്‍ അപ്രസക്തങ്ങളാണ്, ഇപ്പോള്‍. വര്‍ഗീയ ഫാഷിസത്തിനെതിരെ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്ന പ്രതിരോധ ഐക്യ നിരയെ കുറിച്ച് യുക്തിഭദ്രവും ദീര്‍ഘവീക്ഷണത്തോട് കൂടിയതുമായ ഒരു കാഴ്ച്ചപ്പാട് രൂപപ്പെടുത്തുകയാണ് വേണ്ടത്. അതിന്നനുസരിച്ചു പ്രവര്‍ത്തിക്കണം. സങ്കുചിതവും പ്രാദേശികവുമായ താല്‍ക്കാലിക താല്പര്യങ്ങള്‍ ഇതിനു തടസ്സമാകരുത്. പ്യൂരിറ്റന്‍ സമീപനങ്ങളും തങ്ങളാണ് ഇപ്പോഴും എപ്പോഴും ശരി എന്ന അപ്രമാദിത്തവും  ഉപേക്ഷിക്കപ്പെടണം.
 
 
സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാനുള്ള കാര്യത്തില്‍ സിപി ഐ(എം) സ്വീകരിച്ച സമീപനം വിഭാഗീയമാണ്. കോണ്‍ഗ്രസ് പിന്തുണക്കാന്‍ സന്നദ്ധമായിട്ടും അത് സ്വീകരിക്കാത്ത ഔദ്ധത്യം ഇന്നത്തെ സന്ദര്‍ഭത്തില്‍ യോജിച്ചതല്ല. സീതാറാം യെച്ചൂരിയെ പോലെ ഒരു നേതാവ് പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് തോന്നുന്നില്ല. ഇത് ഖേദകരമാണ്.
ജനതയുടെ ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അപ്പുറം സംഘടനാ നിയമങ്ങളുടെ ഉറപ്പിന് പ്രാധാന്യം കൊടുക്കേണ്ട സന്ദര്‍ഭമല്ല ഇത്. ഇങ്ങനെ സംഘടനാതത്വങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നവര്‍ സംഘപരിവാറിനെതിരായ ഐക്യമുന്നണി ഉണ്ടാക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിക്കാന്‍ കെല്‍പ്പുള്ളവരാകുമോ?

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...