പ്രകൃതിയ്ക്കോ മനുഷ്യനിര്‍മ്മിതിയ്ക്കോ?
ഭാവനയിലെ അഴകു നിര്‍മ്മിക്കുന്നതിന്നിടയില്‍
എല്ലാ അഴകിന്റേയും ആധാരമായി നില്‍ക്കുന്ന
പ്രകൃതിയെ നാം വിസ്മരിക്കുന്നുവോ?
അഴകിനും അഴുക്കിനും ഇടയിലെ അകലം എത്ര?
സംസ്കൃതിയേയും പ്രകൃതിയേയും പെണ്ണിന്റേയും
പാരിസ്ഥിതികാവബോധത്തിന്റേയും
കണ്ണുകളിലൂടെ നോക്കി വികലനം ചെയ്യുന്ന വരികള്‍ അനിത തമ്പി എഴുതിയിട്ടുണ്ട്.
ഭൂതകാരുണ്യത്തെ തിരിച്ചറിയാത്ത അഴകിന്റെ മേളക്കൊഴുപ്പുകളോട് തരളമായ വാക്കിന്റെ കാരുണ്യം കൊണ്ടു കലമ്പുന്നു, ഈ കവി. അഴുക്കെല്ലാം അഴകാകുന്നത് മിനുത്ത തറയിലല്ലെന്ന്, ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന സ്വീകരണമുറിയിലല്ലെന്ന്, അഴുക്കിനെ തുടച്ചെറിഞ്ഞു കളഞ്ഞ മണ്ണറയിലെന്ന് അനിതയുടെ കവിത കണ്ടെത്തുന്നു. എല്ലാം 'വൃത്തിയാക്കി' വെയ്ക്കുന്ന മദ്ധ്യവര്‍ഗശീലങ്ങളിലേക്ക് വാക്കു കൊണ്ട് ഒരു കൂരമ്പ്. വൃത്തിയെ കുറിച്ചുള്ള വിചാരങ്ങള്‍ അനിതയുടെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം. നടു വേദനിച്ചു കുനിഞ്ഞു നിന്ന് വീടിന്റെ മുറ്റമടിച്ചു വൃത്തിയാക്കുന്ന ഇവള്‍ 'മണ്ണിരകളുറങ്ങാതെയാവാം കൊച്ചു മണ്‍വീടുകള്‍ വച്ചു രാവില്‍'എന്നു പ്രകൃതിയിലെ ചെറുജീവിയോട് സഹഭാവത്തോടെ വിചാരം കൊള്ളുന്നവളാണ്. പെണ്ണും പ്രകൃതിയും തമ്മിലുള്ള ഈ സഹഭാവം 'രാവിലെയൊരു പെണ്ണിന്‍ കുനിഞ്ഞ
പിന്‍ചുവടിന്റെ നൃത്തം കഴിഞ്ഞാല്‍
ഈര്‍ക്കിലി വിരല്‍ പോറല്‍ നിരകള്‍
മാത്രമായി പൊടിഞ്ഞു പരക്കാന്‍'
എന്ന വരികളിലേക്കു വ്യാപിച്ചു നില്‍ക്കുന്നു.
എല്ലാ ഭേദങ്ങളേയും സന്ദേഹത്തോടെ കാണുന്ന മനസ്സുമായി, അനിതയുടെ കവിത അഴുക്കിനും അഴകിനും ഇടയിലെ സമുദ്രങ്ങളേയും പര്‍വ്വതങ്ങളേയും മുറിച്ചു കടക്കുന്നു. അഴകില്ലാത്തവയെന്ന് മനുഷ്യന്റെ സാമാന്യബോധം കരുതിവെച്ചവയെല്ലാം പുറപ്പെടുകയാണ്, മഴവില്ലിന്റെ കാന്തിയുടെ ലോകത്തിലേക്ക്. മീന്‍കുട്ടകള്‍, കീറപ്പായ, കോങ്കണ്ണന്‍ കാക്ക, പെരുവയറന്‍ ചക്ക, മുത്തശ്ശിത്തൊലി, തൂങ്ങിയ കാത്, അട്ട, ഇറയത്തെ ചൂല്... എല്ലാരും ചെല്ലുന്നു മഴവില്ലിന്റെ വീട്ടില്‍. അവിടെ, അവസാനമില്ലാത്ത പൂര്‍ണ്ണതയില്‍ കോട്ടത്തിനു കാത്തുനില്‍ക്കുന്നവര്‍. മഴവില്ല്, നക്ഷത്രക്കുഞ്ഞുങ്ങള്‍, ചന്ദ്രക്കല ...എല്ലാരും നമിക്കുന്നു, അഴുക്കിനെ. ഇപ്പോള്‍, അഴകിന്റെ ലോകത്തില്‍ നിന്നുകൊണ്ട് ഭൂമിയെ ജീവന്റെ കാട്ടമെന്ന് അറിയുന്നവര്‍, അറിയുന്നു വാഴ്‌വിന്റെ പൊരുള്‍. വൃത്തിയെ കുറിച്ചുള്ള സങ്കല്പനങ്ങള്‍ക്ക് അധികാരവുമായി ഒഴിവാക്കാനാവാത്ത ബന്ധങ്ങളുണ്ട്. അധികാരവും നാഗരികതയും ഒത്തുചേരുന്ന ബന്ധങ്ങളാണിത്. നാഗരികത വൃത്തിയെ നിര്‍ബ്ബന്ധപൂര്‍വം പരിപാലിക്ക് ആദര്‍ശമാക്കുന്നു. ഇത് സൃഷ്ടിക്കുന്നതോ, മാലിന്യക്കൂനകളെ. ശസ്ത്രക്രിയാമുറി പോലെ പാചകം ചെയ്യാത്ത അടുക്കളയെ പരിപാലിക്കുന്നവര്‍, പൊതുസ്ഥലങ്ങളില്‍ ഉച്ഛിഷ്ടം കൊണ്ടു നിറയ്ക്കുന്നു. മീന്‍കുട്ടകള്‍ക്കും കരിമൂടിയ ചട്ടിക്കും കൂറത്തുണിക്കും വര്‍ഗപരമായ ചില മാനങ്ങളുമുണ്ട്. അഴകില്‍ ആകര്‍ഷിതരായി മഴവില്ലിന്റെ കൊട്ടാരത്തിലേക്ക് യാത്രപുറപ്പെടുന്ന ഇവര്‍,
മദ്ധ്യവര്‍ഗശീലങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയോ ആട്ടിത്തെളിക്കപ്പെടുകയോ ചെയ്യുന്ന നമ്മുടെ അടിസ്ഥാനജനവിഭാഗങ്ങളെ എങ്ങനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഈ ആകര്‍ഷണം മിഥ്യയെന്ന്, ആപത്ക്കരമെന്ന്, ഒരു മുന്നറിയിപ്പ്. വൃത്തിയെ അധീശത്വത്തിന്റെ മൂല്യബോധത്തിന്റെ ഭാഗമായി കണ്ടെത്തുന്ന ഒരു പ്രക്രിയ ഈ കവിതകളില്‍ സംഭവിക്കുന്നു.
വൃത്തി എന്ന ശീര്‍ഷകത്തില്‍ തന്നെ ഒരു കവിതയുണ്ട്, അനിതയുടേതായി.
'വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ'
വൃത്തി, പഴന്തുണി, പരൊഴുക്ക്, തുടച്ചെടുക്കല്‍... ഈ നാലുവരി കവിതയുടെ
ശീര്‍ഷകവും വാക്കുകളും ഉചിതമായി പരസ്പരം ഘടിപ്പിക്കപ്പെട്ടവയാണ്.
വാക്കുകളുടെ ഒഴിവാക്കാനാവാത്ത കൂടിച്ചേരലാണിത്.
പരന്നൊഴുകാന്‍ കൊതിക്കുന്ന ദ്രാവകമെന്ന രൂപകമാണ് സ്ത്രീക്ക്.
ഒഴുക്കാണ് തനതുഭാവം. ഇപ്പോള്‍. കുപ്പികളില്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു.
നിറച്ചിരിക്കുന്ന പാത്രത്തിന്റെ അതിര്‍ത്തികളില്‍ തന്മ തടയപ്പെട്ടിരിക്കുന്നു.
വളരെ സ്വാഭാവികമായ പ്രതികരണങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന
ദുരധികാരത്തിന്റെ പ്രയോഗത്തെ കുറിച്ചാണ് ഈ കവിതയില്‍ എഴുതപ്പെട്ടിരിക്കുന്നത്.
സദാചാരവും പുരുഷാധികാരവും ചേര്‍ന്ന് സ്ത്രീക്കു വിധിക്കുന്ന തടവ്.
യാദൃച്ഛികമായി തൂവിപ്പോകുന്നതിനെ പോലും ഒഴുകിപ്പരക്കാന്‍
അനുവദിക്കാത്ത പഴന്തുണി പുരുഷാധികാരത്തിന്റെ നിഷ്ഠൂരതയാണ്.
പഴയതാണത്.
യാഥാസ്ഥിതികം.
പുതുക്കാന്‍ കഴിയാത്തത്.
ഉപേക്ഷിക്കപ്പെടേണ്ടത്.
വൃത്തി എന്ന ശീര്‍ഷകം, വൃത്തിയേയും വെടുപ്പിനേയും കുറിച്ചുളള
നമ്മുടെ സങ്കല്പനങ്ങള്‍ക്ക് അധികാരവുമായുള്ള ബന്ധങ്ങളെ
നന്നായി വിവൃതമാക്കുന്നു.
വൃത്തി അധികാരത്തിന്റെ മൂര്‍ത്ത മുദ്രാവാക്യമായി
മാറിത്തീരുന്നതിനെ 'അടിച്ചുതളിക്കാര്‍' എന്ന കവിതയില്‍ വായിക്കാം.
"എന്തൊരു വൃത്തികേട്" എന്ന അധികാരത്തിന്റെ ഒച്ച നാം കേള്‍ക്കുന്നു.
സമരമാടങ്ങളുടെ മുറ്റങ്ങള്‍
അടിച്ചുവാരി തളിച്ച് വൃത്തിയാക്കുന്നവര്‍ പെരുകുന്നത് കാണുന്നു.
'മണ്ണ് തരിതരിയായി വൃത്തിയാവാന്‍ തുടങ്ങി'യെന്ന് കവി എഴുതുമ്പോള്‍
ആരാണ് മണ്ണില്‍ നിന്നും ഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകുതെന്ന് പെട്ടെന്നു ഗ്രഹിക്കാന്‍ കഴിയും.
അഴുക്കാണ്, അഴുക്കിന്റെ വര്‍ഗമാണ്, വാഴ്‌വിന്റെ പൊരുളാണ്,
അസ്തിത്വത്തിന്റെ അടിസ്ഥാനങ്ങളാണ് ഒഴിഞ്ഞുപോകുന്നത്.
ഉറപ്പിക്കപ്പെടുന്നത്, അഴകിന്റെ മിനുത്ത നിശബ്ദത.
പ്ളാസ്റ്റിക്ക്, മൃതിയില്ലാത്ത ജന്മങ്ങള്‍, അധികാരം, വൃത്തി.
അധികാരവ്യവസ്ഥ വൃത്തിയെ നിര്‍മ്മിച്ചെടുക്കുത് സര്‍ഗാത്മകതയുടെ നിഷേധത്തിലൂടെയാണെന്ന്, നാഗരികതയുടെ യാത്രകള്‍ സര്‍ഗാത്മകതയ്ക്ക് എതിര്‍ദിശയിലാകുന്നുവെന്ന്,
ഭൂമിയിലെ വാഴ്‌വിന് ഭീഷണിയാകുന്നുവെന്ന്
ഈ വാക്കുകള്‍ പറയുന്നുവോ?
ചെണ്ട മാസികയില്‍(ഡിസംബര്‍ 2012) എഴുതിയ
അനിതതമ്പിയുടെ കവിതകളെ കുറിച്ചുള്ള നിരൂപണത്തിലെ ഒരു ഭാഗം