Wednesday, September 10, 2025

പി രാമൻ - കവിതകളെ കുറിച്ച് എഴുതിയത്

 



                                     
മലയാളത്തിലെ പ്രധാനപ്പെട്ട കവികളിലൊരാളായ ശ്രീ പി. രാമൻ അദ്ദേഹത്തിന്‍റെ ബ്ലോഗിൽ അവസാനമായി എഴുതിച്ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ എന്നെ പരാമർശിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിച്ചു എന്ന് ആ ലേഖനത്തില്‍ ആരോപിക്കുന്നു. 'കനം' എന്ന അദ്ദേഹത്തിന്‍റെ പുസ്തകം പുറത്തിറങ്ങിയ സമയത്ത് 'കവിതാസംഗമം' മാസികയിൽ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.ഈ ലേഖനത്തെ ചൊല്ലി ഇതിനു മുമ്പു തന്നെ പി രാമൻ പല  പ്രസ്താവങ്ങൾ നടത്തിയിട്ടുള്ളതാണ്.


ഭാഷാപോഷിണിയിൽ വി കെ സുബൈദ ടീച്ചറുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തിൽ എന്‍റെ പേരു പറയാതെ 'യുജിസി പ്രൊഫസറും പ്രൊഫസറും സർവ്വോപരി നക്സലൈറ്റും ആയ ഒരാൾ' എന്നു വിശേഷിപ്പിച്ചു കൊണ്ട്  രാമന്‍ അവഹേളിക്കാന്‍ ശ്രമിച്ചിരുന്നു. അഭിമുഖസംഭാഷണം നടത്തിയ സുബൈദ ടീച്ചർക്കു പോലും ഇദ്ദേഹം ആരെയാണ് പരാമര്‍ശിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. പിന്നീടൊരിക്കൽ കൊടുങ്ങല്ലൂർ കെകെടിഎം കോളേജിൽ ഹിസ്റ്ററി വിഭാഗം നടത്തിയ ഒരു സെമിനാറിൽ പങ്കെടുക്കാൻ ഞാൻ അവിടെ ചെല്ലുമ്പോൾ സുബൈദ ടീച്ചറെ കണ്ട സന്ദർഭത്തിൽ ഞാന്‍ പറയുമ്പോഴാണ് ടീച്ചർക്ക് കാര്യങ്ങൾ മനസ്സിലാകുന്നത്. എന്തായാലും, അദ്ദേഹം ഉപയോഗിച്ച വിശേഷണങ്ങൾ പേരായി സ്വീകരിച്ചുകൊണ്ടു തന്നെ ഞാനൊരു പ്രതികരണം കത്തായി എഴുതുകയും അത് ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു വരികയും ചെയ്തിട്ടുള്ളതാണ്. ഇതു കൂടാതെ തന്നെയും ഈ വിഷയത്തിൽ, കവിതയും കവിതയുടെ നിരൂപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഞാൻ ഇതിനകം തന്നെ എന്‍റെ നിലപാടിനെക്കുറിച്ച് പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.
ജനശക്തി വാരികയിൽ 2015 ഡിസംബറില്‍ പി രാമന്‍റെ കവിതയെ കുറിച്ച് എഴുതിയ ഒരു ലേഖനത്തിൽ (''കവിത കൊണ്ട് പൂരിപ്പിക്കുന്നയിടങ്ങള്‍'') 'കനം' എന്ന പുസ്തകത്തെ കുറിച്ച് എഴുതിയ ലേഖനത്തെ പരാമർശിക്കുകയും എന്‍റെ നിലപാടിനെ
പുനഃ പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെയൊക്കയാണെങ്കിലും ഞാൻ അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഇപ്പോള്‍ ആദ്യമായാണ് ഉന്നയിക്കപ്പെടുന്നത്. അങ്ങനെയൊരു ആരോപണം ഇതേവരെ എന്‍റെ ശ്രദ്ധയില്‍ വന്നിരുന്നില്ല. ഇപ്പോൾ ബ്ലോഗിൽ എഴുതിയ ലേഖനത്തിലാണ് ആദ്യമായി ഈ ആരോപണം  കാണുന്നത്. നേരത്തെ സുബൈദ ടീച്ചറുമായി നടത്തിയ അഭിമുഖത്തിലോ പിന്നീട് എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ട കുറിപ്പുകളിലോ അങ്ങനെയൊരു ആരോപണം അദ്ദേഹം ഉന്നയിച്ചത് എനിക്ക് അറിവില്ല. എസ്. ജോസഫ് എഴുതിയ ഒരു ലേഖനത്തെ കുറിച്ചുള്ള പ്രതികരണത്തില്‍ ജോസഫ് അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിച്ചു എന്നു പറഞ്ഞ സന്ദർഭത്തിലും എന്‍റെ പേര് അദ്ദേഹം എവിടെയെങ്കിലും പരാമർശിക്കുകയുണ്ടായിട്ടില്ല.  ഇപ്പോൾ 24 വര്‍ഷത്തിനു ശേഷം ഉണ്ടായ വെളിപാടാണിത്. സുജിഷ് എന്ന  യുവകവി  രാമന്‍റെ 'മോക്ഷമന്ത്രം' എന്ന കവിതയെ കുറിച്ചെഴുതിയ വിമർശനങ്ങളുടെ തുടർച്ചയിലാണ് ഈ  വെളിപാട് വരുന്നതെന്ന് തോന്നുന്നു.

'കന'ത്തെ കുറിച്ച് ഞാൻ എഴുതിയ ലേഖനത്തിൽ അദ്ദേഹം  പരാമർശിക്കുന്ന ഭാഗങ്ങൾ ഇവയാണെന്നു തോന്നുന്നു. ''കവിതയിൽ ഇത്രയ്ക്ക് രസം നിറഞ്ഞത് വെണ്മണിക്കു ശേഷം ഇപ്പോഴാണ്. മുറുക്കിച്ചുവപ്പിച്ചൂം കുമ്പ തടവിയും പൂണൂല്‍ക്കെട്ട് പൊട്ടാതെ മെല്ലെ വലിച്ചു വീണ വായിച്ചും ഇത്തിരി ഇത്തിരി വീതം രസിക്കുക. രണ്ടുവരി, നാലുവരി,....12 വരി കവിതയരുത്.'' ഇവിടെ ഞാനെഴുതിയ ഒരു വാക്യവും ബ്രാഹ്മണനെയോ ബ്രാഹ്മണ്യത്തെയോ നേരിട്ടു പരാമർശിക്കുന്നതല്ല. മറിച്ച്, രാമന്‍റെ കവിത വെണ്മണികവിതയുടെ  മുക്തകപാരമ്പര്യത്തെ ഓർമിപ്പിക്കുന്നതാണെന്നു പറയുക മാത്രമാണ് ഞാൻ ചെയ്തത്. അന്നത്തെ കവിതയുടെ  ആസ്വാദ്യതയെയും രസനീയതയെയും കുറിച്ചുള്ള  സങ്കല്‍പ്പനങ്ങളെയും അതിന്‍റെ സമീപനങ്ങളെയും  പുനരാനയിക്കുന്നു എന്നു സൂചിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്.

ബ്രാഹ്മണ്യം എന്ന വാക്ക് ലേഖനത്തില്‍ ഉപയോഗിക്കുന്നില്ല. ബ്രാഹ്മണൻ എന്ന വാക്കും ഉപയോഗിക്കുന്നില്ല. മറ്റൊരിടത്ത് ബ്രഹ്മം എന്ന വാക്ക് വരുന്നുണ്ട്. അത് ഇവിടെയാണ്.
''നേതി, നേതി ....കവിത കവിതയാണ്. അറിഞ്ഞെന്നു ചൊല്ലുന്നവൻ ഇതിനെ തെല്ലും അറിഞ്ഞിട്ടില്ല. ഈ വിശുദ്ധിയെ നിർവ്വചിക്കാൻ നമ്മളാര് ? 916 ആലൂക്കാസ് സ്വർണ്ണത്തിന്‍റെ മേന്മയുടെ അളവാണ്. കവിതയുടേതല്ല. ആട്ടിൻകാട്ടം, ബ്രഹ്മം ... പര്യായപദങ്ങളെഴുതി ഈ കവിതയെ തോല്‍പ്പിക്കാമെന്നു കരുതുന്നവരെ കുറിച്ച് എനിക്കൊന്നും പറയാനില്ല''
ബ്രഹ്മത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഭാഗം എങ്ങനെ വന്നുവെന്ന്  'പുതിയ കവിത പിളരുന്നു' എന്ന എന്‍റെ' 'മാധ്യമം ആഴ്ചപതിപ്പി'ലെ ലേഖനത്തില്‍ രാമന്‍റെ കവിതയെ കുറിച്ചു പറയുന്നിടത്തു മനസ്സിലാകും. ആട്ടിന്‍കാട്ടം എന്‍റെ കല്‍പ്പനയല്ല. സച്ചിമാഷിന്‍റേതാണ്. അത് നല്ലൊരു വിമര്‍ശമായിരുന്നു.

2001 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്‍റെ ലേഖനം പകുതി പരിഹാസരൂപത്തിലും പകുതി ഗൗരവത്തിലും എഴുതപ്പെട്ട ഒരു ലേഖനമായിരുന്നു. ലേഖനത്തിന്‍റെ പ്രധാനപ്പെട്ട  വിഷയം ആ പുസ്തകത്തിന് കവി എഴുതിയ മുഖക്കുറിപ്പായിരുന്നു. ഇക്കാര്യത്തെ എന്‍റെ 'ജനശക്തി'യിലെ ലേഖനം കൂടുതല്‍ വിശദീകരിക്കുന്നതു കൊണ്ട് ഇവിടെ വീണ്ടും പറയുന്നില്ല.

2001 ഓഗസ്റ്റ് മാസത്തിൽ 'കവിതാസംഗമ'ത്തിന് ഒരു ഇന്‍ലന്‍ഡ് ലക്കം പുറത്തിറങ്ങുന്നുണ്ട്. അതിന്‍റെ  നാലിലൊന്നു ഭാഗത്തും  എന്‍റെ  ലേഖനത്തിനെതിരായ ഒരു പ്രതികരണമാണ്.  അത് എഴുതിയത് എം അഞ്ജലിയാണ്. മലയാളത്തിലെ പിന്നീടുള്ള
കവിതാവേദികളിലോ കവിതാചർച്ചകളിലോ ഇങ്ങനെയൊരാളെ ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അഞ്ജലിയുടെ വിമര്‍ശനവും ബ്രാഹ്മണ്യത്തെ ചൊല്ലിയായിരുന്നില്ല, ഞാന്‍ കവിതയിലെ സമരചരിത്രത്തെ കുറിച്ചു പറഞ്ഞതിനെ ചൊല്ലിയായിരുന്നു.

ഇപ്പോൾ, ഞാൻ അദ്ദേഹത്തെ ബ്രാഹ്മണനാക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കുകയും അദ്ദേഹത്തിന്‍റെ ജീവിതചരിത്രം എഴുതിക്കൊണ്ട് അതിനു മറുപടി പറയാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ  സ്വന്തം കവിതയെ പ്രതിരോധിക്കേണ്ടത് സ്വന്തം ജീവിതചരിത്രം കൊണ്ടാണെന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് ഞാൻ സന്ദേഹിക്കുന്നു. എസ്. ജോസഫുമായുള്ള ചര്‍ച്ചയിലും ഇതേ വാദമാണ് അദ്ദേഹം ഉന്നയിച്ചത്.

'കനം' ലേഖനവും പി രാമനെക്കുറിച്ച് എനിക്കു  പരാമർശിക്കേണ്ടി വന്നിട്ടുള്ള  ലേഖനങ്ങളിലെ ഭാഗങ്ങളും
രാമന്‍റെ കവിതയെക്കുറിച്ച് 'ജനശക്തി'യിൽ എഴുതിയ ലേഖനവും ഉൾപ്പെടെ ഇവിടെ എന്‍റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ്. യഥാർത്ഥത്തിൽ എന്താണ് ഞാൻ രാമന്‍റെ കവിതയെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് പൂര്‍ണ്ണമായും  മനസ്സിലാക്കാൻ  രാമന്‍റെയും എന്‍റെയും സുഹൃത്തുക്കള്‍ക്ക് ഇത് സഹായകമാവും.
******************************************************
("കവിതാസംഗമം" ലേഖനം )


ഇല്ലാത്തതിന്റെ കനം


ഇപ്പോള്‍, എല്ലാം ശുദ്ധീകരിക്കപ്പെടുന്ന നാളുകളല്ലോ. വംശശുദ്ധി വരുത്തുവാന്‍ ജനിതകപരീക്ഷണം വരെ നടക്കുന്നു. വിശുദ്ധമെന്നു കരുതിയതെല്ലാം അശുദ്ധമാക്കപ്പെട്ടിരിക്കുന്നുവെന്നു പ്രചരിപ്പിച്ചവര്‍ ലോകത്ത് സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും നിറക്കാന്‍ ശ്രമിച്ചവരെന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. കവിതയേയും ശുദ്ധി  ചെയ്‌തെടുക്കുകയാണ്. ശുദ്ധകവിത എന്ന ലേബലൊട്ടിച്ചു നല്കാന്‍ രാഷ്ട്രീയ കവിതയെ കുറിച്ച് വായ നിറയെ പറഞ്ഞവര്‍ തന്നെ മുന്നിലുണ്ട്. ഈ ശുദ്ധപാനീയത്തിന്റെ ഇളംമധുരം രുചിക്കുക! ലഹരിയില്‍ മുഴുകുക! പിന്നെ തുറന്ന ലോകത്തിന്റെ ഭോഗങ്ങളും ഉപഭോഗങ്ങളും ആഘോഷത്തോടെ സ്വീകരിക്കുക . ദീക്ഷ വിടരുത്; എത്ര വലിയ രോദനം കേട്ടാലും. ഇവിടെ കരച്ചില്‍ ഇല്ല. 


ഒരു മഴയും നേരെ നനയാത്തവന്റെ കാലത്താണ് നമ്മുടെ കവിത എത്തിനില്ക്കുന്നത്.  ഊത്താലടിയേറ്റവന്റെ അരസികത്വം മഴയോട് പകവീട്ടിത്തുടങ്ങിയിരിക്കുന്നു. കവിതയോടും. നാട്ടില്‍ മാത്രമല്ല; കാട്ടിലെത്തിയാലും ഇവര്‍ നിശ്ശബ്ദരാണ്. രാക്ഷസരൂപങ്ങള്‍ ജീവകണങ്ങള്‍ക്കു നേരെ വലിച്ചുവിടുന്ന അമ്പിനെ നേര്‍പാര്‍ത്താലും ദീക്ഷ വിടുകയില്ല. ധാര്‍മ്മികതയും അധാര്‍മ്മികതയും വ്യവച്ഛേദിക്കേണ്ടത് ഇവന്റെ കര്‍മ്മമല്ല. 


കവിതയില്‍ ഇത്രയ്ക്കു രസം നിറഞ്ഞത് വെണ്‍മണിക്കു ശേഷം ഇപ്പോഴാണ്. മുറുക്കിച്ചുവപ്പിച്ചും കുമ്പ തടവിയും പൂണൂല്‍ക്കെട്ട് പൊട്ടാതെ മെല്ലെ വലിച്ചു വീണ വായിച്ചും ഇത്തിരി ഇത്തിരി വീതം രസിക്കുക. രണ്ടുവരി , നാലുവരി.. പന്ത്രണ്ടുവരി കവിതയരുത്. 

       

ആഴമേ

നിന്റെ കാതലിലെങ്ങും 

മീനുകള്‍

കൊത്തുവേല ചെയ്യുന്നു (-)


എന്റെ കുടത്തില്‍ 

നിറയാന്‍

പുഴയ്‌ക്കൊരു പുഞ്ചിരി മാത്രം 

മതി. 

                    (അമ്മ)


ഞാന്‍ പിടിച്ച പടത്തിന് 

തീയിനാല്‍ ചട്ടമിട്ടു താ 

                  (ഫെബ്രുവരി)


അനുഭൂതി നിറച്ചുവെച്ച കാപ്‌സ്യൂളുകള്‍! വായനക്കാരനിലേക്ക് ലഹരി സംക്രമിക്കുന്നു; ചരസ്സടിച്ചവനെപ്പോലെ. കാര്‍ലോസ് കാസ്റ്റനിഡ നിര്‍ദ്ദേശിച്ച ശക്തിസസ്യങ്ങളുപയോഗിച്ച് ആത്മീയമായ ഉള്‍ക്കാഴ്ചകളിലേക്ക് നയിക്കപ്പെട്ട ഫ്രിറ്റ്‌ജോഫ് കാപ്ര കണികാഭൗതികത്തിന്റെ നേരറിഞ്ഞു. കാവ്യസത്യമറിയുവാന്‍ ഈ കാപ്‌സ്യൂളുകള്‍ ഭക്ഷിക്കുക ! 


കവിതയ്ക്കു കവിതയുടെ ഗുണം. അല്പമധുരം എന്നു പറഞ്ഞവര്‍ പോലും ഈ ഗുണസാകല്യമറിയുന്നില്ല. കവിതയെക്കുറിച്ച് അറിയാത്തവന്‍ സൗന്ദര്യത്തേയും അകാല്‍പ്പനികതയേയും കുറിച്ച് പറയുന്നു. നേതി, നേതി.. കവിത കവിതയാണ്. അറിഞ്ഞെന്നു ചൊല്ലുന്നവന്‍ ഇതിനെ തെല്ലും അറിഞ്ഞിട്ടില്ല. ഈ വിശുദ്ധിയെ  നിര്‍വ്വചിക്കാന്‍ നമ്മളാര്? 916- ആലുക്കാസ് സ്വര്‍ണ്ണത്തിന്റെ മേന്മയുടെ അളവാണ്. കവിതയുടേതല്ല. ആട്ടിന്‍കാട്ടം, ബ്രഹ്‌മം .. പര്യായപദങ്ങളെഴുതി കവിതയെ തോല്പിക്കാമെന്നു കരുതുന്നവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല.  ഇവയെല്ലാം വിഫലം. ഉറപ്പ്.


വായനക്കാരനോട് ഒരു വാക്ക്. മൃദുസ്‌മേരമാകാം. ഒരു ചെറിയ ഞെട്ടല്‍. പതുക്കെ ഒന്നു വിങ്ങുകയോ വിതുമ്പുകയോ ചെയ്യാം. മതി. മതി. കൂടുതല്‍ വികാരം കൊള്ളേണ്ട. രോഷം വേണ്ട. സന്തോഷവും സന്താപവും വേണ്ട. ഇത്രയും അനുവദിച്ചതു തന്നെ അധികം. ഇതു നിര്‍ഗുണ സത്ത. നിരാകാരമായിക്കൊണ്ടിരിക്കുന്നു! 


വഴിയെവിടെ?

വഴിയെവിടെ?

മുല്ലത്തറയ്ക്കുമേല്‍

വളളിക്കുരുന്നുകള്‍- 

ക്കൊക്കെയും സംഭ്രമം


പന്തലിട്ടില്ല, 

പടര്‍ത്തീലവയുടെ 

സംഭ്രമം നഷ്ട-

പ്പെടാതെ കാക്കുന്നു ഞാന്‍. 


എത്ര ശുദ്ധം. ലളിതമീയാഖ്യാനം. അത്ഭുതം കൂറുക! എന്നാല്‍, വഴിയേതെന്ന സംഭ്രമം ഒഴിഞ്ഞുപോകാതെ കാത്തുവയ്ക്കാന്‍ ശ്രമിക്കുന്നവന്‍ ചലനങ്ങള്‍ക്കു തടയിടുന്നവനാണ്. യാഥാസ്ഥിതികത്വം സ്വയം വരിച്ചവനാണ്. മാറാനുളള വിമുഖത, സംഭ്രമങ്ങളെ കാക്കാനുളള സൗമനസ്യം യാഥാസ്ഥിതികതയുടെ സംരക്ഷണമാണ്. 


കേരള കവിതയ്ക്ക് ഒരു ചരിത്രമുണ്ട്. ഇത്തിരിനേരത്തേക്ക് ഇക്കിളി പകരാനുളള കോപ്പൊരുക്കി നല്കുന്നതില്‍ നിന്നും വിടുതല്‍ നേടാന്‍ ശ്രമിക്കുന്ന സമരചരിത്രം. അനുഭൂതിയുടെ മണ്ഡലത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ ചരിത്രത്തെ ഈ കവിത മറയ്ക്കുന്നു. സമരപാഠങ്ങളെ പിന്നോട്ടു തളളാന്‍ യത്‌നിക്കുന്നു. എനിക്കു മുന്നില്‍ അടിമത്തവും മൃതിയും നടനമാടുമ്പോള്‍ താരങ്ങളുടെ ജ്വലനരഹസ്യത്തെക്കുറിച്ച് ഞാന്‍ എന്തിന് ആരായണമെന്ന അനാക്‌സിമെനിസിന്റെ പ്രാചീനമായ ചോദ്യത്തിനു മുന്നില്‍ അല്‍പ്പനേരമെങ്കിലും ഖിന്നനായി നില്‍ക്കാത്തവന്‍ മനീഷിയല്ല, കവിയുമല്ല, എത്രമാത്രം വിനയത്തോടെയെങ്കിലും; ധര്‍മ്മമൂല്യങ്ങളെ കുറിച്ച് എനിക്ക് ആധിയില്ലെന്ന് എഴുതാന്‍ തുനിയുന്നവനെ  ഭയപ്പെടണം. വിഷം അമൃതത്തിന്റെ രുചിയില്‍ ലഭ്യമാണ്. മഹത്തായതെല്ലാം ബൃഹത്തായതെല്ലാം കഴിഞ്ഞിട്ടേ ഞാന്‍ വന്നതെന്ന്, അതുകൊണ്ടിങ്ങനെയെന്നും കുമ്പസാരം. വലുതെന്നും നല്ലതെന്നും അംഗീകാരം കൊണ്ടവ കളളനാട്യങ്ങളെന്ന, അവയുടെ സമഗ്രത മിഥ്യയെന്ന തത്ത്വചിന്താസാരം ഉളളില്‍. 


കാര്യം രാഷ്ട്രീയമാണ്. എല്ലാ പടവും പൊഴിച്ചു ശുദ്ധമാകുന്ന കവിത രാഷ്ട്രീയമായ ഒരാവശ്യമായിരിക്കുന്നു. അധീശത്വത്തിന്.  പുറം ലോകം കാണുന്ന കവിത വേണ്ട. ജീവിതം കാണുന്ന കവിത വേണ്ട. ജനങ്ങളുടേയും പ്രകൃതിയുടേയും രാഷ്ട്രീയം പറയുന്ന കവിത വേണ്ട. പുത്തന്‍ കൊളോണിയലിസത്തിന്റെ മാപ്പുസാക്ഷികളില്‍ പി. രാമന്റെ കവിതയും ഉള്‍പ്പെടുന്നു.


************************************************************************************************

(:"പുതിയ കവിത പിളരുന്നു!" എന്ന ശീര്‍ഷകത്തില്‍ മാധ്യമം ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനത്തില്‍ പി.രാമനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍)

ജയമോഹന്റെ രാഷ്ട്രീയവും ദാര്‍ശനികവുമായ നിലപാടുകള്‍ അദ്ദേഹത്തിന്റെ അനുഭൂതിമണ്ഡലത്തെ സ്വാധീനിച്ചിട്ടുളളതായി കരുതാന്‍ പാടില്ല. ഇങ്ങനെ കേവലമായ ഒരു ആഖ്യാനത്തോട് നടത്തുന്ന പ്രതികരണമാണ് കാവ്യാസ്വാദനമെന്ന് ജയമോഹന്‍ പറയും. കവിത എന്ത് അനുഭൂതി ഉണ്ടാക്കി എന്നു മാത്രമേ പറയാനാവുകയുളളൂ. അനുഭൂതി നിറച്ചുവച്ച കാപ്‌സ്യൂളുകളെന്ന് പി.രാമന്റെ കവിതയെ കുറിച്ച് എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്. 


പുതിയ മലയാള കവിതയിലെ പിളര്‍പ്പ് സൃഷ്ടിക്കുന്ന ഒരുപാതി ജയമോഹന്റെ വീക്ഷണത്തെ ഏറിയും കുറഞ്ഞും സ്വീകരിക്കുന്നവരാണ്. ജയമോഹന്‍ തന്നെ തിരഞ്ഞെടുക്കുന്നതുപോലെ പി.രാമനും വീരാന്‍കുട്ടിയുമാണ് ഈ പാതിയെ ശരിയായി പ്രതിനിധാനം ചെയ്യുന്നവര്‍. ഇവരുടെ കവിതകള്‍ ക്രാഫ്റ്റിനെ മാത്രം മുഖ്യമായി കാണുന്നു. കവിത ഹ്രസ്വവും സൂക്ഷ്മവും ആയിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നു. സാമൂഹികവ്യവസ്ഥയോ സാമൂഹികപ്രശ്‌നങ്ങളോ കവിതയെ ബാധിക്കേണ്ടതില്ലെന്ന് ശഠിക്കുന്നു. എക്കാലത്തേയും ശുദ്ധകവിതകളുടെ വക്താക്കള്‍ മുറുകെ പിടിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണിവ. വീരാന്‍കുട്ടിയുടെ കുറേ കവിതകള്‍ ഈ പൊതുലക്ഷണങ്ങള്‍ക്ക് പുറത്താണ്.  എന്നാല്‍, രാമനെപ്പോലുളളവര്‍ കൂടുതല്‍ ചങ്കൂറ്റം കാണിക്കുന്നു. ധര്‍മ്മമൂല്യങ്ങളെ കുറിച്ച് തനിക്ക് ആകുലതകളില്ലെന്ന്, ധര്‍മ്മവും അധര്‍മ്മവും വേര്‍തിരിക്കുക തന്റെ കര്‍ത്തവ്യമല്ലെന്ന്, എല്ലാ മഹാപ്രസ്ഥാനങ്ങള്‍ക്കും ശേഷം കവിതയെഴുതാന്‍ നിയോഗിക്കപ്പെട്ടവന്റെ ചുമതലയാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നു തുറന്നു പറയുന്നു. ഇവയെ പിന്തുണക്കാനുതകും വിധം  ജയമോഹന്‍ എടുത്തുകാണിക്കുന്ന ഈ നൂറ്റാണ്ടിലെ പ്രശസ്തമായ വരികളെക്കൂടി ഒപ്പം വയ്ക്കുക. തത്ത്വശാസ്ത്രപ്രശ്‌നം എന്നൊന്നില്ല. ഉളളത് ഭാഷയുടെ പ്രശ്‌നമാണ്.  ചരിത്രരചന എന്നത് ഒരുതരം ചിത്രീകരണം മാത്രമാണ്. ഉത്തരാധുനികതയുടേയും നവചരിത്രവാദത്തിന്റേയും നിലപാടുകളാണിത്. ഒരുവശത്ത് കമ്പോളകലയെ മഹത്ത്വവത്കരിക്കുന്ന ഉത്തരാധുനികതയുടേയും നവചരിത്രവാദത്തിന്റേയും നിലപാടുകള്‍. മറുവശത്ത്; ഇവിടെ, അന്തര്‍മുഖതയുടെയും സമൂഹനിരാസത്തിന്റേയും സമീപനങ്ങള്‍ക്ക് ദാര്‍ശനികാടിസ്ഥാനം നിര്‍മിച്ചെടുക്കുന്നു. രാമന്റെ കവിതകള്‍ക്കെഴുതിയ വിമര്‍ശനക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കട്ടെ. എല്ലാ പടവും പൊഴിച്ച് ശുദ്ധമാകുന്ന കവിത രാഷ്ട്രീയമായ ഒരാവശ്യമായിരിക്കുന്നു. അധീശത്വത്തിന്. പുറം ലോകം കാണുന്ന കവിത വേണ്ട. ജനങ്ങളുടേയും പ്രകൃതിയുടേയും രാഷ്ട്രീയം പറയുന്ന കവിത വേണ്ട. 


പുതിയ മലയാള കവിതയിലെ പിളര്‍പ്പിന് ഉത്തരാധുനികത കൊണ്ടുവന്ന പ്രവണതകളോട് ഗാഢബന്ധമുണ്ട്. ഉത്തരാധുനികതയുടെ പ്രചുരപ്രചാരമായ പൊതുനിര്‍വ്വചനങ്ങളോട് പൊരുത്തപ്പെടാനാണോ പി.രാമന്‍ ശ്രമിക്കുന്നതെന്ന് സി.ആര്‍.പരമേശ്വരന്‍ സന്ദേഹിക്കുന്നുണ്ട്. അത് അങ്ങനെ തന്നെയെന്ന് എന്റെ വിമര്‍ശന കുറിപ്പില്‍ ഞാന്‍ പറഞ്ഞുവെച്ചിരുന്നു. പി.രാമനും അന്‍വര്‍ അലിയും കവിതക്ക് ഒരു ഇടത്തില്‍ നടത്തുന്ന സംഭാഷണം ഈ നിഗമനത്തെ ശരി വയ്ക്കുന്നതാണ്. ഉത്തരാധുനികതയുടെ കവികള്‍ എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇവരുടെ സംഭാഷണങ്ങളില്‍ പി.രാമന്റെ നിലപാടുകള്‍ ആധിപത്യസ്വഭാവം നേടുന്നത് കാണാവുന്നതാണ്. വലിയ വലിയ വിഷയങ്ങള്‍ പുതിയ കവിത സ്വീകരിക്കേണ്ടതില്ലെന്ന് ഇവര്‍ ഉറപ്പിക്കുന്നു. ഈ ഉറപ്പ് മഹാഖ്യാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന ദാര്‍ശനികമായ അടിത്തറയിലാണ് .(ഏകാന്തതയുടെ അമ്പതുവര്‍ഷങ്ങള്‍ എഴുതിയ അന്‍വര്‍ അലി ഇപ്പോള്‍ തന്നെ തട്ടകത്തിനു പുറത്താകുന്നു.)….. .. ..

ജയമോഹനെപ്പോലെതന്നെ സി.ആര്‍.പരമേശ്വരനും പുതിയ കവിതകളുടെ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയത് രാമന്റെ കവിതകളെയാണ്. രാമന്റെ രംഗപ്രവേശം ഒരു പ്രകൃതിനിയമമായി അദ്ദേഹം കാണുന്നു. ഏതു വരള്‍ച്ചയിലും സര്‍ഗാത്മകത ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ പുഷ്പിക്കാമെന്ന പ്രകൃതിയുടെ ഉറപ്പിന്റെ ഉദാഹരണമായി., കാല്‍നൂറ്റാണ്ടിന്നിടയില്‍ മലയാളത്തിലുണ്ടായ മികച്ച സമാഹാരങ്ങളിലൊന്ന്, നാം കാത്തിരുന്ന കവിതകള്‍ എന്നിങ്ങനെ സാമാന്യപ്രസ്താവനകള്‍ക്കപ്പുറത്ത് പി.രാമന്റെ കവിതകളുടെ മെച്ചങ്ങളെ എടുത്തുകാണിക്കാനോ വിശദീകരിക്കാനോ സി.ആര്‍.പരമേശ്വരനു കഴിയുന്നില്ല. (രാമന്റെ കവിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അദ്ദേഹത്തിനു വിസ്തരിക്കാന്‍ കഴിയുന്നുണ്ടുതാനും.) വിശദീകരണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വഴങ്ങാത്ത ബ്രഹ്‌മഗുണം കാവ്യഗുണമായി രാമന്റെ കവിതകളിലുണ്ടാകണം. മികച്ച കവിതകള്‍ ഉണ്ടാക്കുന്ന ചിന്തകള്‍ പലപ്പോഴും അവ്യക്തമായിരിക്കുമെന്ന ജയമോഹന്റെ നിലപാടിനെ സി.ആര്‍.പരമേശ്വരനും പങ്കുവയ്ക്കുന്നതുകൊണ്ടുമാകാം. കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഏറെ സംസാരിച്ചിട്ടുളള പരമേശ്വരന്‍, കവിതകള്‍ക്കു പകരാനുളളത് അവ്യക്തതകളും കുഴങ്ങിയ അവസ്ഥകളുമാണെന്ന് ധരിച്ചു തുടങ്ങിയിരിക്കുന്നു. പരമേശ്വരന്‍ ഭാഗികമായെങ്കിലും ജയമോഹന്റെ അടുത്തയാളാണ്. പുതിയ കവിതയില്‍ ദര്‍ശനം മൂക്കാത്തതിനെക്കുറിച്ച് പരമേശ്വരന് പറയേണ്ടിവരുന്ന കാര്യങ്ങള്‍ പഴയ ജന്മത്തിന്‍റെ 

ശേഷിപ്പുകളാണ്. ഇപ്പോള്‍, അത് അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ വിടവുകളെ കാണിച്ചുതരുന്നതിനാണ് ഉപകരിക്കപ്പെടുന്നത്.


*******************************************************************************************

(പി.പി.രാമചന്ദ്രന്റെ കവിതകളെ കുറിച്ച് തോര്‍ച്ച മാസികയില്‍ എഴുതിയ കുറിപ്പില്‍ പി രാമനെ കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉണ്ട്. (തോര്‍ച്ച ഒക്‌ടോ-നവം 2009))


സുഹൃദ്   കവിയായ രാമനെ കുറിച്ച് രാമചന്ദ്രന്‍ ഒരു കവിതയെഴുതിയിട്ടുണ്ട്. കവിക്ക് സുഹൃദ്   കവി  ഒരു കാര്‍മുകില്‍ക്കീറ്. നിറയെ വര്‍ഷം കൊണ്ടുവരുന്നവന്‍. വടക്കിനിയില്‍  തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്നവന്‍. സുഹൃത്തിന്റെ സന്ദര്‍ശനത്തില്‍ കുളിര്‍ന്ന് കവിതയുടെ വിത്തു കാത്ത് രാമചന്ദ്രന്‍. പ്രിയതമക്ക് പുഴയില്‍ മുങ്ങിക്കുളിച്ചപോലെ തെളിച്ചം. കൊച്ചുമകള്‍ക്ക് വെളളത്തില്‍ കളിക്കപ്പലൊഴുക്കുന്നതിന്റെ സന്തോഷം. വീട്ടിനുള്ളിലേവര്‍ക്കും ഇവന്‍ കുളിരു പെയ്യുന്നു.                                                    '         ''എത്തിയില്ല കാലവര്‍ഷം

                        അപ്പൊഴുമെന്‍ നാട്ടില്‍ 

                        മുറ്റമിപ്പോഴും വരണ്ടു

                        വിണ്ടു കിടക്കുന്നു.

                        കെട്ടിനില്പാണുള്ളിലെന്നാല്‍

                        വൃഷ്ടി തന്‍ സമൃദ്ധി ''  

ഈ വര്‍ഷസമൃദ്ധി രാമന്റെ കവിതകള്‍ക്കു നല്കുന്ന വലിയൊരു പ്രശംസയാണ്. പി.രാമനെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാത്ത സഹൃദയര്‍ വിമര്‍ശിക്കപ്പെടുന്നു. വരണ്ടു കിടക്കുന്ന മുറ്റം എന്ന കല്പന കാവ്യാസ്വാദകര്‍ക്കു നേരെ നീളുന്ന വിമര്‍ശനം കൂടിയാണ്. ഈ കാവ്യവര്‍ഷമേല്‍ക്കാന്‍ നാടും മുറ്റവും പാകമായില്ലെന്ന് പറയുന്നു. സഹൃദയനില്ലാത്ത കാലത്തു പിറക്കുന്ന രാമന്റെ കവിത തെറ്റായ കാലത്തു പെയ്യുന്ന മഴയായി പോകുന്നു. പി.രാമന്റെ കവിതകളെ കുറിച്ചുള്ള ഒരു വിമര്‍ശനമായി കൂടി ഈ വാക്കുകളെ വായിച്ചെടുക്കാം. രാമന്റെ കേവലമായ സമൂഹനിരാസസങ്കല്പനങ്ങളോടുള്ള വിമര്‍ശനം ഈ വരികളിലുണ്ടെന്നു പറയാവുന്നതാണ്. ഇടശ്ശേരിയേയും വൈലോപ്പിള്ളിയേയും തന്റെ സമകാലികനായ പി.രാമനേയും കുറിച്ചു പറഞ്ഞു കൊണ്ട് സമകാലകവിതയിലെ തന്റെ സ്ഥാനവും കാവ്യാദര്‍ശവും തന്റെ ആദ്യ സമാഹാരത്തിലൂടെ തന്നെ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.


വാക്ക് കുടുങ്ങി കവി മരിക്കുന്നതും ഔന്നത്യങ്ങളും ബലിഷ്ഠതകളും വാക്കു വാക്കായി സ്ഥലം വിട്ട് പുല്ലില്ലാക്കളം രൂപം കൊളളുന്നതും പി.രാമന്‍ കാണുന്നു.

*************************************************************************************************

("ജനശക്തി" യിൽ പ്രസിദ്ധീകരിച്ച ലേഖനം )

കവിത കൊണ്ടു മാത്രം പൂരിപ്പിക്കുന്നയിടങ്ങള്‍

വി.വിജയകുമാര്‍





‘കനം’ എന്ന ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയപ്പോള്‍, പി. രാമന്റെ കവിതകളെ പരാമര്‍ശിക്കുന്ന ചില കുറിപ്പുകള്‍ ഞാന്‍ എഴുതുകയുണ്ടായി. കവിതാസംഗമം മാസികയില്‍ അതിനെ കുറിച്ച ഒരു വിമര്‍ശം എഴുതി. ഖണ്ഡനവിമര്‍ശം എന്നു പറയാവുന്നത്. പരിഹാസമായിരുന്നു അതില്‍ മുന്നിട്ടു നിന്നത്. കവിതയെ ചൂണ്ടിയായിരുന്നു വിമര്‍ശമെങ്കിലും എനിക്കു പ്രകോപനമായത് കാവ്യസമാഹാരത്തിന് കവി എഴുതി ചേര്‍ത്ത മുഖമൊഴിയായിരുന്നു. അതില്‍ ഇങ്ങനെ വായിക്കാം. “...മൂല്യങ്ങളിലോ മൂല്യനിരാസങ്ങളിലോ മുഴുകുന്ന ഈ സമീപനരീതി എന്നെ ചെടിപ്പിച്ചിട്ടുണ്ട്. ധര്‍മ്മമൂല്യങ്ങളെ കുറിച്ച് ആധി കൊള്ളാത്ത ഒരു തലമുറയുടെ പ്രതിനിധി ആയതു കൊണ്ടു കൂടിയാവാം. ധാര്‍മ്മിക ഊന്നലുകളില്ലാതെ കവിതയെഴുതാന്‍ ഞാനിഷ്ടപ്പെടുന്നത്.’’ പ്രധാനമായും ഈ വാക്കുകളോട് കലഹിച്ചു കൊണ്ടാണ് ഞാന്‍ എഴുതിയത്. ഇങ്ങനെയൊരു മനോഭാവവുമായി കവിതയെ സമീപിക്കുന്ന ഒരാളുടെ രചനകളെ, നിലനില്ക്കുന്ന ബാഹ്യയാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചു പരിശോധിക്കാന്‍ ഞാന്‍ ശ്രമിച്ചു. കവിതാസംഗമത്തിലെഴുതിയ കുറിപ്പിലെ ചില വാക്കുകള്‍ കവിയെ പ്രകോപിപ്പിച്ചുവെന്നാണ് പിന്നീടുണ്ടായ അസഹിഷ്ണുത നിറഞ്ഞ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. എന്റെ വിമര്‍ശത്തിലെ ചില വാക്യങ്ങള്‍ ഇങ്ങനെ:   

“ഇപ്പോള്‍, എല്ലാം ശുദ്ധീകരിക്കപ്പെടുന്ന നാളുകളല്ലോ. വംശശുദ്ധി വരുത്തുവാന്‍ ജനിതകപരീക്ഷണം വരെ നടക്കുന്നു...കവിതയേയും ശുദ്ധി  ചെയ്‌തെടുക്കുകയാണ്.’’  

“ധാര്‍മ്മികതയും അധാര്‍മ്മികതയും വ്യവച്ഛേദിക്കേണ്ടത് ഇവന്റെ കര്‍മ്മമല്ല... വിഷം അമൃതത്തിന്റെ രുചിയില്‍ ലഭ്യമാണ്... മഹത്തായതെല്ലാം ബൃഹത്തായതെല്ലാം കഴിഞ്ഞിട്ടേ ഞാന്‍ വന്നതെന്ന്, അതുകൊണ്ടിങ്ങനെയെന്നും കുമ്പസാരം. വലുതെന്നും നല്ലതെന്നും അംഗീകാരം കൊണ്ടവ കളളനാട്യങ്ങളെന്ന,അവയുടെ സമഗ്രത മിഥ്യയെന്ന തത്ത്വചിന്താസാരം ഉള്ളില്‍’’. 


തുടര്‍ന്ന്, മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തില്‍ രാമന്റെ കവിതകളെ കുറിച്ചു പിന്നെയും എഴുതേണ്ടി വരുന്നുണ്ട്. ആ ലേഖനത്തിനും കാരണമായതും നമ്മുടെ കവിയുടെ ചില ഇടപെടലുകളാണെന്നു പറയണം. ഇവിടെ പറഞ്ഞു കഴിഞ്ഞ മുഖമൊഴിയും രാമനും അന്‍വര്‍ അലിയും കവിതക്ക് ഒരു ഇടത്തില്‍ നടത്തിയ സംഭാഷണവും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. പുതിയ മലയാളകവിത ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണെന്നും ഈ പിളര്‍പ്പിന്റെ മൂലസ്രോതസ്സുകള്‍ പഴയവ തന്നെയാണെന്നും ഞാന്‍ എഴുതി. ഈ പിളര്‍പ്പിന് ഉത്തരാധുനികത കൊണ്ടുവന്ന പ്രവണതകളോട് ഗാഢബന്ധമുണ്ടെന്നു പറഞ്ഞു. ഉത്തരാധുനികതയുടെ പ്രചുരപ്രചാരം നേടിയ പൊതുനിര്‍വ്വചനങ്ങളോട് പൊരുത്തപ്പെടാനാണോ പി.രാമന്‍ ശ്രമിക്കുന്നതെന്ന സി.ആര്‍.പരമേശ്വരന്റെ സന്ദേഹത്തോട്  യോജിച്ചു. എന്നാല്‍,  ശുദ്ധകവിതയുടെ ഗണങ്ങള്‍ ഉപയോഗിച്ച് രാമന്റെ രംഗപ്രവേശത്തെ ഒരു പ്രകൃതിനിയമമായി കാണുന്ന അദ്ദേഹത്തിന്റെ  സമീപനത്തെ വിമര്‍ശിച്ചു. മഹാഖ്യാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന ദാര്‍ശനികമായ അടിത്തറയിലാണ് വലിയ വിഷയങ്ങള്‍ പുതിയ കവിത സ്വീകരിക്കേണ്ടതില്ലെന്ന് ചിലര്‍ ഉറപ്പിക്കുന്നതെന്നു പറഞ്ഞു. കര്‍ത്തൃകേന്ദ്ര സങ്കല്പനങ്ങള്‍ കൊഴിഞ്ഞുപോകുന്ന കാലത്ത് കവിതയില്‍ ശില്പകേന്ദ്രവും പ്രമേയ കേന്ദ്രവും നിലനില്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നതിനെ കുറിച്ചു സൂചിപ്പിച്ചു. സ്വത്വത്തെയും അനന്യതയെയും കുറിച്ചുളള ഉത്തരാധുനികപഠനങ്ങളും ഗ്രന്ഥകാരന്റെ മരണം, എഴുത്തുകാരനില്ലാത്ത പുസ്തകം തുടങ്ങിയ സങ്കല്പനങ്ങളും  ഇവരുടെ സമീപനങ്ങളെ ത്വരിപ്പിക്കുന്നതിനെ കുറിച്ചാരാഞ്ഞു. 

പലപ്പോഴും അസഹിഷ്ണുതയോടെ സ്വീകരിക്കപ്പെട്ട എന്റെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സംഗതമാണോയെന്ന് ആലോചിക്കാവുന്നതാണ്. കഴിഞ്ഞ ദശകത്തില്‍ സജീവമായിരുന്ന ഉത്തരാധുനികതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ക്ഷീണിതാവസ്ഥയിലാണ്. ഉത്തരാധുനികതയുടെ അനുലോമവും പ്രതിലോമവുമായ വശങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നു വേണം കരുതാന്‍, ചില തീവ്രവാദികളൊഴികെ. ഉത്തരാധുനികതയുടെ പൊതുനിര്‍വ്വചനങ്ങളില്‍ തളഞ്ഞു കിടക്കാന്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ല. മുദ്രാവാക്യസമാനമായ രചനകളിലേക്കു നിപതിച്ചേക്കാമെന്ന അപകടത്തെ ആദ്യം മനസ്സിലാക്കിയത് സര്‍ഗാത്മകരചനകളിലേര്‍പ്പെടുന്ന എഴുത്തുകാരാണെന്നു പറയണം. പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും സത്താവിരുദ്ധമായ ദര്‍ശനത്തെ രൂപപ്പെടുത്തുന്നതിലും ഉത്തരാധുനികത വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്. എന്നാല്‍, അതു മുറുകെപ്പിടിക്കുന്ന ആപേക്ഷികവാദം കാര്യങ്ങളെ വ്യവച്ഛേദിച്ചറിയാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും പ്രയോഗത്തിന്റെ മണ്ഡലത്തില്‍ പ്രതിലോമകാരികള്‍ക്ക് ത്വരകമായിത്തീരുകയും ചെയ്യുന്നു. ഉത്തരാധുനികതയെ കഠിനഹൃദയം കൊണ്ട് വികലനം ചെയ്ത എന്റെ സമീപനങ്ങള്‍ ഈ വിവേചനശേഷിക്കൊപ്പം മാറിത്തീര്‍ന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ കരുതുന്നത്. കൂടുതല്‍ സന്തുലിതമായ രീതിയില്‍ പ്രശ്‌നങ്ങളെ നോക്കിക്കാണാന്‍ ഇതു സഹായകമാകും. 


ഉത്തരാധുനികതയുടെ ദര്‍ശനം രാമന്റെ കവിതകളെ സ്വാധീനിക്കുന്നതിനെ കുറിച്ചു ഞാന്‍ എഴുതിയ വിമര്‍ശങ്ങള്‍ അപ്രസക്തമായിരുന്നില്ല; സി.ആര്‍. പരമേശ്വരന്റേതെന്ന പോലെ മറ്റിടങ്ങളില്‍ നിന്നും ഇതരരൂപങ്ങളില്‍ ആ വിമര്‍ശം ഉയര്‍ന്നിരുന്നു. പി. രാമന്റെ കാവ്യാദര്‍ശത്തെ കുറിച്ചുള്ള എന്റെ വിമര്‍ശത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, പിന്നീട് പുറത്തിറങ്ങിയ 'തുരുമ്പ്' എന്ന കവിതാസമാഹാരത്തിന്നെഴുതിയ പഠനത്തില്‍ വി.കെ.സുബൈദ ഇങ്ങനെ പറയുന്നുണ്ട്. '...മൂല്യങ്ങളിലോ മൂല്യനിരാസങ്ങളിലോ മുഴുകുന്ന എണ്ണൂറു വര്‍ഷത്തെ കവിതാപാരമ്പര്യം തന്നെ ചെടിപ്പിച്ചു എന്നു രാമന്‍ പറഞ്ഞത് സംശയത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ...ധാര്‍മ്മിക അധാര്‍മ്മികതകളെ മറികടക്കുന്നുണ്ടോ അവ മൂല്യാമൂല്യനിരപേക്ഷമാണോ എന്നുള്ള ചോദ്യങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്  കവിത കൊണ്ടു മാത്രം പൂരിപ്പിക്കേണ്ട ശൂന്യതകളില്‍ അവ നിറയുന്നു.'  മറ്റൊരൂ രീതിയിലും പറയാം. രാമന്‍ കനം എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുതിച്ചേര്‍ത്ത കാവ്യാദര്‍ശത്തില്‍ നിന്നും മാറിയാണ് അദ്ദേഹത്തിന്റെ കവിത സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതൊരു ധര്‍മ്മയുദ്ധത്തില്‍ പങ്കാളിയാകുന്ന കവിതയാണ്. ഈ ധര്‍മ്മയുദ്ധമാകട്ടെ, രാഷ്ട്രീയത്തിലും തത്ത്വചിന്തയിലും ഭൗതികശാസ്ത്രത്തിലുമെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്ന യുദ്ധങ്ങളെ ത്വരിപ്പിക്കുന്നതാണ്. 


കവിത കൊണ്ടു പൂരിപ്പിക്കുന്നയിടങ്ങള്‍ എന്ന പരികല്പന തന്നെ കവിതയിലെ വാക്കിന്റെ ഭാവത്തെ സ്ഥിരീകരിക്കുന്നതാണ്. വാക്ക് ഒരു കണ്ണിയാണ്. ഞാനും നീയും തമ്മില്‍. നമ്മളും അപരവും തമ്മില്‍. മാനവികവ്യവഹാരങ്ങളുടെ എല്ലാ ലോകങ്ങളെയും ബന്ധിപ്പിക്കുകയും നിലനില്ക്കാനും തുടരാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാനധാതുവാണത്. വിനിമയമാണതിന്റെ മുഖ്യധര്‍മ്മം. വിനിമയങ്ങള്‍ക്കിടയില്‍ അതിന്റെ അര്‍ത്ഥം കെട്ടുപോകാം. അര്‍ത്ഥലോപം സംഭവിക്കാം. അതു പുതുക്കപ്പെടേണ്ടതുണ്ട്. ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നവരില്‍ പ്രമുഖ സ്ഥാനത്തു നില്ക്കുന്നവരാണ് കവികള്‍. അവര്‍ വാക്കിന്റെ അര്‍ത്ഥങ്ങളെ നവീകരിച്ചു കൊണ്ടിരിക്കുന്നു വിപുലമാക്കി കൊണ്ടിരിക്കുന്നു. ഒരിടത്തു സ്ഥിതമാകാതെ പിന്നെയും പിന്നെയും തള്ളി മാറ്റിക്കൊണ്ടിരിക്കുന്നു. വാക്ക് - നിരന്തരം മാറിക്കൊണ്ടിരിക്കുന്നത്, വിപുലമായി കൊണ്ടിരിക്കുന്നത്, അതു സ്ഥിതമാകരുത്. നില്ക്കുന്നത് ജീര്‍ണ്ണിക്കുന്നു. അതുകൊണ്ട് വാക്ക് എപ്പോഴും ചരിക്കുന്നു. പി. രാമന്റെ കവിതയില്‍ രചനകളില്‍ വാക്കിനെ കുറിച്ചുള്ള ആധികള്‍ നിറയുന്നു. ജീവിതത്തില്‍ വചനവും പ്രവൃത്തിയും തമ്മിലുളള അകലങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, വാക്കിന് അര്‍ത്ഥശോഷണം വരുന്നു. വാക്ക് വലിയ പരീക്ഷണഘട്ടങ്ങളെ നേരിടുന്നത് കവി കാണുന്നു വാക്കിനെ കുറിച്ച് ആകുലനാകാത്തവന്‍ കവിയല്ല. വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥം പകരുവാന്‍ നമ്മുടെ കവി യത്‌നിക്കുന്നു. വാക്കിന്റെ സമകാലത്തെ അറിയുക മാത്രമല്ല; വാക്ക് പുതിയ അര്‍ത്ഥങ്ങളോടെ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു. കവിതയ്ക്ക് ഇതേവരെ അപരിചിതമായ വാക്കുകളെ കൂട്ടിക്കൊണ്ടുവരുന്നു. വാക്ക് കുടുങ്ങി കവി മരിക്കുന്നതും ഔന്നത്യങ്ങളും ബലിഷ്ഠതകളും വാക്കുവാക്കായി സ്ഥലം വിട്ട് പുല്ലില്ലാക്കളം രൂപം കൊള്ളുന്നതും പി.രാമന്‍ കാണുന്നു. കവിതയ്ക്ക് അപ്രാപ്യമായിരുന്ന നാമരൂപങ്ങള്‍ കാവ്യവിഷയങ്ങളായി കടന്നുവരുന്നു. കുഞ്ഞ് ആദ്യമായി ഉച്ചരിക്കുന്ന വാക്കുകളെ കുറിച്ചിടാന്‍ ആഗ്രഹിക്കുന്ന കവിയെ രാമനില്‍ നാം കാണുന്നു. അതായിരിക്കണമല്ലോ കവിതയെന്നു നിനയ്ക്കുന്നു. കവി അത്ഭുതം കൂറുന്നു, ഏറെ നേരമായി ഒരൊറ്റ വാക്കുമായി തനിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ട്. ഏത് അരിപ്പയിലൂടെയാണ് ഈ വാക്കിനെ കുഞ്ഞ് അരിച്ചെടുത്തത്? അപ്പു ഓടുന്ന വഴിയില്‍ പാമ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കവിത വിഷം തീണ്ടി മരിക്കുമെന്നറിയുന്നു. അപ്പു ഓടുന്ന വഴിയില്‍ നിന്നും പാമ്പുകള്‍ മറഞ്ഞു പോകുന്നു.  


~ഒരു കൂറയുടെ അനക്കത്തില്‍ രാമന്‍ കവിത കാണുന്നു. ഇതാണു കവിതയെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. തളത്തിലെ തറയിലൂടെ എന്നും രാത്രി ഒന്നേകാലിന് കൂറ ഉലാത്തി കൊണ്ടിരിക്കുന്നു. അതിന്റെ തഴക്കം കണ്ട് എന്നും സഞ്ചരിക്കുന്നത് ഒരേ കൂറ തന്നെയെന്നു നിനയ്ക്കുന്നു. തളത്തില്‍ നടക്കുന്ന ഈ സഞ്ചാരത്തിന്റെ അത്ഭുതത്തെ കവി പങ്കിടുന്നു. ഈ മഹാത്ഭുതങ്ങളറിയാതെ നമ്മളെല്ലാവരും തളത്തിലൂടെ നടക്കുന്നു, അത് അടിച്ചുവാരുകയും തുടച്ചു വൃത്തിയാക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ ഏതു കണികയിലും ജീവിതത്തിലെ ഏതു നിമിഷത്തിലും കവിത കണ്ടെത്തുന്ന കവനവിദ്യയാണിത്. നിസ്സാരമെന്നു ഗണിക്കുന്നതൊന്നും നിസ്സാരമല്ലെന്ന് ഈ കവി പറയും. നിസ്സാരമായിട്ടൊന്നുമില്ലെന്നും. നിസ്സാരമെന്നു ഗണിക്കുന്നവയെ കുറിച്ച് അത്ഭുതം കൂറേണ്ട മുഹൂര്‍ത്തങ്ങള്‍ ആഗതമാകുമെന്ന് ഈ കവിക്കറിയാം. കവിതയില്ലാത്തതായി ഒന്നുമില്ലെന്നു നമ്മോടു മെല്ലെ മെല്ലെ പറഞ്ഞു തരുന്ന കവിയായി രാമന്‍ മാറിത്തീരുന്നു. വല്ലപ്പോഴുമാണ് എഴുതുന്നതെങ്കിലും, എഴുതിയ കവിത തിരുകി വയ്‌ക്കേണ്ട മൂലകള്‍ അനന്തമാണ്. മറ്റൊരു രീതിയില്‍, മാറാല എന്ന കവിതയില്‍ പരിചയപ്പെട്ട കാര്യമാണിത്. തന്റെ അസ്തിത്വം അംഗീകരിച്ചതിന് മാറാല മനുഷ്യനെ അഭിവാദ്യം ചെയ്യുന്നു. മൂന്നക്ഷരം കൊണ്ട് അതിനെ വിളിച്ചുവല്ലോ. എങ്കിലും നിസ്സാരമെന്നു നാം വിഗണിക്കുന്നത്, നമ്മെ അഭിനന്ദിക്കുന്നത് എന്താണു പഠിപ്പിക്കുന്നതെന്നു കൂടി രാമന്‍ എഴുതുന്നു. ഏതു തുച്ഛാവസ്ഥയിലും മഹാലോകങ്ങള്‍ കുടികൊള്ളുന്നുവെന്നതിന്റെ, ബൃഹത്‌ലോകങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുവെന്നതിന്റെ തെളിവായി കവി മാറാലയെ മനസ്സിലാക്കുന്നു. 

നിറവിനെ കുറിച്ചൊരു സ്വപ്നം    

ഭിത്തികള്‍ക്കിടയിലും സാദ്ധ്യമാണ് 

കട്ടിലിന്നടിയിലും സാദ്ധ്യമാണ്  


ഋണാത്മകത ധനാത്മകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അസത്യം സത്യത്തെ മനസ്സിലാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അസത്യം സത്യത്തിന്നടുത്തു നില്ക്കുന്നതാണെന്നു കവി എഴുതുമ്പോള്‍ വൈരുദ്ധ്യാത്മകതയുടെ അര്‍ത്ഥം തെളിഞ്ഞു വരുന്നു. ഈ പ്രപഞ്ചത്തില്‍ നിരര്‍ത്ഥകമായിട്ടൊന്നുമില്ലെന്ന വിവേകമാണിത്. ചീത്തയെന്നും തിന്മയെന്നും വിവക്ഷിക്കപ്പെടുന്നവയില്‍ പോലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജീവിതോമുഖമായ അര്‍ത്ഥങ്ങള്‍ ധ്വനിക്കുന്നുണ്ട്, ഇവിടെ. എല്ലാ വ്യവച്ഛേദങ്ങളേയും വ്യത്യസ്തതകളേയും അപ്രസക്തമാക്കുന്നത്, ഒരുമിച്ചിരിക്കുന്നതു നമ്മളില്‍ പ്രവര്‍ത്തിക്കേണം. കവിക്ക് ആറാം ഇന്ദ്രിയമുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടു ഗ്രഹിക്കാനാകാത്തതും ഈ ഇന്ദ്രിയം ഗ്രഹിക്കുന്നു. ആറാം ഇന്ദ്രിയത്തെ സദാ ഊര്‍ജ്ജസ്വലമാക്കുന്ന കവി പഞ്ചേന്ദ്രിയങ്ങളേയും ചലിപ്പിക്കുന്നു. രാമന്റെ ചൊല്ലലിലൂടെ വാക്കുകള്‍ പുഷ്പിക്കുകയും പുതിയ അര്‍ത്ഥങ്ങള്‍ നേടുകയും ചെയ്യുന്നു. അത് ലോകത്തെ നിര്‍മ്മിച്ചിരിക്കുന്ന അടുക്കുകളെ മാറ്റിത്തീര്‍ത്ത് പുതിയ രൂപത്തില്‍ അടുക്കുന്നു. ആ ശബ്ദം പുതിയ ലോകത്തെ സൃഷ്ടിക്കുന്നു. കവിത ചൊല്ലുമ്പോള്‍ വാക്കുകള്‍ നിങ്ങളെ സ്പര്‍ശിച്ചു കടന്നുപോകുന്നു. നാവില്‍ മധുരമോ കയ്‌പോ ചമര്‍പ്പോ കിളിര്‍ക്കുന്നു. കണ്ണുകളാണ് കാണാനുള്ള ഇന്ദ്രിയങ്ങളെന്ന ധാരണയെ രാമന്‍ പൊളിച്ചെഴുതുന്നു. വാക്കുകള്‍ കൊണ്ടാണു കാണേണ്ടത്. കവി വാക്കുകളിലൂടെ കാഴ്ചയെ തരുന്നു. ചിത്രകലയെക്കാള്‍ ഉയര്‍ന്ന നിലയില്‍ കാവ്യകല കാഴ്ചയുടെ കലയാകുന്നു, രാമന്റെ കവിതയില്‍. മുഖഭാവങ്ങളിലൂടെയും വാക്കിനു നല്കുന്ന ഉചിതമായ ഊന്നലിലൂടെയും കാഴ്ചയുറച്ചുവോയെന്നും വാക്ക് നന്നായി കേട്ടുവോയെന്നും സഹൃദയനോടു സംവദിക്കുന്ന കവിയെ രാമന്റെ കവിത ചൊല്ലലില്‍ കാണാം. പൊള്ളിക്കുന്ന താപത്തിന്നെതിരെ ഉണര്‍ന്നിരിക്കാനുള്ള ജാഗ്രതയെ എഴുതുന്ന കവിതയില്‍ പൊള്ളലിനെ അതിജീവനത്തിനുള്ള ആയുധമാക്കുന്ന അമ്മൂമ്മയെ കവി ആവിഷ്‌ക്കരിക്കുന്നു. 

സൂര്യന്‍ ഉണക്കിസ്സൂക്ഷിക്കുന്ന ഗ്രാമത്തില്‍

ചാണകം മെഴുകിയ മുറ്റത്ത് 

ഉണക്കാനിട്ട കൊണ്ടാട്ടത്തിന് 

ഉച്ചമയക്കത്തെയാട്ടിയോടിച്ച് 

കാവലിരിക്കുന്നു 

ഒരമ്മൂമ്മ.

ഉറക്കെ വായിക്കുമ്പോള്‍ ഒരു പൂര്‍ണ്ണചിത്രത്തിന്റെ അസാധാരണമായ കാഴ്ച കിട്ടുന്നില്ലേ നിങ്ങള്‍ക്ക്?

കവിത കാഴ്ചയുടേയും കലയാകുന്നു. 


എഴുത്തച്ഛനെന്ന ജലപ്രാണിയുടെ എഴുത്തിലാണു തുടങ്ങുന്നതെങ്കിലും ധ്വനിക്കുന്നത് നമ്മുടെ കാലത്തെ എഴുത്താണ്. ജലപ്രാണി ജലത്തിലെഴുതേണ്ടതാണ്. ജലമെന്നു കരുതിയാണ് എഴുതുന്നത്. മൊസൈക്കിട്ടു മിന്നുന്ന അപാരസ്ഥലത്ത് എഴുതുന്നു. ഈ അപാരസ്ഥലം അപരസ്ഥലവുമാകാം! എഴുതുന്ന ഇടം തെറ്റിപ്പോകുന്നതിലെ ഖേദം എഴുത്തിനെ കുറിച്ചുള്ള ഖേദമാണ്. എഴുതേണ്ടാത്തിടത്ത് തെറ്റായി എഴുതുകയാണോ, നമ്മളെല്ലാവരും? ഇത് ഒന്നും ആവിഷ്‌ക്കരിക്കാന്‍ കഴിയാത്തവന്റെ ദു:ഖത്തിന്റെ തുടര്‍ച്ചയാണ്. ആവിഷ്‌ക്കാരം അപരസ്ഥലത്താകുന്ന ഖേദം. ഇത് ഉള്ളില്‍ തീയില്ലാത്തവന്റെ ആവിഷ്‌ക്കാരം. ഉള്ളിലുള്ള ചെറുതീ ഒളിച്ചുവെയ്ക്കുന്നവന്റെ ആവിഷ്‌ക്കാരം. 


പുറപ്പാട് എന്ന കവിത കുഞ്ഞിനോട് ജീവിതത്തിന്റെ സത്യം പറയാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ അറിയാനല്ല, അലച്ചിലുകള്‍ക്കൊടുവില്‍ അത് എവിടെ തുടങ്ങിയെന്ന് അന്വേഷിക്കുമ്പോള്‍ അറിയാന്‍ ഇപ്പോഴേ എഴുതുകയാണ്. അച്ഛനിലോ അമ്മയിലോ അല്ല അവന്റെ യാത്രകള്‍ ആരംഭിച്ചത്, മടുപ്പിലാണ് എല്ലാ പുറപ്പെട്ടിറക്കങ്ങളും തുടങ്ങുന്നത്. നിന്റെ യാത്രയുടെ ആരംഭം നിന്റെ മടുപ്പിലാണ്, നിന്റെ വിരസതയിലാണ്. 


പി. രാമന്റെ കവിതയില്‍ ശുദ്ധകവിതയ്ക്കു വേണ്ടിയുള്ള അന്വേഷണമുണ്ട്. കവിത കൊണ്ടു പൂരിപ്പിക്കുന്നയിടങ്ങളെ രാമന്‍ തിരയുന്നുവെന്ന് വി.കെ.സുബൈദ പറയുന്നതില്‍ ഇതു കൂടിയുണ്ട്. എന്നാല്‍, ജീവിതത്തെ ഉപേക്ഷിച്ചു കൊണ്ടല്ല, ഈ തിരച്ചില്‍. ജീവിതവും കവിതയും തമ്മിലുള്ള ബന്ധം സങ്കീര്‍ണ്ണമായ തലങ്ങളിലെത്തുന്നു. എങ്കിലും, ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളിലും കവിത നിറഞ്ഞിരിക്കുന്നുവെന്ന് രാമന്‍ കരുതുന്നു. സിദ്ധിയും സാധനയുമുള്ള പ്രതിഭാശാലികള്‍ക്കു അതു കണ്ടെത്താന്‍ കഴിയും. കഴിക്കരുതാഞ്ഞിട്ടും അമ്മ വിളമ്പി തന്ന കൈപ്പുണ്യം അലിഞ്ഞു ചേര്‍ന്ന ഉപ്പിലിട്ടതിനേയും വയറു നിറഞ്ഞിട്ടും തീറ്റിച്ച രണ്ടു ദോശയേയും കുറിച്ചു പറയുമ്പോള്‍ അതു കവിതയാകുന്നത് നാം അറിയുന്നു. അന്തി മായുന്നതിന്റേയും ഇരുട്ടു കനക്കുന്നതിന്റേയും ദു:ഖം നിറഞ്ഞു നില്ക്കുന്ന അവസാനത്തെ ബസ്സിനെ കുറിച്ചെഴുതുമ്പോഴും കവിത ജനിക്കുന്നു. പി.രാമന്‍ കവിയാകുന്നത് ഇങ്ങനെയാണ്. എന്നാല്‍, ഈ പ്രവര്‍ത്തനത്തെ ഒരു അബദ്ധത്തിലേക്കു വലിച്ചു നീട്ടി പൊട്ടിക്കാം. ആപേക്ഷികവാദത്തിന്റെ പരമകാഷ്ഠ പോലെ. പ്രതിഭാശാലി കണ്ടെത്തുകയും ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന കവിതയെ വായിക്കുകയും ചൊല്ലുകയും ആസ്വദിക്കുകയും ചെയ്യുന്ന സഹൃദയര്‍, അയാള്‍ തിരഞ്ഞെടുത്ത കവിതയുടെ മൂലകങ്ങളെ മാത്രമേ മനസ്സിലാക്കുന്നുള്ളൂവെന്നു കരുതുന്നത് അവിവേകമായിരിക്കും. കവി കാണുകയും അറിയുകയും ചെയ്തവയില്‍ അയാളുടെ എഴുത്തു നിക്ഷേപിക്കുന്ന ഇതര മൂലകങ്ങളെ സഹൃദയനു കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഗ്രന്ഥകാരന്റെ മരണത്തെ കുറിച്ചെഴുതിയ ബാര്‍ഥ് ഓരോ വായനയിലും സംഭവിക്കുന്ന പുന:സൃഷ്ടിയിലൂടെ എഴുത്ത് സഹൃദയന്റെ രചനയായി മാറിത്തീരുന്നതിനെ കുറിച്ചു കൂടിയാണല്ലോ പറയുന്നത്. കവിതയുടെ ശുദ്ധിയെ കുറിച്ചുള്ള വാദങ്ങള്‍ പൊളിയുന്ന ഇടമാണിത്. എന്നാല്‍, ശുദ്ധിയെ കുറിച്ചുള്ള പഴയ സങ്കല്പനങ്ങളെ വിമര്‍ശിക്കുന്ന വരികള്‍ ഇപ്പോള്‍ രാമന്റെ കവിതയില്‍  പ്രത്യക്ഷപ്പെടുന്നു. ശുദ്ധത്തില്‍ നിഷ്ഠ വച്ചവരുടടെ മുഖം ഇരുട്ടു മൂടി വേറിട്ടറിയാതായിരിക്കുന്നുവെന്ന് കവിവാക്യം. വാക്കിനോടും കവിതയോടും ദൂരെ നില്ക്കുന്ന നായിനോടും അവര്‍ അകറ്റി നിര്‍ത്തിയ മനുഷ്യരിലേക്ക് അവരെ അടുപ്പിക്കാന്‍ കവി പറയുന്നു. 

അവര്‍ ഇരുട്ടല്ലാതാവട്ടെ

അവര്‍ക്കു രൂപമുണ്ടാകട്ടെ

അവര്‍ പാകിയ തീണ്ടാപ്പാടകലം 

ലോകത്തിനും എനിക്കുമിടയില്‍ 

പൊട്ടിത്തെറിക്കാതെ നിര്‍വീര്യമാവട്ടെ. 


പ്രപഞ്ചം സ്വയം വെളിപ്പെടുത്തുന്നത് രണ്ടു രൂപങ്ങളിലാണ് - ദ്രവ്യത്തിന്റേയും ഊര്‍ജ്ജത്തിന്റേയും രൂപങ്ങള്‍. ഇവ പരസ്പരം മാറ്റപ്പെടാവുന്നവയാണ്. ദ്രവ്യവും ഊര്‍ജ്ജവും തുടര്‍ച്ചകളോടെയാണ് നമ്മുടെ മുന്നില്‍ പ്രത്യക്ഷമാകുന്നതെങ്കിലും അവ സൂക്ഷ്മരൂപങ്ങളില്‍ ഇടര്‍ച്ചകളുടേതാണ്. ജീവിതത്തിന്റെ മൂലരൂപങ്ങളില്‍ ഇടര്‍ച്ചകളുണ്ടെങ്കിലും അതിന്റെ തുടര്‍ച്ച നമ്മുടെ പ്രത്യക്ഷമാണെന്ന് വിപുലപ്പെടുത്തി പറയാം. സൂക്ഷ്മത്തിലെ ഇടര്‍ച്ചകളിലാണ് പി. രാമന്റെ കവിതാവ്യാപാരങ്ങള്‍ നടക്കുന്നത്. കാട്ടിലെത്തിയാല്‍ നിശബ്ദനാകുന്ന കൂട്ടുകാരനൊപ്പമേ രാമന്‍ പോകൂ. കവിതയിലെത്തിയാല്‍ വാക്ക് നിശബ്ദതയോട് അടുത്തിരിക്കണം. വേണമെങ്കില്‍ കവിതയെ ശീര്‍ഷകത്തില്‍ മാത്രമാക്കി ഒതുക്കാം. രാമന്റെ ചില കവിതകള്‍ ശീര്‍ഷകമില്ലെങ്കില്‍ സംവദിക്കുന്നവയല്ല. ശീര്‍ഷകമാണ് കവിതയെ കൊണ്ടുവരുന്നത്. ഗൗരവം, കവിത, മാറാല എന്നീ വാക്കുകളാണ് കവിതകളായി മാറുന്നത്. ചിലവയ്ക്ക് ശീര്‍ഷകങ്ങള്‍ വേണ്ട.

ആഴമേ 

നിന്റെ കാതലിലെങ്ങും 

മീനുകള്‍ കൊത്തുവേല ചെയ്യുന്നു. 

എന്ന ശീര്‍ഷകമില്ലാത്ത കവിതയെ തര്‍ക്കോവ്‌സ്‌ക്കിയുടെ Sculpting in time എന്ന പുസ്തകശീര്‍ഷകത്തില്‍ ഇതരരൂപത്തില്‍ വായിക്കാമല്ലോ? ഇടര്‍ന്നു നില്ക്കുന്നവയില്‍, അടിസ്ഥാനമൂലകങ്ങളില്‍ നിന്നു തന്നെ കവിത രൂപമെടുക്കുന്നു. സൂക്ഷ്മം സ്ഥൂലത്തിലേക്ക് വ്യത്യസ്ത ഭാവഹാദികളോടെ മാറിത്തീരുന്നത് എങ്ങനെയാണെന്ന ചോദ്യം ശാസ്ത്രത്തെ മഥിക്കുന്ന പ്രശ്‌നമായി തീര്‍ന്നിട്ടുണ്ട്. സാഹിത്യവും കവിതയും ഈ വഴികളിലും കണ്ണു പായിക്കേണ്ടതല്ലേ?  സ്ഥൂലത്തിന്റെ തുടര്‍ച്ചകളിലേക്ക് രാമന്റെ കവിതയുടെ കണ്ണു നീങ്ങുന്നതേയില്ല. രാമന്‍ ബൃഹത് ആഖ്യാനങ്ങള്‍ എഴുതണമെന്നു പറയുകയല്ല. ജീവിതത്തിന്റെ വിശാലതലങ്ങളെ പൂര്‍ണ്ണമായും വിഗണിച്ചു കൊണ്ട് ഒരു കവിക്ക് എത്രമാത്രം മുന്നോട്ടു നടക്കാനാകും? അത് മറ്റൊരു ന്യൂനീകരണമല്ലേ?






 





Wednesday, January 24, 2024

ശാസ്ത്രം ഏകമാണോ? ശാസ്ത്രാവബോധത്തിന്റെ ലക്ഷണം ഏകത്വമാണോ?

 


രവിചന്ദ്രന്റെ ശിഷ്യന്മാർ പ്രചരിപ്പിക്കുന്ന ശാസ്ത്രാവബോധം എന്താണെന്ന് അറിയണമെങ്കിൽ  ഈ വിഡിയോയിൽ പറയുന്ന വാക്കുകൾ കേട്ടാൽ മതിയാകും. ഏക രാഷ്ട്രം, ഏക തെരഞ്ഞെടുപ്പ്,  ഏകഭാഷ, ഏക ഭക്ഷണം, ഏക വേഷം എന്നെല്ലാം സംഘപരിവാറും നരേന്ദ്രമോദിയും പറയുന്ന പോലെ ഇവർ ശാസ്ത്രം ഏകമാണെന്നു പറയുന്നു. ശാസ്ത്രാവബോധത്തിന്റെ ലക്ഷണം ഈ ഏകത്വത്തിലാണെന്നു പറയുന്നു. അതിലേക്കു നമ്മളൊന്നും അടുത്ത കാലത്ത് വളരില്ലെന്നും
പറയുന്നു. ശാസ്ത്രത്തെ കുറിച്ച് എത്രയും പരിമിതമായ, സങ്കുചിതമായ ധാരണകളാണ് ഇവർ പുലർത്തുന്നത് എന്ന കാര്യം തന്നെ അത്ഭുതകരമാണ്. ഇവരാണ്, കേരളത്തിൽ ശാസ്ത്രപ്രചാരകരായി പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം ലജ്ജാകരവുമാണ്.

ശാസ്ത്രം ഏകമാണോ? ശാസ്ത്രത്തിനുള്ളത് ഏക രീതിശാസ്ത്രമാണോ?
ഐൻസ്റ്റൈന്റെ വളരെ പ്രശസ്തമായ ഒരു വാക്യമുണ്ട്.
 

"He (Scientist)must appear to the systematic epistemologist
as a type of unscrupulous opportunist.."

 

വ്യവസ്ഥാനുസൃതമായി പ്രവർത്തിക്കുന്ന ഒരു ജ്ഞാനശാസ്ത്രകാരനു മുന്നിൽ
ശാസ്ത്രജ്ഞൻ ആദർശരഹിതനായ, എന്തും ചെയ്യാൻ മടിയില്ലാത്ത
ഒരു അവസരവാദിയായിരിക്കുമെന്നാണ് ഐൻസ്റ്റൈൻ പറയുന്നത്.
അത്രമേൽ വിപുലമായ തോതിൽ ബഹുലതയെ (ഏകത്വത്തെയല്ല)
ആശ്രയിച്ചുകൊണ്ടാണ് ശാസ്‌ത്രം പ്രവർത്തിക്കുന്നത്. അതിന്റെ
സർഗാത്മകതയുടെ കാരണവും ബഹുലതയിലുള്ള അതിന്റെ താല്പര്യമാണ്.
ഗതികസിദ്ധാന്തത്തിൽ, അണുവിനെ ബില്ലാർഡ് പന്തായി സങ്കൽപ്പിക്കുന്ന
ഭൗതികശാസ്ത്രത്തിനു ഹൈഡ്രജന്റെ വർണ്ണരാജി വിശദീകരിക്കാൻ
സൗരയൂഥമാതൃകയെ സ്വീകരിക്കാൻ കഴിയും.
ക്വാണ്ടംഭൗതികത്തിൽ അണുവിനു തരംഗമായി മാറാൻ കഴിയും.
ഏകവിശദീകരണമാതൃകയെ മാത്രമേ ശാസ്‌ത്രം സ്വീകരിക്കുകയുള്ളുവെങ്കിൽ
അതിനു നവീകരിക്കാനോ പുതിയ കണ്ടെത്തലുകളിലേക്കു നീങ്ങുവാനോ
കഴിയുമായിരുന്നില്ല എന്നതാണ് വാസ്തവം.

ഒരു ഭൗതികശാസ്ത്രസിദ്ധാന്തത്തെ രൂപപ്പെടുത്തുന്നതില്‍ നിരീക്ഷണവിധേയമാകാവുന്ന
ഭൗതിക അളവുകളെ മാത്രം ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്
ആപേക്ഷികസിദ്ധാന്തത്തിന്റെ രൂപീകരണത്തിന്നിടയില്‍ ഐന്‍സ്റ്റൈന്‍ ഊന്നിപ്പറഞ്ഞിരുന്നു.
ക്വാണ്ടംഭൗതികത്തിന്റെ രൂപീകരണകാലത്ത് 
ഹൈസന്‍ബര്‍ഗ്  ഐന്‍സ്റ്റൈനുമായി
കണ്ടുമുട്ടിയപ്പോള്‍,  ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഹൈസന്‍ബര്‍ഗ്
ഇങ്ങനെ ചോദിക്കുന്നു "കേവല സമയം നിരീക്ഷണസാദ്ധ്യമല്ലെന്നതിനാല്‍ അതിനെക്കുറിച്ചു പറയുന്നത് അനുവദനീയമല്ലെന്നാണല്ലോ താങ്കള്‍ ആപേക്ഷികസിദ്ധാന്തത്തിലൂടെ വാദിക്കുന്നത്."
"നിരീക്ഷിക്കപ്പെടുന്ന രാശികളെ മാത്രം ആധാരമാക്കിക്കൊണ്ട് ഒരു സിദ്ധാന്തം രൂപീകരിക്കുവാന്‍ശ്രമിക്കുന്നത് പൂര്‍ണ്ണമായും അബദ്ധമായിരിക്കു" മെന്നാണ് ഹൈസന്‍ബര്‍ഗിന്റെ ചോദ്യത്തില്‍ വിസ്മയാധീനനായഐന്‍സ്റ്റൈന്‍ പ്രതിവചിച്ചത്. ''നമുക്ക് എന്തിനെയാണ് നിരീക്ഷിക്കാന്‍ കഴിയുന്നതെന്ന് നിശ്ചയിക്കുന്നത് നാം ഉപയോഗിക്കുന്ന സിദ്ധാന്തമാണ്." ഐന്‍സ്റ്റൈന്റെ
ഈ വാക്കുകളാണ്, നിരീക്ഷണവ്യൂഹത്തിന്റെ 'ഭൗതികരാശികളില്‍ ക്വാണ്ടം ബലതന്ത്രസിദ്ധാന്തങ്ങള്‍  എന്തെങ്കിലും നിര്‍ബന്ധഉപാധികള്‍ നിര്‍ദ്ദേശിക്കുന്നുണ്ടോ' എന്നു ചിന്തിക്കാന്‍ ഹൈസന്‍ ബര്‍ഗിനെ പ്രേരിപ്പിച്ചത്. സവിശേഷആപേക്ഷികസിദ്ധാന്തത്തിന്റെ രൂപീകരണത്തിന് താൻ  ഉപയോഗിച്ച
മാർഗ്ഗത്തിൽ ഉറച്ചുനിൽക്കണമെന്നു
ഹൈസന്‍ബര്‍ഗിനോട്  ഐന്‍സ്റ്റൈന്‍ പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ, ഹൈസന്‍ബര്‍ഗിനു അനിശ്ചിതത്വസിദ്ധാന്തം രൂപീകരിക്കാൻ കഴിയുമായിരുന്നുവോ എന്നു പോലും ആലോചിക്കാവുന്നതാണ്.

Healingനെ കുറിച്ച് ഒരു സിദ്ധാന്തവും രൂപീകരിച്ചിട്ടില്ലാത്ത,
ഉപയോഗിക്കുന്ന ഔഷധങ്ങളുടെ പ്രയോജനമൂല്യത്തിലും
ആധുനികഭൗതികത്തിന്റെ സാങ്കേതികശേഷികളിലും ഊന്നി  പ്രവർത്തിക്കുന്ന വൈദ്യശാസ്ത്രത്തെ മുൻനിർത്തി ശാസ്ത്രാവബോധത്തെ കുറിച്ചു ചർച്ച ചെയ്യുന്നതു തന്നെ എത്രമാത്രം ഗുണകരമാണ് !!

ഇപ്പോഴും സന്ദിഗ്ദ്ധമായ നിലയിലാണെങ്കിലും സ്ട്രിംഗ് തിയറിയിലൂടെ  
ഏകപ്രപഞ്ചം എന്ന  സങ്കൽപ്പനത്തിൽ നിന്നു  പോലും മാറി
ബഹുപ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കുന്ന കാലത്താണ്, ആധുനികശാസ്ത്രം.

Friday, January 12, 2024

എം.ടിയുടെ പ്രസംഗത്തെ കുറിച്ചു തന്നെ.

 


എം.ടിയുടെ പ്രസംഗത്തെ കുറിച്ചു തന്നെ. മിക്കപ്പോഴും നിശബ്ദരായിരിക്കുന്നവര്‍ ശബ്ദിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കും. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനത്തിലോ ഫെബ്രുവരി തുടക്കത്തിലോ നാസി ജര്‍മ്മനിയുടെ ഗതി ഇന്ത്യക്കു വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.ടി. തന്റെ പ്രസംഗത്തിലൂടെ പറഞ്ഞിരുന്നു. അതിന് ഇത്രയേറെ പ്രചാരം ലഭിച്ചില്ല. ഹിന്ദുത്വ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയെയും വിമര്‍ശിക്കുന്ന വാക്കുകള്‍ക്ക് പ്രചാരം നല്‍കാന്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്കു വലിയ താല്‍പ്പര്യമില്ല. മാദ്ധ്യമങ്ങള്‍ മിക്കവാറും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചൊല്‍പ്പടിയിലാണ്. അതു പറയുന്നതും ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുകയാണ് മാദ്ധ്യമങ്ങളുടെ ധര്‍മ്മം എന്ന സ്ഥിതിയാണ്. അതുകൊണ്ട് എം.ടിയുടെ വാക്കുകള്‍ക്കു വലിയ പ്രചാരം ലഭിക്കുകയുണ്ടായില്ല. ഇപ്പോള്‍, എം.ടിയുടെ വിമര്‍ശനം കേരളസര്‍ക്കാരിനെയും പിണറായി വിജയനെയും ഊന്നിയാണെന്നതു കൊണ്ട് അതിനു വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നു. തങ്ങളുടെ വോട്ടുരാഷ്ട്രീയത്തിനു കൂടി ത്വരകമായേക്കാമെന്ന് ഹിന്ദുത്വമീഡിയ കൂടി കരുതുന്നതിനാല്‍ ഈ പ്രസംഗത്തിനു ലഭിച്ച പ്രാധാന്യത്തില്‍ അത്ഭുതത്തിന് അവകാശമില്ല! മാദ്ധ്യമങ്ങളാണ് എല്ലാ കാര്യങ്ങളേയും പൊലിപ്പിക്കുന്നത്. കേരളസമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണത്തിന് ഏറ്റവും വലിയ കാരണക്കാര്‍ മാദ്ധ്യമങ്ങളാണെന്ന സക്കറിയയുടെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. പിണറായി വിജയനേയും കേരള സര്‍ക്കാരിനേയും കൊട്ടാനുള്ള  അവസരമായി ഇതിനെ മാറ്റാന്‍ കഴിയുമോയെന്ന്, മോദിരാഷ്ട്രീയത്തിനു സഹായകമാക്കാന്‍ കഴിയുമോയെന്ന അന്വേഷണത്തിലായിരിക്കണം ഹിന്ദുത്വ മീഡിയ മുഴുകിയിരിക്കുന്നത്.

    എം.ടി തന്റെ പ്രസംഗത്തില്‍ ഊന്നിയിരിക്കുന്നത് കേരളസര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയുമാണ്. ജയരാജന്മാര്‍ക്കൊഴികെ ആര്‍ക്കും പെട്ടെന്നു മനസ്സിലാകുന്ന കാര്യമാണത്. സോവിയറ്റ് യൂണിയനിലെ സംഭവവികാസങ്ങളേയും അതിനോടുള്ള ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും പ്രതികരണങ്ങളേയും ഉദ്ധരിക്കുന്നത്, കേരളത്തിലെ ആദ്യത്തെ സര്‍ക്കാരിനെ പരാമര്‍ശിക്കുന്നത്, ഇഎംഎസ് വ്യക്തിപൂജക്കോ അധികാരമോഹങ്ങള്‍ക്കോ കീഴ്‌പ്പെട്ടിരുന്നില്ലെന്നു പറയുന്നത് ... ഇവയെല്ലാം എം.ടി ഉന്നം വയ്ക്കുന്നത് കേരളത്തിലെ സര്‍ക്കാരിനെയാണെന്ന് നന്നായി ബോദ്ധ്യപ്പെടുത്തുന്നുണ്ട്. 'കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച് എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകഥയായി മാറുന്നു. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുകയാണ്' എം.ടിയുടെ വാക്കുകള്‍ ആവശ്യമായിരുന്നു. ധൂര്‍ത്തും സ്വജനപക്ഷപാതവും വ്യക്തിപൂജയും അധികാരഗര്‍വ്വും ഭരണത്തെ മൂടിക്കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ തിരുത്തണമെന്ന് ആവശ്യപ്പെടുന്ന വാക്കുകള്‍ സാര്‍ത്ഥകമായ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. കഥാകാരനും കവിയുമായ കരുണാകരന്‍ എഴുതുന്നതു പോലെ പിണറായി വിജയനു വേണ്ടി മാത്രമല്ല, സദസ്സിലുണ്ടായിരുന്ന സച്ചിദാനന്ദനും മുകുന്ദനും കൂടി വേണ്ടിയാണ് എം.ടി. ഈ വാക്കുകള്‍ പറഞ്ഞത്.'എന്നാല്‍, ഈ വാക്കുകള്‍ ഇതിന്നകം മാറ്റാരെങ്കിലും പറയാതിരുന്ന വാക്കുകളല്ല. എം.ടിയുടെ ടോണിലല്ലെങ്കിലും ചിന്തകനായ ബി.രാജീവനും കവിയായ കെ.ജി.എസും കഥാകാരിയായ സാറാജോസഫും നിരന്തരമെന്നോണം തങ്ങള്‍ക്കു ലഭ്യമാകുന്ന വേദികളില്‍ ഇതു പറയുന്നുണ്ട്. നിരവധിയെന്നോണം സാധാരണക്കാരായ മനുഷ്യര്‍ സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഇതു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പലപ്പോഴും നിശബ്ദമായിരിക്കുന്നയാള്‍ ശബ്ദിച്ചുവെന്നതു കൊണ്ടോ മാദ്ധ്യമങ്ങളുടെ ഇതര താല്‍പ്പര്യങ്ങള്‍ കൊണ്ടോ മാത്രമല്ല എം.ടിയുടെ ശബ്ദം കൂടുതല്‍ പ്രാധാന്യം നേടിയത്. കെ.ജി.എസിനോ രാജീവനോ സാറാജോസഫിനോ ഇല്ലാത്ത സാംസ്‌കാരികരംഗത്തെ അധികാരം എം.ടിക്കുള്ളതു കൊണ്ടു കൂടിയാണ് ഇതു സംഭവിക്കുന്നത്. ലഭ്യമായേക്കാവുന്ന മിക്കവാറും എല്ലാ പുരസ്‌കാരങ്ങളും നേടിക്കഴിഞ്ഞ, എല്ലാ മാധ്യമമുതലാളിമാരും പണക്കൊഴുപ്പിന്റെ സിനിമാലോകവും മത്സരിച്ച് ആദരിച്ചു കൊണ്ടിരിക്കുന്ന സാംസ്‌കാരികാധികാരത്തില്‍ നിന്നുകൊണ്ടു കൂടിയാണ് കേരളത്തിലെ ഇടതുസര്‍ക്കാരിനെ എം.ടി വിമര്‍ശിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നത്. ജാതി, സാഹിത്യം,സിനിമ തുടങ്ങിയ മേഖലകളില്‍ നിന്നും ആര്‍ജ്ജിച്ച സാമൂഹിക, സാംസ്‌കാരികമൂലധനത്തില്‍ നിന്നുകൊണ്ടാണ് എം.ടി ഇതു നിര്‍വ്വഹിക്കുന്നത്. അങ്ങനെയാകുമ്പോള്‍ മാത്രമേ സാമൂഹികമായ പ്രാധാന്യം ലഭിക്കുകയുള്ളൂവെന്നത് നമ്മുടെ സാമൂഹികാവബോധത്തിന്റെ
പരിമിതിയെ കാണിക്കുന്നതുമാണ്. ഈ പരിമിതിക്കിടയിലും എം.ടിയുടെ വിമര്‍ശനം പ്രധാനമാണ്.
കേരളത്തിന്റെ ജനാധിപത്യ പൊതുമണ്ഡലത്തിന്റെ വികാസത്തിന് ഇത്തരം വിമര്‍ശനങ്ങള്‍ ആവശ്യമുണ്ട്.

    പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പല തലങ്ങളിലും വിമര്‍ശിക്കപ്പെടേണ്ടതാണ്. ആദ്യം വിമര്‍ശിക്കേണ്ടത് മോദിയുടെ ഹിന്ദുത്വസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ അതു കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ പേരിലാണ്. യു.എ.പി.എ നടപ്പിലാക്കുക എന്നത് സി.പി.എം എന്ന പാര്‍ട്ടിയുടെയോ അതിന്റെ മുന്നണിയുടെയോ നയങ്ങളായിരുന്നുവോ? അല്ല. എന്നിട്ടും ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി കേരളം മാറി. താഹ- അലന്‍ കേസ് ഓര്‍ത്തുനോക്കുക. എത്രമാത്രം ജനാധിപത്യവിരുദ്ധ നാടകങ്ങളാണ് അരങ്ങേറിയത്? മാവോയിസ്റ്റുകളെ രാഷ്ട്രീയമായി അംഗീകരിക്കുന്നില്ലെങ്കിലും അവരെ വെടിവെച്ചു കൊല്ലുന്നതിനെ സി.പി.എം അംഗീകരിക്കുന്നില്ലെന്നാണ് അതിന്റെ ജനറല്‍ സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റി അംഗങ്ങളും പറഞ്ഞിരുന്നത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത് സി.പി.എം നയമായിരുന്നില്ല. കോണ്‍ഗ്രസിന്റെയും നയമല്ല അത്. അതു നയമായി സ്വീകരിച്ചിരിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എട്ടു പേരാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന പേരില്‍ വധിക്കപ്പെട്ടത്. കൊലക്കുശേഷം മൃതശരീരത്തെ തല്ലിച്ചതച്ച സംഭവങ്ങള്‍ വരെയുണ്ട്. ഇവയെ കുറിച്ചൊന്നും മനുഷ്യാവകാശസംബന്ധമായ യാതൊരു അന്വേഷണങ്ങളും നടന്നതായി അറിവില്ല. മറിച്ച്, ഈ നടപടികളില്‍ പ്രതിഷേധിച്ച വാസുവേട്ടനെ പോലുള്ള ഒരു ജനാധിപത്യാവകാശപ്രവര്‍ത്തകനെ ജയിലിലടക്കുന്ന നടപടിയാണ് ഉണ്ടായത്.

    ജി. എസ്.ടി നടപ്പിലാക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാനങ്ങളെ പിച്ചച്ചട്ടിയുമായി നിര്‍ത്തുന്നതുമായ നടപടിയായിരിക്കും എന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി കേരളത്തില്‍ തന്നെ പ്രസംഗിച്ചത്. എന്നാല്‍, ജി.എസ്.ടി നടപ്പിലാക്കുന്നതിനെ എതിര്‍ക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. അതു നടപ്പിലാക്കുകയും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നടപ്പിലാക്കുന്ന കിഫ്ബി പദ്ധതി ജനങ്ങളുടെ പരമാധികാരത്തെയും നിയമനിര്‍മ്മാണസഭകളേയും ഗൗനിക്കാത്ത സംഘപരിവാര്‍ പദ്ധതി തന്നെയല്ലേ? കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനും കേരളത്തിലെ ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്കു തന്നെയും അതിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
    എം.കുഞ്ഞാമനെ പോലുള്ള ഒരു അക്കാദമീഷ്യനോട് ബഹുമാനങ്ങളുണ്ടെന്നു ഭാവിക്കുമ്പോഴും അദ്ദേഹവും മറ്റു പലരും അടിസ്ഥാനജനവിഭാഗങ്ങള്‍ക്കായി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെ സ്വീകരിക്കാനോ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനോ ഈ സര്‍ക്കാര്‍ തയ്യാറായില്ല. ആദിവാസികളും ദളിതരും ഉള്‍പ്പെടെ അധ:കൃതജനത ഇപ്പോഴും ഭൂമിയിലോ സമ്പത്തിലോ അധികാരവും അവകാശവും ഇല്ലാത്തവരായി തുടരുമ്പോഴും കേരളത്തിലെ ഭൂമിയുടെ കേന്ദ്രീകരണം അഖിലേന്ത്യാ ശരാശരിയിലും ഏറിയതാണെന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു രക്ഷപ്പെടുത്തിയ മേനോന്‍ മുഖ്യമന്ത്രിയായി നാട്ടിലേക്കു വരുമ്പോള്‍ കണ്ടന്‍കുട്ടിയാശാനെ കാണാതെയും പരിഗണിക്കാതെയും പോകുന്ന ഒരു ചിത്രം അശോകന്‍ ചരുവിലിന്റെ നോവലില്‍ ഉണ്ടല്ലോ? ഈ സര്‍ക്കാരിന്റെ കീഴിലും കണ്ടന്‍കുട്ടിയാശാന്റെ സമൂഹം അവഗണിക്കപ്പെടുന്നു.  ഉദ്യോഗങ്ങളിലും മറ്റും ദളിതസമൂഹം അനുഭവിക്കുന്ന വിവേചനങ്ങള്‍ തുടരുന്നു. രേഖാരാജിന്റേയും ശ്യാം കുമാറിന്റേയും അനുഭവങ്ങള്‍ മറ്റൊന്നല്ല കാണിക്കുന്നത്. ഇടതുസര്‍ക്കാരിന്റെ സമീപനം മദ്ധ്യവര്‍ഗ്ഗതാല്‍പ്പര്യങ്ങളെ മാത്രം സഹായിക്കുന്നതായി മാറിത്തീര്‍ന്നിട്ടുണ്ട്. സര്‍വ്വകലാശാലകളെ സ്വയം ഭരണസ്ഥാപനങ്ങളായി നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയില്‍ ഭരണരാഷ്ട്രീയത്തിന്റെ ഇടപെടലുകളുണ്ടാകുന്നു. അക്കാദമികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

    സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലായിരിക്കുമ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ധൂര്‍ത്ത് പ്രകടമാണ്. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി നല്‍കാനോ സര്‍ക്കാരിനു വേണ്ടി പണിയെടുക്കുന്ന ജീവനക്കാര്‍ക്കു പോലും മൂന്നുവര്ഷമായി ക്ഷാമബത്ത നല്‍കാനോ കഴിയാതിരിക്കുന്ന സര്‍ക്കാരാണ് നവകേരളസദസ്സ്, ആദ്യമായി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, സ്വകാര്യ ലിറ്റ് ഫെസ്റ്റുകള്‍ക്കു സഹായം തുടങ്ങി നിരവധി ഉത്സവങ്ങള്‍ക്കു പണം മുടക്കുന്നത്. സാംസ്‌കാരികവകുപ്പിനു കീഴിലേക്കു മാറ്റിവെക്കപ്പെടുന്ന തുക വലിയ അഴിമതികള്‍ക്കും സ്വജനപക്ഷപാതത്തിനും എഴുത്തുകാരേയും കലാകാരന്മാരേയും മറ്റും നിശബ്ദരാക്കാനുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്നു കരുതണം. സംസ്‌കാരത്തെ കമ്പോളവല്‍ക്കരിക്കുന്ന പദ്ധതികളാണ് ഇവയിലേറെയും. മാറ്റിവെക്കപ്പെട്ട ചോറ് എന്ന നിരീക്ഷണം ഈ ഇടതിന് ബാധകമല്ലാതായിരിക്കുന്നു. കേരളത്തിന്റെ സംസ്‌കാരികവകുപ്പ് ഹെഗ്‌ഡെവാറിന്റെ ജന്മദിനത്തില്‍ യോഗദിനം ആഘോഷിക്കുന്നതിനും മറ്റും നേതൃത്വം കൊടുക്കുന്ന നിലയിലാണ്. സംസ്ഥാനത്തിന്റെ അതിഥിയായ വന്ന പ്രശസ്ത സംവിധായകനായ ബേലാതാറിനെ അദ്ദേഹവുമായുള്ള അഭിമുഖസംഭാഷണം നടക്കുന്ന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പരസ്യമായി അവഹേളിക്കുകയുണ്ടായി. ഫിലിം അക്കാദമി ചെയര്‍മാന്‍ പുരസ്‌കാരനിര്‍ണ്ണയനങ്ങളില്‍ ഇടപെടുന്നുവെന്നു തെളിവുകളോടെ ആരോപണങ്ങളുണ്ടായി. അദ്ദേഹം ഇടതുപക്ഷമൂല്യങ്ങള്‍ക്കുള്ളിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടി സഹയാത്രികര്‍ തന്നെ പറയുന്ന സ്ഥിതിയുണ്ട്. അദ്ദേഹം ഇപ്പോഴും ചെയര്‍മാനായി തുടരുന്നത് സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണെന്ന ആരോപണങ്ങളുമുണ്ട്. ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനെതിരെ ഒരു യുവ സംവിധായക നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇവയെല്ലാം ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്.  

    മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും പുലര്‍ത്തുന്ന ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധമായ സമീപനങ്ങളും ഇതിന്നകം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. നവകേരളയാത്രക്കിടയില്‍ മട്ടനൂരില്‍ വച്ച് കെ.കെ.ശൈലജക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ദുരധികാരത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നതായിരുന്നു. സ്ഥലത്തെ എം.എല്‍.എക്കു നേരെ നടന്ന ഈ ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു. പാര്‍ട്ടിക്കു ള്ളിലും ജനങ്ങള്‍ക്കിടയിലും ആരോഗ്യമന്ത്രി എന്ന നിലക്ക് ഒരു വനിത നേടിയ ഇമേജിനെ പാര്‍ട്ടിയുടെ നേട്ടമായി മാറ്റിയെടുക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നു മാത്രമല്ല, അവരെ ബോധപൂര്‍വ്വം ഇകഴ്ത്തുന്നതിനു ശ്രമിക്കുന്നു. പൗരപ്രമുഖര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ജനാധിപത്യമൂല്യങ്ങളെ ആദരിക്കുന്നതല്ല, മറിച്ച്, പ്രമുഖര്‍ക്കു മാത്രം വോട്ടവകാശമുള്ള ഒരു കാലത്തെ ഇതരരൂപങ്ങളില്‍ പുനരാനയിക്കുന്നതാണ്. സാഹിത്യഅക്കാദമിയുടെ പുസ്തകങ്ങളുടെ കവര്‍ പേജില്‍ പിണറായി സര്‍ക്കാര്‍ എന്ന മുദ്ര വയ്ക്കുന്നതിനെ ന്യായീകരിച്ചു കൊണ്ട് അക്കാദമി സെക്രട്ടറി ഫേസ്ബുക്കില്‍ എഴുതുന്നത് വ്യക്തിപൂജ ഏതെല്ലാം നിലകളിലെത്തിയിരിക്കുന്നുവെന്നതിന്റെ നല്ല തെളിവായിരുന്നു. അത്, സര്‍ക്കാരിന്റെ ആവശ്യമായിരുന്നില്ലെന്ന വിശദീകരണം എത്രമാത്രം നിരര്‍ത്ഥകമാണെന്നു കൂടി ഓര്‍ക്കണം. സാംസ്‌കാരികസ്ഥാപനങ്ങളുടെ അബോധങ്ങളില്‍ പോലും നിലനില്‍ക്കുന്ന വ്യക്തിപൂജയുടെ പ്രകാശനമായിരുന്നു അത്. എല്ലാ നിലകളിലും വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ക്യാപ്റ്റന്‍ എന്നു വിളിക്കപ്പെട്ടപ്പോള്‍ (വിളിപ്പിച്ചപ്പോഴോ) യാതൊരു മടിയുമില്ലാതെ അതു സ്വീകരിക്കപ്പെട്ടതും പ്രോത്സാഹിപ്പിക്കപ്പെട്ടതും ഇതിനു തെളിവാണ്. പശ്ചിമബംഗാളില്‍ ഈയിടെയുണ്ടായ ഒരു സംഭവം ഇതിനോടു ചേര്‍ത്തുവച്ചു പരിശോധിക്കുന്നതു നന്നായിരിക്കും. ഡിവൈഎഫ്‌ഐ നടത്തിയ വലിയ ഒരു മാര്‍ച്ചിനും റാലിക്കുമിടയില്‍ യുവനേതാവായ മീനാക്ഷിമുഖര്‍ജിയെ പാര്‍ട്ടിയുടെ പ്രമുഖനേതാവായ ബിമന്‍ബാസു ക്യാപ്റ്റന്‍ എന്നു വിളിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ഇതിനോടു പ്രതികരിച്ചു കൊണ്ട് മീനാക്ഷിമുഖര്‍ജി പറഞ്ഞ വാക്കുകള്‍ ഫെഡറല്‍ ന്യൂസ് ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്യുന്നു.''I am not the captain. The captain is our organisational structure…our ideology…our policies and principles. In our party we don't believe in cut-out culture or idolisation.' 38 വയസ്സുള്ള മീനാക്ഷിമുഖര്‍ജിക്കു പറയാന്‍ അറിയുന്ന വാക്കുകള്‍ പിണറായി വിജയന്‍ മറന്നു പോയത് അദ്ദേഹം വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ തെളിവാണ്.

    ഇനിയും ദീര്‍ഘിപ്പിക്കാവുന്നതേയുള്ളൂ. അത് ഒരു ദോഷവിചാരണയുടെ ഫലമേ ചെയ്യൂ. ഈ ദോഷവിചാരണ കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തെ ഇടതുപക്ഷഭരണം സര്‍ഗാത്മകമായി ഒന്നും ചെയ്തില്ലെന്നു പറയാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല. ഇതിന്റെ അടിസ്ഥാനപ്രേരണ വിമര്‍ശനമാണ് ശരി എന്ന സമീപനമാണ്. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ എന്റെ ജീവിതാനുഭവത്തില്‍ നിന്നും പറഞ്ഞാല്‍, കേരളസമൂഹം ഒന്നായി ഇത്രയേറെ കൊടിയ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള വര്‍ഷങ്ങള്‍ സമീപഭൂതകാലചരിത്രത്തിലില്ല. 2018 ലെ പ്രളയം, തുടര്‍ന്നുവന്ന കൊറോണ, നിപ ബാധകള്‍ ഇവയെല്ലാം വലിയ പരീക്ഷണഘട്ടങ്ങളായിരുന്നു. ഈ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി കാണിച്ച വൈദഗ്ദ്ധ്യം ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. ഒരു പക്ഷേ, കേരളത്തിലെ ഒരു രാഷ്ട്രീയനേതാവിനും കഴിയാത്ത നേതൃത്വപാടവവും ആത്മശക്തിയുമാണ് ആ സന്ദര്‍ഭങ്ങളില്‍ പിണറായി വിജയന്‍ പ്രകടിപ്പിച്ചത്. ജീവിതം തകര്‍ന്നു പോയെന്നു കരുതിയ നിരവധി പേര്‍ക്ക് മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ആ ഇടപെടലുകളായിരുന്നു. ഒരു പക്ഷേ, അതിന് അദ്ദേഹത്തെ സഹായിച്ചത് രാഷ്ട്രീയജീവിതത്തില്‍ നിന്നും കിട്ടിയ വലിയ പാഠങ്ങളായിരുന്നിരിക്കണം. കഠിനജീവിതയാഥാര്‍ഥ്യങ്ങളറിഞ്ഞ വിജയന്റെ തലമുറ കഴിയുന്നതോടെ കേരളസമൂഹത്തിനു നഷ്ടപ്പെടാന്‍ പോകുന്ന ശേഷികളെ കുറിച്ചു നാം ഓര്‍ക്കേണ്ട സന്ദര്‍ഭവുമാണിത്.

     എം.ടി വാസുദേവന്‍നായര്‍ പിണറായിയെ മനസ്സില്‍ കരുതി ഇഎംഎസിന്റെ മഹത്ത്വത്തെ കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി പറയണം. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സാമൂഹികമൂലധനം പിണറായി വിജയനുണ്ടായിരുന്നില്ല. പി.കൃഷ്ണപിള്ള മുതല്‍ കെ എസ് കൃഷ്ണപിള്ള വരെടുള്ള നേതാക്കള്‍ ഒളിവിലും തടവിലും മരണപ്പെടുമ്പോള്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെ കേരളസമൂഹം രക്ഷിച്ചു സൂക്ഷിച്ചതില്‍ അദ്ദേഹത്തിന്റെ സാമൂഹികമൂലധനത്തിനു വലിയ പങ്കുണ്ട്. അടിയന്തരാവസ്ഥക്കാലത്തു ഇ എം എസും അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും പെട്ടെന്നു വിട്ടയക്കപ്പെട്ടു. മുണ്ടയില്‍ കോരന്റെ മകന് സാമൂഹികമൂലധനമില്ലാത്തതു കൊണ്ടാണ് അന്നു കൊടിയ മര്‍ദ്ദനം അനുഭവിക്കേണ്ടി വന്നത്. മര്‍ദ്ദനങ്ങള്‍ക്കു ശേഷം മാസങ്ങളോളം നീണ്ടുനിന്ന ചികിത്സക്ക് അദ്ദേഹം വിധേയനാകേണ്ടി വന്ന കാര്യം പിണറായിക്കാരനായ എന്റെ അദ്ധ്യാപകസുഹൃത്ത് പറഞ്ഞ് എനിക്കറിയാം. പിണറായി വിജയന്‍ തന്നെ അതിനെ കുറിച്ചു നിയമസഭയിലും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയും സവര്‍ണ്ണവനിതകളുടെ ജാഥയില്‍ നിന്നും ചോക്കൂത്തിമോനേ എന്ന വിളി കൊണ്ട് ആക്ഷേപിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയും അവന്‍ ചെത്താന്‍ പോട്ടെ എന്നു പരിഹസിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷേ, വലിയ വ്യക്തിപൂജക്കു വിധേയനാകുന്നുവെന്നു കരുതപ്പെടുന്ന ഒരാള്‍ തന്റെ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒറ്റപ്പെട്ട് തോല്‍പ്പിക്കപ്പെട്ട സന്ദര്‍ഭവും മറന്നുപോകരുത്. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശം സ്വാഗതം ചെയ്തു കൊണ്ട് മുഖ്യമന്ത്രിയെടുത്ത എല്ലാ മുന്‍കൈകളേയും ദേവസ്വം മന്ത്രിയും  മറ്റും ചേര്‍ന്നു പരാജയപ്പെടുത്തിയ സന്ദര്‍ഭമാണത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മന്ത്രിസഭ നടത്തിയ പരിശ്രമങ്ങള്‍ ദേവസ്വം മന്ത്രിക്ക് മാപ്പു പറയുന്നതിനുള്ള കാര്യമായിത്തീരുന്നതാണ് നാം കണ്ടത്. പിണറായി വിജയന്റെ നേതൃത്വപാടവത്തെ തോല്‍പ്പിച്ചത് കേരളത്തിന്റെ സമൂഹത്തിലും പാര്‍ട്ടിയിലും അദ്ദേഹത്തിന്റെ മന്ത്രിസഭയിലും കൂടി  ഇപ്പോഴും ശക്തമായിരിക്കുന്ന സവര്‍ണ്ണമൂല്യങ്ങളായിരുന്നു. അത് ഇപ്പോഴും ശക്തമാണ്. അത് പ്രധാന ഭീഷണിയാണ്.

    പിണറായി വിജയന്റെ നേതൃത്വത്തിന് കേരളസമൂഹത്തെ പ്രതിസന്ധികളില്‍ നിന്നും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നിന്നായിരിക്കണം എം.ടി തന്റെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അതിനു വേണ്ട തിരുത്തലുകളെ കുറിച്ചായിരിക്കണം അദ്ദേഹം പറഞ്ഞത്. മദ്ധ്യവര്‍ഗ്ഗതാല്‍പ്പര്യങ്ങളില്‍ ഊന്നുന്ന പരിപാടികള്‍ നടപ്പിലാക്കുകയല്ല, കുഞ്ഞാമന്‍ മാഷിനെ പോലുള്ളവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളായിരിക്കണം ജനാധിപത്യ, പുരോഗമനശക്തികളുടെ അജണ്ടയെന്നു തിരിച്ചറിയുകയാണു വേണ്ടത്. സംഘപരിവാറിന്റെ അജണ്ടയല്ല, ജനാധിപത്യ, പുരോഗമനശക്തികളുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിന് ജനാധിപത്യപരമായ മൂല്യങ്ങളെ പുനരാനയിക്കണമെന്ന്, വ്യക്തിപൂജയെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് എം.ടി ചെയ്തത്. നേതാവ് ഒരു നിമിത്തമല്ലെന്ന്, ചരിത്രപരമായ ഒരാവശ്യമാണെന്ന എം.ടിയുടെ നിരീക്ഷണം പിണറായി വിജയന്‍ കേള്‍ക്കുമോ? എങ്കില്‍, താന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ കൊല ചെയ്യപ്പെട്ട പാര്‍ട്ടി സഖാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ ധര്‍മ്മബോധത്തിലൂന്നുന്ന ഖേദം രേഖപ്പെടുത്തിക്കൊണ്ട് ജനതയെ വിശ്വാസത്തിലെടുക്കുന്ന ഒരു തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിക്കാനായേക്കാം. അങ്ങനെയൊരു പ്രക്രിയ ആരംഭിച്ചാല്‍ വീണ്ടും കുപ്രസിദ്ധമായ ആ വിമോചനസമരം വന്നേക്കാം. ഇപ്പോള്‍, എം.ടിയുടെ പ്രസംഗത്തെ കുറിച്ചു ഘോഷിക്കുന്ന മാദ്ധ്യമങ്ങള്‍ വിമോചനസമരക്കാരോടൊപ്പം നിന്നേക്കാം. പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന നേതൃത്വം ആവശ്യമായി  വന്നേക്കാം. 


 


https://thefederal.com/category/states/east/west-bengal/minakshi-mukherjee-cpims-firebrand-captain-may-emerge-as-bengals-didi-20-105805?infinitescroll=1

 

Saturday, November 25, 2023

ഇതല്ല, കാതല്‍ (This is not the Core)

 

ജിയോ ബേബി സാക്ഷാത്ക്കരിച്ച കാതല്‍ (The Core) എന്ന സിനിമ തൃശൂരിലെ ആദ്യപ്രദര്‍ശനത്തില്‍ തന്നെ ഞാന്‍ കണ്ടു. അത് എന്തോ പുതുതായി പകരുന്നുണ്ടാകണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആഖ്യാനത്തിന്റെ ലാളിത്യത്തില്‍ മുഴുകിയ എനിക്ക് അതു നല്ല ചലച്ചിത്രാനുഭവമായി തോന്നി. പക്ഷേ, വിവേചിച്ചറിയാന്‍ കഴിയാത്ത ഒരു അസ്വാസ്ഥ്യം അതിന്നടിയിലുണ്ടായിരുന്നു. ചലച്ചിത്രം കണ്ടു വന്നയുടനെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി:  “കാതല്‍ (The Core) എന്ന ചലച്ചിത്രം. ജിയോ ബേബി സരളവും ഹൃദയാവര്‍ജ്ജകവുമായി, അതിഭാവുകത്വങ്ങളേതുമില്ലാതെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നു. മമ്മൂട്ടിയും ജ്യോതികയും തങ്ങളുടെ വേഷങ്ങളില്‍ അതിഗംഭീരമായിരിക്കുന്നു. മാത്യുവിന്റെ ചാച്ചനാ(RS പണിക്കര്‍)യും തങ്കനാ(സുധി)യും വന്നവര്‍ വളരെ നന്നായിരിക്കുന്നു. നല്ല ചലച്ചിത്രം.” ഈ വാക്കുകള്‍ എഴുതിക്കഴിഞ്ഞതിനു ശേഷവും ചലച്ചിത്രം നല്‍കിയ അസ്വാസ്ഥ്യം തുടരുന്നുണ്ടായിരുന്നു. ആ ചലച്ചിത്രത്തിന്റെ ആശയലോകം പുരോഗമനത്തെ കുറിച്ചുള്ള നിലനില്‍ക്കുന്ന ധാരണകളെയാണ് സംതൃപ്തമാക്കുന്നതെന്ന് എനിക്കു തോന്നുന്നുണ്ടായിരുന്നു. എന്നാല്‍, സ്വവര്‍ഗലൈംഗികതയുടെ പ്രശ്‌നമണ്ഡലം അതിന്നപ്പുറത്തെ ചില മാനങ്ങളെ ആവശ്യപ്പെടുന്നുണ്ടെന്ന് തീര്‍ച്ചയുമായിരുന്നു. എന്റെ ഉള്‍മനസ്സ്, അബോധം താല്‍പ്പര്യപ്പെടാത്തതെന്തോ ആ ചലച്ചിത്രം പേറുന്നുണ്ടെന്ന് എനിക്കു തോന്നിത്തുടങ്ങി. ലൈംഗികത ഒരു സമൂഹനിര്‍മ്മിതിയാണെന്ന നിദര്‍ശനങ്ങള്‍ അറിയാവുന്ന ഒരാള്‍ക്ക് മനസ്സില്‍ ഉണ്ടാകുന്ന ആദ്യസന്ദേഹം സാമൂഹികമായി നിര്‍മ്മിക്കപ്പെടുന്ന ലൈംഗികതയെ കുറിച്ചുള്ള സൂചനകളോ ദൃശ്യക്കാഴ്ചകളോ ചലച്ചിത്രം നല്‍കുന്നില്ലല്ലോ എന്നതായിരുന്നു. മാത്യു ദേവസ്സി എന്ന പ്രധാന കഥാപാത്രത്തിലെ സ്വവര്‍ഗ്ഗലൈംഗികത ഒരു ജീവശാസ്ത്രപ്രശ്‌നമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നതെന്ന്, അതിന് സത്താപരമായ ചില മാനങ്ങളാണ് ചലച്ചിത്രകാരന്‍ കല്‍പ്പിച്ചു നല്‍കുന്നതെന്ന്, അത് ജീവശാസ്ത്രപരമായ നിര്‍ണ്ണയവാദത്തിന്റെയും അനിവാര്യതകളെ കുറിച്ചുള്ള ധാരണകളുടെയും ആശയലോകത്തെയാണ് പങ്കു വയ്ക്കുന്നതെന്ന് നിഗമിക്കാവുന്ന ഒരു നിലയില്‍ ഞാന്‍ പതുക്കെ എത്തിച്ചേര്‍ന്നു. ഹോമോ സെക്‌സ്വാലിറ്റിയെ കുറിച്ചുള്ള ആപത്ക്കരമായ സൈദ്ധാന്തികവീക്ഷണമാണത്.

 

ചലച്ചിത്രത്തിന്റെ കാഴ്ചയുടെ ആദ്യപ്രതികരണങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റുകളായും യൂ ട്യൂബിലേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേയും റിവ്യൂകളായും എത്തിക്കൊണ്ടിരുന്നു. ഞാന്‍ തുറക്കുന്ന സാമൂഹികമാധ്യമങ്ങളുടെ പേജുകള്‍ ആ ചലച്ചിത്രത്തിനും മാത്യുവിനെ അവതരിപ്പിച്ച മമ്മൂട്ടിക്കുമുള്ള പ്രശംസകള്‍ കൊണ്ടു നിറഞ്ഞിരുന്നു. ഇതില്‍ നിന്നുള്ള ഒരു വിച്ഛേദമായി ഒരു വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. പാലക്കാട്ടു നിന്നുള്ള സുഹൃത്ത് ജയചന്ദ്രന്‍ അയച്ചു നല്‍കിയ രൂപേഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക് ആയിരുന്നു അത്.  “എന്നിട്ടും പ്രണയത്തോടെ തങ്കച്ചനെ ചേര്‍ത്തു പിടിക്കുന്ന മാത്യൂന്റെ ഒരു ദൃശ്യം കാണാന്‍ പറ്റീല്ലല്ലോ...” എന്നെഴുതിയത്. എന്റെ സന്ദേഹങ്ങളെ ആ പോസ്റ്റ് ഉറപ്പിക്കുന്നുണ്ടായിരുന്നു. അത്തരം ഒരു ദൃശ്യത്തെ വിഭാവനം ചെയ്യാന്‍ കഴിയാത്ത സദാചാരബോധവും അത്രയും മാത്രം പുരോഗാമിയായ പുരോഗമനവാദവുമാണ് ഈ ചലച്ചിത്രം പ്രേക്ഷിക്കുന്നതെന്ന് ഉത്തരം നല്‍കിയാലോ എന്ന് ആലോചിക്കാന്‍ കഴിയുന്നിടത്തോളം എന്റെ സന്ദേഹങ്ങള്‍ ഉറച്ചു കഴിഞ്ഞിരുന്നു. രൂപേഷ് ചന്ദ്രന്റെ പോസ്റ്റിലെ ആശയത്തിന്റെ അനുരണനങ്ങളുമായി ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതും കൂടി പറയണം. തുടര്‍ന്ന് 'കേരളീയ'ത്തില്‍ നസീമ നസ്രിന്‍ എഴുതിയ റിവ്യൂ പ്രത്യക്ഷമായി.  'കാതലും ക്വിയര്‍ ദൃശ്യതയുടെ പ്രശ്‌നങ്ങളും.' ഒരു ക്വിയര്‍ വ്യക്തി ഈ ചലച്ചിത്രത്തെ കുറിച്ചെഴുതിയ ആദ്യനിരൂപണമായിരിക്കണം അത്. കാതല്‍ ഒരു ഹോമോഫോബിക് സിനിമയാണ് എന്ന ദൃഢമായ പ്രഖ്യാപനത്തോടെയാണ് ആ നിരൂപണം ആരംഭിക്കുന്നത്. ഒരു ക്വിയര്‍ വ്യക്തി എന്ന നിലയില്‍ തനിക്ക് 'കാതല്‍' ഒരു ഹിംസാത്മകമായ അനുഭവമാണെന്ന് അവര്‍ എഴുതി. മാത്യുവും തങ്കനും തമ്മില്‍ പ്രണയമുണ്ടെന്ന് തനിക്കു തോന്നിയതേയില്ലെന്ന് തന്നോടൊപ്പം ചലച്ചിത്രം കണ്ട തന്റെ കാമുകി പറഞ്ഞതായി നസീമ നസ്രിന്‍ തുടര്‍ന്നെഴുതുന്നുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കഥകള്‍ ആരു പറയണമെന്ന പ്രശ്‌നത്തിലേക്ക് നസീമയുടെ വിമര്‍ശനം സ്വാഭാവികമായും ചെന്നെത്തുന്നുണ്ട്.

 എന്‍.എസ്. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍' എന്ന നോവലിനെ കുറിച്ചുള്ള ഒരു പഠനത്തില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു. 'എന്‍.എസ്.മാധവനെന്ന പുരുഷന്‍ ജെസിക്കയുടെ കഥ പറയുമ്പോള്‍ അത് പൂര്‍ണ്ണമാകില്ലെന്ന് സ്ത്രീസ്വത്വവാദികള്‍ പറഞ്ഞേക്കും. പുരുഷന്റെ ഭാഷയ്ക്കു പറയാന്‍ കഴിയാത്തത് ചിലതെങ്കിലും സ്ത്രീലോകത്തിലുണ്ടെന്നു തീര്‍ച്ച! സ്ത്രീയുടെ ലൈംഗികാനുഭൂതി പുരുഷന്റെ അറിവിനും മനസ്സിലാക്കലിനുമപ്പുറത്താണെന്ന നിരീക്ഷണം ഒരു ഉദാഹരണം മാത്രം. പുരുഷന്റെ രചനകളിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്ന സ്ത്രീസ്വത്വം അമൂര്‍ത്തമാണെന്ന സ്ത്രീവിമോചനവാദികളുടെ നിരീക്ഷണത്തിന് അംഗീകാരം ലഭിക്കണം. എന്നാല്‍, സ്‌ത്രൈണതയെ മൂര്‍ത്തമായി ആവിഷ്‌ക്കരിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുമെന്ന അതിവാദത്തിനുളള സാധൂകരണമല്ല ഇത്. സ്ത്രീരചനകളിലൂടെ വെളിപ്പെടുന്ന സ്‌ത്രൈണതയും അമൂര്‍ത്തമാണ്. ഏതൊരു അവസ്ഥയേയും അതിന്റെ മൂര്‍ത്തരൂപത്തില്‍ തിരിച്ചറിയുന്നതിന് അതില്‍ നിന്നും വേറിട്ട ഒരു അസ്തിത്വം കൂടി ആവശ്യമാണ്. സ്ത്രീസ്വത്വത്തിന്റെ നിര്‍ദ്ദേശകവ്യവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായി പുറത്തു കടക്കാന്‍ ഒരു എഴുത്തുകാരിക്കും കഴിയില്ല. പുറത്തു നിന്നു നോക്കാന്‍ കഴിയുന്നില്ലെന്ന പരിമിതി സ്ത്രീരചനകളെ അമൂര്‍ത്തമാക്കുന്നു. ഇതു മറ്റൊരു കാര്യത്തിലേക്കു കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. സ്ത്രീകള്‍ക്കു സ്വയം ബോധ്യപ്പെടാത്ത ചില ലോകങ്ങളെ ഒരു എഴുത്തുകാരന് ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞേക്കുമെന്നതാണത്. പുരുഷലോകം സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്ത ചിലതൊക്കെ വനിതാ വിമോചനപ്രവര്‍ത്തകര്‍ കണ്ടെത്തുന്നതു പോലെയാണിത്. സ്ത്രീസ്വത്വത്തിനു പുറത്തു നില്ക്കുന്ന പുരുഷന്റെ കാഴ്ചകള്‍ അകലെ നിന്നുളളവയാണ്. ഈ അകലക്കാഴ്ചയ്ക്ക് ചില കോട്ടങ്ങളോടൊപ്പം കുറേ സവിശേഷതകളും നേട്ടങ്ങളും കൂടിയുണ്ട്. എന്‍.എസ്.മാധവന്റെ നോവല്‍ ഈ നിരീക്ഷണത്തിന് സാക്ഷി പറയുന്നുണ്ട്.'  ഈ വാക്കുകളില്‍ പ്രത്യക്ഷമാകുന്ന എന്റെ യുക്തിക്ക് കുറേയൊക്കെ സാംഗത്യമുണ്ടെങ്കിലും അതു എത്രമാത്രം പരിമിതമാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുന്ന അനുഭവമായി 'കാതല്‍' എന്ന ചലച്ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ മാറിത്തീരുകയായിരുന്നു. സ്ത്രീ, ദളിത്, ക്വിയര്‍ ഗണങ്ങള്‍ പറയുന്ന അനുഭവസാക്ഷ്യങ്ങളും വ്യാഖ്യാനങ്ങളും കേള്‍ക്കാന്‍ നാം കൂടുതല്‍ ചെവി നല്‍കേണ്ടതുണ്ട്.
 

 


മമ്മൂട്ടി എന്ന നടന്‍ പ്രശംസിക്കപ്പെടണം. എന്നാല്‍, അദ്ദേഹം പ്രശംസിക്കപ്പെടേണ്ടത് ഒരു ക്വിയര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ധൈര്യം കാണിച്ചതിന്റെ പേരിലല്ല. അത് ക്വിയര്‍ സമൂഹത്തെ അപമാനിക്കുന്ന സമീപനമാണ്. ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം ആദരിക്കപ്പെടട്ടെ. മമ്മൂട്ടി ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ അതിന്റെ  അപമാനവും ദോഷവും ലോകസിനിമക്കായിരിക്കും;  കേരളത്തിലെ പ്രേക്ഷകരില്‍ മാത്യു ദേവസ്സി സൃഷ്ടിക്കുന്ന ആന്തരികസംഘര്‍ഷങ്ങള്‍ വ്യത്യസ്തമായ ചരിത്ര, സാംസ്‌കാരികപാരമ്പര്യമുള്ള വിദേശീയരിലും മറ്റും അതേ അളവില്‍ ഉളവാകണമെന്നില്ലെങ്കിലും. എത്രയോ വിദേശചലച്ചിത്രങ്ങളില്‍ ക്വിയര്‍ പ്രശ്‌നമണ്ഡലത്തെ സാകല്യത്തില്‍ പരിശോധിക്കപ്പെട്ടിരിക്കുന്നു.  'ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍' (Blue is the Warmest Color) പോലുള്ള ചിത്രങ്ങളിലെ ക്വിയര്‍ പ്രണയരംഗങ്ങളും വേഴ്ചകളും നമ്മുടെ ചലച്ചിത്രങ്ങള്‍ പകര്‍ത്തേണ്ടതില്ല. എന്നാല്‍, ക്വിയര്‍ ബന്ധങ്ങളുടെ യാഥാര്‍ത്ഥ്യത്തെ ആവിഷ്‌ക്കരിക്കാനുള്ള ധൈഷണിക സത്യസന്ധത നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

 'കാതല്‍' ഒരു കാര്യത്തെ നന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. കാതലിനെ സ്പര്‍ശിക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ കരുത്താര്‍ജ്ജിച്ചിട്ടില്ല എന്ന കാര്യമാണത്. ക്വിയര്‍ പ്രണയത്തിന്റെ ഒരു മുഹൂര്‍ത്തം പോലും അവതരിപ്പിക്കാന്‍ നമ്മുടെ ചലച്ചിത്രകാരന് കഴിയുന്നില്ലെന്നത് ആ ചലച്ചിത്രകാരന്റെ പ്രശ്‌നത്തേക്കാളേറെയും നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നമാണ്. നമ്മുടെ അവബോധം ഇപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടവരോട് അനുനാദത്തിലായിട്ടില്ല. ഒരു പക്ഷേ, മിക്ക പ്രേക്ഷകരും ജിയോ ബേബി തെറ്റായ വഴിയിലേക്കു പോകുമോ എന്ന ഭയത്തോടെയാകണം ചലച്ചിത്രം കണ്ടുകൊണ്ടിരുന്നത്! ജിയോ ബേബി അതു നേരത്തെ അറിഞ്ഞ് അതനുസരിച്ച് ചലച്ചിത്രത്തെ പരിചരിച്ചതുമാകാം! ഒത്തുതീര്‍പ്പുകളുടെ സിനിമയായി  'കാതല്‍' മാറിത്തീര്‍ന്നത് ഇങ്ങനെയാകാം. മതവും കുടുംബവും കോടതിയും രാഷ്ട്രീയപാര്‍ട്ടിയും വിദ്യാഭ്യാസവ്യവസ്ഥയും എല്ലാമടങ്ങുന്ന പ്രത്യയശാസ്‌ത്രോപകരണങ്ങള്‍ മാത്യു ദേവസ്സിയോടു അനുതാപം പ്രകടിപ്പിക്കുന്നതായുള്ള ചിത്രണങ്ങള്‍ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗവുമാകാം. അല്‍പ്പമാത്രവും കാര്യസാദ്ധ്യത്തിനുതകുന്നതുമായ പുരോഗമനത്തില്‍ അതിന്റെ പരിമിതികളറിയാതെ പെട്ടെന്നു സംതൃപ്തമാകാന്‍ (ഞാന്‍ ഉള്‍പ്പെടെ) നമുക്കു കഴിയുന്നു. ഇവിടെ, ഇതല്ല കാതല്‍ എന്നു പറയാന്‍ കഴിയാത്ത നിലയില്‍ നാം സൈദ്ധാന്തികമായി, പ്രത്യയശാസ്ത്രപരമായി, ആനുഭവികമായി പോലും പരിമിതപ്പെട്ടവരാണ്. ഇത്തരം കടമ്പകള്‍ പലതു കടന്നാലേ നമ്മുടെ അവബോധം യാഥാര്‍ത്ഥ്യത്തെ മറയില്ലാതെ അഭിമുഖീകരിക്കാന്‍ സന്നദ്ധമാകൂ എന്നു കരുതുക. അതിനു വേണം വിമര്‍ശനം, സ്വയം വിമര്‍ശനവും. 

 "കാതൽ " എന്ന സിനിമയെ കുറിച്ചുള്ള നിരൂപണത്തിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കണമെന്നു തോന്നുന്നു. ഓമനയെ ആലിംഗനം ചെയ്തുകൊണ്ട് "എന്റെ ദൈവമേ" എന്നു നിലവിളിക്കുന്ന മാത്യു ദേവസ്സിയുടെ ദൃശ്യങ്ങളിലൊന്നിനു ലഭിക്കുന്ന വലിയ പ്രശംസയെ ആധാരമാക്കി പറയേണ്ടതാണിത്. തീർച്ചയായും മമ്മൂട്ടി എന്ന ചലച്ചിത്രനടന്റെ ഏറ്റവും അവിസ്മരണീയമായ
അഭിനയമുഹൂർത്തങ്ങളിലൊന്നാണിത്. 'ആർക്കു കഴിയും ഇങ്ങനെ അഭിനയിക്കാൻ' എന്നു ആരെക്കൊണ്ടും പറയിപ്പിക്കുന്ന ഒരു അഭിനയമുഹൂർത്തം. എന്നാൽ, ഈ ദൃശ്യത്തിന്റെ പ്രത്യയശാസ്ത്രവിവക്ഷകൾ ഈ അഭിനയമുഹൂർത്തത്തെ എന്ന പോലെ
പ്രശംസിക്കാൻ കഴിയുന്നതല്ല. അത് തന്റെ ജീവിതത്തിന്റെ ഭാരത്തെ ദൈവത്തിൽ അർപ്പിക്കുകയാണ്. തന്നിൽ എന്തോ പാപം കുടികൊള്ളുന്നുവെന്ന വേദനയിലാണ് ദൈവത്തോടുള്ള ആ വിളി ഉരുവം കൊള്ളുന്നത്. ഡോ. ശാരദക്കുട്ടി അതിനെ ചേർത്തുവയ്ക്കുന്നതു ബൈബിളിലെ ഇയ്യോബിന്റെ നിലവിളിയോടാണ്. തന്റേതല്ലാത്ത കുറ്റമല്ലെന്നറിയുമ്പോളും അത്രമേൽ ദൈവത്തിനു കീഴടങ്ങുന്നത്.അത് കേന്ദ്രകർതൃത്വത്തോടുള്ള വിധേയത്വമാണ് . ആ സങ്കൽപ്പനത്തോടുള്ള ദാർശനികമായ കരുതലും കൂടിയാണത്. കേന്ദ്രകർതൃത്വത്തെ അംഗീകരിക്കുന്ന ഒരു ചിന്താലോകത്തിന് ലൈംഗികതയുടെ ചിതറിയ ലോകത്തേയും ദ്രവസ്വഭാവത്തേയും ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. സ്വവര്‍ഗാനുരാഗം ഒരു പാപകര്‍മ്മമാണെന്ന സത്യവേദപുസ്തകപ്രമാണം തന്നെയാണ് ഇവിടെ ആദര്‍ശവാക്യം. മതവുമായുള്ള സമവായവും മതശുശ്രൂഷകളുടെ മനോഹരവും ഹൃദയാവര്‍ജ്ജകവുമായ ചിത്രണവും നിര്‍വ്വഹിക്കുന്ന ചലച്ചിത്രം മതാദര്‍ശത്തിന്‍റേയും കേന്ദ്രകര്‍ത്തൃത്വ സങ്കല്‍പ്പനങ്ങളുടേയും പിടിയില്‍ തന്നെയാണ്. ഫാ.പോള്‍ തേലക്കാട്ടിനെ പോലുള്ളവര്‍ക്കു ഇതു നന്നായി മനസ്സിലാകും. മതത്തെ രാഷ്ട്രീയായുധവും വരുമാനമാര്‍ഗ്ഗവും ആക്കുന്നവരാണ് ചലച്ചിത്രത്തിനെതിരായ പ്രചരണവുമായി എത്തുന്നതെന്ന കാര്യവും ഇതു തെളിയിക്കുന്നുണ്ട്. മാത്യു ദേവസ്യയോടും തങ്കനോടൂം അനുതാപം കാണിക്കുന്നുവെങ്കിലും ചലച്ചിത്രത്തിന്‍റെ ദര്‍ശനവും രാഷ്ട്രീയവും വിമതലൈംഗികതയോടൊപ്പമല്ലെന്ന കാര്യവും പ്രസക്തമാണ്. അത് പാപമോ ദൈവനീതിയോ(അനിവാര്യമായത്, ജീവശാസ്ത്രപരമായി നിശ്ചയിക്കപ്പെട്ടത്) ആണ്. വിമതലൈംഗികതയെ ദാര്‍ശനികമായി നിഷേധിക്കുന്ന ഈ ചലച്ചിത്രം പുറത്തിറങ്ങുന്ന നാളുകളില്‍ തന്നെയാണ് Bisexualityയെ പ്രശ്നീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഷനോജ് ആര്‍ ചന്ദ്രന്‍റെ 'അമ്പലപ്പുഴ സിസ്റ്റേഴ്സ്' എന്ന കഥാഖ്യാനം പ്രസിദ്ധീകരിക്കപ്പെടുന്നതും.

 

നസീമ നസ്രിന്‍ എഴുതിയ റിവ്യൂവിലേക്കുള്ള ലിങ്ക് താഴെ.
https://bit.ly/3sL87YN

 


Saturday, July 1, 2023

സൂക്ഷ്മം, നൈതികം, സൈദ്ധാന്തികം



ഈ പുസ്തകം വായിക്കാന്‍ തുടങ്ങുന്നവരേ, നിങ്ങള്‍ പുതിയൊരു ലോകാവബോധത്തിലേക്കു ഉണരാന്‍ പോകുകയാണ്. നിങ്ങളില്‍ പൊതുബോധം ഉറപ്പിച്ചെടുത്തിരിക്കുന്ന പല ധാരണകളും തകര്‍ന്നു വീഴുമെന്ന മുന്നറിയിപ്പു നല്‍കട്ടെ. സ്ഥിതാവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന വാക്കുകളെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊള്ളുക. നമ്മുടെ രാജ്യത്ത് സമീപകാലത്തു നടന്ന പൊള്ളിപ്പിക്കുന്ന ചില ജീവിതാനുഭവങ്ങളേയും സംഭവങ്ങളേയും സവിശേഷമായ ഒരു സൈദ്ധാന്തികവിചിന്തനത്തിനു വിധേയമാക്കുകയാണ്, ഈ പുസ്തകം. വിദ്യാഭ്യാസം, പങ്കാളിത്ത ജനാധിപത്യം, സാമൂഹിക തിരസ്‌ക്കാരം, ദളിത് കര്‍ത്തൃത്വം എന്നീ വിഷയങ്ങളില്‍ ഊന്നുന്ന പത്തു ലേഖനങ്ങളുടെ സമാഹാരമാണിത്. പി.വി. അനില്‍കുമാര്‍ രചിച്ച ഈ ലേഖനങ്ങളിലൂടെ കടന്നുപോകുന്നവര്‍ സൂക്ഷ്മമായ വിമര്‍ശബുദ്ധിയും നിശിതമായ സൈദ്ധാന്തികജാഗ്രതയും പുലര്‍ത്തുന്ന ഒരു ചിന്തകനെ കണ്ടെത്തുമെന്നു തീര്‍ച്ച. 


നമ്മുടെ രാജ്യത്ത് തങ്ങളുടെ ജന്മാവകാശമെന്ന പോലെ സംവരണാനുകൂല്യങ്ങള്‍ അനുഭവിക്കുന്നതാരാണ്? നമ്മുടെ പൊതുബോധവും ഭരണകൂടങ്ങളും മാധ്യമങ്ങളും നീതിപീഠങ്ങളും പറയുന്നത്, ദളിതര്‍ക്കും അധ:സ്ഥിതജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ്. സവര്‍ണ്ണ ജനവിഭാഗങ്ങളില്‍ പെടുന്നവര്‍ മെരിറ്റിലൂടെയാണ് വിദ്യാഭ്യാസവും തൊഴിലും കരസ്ഥമാക്കുന്നതെന്ന ധാരണയാണ് പ്രബലം. സംവരണത്തിലൂടെ വിദ്യാഭ്യാസവും തൊഴിലും നേടുന്നവര്‍ യോഗ്യതയെ മലിനീകരിക്കുന്നവരായും സവര്‍ണ്ണരുടെ ദയാദാക്ഷിണ്യത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നവരായും പുച്ഛിക്കപ്പെടുന്നു. ഈ പൊതുബോധത്തെ രാഷ്ട്രീയവും നൈതികവുമായ വിമര്‍ശത്തിലൂടെ ഉടച്ചു കളയുന്ന വാക്കുകള്‍ അനില്‍കുമാര്‍ എഴുതുന്നു, യോഗ്യതയുടെ രാഷ്ട്രീയത്തെ വിവൃതമാക്കുന്നു. സവര്‍ണ്ണത മേനി നടിക്കുന്ന യോഗ്യതയെല്ലാം നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഒരു സംവരണത്തിന്റെ ഫലമാണെന്ന് തന്റെ വികലനങ്ങളിലൂടെ അനില്‍ സ്ഥാപിക്കുന്നുണ്ട്. സ്വജാതിവിവാഹത്തിലൂടെ സവര്‍ണ്ണജാതിക്കോയ്മ സംരക്ഷിക്കുന്നതും ഒരാളുടെ സ്വത്ത് അയാളുടെ മരണത്തിനു ശേഷം പൊതുസമൂഹത്തിനല്ല, പൈതൃകസ്വത്തായി പുതിയ തലമുറയിലേക്കാണു കൈമാറേണ്ടതെന്നു നിയമപരമായി ഉറപ്പുവരുത്തുന്നതും സംവരണമല്ലാതെ മറ്റെന്താണ്? സവര്‍ണ്ണര്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ഈ സംവരണമാണ് അവരുടെ യോഗ്യതയെ സൃഷ്ടിക്കുന്നതെന്ന ഈ കൃതിയിലെ നിരീക്ഷണം ശ്രദ്ധേയമാണ്. സാമൂഹികജീവിതത്തില്‍ തുല്യപങ്കാളിത്തത്തിന്റെ സാദ്ധ്യതകള്‍ ഉറപ്പു വരുത്താത്ത ഒരു സമൂഹത്തിന് എങ്ങനെയാണ് നീതിപൂര്‍വ്വം യോഗ്യതയെ നിര്‍വ്വചിക്കാന്‍ കഴിയുകയെന്ന പ്രധാനപ്പെട്ട ചോദ്യമാണ് അനില്‍ ഉയര്‍ത്തുന്നത്. 'ഇതുകൊണ്ടാണ് സംഘിമനസ്സുകള്‍ക്കു രോഹിത് വെമൂലയെ മനസ്സിലാകാത്തത്?' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിലാണ് അനില്‍ ഈ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നത്. സാമ്പത്തികസംവരണത്തെ കുറിച്ചു സംസാരിക്കുകയും അതിനെ ഒളിച്ചു കടത്തിക്കൊണ്ടു വരികയും ചെയ്യുന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിനും ഇതു മനസ്സിലാകുന്നില്ലല്ലോ? അയിത്താചാരങ്ങളെ സാമൂഹികമായ തിന്മയായല്ല, തിരസ്‌ക്കാരത്തിന്റെ രാഷ്ട്രീയസംഹിതയായി തന്നെ മനസ്സിലാക്കുന്ന ചന്ദ്രഭാന്‍പ്രസാദിന്റെ ആശയലോകത്തെ സ്വീകരിച്ചു കൊണ്ട് സാമൂഹികനീതിയുടെ പ്രശ്‌നീകരണങ്ങളെ ശക്തമാക്കുന്നുണ്ട്, മറ്റൊരു ലേഖനത്തില്‍. രോഹിത് വെമൂലയുടെ ആത്മഹത്യയോടൊപ്പം ജിഷയുടെ കൊലപാതകവും അനിലിന്റെ എഴുത്തിനു വിഷയമാകുന്നുണ്ട്. 'ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയില്‍ ഒരാര്‍ത്തനാദം പോലെ പായുന്ന' ദളിത് ജീവിതത്തിന്റെ ഉന്നമനത്തി്‌നായി, നിന്ദയ്ക്കും തിരസ്‌ക്കാരത്തിനും പുച്ഛത്തിനുമുള്ള പാത്രങ്ങളാകാതെ ജീവിക്കാനുള്ള സാഹചര്യം അവര്‍ക്കു സൃഷ്ടിച്ചു നല്‍കുകയാണല്ലോ ചെയ്യേണ്ടത്. ദളിതരെ സമ്പൂര്‍ണ്ണമനുഷ്യരായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സാമാന്യസമൂഹത്തിന്റെ പ്രതിലോമബോധമണ്ഡലത്തെ പ്രഹരിക്കുന്ന വാക്കുകളാണ് അനില്‍ എഴുതുന്നത്. 

വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങളെ സവിസ്തരം വികലനങ്ങള്‍ക്കു വിധേയമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ മുഖ്യഭാഗം. മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തേയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തേയും കുറിച്ച് അനില്‍കുമാര്‍ എഴുതുമ്പോള്‍ സത്താവിരുദ്ധമായ സമീപനത്തിന്റെ പ്രാധാന്യം കൂടി വായനക്കാരനു ബോദ്ധ്യപ്പെടുന്നു. സത്താത്മകമോ നിര്‍ണ്ണയവാദപരമോ ആയ സമീപനങ്ങള്‍ സമഗ്രാധിപത്യത്തിന്റെ സ്വഭാവം പുലര്‍ത്തുന്നതാണെന്നും അതു നിഷേധിക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാട് ഈ ലേഖനങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാം. അനില്‍കുമാര്‍ സത്താവാദത്തിന്റെ ശത്രുവാണ്. പ്രശ്‌നങ്ങളോടു സത്താവാദവിരുദ്ധമായ സമീപനമാണോ സ്വീകരിക്കുന്നതെന്നു തിരയാന്‍ ഉത്സുകനാകുന്ന അനിലിന്റെ രീതിശാസ്ത്രം എന്റെ വ്യക്ത്യനുഭവം കൂടിയാണ്. ബാദിയുവിനേയും ദെലസിനേയും ഒക്കെ അനില്‍ വായിക്കുന്നതും ഉള്‍ക്കൊള്ളുന്നതും ഈ ദാര്‍ശനികസമീപനത്തെ കൂടുതല്‍ നന്നായി മിനുക്കിയെടുക്കാനാണ്. മാതൃഭാഷയുടെ ജ്ഞാനിമപരമായ മേല്‍ക്കോയ്മയെയല്ല, മനുഷ്യാവകാശത്തെ കുറിച്ചുള്ള ഉന്നതമായ സങ്കല്‍പ്പനങ്ങളെയാണ് മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നവര്‍ കൂട്ടുപിടിക്കേണ്ടതെന്ന് അനില്‍കുമാര്‍ എഴുതുമ്പോള്‍, പ്രശ്‌നത്തിന്റെ മര്‍മ്മത്തില്‍ സ്പര്‍ശിക്കുന്നതായി നമുക്കു തോന്നുന്നുണ്ടെങ്കില്‍, ഈ സമീപനത്തിന്റെ പ്രാധാന്യമാണല്ലോ തെളിയുന്നത്. എന്നാല്‍, അനിലിന്റെ ലേഖനങ്ങളുടെ ഭാഷയില്‍ എങ്ങനെയോ സിസെക്ക് കടന്നുവരുന്നുണ്ട്. നല്ല ചിന്തകനായ സിസെക്കിന്റെ പരിഹാസവും നര്‍മ്മവും കലര്‍ന്ന ഇടപെടലുകള്‍ ചിലപ്പോള്‍ അമിതവും പറയുന്ന വിഷയത്തിന്റെ ഗൗരവപൂര്‍ണ്ണമായ വിനിമയത്തെ തടസ്സപ്പെടുത്തുന്നതുമായി മാറിത്തീരാറുണ്ട്. (സിസെക്ക് ഒരു ബൂര്‍ഷ്വാ ജെന്റില്‍മാന്‍ അല്ലെന്നു പറയുന്ന ഒരു വാക്യം അനില്‍ ആംഗലഭാഷയിലെഴുതിയ ഒരു ലേഖനത്തില്‍ കാണാം.) ഈ സമാഹാരത്തിലെ ചില ലേഖനങ്ങളിലെങ്കിലും ഈ പ്രവണത ദൃശ്യമാകുന്നതായി തോന്നിയേക്കാം. എന്നാല്‍, ഈ കൃതി ഉയര്‍ത്തുന്ന ആശയസമരത്തെ ഇതു ബാധിക്കുന്നില്ലെന്നും പറയണം.


ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ അഹിംസാത്മകമായ സാത്വികഭാവം സവര്‍ണ്ണര്‍ക്കു മാത്രം സാദ്ധ്യമായ ആഡംബരമാണെന്നും ഇതാണ് അയ്യങ്കാളിയെ തമസ്‌ക്കരിക്കാന്‍ ഘടനാപരമായ കാരണമായി തീരുന്നതെന്നുമുള്ള അനിലിന്റെ വാക്കുകള്‍ സവര്‍ണ്ണതയെ മാത്രമല്ല, വ്യവസ്ഥിതമായ സാത്വികരാഷ്ട്രീയത്തെ കൂടി പ്രകോപിപ്പിച്ചേക്കാം. പഠനമെന്നത് സുരക്ഷയുടെ വീട്ടിടങ്ങളില്‍ നിന്നും അപകടങ്ങളുടെ വന:സ്ഥലികളിലേക്കുള്ള പറിച്ചെറിയലാണെന്നു കേള്‍ക്കുമ്പോള്‍ യാഥാസ്ഥിതികത്വം വല്ലാതെ പരിഭ്രമിച്ചേക്കാം. ഇങ്ങനെ, സംഘപരിവാര്‍ മുതല്‍ വ്യവസ്ഥാപിത ഇടതുപക്ഷം വരെ നീളുന്ന യാഥാസ്ഥിതികത്വത്തെ ഭീതിപ്പെടുത്തുന്ന വാക്കുകളാണ് ഈ കൃതിയില്‍ എഴുതപ്പെട്ടിരിക്കുന്നത്. നൈതികമൂല്യങ്ങളെ ഉയര്‍ത്തിനിര്‍ത്തുന്നതും സൈദ്ധാന്തികഗരിമ നിറഞ്ഞതും അതിസൂക്ഷ്മവുമായ വികലനങ്ങളിലൂടെ ഇതിന്റെ രചന നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കാലത്തിലും ലോകത്തിലും ഈ എഴുത്തിന് ഏറെ പ്രസക്തിയുണ്ട്.




***************************************************************

ഞാൻ വിക്ടോറിയ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിക്കുന്ന സമയത്താണ് ഈ കുറിപ്പ് എഴുതുന്നത്.  ഞാൻ സർവ്വീസിൽ നിന്നും വിരമിച്ചിട്ട് നാലു വർഷമായി.അനിൽകുമാറിന്റെ ഈ മലയാളപുസ്തകം എന്തുകൊണ്ടോ ഇതുവരെ പുറത്തുവന്നില്ല !! 


Friday, June 2, 2023

"എല്ലാ ദിവസവും'' / "നിത്യവും" / "EVERYDAY"


സച്ചിദാനന്ദൻ എഴുതിയ "എല്ലാ ദിവസവും'' എന്ന കവിത "ശിഥിലം"എന്ന നാലു ഭാഗങ്ങളുള്ള ദീർഘകവിതയുടെ ആദ്യഖണ്ഡമാണ്.  ഇത്, "EVERYDAY" എന്ന പേരിൽ ആംഗലഭാഷയിലേക്കു കവി തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ ചില കവികൾ ഈ ആംഗലവിവർത്തനത്തെ  തങ്ങളുടേതായ രീതികളിൽ മലയാളത്തിലേക്കു തിരിച്ചു മൊഴിമാറ്റം നടത്തുകയുണ്ടായി. "എല്ലാ ദിവസവും'' എന്ന കവിതയുടെ പുതിയ അനുഭവത്തെ കുറിച്ചു പറയാനാണ് ഈ കുറിപ്പ്.


 "എല്ലാ ദിവസവും''  എന്ന കവിത,  അതിന്  കവി തന്നെ നൽകിയ ആംഗല  വിവർത്തനം, മറ്റു കവികൾ നടത്തിയ മലയാളത്തിലേക്കുള്ള മൊഴിമാറ്റങ്ങള്‍  എന്നിവ ശ്രദ്ധിക്കുക, ആദ്യം.  ബാലചന്ദ്രൻ ചുള്ളിക്കാട്,  ഷീജ വക്കം,   എ സി ശ്രീഹരി,  ശിവകുമാർ അമ്പലപ്പുഴ,  സരിത മോഹനൻ ഭാമ,  താരാനാഥ്,  ശ്രീകാന്ത് താമരശ്ശേരി,  ബൈജു  ടി വി, ശ്രീനിവാസൻ,  കാർത്തിക ശിവപ്രസാദ് ,  സീനാ ദേവകി,  ദീപ്തി സജിൻ കടയ്ക്കൽ എന്നിവരുടെ വിവർത്തനങ്ങളാണ് നൽകിയിരിക്കുന്നത് 

**************************************************************

എല്ലാ ദിവസവും

സച്ചിദാനന്ദൻ


എല്ലാ ദിവസവും

ഒരു കപ്പു പൊട്ടുന്നു.

സൂര്യൻ അതിൽ നിന്നു

പുറത്തേയ്ക്കു നുരഞ്ഞൊഴുകുന്നു 


എല്ലാ ദിവസവും

ഒരു മുട്ട പൊട്ടുന്നു 

വസന്തം പഞ്ചവർണ്ണച്ചിറകു വീശി 

അതിൽ നിന്നു പാടിയുയരുന്നു 


എല്ലാ ദിവസവും

ഒരുറവ പൊട്ടുന്നു 

കുട്ടികൾ അതിൽ നിന്നു 

ചിരിച്ചു പുറത്തേക്കൊഴുകുന്നു.


എല്ലാ ദിവസവും

ഒരു നെഞ്ചു  പൊട്ടുന്നു

കവിത അതിൽ നിന്ന് 

ചീറ്റിയൊഴുകി ഉറഞ്ഞുകൂടുന്നു 

**********************************************

Everyday

K  Satchithanandan

Everyday a cup breaks;
the sun flows
out of it,
bubbling.

Everyday an egg breaks;
the spring rises from it
on its five-hued wings,
singing.

Everyday earth breaks;
a fountain bursts forth
and babies rush out of it,
laughing.

Everyday a heart breaks
Poetry gushes out and clots.


*******************************************



നിത്യവും 

സച്ചിദാനന്ദൻ

മൊഴിമാറ്റം : ബാലചന്ദ്രൻ ചുള്ളിക്കാട് 


നിത്യവുമൊരു പാന

ഭാജനം തകരുന്നു 

ചുറ്റിലുമൊഴുകുന്നു 

നുരയും സൂര്യാസവം 


മുളപൊട്ടുന്നു നിത്യം 

വർണ്ണപഞ്ചകം ചേർന്ന 

പത്രങ്ങൾ നീർത്തിച്ചൈത്രം

പാടുന്നു പറക്കുന്നു 


നിത്യവും ഭൂമി വിണ്ടു 

പൊട്ടുമ്പോഴതിൽ  നിന്നു 

നിർഗ്ഗളിക്കുന്നു ശിശു 

കോടി തൻ സ്മിതധാര 


ഹൃദയം തകരുന്നു 

നിത്യവും, അതിൽ നിന്നു 

കവിത പുറത്തേക്കു 

വാർന്നു വാർന്നുറക്കുന്നു.

**********************************************************

ദിനം ദിനം

സച്ചിദാനന്ദൻ

മൊഴിമാറ്റം - ഷീജ വക്കം
.
കപ്പുടയുന്നൂ ദിനംദിനം,
ചുറ്റിലുമെത്തീ
നുരഞ്ഞൊഴുകും
സൂര്യദ്രാവകം..

മുട്ട പൊട്ടുന്നൂ ദിനംദിനം
പാടുന്നു
പുഷ്പകാലത്തിൻ്റെ
പഞ്ചവർണ്ണക്കിളി..

ഭൂമി വിളളുന്നൂ ദിനംദിനം
തിക്കുന്നു പുഞ്ചിരിക്കും ശിശുക്കൾ
ജലധാരയായ്..

നെഞ്ചു പൊട്ടുന്നൂ ദിനം ദിനം,
കാവ്യമോ
കട്ടകെട്ടുന്നൊഴുക്കിൽ 

മന്ദമന്ദമായ്.

**************************************************************

നിത്യം 

സച്ചിദാനന്ദൻ

മൊഴിമാറ്റം:  എ സി ശ്രീഹരി

ഉടയുന്നു നിത്യമൊരു പാത്രം
ഒഴുകുന്നു കുമിളയായ് സൂര്യൻ

പൊട്ടുന്നു നിത്യവും നീഡം
വിരിയുന്നു ചിറകിൻ വസന്തം

പിളരുന്ന ഭൂമിയിൽ നിത്യം
ഉറവാർന്നുയിർക്കും കിടാങ്ങൾ

തകരുന്നു ഹൃത്തടം നിത്യം
കുതികൊണ്ടുറയ്ക്കുന്നു കാവ്യം

*****************************************************************

ഓരോ നാളും 

സച്ചിദാനന്ദൻ

മൊഴിമാറ്റം : സരിത മോഹനൻ ഭാമ.

ഉടയുന്നോരോ നാളും 
ഓരോരോ കോപ്പ,
മിന്നിപ്പതഞ്ഞൊഴുകുന്നു,
ഉടവിൽ നിന്നും കതിരവൻ.

ഉടയുന്നോരോ നാളും
ഓരോ കിളിമുട്ട,
മൂളിപ്പാട്ടായുയരുന്നുള്ളീന്ന്, ചൈത്രം
പഞ്ചവർണ്ണപതംഗമായ്.

ഉടയുന്നോരോ നാളും
മണ്ണിന്  പള്ള,
കേൾക്കാം, ഉറവ പൊട്ടി, ഉണ്ണിച്ചിരി-
കളകളം കുഞ്ഞിക്കാൽകുതിപ്പുകൾ.

ഉടയുന്നോരോ നാളും
ഓരോ ഹൃദന്തവും,
നിണം ചീറ്റി ചാടിയോളെ, ദണ്ണിച്ച്  ഘനീ-
ഭൂതമായോളെ, നീ, നീ, നീയല്ലോ കവിത.

*****************************************************************

"എല്ലാ ദിവസവും''

സച്ചിദാനന്ദൻ

മൊഴിമാറ്റം - താരാനാഥ് 

ഒരു ഗ്ലാസുടഞ്ഞു
നുര പതയുന്ന പോലെയൊരു സൂര്യനെന്നും പരക്കും

ഒരു മുട്ടപൊട്ടിയൊഴുകുന്നൂ 

വസന്തരവമഞ്ചുവർണ്ണത്തൂവൽ നീർത്തി

ദിനമൂഴിയുടയുന്നു , ജലധാരയൊഴുകുന്നു ,
കളഹംസജാലം ചിരിപ്പൂ

നിത്യവും ഹൃത്തടം പിളരുമ്പൊളെപ്പൊളോ
സത്യമാം കാവ്യം ജനിപ്പൂ

******************************************************************************

ദിനം തോറും

സച്ചിദാനന്ദൻ

മൊഴിമാറ്റം: ശ്രീകാന്ത് താമരശ്ശേരി

തകരുന്നൂ ദിനം തോറുമൊരു
പാനപാത്രം,സൂര്യ-
നതിൽനിന്നും നുരചിന്നിയൊഴുകിടുന്നൂ

ഒരുമുട്ടയുടയുന്നൂ നിത്യ,-
മതിൽ പഞ്ചവർണ്ണ-
ച്ചിറകോലും വസന്തത്തിൻ പാട്ടുയിർക്കുന്നൂ

ഭൂമിപിളർന്നുയരുന്നൂ ജല-
ധാര, ചിരിച്ചാർത്തു-
കുതിയ്ക്കയാണതിൽനിന്നും കുട്ടികൾ, നിത്യം

മുറിയുന്നൂഹൃദയമൊന്നെ-
ന്നും, ചീറ്റിയൊഴുകുന്നൂ-
കവിതകൾ,അവ മെല്ലെ കട്ടകൂടുന്നൂ.

***********************************************************************

നിത്യം

സച്ചിദാനന്ദൻ
മൊഴിമാറ്റം: ബൈജു  ടി വി 

ദിനവുമൊരു പാത്രമുടഞ്ഞതിൻ പുറമേക്ക്
കുമിളിച്ചു കവിയുന്നു സൂര്യൻ

ദിനവുമൊരു മുട്ടയുടഞ്ഞ് വസന്തമോ
നിറചിറകിൽ ഉയർന്നു പാടുന്നു

ദിനവുമീ ഭൂമിയിൽ ഉറപൊട്ടിടുന്നൂ
നിറ ചിരിയുമായ് പിഞ്ചുപൈതങ്ങൾ

ദിനവുമൊരു ഹൃദയം പിളർന്ന് കവിതകൾ
ഒഴുകി പരന്നുറക്കുന്നു.

**********************************************************

നിത്യം

സച്ചിദാനന്ദൻ
മൊഴിമാറ്റം: ശ്രീനിവാസൻ

ഉടയുന്നു നിത്യമൊരു പാനപാത്രം,
പതഞ്ഞൊഴുകുമതിൽനിന്നും സൂര്യൻ.

പൊട്ടുന്നു നിത്യമൊരു കിളിമുട്ട,
ഉയരുമതിൽനിന്നും
പഞ്ചമംപാടി
പഞ്ചവർണ്ണച്ചിറകാർന്ന വസന്തം

പിളരുന്നു നിത്യമീ ഭൂമി
പൊട്ടിപ്പിറക്കുന്നു നീരുറവയൊന്ന്.
അതിൽനിന്നും
കുതിച്ചാർത്ത്,
പൊട്ടിച്ചിരിക്കും ശിശുക്കൾ
പുറത്തേക്ക്!

തകരുന്നു എന്നുമെൻ ഹൃദയം
കുത്തിയൊലിച്ചിടും കവിത,
എപ്പഴോ കട്ടപിടിക്കുന്നു പിന്നെ!

**********************************************************

നിത്യം

സച്ചിദാനന്ദൻ
മൊഴിമാറ്റം: 
കാർത്തിക ശിവപ്രസാദ് 


നിത്യമൊരു കോപ്പയുടയുന്നു 

കുമിളയായ് 

സൂര്യനതിൽ നിന്നുമൊഴുകുന്നു 


നിത്യമൊരു മുട്ടയുടയുന്നു 

പിന്നെയും പഞ്ചവർണ്ണച്ചിറകു വീശിയാ-

വാസന്തമതിൽ നിന്നുയർന്നു പാടുന്നു 


നിത്യമീ ഭൂമിയുടയുന്നു 

അതിൽ നിന്നുമുയരുന്ന 

ജലധാര കീറി, കുരുന്നുകൾ 

ചിരിയുമായോടിയണയുന്നൂ 


നിത്യമൊരു ഹൃത്തുമുടയുന്നൂ

അതിൽ നിന്നു കവിതയൊഴുകി 

പരന്നൊടുവിലതുറഞ്ഞു കൂടുന്നു

************************************************************

ദിനവും

സച്ചിദാനന്ദൻ
മൊഴിമാറ്റം: 
സീനാ ദേവകി 

ദിനവുമൊരു പാത്രമുടഞ്ഞു തകരുന്നതിൽ
കുമിളയായ് പൊന്തുന്നു സൂര്യൻ..

ദിനവുമൊരു നീഡമുടഞ്ഞു തകരുന്നതിൽ
 വസന്തം വിടർത്തുന്നു കിളികൾ..

ദിനവുമൊരു ഭൂമി തകർത്തതിൽ 
ചിരിയുമായ് ഉറവെടുക്കുന്നു ശിശുക്കൾ..

ദിനവുമൊരു ഹൃത്തടം തകരുന്നതിൽ
 നിന്നൊഴുകിയുറയ്ക്കുന്നു കവിത..

*******************************************************************
നിതാന്തം

സച്ചിദാനന്ദൻ
മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ 

ചഷകമൊന്നുടയുന്നു പ്രതിദിനമതിൽ നിന്നു
നുരയിടും സൗരപ്രവാഹം

ദിനവുമുടയുന്നൊരണ്ഡമതിൽ നിന്നും 
ഐവർണ്ണ പക്ഷങ്ങൾ നീർത്തും വസന്തം 
വിടർന്നുപാടുന്നു

ദിനവുമടരുന്ന മണ്ണിൽ 
നിന്നൊരു നീർക്കുതിപ്പിൽ കൂട്ടമായെത്തുന്നു
ചിരിയുതിർക്കുന്ന പൈതങ്ങൾ  


ഉറയുന്നൊരുള്ളെന്നുമതിൽ നിന്നു 
മൂറുന്നു കവിതയതുറയുന്നു ശാന്തമായ്

******************************************************************

ഓരോ ദിനവും

സച്ചിദാനന്ദൻ
മൊഴിമാറ്റം: ദീപ്തി സജിൻ, കടയ്ക്കൽ

ഉടയുന്നോരോ ദിനമാമൊരു -
പത്രത്തിൽ നിന്നിതാ സൂര്യൻ 
നുര പൊങ്ങി പുറത്തേക്ക്

പൊട്ടുന്നുണ്ടോരോ
ദിനമാമൊരുകിളിമുട്ട -
യതിൽ നിന്നൊരു വസന്തുർത്തു 
പഞ്ചവർണ്ണച്ചിറകു വീശിപ്പാടി

പിളരുന്നെന്നും ഭൂമി_
യതിൽ നിന്നൂറും ധാരയിൽ
ചെറു ബാല്യങ്ങളിതാ
ചിരിച്ചു കൊണ്ടൊഴുകുന്നു

മുറിയുന്നോരോ ദിനവും
ഹൃദയമേകത്തിൽ നിന്നും
ഒഴുകും കവിതകൾ
കട്ടപോലുറയ്ക്കുന്നു.

******************************************************************

 വിവർത്തനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതാണ് കവിത എന്ന സ്ഥിരം വാക്യത്തെ മാറ്റിനിർത്തി പല വിവർത്തനങ്ങളിലൂടെ പല കവിതാവായനകൾ നടക്കുന്നുവെന്ന് പല നിലയിലുള്ള കാവ്യഭാവുകത്വങ്ങൾ ഇടപെടുന്നുവെന്ന്‌  ഈ അനുഭവത്തെ ചൂണ്ടി വീണ്ടും പറയാമെന്നു തോന്നുന്നു. ഈ മൊഴിമാറ്റങ്ങളിൽ, സച്ചിദാനന്ദന്റെ കവിതയിലുള്ള ചിലതു നഷ്ടപ്പെടുന്നുണ്ടെന്ന്  തോന്നാം. എന്നാൽ, കാവ്യമൂല്യമുള്ള ചിലതു കിട്ടുന്നുമുണ്ട്.


ആരുടെ വിവർത്തനവും കവിയുടേതു പോലെ ലളിതമായിട്ടില്ല. ലളിതമായ മലയാളപദങ്ങൾ കൊണ്ടാണ്  സച്ചിദാനന്ദൻ എഴുതിയിരിക്കുന്നത്. 'എല്ലാ ദിവസവും' എന്ന സരളമായ പദക്കൂട്ടു കൊണ്ട് നാലു ഭാഗങ്ങളും  ആരംഭിക്കുന്നു.(ബാലചന്ദ്രൻ അത് 'നിത്യവും' എന്നു മാറ്റിയിരിക്കുന്നതും അവിടെ മിക്കവാറും സച്ചിദാനന്ദന്റെ രീതി തന്നെ സ്വീകരിക്കുന്നതും കാണാം, മറ്റു പദക്കൂട്ടുകൾ ലളിതമല്ലെങ്കിലും.)  

തികച്ചും സ്വാഭാവികമായി  'സംഭവിക്കുന്നതായി' തോന്നുന്ന വാക്കുകൾ എഴുതപ്പെട്ടിരിക്കുകയാണ്, ഔപചാരികതകളില്ലാതെ.  കവിതയുടെ ഉറവകളെ കുറിച്ചുള്ള കവിതയെന്ന പ്രതീതി  അവസാനത്തെ വരികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും  "നിത്യവും ഹൃത്തടം പിളരുമ്പൊളെപ്പൊളോ സത്യമാം കാവ്യം ജനിപ്പൂ" എന്ന താരാനാഥിന്റെ 'കണ്ടെത്തലിനെ പ്രഖ്യാപിക്കുന്ന രീതി' കവി സ്വീകരിക്കുന്നില്ല. താരാനാഥ്‌ ഉപയോഗിക്കുന്ന സത്യം  എന്ന വാക്കിൽ ഇവിടെ  കാവ്യഭാവുകത്വത്തെക്കാളും യുക്തിയാണ്  പ്രവർത്തിക്കുന്നത്. 


കവിത വാക്കിന്റെ കലയാണെന്ന് ഈ കവിതയും വിവർത്തനങ്ങളും വീണ്ടും തെളിയിക്കുന്നു. ഏതു വാക്കാണ്,  എങ്ങനെയുള്ള വാക്കാണ്  കവിയിൽ തുള്ളുന്നതെന്ന്;  പൂർവ്വപരിചയം കൊണ്ട് വായനക്കാരൻ ധരിച്ചുവച്ചിരിക്കുന്നത്,  സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്,  ഷീജ വക്കം എന്നിവർ ഉറപ്പിച്ചു കൊടുക്കുന്നുവെന്നു പറയണം. ബാലചന്ദ്രന്റെ അദ്ഭുതകരമായ കാവ്യപാടവം ഈ പുനർരചനയിലും കാണാം.  പാനഭാജനം, സൂര്യാസവം, വർണ്ണപഞ്ചകം, സ്മിതധാര  എന്നീ കൂട്ടുകൾ ബാലചന്ദ്രനിൽ നിന്നു തന്നെ പ്രതീക്ഷിക്കാവുന്നവയാണ്.  

ദിനം ദിനം എന്ന ആവർത്തനം കൊണ്ടുവരുന്ന താളം  ഷീജയിൽ നിന്നും.

പുതിയ എഴുത്തുകാരിൽ കാർത്തിക ശിവപ്രസാദിന്റെയും സീന ദേവകിയുടെയും വിവർത്തനങ്ങൾ ഏറെ ശ്രദ്ധേയം. സച്ചിദാനന്ദന്റെ കവിതയുടെ സാരള്യത്തെയും സ്വാഭാവികതയെയും എത്തിപ്പിടിക്കാൻ അത് ശ്രമിക്കുന്നുണ്ട് . അവസാനഭാഗത്ത് 'അതില്‍നിന്നും' എന്ന അര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കാത്തതോ വ്യംഗ്യമായി ആ അര്‍ത്ഥത്തെ ആവാഹിക്കാത്തതോ ആയ മൊഴിമാറ്റങ്ങള്‍ വളരെ അപൂര്‍ണ്ണങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്.


ട്ടോ റെനെ കാസ്റ്റിലോയുടെ കവിത പല പ്രാദേശികഭാഷാരൂപങ്ങളിൽ നിന്നുകൊണ്ട്  എഴുതാൻ ശ്രമിച്ച ഒരു രീതിയല്ല*, ഇവിടെ  വിവർത്തകർ  സ്വീകരിച്ചത്. പ്രാദേശികചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷാഭേദങ്ങളുടെയും ആഖ്യാനങ്ങളായിട്ടല്ല,  വിവിധ കാവ്യഭാവുകത്വങ്ങളുടെ പ്രതികരണങ്ങളായിട്ടാണ്  ഈ വിവർത്തനസംരംഭങ്ങളെ കാണേണ്ടത്.

ഒരൊറ്റ കവിതയില്‍ നിന്നും പല കവിതകള്‍ പിറക്കുന്നു. ഒരേ കവിതയിൽ നിന്നും  കവിതയുടെ ബഹുസ്വരങ്ങൾ കേൾക്കുന്നു


***************************************************************************************

*ട്ടോ  റെനെ കാസ്റ്റിലോയുടെ കവിതയുടെ പല വിവർത്തനങ്ങളെ കുറിച്ച് എഴുതിയ "യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല." എന്ന കുറിപ്പ് ഈ ബ്ലോഗിൽ വായിക്കാം. 



POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...