ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ
കൊലപാതകം, കേരളീയസമൂഹം എത്തിപ്പെട്ടിരിക്കുന്ന അതിനീചവും ഭയാനകവുമായ അവസ്ഥയുടെ
പ്രത്യക്ഷമാണ്. തങ്ങള്‍ക്കെതിരായ രാഷ്ട്രീയനിലപാടുകള്‍ സൂക്ഷിക്കുന്നവരെ കൊന്നുതള്ളാന്‍
അറപ്പില്ലാത്തവരായി ചില മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാറിത്തീര്‍ന്നിരിക്കുന്നു.
വിമതവും വ്യത്യസ്തവുമായ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ ഇവര്‍ക്കു ശ്രവിക്കാന്‍
കഴിയുന്നുള്ളൂ. ഏറ്റവും നൃശംസമായ മാര്‍ഗ്ഗങ്ങളിലൂടെ, കൊടുംപാതകങ്ങളിലൂടെ വിമതശബ്ദങ്ങളെ
പോലും ഇല്ലായ്മ ചെയ്യാന്‍ അതു മടി കാണിക്കുകയില്ലെന്നാണ് ചന്ദ്രശേഖരന്റെ കൊലപാതകം
വെളിപ്പെടുത്തുന്നത്.
സമകാലകേരളരാഷ്ട്രീയം അതീവ പ്രതിലോമപരമായ വഴികളിലും ദിശകളിലുമാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകത്തോളമായി കേരളത്തിലെ മുഖ്യ ഇടതുപക്ഷപ്രസ്ഥാനത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ അപചയമാണ് പ്രതിലോമപരമായ വഴികളേയും ദിശകളേയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. ആഗോളീകരണപ്രക്രിയകളുടെ തുടര്‍ച്ചയെന്നോണം, നമ്മുടെ സമൂഹത്തില്‍ ഉപഭോഗസംസ്ക്കാരവും മദ്ധ്യവര്‍ഗ്ഗവല്‍ക്കരണവും അരാഷ്ട്രീയപ്രവണതകളും ത്വരിതഗതിയാര്‍ജ്ജിക്കുകയും ഇടതുപക്ഷത്തിന്റെ വ്യവസ്ഥാപിത മുഖ്യധാര ആശാസ്യമല്ലാത്ത ഈ പ്രവണതകളെ ചെറുക്കാന്‍ ശക്തിയില്ലാതെ അവയ്ക്കു കീഴ്പ്പെടുകയും ചെയ്തു. പണമിടപാടു സ്ഥാപനങ്ങളുടെ അധിപന്മാരും ചെറുകിട കോണ്‍ട്രാക്ടര്‍മാരും റിയല്‍ എസ്റ്റേറ്റു ബിസിനസ്സുകാരും മദ്യവ്യവസായികളും ഇടനിലക്കാരും ഗുണ്ടാപ്രമാണികളും ഈ കാലയളവില്‍ ഇടതുരാഷ്ട്രീയപ്രസ്ഥാനത്തിലെ അംഗങ്ങളായിത്തീര്‍ന്നു.ഇവര്‍ പെട്ടെന്നു തന്നെ രാഷ്ട്രീയനേതൃത്വത്തിലേക്കു കടന്നുവരികയും ചെയ്തു. ഇപ്പോള്‍, പ്രസ്ഥാനത്തിന്റെ വര്‍ഗ്ഗപരമായ അടിത്തറകള്‍ ഇളക്കിമാറ്റപ്പെടുന്നതും ഈ പുത്തന്‍ മദ്ധ്യവര്‍ഗ്ഗത്തെ കൊണ്ട് അതിനെ പ്രതിസ്ഥാപിക്കുന്നതും കാണാന്‍ കഴിയുമായിരുന്നു. ഫാന്റസിപാര്‍ക്കുകളുടേയും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുടേയും സ്വാശ്രയകോളേജുകളുടേയും ഉടമസ്ഥരും നടത്തിപ്പുകാരുമായി മാറിയ ഇടതുരാഷ്ട്രീയനേതൃത്വം കോര്‍പ്പറേറ്റ് മാനേജ്മെന്റുശക്തികളെയെന്ന പോലെ പെരുമാറിത്തുടങ്ങുന്നു. മുഖ്യഇടതുരാഷ്ട്രീയനേതൃത്വത്തിന്റെ ഈദൃശകാര്യങ്ങളിലെ നിര്‍വഹണക്ഷമത ശക്തമായപ്പോള്‍, അതിന് അഭിസംബോധന ചെയ്യാനുണ്ടായിരുന്നത് അധ:സ്ഥിതജനതയുടെ പ്രശ്നലോകങ്ങളെയായിരുന്നില്ല; മറിച്ച്, അന്യവര്‍ഗത്തിന്റെ രാഷ്ട്രീയത്തെ നടപ്പിലാക്കുന്ന സംഘമായി അത് മാറിത്തീരുകയായിരുന്നു. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയശക്തികളെ പോലും അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ വ്യവസ്ഥാപിത ഇടതുരാഷ്ട്രീയനേതൃത്വം ഇക്കഴിഞ്ഞ ദശകത്തില്‍ വലതുപക്ഷവല്‍ക്കരണത്തിനു വിധേയമാകുകയുണ്ടായി. തങ്ങളോടൊപ്പം നിന്ന വിഭാഗങ്ങള്‍ക്ക് ചങ്ങാതിയായി വ്യവസ്ഥാപിത ഇടതുരാഷ്ട്രീയനേതൃത്വം മാറിത്തീരുന്നത് വലതുരാഷ്ട്രീയപ്രസ്ഥാനങ്ങളെ കുഴക്കുന്നുമുണ്ടായിരുന്നു. നിയന്ത്രണങ്ങളേതുമില്ലാതെ സ്വകാര്യവല്കരണനയങ്ങളെ നടപ്പിലാക്കി കൊണ്ടും ജാതിമതശക്തികളുടെ ധ്രുവീകരണത്തിലൂടെയും ഇതിനു തടയിടാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ അത്യന്തം പ്രതിലോമപരമായ സാമൂഹികഫലങ്ങളെയാണ് സൃഷ്ടിച്ചത്. സ്വകാര്യ കോര്‍പ്പറേറ്റ് മൂലധനശക്തികളും വിവിധ ജാതിമതസംഘടനകളും ചേര്‍ന്നുണ്ടാക്കുന്ന അതിരൂക്ഷമായ സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെ കളിക്കളമായി കേരളരാഷ്ട്രീയഭൂമിക മാറിത്തീരുന്നത് ഇങ്ങനെയാണ്. സ്വകാര്യലാഭത്തിന്റെ ശക്തികള്‍ വര്‍ദ്ധമാനമായ രീതിയില്‍ സാമൂഹികജീവിതത്തില്‍ പിടിമുറുക്കിയതോടെ ജനജീവിതം അതീവ ദുസ്സഹമായി തീര്‍ന്നു.
സമകാലരാഷ്ട്രീയത്തിന്റെ ഈ പ്രതിലോമസ്ഥിതി
രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെ അസ്വസ്ഥതകളും അസംതൃപ്തികളും
സൃഷ്ടിക്കുന്നുണ്ടായിരുന്നു. മുഖ്യധാരാഇടതുപക്ഷപ്രസ്ഥാനത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവന്ന
എതിര്‍പ്പുകള്‍ ഇതിന്റെ ഭാഗമാണ്. ചെറിയ വിമതശബ്ദങ്ങളോടു പോലും അസഹിഷ്ണുത
കാണിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ കീഴില്‍ പ്രസ്ഥാനം അമര്‍ന്നു കഴിഞ്ഞിരുതിനാല്‍
പെട്ടെന്നുള്ള പുറത്താക്കലുകളും ചെറിയ പിളര്‍പ്പുകളും അനിവാര്യമായിരുന്നു.
വ്യവസ്ഥാപിതഇടതുപക്ഷപ്രസ്ഥാനത്തില്‍ നിന്നും മാറിനിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയും
വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്ന ഇടതുപ്രസ്ഥാനങ്ങളും ചെറുഗ്രൂപ്പുകളും പുത്തന്‍
വിമതശബ്ദങ്ങളുമായി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളെ
ഇതു സൃഷ്ടിക്കുന്നുണ്ടായിരുന്നു. മുഖ്യധാരാഇടതുപക്ഷപ്രസ്ഥാനത്തില്‍ നിന്നു പുറത്തുവന്നവരും
വ്യവസ്ഥാപിതഇടതുപക്ഷത്തിനെതിരായ നിലപാടുകളുള്ള ഇടതുപ്രസ്ഥാനങ്ങളും പുത്തന്‍
സാമൂഹികപ്രസ്ഥാനങ്ങളിലെ ഒരു വിഭാഗവും യോജിക്കുന്ന ചില സമരമുഖങ്ങള്‍ അടുത്ത കാലത്തു
തുറക്കപ്പെട്ടത് വളരെ പ്രധാനപ്പെട്ട ഒരു കാല്‍വെയ്പ്പായിരുന്നു. ഇടതും വലതുമായ
വ്യവസ്ഥാപിത രാഷ്ട്രീയനേതൃത്വങ്ങളുടെ നിലപാടുകളെ തിരസ്ക്കരിച്ചു കൊണ്ട്
ജനകീയപ്രശ്നങ്ങളില്‍ ഇവര്‍ സമരമുഖങ്ങള്‍ തുറക്കാനാരംഭിച്ചതോടെ രാഷ്ട്രീയസംഘര്‍ഷത്തിന്റെ
വ്യാപ്തി വര്‍ദ്ധിക്കുകയായിരുന്നു. ഒഞ്ചിയം ഈ രാഷ്ട്രീയപരീക്ഷണത്തിന്റെ വലിയൊരു
വേദിയായിരുന്നു. ഒഞ്ചിയത്തെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവ് കൊല ചെയ്യപ്പെടുന്നത് ഈ
സന്ദര്‍ഭത്തിലാണ്.
ടി.പി.ചന്ദ്രശേഖരന്‍ ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ
ഉടമയായിരുന്നു. മുഖ്യധാരാപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുകയും
വിദ്യാര്‍ത്ഥി, യുവജനനേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു, അദ്ദേഹം.
ചന്ദ്രശേഖരന്റെ ഭാര്യ രമ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മാധവേട്ടനും ഭാര്യാസഹോദരിയുമെല്ലാം
മുഖ്യധാരാപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവരാണ്. ചന്ദ്രശേഖരന്റേത് ഒരു
കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്നു. ജീവിതത്തിന്റെ ഏറിയ ഭാഗവും ജനങ്ങള്‍ക്കു
വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന നിസ്വാര്‍ത്ഥനായ ഒരു
പൊതുപ്രവര്‍ത്തകനാണ് കൊലചെയ്യപ്പെട്ടത്. ഈ അറുംകൊല നടത്തിയവര്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരമായി എല്ലാ വിരലുകളും ചൂണ്ടപ്പെടുന്നത് അപചയിച്ച
ഇടതുരാഷ്ട്രീയനേതൃത്വത്തിലേക്കാണ്. കെ.ജി. ശങ്കരപ്പിള്ളമാഷിന്റെ 'സഖാവ്
ബലരാമന്റെ കൊലപാതകം' എന്ന കവിതയെ കുറിച്ച് ഞാന്‍ എഴുതിയ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ.
"പ്രസ്ഥാനത്തിലെ പ്രിയ സഖാക്കളെ കൊല ചെയ്യുന്ന നേതൃത്വത്തിന്റെ ദുരധികാരത്തേയും
സമഗ്രാധിപത്യത്തേയും നാം കാണുന്നു. ആന്ധ്യം ബാധിച്ച നേതൃത്വത്തില്‍ നിന്നുകൊണ്ട്
സ്റ്റാലിന്‍ സംസാരിക്കുന്നു. അഭിപ്രായഭേദങ്ങളോടും വിമര്‍ശനങ്ങളോടും സഹിഷ്ണുതയില്ലാതെ
പ്രതികരിക്കുവര്‍ക്ക് മഹത്തായ ജനാധിപത്യം എങ്ങനെയാണ് സൃഷ്ടിക്കാന്‍ കഴിയുക?
അടിസ്ഥാനവര്‍ഗത്തോടുള്ള കൂറുമായി നല്ല ലോകം രചിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍
അധികാരലോഭങ്ങള്‍ക്ക് കീഴ്പ്പെടുകയാണ്. " അപചയിച്ച പ്രസ്ഥാനത്തില്‍ നിന്നും മഹത്തായ
മൂല്യങ്ങളും ആശയങ്ങളും ഒലിച്ചു പോയിരിക്കുന്നു. ആത്മീയമായി ശോഷിച്ചുപോയ പ്രസ്ഥാനങ്ങള്‍
ചന്ദ്രശേഖരന്മാര്‍ക്ക് ചിതയൊരുക്കുകയാണ്, ഇപ്പോള്‍. അദ്ദേഹം കൊല ചെയ്യപ്പെട്ട
ശേഷവും കുലംകുത്തി തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞവര്‍ പ്രകടിപ്പിക്കുന്ന ധാര്‍ഷ്ഠ്യവും
അഹന്തയും കേരളസമൂഹത്തിനു് അപമാനകരമാണ്.
'ട്രോട്സ്കിയെ കൊന്ന പിക്കാക്സില്‍
സ്റ്റാലിന്റെ വിരലടയാളം തിരയരുതെന്ന് സ്റ്റാലിന്‍
ഭാതൃഹത്യ എന്ന തീര്‍പ്പ്
ചരിത്രത്തിന്റെ അതിവായനയെന്നു സ്റ്റാലിന്‍
ഒരു സഖാവിനാവില്ല കൊല്ലാന്‍
മറ്റൊരു
സഖാവിനെയെന്നു സ്റ്റാലിന്‍
കായീന്റെ വംശക്കാരല്ല സഖാക്കളെന്നും
പറഞ്ഞു സ്റ്റാലിന്‍
ശവമടക്കിനു ശേഷം
അര്‍ത്ഥങ്ങളുടെ വലിയ ചുടുകാട്ടില്‍
ഭാവിയുടെ വിഷപ്പല്ലില്‍ തിരയരുത്
നേതാവിന്റെ വിരലടയാളം.
സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു'
കുലംകുത്തി എന്ന രൂപകം കൊണ്ട്
പിന്നെയും പിന്നെയും വാക്യങ്ങള്‍ നിര്‍മ്മിക്കുന്ന നേതാവിനെ ഭരിക്കുന്ന വികാരം അജ്ഞാതരായ
മനുഷ്യരുമായി സാഹോദര്യം നല്‍കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ സാര്‍വദേശീയബോധമല്ലെന്നു തീര്‍ച്ച. അത് ഗോത്രത്തലവന്റെ കുലമഹിമയാണ്. 'ഈ പാര്‍ട്ടിയെ നിങ്ങള്‍ക്കറിയില്ല'
എന്ന് കേരളമെമ്പാടും ഗോത്രമഹിമയോ കുടുംബപുരാണമോ പറഞ്ഞു നടന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന
ഇയാള്‍ ചരിത്രത്തിലെ ഏറ്റവും ആധുനികമായ വര്‍ഗ്ഗത്തെ കുറിച്ചുള്ള
മാര്‍ക്സിന്റെ സങ്കല്പനങ്ങളെ എങ്ങനെയാണ് തിരിച്ചറിയുക?
കേരളത്തിലെ ബുദ്ധിജീവിതം ചന്ദ്രശേഖരന്റെ അരുംകൊലയോട് പ്രതികരിച്ച രീതി നമ്മുടെ സാമൂഹികജീവിതത്തിന്റെ ഭാവിയെ കുറിച്ചുള്ള ഉല്‍ക്കണ്ഠകളെ അധികരിപ്പിക്കുന്നു. നിശബ്ദരായിരുന്നവര്‍ ഏറെയാണ്. യെവ്തുഷെങ്കോയുടെ വാക്കുകളെ ഓര്‍ത്തുകൊണ്ടു പറയട്ടെ. നീതിക്കു വേണ്ടി ഉറക്കെ സംസാരിക്കേണ്ട സന്ദര്‍ഭത്തില്‍ നിര്‍മ്മമരായിരിക്കുന്നവര്‍ അനീതിയുടെ പക്ഷത്താണു നില്‍ക്കുന്നത്. ഇപ്പോള്‍ ചിലര്‍ നിശബ്ദതക്കുള്ള ന്യായീകരണങ്ങളുമായി വരുന്നുണ്ട്. ചന്ദ്രശേഖരന്റെ വധത്തെ നിസ്സാരീകരിച്ച് അവതരിപ്പിക്കാനാണ് ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നത്. ഫാസിസത്തിന്റേയും നാസിസത്തിന്റേയും നാളുകളിലും സ്റ്റാലിനിസ്റ്റുവാഴ്ചക്കാലത്തും ബുദ്ധിജീവിതം എങ്ങനെയാണ് രണ്ടുചേരികളായി പൊട്ടിപ്പിളര്‍ന്നതെന്നും ഗീബല്‍സിയന്‍ നുണകള്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടതെന്നും ഇന്നത്തെ കേരളിയ ബുദ്ധിജീവിതം നോക്കിയാല്‍ മനസ്സിലാകും. ചന്ദ്രശേഖരന്റെ കൊലപാതകത്തിനെതിരെ സംസാരിച്ച എഴുത്തുകാരെ സാംസ്ക്കാരിക ക്വട്ടേഷന്‍ സംഘം എന്നു വിളിച്ചത് പുരോഗമനത്തിന്റെ പേരു പേറുന്ന എഴുത്തുകാരുടെ സംഘത്തിന്റെ നേതാവായിരുന്നു. ചന്ദ്രശേഖരനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ അയച്ചവരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് അയാള്‍ ഈ പ്രസ്താവന ഇറക്കിയത്. ആറാം ഇന്ദ്രിയം നഷ്ടപ്പെട്ടവര്‍ കവികളെന്ന പേരിന് അര്‍ഹരല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അതു നഷ്ടപ്പെട്ടിട്ടില്ലെന്നു കൂടി ഇവര്‍ അറിയണം.
'രക്തസാക്ഷി പറഞ്ഞു
ജീവിതത്തിലേക്കു പോകൂ
എന്റെ രക്തത്തില്‍
കണ്ണീരു വീഴ്ത്തരുത്
അത് ഭാവിയുടെ
ഞരമ്പുകളിലേക്ക്
പ്രയാണമാരംഭിച്ചു കഴിഞ്ഞു.'
(മെയ് 23ന് എഴുതിത്തീര്‍ത്തത്)
13 comments:
ഉജ്വലം...
ഐക്യപ്പെടുന്നു സഖാവേ.
സഖാവ് ചന്ദ്രശേഖരന് അഭിവാദ്യങ്ങള്‍.
കൊലപാതക രാഷ്ട്രീയത്തിന് കേരള രാഷ്ട്രീയ ചരിത്രത്തിന്റെ അത്രയും ആയുസുണ്ട് ..പക്ഷെ രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ പുതിയ സംഭവം അല്ലാത്തത് കൊണ്ട് തന്നെ പലരും അതിനെ ന്യീകരിക്കാറുണ്ട് എന്നാല്‍ തോളോട് തോളുരുമി നടന്നവര്‍ തന്നെ
ഒരാളെ മൃഗീയാമായി ( ആ വാക് ഉപയോഗിക്കാന്‍ പാടില്ല ) അത് കൊണ്ട് തന്നെ പൈശാചിക്കമായി അറുത്തു ചോര കുടിക്കുന്ന ഈ പുതിയ പ്രത്യാശാസ്ത്രത്തെ എന്തിന്റെ പേരിലായാലും ഏതു കോടിയുടെ നിറത്തിന്റെ പേരിലായാലും അനുകൂലിക്കാന്‍ മാസക്ഷി എന്ന് ഉള്ള ഒരാള്‍ക്കും സാധിക്കില്ല .
കൊല്ലുന്നവൻ കൊലയാളിതന്നെ, അതിന്ന് ആരെങ്കിലും സപ്പോർട്ട് ചെയ്യുന്നെങ്കിൽ അവനും അതേ പേര് തന്നെ
തികച്ചും അവസരോചിതമായ പോസ്റ്റ്.
ശരിക്കും ചങ്കൂറ്റത്തോടെ എഴുതിയിരിക്കുന്നു. അഭിവാദ്യങ്ങള്‍
ഞങ്ങള് ചെയ്തു ഇനിയും ചെയ്യും എന്ന്
ഇന്നലെയും ഒരു 'നേതാവ്' (അതാണോ ഇവര്‍ക്കൊക്കെ
വേണ്ടി ഉപയോഗിക്കേണ്ട വാക്ക്) അലറി വിളിക്കുന്നു..
ഇത് രാഷ്ട്രീയം ആണോ?
അവിചാരിതം ആയ സംഘടനത്തില്‍ കൊല്ലപ്പെടുന്നവര്‍ രക്ത സാക്ഷികള്‍ ആവാം..അത് എല്ലാ പാര്‍ടിയിലും ഉണ്ടായിട്ടുണ്ട് ഇതിനു മുമ്പും...
പക്ഷെ കൂടെ നടന്ന ഒരു മനുഷ്യനെ, ആശയം മാറി നടന്നു അകലുമ്പോള്‍ പിറകെ ചെന്ന് കൂലി കൊടുത്തു ആള്‍ക്കാരെ ക്കൊണ്ട് കൊല്ലിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ വെറും കൊലയാളികള്‍ മാത്രം ആണ്..മനുഷ്യരോ പാര്ടിക്കാരോ
അല്ല... ഇതല്ലാതെ ഒന്നും പങ്ക് വെയ്ക്കാന്‍ ഇല്ല സുഹൃത്തേ...
കുറേക്കൂടി എഴുതാമായിരുന്നു..എന്നിട്ടും കാര്യം ഇല്ലല്ലോ അല്ലെ??!!
രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെയും ഒരേദിശയിൽ ചിന്തിക്കുന്നവാരാണ്.സഖാവ് ചന്ദ്രശേഖരന്റെ വധത്തിനു മുമ്പും ഇവിടെ അനവധി രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പ്രശസ്തരും അല്ലാത്തവരും ഇവരുടെയൊക്കെ കൊലക്കത്തിക്കും ബോംബിനും ഇരയായിട്ടുണ്ട്.മിക്ക പാർട്ടികളിലേയും പ്രവർത്തകർ ഇതിൽ പലപ്പോഴും പ്രതികളായിട്ടുമുണ്ട്. അന്നൊന്നുമില്ലാത്ത പുകിലും പുലഭ്യവും ഇന്നിപ്പോൾ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മറ്റൊന്നു കിട്ടുന്നതുവരെ ചാനലുകാരും പത്രക്കാരും ഇതുകൊണ്ടാടട്ടെ.
കൊല്ലപ്പെട്ട സഖാവിനു ആദരാഞ്ജലിയർപ്പിച്ച് നമുക്കിത് മറക്കാൻ ശ്രമിക്കാം.
കാലികവും അവസരോചിതവുമായ പോസ്റ്റ്...!
അസഹിഷ്ണതയുടേയും അഹങ്കാരത്തിന്റേയും രാഷ്ട്രീയം...!
നന്നായി എഴുതി..
ആശംസകൾ...
കുറ്റമില്ലാത്ത ഈ ചോര കേരളത്തിലെ ഇടതു പ്രസ്ഥാനത്തെ വേട്ടയാടിക്കൊണ്ടിരിക്കും. വാടകക്കൊലയാളികളാൽ രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നത് അവസാനിച്ചേ പറ്റൂ. നീറുന്ന കുറിപ്പ്!
കാലികവും അവസരോചിതവുമായ പോസ്റ്റ്...!
അക്രമരാഷ്ട്രീയം നിരുത്സഹപ്പെടുതെണ്ടത് തന്നെ..
Post a Comment