Saturday, September 16, 2017

സത്യവേദപുസ്തകത്തിനു പകരം ശാസ്ത്രപുസ്തകം വയ്ക്കുന്നു!!!

നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും കുഴിയില്‍ അടക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എഴുന്നേറ്റുവരികയാണ്. യുക്തിരാഹിത്യവും മതാത്മകതയുടെ ഹീനമൂല്യങ്ങളും കേരളസമൂഹത്തെ കീഴടക്കുകയാണ്. ശാസ്ത്രാവബോധം നമ്മുടെ ഒരു പ്രവര്‍ത്തനത്തേയും നയിക്കാതാകുന്ന സ്ഥിതിയിലേക്കു നീങ്ങുകയാണ്. പ്രശ്നം, യാഗം, ഹോമം, കലശം, കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, മനുഷ്യദൈവങ്ങളുടെ പടപ്പുറപ്പാടുകള്‍, ചിതാഭസ്മനിമജ്ജനങ്ങള്‍, കരിസ്മാറ്റിക് ധ്യാനങ്ങള്‍ എന്നിങ്ങനെയുളള എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും കേരളസമൂഹം കീഴ്പ്പെടുകയാണ്. മതം ആത്മീയമൂല്യങ്ങള്‍ക്കു വേണ്ടിയല്ല , കാര്യസാദ്ധ്യത്തിനും അധികാരത്തിനും വേണ്ടിയായി മാറുന്ന നികൃഷ്ടസാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ശാസ്ത്രത്തിനു വേണ്ടി വാദിക്കുന്നവര്‍ പോലും ശാസ്ത്രീയതയിലോ ശാസ്ത്രത്തിന്‍റെ യുക്തിയിലോ നിന്നുകൊണ്ടല്ല ശാസ്ത്രവ്യവഹാരങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും കാണേണ്ടതാണ്. കേരളത്തിലെ യുക്തിവാദി സംഘടനകളിലേറെയും മതങ്ങളെ തോല്‍പ്പിക്കുന്നത് ശാസ്ത്രത്തിന്‍റെ സത്യാത്മകതയെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ശാസ്ത്രപ്രചാരകരായും മറ്റും പ്രത്യക്ഷപ്പെടുന്ന പലരും ശാസ്ത്രത്തിന്‍റെ അന്ധവിശ്വാസികളാണ്. കേരളത്തിലെ ഒരു യുവജനസംഘടന തങ്ങളുടെ പ്രചരണപോസ്റ്ററുകളില്‍ ശാസ്ത്രം സത്യമാണെന്ന് എഴുതിവയ്ക്കുന്നു. ശാസ്ത്രസിദ്ധാന്തങ്ങളെ കേവലസത്യങ്ങളായി കാണുന്ന സമീപനം തന്നെ ശാസ്ത്രീയമല്ലല്ലോ? ഈ സമീപനത്തില്‍ നില്‍ക്കുന്നവര്‍ മതാത്മകതയുടെ വീക്ഷണങ്ങളെ ശാസ്ത്രത്തിനു കൂടി ബാധകമാക്കുകയാണ്. ഇവര്‍ സത്യവേദപുസ്തകത്തിനു പകരം ശാസ്ത്രപുസ്തകം വയ്ക്കുന്നു. രണ്ടിനും തമ്മില്‍ വലിയ ഭേദങ്ങളില്ല. സത്യമെഴുതിയ പുസ്തകങ്ങള്‍. ഏതാണ് സത്യം എന്ന തര്‍ക്കം മാത്രം ബാക്കിയാകുന്നു. മതത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത വ്യവഹാരമായി ശാസ്ത്രം മാറുന്നു. ജനങ്ങള്‍ക്കിടയിലെ ശാസ്ത്രവ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന മതാത്മകയുക്തിയെയാണ് ഇതു കാണിക്കുന്നത്.
ശാസ്ത്രീയമായ കാര്യങ്ങളെ സത്യമെന്നു വ്യവഹരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഒന്നരനൂറ്റാണ്ടിനു മുന്നേ എംഗല്‍സ് സ്വീകരിക്കുന്നുണ്ട്‌ . ഭൗതികശാസ്ത്രത്തിലെ ബോയില്‍ നിയമത്തെ കുറിച്ചു പറയുമ്പോള്‍ എംഗല്‍സ് ഇങ്ങനെ എഴുതി. .... നിശ്ചിതപരിധിക്കുള്ളില്‍ മാത്രമേ ബോയില്‍ നിയമം ശരിയായിട്ടുള്ളുവെന്ന് തെളിയിക്കപ്പെട്ടു. പക്ഷേ, ആ പരിധികള്‍ക്കുള്ളില്‍ തന്നെയും അത് കേവലമായും അന്തിമമായും ശരിയാണെന്നു പറയാന്‍ പറ്റുമോ? അങ്ങനെ തറപ്പിച്ചു പറയാന്‍ ഒരു ഭൗതികശാസ്ത്രജ്ഞനും തയ്യാറാവുകയില്ല. ... ... അതിനാല്‍ യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയമായിട്ടുള്ള കൃതികള്‍ സാധാരണഗതിയില്‍ സത്യം, അസത്യം തുടങ്ങിയ വരട്ടുതത്ത്വവാദപരമായ പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യുക..."പരമ്പരാഗത സത്യസങ്കല്‍പ്പനങ്ങളില്‍ നിന്നും സത്യാത്മകതയുടെ യുക്തിയില്‍ നിന്നും ശാസ്ത്രീയതയും ശാസ്ത്രത്തിന്‍റെ യുക്തിയും വേര്‍പിരിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സമീപനമാണിത്. ശാസ്ത്രീയത സംവാദാത്മകതയിലും അനിശ്ചിതത്വങ്ങളിലും സന്ദിഗ്ദ്ധതകളിലും നില്‍ക്കുമ്പോള്‍ മതാത്മകതയും സത്യാത്മകതയുടെ യുക്തിയും നിശിതമായ കേവലസത്യത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളിലാണ് നിലയുറപ്പിക്കുന്നത്. ശാസ്ത്രത്തിന്‍റെ സംവാദാത്മകതയും ചിരവികസ്വരക്ഷമതയും പരിവര്‍ത്തനശേഷിയും സത്യാത്മകസങ്കല്പനങ്ങള്‍ക്കില്ല. ശാസ്ത്രത്തെ സത്യമായി കാണുന്നവര്‍, ശാസ്ത്രത്തിന്‍റെ സന്ദേഹിക്കാനുള്ള ശേഷിയേയും അനിശ്ചിതമായ നില്‍പ്പിനേയും നിരന്തരം നവീകരിക്കാനുള്ള ത്വരയേയും ചിരവികസ്വരക്ഷമതയേയും നിഷേധിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിലെ വസ്തുനിഷ്ഠത
വസ്തുവുമായി ബന്ധപ്പെട്ടതല്ല
ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ മൂല്യങ്ങൾ
object -subject ബന്ധങ്ങൾ കൊണ്ട് വിശദീകരണക്ഷമമല്ലെന്നു
ആധുനികഭൗതികവും പുതിയ ശാസ്ത്രദർശനങ്ങളും
തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ശാസ്ത്രത്തെ ഇതര മാനവികവ്യവഹാരങ്ങളിൽ നിന്നും
വ്യത്യസ്തമാക്കുന്ന ഘടകമേത് , ശാസ്ത്രത്തിനു വസ്തുനിഷ്ഠത
നൽകുന്ന ഘടകമേത് എന്ന അന്വേഷണമാണ് ഗണിതം ശാസ്ത്രത്തിൽ
എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന അന്വേഷണങ്ങളിലേക്കു
നയിക്കുന്നത്. വസ്തുനിഷ്ഠതയിൽ ഗണിതത്തിന്റെ
സംഭാവനകൾ പ്രസക്തമാകുന്നതും ഇവിടെയാണ്
ഗണിതവുമായി ബന്ധപ്പെടാത്ത ശാസ്ത്രങ്ങളെ
(ചികിത്സാരീതികളെ ഗണിതവുമായി ബന്ധപ്പെടുത്താൻ കഴിയില്ല)
വസ്തുനിഷ്ഠശാസ്ത്രങ്ങളുടെ പട്ടികയിൽ പെടുത്താനും
കഴിയില്ല.
(വസ്തുനിഷ്ഠത എന്ന വാക്ക് (objectivity - English )
അതിന്റെ ചരിത്രത്തിലുടനീളം വലിയ അർത്ഥമാറ്റങ്ങൾക്കു
വിധേയമായിട്ടുണ്ട്. ഡാറ്റസെനും ഗാളിസനും ചേർന്നെഴുതിയ
വലിയ പുസ്തകം ഈ ചരിത്രത്തെ വിവരിക്കുന്നുണ്ട്)
വസ്തുനിഷ്ഠതയെ ആത്‌മനിഷ്ഠതകളുടെ ഉഭയസമ്മതം എന്നു നിർവ്വചിക്കാമെന്ന
(റിച്ചാർഡ് റോട്ടി അങ്ങനെ നിർവ്വചിക്കുന്നുണ്ട് )
അഭിപ്രായം ശാസ്ത്രത്തിന്റെ പ്രയോജനത്തിൽ
ഊന്നിനിന്നു സംസാരിക്കുന്നവർക്കു സ്വീകരിക്കാവുന്നതാണ്.
അത് പ്രയോജനവാദത്തിന്റെ (pragmatism) നിർവ്വചനമാണ്
പ്രകൃതിയുടെ നിയമങ്ങൾ എങ്ങനെയാണെന്നും അത്
എങ്ങനെ പ്രവർത്തനക്ഷമമാകുന്നുവെന്നും അന്വേഷിക്കുന്നവരെ
അത് തൃപ്തിപ്പെടുത്തുകയില്ല.
ആത്‌മനിഷ്ഠതകളുടെ ഉഭയസമ്മതം
ശാസ്ത്രസിദ്ധാന്തങ്ങളുടെ പരിശോധനയിൽ
വലിയ പങ്കു വഹിക്കുന്ന സങ്കൽപ്പനമാണ്.
അത്രത്തോളം അത് പ്രസക്തമാണ്
അതില്ലാത്ത ശാസ്ത്രത്തെ നാം ശാസ്ത്രമായി
പരിഗണിക്കുന്നില്ല. എന്നാൽ, അതിൽ മാത്രമായി
ഞാൻ തൃപ്തനല്ല. എനിക്ക് പ്രയോജനവാദത്തെയെന്ന
പോലെ യാഥാർഥ്യം എന്ന സങ്കൽപ്പനത്തെയും
തൃപ്തിപ്പെടുത്തണം
ഇവിടെ ഒരു വൈരുദ്ധ്യത്തെ ഞാൻ അഭിമുഖീകരിക്കുന്നുണ്ട്
യാഥാർഥ്യവാദം പ്രയോജനവാദം എന്നിവ ഒരേ സമയം
യോജിച്ചുപോകുന്ന കാര്യങ്ങളാണോ എന്ന പ്രശ്നമാണത്
അങ്ങനെ യോജിക്കണമെന്നില്ലയെന്നു വാദിക്കുന്ന
ചിന്തകന്മാരുണ്ട്
ശാസ്ത്രത്തെ ഇങ്ങനെ മനസ്സിലാക്കുമ്പോഴാണ്
ശാസ്ത്രത്തിന്റെ
കേവലസത്യങ്ങളിൽ ഊന്നിനിൽക്കാത്ത
മതാത്മകമല്ലാത്ത
നിരന്തരം നവീകരിക്കുന്ന സ്വഭാവത്തെ
ഉൾക്കൊള്ളാനാകുക. ശാസ്ത്രത്തെ സത്യമായി
കാണുന്ന വ്യവഹാരങ്ങളെ എതിർക്കേണ്ടി
വരുന്നതും ഇവിടെയാണ് .
ഇപ്പോൾ നാം നടത്തുന്നത് ശാസ്ത്രചർച്ചകളല്ലെന്നും
(ഏതെങ്കിലും ശാസ്ത്രനിയമത്തെയോ ശാസ്ത്രസിദ്ധാന്തത്തെയോ
കുറിച്ചുള്ള ചർച്ചകളല്ല , ഇത്)
ശാസ്ത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണെന്നും കാണാം
ശാസ്ത്രത്തെ കുറിച്ചുള്ള ചർച്ചകളിൽ
ശാസ്ത്രസിദ്ധാന്തങ്ങളും മറ്റും ഉദാഹരിക്കാമെങ്കിലും
അത് മറ്റൊരു വ്യവഹാരമേഖലയാണ്
അത് തത്വചിന്തയുടെ മേഖലയാണ്
അതിഭൗതികത്തിന്റെ താൽപ്പര്യങ്ങളെ ശാസ്ത്രം
നിറവേറ്റുന്നതു പോലെ ശാസ്ത്രത്തിന്റെ താൽപ്പര്യങ്ങളെ
അതിഭൗതികവും നിറവേറ്റുന്നുണ്ട്
അജ്ഞാതമായത് അതിഭൗതികത്തിന്റെ മേഖലയാണ്
അവിടെ സങ്കൽപ്പനങ്ങളുടെയും ഭാവനയുടെയും
സഹജാവബോധത്തിന്റെയും ഒക്കെ ഫലമായി
രൂപം കൊള്ളുന്നവ എന്തെല്ലാമോ, അവയാണ് ശാസ്ത്രത്തിന്റെ
താൽപ്പര്യങ്ങളെ നിറവേറ്റുന്നത്
ശാസ്ത്രവും അതിഭൗതികവും ഒരുമിച്ചു നടക്കുന്നുവെന്നു പറയുന്നതിന്റെ
അർത്ഥതലങ്ങൾ ഇതാണ്
ഒരു സവിശേഷകാലഘട്ടത്തിലെ ശാസ്ത്രതാൽപ്പര്യങ്ങളെ
പൂർണമായും നിവർത്തിക്കാൻ അതിഭൗതികത്തിനു
കഴിഞ്ഞെന്നു വരില്ല. തിരിച്ചും
എന്നാൽ, രണ്ടിന്റെയും രേഖീയമല്ലാത്ത
വളർച്ചക്കിടയിൽ പുതിയത് തുറക്കപ്പെടുന്നുണ്ട്
ഇതാണ് ശാസ്ത്രത്തിന്റെ വികാസം
തത്വചിന്തയുടെയും.
മറ്റു വ്യവഹാരങ്ങളുമായും പരസ്പരപോഷകമായ ബന്ധങ്ങളിൽശാസ്ത്രവും തത്വചിന്തയും ഇടപെടുന്നുണ്ട്,
ദെലസ്‌ ഇതിനെ കുറിച്ച് എഴുതിയിരിക്കുന്നു.

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...