Friday, July 12, 2013

ജോസഫിന്റെ കവിതയ്ക്ക് ഒരു നിരൂപണം




എന്റെ ബാല്യകൌമാരങ്ങള്‍ കവിത നിറഞ്ഞതായിരുന്നു.
ഞാന്‍ അറിഞ്ഞിരുന്നില്ല.

പുതുമഴയിലിറങ്ങി നിന്ന് നൃത്തം.
തുരുതുരാ വീഴുന്ന ആലിപ്പഴങ്ങള്‍.
വീടിന്നകത്തു നിന്ന അനിയനു കൊതി
അവനും മഴയിലേക്ക് ഇറങ്ങി വന്നു.
ഇറവെള്ളം പാത്രത്തില്‍ നിറയ്ക്കുന്നു.
ഒരു പാത്രം നിറയുമ്പോള്‍ അടുത്തത്.
മഴവെള്ളം നാവില്‍ പിടിക്കുന്നു.
പനി വരും മകനേ - അമ്മ

ഏത്തവാഴ നട്ടതോര്‍ക്കുന്നു.
കിണറ്റില്‍ നിന്നും വെള്ളം കോരി നനച്ചു.
വെള്ളം പല ചാലായി കുഴികളില്‍ ചുരുണ്ടു.
കുമ്പളം കയറിക്കിടക്കുന്ന പുളിയേയും ഓര്‍ക്കുന്നു.
മുത്തച്ഛനോടൊപ്പം
പയര്‍വള്ളിക്കു പടരാന്‍ മരക്കൊമ്പു കുത്തിക്കൊടുത്തത്.
മണ്ണിന്നടിയിലേക്ക്, വീണ്ടും അടിയിലേക്കു പോയ
കാച്ചിലിനെ കയ്യാല പോളിച്ചു പുറത്തെടുത്തത്.
മുറ്റത്തു പാവല്‍ നട്ടതോര്‍ക്കുന്നു.
പൂവുകളുണ്ടായി
വള്ളികള്‍ കാറ്റിലാടുന്നതു നോക്കിയിരുന്നു.

പാറപ്പുറത്തു നിന്നും ആറ്റിലേക്കു ചാടുന്നു.
സോമന്‍ ഒരു മരക്കൊമ്പില്‍ തൂങ്ങി മരത്തിലേക്കു കയറി.
അവിടെ നിന്നും ആറ്റിലേക്കു ചാടി.
ചാട്ടം, നീന്തല്‍, വെള്ളത്തിന്നടിയിലൂടെ ഊളിയിടല്‍.
കണ്ണു ചെമന്നു കലങ്ങി.
വാഴത്തടയില്‍ കെട്ടിയ ചങ്ങാടം തുഴഞ്ഞു
ദിലീപ് വരുന്നു.
കുളി കഴിഞ്ഞ്
തല തോര്‍ത്തി
പാറക്കെട്ടുകളിലൂടെ നടന്നു കേറി.

ആഞ്ഞിലി മരത്തിലിരുന്ന് കുഞ്ഞൂട്ടി
വിളകള്‍ പറിച്ചിടുന്നു, താഴത്തേക്ക്.
ചാക്കു വിരിച്ചു പിടിക്കുന്നു, ഞാനും അനിയനും.
ചിലത് ചാക്കില്‍ ചിതറിത്തെറിച്ചു.
വിളയുടെ തൊലി ഉരിഞ്ഞുകളയുമ്പോള്‍
കടുംമഞ്ഞ.
കുഞ്ഞൂട്ടിയോ,
ആഞ്ഞിലിക്കൊമ്പത്ത് വിളയും പിടിച്ചു കടുംമഞ്ഞയില്‍ നിന്ന്
കുരുവും തുപ്പിയിരുന്നപ്പോള്‍
ഒരു കൊട്ടനിറയെ പച്ചമുളകു പറിച്ചു കൊണ്ടുപോകുന്ന
കുട്ടിച്ചേട്ടനെ കണ്ടു
...
അയാള്‍ക്കിരിക്കട്ടെ പടുമഞ്ഞ – പടുവിള – പടൂസ്

രണ്ടു മലകള്‍ക്കിടയിലായിരുന്നു വീട്
മുന്നില്‍ മുതിയാമല
പിന്നില്‍ കുടയത്തൂര്‍ വിന്ധ്യന്‍
നടുവില്‍ നച്ചാര്‍
സന്ധ്യ മയങ്ങിത്തുടങ്ങുമ്പോള്‍
നാമജപത്തിനു മുമ്പ്
മുത്തശ്ശി
വരാന്തയിലിരുന്ന് ആകാശത്തേക്കു നോക്കും
നിരനിരയായി പറന്നുപോകുന്ന കടവാതിലുകള്‍
മലഞ്ചെരിവും പുഴയും
ഇരുട്ടില്‍ ചേക്കേറുമ്പോള്‍
റബ്ബര്‍മരങ്ങളില്‍
ഇടതൂര്‍ന്ന്
പക്ഷികളും ചേക്കേറുന്നു.
അവയ്ക്ക് മിന്നാമിന്നുകള്‍ വെട്ടം കാട്ടും

എല്ലാ പൂച്ചകളുടേയും പേര് പുസ്സി എന്നായിരുന്നു,
അമ്മയാണ് പേരു കൊടുക്കുക.
ഒരു പുസ്സിപൂച്ച
എന്റെ കാലില്‍ ചുറ്റുന്നു, കടിക്കുന്നു
മുന്നോട്ടോടുന്നു.
മച്ചിന്‍പടിയിലേക്കു ചാടിക്കയറുന്നു, ഇറങ്ങുന്നു
പിന്നെയും എന്റെ കാലില്‍ വന്ന് കടിക്കുന്നു.
പുസ്സിക്ക് ഞാന്‍ പിന്നാലെ ചെല്ലണം.
പുസ്സിയുടെ കൂടെ ഞാന്‍ മച്ചിന്‍പുറത്തേക്കു ചെന്നു.
അവിടെ അവള്‍ പെറ്റിട്ട
കണ്ണു തുറക്കാത്ത കുഞ്ഞുങ്ങള്‍.
രണ്ടു പൂച്ചക്കുഞ്ഞുങ്ങള്‍ ചത്തുപോയി
ഒരെണ്ണത്തെ ഒരു കുട്ടി കൊണ്ടുപോയി
മരത്തണലില്‍ തള്ളപ്പൂച്ച ഉറങ്ങുന്നു
അവിടെയിരുന്നാണ് ഈ കവിത
എഴുതിയത്.

തൊഴുത്തിനു പിറകില്‍ കപ്പളം
അതില്‍ നിറയെ കപ്പളങ്ങാപ്പഴങ്ങള്‍
ഒരു കിളി കൊത്തിത്തിന്നുന്നു
അതിനെ പിടിക്കാന്‍ പറ്റുമോ?
കപ്പളത്തിന്റെ പഴുത്ത കൈ പറന്നു വീഴുന്നു
അതുകൊണ്ട് ഒരോടക്കുഴലുണ്ടാക്കാം.
ഇപ്പോള്‍
കുരുമുളകുതോട്ടത്തിലെ ആളനക്കം
എന്നിലേക്കും ഒരു വരി തേടുന്നു.

എന്റെ സ്ക്കൂളിന്‍ വരാന്ത, മുറ്റം
ഉപ്പുമാവുണ്ടാക്കുന്ന പുര
പിന്നിലെ കിണര്‍
കേശവന്‍ സാര്‍, ചന്ദ്രവല്ലിടീച്ചര്‍
കൈകള്‍ തിരുമ്മി കണ്ണടച്ചു പിറുപിറുത്തു
നടക്കുന്ന ആഗസ്തി സാര്‍
അയ്യപ്പനും കുഞ്ഞപ്പനും അലിയാരും.
ടീച്ചറെയെന്നു നീട്ടി വിളിച്ചി-
ട്ടോടിമാഞ്ഞൊരു കുട്ടി, വേലിപ്പുറം
കേറി നീലപൂവിട്ട ചെടികളില്‍
കണ്ണുതട്ടിനില്ക്കുമ്പോള്‍ പെട്ടെന്നു നീ
ഓടിയെത്തുമെന്നോര്‍ത്തു ഞാന്‍.

അയല്‍വീട്ടിലെ ജാനകി
നീലാണ്ടന്റെ ഭാര്യ
രാത്രി മുഴുവന്‍ അവന്റെ തെറിവിളിയും
ഇടിയും ചവിട്ടും സഹിച്ചവള്‍
പകലിരുന്ന് കൊട്ട നെയ്യുന്നു.
അലകു പാകി

പൊളി ചുറ്റി
ചവിട്ടിപ്പിടിച്ചു തുടങ്ങുമ്പോള്‍
അതൊരു കുഞ്ഞുസൂര്യനാണ്.
കൊട്ടകള്‍ ചന്തയ്ക്കു പോകുന്നു.
തെരണ്ടിയും കുറിച്ചിയും കൈച്ചെരവയും
തഴപ്പായും
പിള്ളേര്‍ക്കു തിന്നാന്‍ തേങ്ങയുടെ
പൊങ്ങുമായി വരുന്നു.

വേനലില്‍ കപ്പ ഒരുമിച്ചു പറിച്ചെടുക്കും
ഏറെപ്പേര്‍ കൂടിയിരുന്ന്
തൊലികളഞ്ഞ് അരിഞ്ഞെടുക്കും.
പറമ്പില്‍ വലിയ അടുപ്പു കൂട്ടി
കുട്ടകത്തില്‍ തിളപ്പിക്കും.
പനമ്പട്ടയും ചകിരിയുമാണ് വിറക്.
വേവിച്ച കപ്പ ഉണക്കുന്നത്
പാറയുടെ മുകളില്‍ വിരിച്ചിട്ടാണ്.
മഴ പെയ്യല്ലേയെന്ന് അമ്മ പ്രാര്‍ത്ഥിക്കും.
അന്ന്
കപ്പ ഉണക്കാനിട്ട പാറ പൊട്ടിച്ചാണ്
വീടിന് അടിക്കല്ലിട്ടത്.
നാലുമണി വിട്ട് ഒരു കുട്ടി ഓടിപ്പോകുന്നു.
കപ്പ ഉണക്കാനിട്ടിരുന്ന പാറ
പൊട്ടിച്ചു മാറ്റിയിടത്തു കൂടി
പൊത്തില്‍ കോലിട്ടു കുത്തി
ഓടയ്ക്കായില്‍ നിന്ന് ചൂളമെറിഞ്ഞ് പോകുന്നു.

പാലക്കാട്ടേക്ക് തിരിച്ചു പോരുമ്പോള്‍
വണ്ടിയിലിരുന്ന് മോനു കരയുന്നു.
മീനുവിന് എപ്പോഴും പുഴയില്‍ പോകാം
വെള്ളത്തില്‍ കളിയ്ക്കാം
നമുക്കും കുടയത്തൂരു തന്നെ താമസിക്കാം.
പുഴ കുട്ടികളെ വിടുന്നില്ലെങ്കിലും
ഉരുളന്‍ കല്ലുകള്‍ പെറുക്കിക്കൂട്ടുകയാണവരെങ്കിലും
മടങ്ങണ്ടേ?

വാക്കാണ് കവിത
ഓര്‍മ്മയാണ് കവിത
വിചാരമാണ് കവിത

എന്റെ ബാല്യകൌമാരങ്ങള്‍ കവിത നിറഞ്ഞതായിരുന്നു.
ഞാന്‍ അറിഞ്ഞിരുന്നില്ല.
ജോസഫിന്റെ വാക്കുകളാണ്
ജീവിതത്തിലെ
കവിതയെ പറഞ്ഞു തന്നത്.
തിരിച്ചറിവു നല്കിയത്.
ഇപ്പോള്‍ എപ്പോഴും ചുറ്റും നോക്കുന്നു.
കവിത എന്നോടൊപ്പമുണ്ടോ?


 *****************************************************************
 
'ചെണ്ട' മാസികയിലെ 'ബഹുവചന'ത്തില്‍ പ്രസിദ്ധീകരിച്ചത്

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...