എഴുത്തുകാരന്‍
തന്റെ രചനയിലൂടെ എത്തിപ്പിടിക്കാന്‍
ശ്രമിക്കുന്നത് പുതിയ
അര്‍ത്ഥലോകങ്ങളെയാണ്.
എഴുത്തിന്റെ
ദൌത്യം തന്നെ ഇതാണ്.
ഈ
കര്‍ത്തവ്യത്തെ പുതിയ കവി
നന്നായി മനസ്സിലാക്കിയിരിക്കുന്നു.
തന്റെ
ചെറിയ അനുഭവങ്ങളില്‍ നിന്നു
പോലും പുതിയ അര്‍ത്ഥങ്ങളെ
ഉണര്‍ത്താന്‍ അയാള്‍
ശ്രമിക്കുന്നു.
തനിക്കു
ചുറ്റുമുള്ള,
നിത്യപരിചയത്തിലുള്ള
വസ്തുക്കളില്‍ നിന്നു തന്നെ
സമകാലലോകയാഥാര്‍ത്ഥ്യത്തെ
അയാള്‍ കണ്ടെത്തുന്നു.
നമുക്കു
ചുറ്റുമുള്ള ചെറിയ വസ്തുക്കള്‍ക്കു
നല്കാന്‍ കഴിയുന്നത് അവയുടെ
തനതുപാഠങ്ങള്‍ മാത്രമല്ലെന്നും
ലോകയാഥാര്‍ത്ഥ്യം ഇവയില്‍
എങ്ങിനെയൊക്കെയോ
പ്രവര്‍ത്തനക്ഷമമാകുന്നുവെന്നും
അറിയുന്നു.
എല്ലാവര്‍ക്കും
പെട്ടെന്നു കാണാനും അനുഭവിക്കാനും
കഴിയുന്ന സ്ഥൂലത യാഥാര്‍ത്ഥ്യത്തിനു
നഷ്ടമായിരിക്കുന്നു.
അത്
കൂടുതല്‍ സൂക്ഷ്മമായിരിക്കുന്നു.
ലളിതമായ
വാക്കുകള്‍ ഉപയോഗിച്ചു കൊണ്ട്
പുതിയ കവികള്‍ ഈ സൂക്ഷ്മതലങ്ങളിലേക്കു
സഞ്ചരിക്കുന്നു.
ബിജോയ്
ചന്ദ്രന്റെ കവിതയില്‍ നാം
പരിചയപ്പെടുന്നത് ഈ പ്രവണതകളെയാണ്.
അത്
പ്രാന്തവല്ക്കരിക്കപ്പെട്ടവരോടൊപ്പം
നില്ക്കുന്നു.
ബാല്യത്തിലേക്കും
കൌമാരത്തിലേക്കും തിരിച്ചു
നടന്ന് ഇപ്പോള്‍ കാണാനാകാത്ത
കാഴ്ചകള്‍ കാണുന്നു.
മനുഷ്യന്‍
മനുഷ്യരാശിയുടെ ബാല്യത്തിലേക്കു
തിരിഞ്ഞുനോക്കുന്ന അതേ
അത്ഭുതാദരങ്ങളോടെയാണ് ഒരു
വ്യക്തി തന്റെ ബാല്യകൌമാരങ്ങളിലേക്കു
തിരിഞ്ഞുനോക്കുന്നത്.
ബിജോയിയുടെ
കവിതയുടെ ആധാരങ്ങളില്‍ ഈ
തിരിഞ്ഞുനോട്ടമുണ്ട്.
ഈ
തിരിഞ്ഞുനോട്ടങ്ങള്‍ ഇയാളുടെ
കവിതയെ സഫലമാക്കുന്നു.
അത്
ഇപ്പോഴും ഞായറുച്ചയ്ക്ക്
ജയചന്ദ്രന്റെ വിരഹങ്ങള്‍
കേല്ക്കുന്നു.
കലക്കവെള്ളത്തിന്‍
കുതിപ്പുമായി തെങ്ങിന്‍പാലം
കടക്കുന്നു.
മഴയത്തു
നനഞ്ഞ് പകര്‍ത്തുബുക്കില്‍
നിന്നും ഒലിച്ചിറങ്ങിയ
മഷിക്കോലങ്ങളെ ഓര്‍ക്കുന്നു.
ഇനിയുള്ള
ബാല്യങ്ങള്‍ക്ക് ഒരിക്കലും
കിട്ടാനിടയില്ലാത്ത ഒരു
അനുഭവം 'ഒരു
ചക്രവാഹനക്കാര്‍'
എന്ന
കവിതയില്‍ കവി എഴുതുന്നു.
പ്രായപൂര്‍ത്തിയാകും
മുമ്പേ നടത്തിയ വലിയ യാത്രകള്‍.
യാത്രയുടെ
സുഖവും രസവും അറിഞ്ഞവ.
തേഞ്ഞു
തീര്‍ന്ന ടയര്‍,
വിളക്കിച്ചേര്‍ത്ത
കമ്പിവളയം,
ഉരുളുന്ന
മൂളിപ്പാട്ട്,
ലോകം
തോല്ക്കുന്ന ജിജ്ഞാസയുടെ
വേഗത.
പിന്നെ,
കമുകിന്‍പാളയിലെ
വണ്ടിയില്‍ നടത്തിയ യാത്രയെ
കുറിച്ചും എഴുതുന്നു.
ചക്രങ്ങളില്ലാത്ത
വണ്ടിക്കുതിപ്പ്.
പാളയും
നിക്കറും കീറിയാലും വിട്ടുകൊടുക്കാതെ
പറ്റിപ്പിടിച്ച്.
ഇപ്പോള്‍
വണ്ടികള്‍ ഓടുന്നു,
വളരെ
വേഗത്തില്‍ തന്നെ.
ആരും
യാത്ര ചെയ്യുന്നില്ല.
മനസ്സു
നിറയാത്ത ബാല്യങ്ങള്‍.
വരേണ്യസംസ്ക്കാരം
കവിതയിലേക്കു പ്രവേശനം
നിഷേധിച്ചിരുന്ന ഇടങ്ങളിലേക്കു്
കവിത കടന്നുകയറിയതിന്റെ
ചരിത്രമാണ് മലയാളകവിതയുടെ
ചരിത്രം.
കൊച്ചുതൊമ്മനും
മാറാലയ്ക്കും കൊട്ടയ്ക്കും
നിലപ്പനയ്ക്കും കട്ടന്‍ചായയ്ക്കും
കവിതയില്‍ ഇടം കിട്ടുന്നതിന്
കവിമനസ്സുകള്‍ വലിയ സംഘര്‍ഷങ്ങളെ
അഭിമുഖീകരിക്കേണ്ടിയിരുന്നു.
വ്യക്തിജീവിതവും
സമൂഹപ്രകൃതിയും തമ്മിലുള്ള
പരസ്പരസംക്രമണങ്ങള്‍ നമ്മുടെ
കാവ്യാഖ്യാനങ്ങളില്‍ കൂടുതലായി
പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു.
ബിജോയിയുടെ
കവിതയില്‍ വെറുതെ നടക്കുന്ന
പൂച്ചകളെ കുറിച്ചു പറയുന്നു.
പൂച്ചകളുടെ
ആവാസവ്യവസ്ഥക്ക് വലിയ
മാറ്റങ്ങളാണു വന്നത്.
അതിന്റെ
ഇരയെ നേരെ കാണാനില്ലാതായിരിക്കുന്നു.
എലികള്‍
ഇല്ലാതെയായി.
പ്രകൃതി
ഒരുക്കി വച്ച ഭക്ഷണം ഇനി ഇല്ല.
തുലിതാവസ്ഥ
നഷ്ടമായ പ്രകൃതി.
ഏതു
ദൌത്യമാണ് ഇനി പൂച്ചകള്‍ക്കു
നിര്‍വ്വഹിക്കാനുള്ളത്?
പണ്ടെങ്ങോ
കഴിച്ച എലിമാംസത്തിന്റെ
രുചിയില്‍ അതു കൈ നക്കുന്നു.
പണ്ട്
എലികളോടു നടത്തിയ മഹായുദ്ധങ്ങളുടെ
ഓര്‍മ്മയില്‍,
പണ്ടു
പുറത്തെടുത്ത നഖമുനകളുടെ
ഓര്‍മ്മയില്‍ ഉറച്ച മണ്ണിനെ
മാന്തിനോക്കുന്നു.
മറ്റൊരു
കവിതയില്‍ ഇങ്ങനെ കൂടി
വായിക്കാം.
മഴ
കൊണ്ട് കയറി വന്ന വെളുത്ത
പൂച്ചകള്‍,
"അവ
തിരിച്ചെടുക്കുന്നു
കട്ടിലിന്നടിയില്‍ പണ്ടെങ്ങോ
കുരുങ്ങിയ വായുവിന്‍ പഴഗന്ധം.”
നിലപ്പനയാണ്
വൃക്ഷം,
മരംകൊത്തിയാണു
പക്ഷി,
മാര്‍ജ്ജാരന്‍
ജന്മമൃഗമെന്ന് ബിജോയ് ചന്ദ്രന്റെ
കവിതയില്‍ എഴുതിയിരിക്കുന്നു.
നിലപ്പന
ഒരു കാവ്യാദര്‍ശം.
നിലപ്പനക്കെന്നും
അതു മാത്രമായാല്‍ മതി.
ഏറ്റവും
എളിയതെന്നു കരുതുന്നവ പോലും
സംവഹിക്കുന്ന വലിയ അര്‍ത്ഥങ്ങളെ
ഈ കവിത ഓര്‍മ്മിപ്പിക്കുന്നു.
"നിലം
പറ്റി നില്ക്കും നിലപ്പനയെന്നും".
പാരിസ്ഥിതികവിവേകത്തിന്റെ
ഉണര്‍ച്ചയില്‍ എഴുതപ്പെട്ട
വരികളാണിത്.
എന്നാല്‍,
കേവലമായ
പാരിസ്ഥിതികവിവേകത്തിന്
ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാളേറെ
ബിജോയ് ചന്ദ്രന്റെ കവിതയില്‍
എഴുതപ്പെടുന്നു.
എല്ലാവരുടേയും
വാക്കുകളില്‍ അപഹസിക്കപ്പെടുന്ന
പ്ലാസ്റ്റിക്ക് കൂടി ഇവിടെ
കാവ്യവിഷയമാകുന്നു.
ബാക്ടീരിയകള്‍ക്കു
പോലും വേണ്ടാത്ത പ്ലാസ്റ്റിക്കിനെ
കത്തിച്ചു കളഞ്ഞാലും ഒടുങ്ങാത്ത
മനസ്സന്നു വിളിക്കുന്നു.
ഇപ്പോള്‍
പരിസ്ഥിതിവാദികള്‍ പോലും ഈ
കവിക്കു കൂട്ടില്ല.
പ്രാന്തങ്ങളിലേക്കു
മാറ്റി നിര്‍ത്തപ്പെട്ട
മനുഷ്യരെ മാത്രമല്ല,
പ്രാന്തങ്ങളിലേക്കു
തള്ളപ്പെട്ട വസ്തുപ്രപഞ്ചത്തെ
മുഴുവന്‍ കവി കാണുന്നു.
അതില്‍
ചേതനം /
അചേതനം
എന്ന വിഭജനം പോലുമില്ല.
മാറ്റിനിര്‍ത്തപ്പെടുന്നവയ്ക്കൊപ്പം,
ഒഴിവാക്കപ്പെടുന്നവയ്ക്കൊപ്പം
നില്ക്കുന്ന പുതിയ കവിയെ ഈ
കവിതകളില്‍ വായിക്കാം.
നിലപ്പനക്കൊപ്പം
കമ്മ്യൂണിസ്റ്റുപച്ച കൂടി.
കമ്മ്യൂണിസ്റ്റുപച്ച
കമ്മ്യൂണിസ്റ്റുകളെ പോലെയാണെന്ന്
ചിലര്‍ പറയുന്നത് ഞാന്‍
കേട്ടിട്ടുണ്ട്.
കമ്മ്യൂണിസ്റ്റുകാരിലെ
പച്ചയെന്ന പോലെ ഈ ചെടിയിലും
നിറഞ്ഞ പച്ചയുണ്ടായിരുന്നു.
നമ്മുടെ
ആദ്യകാല കമ്മ്യൂണിസ്റ്റുകളെ
പോലെ,
ഈ
ചെടി കേറിയ ഇടങ്ങളിലെല്ലാം
പടര്‍ന്നു.
കമ്മ്യൂണിസ്റ്റുപള്ളയെന്നു
കൂടി ഇതു വിളിക്കപ്പെട്ടതിന്
വര്‍ഗ്ഗപരമായ കാരണങ്ങള്‍
ഉണ്ടായിരുന്നുവോ?
ബിജോയ്
ചന്ദ്രന്റെ കവിതയിലും ഈ വാക്ക്
രണ്ടു രൂപങ്ങളില്‍
പ്രത്യക്ഷപ്പെടുന്നു.
ചിലപ്പോള്‍
നമുക്ക് ഏറെ പരിചിതമായ ഒരു
ചെടിയാണത്.
എന്നാല്‍,
മിക്കപ്പോഴും
കമ്മ്യൂണിസ്റ്റുകാരിലെ
പച്ചയായി അതു പ്രത്യക്ഷപ്പെടുന്നു.
മുറിവുകളിലെ
ചെമന്ന ചോരയോടൊപ്പം
കമ്മ്യൂണിസ്റ്റുപച്ചയുടെ
തളിരിലകളുടെ നീര് ഇറ്റിച്ചാണ്
നാം ഒരു കാലത്തു വേദന മറന്നത്.
കമ്മ്യൂണിസ്റ്റു
പച്ച എന്ന വാക്കില്‍ ചെമപ്പും
പച്ചയും കൂടിക്കലരുന്നുണ്ട്.
ഹരിതരാഷ്ട്രീയക്കാരുടെ
വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന
മുഹൂര്‍ത്തങ്ങളെ അതു
സൃഷ്ടിക്കുന്നു.
തങ്ങള്‍
തക്കാളിയെ പോലെയാണെന്ന്
അവര്‍ പറഞ്ഞു.
ഇപ്പോള്‍,
പച്ചയാണെങ്കിലും
ചെമക്കുക തന്നെ ചെയ്യുമെന്ന്
പ്രതിജ്ഞ ചെയ്തു.
സ്വന്തം
നാമത്തില്‍ വിപ്ലവത്തേയും
പ്രകൃതിയേയും സംവഹിച്ച ഈ
ചെടി ഹരിതരാഷ്ട്രീയക്കാരുടെ
മുന്‍ഗാമിയായിരുന്നു.
എന്നാല്‍,
ഇപ്പോള്‍
ആ പച്ച ഒഴിഞ്ഞുപോകുകയാണെന്ന്
കവിതയുടെ ഉള്ളം.
നിലപ്പനയെ
പുതിയ കവിയുടെ വൃക്ഷമായി
തെരഞ്ഞെടുക്കുന്നവന്‍,
'പറിച്ചു
കളഞ്ഞേക്കൂ'
എന്ന
ചൊല്ലിനെ പേരില്‍ തന്നെ
സൂക്ഷിക്കുന്ന കളയെ കൂടി
തന്റെ കവിതയിലേക്കു സ്വീകരിക്കുന്നു.
മരുന്നൊഴിച്ചു
കെടുത്തിയ പൂവെട്ടങ്ങള്‍
കാണുന്നു.
വാക്കിന്
പുതിയ അര്‍ത്ഥലോകങ്ങള്‍
നല്കുന്നു,
കവി.
വെയിലിനെ
കുറിച്ച് കവി എഴുതുമ്പോള്‍
അത് അസാധാരണമായ അര്‍ത്ഥങ്ങളുടെ
അനുഭവമായി മാറുന്നു.
കവിഹൃദയത്തിലൂടെ
കടക്കുന്ന വെയില്‍
പ്രകീര്‍ണ്ണനത്തിലൂടെ
സപ്തവര്‍ണ്ണങ്ങള്‍ സൃഷ്ടിക്കുന്നു.
അത്
ജലത്തെ പിളര്‍ക്കുന്ന
മനസ്സാകുന്നു.
വീടിനെ
നിഴലിടങ്ങളായി മുറ്റത്തു
നിവര്‍ത്തുന്നു.
പനമ്പില്‍
തോരാനിട്ട നെല്ലിനെ കാക്കയെ
വിളിപ്പിച്ചു കൊത്തിക്കുന്നു.
കവി
കരടിനെ കുറിച്ചെഴുതുമ്പോള്‍
അത് ഒഴിവാക്കാന്‍ പറ്റാത്ത
ദിവസമാകുന്നു.
പേനത്തുമ്പില്‍
നിന്നും തെറിച്ച മഴത്തുള്ളിയാകുന്നു.
അടര്‍ന്നു
ചെരിഞ്ഞ ജനല്‍പ്പാളിയുടെ
ആട്ടമാകുന്നു.
ഏതോ
ഗണിതക്രിയ യിലെന്നോണം
അര്‍ത്ഥങ്ങള്‍ പല മടങ്ങായി
ഉണര്‍ന്നുയരുന്നു.
പ്രത്യക്ഷ
രാഷ്ട്രീയമുദ്രാവാക്യങ്ങളിലൂടെയല്ല
കവി സംസാരിക്കേണ്ടതെന്ന്
ഉറപ്പിക്കപ്പെടുകയാണ്.
സമകാലത്ത്
പ്രത്യയശാസ്ത്രങ്ങള്‍ക്കേറ്റ
വിശ്വാസത്തകര്‍ച്ചകള്‍
അയാള്‍ ഗ്രഹിച്ച കാര്യങ്ങളെ
സാധൂകരിക്കുന്നുണ്ടായിരുന്നു.
"ഇതിന്നൊക്കെ
പ്രതികാരം ചെയ്യാതടങ്ങുമോ”യെന്നും
"വേട്ടക്കാരവരുടെ
കൈയ്യുകള്‍ വെട്ടും ഞാന്‍"
എന്നും
നമ്മുടെ പുതിയ കവി ഇപ്പോള്‍
ഉറക്കെ ഘോഷിക്കേണ്ടതില്ല.
നിലപ്പനയോടൊപ്പം
കരിമ്പനയെ കുറിച്ചും ഈ കവി
എഴുതുന്നു.
അത്
പൊക്കമുള്ള ഒരു മരം.
ഇവിടെ
പോയകാല ജീവിതമോ ഓര്‍മ്മകളോ
ആണത്.
പൊക്കങ്ങള്‍
ഓര്‍മ്മകളാകുന്നുവെന്ന്
ധ്വനി.
കരിമ്പന
ഒരു സിനിമയുടെ അനുഭവമാണിവിടെ.
കാറ്റു
പിടിച്ച ജീവിതങ്ങള്‍.
വളരുന്ന
ഉദ്വേഗങ്ങള്‍.
ബീഡി
മണക്കുന്ന ഗുഹകള്‍.
വീട്ടിലേക്കു
നടക്കുന്നു,
പടം
പൊഴിച്ച് മഞ്ഞവെയിലില്‍
ആദ്യം നടക്കുന്നവനെ പോലെ.
മാറ്റിനിക്കു
ശേഷമുള്ള അനുഭവം ഇനി ആരും
എഴുതേണ്ടതില്ല.
എല്ലാറ്റിലും
നിറഞ്ഞു നില്ക്കുന്ന കവിതയെ
കാണുന്നു,
ഈ
കവി.
അതുകൊണ്ട്,
ഇയാള്‍ക്ക്
ഇനിയും ഇനിയും കവിതയെഴുതാതെ
കഴിയില്ല.
“ഇനി
കവിത
എഴുതേണ്ടെന്നു
തീരുമാനിച്ചു.
വീടെത്തിയപ്പോള്‍
അന്നേരം
വിരിഞ്ഞ
പൂവു
പോല്‍ മകള്‍”
No comments:
Post a Comment