അനീതിക്കെതിരായ രോഷങ്ങള്‍ രൂക്ഷവിമര്‍ശനങ്ങളായി ഈ കഥാകാരന്റെ വാക്കുകളില്‍ അഗ്നി നിറച്ചു. ഐ.ഐ.ടിയുടെ പശ്ചാത്തലത്തില്‍ കോവിലന് എഴുതിയ 'ഭരതന്' എന്ന നോവല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളോടൊപ്പം അതിന്റെ പ്രത്യയശാസ്ത്രോപകരണങ്ങളും വ്യവസ്ഥയുടെ മൂല്യങ്ങളെ എങ്ങനെ സംരക്ഷിക്കുകയും ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നുവെന്ന് പരിശോധിക്കുന്ന മലയാളത്തിലെ ആദ്യത്തെ ആഖ്യാനമായിരുന്നു. ലൂയി ആല്‍ത്തൂസറുടേയും മറ്റും സൈദ്ധാന്തികവിശകലനങ്ങള്‍ക്ക് നോവലിന്റെ ഭാഷ നല്കിയ ഈ കൃതി വ്യവസ്ഥയുടെ വരേണ്യമായ നീതിബോധത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്. എന്നാല്‍, കോവിലന്റെ രചനകളെ പട്ടാളക്കഥകള്‍ എന്നു വിളിച്ച സന്ദര്‍ഭമുണ്ടായിരുന്നു. ഈ വര്‍ഗീകരണം മലയാളിയായ കോവിലനെ മലയാളിക്കു മനസ്സിലാകുന്നില്ലെന്നു് സ്ഥാപിക്കുകയായിരുന്നു. കരുത്തിന്റെ കഥാകാരന്റെ രചനകളിലെ അകംപൊരുളിനെ ഉള്‍ക്കൊള്ളാനാവാതെ ഇകഴ്ത്തലായി പരിണമിച്ച പ്രശംസയായിരുന്നു അത്. മലയാളസാഹിത്യത്തിന് അപരിചിതമായ ചില രാഷ്ട്രീയവ്യവഹാരങ്ങളെ നോവല്‍കലയിലൂടെ ആവിഷ്ക്കരിക്കുകയായിരുന്നു താഴ്വരകള്‍, എ മൈനസ് ബി, ഹിമാലയം തുടങ്ങിയ 'പട്ടാളക്കഥകളി'ലൂടെ കോവിലന് ചെയ്തത്. ഹിമാലയം എന്ന നോവലില്‍ രാഷ്ട്രത്തിന്റെ പിതൃഭാവങ്ങളെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ കോവിലന് അവതരിപ്പിച്ചു. മക്കളെ ജഡങ്ങളാക്കി മാറ്റുന്ന അധികാരപ്രമത്തമായ ആധുനിക രാഷ്ട്രഭരണകൂടങ്ങളുടെ പിതൃശാസനകളെ നിഷേധിക്കുന്ന ഒരു വീക്ഷണം ഈ കൃതിയിലുണ്ട്.
വിശപ്പിന്റെ കഥാകാരനായിരുന്ന കോവിലന് ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. അധികാരശക്തികള്‍ ആഹാരത്തെ എല്ലാക്കാലത്തും ആയുധമായി ഉപയോഗിച്ചിട്ടുണ്ട്. കോവിലന് എഴുതി "മനുഷ്യന് മൃഗമല്ല; നാല്ക്കാലിയല്ല, അവന് രണ്ടു കാലുകളില്‍ നില്‍ക്കണം, പക്ഷേ അവന് നിവര്‍ന്നു നില്ക്കാന് പാടില്ല. നിവര്‍ന്നു നിന്നാല്‍ അവന് ചോദ്യം ചോദിക്കും. എന്നേയും എന്റെ മക്കളേയും അന്നം മുടക്കി മുട്ടിക്കുന്നത് ആര്? അവന് യാതൊന്നും ചോദിക്കാന്‍ പാടില്ല. അവന് മിണ്ടിപ്പോകരുത്. ശ്..... കാലാകാലത്തും അവന് ഒടിഞ്ഞുതൂങ്ങി നില്ക്കട്ടെ'. അവന്റെ ആഹാരം നിഷേധിക്കുക." 'ജന്മാന്തരങ്ങള്' എന്ന നോവലിലെ നാലു കഥാപാത്രങ്ങള്‍; അപ്പാപ്പന് കുട്ടി, അഷറഫ്, ഹനീഫ, യാക്കോബ്, ആശുപത്രിയില്‍ ചികിത്സക്കായി കിടക്കുന്ന നാലു പേരും വയറിനു രോഗം ബാധിച്ചവരാണ്. ഈ രോഗികളുടെ അസ്വാസ്ഥ്യവും വിശപ്പും അരിശവും ലോകത്തോടുളള വെറുപ്പും നിറച്ചുവെച്ചിരിക്കുന്ന വാക്യങ്ങള്‍ കോവിലന് എഴുതി. മലയാളഭാഷയില്‍ മരണപൂജക്കുളള കീര്‍ത്തനങ്ങളും രതിയുടെ ഗായത്രികളും നിരാശാബോധത്തിന് സ്തുതികളും എഴുതപ്പെട്ടിരുന്ന ഒരു കാലത്താണ് കരുത്തിന്റേയും ഇരുണ്ടസൌന്ദര്യത്തിന്റേയും കഥാകാരന് വിശപ്പിനെ കുറിച്ച് എഴുതിയത്. മനുഷ്യന് വിശപ്പുള്ള ജീവിയാണെന്നു പറയുന്നത് അവന്റെ മഹനീയതകളെ ഇകഴ്ത്തിക്കാണിക്കലാണെന്നു ലാവണ്യവാദികള്‍ നിരൂപിച്ചുറപ്പിച്ചിരുന്ന സന്ദര്‍ഭമായിരുന്നു അത്. കോവിലന്റെ കൃതികള്‍ വായിച്ചാണ് തങ്ങളുടെ കാഴ്ചയുടെ ദൌര്‍ബല്യങ്ങളും പരിമിതികളും അവര്‍ തിരിച്ചറിഞ്ഞത്.
തട്ടകത്തെ കുറിച്ച്, അത് എത്രയോ വര്‍ഷങ്ങളായി തന്റെ മനസ്സിലുണ്ടായിരു കൃതിയാണെന്ന് കോവിലന് പറഞ്ഞിരിക്കുന്നു. കോവിലന്റെ മനസ്സില്‍ ഈ കൃതി ഏറെ നാള് ഉറഞ്ഞു കിടന്നു. പിന്നെ എഴുതിത്തുടങ്ങിയപ്പോള്‍ ആഗ്രഹത്തിനൊത്ത് നീങ്ങിയില്ല. പന്ത്രണ്ടിലേറെ വര്‍ഷങ്ങള്‍ എഴുതാനായി എടുത്തു. തന്റെ മനസ്സിലുളള കൃതി എഴുതാനാകാതെ എഴുത്തുകാരനില്‍ സംഘര്‍ഷങ്ങള്‍ നിറയ്ക്കുന്ന അവസ്ഥാവിശേഷത്തെ കുറിച്ച് മലയാളി ശരിയായി കേട്ടത് കോവിലന്റെ വാക്കുകളിലൂടെയായിരുന്നു. കോവിലന് രചന അതിക്ളിഷ്ടമായ ഒരു പ്രവൃത്തിയായിരുന്നു. ആ തലമുറയില്‍ സൃഷ്ടിയുടെ വേദന ഏറ്റവുമേറെ അറിഞ്ഞ എഴുത്തുകാരന് ഈ കഥാകാരനായിരുന്നു. ഇതിനു കാരണമുണ്ട്. ജീവിതം ലാഘവപൂര്‍വ്വം കോറിയിടാവുന്നതാണെന്ന് അദ്ദേഹം കരുതിയില്ല. വായനക്കാരന്റെ സാമാന്യ അഭിരുചിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് എഴുതാന്‍ കോവിലന് തയ്യാറായിരുന്നുമില്ല. എപ്പോഴും വ്യത്യസ്തതകള്‍ സൃഷ്ടിക്കാനാണ് ആ പ്രതിഭ ആഗ്രഹിച്ചത്. കോവിലന്റെ നോവലുകള്‍ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ രചനാശില്‍പങ്ങളായത് ഇങ്ങനെയാണ്. കോവിലന് ഓരോ കൃതിയിലൂടെയും പുതിയ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇതിന്നായി പുതിയ ഭാഷയും ശൈലിയും സൃഷ്ടിക്കപ്പെട്ടു. ഈ വൃദ്ധന് എപ്പോഴും പുതുക്കിക്കൊണ്ടിരുന്നു, മലയാളത്തിലെ യൌവ്വനങ്ങള്‍ക്കൊന്നും സാദ്ധ്യമാകാതിരുന്ന കാര്യമായിരുന്നു ഇത്. കോവിലന്റെ രചനകളില്‍ അധികമായി എഴുതപ്പെടുന്നതിന്റെ ഭാരങ്ങളില്ല.
കോവിലന്റെ ഗദ്യം താളസമൃദ്ധമാണ്. തോറ്റങ്ങളിലും തട്ടകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലും ഇത് ഏറെ തെളിഞ്ഞു വായിക്കാം. വാക്കില്‍ നിന്നൂയരുന്ന ദ്രാവിഡവാദ്യങ്ങളുടെ കൊഴുപ്പുറ്റ മേളത്തില്‍ വായനക്കാരന് രസം പിടിച്ചു തലയാട്ടുന്നു.
"അച്ഛനും അമ്മയും കുഞ്ഞിപ്പെങ്ങളും വന്നു,
ഉണ്ണീരിക്കുട്ടി തുളളിനിന്നു.
ഇളനീര് വെട്ടി കരിക്ക് കൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
ഉണ്ണീരിക്കുട്ടി തുളളിനിന്നു.
കണ്ണഞ്ചിറ കിഴക്കേപ്പാട്ടെക്ക് ആളെ വിട്ടു.
ഉണ്ണീരി അടങ്ങിയില്ല.
കോഴിവെട്ടി കുരുതികൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
കണ്ണഞ്ചിറ പടിഞ്ഞാറേപ്പാട്ടെക്കും ആളു പോയി.
ഉണ്ണീരി അടങ്ങിയില്ല.
ആടുവെട്ടി കുരുതി കൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
കാട്ടുമാടത്തേക്കും കടമറ്റത്തേക്കും ആളയച്ചു,
ഉണ്ണീരി പാര്‍ത്തില്ല. "
അനുഭവങ്ങളുടേയും ഭാവനയുടേയും ചരിത്രത്തിന്റേയും കൂടിച്ചേരലില്‍ ഒരു പുതിയ ഐതിഹ്യം രൂപം പൂണ്ടു വികസിക്കുകയാണ്. കോവിലന് പാരമ്പര്യത്തെ കേവലമായി നിഷേധിക്കുന്നില്ല. തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും ഉള്ള ശ്രമത്തിനിടയില്‍ നേരിടേണ്ടിവരുന്ന എല്ലാ സംഘര്‍ഷങ്ങളും കോവിലന്റെ കൃതിയില്‍നിന്ന് വായിച്ചെടുക്കാം. വിരുദ്ധ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ഉഴലുന്ന ഒരു പ്രതിഭ കോവിലനിലുണ്ടായിരുന്നു. കീഴാളമായ ഒരു വര്‍ഗ്ഗനിലപാടിന്റെ ശക്തിയില്‍ ഉറച്ചു നിന്നുകൊണ്ട് ഈ സംഘര്‍ഷങ്ങള്‍ ആവിഷ്ക്കൃതമായി. കലാസൃഷ്ടിയുടെ വൈരുദ്ധ്യാത്മകമായ ഉരുവം കൊള്ളല്‍; വൈരുദ്ധ്യങ്ങളുടെ ഐക്യവും സംഘര്‍ഷവും ചേര്‍ന്ന നിര്‍മ്മാണകല, കോവിലന്റെ കൃതികളില്‍ നിന്നാണ് മലയാളിക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നത്. പീഡനത്തിന്നിരയായി മൃതനാകുന്ന സംഘകാലഇതിഹാസത്തിലെ നായകകഥാപാത്രത്തിന്റെ നാമത്തെ തൂലികാനാമമാക്കിയ എഴുത്തുകാരന് തന്റെ വാക്കുകള്‍ കൊണ്ട് എപ്പോഴും പീഡിതരോടൊപ്പം നിന്നു.
കോവിലന് ഒരു നല്ല അനുവാചകനായിരുന്നു. 'ഖസാക്കിന്റെ ഇതിഹാസം' പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യമായി പ്രശംസാവചനങ്ങളുമായി എത്തിയവരില്‍ കോവിലനുമുണ്ടായിരുന്നു. മലയാളം ഒരു പുതിയ ഭാഷാശൈലിയെ അനുഭവിച്ചറിയുകയാണെന്ന് അദ്ദേഹത്തിന് പെട്ടെന്നു് ബോദ്ധ്യപ്പെട്ടു. എന്നാല്‍, ആ കൃതി നല്കിയ സംവേദനക്ഷമതയിലും അഭിരുചിയിലും തറഞ്ഞുകിടക്കാന്‍ അദ്ദേഹം സ്വയം അനുവദിച്ചില്ല. 'ഖസാക്കിന്റെ ഇതിഹാസം' വിജയനെന്ന ഗ്രന്ഥകാരന്റെ മാത്രം സര്‍ഗശേഷിയെ തെളിയിച്ച കൃതിയല്ലെന്ന്, എങ്ങനെയൊക്കെയോ അതില്‍ തന്റെ സര്‍ഗശേഷി കൂടി വിലയിച്ചു കിടക്കുന്നുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയുന്ന മലയാള എഴുത്തുകാരന് കോവിലന് മാത്രമായിരുന്നു; അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കില്‍ കൂടി.
കോവിലന്റെ കൃതികളെ പ്രതീക്ഷിച്ചു കാത്തിരുന്ന വലിയൊരു വായനാസമൂഹം ഒരിക്കലും ഉണ്ടായിരുന്നില്ല. മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ സൌന്ദര്യവും ശക്തിയും തേടി ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനെ തേടിപ്പോകുകയും മാര്‍ക്കേസിന്റെ കൃതികളെ ആരാധിക്കുകയും ചെയ്ത മലയാളിയോട്, എന്റെ നോവലുകള്‍ വായിച്ചിട്ടില്ലേയെന്ന് ഈ കഥാകാരന് ചോദിക്കേണ്ടി വന്നുവെന്ന് ഓര്‍ക്കുക! കോവിലനെ കുറിച്ചുള്ള വലിയ വായനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
അകം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം 2010 JULY
കോവിലന്റെ "ഹിമാലയം" എന്ന നോവലിനെ കുറിച്ച് ഞാൻ എഴുതിയ ലേഖനം "കോവിലന്റെ ഹിമാലയക്കാഴ്ചകൾ"
കേരളസാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച കോവിലൻ പുസ്തകത്തിലും "പ്രതിബോധത്തിന്റെ അടയാളങ്ങൾ"
(ഐ ബുക്സ് - കോഴിക്കോട്)
എന്ന എന്റെ നോവൽപഠനങ്ങളുടെ പുസ്തകത്തിലും ചേർത്തിട്ടുണ്ട്
എന്ന എന്റെ നോവൽപഠനങ്ങളുടെ പുസ്തകത്തിലും ചേർത്തിട്ടുണ്ട്
7 comments:
മാഷേ,
സന്ദര്‍ഭോചിതമായി ഈ ഹ്രസ്വമായ കുറിപ്പ്....
"മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ സൌന്ദര്യവും ശക്തിയും തേടി ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനെ തേടിപ്പോകുകയും മാര്‍ക്കേസിന്റെ കൃതികളെ ആരാധിക്കുകയും ചെയ്ത മലയാളിയോട്, എന്റെ നോവലുകള്‍ വായിച്ചിട്ടില്ലേയെന്ന് ഈ കഥാകാരന് ചോദിക്കേണ്ടി വന്നുവെന്ന് ഓര്‍ക്കുക! കോവിലനെ കുറിച്ചുള്ള വലിയ വായനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു." - ഈ നിരീക്ഷണത്തിനു താഴെ ഒരു ആയിരം കൈയ്യൊപ്പ്. കോവിലനെ ആധുനിക മലയാളം ഇനിയും നിരവധി തവണ ആവര്‍ത്തിച്ചു വായിക്കേണ്ടിയിരിക്കുന്നു.
രാജീവ് ചേലനാട്ട്
ഞാന എന്റെ ഗ്രാമത്തിന്റെ എഴുത്തുകാരന് എന്ന് കൊവിലകാന് പറയുമായിരുന്നു
with interest i read your article on Kovilan. As you told Kovilan and his works still remain unexplored by the Malayalees while they have gone behind Garci, Lorca, Kundera...
If you get time please visit at
www.amalakhil.blogspot.com
and read my novel now in
Deshabhimani Weekly
titled
PAAVAMOOSA
thanks
m. faizal
നല്ലത്
Very good analysis...I have forwarded it to Prerana
jayarajan
Post a Comment